Featured Post

Tuesday, June 18, 2024

ഉണർവിലേക്കുള്ള പടവുകൾ - 49

സ്വാതന്ത്ര്യത്തിന്റെ ബോധ്യങ്ങൾ

'മാനുഷരെല്ലാരും' ഒരേപോലെ എക്കാലവും ആഗ്രഹിച്ചുപോന്നിട്ടുള്ളത് സ്വാതന്ത്യ്രത്തെയാണ്. അതേസമയം എല്ലാവരും ഏറ്റവും കൂടുതൽ ഭയപ്പെട്ടുപോരുന്നതും സ്വാതന്ത്ര്യത്തെയാണ്. എന്തെന്നാൽ സ്വാതന്ത്ര്യം എല്ലായ്പ്പോഴും ഉത്തരവാദിത്തത്തിന്റെ പുതിയ പുതിയ വെല്ലുവിളികൾ വലിച്ചുകൊണ്ടുവരുന്നു. എന്നാൽ ഇതേ വെല്ലുവിളികളാണ് സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ സമ്മാനിക്കുന്നത്. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി വാ കീറിയ അസ്തിത്വവാദികൾ (existentialists) പോലും ഉത്തരവാദിത്തത്തിൽ നിന്നും ഭയന്നോടിയവരായിരുന്നു. ആദ്യകാലങ്ങളിൽ അവരുടെ വാദങ്ങൾക്ക് വലിയ പ്രചാരണം ലഭിച്ചത്, അവയെ കൊണ്ടാടിയവർ സ്വാതന്ത്ര്യത്തിനു ദാഹിച്ചവരായിരുന്നു എന്നതുകൊണ്ടല്ല, മറിച്ച് അവരും ഉത്തരവാദിത്തങ്ങളോട് മുഖം തിരിച്ചവർ ആയിരുന്നു എന്നതുകൊണ്ടാണ്. പതിയെപ്പതിയെ ഒരു വിധം ആരാധകർക്കെല്ലാം മനസ്സിലായിത്തുടങ്ങി, അവർ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം, സമൂഹജീവിതത്തിലെ വെറും 'പൊല്ലാപ്പു'കളിൽ നിന്നുള്ള വിടുതലാണെന്ന്. അവർ പക്ഷേ അതിനെ അവതരിപ്പിച്ചത് അസ്തിത്വ സംബന്ധിയായ എന്തോ വലിയ സംഗതിയായാണെന്നു മാത്രം.

പരമമായ സ്വാതന്ത്ര്യത്തെ കാംക്ഷിച്ച സന്യാസ / ആത്മീയ ജീവികൾ, സർവ്വസാധാരണമായ പല ജീവിത രീതികളേയും നിർബന്ധപൂർവ്വം നിരോധിച്ചുകൊണ്ട്, സവിശേഷമായ ചര്യകളെ പിന്തുടർന്നുപോന്നതിനാൽ, ആത്യന്തികമായി സ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്തങ്ങൾക്കെതിരായ ഒരു സംഗതിയായിത്തന്നെയാണ് ജനങ്ങൾക്കിടയിൽ ബലപ്പെട്ടുപോന്നത്. പൗരാണിക രചനകളിൽ പലയിടത്തും സ്വാതന്ത്ര്യമെന്നാൽ എന്താണ് എന്നെല്ലാം കൃത്യമായിത്തന്നെ വിശകലനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം അപൂർവ്വം മനുഷ്യർക്ക് മാത്രമേ മനസ്സിലായതുള്ളൂ. ഉത്തരവാദിത്തത്തേയും സ്വാതന്ത്ര്യത്തേയും ഒരേപോലെ സുവ്യക്തമാക്കിക്കൊണ്ട് നിർവചിച്ചത് ഓഷോ ആയിരുന്നു -

responsibility എന്നത് മറ്റാരൊക്കെയോ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ‘to do list’ അല്ലെന്നും അത് അതാത് നിമിഷത്തെ പ്രതി respond ചെയ്യാനുള്ള ability (response-ability) യാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം അദ്ദേഹം ഒരു കാര്യം കൂടി വിളിച്ചുപറഞ്ഞു -freedom IS responsibility.

 

പറക്കുന്നവന്റെ ഉത്തരവാദിത്തമാണ് തന്റെ ചിറകുകൾ. അതുപോലെത്തന്നെ ചിറകുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവന് മാത്രമേ പറക്കാനാവൂ. പറക്കലിനെയും ചിറകുകളേയും വേറെ വേറെ പരിഗണിക്കാനാവാത്തതുപോലെത്തന്നെയാണ് സ്വാതന്ത്ര്യവും ഉത്തരവാദിത്തവും. നാം പൊതുവെ വിചാരിക്കുന്നത് പക്ഷേ, യാതൊന്നിനേയും ഓർക്കേണ്ടി വരാതെ, യാതൊന്നും ചെയ്യേണ്ടി വരാതെ വെറുതേ ഇങ്ങനെ സുഖമായി (സുഖം എന്നാൽ ഒന്നുമറിയാതിരിക്കൽ, അബോധത്തിലേക്കു പോവുക, എന്നാണ് കരുതപ്പെടുന്നതെങ്കിലും ആത്യന്തികമായി അതങ്ങനെയല്ല എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്) പൊയ്‌ക്കൊണ്ടിരിക്കുക, അതാണ് സ്വാതന്ത്ര്യം. കുഴപ്പമില്ലതിൽ, പതിയെപ്പതിയെ മുറുമുറുപ്പുകൾ പൊന്തിവരാതിരിക്കുകയാണെങ്കിൽ; നിങ്ങൾ അതിൽ അതീവ സംതൃപ്തനായി കഴിഞ്ഞുകൂടുകയാണെങ്കിൽ. ഭാവനയിൽ മാത്രമേ അത് പക്ഷേ സാധ്യമാകൂ.


