Featured Post

Monday, April 29, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 8


നേതി നേതികളുടെ വിരുന്ന് - 3


'ഞാനാവുന്ന കാലം' മനുഷ്യ മസ്തിഷ്ക പരിണാമ ഗാഥകളാണ്. മനുഷ്യനിൽ എത്തുന്നതോടെയല്ലാതെ 'ഞാൻ' എന്ന കഥയിൽ കഥയില്ലെന്നാണോ? ആകാം. തത്വചിന്താപരമായി ഞാൻ എന്നത് എത്രതന്നെ മിഥ്യാബോധമായിട്ടുള്ള ഒന്നായിരുന്നാലും, അത്തരമൊരു മിഥ്യാബോധമുണ്ടാവാൻ തന്നെ നൈപുണ്യങ്ങൾ ഏറെ ആവശ്യമായിട്ടുണ്ട്. ഞാൻ എന്ന ബോധമില്ലാത്ത ഏതെങ്കിലും ഒരാളുണ്ടെങ്കിൽ അയാളിൽ വേണ്ടത്ര ബുദ്ധിവികാസം ഉണ്ടായിട്ടില്ല എന്ന് മാത്രമേ അർത്ഥമുള്ളൂ.

ഇതുവരേക്കും പരിണമിച്ചു വന്നിട്ടുള്ള എല്ലാ ശേഷികൾക്കും അർത്ഥസംഗതമായ ഒരു തലം കൈവരുന്നത് അവ മനുഷ്യ മസ്തിഷ്‌കത്തിൽ ഏകോപിപ്പിക്കപ്പെടുമ്പോഴാണ്. പ്രധാനമായ എല്ലാ ഘടകങ്ങളും ഉണ്ടായിവന്നുവെങ്കിലും നിസ്സാരങ്ങളെന്നു തോന്നിയേക്കാവുന്ന ചില സംഗതികൾ ഈ സ്റ്റേജിലാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. മൊബൈലിലോ ലാപ്ടോപ്പിലെ മറ്റോ ഏതെങ്കിലും ആപ്പ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്തതിനു ശേഷം, completed എന്ന് കാണിച്ചതിന് ശേഷവും ചില finishing steps ഉണ്ടാവും. നിസ്സാരങ്ങളെന്നു തോന്നുമെങ്കിലും അവയില്ലെങ്കിൽ ഡൌൺലോഡ് ചെയ്യപ്പെട്ട ഈ സോഫ്റ്റ് വെയറുകളൊന്നും പ്രവർത്തിച്ചുവെന്നു വരില്ല. ( FOXP2 എന്ന ഭാഷാ ജീൻ കൈവന്നിട്ടും ഭാഷാപരമായ കഴിവുകൾ നിയാണ്ടർത്തലുകൾക്ക് ഇല്ലാതെപോയത് അങ്ങനെയത്രേ. FOXP2  പ്രവർത്തിക്കണമെങ്കിൽ അനുബന്ധിയായി മറ്റു ചിലതുകൂടി വേണമായിരുന്നു. ഹോമോസാപിയൻസ് തീർത്തും ഒരു വ്യത്യസ്ത വർഗ്ഗമായത് അങ്ങനെയാണ്). 


'ഞാനാവുന്നതിനു മുൻപുള്ള കാല'ഘട്ടത്തിൽ ആവശ്യമുള്ള മിക്കവയും ഉണ്ടായിവന്നുവെങ്കിലും, അവയെ ഏകോപിപ്പിക്കുവാൻ കുറേക്കൂടി സങ്കീർണ്ണവും ആഴവും വിസ്തൃതിയുമുള്ള ഒരു വേദിക ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണെന്ന് വേണം മനുഷ്യ മസ്തിഷ്‌കം എന്ന വിസ്മയം വികസിച്ചുവന്നത്. ‘ഞാനാവാൻ’ തുടങ്ങിയത് അവ്വിധമത്രേ!. 

അവയുടെ വിവരണങ്ങൾ തികച്ചും സാങ്കേതികം എന്ന് പറയാവുന്നത്. അതീവ കൗതുകത്തോടെ വായിച്ചുപോകാവുന്നവ. വിസ്മയങ്ങളോടെ കടന്നുപോവുക എന്നതിൽക്കവിഞ്ഞ് ഒരു വായനക്കാരന് യാതൊന്നും ചെയ്യാനില്ലാത്തതുപോലെ. പരിണാമസംബന്ധിയായി ചിലപ്പോൾ വേറെ ചില അഭിപ്രായങ്ങളോ മറ്റോ തോന്നാൻ മാത്രം സാങ്കേതിക ജ്ഞാനം ഉള്ളവർക്ക് ആ നിലക്ക് പങ്കെടുക്കാം, അത്ര തന്നെ.


ഞാൻ എന്ന തോന്നലിന്റെ മറ്റു ചില വശങ്ങൾ ഒരുപക്ഷേ ഈ കൃതിയുടെ പരിധിയിൽ വരുന്നില്ലെങ്കിലും, സന്ദർഭവശാൽ ഓർത്തുപോകുന്നത് പങ്കുവെക്കട്ടെ:


പീറ്റർ ഓസ്‌പെൻസ്‌കിയും മറ്റും അഭിപ്രായപ്പെടുന്നതിനനുസരിച്ച്, അകത്തെ ഞാൻ എത്രത്തോളം വ്യാപ്തിയാർജ്ജിക്കുന്നുവോ, ബാഹ്യവസ്തുക്കളിൽ ഉണ്ടെന്നു തോന്നിക്കുന്ന ‘ഞാൻ’ അത്രക്കും ദുർബലമായിരിക്കുമത്രേ! അതുപോലെത്തന്നെ തന്നിലുള്ള ഞാൻ വേണ്ടത്ര ഞാനായിട്ടില്ലെങ്കിൽ, ശരിക്കും ഞാൻ ഇല്ലാത്ത വസ്തുക്കളിൽ പോലും ഞാൻ ഉണ്ടെന്നു തോന്നിപ്പോകും.


ഉദാഹരണത്തിന്, ആദ്യമായി മസ്തിഷ്‌കം കിട്ടിയെന്നു പറയപ്പെടുന്ന നമ്മുടെ പരപ്പൻ പുഴുവിനെ സംബന്ധിച്ച്, താൻ മുന്നോട്ടിഴയുന്ന ഓരോ ഇഞ്ചും, തനിക്കു നേരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവനുള്ള അതിനിഗൂഢമായ ഒരു പ്രതിഭാസമായിരിക്കും. ഓസ്‌പെൻസ്‌കി പറയുന്നത് ഈ പരപ്പൻ പുഴു, ഒച്ച് തുടങ്ങിയ ജീവികൾ 'one dimensional'

ജീവികളാണെന്നാണ്. അതായത് തനിക്കാണ് ആദ്യമായി മസ്തിഷ്‌കം ഉണ്ടായതെന്ന് വിചാരിക്കുന്നത് പോകട്ടെ, താൻ മുന്നോട്ടിഴയുകയാണ് എന്നറിയാൻ പോലുമുള്ള, പേരിനൊരു ഞാൻ പോലും അതിനകത്തില്ലെന്ന് പറയാം. എന്നാൽ മനുഷ്യനേക്കാൾ മസ്തിഷ്കപരമായി താഴെത്തട്ടിലുള്ള ഒരു ജീവിയുടെ കണ്ണിൽ, ഒച്ച് കാര്യഗൗരവമുള്ള ഒരു ജീവിയാകും. ഒരുപക്ഷേ, ബാലമാസികകളിലെ തേരട്ടയും പുഴുവുമെല്ലാം എമണ്ടൻ കഥാപാത്രങ്ങളാകുന്നത് ഇനിയും മസ്തിഷ്‌കം വികസിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കാണെന്നത് സ്വാഭാവികം മാത്രം.


അതേസമയം 'two dimensional' ജീവികളായിട്ടുള്ള നമ്മുടെ സാധാരണ മൃഗങ്ങളെ സംബന്ധിച്ച് വൃത്താകൃതിയിലുള്ള നിശ്ചലമായ ഒരു ഡിസ്ക്കിന്റെ അരികിനെ അനുഭവപ്പെടുക, അതൊരു ചലിക്കുന്ന വസ്തുവായാണ്. ഇനി അത് ചലിക്കാൻ കൂടി തുടങ്ങിയാൽ, ആ മൃഗം അതനുഭവിക്കുക ഈ ഡിസ്ക് ജീവനുള്ള / ഞാൻ ഉള്ള ഒരു ജീവിയായിട്ടാകുമത്രേ! പൂച്ചക്കുട്ടികൾക്കു നേരെ ഒരു ഈർക്കിലോ മറ്റോ ചലിപ്പിച്ചാൽ അവർ പ്രതികരിക്കുന്നത് അതൊരു ജീവനുള്ള എന്തോ ആയിട്ടാണ്. അതേ പൂച്ചകൾ വളർന്നതിനുശേഷം, ആ ഈർക്കിലുകളെ തീരെ ഗൗനിക്കുക പോലുമില്ല. അവയിലെ മസ്തിഷ്ക വികാസം കൂടുതൽ ഡിമെൻഷനുകളെ കൈകാര്യം ചെയ്യാൻ പ്രാപ്തി നേടിയിരിക്കുന്നു.


എന്നാൽ 'three dimensional' അനുഭവ ശേഷിയുള്ള നാം മനുഷ്യർക്ക് (രാജശേഖരൻ നായർ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾക്കനുസരിച്ചു പറയുകയാണെങ്കിൽ, ഞാനെന്നഭാവത്തിലെത്തിയ മനുഷ്യമസ്തിഷ്കത്തിന്) ആ ഡിസ്ക്കിന്റെ അരികിനെ അപ്പുറത്തേക്ക് മാഞ്ഞുപോകുന്ന ഒരു വൃത്താകൃതിയെന്നും, അത് ചലിക്കാൻ തുടങ്ങിയാൽ അത് കറങ്ങുന്നു എന്നും മാത്രമായിരിക്കും അനുഭവപ്പെടുക. ആ ഡിസ്കിന് ജീവൻ / ഞാൻ ഉണ്ടെന്നു നമുക്ക് തോന്നണമെങ്കിൽ അതിന് സമയം തുടങ്ങിയ മറ്റു ഡിമെൻഷനുകളിലുള്ള ചില സവിശേഷതകൾ കൂടി കൈവരേണ്ടതുണ്ട്.


ഇനി നമ്മിലുള്ള ഞാൻ കുറേക്കൂടി വ്യാപ്തമാവുകയാണെങ്കിലോ - ഞാനെന്ന ഭാവമതു നിറയുന്ന നേരം - സമയത്തിൽ ചലിക്കുന്ന ഒരു ത്രിമാന ജീവിയെപ്പോലും, 'ജീവനുണ്ടെന്നു പറയാമെന്നേയുള്ളൂ' എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക (ഓസ്‌പെൻസ്‌കി ഇതിന് കൃത്യമായ ഗണിതഭാഷകൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെ അത് അധികപറ്റാവുകയേയുള്ളൂ). വേണമെങ്കിൽ നമ്മുടെ ബുജികൾ പറയാറുള്ളതുപോലെ വെറും 'യന്ത്രസമാന ജീവിതം'.



ഇനിയും മൾട്ടിഡിമെൻഷനൽ അവബോധശേഷിയിലെത്തിയ - അഖിലം ഞാൻ - ഒരു മസ്തിഷ്കം, അതിനേക്കാൾ അധികം തലങ്ങളിൽ നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തെ മാത്രമേ mysterious എന്ന് അറിയുകയുള്ളൂ. അതിനു താഴെയുള്ള എത്ര വലിയ 'ഞാനും' ഒരു പാവം ചീള് കേസാണ്. അല്ലെങ്കിൽ 'ഒരു തടവ് ശൊന്നാൽ നൂറു തടവ് ശൊന്ന മാതിരി' എന്ന് വീമ്പിളക്കുന്ന ഒരു രജനീകാന്തിയൻ നിഷ്കു.


