ഒരിക്കൽ പോലും മുഖം ദർശിച്ചിട്ടില്ലാത്ത ഒരാൾ, ജീവിതത്തിലെ മറക്കാനാവാത്ത വ്യക്തികളിലൊരാളായി മാറിയെന്നത് ചിലപ്പോഴെല്ലാം കൗതുകം ജനിപ്പിക്കാറുണ്ട്. മറ്റു ചിലപ്പോൾ തോന്നും അതിൽ വിശേഷിച്ചൊന്നും തോന്നാനില്ലെന്ന്. ദിനം തോറും, നിമിഷം തോറും നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന അനുഭവങ്ങളൊക്കെയും ഒന്നുകിൽ മുഖം മാത്രം വെളിപ്പെടുത്തുന്നവയോ അല്ലെങ്കിൽ മുഖമൊഴികെ മറ്റു ഭാഗങ്ങൾ വെളിപ്പെടുത്തുന്നവയോ ആണ്. പരിചിതത്വത്തിന്റെ പേരിൽ മുഖ പരിചയത്തിൽ നാം എല്ലാം അറിഞ്ഞു എന്ന് തൃപ്തരാകാറാണ് പതിവെന്നു മാത്രം. മുഖം വെളിപ്പെടാത്തതിനെ നാം പലപ്പോഴും അനുഭവ പട്ടികയുടെ കണക്കിൽകൊള്ളിക്കാറുമില്ല. പൊടുന്നനെ സംഭവിച്ചുപോകുന്ന ചില സംഗതികൾ, നാഡീ-മനോ വ്യവസ്ഥയുടെ പ്രവചന ഗണിതങ്ങൾക്ക് പിടി കൊടുക്കാതെ വഴുതി മാറുന്നവ, പലപ്പോഴും അത്തരം നിമിഷങ്ങൾ ഒരു തരം സറീയലിസ്റ്റിക് ഭ്രമാത്മകത കാഴ്ചവെക്കാറുണ്ടെങ്കിലും, അപൂർവ്വമായി മുൻപെങ്ങുമില്ലാത്തവിധം തെളിമയും സമ്മാനിക്കാറുണ്ട്.
ഒരു നൊടിയിട ശ്വാസത്തിന്റെ പോലും അനുബന്ധമാനങ്ങൾ അനുമാനിയ്ക്കാവുന്നതിലുമപ്പുറമാണെന്നിരിക്കെ, പോരാത്തതിന് ഈ മാനങ്ങളൊക്കെയും ( dimensions ) നിരന്തര വർത്തമാനത്തിലുമാണ്- continuous present, അജ്ഞേയതയെന്നത് അസ്തിത്വത്തിന്റെ അടിസ്ഥാന ഭാവമെന്നോർക്കേണ്ടിയിരിക്കുന്നു; unknowablilty, mysteriousness. ഈ സ്മരണത്തിൽ കൗതുകങ്ങൾ വെറും നിഷ്ക്കളങ്കമായിത്തീരുകയാണ്; അതിനെ പിൻപറ്റിയുള്ള കാരണമേതും ആരായണം എന്നില്ലാതെ.
* * * *
ആ കൺസ്‌ട്രക്‌ക്ഷൻ സൈറ്റിൽ എന്റെ ആദ്യ ദിനമായിരുന്നു. വർക്ക്- സൈറ്റുകളിൽ നേരത്തേയെത്താൻ എനിക്ക് സവിശേഷ താല്പര്യമുണ്ടാവാറുണ്ട്. മൗനത്തിന്റെ ധാരാളം ഊർജ്ജപുഷ്പങ്ങൾ ഒരു ഗാലക്സി ചിത്രം പോലെ തിരിയാൻ തുടങ്ങുന്നത് ആസ്വദിക്കണമെങ്കിൽ നേരത്തേയെത്തണം. ഒരുപാട് ആശയക്കുഴപ്പങ്ങൾ, ധാരാളം പോരായ്മകൾ, നിരവധി സാധ്യതകൾ, അത്യാവശ്യങ്ങളും ആവശ്യങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചകൾ, ഇവക്കെല്ലാം പുറമേ, പണിയിലേർപ്പെടുന്ന എല്ലാവരുടേയും (ഞാനടക്കം) മനോഗതിയിലുള്ള ശ്രുതി ഭ്രംശങ്ങൾ, ഇവയെല്ലാം ഒരു സിംഫണിയിലെന്നോണം synchronize ചെയ്യപ്പെട്ടുവരുന്നത് കാണണമെങ്കിൽ തുടക്കം മുതൽക്കേ അതിൽ പങ്കുചേരേണ്ടതുണ്ട്.