ജീവൻ എന്ന പ്രതിഭാസം ബോധത്തിൽ അധിഷ്ഠിതമായിരിക്കേ, സ്വാതന്ത്ര്യമെന്നത് - ആനന്ദമെന്നതും - ഇടമുറിയാതുള്ള അവബോധമാണ് - knowing. അത്തരമൊരു അവബോധത്തിലേക്ക് വിസ്തൃതമായിക്കൊണ്ടിരിക്കുക, അത്തരമൊരു അവബോധത്തിലേക്ക് ആഴന്നാഴ്ന്നു പോവുക എന്നത് ബോധത്തിന്റെ പ്രഥമ പ്രകൃതമാണ്- എത്ര സങ്കീർണ്ണമായ ചെയ്തികളിൽ ഏർപ്പെട്ടിരിക്കുമ്പോഴും . അങ്ങനെയിരിക്കെ അബോധത്തിന്റെ ദിശയിലേക്ക്, യാതൊന്നും അറിയാതെ, ജീവനില്ലാത്തതുപോലെ കഴിഞ്ഞുകൂടുക എന്നത് സാധ്യമല്ലാത്ത ഒന്നാണ്. എന്നിട്ടും അബോധത്തിൽ മുഴുകി ജീവിക്കാൻ നാം കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കലയും സാഹിത്യവും സംഗീതവും രതിയും മയക്കുമരുന്നും അധികാരവും സമ്പത്തും പ്രശസ്തിയും എന്നുവേണ്ട, മനുഷ്യൻ ഇന്നുവരെ ആർജ്ജിച്ചിട്ടുള്ള സകല നേട്ടങ്ങളും അബോധത്തിൽ മുഴുകിക്കഴിയാൻ ഉപയോഗിച്ചുനോക്കിയിട്ടും, അതിൽ വിജയം വരിക്കാത്തത് ബോധത്തിന്റെ അടിസ്ഥാന പ്രകൃതം അങ്ങനെയല്ല എന്നതുകൊണ്ടാണ്.


ഏതൊരു വസ്തുവിന്റെയും മൂല്യത്തെ നാം മനസ്സിലാക്കുക അതിന്റെ അഭാവത്തിലാണ് എന്നത് ഒരു സാധാരണ വസ്തുതയാണ്. കണ്ണില്ലാത്തപ്പോഴേ കാഴ്ചയുടെ വിലയറിയൂ എന്നതുപോലെ. ഉത്തരവാദിത്തത്തിന്റെ പേരിൽ നാം സ്വാതന്ത്ര്യത്തെ വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നത്, ആത്യന്തികമായി നമ്മുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല എന്ന ബോധ്യം ഉള്ളിനുള്ളിൽ ഉള്ളതുകൊണ്ടാണ്. എന്നാൽ, തീർത്തും ഉപരിപ്ലവമായ ഒരു ചലന സ്വാതന്ത്ര്യമെങ്കിലും ഹനിക്കപ്പെടട്ടെ, നാം ഒരിടത്തേക്കും ചലിക്കാതിരിക്കുന്ന വ്യക്തിയായാൽ പോലും, അപ്പോഴാണ് സ്വാതന്ത്ര്യമെന്നതിന്റെ മൂല്യം നാം അറിയാൻ തുടങ്ങുക. പക്ഷാഘാതം വന്ന് കിടപ്പിലായ ഒരാളാണെങ്കിലും, താൻ തടവിലാണെന്ന് അറിഞ്ഞാൽ വിറളി പിടിക്കുന്നത് അതുകൊണ്ടാണ്.


ജീവിതമെന്ന പ്രഹേളിക, അനിശ്ചിതത്വത്തിൽ അടിമുടി മുങ്ങിനില്ക്കുമ്പോൾ, ഏതു നിമിഷവും എന്തും സംഭവിക്കാം. തന്റെ സഹജ ജ്ഞാനം കൊണ്ട് അത് ബോധ്യപ്പെടുന്ന ഒരു വ്യക്തി, സ്വാതന്ത്ര്യമെന്ന മൂല്യം എന്തായിരിക്കണം എന്ന് മനനം ചെയ്തു മുന്നേറുന്നു, ആരുമറിയാതെ. നാം മിക്കവരിലുമാകട്ടെ, അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ അത്തരമൊരു മനനം സംഭവിക്കുകയുള്ളൂ; ജീവിതം ദുരിതത്തിലും ദുര്യോഗങ്ങളിലും പെട്ടുഴലുമ്പോൾ മാത്രം (എന്നിട്ടും അത്തരം ഉൾക്കാഴ്ചകൾ സംഭവിക്കാത്തവരാണ് അധികം പേരും) . 