(അധിക വായനക്ക് - Tertium Organum by Peter Ouspensky)


കഹളിനെപ്പോലെത്തന്നെ - Raymon Cajal - രാജശേഖരൻ നായർ കാര്യമായി പരിചയപ്പെടുത്തുന്ന മറ്റൊരു ന്യൂറോളജിസ്റ്റുണ്ട് : പ്രൊഫെസ്സർ മക്‌ഡൊണാൾഡ് ക്രിച് ലി. The Divine Banquet of Brain എന്ന അദ്ദേഹത്തിന്റെ രചനയുടെ പേരുതന്നെ അദ്ദേഹത്തിന്റെ ക്രിയാരംഗങ്ങൾ മന്ത്രികസ്പർശമുള്ളതാണെന്ന് തോന്നിപ്പിക്കും. ആ കൃതിയെപ്പറ്റി വന്ന നിരൂപകർ നടത്തിയ ഒരു പരാമർശം എനിക്കും പങ്കുവെക്കാതിരിക്കാൻ സാധിക്കുന്നില്ല: " We must admit that the Divine Banquet of the Brain was, and still is, a feast with dishes that remain elusive in the blending, and with sauces whose ingredients are even now a secret”.


ക്രിച് ലി യുടെ മാന്ത്രിക സ്പർശങ്ങൾ എന്ന അധ്യായത്തിൽ സ്പർശം എന്ന ഏറ്റവും പ്രധാന സംവേദനത്വത്തെപ്പറ്റി കാര്യമായിത്തന്നെ പറയുന്നുണ്ട്. അറിയുക എന്ന വൃത്തി സ്പർശിക്കുക എന്ന വാക്കിന് പര്യായമാവുന്ന ഒരുപാടു സന്ദർഭങ്ങളുണ്ട് നമുക്ക്. കണ്ണുകളെക്കൊണ്ടും ഹൃദയം കൊണ്ടുമൊക്കെ നാം സ്പർശിക്കുക തന്നെ ചെയ്യുന്നു. കണ്ണുകളിൽ വന്നു വീഴുന്ന പ്രകാശം ചില സവിശേഷ കോശങ്ങളെ സ്പർശിക്കുക തന്നെയാണ്. ഒരുപക്ഷേ ഇംഗ്ലീഷ് ഭാഷയിൽ touch എന്ന പദം കുറേക്കൂടി വ്യാപകമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു.


ഞങ്ങളുടെ ഒരു മലയാള അദ്ധ്യാപകൻ, തമാശക്കാണെങ്കിലും കൂടെക്കൂടെ നടത്താറുള്ള ഒരു പ്രയോഗമുണ്ട്: 'നാരായണഗുരുവിന്റെ ചേലാഞ്ചലത്തിൽ തൊട്ടിട്ടുള്ള ഇന്നയാളുടെ മകളുടെ ഭർത്താവിന്റെ വിരലിൽ ഞാൻ ഈ കൈകൊണ്ട് തൊട്ടിട്ടുണ്ട്.' ആ പറച്ചിലിന്റെ ട്രോൾ എലമെന്റ് ഞങ്ങളുടെ തലക്കു മുകളിലൂടെ പാഞ്ഞുപോവുകയായിരുന്നെങ്കിലും ഞങ്ങൾ ഒന്നടങ്കം ചിരിക്കാറുണ്ട്.

ഏറ്റവും വലിയ അവയവം ചർമ്മമാണെന്നു പറയുമ്പോൾ, ഏറ്റവും പ്രാമുഖ്യമുള്ള സംവേദനം സ്പർശമാകാതെ വയ്യല്ലോ. പലപ്പോഴും നാം അത് ഓർക്കാറില്ലെന്നു മാത്രം. 'നമ്മുടെ ശരീരം ഒരു ചർമ്മത്തെ ചുക്കിച്ചുളുക്കി വെച്ചിരിക്കുന്നതാണ്, അതിന് നാം പൊതുവെ വിചാരിക്കാറുള്ള പോലെ അകവും പുറവുമൊന്നുമില്ല' എന്ന് ഓഷോ പറഞ്ഞതുകേട്ടപ്പോൾ ബോധ്യപ്പെടാൻ ഒരു നിമിഷം അധികമെടുത്തു. ഏറിയാൽ 22 ചതുരശ്ര അടി വിസ്തീർണ്ണമേ അതിനുള്ളൂ എന്ന് കേൾക്കുമ്പോഴും വിശ്വസിക്കാനാവുന്നില്ല - ഇത് കണക്കു കൂട്ടിയവർ വെറും തൊലിപ്പുറമെയുള്ള തൊലിയെ മാത്രമേ എടുത്തിട്ടുണ്ടാവൂ.


ഏതായാലും കോരിത്തരിപ്പുണ്ടാകുന്ന ഒരു സ്പർശത്തെ സ്പർശിക്കുന്നുണ്ട് നൂറ്റിപ്പതിനാലാമതു പേജിൽ: " എത്രയോ മില്യൺ കൊല്ലങ്ങൾക്കു മുൻപ് ഏതൊക്കെയോ ഏകകോശജീവികളുടെ തൊലിപ്പുറത്തുണ്ടായ പ്രകാശം അനുഭവിക്കുന്ന ഇടം പരിണമിച്ചാണ് കണ്ണുകളുണ്ടായത്! രൂപഭാവവ്യത്യാസങ്ങൾ അനേകമുണ്ടായെങ്കിലും അതും ചർമ്മജന്യം തന്നെ. വിരൽത്തുമ്പുകളിലെ തൊലികൊണ്ടും കാണാനാവും എന്ന് അന്ധന്മാർ അവകാശപ്പെടുകയാണെങ്കിൽ അന്ധാളിക്കണ്ട". 'മെയ്യ് കണ്ണാവുക' എന്ന പ്രയോഗം നടത്തിയ കളരിഗുരുക്കന്മാർ നിസ്സാരമല്ലാത്ത ആദരവ് അർഹിക്കുന്നു. അകത്തൊരിത്തിരി പ്രകാശം വീഴുമ്പോൾ അകക്കണ്ണ് തുറക്കുമെന്ന് കേൾക്കുന്നതിൽ ഒരു ന്യൂറോളജിക്കൽ പശ്ചാത്തലമെങ്കിലുമുണ്ടെന്ന് ഇനിമുതൽ ഓർക്കാവുന്നതാണ്.


ഡോ. രാജശേഖരൻ നായർ ഒരു പാട് ചരിത്ര സംഭവങ്ങളെ , ഒരു സംഗീതികയിലെന്നപോലെ മനോഹരമായി കോർത്തിണക്കിക്കൊണ്ട് പങ്കുവെക്കുന്നുണ്ട്. അവ ഒരേ സമയം വൈദ്യരംഗത്തിന്റെ ചരിത്രവും ബോധം എന്ന പ്രഹേളികയുടെ 'ദേഹപർവം' മനുഷ്യൻ മനസ്സിലാക്കിയെടുത്തതിന്റെ ആകസ്മിക കഥകളുമാണ്. പെരയ്റ്റൽ ലോബ്, ടെമ്പറൽ ലോബ് തുടങ്ങി അതിപ്രധാനമായ ധാരാളം മസ്തിഷ്ക കേന്ദ്രങ്ങളെപ്പറ്റിയും, അവയിൽ സംഭവിക്കുന്ന നിസ്സാരങ്ങളായ അസ്ക്യതകൾ, നമ്മുടെ ബോധധാരയിൽ വരുത്തിക്കൂട്ടുന്ന ഗുലുമാലുകളെപ്പറ്റിയുമെല്ലാം ധാരാളം വിവരണങ്ങളുണ്ട്. പലപ്പോഴും കേടുപാടുകളിലൂടെയാവും ചില് മസ്തിഷ്ക കേന്ദ്രങ്ങളെപ്പറ്റിയും മറ്റും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവുക. 


നമുക്ക് ഇതുവരേക്കും സംഭവിച്ചിട്ടില്ലാത്ത - ഭാഗ്യവശാൽ - പല അസുഖങ്ങളെപ്പറ്റിയും വായിച്ചറിയുക കൗതുകകരമാണ്. ഇടതും വലതും തിരിച്ചറിയാനാവാതാവുക (വോട്ടർമാരെപ്പോലെ?), നാലുംമൂന്നേഴെന്നു കണക്കുകൂട്ടി പറയാൻ കഴിയാതാവുക, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പറ്റുമെന്നിരിക്കെ അവയെ എഴുതാൻ സാധിക്കാതെ വരിക. 

മുല്ലാ നസിറുദ്ധീനോട് ഒരിക്കൽ ഒരു ഡോക്ടർ ചോദിച്ചു, 'തനിക്ക് എത്ര ഭാഷകൾ എഴുതാനും വായിക്കാനും അറിയാം?' മുല്ല പറഞ്ഞു, 'ഒരുപാട് ഭാഷകൾ എഴുതാനറിയാം, വായിക്കാനറിയില്ല'.

ഡോക്ടർക്ക് അതിശയമായി. അങ്ങനെയൊരു അസുഖത്തെപ്പറ്റി അയാൾ കേട്ടിട്ടില്ലായിരുന്നു. ഒരുപക്ഷേ Agraphia without alexia യുടെ വിപരീതം. അയാൾ ഒരു കഷ്ണം പേപ്പർ എടുത്തു നീട്ടിക്കൊണ്ടു മുല്ലയോടു പറഞ്ഞു, 'ഒന്നെഴുതിക്കാണിക്ക്'. മുല്ല ആ കടലാസ്സിൽ, വായിൽ തോന്നിയ പോലെ കറകുറ വരച്ചുകൂട്ടി.

ഡോക്ടർ പറഞ്ഞു, 'ഇതേതു ഭാഷയാടോ? താനൊന്നു വായിക്കൂ'.

മുല്ലാ നസിറുദ്ധീൻ പറഞ്ഞു, 'ഞാൻ ആദ്യമേ പറഞ്ഞില്ലേ, എനിക്ക് എഴുതാൻ മാത്രമേ അറിയൂ, വായിക്കാൻ അറിയില്ലെന്ന്?'


ഇനിയും ധാരാളം രോഗങ്ങളുണ്ട് : ഏതേതു വിരലുകലാണെന്നു അറിയാനാവാതെ വരിക. താൻ തനിക്കു തന്നെ ശത്രുവാകുക- Alien phenomena. എന്നിങ്ങനെ. (അങ്ങനെയെല്ലാം പറഞ്ഞാൽ, പാർട്ടി വട്ടം പോലെ ഒരു താത്വിക അവലോകനം നടത്തിയാൽ Alien പ്രതിഭാസമുള്ളവരാണ് ഭൂരിപക്ഷം എന്ന് പറയേണ്ടി വരും!) 

എന്റെ അറിവിൽ ഏകദേശം ഇതുപോലൊരു കേസുണ്ടായിട്ടുണ്ട് - പാലക്കാടുള്ള ഒരു ചന്ദ്രേട്ടൻ കിടപ്പിലായി കുറേകഴിഞ്ഞപ്പോൾ, ഒരു ദിവസം ആളുടെ നേർ പകുതി ഭാഗം മറ്റൊരു വ്യക്തിയായി. പുള്ളി അങ്ങേർക്കൊരു പേരും കൊടുത്തു - പ്രഭാകരൻ. പിന്നീടുള്ള ദിവസങ്ങൾ മുഴുവനും ചന്ദ്രനും പ്രഭാകരനും തമ്മിലുള്ള വഴക്കു തീർക്കാനേ നേരമുണ്ടാവാറുള്ളൂ, പരിചരിക്കാൻ നില്ക്കുന്നയാൾക്ക്!

അതിനേക്കാൾ തമാശ തോന്നിയിട്ടുള്ളത്, ഫേസ്ബുക്കിൽ വിരാജിക്കുന്ന Alien പ്രതിഭാസക്കാരെയാണ്. ചിലർ രണ്ടും മൂന്നും അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ട്, അങ്ങോട്ടുമിങ്ങോട്ടും കമെന്റുകളിലൂടെ വാഗ്വാദവും അടിപിടിയുമായി രസിക്കുന്നുണ്ടത്രേ!