ഞാൻ സൈറ്റിൽ എത്തിയപ്പോൾ, ഒന്നോ രണ്ടോ ഓഫീസ് സ്റ്റാഫുകൾ മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. സൈറ്റ് ഓഫീസ് എന്ന് പറയാൻ മാത്രമൊന്നുമില്ല. ഇന്നത്തേതുപോലെ 'എയർ കണ്ടിഷൻഡ്' കണ്ടയ്നർസ് വ്യാപകമായിട്ടില്ലായിരുന്നു അന്നൊന്നും. ടോയ്‌ലറ്ററി ആവശ്യങ്ങൾക്ക് പബ്ലിക് സ്ഥാപനങ്ങളെ ആശ്രയിക്കണമായിരുന്നു. വന്നു കയറിയതും 'ഒന്നിന് പോകണമെന്ന്' വിരലുകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ, അപ്പുറത്തിരുന്ന ആൾ പുറത്തേക്കുള്ള വാതിൽ കാണിച്ചു കൊണ്ട് പറഞ്ഞു, പുറത്തു കടന്ന് പിന്നിലേക്ക് നടന്നേക്കാൻ. ആ പരിസരത്ത് ആദ്യമായി എത്തുകയായിരുന്ന എന്നെ സംബന്ധിച്ച്, പിന്നാമ്പുറത്തേക്കുള്ള ആ വാതിൽ തുറക്കപ്പെട്ടത് തീർത്തും വ്യത്യസ്തമായ ലോകത്തിലേക്കായിരുന്നു. ഒരുപക്ഷേ, അത്തരമൊരു അന്തരീക്ഷത്തെ ഒട്ടും തന്നെ പ്രതീക്ഷിക്കാഞ്ഞത്കൊണ്ടുമാകാം, ആ രംഗത്തിന്, നിർദാക്ഷിണ്യമായ ഒരു സിനിമാറ്റിക് ചുവ കൈവന്നത്.
ഭംഗിയുള്ള ഇലച്ചെടികളും പല തരം പൂക്കളും നിറഞ്ഞു നില്ക്കുന്ന ഒരുദ്യാനം. ചാഞ്ഞു വീഴുന്ന സൂര്യപ്രകാശമാകട്ടെ മരച്ചില്ലകളിൽ തട്ടി, മനോഹരമായ നിഴൽചിത്രങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. നാലടി മുന്നോട്ടു വെച്ചതിനു ശേഷമാണ് എനിക്ക് മനസ്സിലായത് ഞാൻ പ്രവേശിച്ചിരിക്കുന്നത് അവിടത്തെ പൊതു ശ്‌മശാനത്തിലേക്കാണെന്ന്. വൃത്തിയും വെടിപ്പുമുള്ള പൊതുയിടങ്ങൾ മുംബൈ പോലുള്ള നഗരങ്ങളിൽ കാണാൻ കിട്ടുക പ്രയാസമാണ്.
വായുവിൽ മനോജ്ഞമായ മരണഗന്ധങ്ങൾ- ചന്ദനത്തിരിയുടേയും അഷ്ടധൂമങ്ങൾ പുകച്ചതിന്റെയും മറ്റും. ഒരു വശത്ത് ക്രെമറ്റോറിയത്തിൽ സ്വസ്ഥമായി കിടന്ന് എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മൃതദേഹം. അതിനെ മൂടിപ്പുതച്ചിരിക്കുന്ന റീത്തുകളും പൂമാലകളും മറ്റും കണ്ടാൽ തോന്നും ആ ശവ ശരീരം ശരിക്കുമവയെ ആസ്വദിക്കുന്നുണ്ടെന്ന്. അടുത്ത കാലത്തായി സ്ഥാപിച്ചതാണെന്നു തോന്നുന്നു, ക്രെമറ്റോറിയതിന്റെ 'പളപളപ്പ്' കുറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്ത്യോപചാര ചടങ്ങുകൾക്കെത്തിയവർ പിരിയാൻ തുടങ്ങുന്നതേയുള്ളൂ. ആ ദേഹത്തിന്റെ ഉടമ, സ്ത്രീയായിരുന്നാലും പുരുഷനായിരുന്നാലും, സമ്പന്ന കുടുംബപശ്ചാത്തലമുള്ളയാളായിരിക്കണം. ചടങ്ങുകൾക്കെത്തിയ മിക്കവരും വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. etiquette മുന്തി നില്ക്കുന്ന പെരുമാറ്റങ്ങൾ. മൊത്തം അന്തരീക്ഷം കണ്ടാൽ, ഒന്ന് മരിച്ചുകളയാമെന്ന പ്രലോഭനമുണ്ടായേക്കുമോ എന്ന് ഉള്ളിലൊരു 'ദൈവഭയം'!
മരണസംബന്ധിയായ സർവ്വതും, മരണാനന്തരമായവ വിശേഷിച്ചും, ആകർഷകമായിരിക്കേണ്ടതുണ്ട്. നാരായണഗുരുവിന്റെ 'വളപ്രയോഗ'ത്തിലെ നർമ്മം മുതൽ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന 'സംസ്ക്കാര വ്യവസായം' (funeral industry) കാഴ്ചവെക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ശ്‌മശാന സൗകര്യങ്ങൾ വരെ, മരണത്തിലാരോപിക്കപ്പെടുന്ന ദുഖത്തിന്റെയും ഭയത്തിന്റെയും മതാത്മക പുറം പൂച്ചുകളെ തള്ളിക്കളയാൻ പ്രോത്സാഹനമാവുന്നുണ്ട്. ഓഷോ, മരണത്തെ എന്നേ ആഘോഷമാക്കി മാറ്റിയിരിക്കുന്നു!
