Osho wings Osho waves

Featured Post

Friday, September 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 63


'ഹായ്' യാചകരുടെ ലോകം

സോഷ്യൽ മീഡിയയിൽ, വിശേഷിച്ചും ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കണ്ടുപോരുന്ന ചില യാചനകളുണ്ട് - 'എനിക്കൊരു ഹായ് തരുമോ?', 'തിരക്കില്ലെങ്കിൽ ഈ കുടുംബത്തിന് ഒരു ഹായ് അല്ലെങ്കിൽ ഒരു ലൈക്ക് കൊടുക്കാമോ?', 'പ്രശസ്തരൊന്നുമല്ലെങ്കിലും അവർക്കും വേണ്ടേ ഒരു ലൈക്' എന്നിങ്ങനെ യാചനയുടെ വിവിധങ്ങളായ ഭിക്ഷാപദങ്ങൾ.

ഇനി മറ്റൊരു തരം യാചനയുണ്ട്: നിസ്സഹായതയുടെ ഏതെങ്കിലും ഒരു സംഭവമോ ചിത്രമോ കാണിച്ചിട്ട്, 'എത്ര പേർ യഥാർത്ഥ സുഹൃത്തുക്കളാണെന്ന് ഇപ്പോഴറിയാം, യഥാർത്ഥ സുഹൃത്തുക്കൾ ലൈക് ചെയ്യുമത്രേ!' എന്ന ഒരു കെണി. യഥാർത്ഥ സുഹൃത്തുക്കളല്ലാത്ത ഒട്ടേറെ പേർ ലൈക് ചെയ്യാൻ സാധ്യതയുണ്ട്. തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന് ഇടയ്ക്കിടെ പരിശോധിക്കാൻ തോന്നുന്ന ഈ സുഹൃത്ത് ഇതെന്തോന്ന് സുഹൃത്താണപ്പാ! യാചകരെ നിസ്സാരമായ എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. 


പ്രണയിക്കുന്നവരുടെയിടയിൽ - വിവാഹിതരുടെയിടയിലും കുറച്ചു കാലത്തേക്ക് കണ്ടേക്കാം - ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു കലാപരിപാടിയുണ്ട് : അപ്പുറത്തുള്ളയാളുടെ പ്രണയതീവ്രത അളന്നുനോക്കൽ. രതി മുതൽ ഷോപ്പിംഗ് വരെ സ്നേഹത്തിന്റെ അളവ് പാത്രങ്ങളാണ് ദമ്പതികൾക്ക്. ലോകം മുഴുവനും അതങ്ങനെയാണ്. അപ്പുറത്തുള്ളയാൾക്ക് ശരിക്കും സ്നേഹമുണ്ടോ എന്നറിയാൻ അല്ലറ ചില്ലറ അസുഖങ്ങൾ വിളിച്ചുവരുത്തുക പോലും ചെയ്യാറുണ്ട് പ്രണയിനികൾ. നാം പക്ഷേ ഓർക്കാതെ പോകുന്നു, അത്തരം മാനസിക വ്യാപാരങ്ങൾ സംഭവിക്കുന്നത് പ്രണയത്തിൽ നിന്നല്ല, അവിശ്വാസത്തിൽ (mistrust) നിന്നാണെന്ന്.


‘A friend in need is a friend indeed’ എന്നൊക്കെ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ശരിയാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും, സൂക്ഷിച്ചു നോക്കിയാൽ കാണാം അതിനു പിന്നിൽ കച്ചവടക്കണ്ണുകൾ ഒളിഞ്ഞിരിക്കുന്നത്. 'conditions applied' എന്ന് ഒരു കുഞ്ഞൻ നക്ഷത്രചിഹ്നത്തിനു പിന്നിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പരസ്യബോർഡ് പോലെ. ഒരുപക്ഷേ ആ ചൊല്ലിനെ നാം മനസ്സിലാക്കിപ്പോരുന്നതും കുട്ടികളെ പഠിപ്പിച്ചുപോരുന്നതും നേരെ ചൊവ്വേയുള്ള അർത്ഥത്തിലാണെന്ന് തോന്നുന്നില്ല. 



ആപത്ഘട്ടങ്ങളിൽ കൂടെനിൽക്കുന്നയാൾ തന്നെയാണ് യഥാർത്ഥ സുഹൃത്ത്; എന്നാൽ ആ സുഹൃത്ത് താൻ തന്നെയായിരിക്കണമെന്ന് മാത്രം. ആ വാക്യത്തിന് ഒരൊറ്റ അർത്ഥമേ ഉണ്ടാകാൻ പാടുള്ളൂ- താൻ തന്റെ സുഹൃത്തിന്റെ ആപത്ഘട്ടങ്ങളിൽ കൂടെനില്ക്കുന്നവനാണോ എന്ന ആത്മപരിശോധന. ഓഷോയുടെ വാക്കുകളിൽ, 'ആരാണ് യഥാർത്ഥ സുഹൃത്ത്? എന്ന ചോദ്യത്തിന് അസ്തിത്വമില്ല; ഈ ഞാൻ യഥാർത്ഥ സുഹൃത്താണോ? എന്ന് മാത്രമേ ചോദിക്കാനാവൂ.