പെറൈറ്റൽ ലോബിന്റെ അതീവപ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് - ഒരുവേള അദ്ദേഹം അതിനെ വിളിക്കുന്നത് ദൈവസംബന്ധിയായ വിചാരങ്ങളുടെ ഉറവിടം, അഥവാ ശ്രീകോവിൽ എന്നാണ് - ഡോ. രാജശേഖരൻ നായർ ഒരു അർദ്ധവിരാമിടുന്നുണ്ട്; അനുബന്ധമായി മറ്റു ചിലതുകൂടി പറയാൻ വേണ്ടി. 'ഞാനാകാൻ' സന്നാഹങ്ങൾ ഒരുപാട് വേണമത്രേ. എന്നാൽ കേവലം വിശ്വാസങ്ങൾ പടച്ചുവിടുന്ന ഒരു മസ്തിഷ്ക ഖണ്ഡം അല്ല ഈ പറഞ്ഞ പെറൈറ്റൽ ലോബ് എന്ന സൂചനകൾ, ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നത് വെറും നാഡീഞരമ്പുകളുടെ യാന്ത്രികമായ ഏകോപനങ്ങളിലേക്കല്ല എന്ന് ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെത്തന്നെ മനോഹരമായ വാക്കുകൾ കേൾക്കുക:


“സംവേദനങ്ങൾ കൊണ്ടുത്തരുന്ന പ്രചോദനങ്ങൾ തമ്സ്കരിക്കപ്പെടുമ്പോഴേ പെറൈറ്റൽ ലോബിന്റെ തനതു കഴിവുകൾ അറിയൂ. ബഹിർപ്രജ്ഞകളെല്ലാം തടഞ്ഞ്, അന്ത:പ്രജ്ഞകൾ പോലും അമർത്തപ്പെടുമ്പോൾ, നിനച്ചിരിക്കാതെ അജ്ഞേയമായ പ്രജ്ഞകൾ സ്വയം ഭൂവായി അവിടെ വരുമെന്നും അതിന്റെ ഉജ്ജ്വല ദീപ്തി സ്വം എന്നതിന്റെ അസ്തിത്വം തന്നെ ശിഥിലമാക്കി, അതിന്റെ ഇടങ്ങളുടെ പരിധികൾ ചിദ്രമാക്കി, ഉള്ളിലെ ഓർമ്മകളുടെ കെട്ടുകളഴിച്ച് സ്വതന്ത്രമാക്കി, അവയെ സർവ്വവ്യാപിയായ പ്രപഞ്ചസ്‌മൃതിയുടെ ഭാഗമായി ലയിപ്പിക്കുമെന്നും ബോധങ്ങളുടെ അതിരുകൾ അളിഞ്ഞുവീണു നിർവാണത്തോളം പ്രാപിപ്പിക്കുമെന്നറിയണമെങ്കിൽ ഇനിയും കഥകൾ പലതും പറയണം. ആ ഭാവ കല്പനകളെ ഞാൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സ്വം എന്നും, ആത്മാവെന്നുമുള്ള സങ്കല്പങ്ങളെ സ്പർശിക്കേണ്ടി വരും. അതിനു പേരയ്റ്റൽ ലാബിന്റെ മാത്രമല്ല, മറ്റു പല ഭാഗങ്ങളുടെയും കാര്യങ്ങൾ പറഞ്ഞിട്ടീ പറ്റൂ. അതുകൊണ്ടു ഞാൻ ഇവിടെ ഒരു അർദ്ധവിരാമമിടുന്നു.” P-141


ഈ ഞാനും ഒരു അർദ്ധവിരാമമിടട്ടെ, അടുത്ത ബ്ലോഗിലേക്കായി.  







Friday, April 26, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 7


                                 നേതി നേതികളുടെ വിരുന്ന് - 2

ഇരുനൂറ്റി എഴുപതു മില്യൺ വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളും

- പാൻജിയക്കാലം - തുടർന്നുവന്ന ചാവുകാലങ്ങളുമെല്ലാം

ചേർന്ന് ജീവിവർഗങ്ങളുടെ പരിണാമങ്ങളും പുതിയ ജീവികളുടെ

പിറവികളുമെല്ലാം എങ്ങനെയാണ് സംഭവിച്ചതെന്ന്

ഒരവലോകനം നടത്തുന്നുണ്ട്, രാജശേഖരൻ നായർ. വിശേഷിച്ചും മസ്തിഷ്ക്ക ജീവികളുടെ രൂപ - ബോധ - പരിണാമങ്ങൾ. പിന്നെയും പിന്നെയും ചാവുകാലങ്ങൾ. പിന്നെയും പിന്നെയും വ്യത്യസ്തമായ സ്പീഷ്യസുകളുടെ ഉദയം. കിശോരകൗതുകങ്ങളോടെ, കണ്ണിമയ്ക്കാതെ വായിച്ചുപോകും നാം ഈ പേജുകൾ. ഇതിനിടയിൽത്തന്നെ അദ്ദേഹം സ്പർശിച്ചുപോകുന്ന ഒന്നാണ് സ്മൃതി എന്ന വാക്ക് (പിന്നീട് പിന്നീട് അവസാന അധ്യായങ്ങളിലേക്കെത്തുമ്പോഴേക്കും സകലതും സ്മൃതിലയമാണ്. ഏറ്റവും അവസാനത്തെ അധ്യായത്തിന്റെ പേരുപോലും 'മഹാസ്മൃതി'യെന്നാണ്).

ഏറ്റവും ആദ്യത്തെ ജീവ കണിക പോലും വർത്തിക്കുന്നത് അതിനു മുൻപത്തെ സ്മൃതിയുടെ ഭാഗമെന്നോണം. ജീവനില്ലാത്ത പദാർത്ഥ കണികകൾ പോലും സ്മൃതികളുടെ സ്പന്ദനമാണ്. ആ സ്മൃതിയുടെ നീൾച്ചയെന്നോണമാണ് അടുത്ത പടി പരിണാമം തന്നെ. ഓരോ പരിണാമ സന്ധിയിലും ഏതെങ്കിലും ഒരു സവിശേഷത- സംവേദനത്വത്തിന്റെ കാര്യത്തിലാകട്ടെ, ചലന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാകട്ടെ, അതിജീവന ശേഷിയുടെ കാര്യത്തിലാകട്ടെ, പ്രത്യുല്പാദന ശേഷിയുടെ കാര്യത്തിലാകട്ടെ - ചേർക്കപ്പെടും. പിന്നീട് ചേർക്കപ്പെട്ട സവിശേഷതയുടെ കൂടുതൽ ബഹിർസ്പുരണങ്ങളായി. അങ്ങനെയങ്ങനെ പല ജീവികളേയും മറ്റു പല ജീവികളുടേയും സങ്കലനങ്ങൾ ആയിത്തന്നെ കാണാൻ പറ്റുമായിരിക്കും. ഇത്തരം സവിശേഷതകളെല്ലാം സസ്യവർഗ്ഗങ്ങളിലും പക്ഷിവർഗ്ഗങ്ങളിലും മൃഗജാതികളിലുമെല്ലാം സമാന്തരമായി വികസിച്ചുവെന്നാണ് തോന്നുന്നത്. പരിണാമ യാത്രയുടെ കൃത്യമായ രേഖീകരണങ്ങൾ നടത്തപ്പെട്ട പഠനങ്ങളെപ്പറ്റി എനിക്കറിവില്ല. പക്ഷേ ഈയടുത്തുവായിച്ച ചില ശാസ്ത്ര ലേഖനങ്ങളിൽ, ഓരോ ബില്യൺ വർഷങ്ങളിലും ചില സ്പീഷിസുകൾ ഒരുമിച്ചു ചേർന്ന് ഒരൊറ്റ സ്പീഷിസായി മുന്നോട്ടുപോകുന്നതായി നിരീക്ഷിക്കപ്പെട്ടു കണ്ടിട്ടുണ്ട്. 

ആദ്യത്തെ ഈ അധ്യായങ്ങളിൽ വ്യക്തിപരമായി ഏറെ കൗതുകം പകർന്ന ഒന്നാണ് ഗ്രന്ഥകാരനെ കുഴക്കിയെന്നു പറയുന്ന ഒരു ചോദ്യത്തെ പറ്റിയുള്ള പരാമർശം. മനുഷ്യ മസ്തിഷ്‌കം എങ്ങനെയാണ് / എന്തിനാണ് ഇടതും വലതുമെന്ന രീതിയിൽ രണ്ടായി തിരിഞ്ഞതെന്ന ചോദ്യത്തെത്തുടർന്ന്

റെയ്മണ്ട് കഹൾ എന്ന പ്രസിദ്ധ ന്യൂറോളജിസ്റ്റിന്റെ കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഒരുപക്ഷേ പ്രകൃത്യാ ആപത്ക്കരമായ ഒരു ജീവിതത്തിലൂടെ കടന്നുപോകാൻ നിർബന്ധിതമായ മനുഷ്യ ജീവിക്ക് നേരിട്ട് വരുന്ന വെല്ലുവിളികളല്ലാതെ ഇരു വശത്തുനിന്നുമുള്ള അപകടങ്ങളെ നേരിടണമെങ്കിൽ കൂടുതൽ കാര്യക്ഷമമായ surveillance ആവശ്യമായി വന്നതിന്റെ ഭാഗമായാണത്രെ, മനുഷ്യന്റെ രണ്ടു പള്ളകളിലും രൂപീകൃതമായ സവിശേഷ ന്യൂറോൺ സങ്കേതങ്ങൾ പടിപടിയായി ചുമലുകൾക്കടുത്തേക്കും പിന്നീട് മസ്തിഷ്ക്കത്തിലേക്കും സ്ഥാനം മാറിയത്. കണ്ണുകൾ ആ പരിണാമദിശകളെ സ്വാധീനിച്ച പ്രധാന ഘടകമായി. കാഴ്ചയുടെ സാങ്കേതികത്വത്തിന്റെ കീഴ്‌മേൽ മറിഞ്ഞ രൂപസംവിധാനങ്ങൾക്കനുസരിച്ച്, അതിനെ കൂടുതൽ കാര്യക്ഷമമാക്കാൻ മസ്തിഷ്ക്കത്തിലെ ഇടതു ഭാഗം വലതു ശരീരത്തേയും തിരിച്ചും നിയന്ത്രിക്കാൻ തുടങ്ങിയത്രേ!

ഒരുപക്ഷേ സംവേദനത്വത്തിന്റെ ഒരുവലിയ പരിമിതിയെ, ഒരു മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ട്, അതോ രണ്ടു തലത്തിൽ പങ്കിട്ടുകൊണ്ട് , മറികടന്നതാണോ? അതിനുശേഷമുള്ള കാഴ്ച കേവലം കാഴ്ചയല്ല, നോട്ടമാണ് എന്നാണോ?

ഹേയ്റോഗ്ലിഫിസിലെ 'ഹോറസിന്റെ കണ്ണ്' നെ പറ്റി മേധാനന്ദ എഴുതിയ കുറച്ചു വരികൾ ഓർമ്മയിൽ വരുന്നു:

“A new level of seeing opens progressively,

Not only behind but above everything.

The forces, the presences abiding in the universe,

Reveal themselves to us: we can perceive the neteru (divinity),

the movers of the flags of all beings, and above them

the unity of seeing and being.


Our seeing becomes sovereign.

Each event is unique,

independent of stereotypes and name giving.

Each sight enters into the mysterium magnum of being

and we see as RE sees.

We can say,’I see’.

The eye is healed.

The festival of seeing begins.


One step further

and seeing becomes creating.”

                                                  -  THE WAY OF HORUS

(നിസ്സാരമായ ഒരു സംശയം മെയിലിൽ ഉന്നയിച്ചപ്പോൾ വളരെ വിശദമായി മറുപടി തരാൻ സന്നദ്ധനായ ഡോ. രാജശേഖരൻ നായർക്ക് പ്രത്യേകം നന്ദി. Santiago Raymon Cajal എന്ന അസാധാരണ വ്യക്തിത്വത്തെ അറിയാൻ സാധിച്ചതിനും. ഏറെ അസാധാരണത്വവും rebelliousness -ഉം നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി പേരിനൊന്നു പരിചയപ്പെട്ടപ്പോൾ ഇദ്ദേഹം ന്യൂറോളജിയിലെ സാൽവദോർ ദാലിയാണല്ലോ എന്നാണ് മനസ്സിൽ തോന്നിയത്. പിന്നീടാണ് ഓർത്തത് രണ്ടുപേരും സ്പെയിൻകാർ ആണല്ലോ എന്ന്).

drawings by Raymon Cajal

ഒരുവേള നമുക്ക് തോന്നും ഈ പരിണാമമെന്നത് ഒരു തരം പൊതിയഴിക്കൽ - unfolding - ആണെന്ന്. അല്ലെങ്കിൽ കൂമ്പിനിന്ന ഇതളുകൾ പതിയെപ്പതിയെ വിടർന്നുവരുന്നതുപോലെയാണെന്ന്. അതോ, കൂമ്പി നില്ക്കുന്ന ഒരു മൊട്ടിന് ചുറ്റും നിത്യേനയെന്നോണം ചേർക്കപ്പെടുന്ന ഇതളുകളോ? അങ്ങനെയങ്കിൽത്തന്നേയും ഏതോ അപരിചിതമായ ഒരു സ്ഥലകാലത്തിൽ നിന്നും പൊടുന്നനെയെന്നോണം പ്രത്യക്ഷപ്പെടുന്നവയൊന്നുമല്ല അവ. ചുറ്റിലും നൃത്തം വെച്ചുകൊണ്ടിരിക്കുന്ന സ്ഥലകാലസമുദ്രത്തിന്റെ ഏതൊക്കെയോ അലകൾ ഈ പൂമൊട്ടിനെ വെറുതെയൊന്ന് സ്പർശിച്ചുപോകുന്നതാണ്; നമുക്കവ എത്ര തന്നെ അഗോചരമെങ്കിലും. 