ആഘോഷമാകാത്ത മരണം എന്തിനുകൊള്ളാം, ആഘോഷമാകാത്ത ജീവിതം പോലെത്തന്നെ, സമയം കൊല്ലി!
അനുദിനം കിളിർത്തുവരുന്ന 'ഗ്രീൻ ഡെത് റിവൊല്യൂഷൻസ്' ആശയങ്ങൾ കാണിക്കുന്നത്, മനുഷ്യൻ മരിക്കാൻ പക്വത നേടിത്തുടങ്ങിയിരിക്കുന്നു എന്നു തന്നെയാണ്. ('സംസ്കാര നായിക'- mortician,(wow! വനിതാ മുന്നേറ്റം!), Caitlin Doughty നർമ്മത്തിൽ കുതിർത്ത് അവതരിപ്പിക്കുന്ന ആ യൂ ട്യൂബ് വീഡിയോ -ECO-DEATH TAKEOVER: Changing the Funeral Industry, നാം കാണാതെ പോകരുത്.) https://www.youtube.com/watch?v=pWo2-LHwGMM&t=2s
വർണ്ണശബളമായ ഷോപ്പിംഗ് മാളുകൾക്കൊപ്പം, പുതുപുത്തൻ ആശയങ്ങളുമായി 'മരണത്തിന്റെ ഫാഷൻ മാളുകൾ'-death malls, ഉണ്ടായിവരേണ്ടതുണ്ട്; മരിക്കണമെന്നു തോന്നുന്നവർക്ക് മനോഹരമായ ഓപ്ഷനുകൾ ഒരുക്കിക്കൊടുക്കാൻ സന്നദ്ധരായ 'മരണ ബ്രാൻഡുകൾ', സീസൺ സെയിൽസ് പോലെ 'സീസൺ ഡെത്തുകൾ', ആകർഷമായ 'വമ്പിച്ച വിലക്കിഴിവ്', എന്നിവയും കൊണ്ടുവരാവുന്നതാണ്. നിർഭാഗ്യവശാൽ, 'ഏതെടുത്താലും ഒരു സമ്മാനം ഉറപ്പ്' എന്ന് പരസ്യം ചെയ്യാനാവില്ല, സമ്മാനം ഏറ്റുവാങ്ങാൻ ആളുണ്ടാവില്ലല്ലോ.
കുറച്ചു ദൂരെ മാറി മറ്റൊരു മൃതദേഹമെരിയുന്നുണ്ട്. അത് വെറും സാധാ . കുറച്ചു വിറകും മറ്റും കൂട്ടിയിട്ടു കത്തിക്കുന്ന ലോക്കൽ ചുടല. അക്ഷരാർത്ഥത്തിൽ വെറും ചീള് കേസ്. ചൊട്ട മുതൽ താങ്ങിക്കൊണ്ടു വന്ന ചുമട് അതിലേക്ക് എരിയാൻ ഇട്ടുവോ ആവോ! പൊതുവെ നാം അത് മറക്കുകയാണ് പതിവ്.
ചിതക്ക് ചുറ്റും കൂടിനിന്നവരിൽ പക്ഷേ, അല്പം ദുഃഖഛായകളുണ്ട് മുഖത്ത്. ക്രെമറ്റോറിയതിന്റെ പളപളപ്പിനു പകരമായി ഇവിടെയുള്ളത് ഉയർന്നു പൊങ്ങുന്ന നാളങ്ങളാണ്. yes, the dancing flames ! ആദ്യം വായിച്ച ജിദ്ദു കൃഷ്ണമൂർത്തിയുടെ പുസ്തകം ഉള്ളിൽ മിന്നിമറഞ്ഞു പോയി. അതിന്റെ പേര് 'flame of attention' എന്നായിരുന്നു.
ഈ അലവലാതി ബന്ധുക്കൾ ഒന്നു പോയിക്കിട്ടിയിരുന്നെങ്കിൽ, ബാക്കിയുള്ളവർക്ക് ഈ നാളങ്ങൾക്കൊപ്പം ഒന്ന് തിമിർക്കാമായിരുന്നു എന്ന് ചിതക്കുള്ളിൽ ഒരു ഞരക്കം. നനഞ്ഞൊട്ടിയ തുണികൾ ധരിച്ച്, വിറങ്ങലിച്ചുനിന്നവർ മൊബൈൽ ഫോൺ ചെവിയിൽ ചേർത്തുപിടിച്ച് പതിയെപ്പതിയെ പിൻവാങ്ങി.