ഈയടുത്ത്, കറുത്തവർഗക്കാരനായ, SHAKA SENGHOR എന്ന ഒരു അമേരിക്കക്കാരന്റെ വാക്കുകൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദീപ്ത മനനങ്ങളാവുകയുണ്ടായി. Writing My Wrongs എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. താൻ ജനിച്ചു വളർന്ന പശ്ചാത്തലത്തിന്റെ സ്വാധീനത്താലോ, അറിയാനാവാത്ത മറ്റു കാരണങ്ങളെക്കൊണ്ടോ ഇദ്ദേഹം നന്നേ ചെറുപ്പത്തിൽ തന്നെ മയക്കു മരുന്ന് മാഫിയയിൽ അകപ്പെടുകയും, അതിനിടയിൽ ഒരു വാക്കുതർക്കത്തിന്റെ അവസാനം ഒരാളെ വെടിവെച്ചു കൊല്ലുകയും ചെയ്തു. അങ്ങനെ പത്തൊൻപതാം വയസ്സിൽത്തന്നെ നാല്പത് വർഷത്തേക്ക് ജയിലിലടക്കപ്പെട്ട shaka senghor, കുറെ വർഷങ്ങൾക്കു ശേഷം വായന, എഴുത്ത്, പ്രണയം എന്നിവയിലൂടെ പരിപൂർണ്ണമായും പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ വിവരണങ്ങളാണ് ആ കൃതിയിൽ. ജയിൽ വാസത്തിലെ ദുരിതങ്ങളുടേയും , വീണ്ടും വീണ്ടും അക്രമത്തിന്റെയും ക്രോധത്തിന്റെയും പൊഴികളിലേക്കുത്തന്നെ വീണുപോകുന്നതിന്റെയും വിവരണങ്ങളും മറക്കാനാവാത്തവയാണ്.

അദ്ദേഹത്തിൽ വന്ന മാറ്റങ്ങൾ നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെ ബോധ്യപ്പെട്ടതിനു ശേഷം ജയിലധികാരികൾ ശിക്ഷാ കാലയളവിൽ ഇളവ് വരുത്തുകയും അദ്ദേഹം മോചിതനാവുകയും ചെയ്തു. പുസ്തക രചനയും, മാറാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാവുന്ന വിധം മോട്ടിവേഷണൽ ക്‌ളാസ്സുകളും മറ്റുമായി അദ്ദേഹമിപ്പോൾ പാശ്ചാത്യ സർവ്വകലാശാല പരിസരങ്ങളിൽ പ്രസിദ്ധനാണ്.

ഈയടുത്ത് നല്കിയ ഒരു ഇന്റർവ്യൂവിൽ, സ്വാതന്ത്ര്യത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നുണ്ട്. അതീവ ഹൃദ്യമായ ആ വാക്കുകൾ, നിത്യജീവിതത്തിലെ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സത്യസന്ധമായ നീരീക്ഷണവും, സ്വാതന്ത്ര്യത്തെപ്പറ്റി പിറന്നിട്ടുള്ള കവിതകളിൽ ഏറ്റവും മനോഹരമായിട്ടുള്ളതുമായിരിക്കും: "നമ്മുടെ വ്യക്തി ജീവിതത്തിൽ തടസ്സമായി നില്ക്കുന്ന നെടുങ്കൻ കോട്ടവാതിലുകളുണ്ട്, നമ്മുടെ വീക്ഷണങ്ങൾ. ചിലപ്പോളവ നമ്മുടെ കുറ്റബോധങ്ങളാണ്, ചിലപ്പോൾ അവ നമ്മുടെ പരിദേവനങ്ങളാണ്, നമ്മുടെ നിരാശകൾ. അവ നമ്മെ തീരെ ചെറിയ ഒരു ചുഴിയിലേക്ക് അകപ്പെടുത്തിക്കളയുന്നു. നമുക്ക് തോന്നും നമ്മുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോയെന്ന്, അകത്തേക്കും പുറത്തേക്കും അനങ്ങാനാവാത്ത വിധം."

shaka senghor തുടരുന്നു,"എന്നെ സംബന്ധിച്ച് കൃതാർത്ഥതയാണ് സ്വാതന്ത്ര്യം. യാതൊരു കാരണവുമില്ലാതെ നൃത്തം ചെയ്യുന്നതാണ് സ്വാതന്ത്ര്യം. പാതി രാത്രിയിലും ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നതാണ് സ്വാതന്ത്ര്യം. ഇന്നിപ്പോൾ, എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മഹത്തായ കഴിവ് വികാരപ്പെടാനും കരയാനും സാധിക്കുക എന്നതാണ്. നിങ്ങളുടെ ഈ നിമിഷത്തെ ദിവ്യമെന്ന് ഗ്രഹിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യം. എന്റെ ബോധ്യങ്ങൾ അങ്ങനെയാണ്."