അവബോധപരമായ പരിണാമ ചരിത്രങ്ങളുടെ സംഗ്രഹമൊന്നുമല്ലെങ്കിലും, ജലം മുതൽ, ആകാശം മുതൽ, മറ്റു ഭൂതങ്ങൾ മുതൽ, ജൈവപരിണാമത്തിൽ സംഭവിച്ചിട്ടുള്ള ഒട്ടധികം വർഗ്ഗങ്ങളെ, സസ്യലതാദികളായാലും, ഷഡ്പദങ്ങളായാലും ഉരഗങ്ങളായാലും മനുഷ്യനടക്കമുള്ള മൃഗജാതികളായാലും സകലതും പിരമിഡുകളിന്മേലുള്ള ഹെയ്‌റോഗ്ലൈഫ്സിൽ (Hieroglyphs) ഇടം പിടിച്ചിട്ടുണ്ട്. ഓരോരോ വർഗ്ഗങ്ങളിലും പ്രബലമായിട്ടുള്ള അവബോധ സവിശേഷതയാണ് - awareness potential - ആ ഉൾക്കാഴ്ചാ സന്ദേശങ്ങളിൽ ലിപികളായി വർത്തിച്ചത്.

'ഞാനാവുന്ന കാലം' തുടങ്ങുന്നത് വ്യതിരിക്തമായി

flat worm
'ചിന്തകൾ' എന്ന് വിളിക്കാവുന്നവ രൂപപ്പെടുന്നതോടെയാണ്. അതിനും എത്രയോ കാലങ്ങൾക്കു മുൻപ് മസ്തിഷ്ക്കം എന്ന് വിളിക്കാവുന്ന ശരീരഭാഗങ്ങൾ രൂപപ്പെട്ടിരുന്നുവെങ്കിലും - മസ്തിഷ്ക്കം സമ്മാനിക്കപ്പെട്ട ആദ്യ ജീവി നമ്മുടെ 'പരപ്പൻ
Various parasitic
flatworms from
Haeckel's
Kunstformen der Natur
(1904)
പുഴു'വാണത്രേ! ആ അഹങ്കാരം പക്ഷേ അവന്റെ മുഖത്തില്ല കേട്ടോ! - ഇന്ന് നാം ഭാഷ എന്ന് വിളിക്കുന്ന വിധമുള്ള വിനിമയ ശേഷി ജീവികൾക്ക് കൈവന്നിട്ടില്ലായിരുന്നു. നിയാണ്ടർത്തലുകളിൽ ദർപ്പണ കോശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിമിതമായിരുന്നുവെന്നു പറയുന്നു.

പിന്നെപ്പിന്നെ അതുക്കും മേലെ, ചിന്തിക്കുന്ന മാനവന്റെ വരവായി. ഒരു ഒന്നൊന്നര ചിന്തകനാണവൻ. രാജശേഖരൻ നായർ ഓർമ്മപ്പെടുത്തുന്നു, അവന്റെ ശരിക്കുമുള്ള പേര് Homosapiens  sapiens എന്നാണത്രെ!- ആവർത്തിച്ച് ചിന്തിക്കുന്നവൻ. എന്നുവച്ചാൽ ആ സ്ഥിതിയിൽ നിന്നും പേരിനൊരു മാറ്റം വരുത്തേണ്ട അവസ്ഥ ഇന്ന് വരേയ്ക്കും സംജാതമായിട്ടില്ലെന്ന് സാരം. വേണമെങ്കിൽ രണ്ടോ മൂന്നോ sapiens പിന്നാലെ ചേർക്കാം.

Drawings of Cajal

ചിന്തിക്കാൻ തുടങ്ങുക എന്നാൽ അവനിൽ ഭാഷാനൈപുണ്യങ്ങൾ കിളിർക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തന്നെ അർത്ഥം. വൈവിധ്യം നിറഞ്ഞ എല്ലാത്തരം ചോദനകളും ആവേഗങ്ങളുമെല്ലാം വളരെ വ്യത്യസ്തമായ ഒരു തരത്തിൽ പ്രകടിപ്പിക്കാനും സൂക്ഷിക്കാനും സാധ്യമെന്നു വന്നിരിക്കുന്നു. ഒരുപക്ഷേ ഇതുവരേക്കും സ്മൃതി എന്ന് വിളിക്കാവുന്നവയെ ഓർമ്മയെന്നു വിളിക്കാവുന്ന തരത്തിൽ വാക്കുകളിലും അർത്ഥങ്ങളിലുമായി സൂക്ഷിക്കാവുന്നതാണിപ്പോൾ. FOXP2 എന്ന് വിളിക്കുന്ന ഭാഷാജീൻ, അതിന്റെ മറ്റു അനുബന്ധ ജീനുകൾ, മിറർ ന്യൂറോണുകൾ എന്നിവയെല്ലാം ചേർന്നാണ് ഹോമോസാപിയനുകളിൽ ഈ ഭാഷാസിദ്ധി കൈവന്നതത്രേ. ഈ മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനില്ക്കാനാവാതെയത്രേ പ്രധാനമായും നിയാണ്ടർത്താലുകൾ തിരോഭവിച്ചത്. 

ഇനിയുള്ള പേജുകൾ അധികവും 'ഞാനാവുന്ന കാല'ത്തെപ്പറ്റിയാണ്. ഈ പുസ്തകത്തിലെ ഏറ്റവും കൂടുതൽ പേജുകൾ അദ്ദേഹം നീക്കിവെച്ചിരിക്കുന്നത് - 224 പേജുകൾ - ഞാനാവുന്നകാലത്തെപ്പറ്റി പറയാനാണ്.

ഞാൻ ഞാനാവുന്നത്‌ ഭാഷയിലൂടെയാണോ? അതോ യഥാർത്ഥ

ഞാൻ - അങ്ങനെയൊരു ഞാൻ ഉണ്ടെങ്കിൽ - അത്ര തന്നെ യഥാർത്ഥമല്ലാത്ത, തോന്നൽ മാത്രമായ, ഒരു ഞാനിലേക്ക് ഇടകലർന്നില്ലതാവുന്നതോ? ഭാഷയിലൂടെയാണ്, പ്രധാനമായും മസ്തിഷ്ക പരിണാമത്തിന്റെ അതിപ്രധാനമായ അടുത്ത ഘട്ടം ആരംഭിക്കുന്നതെങ്കിൽ...ഒരുപക്ഷേ അപ്പോഴാകും നാം പൊതുവെ മനസ്സ് എന്ന് വിളിക്കുന്ന epiphenomenon സംജാതമായത്. സ്മൃതിക്ക്‌ ചുറ്റും ഓർമ്മകൾ എന്ന കടന്നൽകൂട്ടം നേർത്ത ഒരു മുഖപടം പോലെ…

എഴുത്തിനിടയിൽ സ്വാഭാവികമായി വന്നുപോയതാണെങ്കിലും, 'കേദാർനാഥിലെ കാക്കകൾ' എന്ന യാത്രാ  പുസ്തകത്തിൽ ഒരിടത്ത് ‘the non-existent I’ എന്ന് പ്രയോഗിച്ചുപോയതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്, ഇന്നും. മറ്റൊരു സന്തോഷം കൂടിയുണ്ട് - ആ കൊച്ചു പുസ്തകം അടുത്തുതന്നെ ഇംഗ്ലീഷിൽ ഇറങ്ങാൻ പോകുന്നു എന്നത്.

'ഞാനാവുന്ന കാലം' എന്ന് വായിക്കുമ്പോഴൊക്കെയും നിശ്ശബദ്ധമായി ഓർക്കും - (ഇല്ലാത്ത) ഞാൻ ആവുന്ന കാലം. 




Tuesday, April 23, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 6



നേതി നേതികളുടെ വിരുന്ന് - 1


Only one koan matters

- you


സെൻ ഗുരുവായിരുന്ന ഇക്കിയു (Ikkyu) ആയിരുന്നു ഇങ്ങനെ എഴുതിയിട്ടത്. 

ഈ വരികളോട് തീർത്തും സത്യസന്ധത പുലർത്തിയ ഒരു koan

തന്നെയായിരുന്നു ഇക്കിയുവിന്റെ ജീവിതം. `ഞാൻ എന്ന ഭാവം` എന്ന ഈ കൃതിയുടെ പശ്ചാത്തലത്തിൽ you എന്നതിന് പകരം `I` എന്ന് ചേർത്ത് ആ വരികൾ വായിച്ചുകൂടേ എന്ന് തോന്നാവുന്നതാണ്.:  only one koan matters, I. ഇക്കിയു എന്തുകൊണ്ടാകാം 'I'എന്നതിന് പകരം 'you' എന്ന് എഴുതിച്ചേർത്തത്?

ഞാനാണോ നീയാണോ ആദ്യമുണ്ടായത്? ന്യൂറോളജിക്കാർ പറയുന്നതെന്തുമാകട്ടെ, ആത്മീയതയിൽ, ചുറ്റുപാടുമുള്ള അനേകം 'നീ'കളാണ് ഒരുവനിൽ 'ഞാൻ' നെ ഉരുവപ്പെടുത്തുന്നതത്രേ. Ikkyu തന്റെ ശിഷ്യരോട്‌ അതൊരു koan ആയി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, `നീ` എന്നത് (the other), ഒരു `perceptual aberration` അല്ലെങ്കിൽ പ്രായോഗികമായി അനിവാര്യമായ ഒരു illusion ആണെന്ന തിരിച്ചറിവിനെയായിരിക്കണം, ആ koan -ന്റെ സാക്ഷാത്കാരമായി ഉദ്ദേശിച്ചിട്ടുണ്ടാവുക. ഒരല്പം ബുദ്ധിയുള്ളവർ അപരനെ വിട്ട് തന്നെത്തന്നെ (ഞാൻ) സ്വീകരിച്ചിരിക്കും, ധ്യാനാത്മകമായ തന്റെ ആത്മപര്യവേക്ഷണങ്ങൾക്ക്.



                      *                     *                     *                       *


ഞാൻ എന്ന അഭാവത്തെപ്പറ്റിയാണ് (the non- existent I) 'ഞാൻ എന്ന ഭാവം'

മുഴുവനും. ഞാൻ എന്ന് അറിയുമ്പോഴോ പറയുമ്പോഴോ കേൾക്കുമ്പോഴോ,

ഒരു ന്യൂറോളജിസ്റ്റ്, താൻ ഏതു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ആ

വാക്കിനെ സ്വാംശീകരിക്കുന്നതെന്ന് പങ്കുവെക്കുകയാണ് ഈ

ബൃഹദ്ഗ്രന്ഥത്തിൽ. ന്യൂറോളജിക്കു മുന്നേ ആരംഭിച്ച് ന്യൂറോളജിയെ കടന്നുപോകുന്ന ഒളിവെട്ടങ്ങൾ….ഇതൊരു ബൃഹദ്ഗ്രന്ഥമാകുന്നത്

അങ്ങനെയാണ്, പേജുകളുടെ എണ്ണം കൊണ്ടല്ല; വിശദാംശങ്ങളുടെ സമൃദ്ധികൊണ്ടുമല്ല.