"ഹലോ, ആർ യൂ ഓകെ?" ക്രെമറ്റോറിയത്തിൽ നിന്നാണ്, ചിതയിലേക്ക് ഒരു കുശലാന്വേഷണം. "ഉം ... ശല്യങ്ങൾ ഇപ്പോൾ ഒഴിഞ്ഞതേയുള്ളൂ.", ചിത പറഞ്ഞു." എന്നാലും ഒരു അംഗരേസി." ഉള്ളിൽ ചിത മുറുമുറുത്തു. "നിങ്ങളെങ്ങനെ ഇത്ര നേരം വെറുതേ കിടന്ന് എരിയുന്നു, എനിക്ക് നേരം പോകാൻ, ദാ, ഈ തീനാളങ്ങളുണ്ട്." അംഗരേസി സംസാരിച്ചതിലെ കെർവ്വ് തീർത്തതാണ്. “ but it is not green”. "ഓ, ഒടുക്കത്തെ പരിസ്ഥിതി." ചിത ഒന്നു നെടുവീർപ്പിട്ടപ്പോൾ, പാതി കത്തിയ ഒരു വിറകുകൊള്ളി നിലത്തേക്ക് ഊർന്നു വീണു.
ഏതായാലും രണ്ടു മൃതദേഹങ്ങളും കത്തിത്തീരാൻ ആഹ്ലാദപൂർവ്വം കാത്തുകിടന്നു. ഹാവൂ, ഇനിയൊന്നു ഫ്രീയാവാലോ!
നമ്മുടെ മിറർ ന്യൂറോണുകൾ ഏറ്റവും കൂടുതൽ സംവേദനക്ഷമമായിരിക്കുന്നത് വേദനയോടും മരണത്തോടുമാണെന്നു തോന്നുന്നു. നിലനില്പ്, the very survival, പ്രാഥമിക ആവശ്യമായതിനാലാവാം കുറച്ചു കോശങ്ങൾ ആ വഴിക്ക് ഉരുത്തിരിഞ്ഞത്. മരണത്തിനോടുള്ള സ്വാഭാവികമായ കൗതുകം പക്ഷേ, ശാരീരികവും മാനസികവുമായ നിരവധി നൂലാമാലകളിലൂടെ കയറിയിറങ്ങി, ഭയമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. ജീവിതത്തെ ഒരു അവബോധ പ്രതിഭാസമെന്ന നിലയിൽ സമീപിച്ചിട്ടുള്ളവരെല്ലാവരും, ഓഷോ വിശേഷിച്ചും, തന്റെ സഹയാത്രികരെ പ്രേരിപ്പിച്ചു പോന്നിട്ടുള്ളത് മരണത്തെ സ്നേഹപൂർവം സ്വാഗതം ചെയ്യാനാണ്. എന്തെന്നാൽ, മരണത്തെ, നാമറിയുന്ന വിധം മരണമാക്കുന്നത്, ഭയം മൂലം നാം അതിൽ നിന്നും ഓടിയൊളിക്കുന്നതുകൊണ്ടത്രേ. ധീരതയോടെ( ബോധപൂർവം എന്നറിയുക ), മരണത്തെ സമീപിക്കുമ്പോൾ, അതിനേക്കാൾ വലിയ ഇല്യൂഷൻ ഇല്ലെന്ന് അറിയാനാകുമെന്ന് പറയുന്നു. അതുകൊണ്ടാണ്, ബുദ്ധൻ തന്റെ പല ശിഷ്യരേയും ശ്‌മശാനാന്തരീക്ഷത്തിലേക്ക് നിർബന്ധിച്ച് അയച്ചിരുന്നത്. ആത്യന്തികമായി, ധ്യാനമെന്നത് തന്നെത്തന്നെ നേരിടലാണല്ലോ. ഓഷോയുടെ ലോകത്ത്, മരണവുമായി ബന്ധപ്പെട്ട ഒരൊറ്റ അവസരവും ആഘോഷിക്കപ്പെടാതിരുന്നിട്ടില്ല, ഓഷോയുടെ മരണമടക്കം. ഒരല്പം ബോധപൂർവം സമീപിച്ചാൽ, ഭയകാരിയായി പ്രവർത്തിക്കുന്ന അതേ ന്യൂറോണുകൾ, മരണമെന്ന ഊർജ്ജവിനിമയപ്രതിഭാസത്തെ കൂടുതൽ ഗാഢമായി അനുഭവിക്കാൻ നമ്മെ പ്രാപ്തമാക്കാൻ സഹായിക്കും.
മൃതദേഹങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് കൂടിക്കിടക്കുന്ന വിറകു കൂനകൾ, എരിഞ്ഞടങ്ങിയ ചിതകളുടെ ചാരക്കൂമ്പാരം, സൗമ്യമായി നിലകൊള്ളുന്ന മരത്തണലുകൾ, കെട്ടിപ്പൊക്കിയ സിമെന്റു തൂണുകളിൽ പരിപാലിക്കപ്പെടുന്ന ചെടിച്ചട്ടികൾ, ശ്മശാന പാലകർ, സർവ്വതും സർവരും തമ്മിൽ അസാധാരണമായ ഒരു സാമഞ്ജസ്യം. ഒരു നിമിഷം എനിക്ക് തോന്നി, സംസ്കാര കർമ്മത്തിൽ പങ്കു കൊള്ളാനെത്തിയ ആളുകളുടെ വസ്ത്രങ്ങളുടെ നിറങ്ങൾ പോലും എത്ര മനോഹരമായാണ് ഇണങ്ങിപ്പോകുന്നതെന്ന്.