ഞാനാകുന്നതിനു മുമ്പുള്ള കാലം, ഞാനാവുന്ന കാലം, ഞാനെന്ന ഭാവം, ഞാനെന്ന ഭാവമതു നിറയുന്ന നേരം, ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം, അഖിലം ഞാനിതെന്ന വഴി, എന്നിങ്ങനെ ആറു ഭാഗങ്ങളായി ലേഖനങ്ങളെ തരം തിരിച്ചിട്ടുണ്ട്. 'ഞാൻ എന്ന അഭാവം' എന്ന ഒരു ശീർഷകം ഇല്ലാതിരുന്നിട്ടുകൂടി (പ്രയോഗപരമായ ഒരു ചാരുതക്കുവേണ്ടിയെങ്കിലും), സർവ്വാന്തര്യാമിയായ 'ഞാൻ'നെ പറ്റിയാണ് പറയുന്നതെങ്കിലും, അഖിലത്തിലേക്ക് അതില്ലാതാവുന്നതിന്റെ ഉൾക്കാഴ്ചാശകലങ്ങൾ മിന്നിമറയുന്നുണ്ട് അവസാന അദ്ധ്യായങ്ങളിൽ; ഹരിനാമകീർത്തനസൗഖ്യം പോലെ. തെളിനീർ തടാകങ്ങളിൽ മുങ്ങിത്താണും ഒഴുകിരസിച്ചും കഴിഞ്ഞിരുന്ന ജലപക്ഷി തന്റെ ചിറകിലെമ്പാടുമുള്ള ജലകണങ്ങളെ മുഴുവനും കുടഞ്ഞുകളഞ്ഞുകൊണ്ട് പൊടുന്നനെ ആകാശത്തേക്ക് പറന്നുപൊങ്ങുന്നതുപോലെ.

ന്യൂറോളജിയിൽ നിന്നും, അതിന്റെ സാങ്കേതിക നാഡീ-ഞരമ്പ് സങ്കീർണ്ണതകളിൽ നിന്നും, അവയുടെയെല്ലാം അർത്ഥസാഫല്യങ്ങളെ (meaningfulness) ആരായുകയാണ് ഡോ. രാജശേഖരൻ നായർ; ആത്മീയം എന്ന് വിളിച്ചുപോകാൻ ഏവരേയും പ്രലോഭിപ്പിക്കും വിധം. ആ ഭാഗങ്ങളിൽ അദ്ദേഹം പുലർത്തുന്ന വിനയത്തെ `ഒരു ന്യൂറോളജിസ്റ്റിന്റെ ധീരത` അല്ലെങ്കിൽ `വൈയക്തികമായ സത്യസന്ധത`എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം. 

ഒരു സാധാരണ വായനക്കാരനുപോലും ഏറെ ആഹ്ളാദകരമായ വിധം വായിച്ചുപോകാമെന്നതോടൊപ്പം, ഗവേഷണവിദ്യാർത്ഥികൾക്കു പോലും ഉപയുക്തമായ വിധം അതീവ വിശദാംശങ്ങളോടെയും കൃത്യതകളോടെയുമാണ് അദ്ദേഹം വിഷയത്തെ അവതരിപ്പിക്കുന്നത്; ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വാഭാവിക രചനാരീതിയെന്നു പറയാം. അത്തരം സംഗതികൾക്കിടയിൽ കയറിവന്ന് ഒരഭിപ്രായം പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല, അതിനുള്ള യോഗ്യതയും ഇതെഴുതുന്നയാൾക്കില്ല. എന്നിട്ടും ഈയൊരു കുറിപ്പിന് പിന്നിലുള്ള വികാരം സന്തോഷം മാത്രമാണ്, നാം കടന്നുപോകുന്ന ഈ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ- mysterious എന്ന് തന്നെ വായിക്കുക - ഒരനുഭവത്തെപ്രതി, അതിന്റെ പ്രായോഗിക പരിണാമങ്ങളെ ഇത്രയും അടുത്തറിയാൻ സാധിക്കുന്നതിലുള്ള കൃതാർത്ഥത. ഈ ഗ്രന്ഥത്തിലെ ഓരോ വരിയും ഒരു സാധാരണ വായനക്കാരനിലുണർത്തിയ അനുരണനങ്ങൾ.

(ഈ പുസ്തകം പുറത്തുവന്ന അന്നു രാത്രി തന്നെ, ഒരു സുഹൃത്ത് മുഖേന

ഡി സി യിൽ നിന്നും ഒരു കോപ്പി സംഘടിപ്പിച്ച് രണ്ടുമൂന്നു ദിവസം

കൊണ്ട് വായിച്ചുതീർത്തതാണ്. ഒരു തിരുവണ്ണാമല യാത്രക്കിടയിലായിരുന്നു അതെന്നത് ഏറെ സൗകര്യപ്പെടുകയും ചെയ്തു. അപ്പോഴാണ് നിർബന്ധമായും വായിച്ചിരിക്കണമെന്ന് രാജശേഖരൻ നായർ സൂചിപ്പിച്ച രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടു തന്നെ കാര്യം എന്ന് ഒരല്പം അഹങ്കരിച്ചത് - NO MAN ALONE and DEATH OF THE SOUL. രണ്ടും സംഘടിപ്പിച്ചു വരുമ്പോഴേക്കും രണ്ടു മാസം തീർന്നു. അതിൽ ഒരെണ്ണമേ ഇനിയും വായിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. അടുത്തതും കൂടി വായിച്ചിട്ടാകാം എഴുത്ത് എന്ന് വിചാരിച്ചു വിചാരിച്ചു ദിവസം കുറെ പോയി. എഴുതാൻ ശ്രമിച്ചപ്പോഴൊക്കെ മിക്കപ്പോഴും വഴിതെറ്റാൻ തുടങ്ങി. രാജശേഖരൻ നായരുടെ ഭാഷാ സവിശേഷതകൾ, ആത്മകഥാപരമായ പരാമർശങ്ങളുണർത്തുന്ന കൗതുകങ്ങൾ, ന്യൂറോളജിക്കലായ ഉൾക്കാഴ്ചകൾ, ദാർശനികമായ പരാമർശങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ധാരകളായി ഈ പുസ്തകം നമ്മെ മോഹിപ്പിച്ചുകൊണ്ടു 'മാരീച നടനം' നടത്തും. അങ്ങനെയങ്ങനെ ദാ ഇപ്പോൾ തുടങ്ങാം എന്ന് വെച്ചപ്പോഴേക്കും ഇദ്ദേഹം മറ്റു രണ്ടു പുസ്തകങ്ങൾ കൂടി എഴുതിക്കഴിഞ്ഞിരിക്കുന്നു!!)

4500 ബില്യൺ വർഷങ്ങൾക്കു മുൻപുള്ള ഹേഡിയൻ യുഗത്തിൽ -Hadean Eon- നിന്നും ഡോ. രാജശേഖരൻ നായർ പറഞ്ഞു തുടങ്ങുന്നു. സകലതും ഉരുകിയൊലിച്ച് കുഴമ്പു പരുവത്തിൽ കിടക്കുന്ന ഭൂമിയെന്ന ഒരു ഊഹാപോഹം. 'പ്രാക്തന യൂഷം' എന്ന് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ള ആ Primordial Soup -ൽ പ്രധാന ചേരുവകളെല്ലാം ആകസ്മിതകളാണ്. ('പ്രോടീൻ കണികകൾ ആകസ്മികമായി ജീവന്റെ ആധാരമായ ന്യൂക്ളിയിക് ആസിഡുകളായി' - P 29. ആകസ്മികതയുടെ ദിവ്യമുഹൂർത്തങ്ങൾ ധാരാളമുണ്ട് ഈ കൃതിയിൽ, ബോധപരിണാമത്തിന്റെ ഘോഷങ്ങളായി).

തികച്ചും വ്യക്തിപരമായ ഒരു കൗതുകം ഇവിടെ പങ്കു വെക്കട്ടെ:

മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു, 'ഞാനൊരു ശാസ്ത്രജ്ഞനാകും' എന്നോ മറ്റോ പേരുള്ള ഒരു കുഞ്ഞു പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടുതന്നത്. സി. ജി. ശാന്തകുമാർ കുട്ടികൾക്ക് വേണ്ടി എഴുതിയത്. കണ്ടാൽ ഒരു ബ്രെഡ് സ്‌ലൈസ് എന്നേ തോന്നൂ. അത് വായിച്ചതിൽ പിന്നെയാണെന്നു തോന്നുന്നു, ഈ ശാസ്ത്രജ്ഞനെന്നാൽ ഊണും ഉറക്കവുമുപേക്ഷിച്ച്, ഉപകരണങ്ങൾ തിങ്ങി നിറഞ്ഞ ഒരു ലബോറട്ടറിയിലിരുന്ന് കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കോരിയൊഴിച്ച് കൂട്ടിക്കലർത്തി പുതിയതെന്തോ കണ്ടെത്താൻ പണിപ്പെടുന്ന ഒരാളാണെന്ന ധാരണ ഉള്ളിലുറച്ചു. അക്കാലങ്ങളിൽ തികട്ടി വന്നിരുന്ന ഒരു വിചാരമാണ്, 'ഇക്കാണുന്ന സകലതും ഒരുമിച്ചെടുത്ത് ഒരു വലിയ പാത്രത്തിലിട്ട് തിളപ്പിച്ച് ഇളക്കികൊണ്ടിരുന്നാൽ എങ്ങനെയിരിക്കും?' സകലതും എന്ന് പറഞ്ഞാൽ മണ്ണും കല്ലും മാവിന്റെ ഇലകളും വാഴക്കുടപ്പനും കമ്മ്യൂണിസ്റ്റ് പച്ചയും തെങ്ങോലയും പിന്നെ അടുക്കളക്കകത്തുള്ള പാത്രങ്ങളും അഴയിൽ ഉണക്കാനിട്ടിരിക്കുന്ന തുണികളും പെൻസിലും മായ്ക്കാനുള്ള റബറും മറ്റും മറ്റും. എന്നാലും സൂപ്പാക്കി മാറ്റാനുള്ള പദാർത്ഥങ്ങളുടെ എണ്ണം അത്രയൊന്നും മുന്നോട്ടു പോയില്ല. ആ വിചാരമാകട്ടെ കുറെ നാൾ കഴിഞ്ഞപ്പോൾ മങ്ങി മങ്ങി പോകാനും തുടങ്ങി. പിന്നീടെപ്പോഴോ ഒരു തോന്നലുണ്ടായി, വാനശാസ്ത്ര സംബന്ധിയായ എന്തോ വായിച്ചതിനു ശേഷമാകണം, നമ്മൾ അറിയുന്ന ഈ പ്രപഞ്ചം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്ന കുഴമ്പു പരുവമുള്ള ഒരു സംഭവം തന്നെയാണെന്ന്. നക്ഷത്രങ്ങൾ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന തീക്കുണ്ഡങ്ങൾ. കത്തിക്കരിഞ്ഞതും കനൽപോലെ തിളങ്ങുന്നതുമൊക്കെയായി അസംഖ്യം ഗ്രഹങ്ങളും മറ്റും. ഇവയൊക്കെയും ഒരു വലിയ പാത്രത്തിൽ കിടന്ന് ചുറ്റിത്തിരിയുകയാണ്, ആരോ ഒരാൾ ഒരു വലിയ ചട്ടുകം കൊണ്ട് - ആർക്കിമിഡീസ് ഉദ്ദേശിച്ചതിലും വലിയ ചട്ടുകം - വലിയ വേഗത്തിൽ ഇളക്കിക്കൊണ്ടേയിരിക്കുന്നപോലെ. 


മനസ്സിന് വിസ്മയങ്ങളെ അതേപടി അധികനേരം പിടിച്ചുനിർത്താൻ കഴിയില്ല. ഭാരക്കൂടുതലുള്ള ഒരു വസ്തുവിനെ ഏറെ നേരം പൊക്കിപ്പിടിച്ചുനില്ക്കാൻ പറ്റാതെ വരുമ്പോൾ, എവിടെയെങ്കിലും ഒരിടത്ത് ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുന്നതുപോലെ, മനസ്സ് അതിന്റെ വയ്യായ്ക തീർക്കുന്നത് ഏതെങ്കിലും ഒരു കാരണത്തെ തേടിപ്പിടിച്ച് വിസ്മയങ്ങളെയപ്പാടെ ഇറക്കിവെച്ചുകൊണ്ടാണ്. തീർപ്പുകളും ഉപസംഹാരങ്ങളുമാണ് മനസ്സിന്റെ അത്താണികൾ. അങ്ങനെയാണ് 'അണ്ഡകടാഹ'മെന്ന ഈ ചെമ്പിൽ, കോടിക്കണക്കിന് സൂര്യചന്ദ്രാദികളെയിട്ട് എമണ്ടൻ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുന്ന ദേഹണ്ണക്കാരനെ 'ദൈവം തമ്പുരാൻ' എന്നൊരു പേര് കൊടുത്തുകൊണ്ട് മിണ്ടാതിരിക്കാൻ ശ്രമിച്ചത്. ശരിക്കും ഉലകനായകൻ. പ്രപഞ്ചത്തിന്റെ 'ഞാൻ'. പോകപ്പോകെ വിസ്മയവീചികൾ മനസ്സിന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോഴാണറിയുന്നത് ചട്ടുകത്തിനു പിന്നിൽ അങ്ങനെയൊരു ദേഹണ്ണക്കാരനില്ലെന്ന്! ഉണ്ടായിരുന്നെങ്കിൽത്തന്നെ അങ്ങേര്‌ എവിടെ കാലുറപ്പിക്കും എന്ന് ചോദിക്കാനുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും പക്ഷേ സംഗതികളൊക്കെ മേല്പറഞ്ഞ രീതിയിൽത്തന്നെ, അതിമനോഹരമായി  കുഴഞ്ഞുമറിഞ്ഞുകൊണ്ടേയിരിക്കുന്നു, ഇടതടവില്ലാതെ. വെറുതെ. അതെ, അപ്പോഴാണ് ശരിക്കും വിസ്മയമെന്നത് അതിന്റെ സഹസ്രദളങ്ങൾ വിടർത്തുന്നത്. The ethereal beauty of Unknowability, not the vague assessment of known / unknown conclusions. ഓഷോയാണ് ഏറെ അസന്ദിഗ്ധമായി പറഞ്ഞത് - ‘There is no God, only godliness is there’.

ദൈവികതയെന്ന സർഗാത്മകതയെ, ഏതോ സിംഹാസനത്തിൽ, നീണ്ട വെള്ളത്താടിയും സർവ്വജ്ഞാന സന്നാഹങ്ങളുമായി സകലതിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഗംഭീരൻ ദൈവത്തിലേക്ക് വെട്ടിയൊതുക്കാൻ സ്വാഭാവികമായ ബുദ്ധികുറവും ഭീരുത്വവുമൊക്കെയേ വേണ്ടൂ. ദൈവമെന്ന അപക്വ ഉപസംഹാരത്തെ, ബ്രഹ്മം, ശക്തി, അസ്തിത്വം, ശാസ്ത്രീയമെന്നു തോന്നിക്കുന്ന ‘ഊർജ്ജം’, മഹാവിസ്ഫോടനം തുടങ്ങിയ പേരുകളെക്കൊണ്ടെല്ലാം മാറ്റിപ്രയോഗിച്ചതുകൊണ്ട് വിശേഷിച്ചൊരു മാറ്റവും വരാനില്ല. ഭാഷാപരമായ അന്തസ്സിന്റെ പ്രശ്നം മാത്രമാണത്. ഫലത്തിൽ ഒന്ന് തന്നെ. നാസ്തികാദി ബുദ്ധിജീവികൾ സഹതാപാർഹരാകുന്നത് അങ്ങനെയാണ്.

സകലതിനും കേന്ദ്രീകൃതമായ ഒരു കർത്താവിനെ, അല്ലെങ്കിൽ ഒരു കർത്തൃത്വ ശക്തിയെ സങ്കല്പിച്ചെടുക്കുക എന്നത് എത്രത്തോളം പ്രബലമായ ഒരു ന്യൂറോളജിക്കൽ ശീലമാണോ, അത്രത്തോളം തന്നെ പ്രബലമായ ഒരു ശീലമായിത്തന്നെയാണ് ഒരു ജൈവ പ്രതിഭാസത്തിൽ 'ഞാൻ എന്ന ഭാവം' ഉരുവാകുന്നത്. ഒരു പക്ഷേ അങ്ങനെയൊരു ഭാവമില്ലായിരുന്നുവെങ്കിൽ നാം അതിനെ 'ജീവി' എന്ന് അറിയുമായിരുന്നുവോ എന്ന് സംശയമാണ്. ജീവനില്ലാത്തവയിൽ പോലും അതിന്റെ ആകൃതിഭാവങ്ങളെ പ്രതി ഒരു 'ഞാൻ' ആരോപിച്ചുകൊടുക്കുമ്പോഴാണ് അവക്കും ജീവനുണ്ടോ എന്ന് നാം സംശയിച്ചുപോകുന്നത്. അങ്ങനെയാണ് നാം പാറകൾക്കും പർവ്വതങ്ങൾക്കും മറ്റും ജീവൻ വെപ്പിക്കുന്നത്.

നേരെ തിരിച്ചും സാധ്യമാണ്. എത്ര സങ്കീർണ്ണമായ ജീവിയേയും, മനുഷ്യനെത്തന്നെയും, കേവലം ക്രിയാനിർവ്വഹണങ്ങളുടെ സംഘാതമായി മാത്രം കാണാൻ ശ്രമിക്കുക. ആ പ്രവർത്തനങ്ങൾ തമ്മിൽ എങ്ങനെയോ സംഭവിക്കുന്ന ഏകോപനമാണ്, അതിനു പിന്നിൽ സകലതിനെയും അറിഞ്ഞുകൊണ്ട് ബോധപൂർവ്വമുള്ള ഏകോപനമൊന്നുമല്ല നടക്കുന്നത്. ഞാൻ എന്ന ഭാവത്തെപ്പറ്റി ബോധവാനാകാൻ തുടങ്ങിയ നാളുകൾ മുതൽത്തന്നെ ഒരുപക്ഷേ അതിനെ നിഷേധിച്ചുകൊണ്ട് മേല്പറഞ്ഞതുപോലെ നോക്കിക്കാണാനുള്ള ശ്രമങ്ങളും നടന്നുപോന്നിട്ടുണ്ട്. ഈ രണ്ടു തരത്തിലുമുള്ള സമീപനങ്ങൾ ഇന്നും സജീവമാണ്. ന്യൂറോളജിക്കാരും പറയുന്നത് എല്ലാ നാഡീഞരമ്പുകളേയും വകഞ്ഞുമാറ്റിച്ചെന്നപ്പോൾ അവിടെങ്ങും 'ഞാൻ'-ന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നാണ്. ഇക്കിയു എന്ന സെൻ ഗുരുവിനെപ്പോലെ ന്യൂറോളജിക്കാർ, 'ഞാൻ' എന്നത് എക്കാലത്തേയും ഏറ്റവും സങ്കീർണ്ണമായ പ്രഹേളികയാണെന്ന് - koan - കൃത്യമായി പറയുന്നുണ്ടോ ആവോ!

പ്രപഞ്ചത്തിന് ഒരു കേന്ദ്രമുണ്ടോ എന്നത് മനുഷ്യന് എന്നുമുള്ള ഒരു സംശയമാണ്. സംശയമുന്നയിക്കുന്നവനും തന്നിലൊരു കേന്ദ്രമുണ്ടോ എന്ന് എക്കാലവും സംശയിച്ചുപോന്നിട്ടുണ്ട്. നേരെചൊവ്വേ അന്വേഷിച്ചു ചെന്നവർ പങ്കു വെച്ചിട്ടുള്ളത് അങ്ങനെയൊരു കേന്ദ്രമില്ലെന്നാണ്, പ്രപഞ്ചത്തിനും മനുഷ്യനും. അവരുടെ പങ്കുവെക്കലുകൾ കൊണ്ട് അന്വേഷികളായവർക്ക് കൗതുകം പകർന്നേക്കാം എന്നതിൽക്കവിഞ്ഞ് പ്രയോജനമെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ അത് തികച്ചും വൈയക്തികമായ -individual- ഒരു ഗ്രാഹ്യമാണ്. അവർ പറയുന്നത് സത്യമാണെന്നു തോന്നുമെങ്കിലും മറ്റൊരാളെ സംബന്ധിച്ച് അത് വെറും knowledge പരുവത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ. ഈയടുത്ത് BIGTHINK-ൽ വായിച്ചതോർക്കുന്നു- ശാസ്ത്രജ്ഞർ പിന്നെയും ചോദിക്കുന്നു, പ്രപഞ്ചത്തിന് ഒരു കേന്ദ്രം സാധ്യമാണോ എന്ന്. ബോധ്യപ്പെടുത്താവുന്ന രീതിയിലുള്ള പുതിയ തരം ഭൗതിക യുക്തികൾ നിരത്തുന്നുണ്ടെങ്കിലും, അവസാനം അങ്ങനെയൊരു കേന്ദ്രം സാധ്യമല്ലെന്ന് ഉപസംഹരിക്കുമ്പോൾ, നമുക്കെന്തോ, ബാലിശമെന്നു തോന്നിപ്പോകും.

 Where is the center of the Universe? Here, there, and everywhere

മനുഷ്യനായാലും ഈ പ്രപഞ്ചത്തിനായാലും കേന്ദ്രമെന്നൊന്ന് ഇല്ല എന്ന് കേൾക്കുമ്പോൾ, നമുക്ക് അത്രക്കങ്ങു പിടിക്കാത്തത് കേന്ദ്രത്തോട് നാം അത്രക്കും അഡിക്ടഡ് ആയിപ്പോയതുകൊണ്ടാണ്. കേന്ദ്രോന്മുഖമല്ലാതുള്ള ഒരു നിമിഷവും നമ്മുടെ ഓർമ്മയിലില്ല. 



Friday, April 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 47



ബന്ധങ്ങളിലെ വൈകാരിക സ്വയം പര്യാപ്തത

കൂടെയുള്ളവർക്ക്, തന്നെ ആവശ്യമുണ്ടോ എന്ന് തരം കിട്ടുമ്പോഴെല്ലാം പരിശോധിച്ചുനോക്കുന്നവരാണ് നാം ഒട്ടു മിക്കവരും. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, താൻ ഒഴിവാക്കാനാവാത്ത ഒരു സേവകനാണ് (indispensable) എന്ന് വരുത്തിത്തീർക്കുക എന്ന പ്രവണത സാധാരണമായി കാണാറുണ്ട്. അത് അയാളുടെ നിലനില്പിന്റെ ഭാഗമാണെന്നും ജീവിതപ്രശ്നമാണെന്നും എല്ലാവർക്കും മനസ്സിലാവും. ഒരു പരിധിവരെ അത് അനുവദിച്ചുകൊടുക്കാൻ പൊതുവെ ആർക്കും സാധിക്കാറുമുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങളിൽ താൻ indispensable ആണോ എന്ന് (wanting to be needy) നോക്കിക്കൊണ്ടേയിരിക്കുക എന്നത് ബന്ധങ്ങളിലെ ഊഷ്മളതയെ ബാധിക്കുന്ന ഒന്നാണ്. 

ഇണയെ സംബന്ധിച്ച് താൻ ഒഴിവാക്കാനാവാത്തയാളാണോ എന്ന്
നോക്കിക്കൊണ്ടേയിരിക്കുക എന്ന ശീലം പൊതുവേ സ്ത്രീകളിലാണ് പ്രബലമായി കണ്ടുപോരുന്നതെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാരിലും അതിനു കുറവൊന്നുമില്ല എന്നതാണ് വാസ്തവം. പുരുഷന്മാരിൽ പക്ഷേ തീരെ പരോക്ഷമായിട്ടാവാം അത് പ്രകടിപ്പിക്കപ്പെടുന്നത്. ചുരുങ്ങിയ പക്ഷം, തന്റെ അഭാവത്തിൽ ഭാര്യയോ കാമുകിയോ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കുന്നവരാണ് പുരുഷന്മാരും. തന്റെ മേൽ possessive ആയിട്ടുള്ള കാമുകിയെപ്പറ്റി പുറമെ പരാതി പറയുമെങ്കിലും ഉള്ളിനുള്ളിൽ സന്തോഷിക്കുന്നവരാണ് അധികവും. എന്തുകൊണ്ടെന്നാൽ മറ്റുള്ളവർ തങ്ങളുടെ മേൽ നടത്തിപ്പോരുന്ന ആശ്രയത്തെയാണ് പൊതുവെ നാം സ്നേഹമെന്ന് വ്യവഹരിച്ചുപോരുന്നത്. കാലാകാലങ്ങളായി സർവ്വരും ചെയ്തുപോരുന്നു എന്നതുകൊണ്ട് തെറ്റിധാരണകൾ സാധൂകരിക്കപ്പെടുന്നില്ല. ആശ്രിതത്വത്തെ മറികടന്നുകൊണ്ട്, സ്വാതന്ത്ര്യത്തിൽ നിക്ഷിപ്തമായ സ്നേഹമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്, ഓരോ വ്യക്തിയും ബോധപൂർവ്വം ഏറ്റെടുക്കേണ്ടുന്നത്.