സ്ഥലകാലങ്ങളിലെ സർവ്വതും തമ്മിൽ ഒരു തരം പ്രേമസല്ലാപം, a romance between dimensions, എല്ലായ്പ്പോഴും സംഭവിക്കുന്നുണ്ടോ? നമ്മുടെ സ്വീകരണികൾ മിക്കപ്പോഴും അതനുഭവിക്കാൻ സജ്ജമാകാറില്ലെന്നതാണ് സത്യം. മനസ്സിന്റെ അതിക്രമണങ്ങൾ തന്നെ കാരണം. (ആ പേരിൽ പ്രസിദ്ധമായ ഒരു നോവലുണ്ട്- Flatland: A Romance of Many Dimensions. സ്കൂൾ അധ്യാപകനും ദൈവശാസ്ത്രകാരനുമായിരുന്ന Edwin Abbott Abbott, 1884-ൽ പ്രസിദ്ധീകരിച്ചത്. വിക്ടോറിയൻ ഭരണകാലത്തെ ആൺമേൽക്കോയ്മയെയും മറ്റും പരിഹസിച്ചുകൊണ്ടെഴുതിയ ഒരു ആക്ഷേപ ഹാസ്യമാണെന്നാണ് വെപ്പ്. മൾട്ടി ഡൈമെൻഷനൽ ജ്യാമിതീയ രൂപങ്ങളെ കഥാപാത്രങ്ങളാക്കികൊണ്ട്, നമ്മുടെ പരിപ്രേക്ഷ്യതലങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് എഡ്വിൻ എബോട്ട്; അതുവഴി ജീവജാലങ്ങൾ, സ്ത്രീ - പുരുഷന്മാർ വിശേഷിച്ചും, എവ്വിധമാണ് ജീവിതത്തെ നോക്കിക്കാണുന്നതെന്നും. ഐൻസ്റ്റെയ്ൻ റിലേറ്റിവിറ്റി സിദ്ധാന്തം
അവതരിപ്പിച്ചതിന് ശേഷം, 'fourth dimension' എന്നത് ശാസ്ത്ര തത്വചിന്തയിലെ ഒരു പ്രധാന സ്ഥാനം കയ്യടക്കിയപ്പോൾ, ഈ കൃതിക്ക് ഒരു വിശേഷ മാനം കൈവന്നു. ശാസ്ത്രകാരന്മാർ മിസ്റ്റിസിസം എന്ന പേരിലേക്ക് തള്ളിയിട്ട്, രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രിയാതീത തലങ്ങളെ ഗണിതത്തിന്റെയും ഭൗതികത്തിന്റെയും വരുതിയിലേക്കു മൊഴിമാറ്റി മനസ്സിലാക്കാനാണ് എഡ്വിൻ എബോട്ട് ശ്രമിക്കുന്നത്. എനിക്കു തോന്നുന്നത്, ഈ കൃതി ചേർത്ത് വായിക്കേണ്ടത്, ഓസ്‌പെൻസ്‌കിയുടെ 'ടെർഷിയം ഓർഗാന'ത്തിനൊപ്പമാണെന്നാണ്.)
ഏതെങ്കിലും കാരണങ്ങളാൽ, മനസ്സ് കുറച്ചു നിമിഷത്തേക്ക് അല്പമൊന്നു പിൻവാങ്ങുമ്പോൾ, ഒരു തംബുരു ശ്രുതി പോലെ നാം വീണ്ടും ആ സല്ലാപങ്ങൾ കേൾക്കുകയായി. ചില സ്ഥലങ്ങളും സന്ദർഭങ്ങളും നമുക്ക് കൂടുതൽ ഉണർവേകുന്നത് അങ്ങനെയാണ്.edwin abbott |
മരണസംബന്ധിയായിട്ടുള്ള എല്ലാ മുഖാമുഖങ്ങളും, ശ്രദ്ധാപൂർവ്വമെങ്കിൽ, അല്‌പാല്‌പമായി മരണത്തെ അറിയുക തന്നെയാണ്. ചിതയിലേക്കെടുക്കപ്പെടുന്ന മൃതദേഹത്തോടൊപ്പം, നമ്മുടേതെന്നു ധരിച്ചുവെച്ചിരിക്കുന്ന പലതും ആ ചിതാഗ്നിയിൽ ദഹിച്ചുപോകുന്നുണ്ട്. അഗ്നിയിൽ ദഹിക്കപ്പെടാതെ പോകുന്നതെന്തോ, അതിന്റെ സാന്നിധ്യം നമ്മെ ഒരല്പം കൂടി ഉണർവിലേക്കെത്തിക്കുന്നു.