താനില്ലെങ്കിൽ തന്റെ സ്ഥാനം മറ്റ് ആരെങ്കിലും കവർന്നെടുക്കും എന്നാണ് എല്ലാവരും ഭയപ്പെടുന്നത്, പൊതുവെ സ്ത്രീകൾ വിശേഷിച്ചും. തന്നെ ആർക്കും ആവശ്യമില്ലെങ്കിൽ താൻ പിന്നെ എന്തിനു ജീവിക്കണം എന്നാണ് അടിസ്ഥാനപരമായി എല്ലാവരും ചിന്തിക്കുന്നത്. നാം പക്ഷേ ഓർക്കാതെ പോകുന്ന ഒരു കാര്യം, ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പരിപാലിക്കപ്പെടുന്ന ഏതൊരു ബന്ധവും ആത്യന്തികമായി ഒരു കച്ചവട കരാർ - a  business deal - മാത്രമാണെന്ന വസ്തുതയാണ്. ആവശ്യങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വളരെ ഊഷ്മളമായി തോന്നാവുന്ന ആ ബന്ധം പക്ഷേ ആവശ്യം കഴിയുന്നതോടെ ഒരു ബാധ്യതയായി മാറുകയും, പിന്നീട് ആ ബന്ധത്തിന്റെ പരിപാലനം മുറുമുറുപ്പും മുഷിച്ചിലുമൊക്കെയായി പരിണമിക്കുകയും ചെയ്യും.


ഇത് കേവലം ഭാര്യ - ഭർതൃ, കാമുകീ - കാമുക ബന്ധങ്ങളിൽ മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞുകുട്ടി മുതൽ മരണാസന്നനായി കിടക്കുന്ന ഒരാളുടെ കാര്യത്തിൽ പോലും ഓരോ പെരുമാറ്റ ഘട്ടങ്ങൾക്കും നാം പരിധികൾ നിശ്ചയിക്കുന്നുണ്ട്, അതിനപ്പുറം സകലതും ഒരു മാറാപ്പാണ്. ഒരു നവജാത ശിശു പോലും ഉറക്കം നഷ്ടപ്പെടുത്തും വിധം വാശി പിടിച്ചു കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നോ രണ്ടോ ദിവസം ഓകെ. അതിനപ്പുറം പോകുമ്പോൾ സ്വന്തം അമ്മയ്ക്കും സ്വൈരക്കേടായി തോന്നാൻ  തുടങ്ങും. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം ചോദിക്കാതെ തന്നെ ലഭ്യമായെന്നു വരും. പക്ഷേ ദാമ്പത്യത്തിൽ ആരേയും സഹായത്തിന് വിളിക്കാനാവില്ലല്ലോ. കെട്ടുമാറാപ്പുകളായിരിക്കരുത് സ്നേഹത്തിന്റെ അളവുകോലായിരിക്കേണ്ടത്. ആശ്രിതത്വത്തിന്റെ പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഏതൊരു ബന്ധവും അപക്വതയെ വിളിച്ചോതുന്നതാണ്.

വൈകാരികമായി needy ആയിരിക്കുന്നവരിൽ നിശബ്ദമായി ഉടലെടുക്കുന്ന ഒന്നാണ് അസൂയ. അവർ എല്ലായ്പോഴും തന്നെപ്രതി മാത്രം വിചാരം കൊണ്ടിരിക്കുന്നവരാകും. എത്രയായാലും മതിവരുന്നില്ല എന്ന് അവർ വിറളിപിടിച്ചുകൊണ്ടിരിക്കും. സ്നേഹത്തിന്റെ ഒരു തരിയെങ്കിലും ബാക്കി വന്നാൽ അത് മറ്റാരെങ്കിലും അടിച്ചുമാറ്റിയാലോ എന്ന് അവർ ഭയം കൊള്ളുന്നു.


വ്യക്തിബന്ധങ്ങളിൽ, സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള വ്യഗ്രതയോളം മടുപ്പുളവാക്കുന്ന സംഗതികൾ ഉണ്ടോ എന്ന് സംശയമാണ്. ഒരു കൊച്ചു കുട്ടിയുടെ കാര്യത്തിൽ പോലും പരിധി കഴിഞ്ഞാൽ മടുപ്പാണ്. പിടിച്ചുപറ്റാനുള്ളതല്ല സ്നേഹം, എടുത്തുനല്കാനുള്ളതാണ്. വൈകാരികമായ സ്വയം പര്യാപ്തതയാണ് സത്യത്തിൽ ഒരു വ്യക്തിയെ ആകർഷകമാക്കുന്നത്. അതേസമയം ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വൈകാരികമായ ആശ്രിതത്വത്തിൽ അപ്പുറത്തുള്ളയാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ, ഉറപ്പാക്കുക, അറിയാതെത്തന്നെ ആ ബന്ധത്തിന് പിന്നിൽ ചില ആവശ്യങ്ങളുടെ deal ഉറപ്പിക്കപ്പെടുന്നുണ്ടെന്ന്. പോകെപ്പോകെ രണ്ടു യാചകർ പരസ്പരം പിടിച്ചുപറിക്കുന്നതുപോലെയായിപ്പോകും ആ ബന്ധം.


വൈകാരികമായ സ്വയം പര്യാപ്തതയാണ് അയാളിലെ ആത്മാർത്ഥതയുടെ - authenticity - യുടെ തെളിവായി നിലകൊള്ളുക. ഒരു ബന്ധത്തിനോട് അയാൾ / അവൾ പുലർത്തുന്ന ഉത്തരവാദിത്തം ആ സ്വയം പര്യാപ്തതയാണ്. അതാണ് അയാളുടെ contribution. മാറ്റുവാക്കുകളിൽ പറഞ്ഞാൽ സ്വയം പര്യാപ്തമായ ആ തലത്തെയാണ് aloneness - ഏകാകിത്വം- എന്ന് പറയുന്നത്. ഓഷോ എല്ലായ്പോഴും ഓർമ്മപ്പെടുത്തുന്നതാണ് alone ആയിരിക്കാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ഒരു ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കൂ എന്ന്. നിർഭാഗ്യവശാൽ ബന്ധങ്ങളിലേക്ക് ഉറ്റു നോക്കുന്നവർ മിക്കവരും lonely ആയവരാണ്. 


loneliness - ഒറ്റപ്പെടൽ - ഒരിക്കലും മറ്റുള്ളവരാൽ നികത്തപ്പെടുന്നതല്ല. താല്ക്കാലികമായ ഒരു വേദനാസംഹാരിയെപ്പോലെ, തന്റെ ഒറ്റപെടലിനെ ഇത്തിരി നേരത്തേക്ക് മറക്കാൻ മറ്റുള്ളവരുടെ ഇടപെടൽ സഹായിച്ചുവെന്നു വരാം. മറ്റ് നേരമ്പോക്കുകളോ ഹോബിയോ സഹായിച്ചുവെന്ന് വരാം. ആത്യന്തികമായി പക്ഷേ അയാൾ തന്റെ ഒറ്റപ്പെടലിൽ ബുദ്ധിമുട്ടുക തന്നെ ചെയ്യും. ഒറ്റപ്പെടലിൽ നിന്നും ഏകാകിയിലേക്കുള്ള പരിണാമം ഉണർവിന്റേതാണ്. തന്നിൽത്തന്നെ നിറഞ്ഞുവരേണ്ടുന്ന സ്നേഹത്തിന്റെയാണ്. സ്വീകാരത്തിന്റേതാണ്.


ഏകാകിയായ ഒരു വ്യക്തി ഒരിക്കലും വിചാരിക്കുന്നില്ല, മറ്റുള്ളവർക്ക് തന്നെ ആവശ്യമുണ്ടോ എന്ന്.അയാൾ / അവൾ ഒരിക്കലും വിചാരിക്കുന്നില്ല തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന്. അവർ ഓർക്കാൻ ശ്രമിക്കുക താൻ ആർക്കെങ്കിലും എപ്പോഴെങ്കിലും യഥാർത്ഥ സുഹൃത്തായി വർത്തിച്ചിട്ടുണ്ടോ എന്നായിരിക്കും. തന്റെ ആപത്ഘട്ടങ്ങളിൽ എത്ര പേർ സഹായിക്കാൻ എത്തി എന്ന കണക്കെടുക്കുന്നതിനു പകരം അവർ ഓർത്തുനോക്കുക  തന്റെ സൗഹൃദങ്ങളിലെ ആപത്ഘട്ടങ്ങളിൽ താൻ എപ്പോഴെങ്കിലും പിൻവലിഞ്ഞു നിന്നിട്ടുണ്ടോ എന്നായിരിക്കും.

സ്വയം പര്യാപ്തത എന്നത് മറ്റാരെയും ആവശ്യമില്ല എന്ന അർത്ഥത്തിലല്ല. സ്വയം പര്യാപ്തത എന്നത് മറ്റൊരു വ്യക്തിയുമായി വൈകാരികമായ പങ്കിടലിന് ആവശ്യമായ മിനിമം യോഗ്യതയാണെന്നു മനസ്സിലാക്കുക. അത് ഒരു തരത്തിൽ emotional independence കൂടിയാണ്. Independence -ൽ ആണ് interdependence സാധ്യമാകുന്നത്. സഹ വർത്തിത്വം. സഹവർത്തിത്വമെന്നത് പരസ്പരമുള്ള പിടിച്ചുപറിയല്ല; പരസ്പരമുള്ള പങ്കിടലാണ്, സ്നേഹപാരസ്പര്യം. അതില്ലാത്തേടത്തോളം, വ്യക്തിബന്ധമെന്നത് പരോൾ പോലും ലഭിക്കാത്ത ശിക്ഷാവിധിയാണത്രേ!








Monday, February 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 46

                                                   
                                                    ഭാഗ്യനിർഭാഗ്യങ്ങൾ 

രാവിലെ എണീറ്റപ്പോഴേ കുറച്ചു വൈകി. അലാറം അടിച്ചിട്ടും വെറുതെയൊന്നു കണ്ണടച്ചതാണ്. അപ്പോഴേക്കും മുക്കാൽ മണിക്കൂർ പോയിക്കിട്ടി. ധൃതി പിടിച്ചു ഡ്രസ്സ് അയൺ ചെയ്യുന്നതിനിടിയിൽ കൈ പൊള്ളി. ഭാഗ്യം, വല്ലാതെ തിണർത്തില്ല. ഓ, പാന്റിന്റെ സിബ് കേടായി. ഇനി വേറൊരു പാന്റ് അയൺ ചെയ്തിട്ടു വേണം. സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ നോക്കുമ്പോഴാണ് ഓർമ്മ വന്നത് ഇന്നലെ പെട്രോൾ അടിക്കാൻ മറന്നിരുന്നു. പെട്രോൾ നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓർമ്മ വന്നത് മൊബൈൽ മറന്നു വെച്ച കാര്യം. മൊബൈൽ എടുക്കാൻ തിരിച്ചു ചെന്നപ്പോഴുണ്ട്, മാനേജർ മൂന്നു തവണ വിളിച്ചിരിക്കുന്നു. ഇനി അയാളുടെ വക വയറു നിറച്ചു കിട്ടും. ഇന്നൊരു ഭാഗ്യം കെട്ട ദിവസമാണ്! 
ഇതുപോലെ, ഇതൊരു ഭാഗ്യം കെട്ട ദിവസമാണ്,' 'എന്റേത് ഭാഗ്യമില്ലാത്ത ജന്മമാണ്'എന്നൊക്കെയും വിചാരിച്ചുപോകാത്തവർ ഉണ്ടാകുമോ? ലോകമെമ്പാടും അതങ്ങനെയാണ്. ജാതി-മത-ലിംഗ- രാഷ്ട്ര ഭേദമെന്യേ, ദരിദ്രനെന്നോ സമ്പന്നനെന്നോ ഭേദമില്ലാതെ, നാസ്തികനെന്നോ ആസ്തികനെന്നോ വ്യത്യാസമില്ലാതെ, ഭാഗ്യ- നിർഭാഗ്യ പരാമർശങ്ങൾ നാം ഇടതടവില്ലാതെ നടത്തിപ്പോരുന്നുണ്ട്.

ഭാഗ്യം എന്നതുകൊണ്ട് നാം എന്താണ് വാസ്തവത്തിൽ അർത്ഥമാക്കുന്നത്? ഭാഗ്യത്തെ (നിർഭാഗ്യത്തേയും) നാം വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായ അർത്ഥങ്ങളിലാണ് പ്രകടിപ്പിക്കാറുള്ളത്. 'ചാൻസ്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നത് സർവ്വ സാധാരണമാണ്. 'സാഹചര്യം വച്ച് നോക്കുമ്പോൾ എനിക്ക് ആ ഇന്റർവ്യൂ ജയിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു, 'ഭാഗ്യം' കൊണ്ട് മാത്രമാണ് അത് കിട്ടിയത്'. 'അവസാന നിമിഷം വരെ ഞാനായിരുന്നു ഒന്നാം സ്ഥാനത്തു വന്നത്. അവസാന നിമിഷം പക്ഷേ കൈവിട്ടുപോയി. നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ'. 

സംഭവ്യതയുടെ, അറിയാവുന്ന കണക്കുകൂട്ടലുകൾക്കുമപ്പുറത്ത് സംഭവിക്കുന്നവയെ നാം ഭാഗ്യ-നിർഭാഗ്യങ്ങളുടെ പട്ടികയിൽ പെടുത്തുന്നു. സംഭവ്യതയെപ്പറ്റി (probability) യാതൊരു ധാരണയുമില്ലാത്ത ഒരാളെ സംബന്ധിച്ച് ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ വിചാരിക്കപ്പെടുന്ന സംഗതികൾ, അതേപ്പറ്റി നല്ല ധാരണയുള്ള ഒരാളെ സംബന്ധിച്ച് അതങ്ങനെത്തന്നെയായിക്കൊള്ളണമെന്നില്ല. ഇനി ഒരു അപകടം നടന്നതിനെപ്പറ്റിയാണെന്നു വെക്കുക. അപകടം സംഭവിക്കുന്നത് എല്ലായ്പ്പോഴും അതീവ വേഗത്തിലാണ്. അതിൽ നിന്നും പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടതിനെ ഭാഗ്യമെന്ന് പറയുമ്പോൾ, നാം അർത്ഥമാക്കുന്നത്, ഏതോ ഒരു അദൃശ്യ ശക്തിയുടെ ഇടപെടൽ സംഭവിച്ചു എന്നാണ് . 'വഴിയരികിൽ ബസ് കാത്തു നിന്ന ഒരാൾക്ക്, അതുവഴി കടന്നുപോയ ഒരു വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ച് കാലിൽ വന്നിടിച്ചു പരിക്ക് പറ്റി' എന്ന് കേൾക്കുമ്പോൾ, അങ്ങനെയൊരു സാധ്യത തീരെയില്ലായിരുന്നു, പക്ഷേ എന്ത് ചെയ്യാം, 'വരാൻ വെച്ചത് വഴിയിൽ തങ്ങില്ലാല്ലോ' എന്ന് പറഞ്ഞുകൊണ്ട് നാം നെടുവീർപ്പിടാൻ ശ്രമിക്കും. നമുക്ക് അജ്ഞാതമായ എന്തോ ഒരു ശക്തി നമ്മുടെ ജീവിതത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം എന്ന് തന്നെയാണ് 'ഭാഗ്യം' എന്നതുകൊണ്ട് പലപ്പോഴും നാം ഉദ്ദേശിക്കുന്നത്. 

ഇനി മറ്റൊരു രീതിയിൽ നാം ഭാഗ്യത്തെ നോക്കിക്കാണുന്നുണ്ട് : ജന്മനാ നാം കൊണ്ടുവന്നിട്ടുള്ള 'സംഭവ്യതകളുടെ ഒരു ഭണ്ഡാരം'. ഒന്നുകിൽ ഒരാളുടെ ജീവിതം ഭാഗ്യം നിറഞ്ഞതാണ്. അയാൾ നല്ല കുടുംബത്തിൽ ജനിച്ചു. അയാൾക്ക് പേരും പ്രശസ്തിയും യാതൊരു കഷ്ടപ്പാടും കൂടാതെ വന്നുചേർന്നു. അയാൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പ്രാരബ്ധങ്ങളില്ല. കാഴ്ചയിൽ പ്രൗഢിയും സൗന്ദര്യവും. പണത്തിനു പണം. പിന്നെ, നല്ല ഭാര്യ/ ഭർത്താവ്, കുട്ടികൾ ഇത്യാദി. അതല്ലെങ്കിൽ, അയാൾ ജന്മനാ നിർഭാഗ്യങ്ങളുടെ കുത്തകയാണ്. കഷ്ടപ്പാടും പ്രാരബ്ധവും. ആരോഗ്യപ്രശ്നങ്ങൾ. ദാരിദ്യ്രം. എന്നും വഴിക്കുവഴിയേ വന്നുചേരുന്ന ദുര്യോഗങ്ങൾ. സമൂഹത്തിലെ അവഗണനകൾ എന്നിങ്ങനെ. ഭാഗ്യവും നിർഭാഗ്യവും പൂർവ്വ നിശ്ചിതമായ ചില സംഗതികളാണ് എന്ന രീതിയിൽ നാം ആ വാക്കുകൾ ഉപയോഗിക്കുന്നു പലപ്പോഴും.
 

ഈ ഭാഗ്യവും നിർഭാഗ്യവും ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ? ഒരർത്ഥത്തിൽ ഉണ്ടായിരിക്കുന്നുണ്ട്. അത് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്. പക്ഷേ അപ്പോൾ നമുക്ക് ഭാഗ്യനിർഭാഗ്യങ്ങളെ മറ്റൊരു രീതിയിൽ മനസ്സിലാക്കേണ്ടി വരുമെന്ന് മാത്രം: ഭാഗ്യവും നിർഭാഗ്യവും നാം നമ്മെത്തന്നെ നോക്കിക്കാണുന്ന രീതികൾ മാത്രമാണ്. ഒന്നിലധികം സംഭവങ്ങളെ നമ്മുടെ മനസ്സ് കൂട്ടിയിണക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്തുകൊണ്ട് സൃഷ്ടിച്ചെടുക്കുന്ന പ്രതീതികൾ. അവ പക്ഷേ നമ്മുടെ പ്രവൃത്തികളിലും പെരുമാറ്റങ്ങളിലും സ്വാധീനം ചെലുത്തുന്നു. അവയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും നമുക്ക് നമ്മെത്തന്നെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെ വീണ്ടും സ്വാധീനിക്കുന്നു. അവ വരുംവരായ്കകളെ പരോക്ഷമായെങ്കിലും സ്വാധീനിക്കുകതന്നെ ചെയ്യുന്നു....അങ്ങനെയങ്ങനെ… 
ഈ 'ഭാഗ്യ-നിർഭാഗ്യ' ചാക്രികതയെ ഭേദിക്കുന്നേടത്ത് നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഒരു കറുത്ത പൂച്ച മുന്നിൽ വഴി മുറിച്ചു കടന്നാൽ അതിനർത്ഥം നിർഭാഗ്യം വരാൻ പോകുന്നു എന്നല്ല, ആ പൂച്ച എങ്ങോട്ടോ പോവുകയാണ് എന്ന് മാത്രമാണ് എന്ന് മനസ്സിലാക്കാൻ ത്രാണിയുണ്ടാവുമ്പോഴേ ആ ചാക്രികത ഭേദിക്കപ്പെടൂ. അല്ലാത്തപക്ഷം എത്ര വേണമെങ്കിലും ഉദാഹരണങ്ങൾക്ക്, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും, നിന്നുകൊടുക്കേണ്ടിവരും.
‘CONTINUOUSLY CHANGING MULTIDIMENSIONAL FLUX’ ആയിട്ടുള്ള ഈ ജീവിത പ്രഹേളികയിൽ, സംഗതികൾ എങ്ങനെയെല്ലാമാണ് കൂടിക്കലർന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയാനുള്ള യാതൊരു മാർഗവുമില്ല. സന്നദ്ധമായിരിക്കുന്ന ഒരു മനസ്സിന് മുൻപിൽ സാധ്യതകൾ കൂടുതലാണ് (Chances favors the prepared mind - Louis Pasteur) എന്നറിയുക. അതിനെ ഭാഗ്യമെന്നും നിർഭാഗ്യമെന്നുമെല്ലാം വ്യാഖ്യാനിക്കുന്നത് മനസ്സിന്റെ ശീലം മാത്രമാണ്. ചുരുങ്ങിയ പക്ഷം ആ ശീലം ഒരു അഡിക്ഷൻ ആവാതെയെങ്കിലും നോക്കേണ്ടതുണ്ട്. 

'താൻ ഭാഗ്യമില്ലാത്തവനാണ്; തന്റേത് ഭാഗ്യം കെട്ട ജന്മമാണ്' എന്നിങ്ങനെ തോന്നുക സർവ്വ സാധാരണമാണെങ്കിലും 'താൻ ഭാഗ്യവാനാണ്' എന്ന തോന്നൽ താരതമ്യേന കുറവാണ്. അഥവാ വല്ലപ്പോഴും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത്, 'ഹാവൂ, എങ്ങനെയെങ്കിലും രക്ഷപ്പെട്ടു, ഭാഗ്യമായി' എന്ന മട്ടിലായിരിക്കും. ജീവിതാവബോധം കുറഞ്ഞിരിക്കുമ്പോൾ, നിത്യജീവിതത്തിൽ നാം കൂടുതലായി എണ്ണിപ്പോരുന്നത് നിർഭാഗ്യത്തെയാണ്. അതേസമയം ജീവിതത്തിന്റെ ആഴവും വ്യാപ്തിയും അളക്കാവതല്ല എന്നറിയുന്ന ഒരാളെ സംബന്ധിച്ച്, ഭാഗ്യം മാത്രമേയുള്ളൂ. അയാളുടെ അവബോധ നിഘണ്ടുവിൽ നിർഭാഗ്യം എന്നൊന്നില്ലതന്നെ. ആ ഭാഗ്യം പക്ഷേ നിർഭാഗ്യമെന്ന ഒരു താരതമ്യത്തോട് വഴങ്ങുന്നതുമല്ല. അയാളിൽ നന്ദിപൂർവ്വകമായ ഒരു ആശ്ചര്യം മാത്രമേയുള്ളൂ; എത്ര വലിയ ബുദ്ധിമുട്ടുകൾക്കിടയിലും. ഉണർവ്വെന്ന് പറയുന്നത് മറ്റെന്തിനെയാണ്? 



                                                  *                     *                      *                     * 
ഒരൊറ്റ നിമിഷം കൊണ്ട് ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരാറുണ്ട്. ചിരിക്കാൻ വക നല്കുന്ന അത്തരമൊരു സംഭവമുണ്ടായി ഈയടുത്ത് ആസാമിൽ. നാലുപേർ ചേർന്ന് രാത്രിയിൽ കഷ്ടപ്പെട്ട് ഒരു ATM കടപുഴക്കി കൊണ്ട് വന്നു. അതുവരേക്കും അവർ ഭാഗ്യവാന്മാരായിരുന്നു. കൊണ്ടുവന്നതിനു ശേഷമാണ് അവർക്ക് മനസ്സിലായത് അവർ പൊക്കിയത് പാസ്ബുക്ക് പ്രിന്റിങ് മെഷീൻ ആയിരുന്നുവെന്ന്! കഷ്ടകാലം എന്ന് വിചാരിച്ചു നില്ക്കുന്ന നേരത്ത് പിന്നാലെ പോലീസെത്തി അവരെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്രേ!