ഓഷോ തന്റെ ഒരു ശിഷ്യക്കെഴുതിയ കത്തിലെ വരികൾ(Seeds of wisdom), സൗമ്യമായ ഒരു നാളത്തെപ്പോലെ, ഉള്ളിൽ ഇപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നുണ്ട്: "മനുഷ്യന്റെ അവബോധമെന്നത് ഈ നാളത്തെപ്പോലെയാണ്. അവന്റെ ശരീരം ഭൂമിയിൽ സംപ്രീതമാണ്, എന്നാൽ അവനിലുള്ള എന്തോ ഒന്ന് എല്ലായ്പ്പോഴും അതിന്നു മുകളിലേക്ക് ഉയർന്നുപൊങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രജ്ഞയാണ്, നൃത്തം വെക്കുന്ന ഈ ജ്വാലയാണ് മനുഷ്യന്റെ ജീവിതമെന്നത്. ഉയർന്നു പറക്കാനുള്ള, ഈ തീരാ വാഞ്ഛയാണ് അവന്റെ ആത്മാവ്.
മനുഷ്യൻ മനുഷ്യനായിരിക്കുന്നത് അവന്റെയുള്ളിൽ ഈ നാളമുണ്ടായിരിക്കുന്നതുകൊണ്ടാണ്. അതിനെക്കൂടാതെ, അവൻ വെറും മണ്ണാണ്. ഈ ജ്വാല അവനിൽ തീക്ഷ്‌ണമായി ആളിക്കത്തുകയാണെങ്കിൽ, അവന്റെ ചേതനയിൽ ഒരു വിപ്ലവം സംഭവിക്കുന്നു. ഈ ജ്വാല പൂർണ്ണമായും ഉയർന്നുപൊങ്ങുകയാണെങ്കിൽ, ഈ മണ്ണിനെ, ഈ ഭൂമിയെ നമുക്ക് മറികടക്കാനാകും."
ഞാനറിയുന്നുണ്ടായിരുന്നു, എരിഞ്ഞുകൊണ്ടിരിക്കുന്ന രണ്ടു ചിതകൾക്ക് സമീപത്തുകൂടി നടന്നു കൊണ്ടിരിക്കേ, എന്റെ ചുവടുകളിൽ ചില ലാഘവങ്ങൾ സംഭവിക്കുന്നത്. സാധാരണയായി, നാം നാമായിരിക്കുന്നത് അനേകം പിരിമുറുക്കങ്ങളെക്കൊണ്ടാണെന്നിരിക്കെ, വെറും പേശീമൃദുത്വം പോലും നമ്മെ തീർത്തും വ്യത്യസ്തമായ ഒരാളാക്കി മാറ്റും. സത്യത്തിൽ നാം മറ്റൊരാളായി മാറുകയല്ല ചെയ്യുന്നത്, നാം നമ്മോട് അടുത്തുവരികയാണ്. നമ്മുടെ ഇന്ദ്രിയ മുകുളങ്ങളൊക്കെയും അതുവരെയില്ലാത്ത രീതിയിൽ സംവേദനക്ഷമമാവും. സൂക്ഷ്മമായ ഗന്ധങ്ങൾ, ലോലമായ സ്പർശങ്ങൾ, മൃദുവായ ശബ്ദങ്ങൾ, മൗന മുദ്രിതമായ കാഴ്ചകൾ, ഇഷ്ടാനിഷ്ടങ്ങൾ മുഴച്ചുനില്ക്കാത്ത രുചികൾ....അതെ, അത്തരം നിമിഷങ്ങളിൽ മൗനം സകലതിനേയും കവർന്നുകളയുന്നു.
മൂത്രശങ്ക തീർത്ത് ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ, കണ്ണുകളുടക്കിയത് കൗതുകകരമായ ഒരു കാഴ്ചയിലായിരുന്നു. നടവഴിയുടെ ഒരറ്റത്ത്, ചെടിച്ചട്ടി വെക്കുവാൻ കെട്ടിയുണ്ടാക്കിയ മെലിഞ്ഞ ഒരു സിമെന്റ് തൂണിൽ, ഒരാൾ കുന്തിച്ചിരിക്കുന്നു. ശരിക്കും പറഞ്ഞാൽ 'അയ്യപ്പാസനം'. വരയാടുകൾ നാല് കാലുകളും ചേർത്ത് ചെങ്കുത്തായ മലഞ്ചെരുവിൽ അനങ്ങാതെ നില്ക്കുന്നത് പോലെ, ഇയാൾ ഇത്തിരിപ്പോന്ന ഒരു ചതുരത്തിൽ പൃഷ്ഠവും രണ്ടുകാലുകളും ചേർത്ത് വിസ്തരിച്ചിരിക്കുകയാണ് ! പോരാത്തതിന്, അയാളുടെ കയ്യിൽ ഒരു മാസികയുമുണ്ട്. രണ്ടു കാലുകൾക്കുമിടയിലൂടെ കൈകൾ കോർത്തുപിടിച്ചാണ് അയാൾ മാസിക വായിക്കുന്നത്. വല്ലാതെ മുഷിഞ്ഞ വെള്ള കുർത്തയും പൈജാമയും വേഷം. ചപ്രത്തലമുടി. എതിർവശത്തുനിന്നും സ്വർണ്ണവെയിൽ. എതിർവശത്തുനിന്നും പ്രകാശം വീഴുമ്പോൾ, ഫോട്ടോയെടുത്താൽ ഇരുണ്ട ഛായാരൂപം കിട്ടും. ഇതു പക്ഷേ വെളുത്ത നിഴലാണ്, a white silhouette.
നടന്നടുത്തു വന്നപ്പോൾ അയാൾക്കു പിന്നിൽ അഞ്ചോ പത്തോ നിമിഷങ്ങൾ വെറുതെ നിന്നുപോയി. അവിടെ നിന്നായിരുന്നു എനിക്ക് ഞങ്ങളുടെ സൈറ്റിലേക്ക് തിരിഞ്ഞു പോകേണ്ടിയിരുന്നത്. എനിക്ക് കാണാൻ കഴിഞ്ഞു, അയാൾ വായിച്ചിരുന്നത് പഴയ ഏതോ ഒരു ഇംഗ്ലീഷ് ഓഷോ ടൈംസ് ആണ്.
ഒരു ശ്‌മശാനം, സുഖകരമായ ഒരു പ്രഭാതം, രണ്ടു ചിതകളെരിയുന്നു, പൂക്കളും മരങ്ങളും, ശവ സംസകാരവുമായി ബന്ധപ്പെട്ട മറ്റാളുകൾ, സാധന സാമഗ്രികൾ, പല തരം ഗന്ധങ്ങൾ, തൊട്ടപ്പുറത്ത് നഗരത്തിലെ തിരക്കേറിയ ഒരു ഫ്‌ളൈഓവർ കടന്നുപോകുന്നു, അതിനടിയിൽ എങ്ങനെയോ പറ്റിക്കൂടി കഴിഞ്ഞുപോകുന്ന കുറേ ഡ്രഗ് അഡിക്റ്റുകൾ, അതുവഴി കടന്നു പോകുന്ന വലിയ ഒരു അഴുക്കുചാൽ, അതിനെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, അതിനിടയിൽ മൂത്ര ശങ്ക തീർക്കാൻ വന്നു കയറിയ ഒരു വഴിപോക്കൻ, മുന്നിലിതാ ഒരാളിരുന്നു വെയില് കൊള്ളുന്നു, കയ്യിൽ ഒരു മാഗസിനും. ജാപ്പനീസ് ഹൈക്കു കവിതകളുടെ ഒരു വലിയ സമാഹാരം നിവർത്തിവെച്ചതുപോലുണ്ട്. വൈജാത്യങ്ങളുടെ മൗനസ്വാരസ്യം. A mega orchestra of silent beats!
വൈജാത്യങ്ങളുടെ മനോഹരമായ വേറെ ചില ദൃശ്യങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്, ഇതെഴുതുമ്പോൾ എനിക്കോർമ്മ വരുന്നു, ബനാറസിലേത്. ഒരു ചെറുപ്പക്കാരന്റെ പാതിവെന്ത ശരീരം, നദിയുടെ ഓരം പറ്റി കമിഴ്ന്നു കിടക്കുന്നു; തൊട്ടരികെ വേറെ കുറേ ചെറുപ്പക്കാർ ക്രിക്കറ്റ് കളിക്കുന്നു. ഹരിശ്ചന്ദ്ര ഘട്ടിൽ ഒരു ചിത ആളിക്കത്തുന്നു; തൊട്ടരികെ കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടിയും അവളുടെ കാമുകനും പ്രണയം പങ്കിടുന്നു. ആലംബമേതുമില്ലാത്ത ഒരു ചെറുപ്പക്കാരി നിസ്സഹായയായി ഗംഗയുടെ വിദൂര ചക്രവാളങ്ങളിലേക്കു കണ്ണ് മിഴിച്ചിരിക്കുന്നു; തൊട്ടടുത്ത് പടുവൃദ്ധനായ ഒരാൾ തന്റെ 'ആയുരാരോഗ്യസൗഖ്യത്തെ' കാംക്ഷിച്ചുകൊണ്ട് കഠിനമായ യോഗമുറകൾ ശീലിക്കുന്നു. ആശാപാശങ്ങളും പാപ ബന്ധനങ്ങളും ഉപേക്ഷിക്കാൻ വന്നെത്തിയവരെ കാത്ത്, മുത്തൂറ്റ് ഫൈനാൻസിയേഴ്‌സിന്റെ പരസ്യങ്ങളുമായി ഗംഗ നിറയെ വഞ്ചികൾ വിലപേശുന്നു . വൈരുദ്ധ്യങ്ങൾ സമൃദ്ധമാണെങ്ങും.
സാജാത്യങ്ങളും വൈജാത്യങ്ങളും, പലപ്പോഴും gestalts ആണ്. ഒന്നുകിൽ വൈജാത്യങ്ങൾ മാത്രം മുന്നിലേക്ക് വരും. അല്ലെങ്കിൽ നേരെ തിരിച്ച്, സാജാത്യങ്ങൾ മാത്രം. വ്യാഖ്യാതാവായിട്ടുള്ള മനസ്സില്ലെങ്കിൽ, സാദൃശ്യമെവിടെ? വൈജാത്യമെവിടെ?
ഞാൻ നീങ്ങാൻ തുടങ്ങും മുൻപ് അയാളുടെ ചോദ്യം വന്നു,"കൈസേ ചൽരെ പൂന?"( എങ്ങനെ പോകുന്നു പൂന?). ഓഷോ കമ്മ്യൂണിനെയാണ് അയാൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഞാൻ പറഞ്ഞു,"നന്നായി പോകുന്നു." "മാഗസിൻ?", അയാൾ വീണ്ടും ചോദിച്ചു."മാഗസിനും", ഞാൻ പറഞ്ഞു. "നീ ഈ സൈറ്റിലാണോ ജോലി ചെയ്യുന്നത്?", അയാൾ തുടർന്നു. "അതെ." "ഉം ..നമുക്ക് കാണാം, സംസാരിക്കാം." അയാൾ ഒരിക്കൽ പോലും ആ മാസികയിൽ നിന്നും കണ്ണെടുത്തിരുന്നില്ല. ഓകെ പറഞ്ഞ് ഞാൻ മുന്നോട്ടു നീങ്ങി.
ഞാൻ നീങ്ങാൻ തുടങ്ങും മുൻപ് അയാളുടെ ചോദ്യം വന്നു,"കൈസേ ചൽരെ പൂന?"( എങ്ങനെ പോകുന്നു പൂന?). ഓഷോ കമ്മ്യൂണിനെയാണ് അയാൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഞാൻ പറഞ്ഞു,"നന്നായി പോകുന്നു." "മാഗസിൻ?", അയാൾ വീണ്ടും ചോദിച്ചു."മാഗസിനും", ഞാൻ പറഞ്ഞു. "നീ ഈ സൈറ്റിലാണോ ജോലി ചെയ്യുന്നത്?", അയാൾ തുടർന്നു. "അതെ." "ഉം ..നമുക്ക് കാണാം, സംസാരിക്കാം." അയാൾ ഒരിക്കൽ പോലും ആ മാസികയിൽ നിന്നും കണ്ണെടുത്തിരുന്നില്ല. ഓകെ പറഞ്ഞ് ഞാൻ മുന്നോട്ടു നീങ്ങി.
ഞാൻ പിന്നാമ്പുറത്തെ വാതിൽ തുറന്ന് പുറത്തു വരുന്നത് അയാൾ കണ്ടുകാണും. പിന്നെ, ഓഷോ താല്പര്യം, അയാൾ അത് എങ്ങനെയോ മണത്തുകാണും. ഞാൻ പിന്നിൽ വന്ന് കുറച്ചു സെക്കന്റുകളോളം തങ്ങി നിന്നത്, തിരിഞ്ഞു നോക്കാതെ തന്നെ അയാൾ അറിഞ്ഞു കാണും. എന്തെല്ലാം സംഗതികൾ എങ്ങനെയെല്ലാമാണ് സംഭവിക്കുന്നതെന്ന് ആർക്കറിയാം. മനസ്സുണ്ടാക്കിക്കൊണ്ടു വന്ന പല ത്വരകളോടും ഞാൻ "നേതി,നേതി" പറഞ്ഞു.
പക്ഷേ, ആകസ്മിതകളുടെ സൗന്ദര്യം, എല്ലാ നേതി നേതികളേയും മറികടന്നുകൊണ്ട്, ഇപ്പോഴും മിന്നി നിൽക്കുന്നുവെന്ന് തോന്നുന്നു. ആ സൗന്ദര്യശോഭക്കുമുന്നിൽ 'എങ്ങനെ?, എന്തുകൊണ്ട്?' എന്നീ ചോദ്യങ്ങളെല്ലാം എവിടേയോ ഊർന്നു പോവുകയാണ്. ഓർമ്മ വെക്കുന്നത് മുതൽ എത്രയോ മുഖങ്ങൾ നമ്മുടെ 'റീസൈക്കിൾ ബിന്നിൽ' വന്നു നിറയുന്നു. എത്രയോ മുഖങ്ങൾ 'പെർമനന്റ്‌ലി ഡീലീറ്റ്' ചെയ്യപ്പെടുന്നു. എന്നിട്ടും പക്ഷേ, ഒരിക്കലും കാണാതെ പോയ ആ മുഖം ഇപ്പോഴും ഡെസ്ക്‌ടോപ്പിൽ നിന്നും മാറാതെ നില്ക്കുന്നു. ചിലപ്പോൾ, ഡിലീറ്റ് ബട്ടൺ നേരാം വണ്ണം അമരാത്തതുമാകാം!
“O, owl! make some other face.This is spring rain” എന്ന്ഓർമ്മപ്പെടുത്തിക്കൊണ്ട് സെൻ മാസ്റ്റർ ഇസ്സ.
Nice my dear
ReplyDeleteThis comment has been removed by the author.
DeleteThanks madhu
Delete😊
ReplyDeletebeautiful article.... nice
ReplyDeleteMy joy dheeraj. lv
Delete