'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്? ആരാണ് സൗഹൃദമാഗ്രഹിക്കാത്തത്?' പക്ഷേ ഇവയൊന്നും തന്നെ അപരനെ (the other) ആശ്രയിച്ചുള്ളതാകരുതെന്നു മാത്രം. സൗഹൃദത്തിന്റെ സഹജ സൗന്ദര്യമെന്നത് സ്വയം പ്രകാശിച്ചു നിലകൊള്ളുന്നുവെന്നതാണ്. അപ്പോൾ മാത്രമാണ് അതിന് പങ്കുവെക്കലിന്റെ സ്വഭാവം കൈവരുന്നത്. പിടിച്ചുവാങ്ങാൻ സാധ്യമല്ലാത്ത ഒന്നാണ് സൗഹൃദം. സഹജമുഖം നഷ്ടമായ ഏതു സൗഹൃദവും മടുക്കുകയേയുള്ളൂ; ഉടനെയല്ലെങ്കിൽ ഒരു നാല് ദിവസം കഴിഞ്ഞ്. സൗഹൃദങ്ങൾക്കുമുണ്ട് ഹണിമൂൺ ദിനങ്ങൾ. 


ഇത്തരം ഹായ് യാചനകളൂം സൗഹൃദ പരിശോധനകളുമെല്ലാം കേവലം സോഷ്യൽ മീഡിയയിൽ ഒതുങ്ങിനില്ക്കുന്നവയല്ല. നേരെ മറിച്ച് നമ്മുടെ യഥാർത്ഥ പ്രായോഗിക ജീവിതത്തിൽ നാം അനുവർത്തിച്ചു പോരുന്ന പ്രവണതകൾ സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നെന്നേയുള്ളൂ. സമൂഹമാകട്ടെ സമൂഹമാധ്യമങ്ങളാകട്ടെ, അപകർഷതയുടെ കൂത്തരങ്ങുകളാണ്, നിർഭാഗ്യവശാൽ. അപകർഷതയെ ഉല്പാദിപ്പിക്കുന്നവരും അതിനെ നല്ല രീതിയിൽ വിപണനം ചെയ്യുന്നവരും ഒരുമിക്കുമ്പോൾ (priest & politicians mafia), അതേപ്പറ്റി നാം ബോധവാന്മാർ ആകേണ്ടതില്ലാത്തവിധം അത് സർവ്വസാധാരണമായിത്തീരുന്നുവെന്നു മാത്രം. സർവ്വസാധാരണത്വമാണ്, സത്യമല്ല പിന്നീട് മാനദണ്ഡമായി മാറുന്നത്.


മനുഷ്യജീവിതത്തെ കേവലം സാമൂഹികമായ നീക്കുപോക്കുകളായി കാണുന്നവർക്ക് തോന്നാം, ഇതിലിത്ര ഗൗരവമെന്തിരിക്കുന്നു എന്ന്. ഒരു ലൈക് ചോദിക്കുന്നതും, ഒരു പ്രണയത്തെ പിടിച്ചുവാങ്ങുന്നതുമൊക്കെ സ്വാഭാവികമല്ലേ? കാലാ കാലങ്ങളായി നാം ഇതൊക്കെത്തന്നെയല്ലേ ചെയ്തുപോരുന്നത്? 


സത്യമാണ്. കാലാകാലങ്ങളായി നാം ഇതൊക്കെത്തന്നെയാണ് ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെയാണ് സംതൃപ്തനായ ഒരു വ്യക്തിയെന്നത് ഒരപൂർവ്വ കാഴ്ചയായി മാറിയത്. സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമുള്ള സൗഹൃദങ്ങൾ, അത് പ്രണയമായാലും ദാമ്പത്യമായാലും ഏതു തരം ബന്ധങ്ങളായാലും, അവിശ്വസനീയമായ  കെട്ടുകഥകളെപ്പോലെ തോന്നിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്.


സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പോലെ, പരസ്പരം ലൈക് ചെയ്യുക, പരസ്പരം കമന്റ് ചെയ്യുക എന്നീ പരസ്പര സഹകരണ സൗഹൃദങ്ങൾ പോലെത്തന്നെ, നിത്യ ജീവിതത്തിലെ ബന്ധങ്ങളിലും കണക്കുകൂട്ടിയുള്ള കൊടുക്കൽ വാങ്ങലുകളാണുള്ളത്. രണ്ടു പക്ഷത്തു നിന്നും യാചനാസ്വരങ്ങൾ. മാറി നിന്ന് നോക്കുമ്പോൾ കാണാൻ കഴിയുക യാചകർ തമ്മിൽത്തമ്മിൽ പിടിച്ചുപറിക്കുന്നതാണ്. 


പഴയ ആളുകളെപ്പോലെയല്ല, പുതിയ 'ന്യൂജി'കൾ എന്ന് പറയുന്നവരുണ്ട്. സൗഹൃദത്തിന്റെ കാര്യത്തിൽ വിശേഷിച്ചും അങ്ങനെയത്രേ. ലിംഗഭേദം വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നത് സമ്മതിക്കാവുന്നതാണ്. അതിലേക്കു നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ, എന്തുകൊണ്ടും പ്രശംസനീയമായ മാറ്റമാണത്. അതേസമയം, 'ന്യൂജികൾ' ഇപ്പോഴും 'ഹായ്' യാചകർ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. അവർ ഇപ്പോഴും മറ്റുള്ളവരുടെയെല്ലാം 'Wow', 'take care' എന്നിവ, കൂടിയ അളവിൽ - കേവലം പെരുമാറ്റ രീതികൾ എന്നതിലേറെ - ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് തോന്നുന്നത്. സമഗ്രമായ വ്യക്തിത്വ വികസന - integrated individual - ത്തിനു പകരം ചില ചില ദിശകളിൽ മാത്രം അവർ പ്രാവീണ്യം കാണിക്കുകയും, മറ്റുള്ളവയിൽ ഒരുപക്ഷേ പഴയ തലമുറയെക്കാൾ പിന്നിലാവുകയും ചെയ്യുന്നു. ഒന്നുമില്ലേലും pride ന്റെ (not proud) കാര്യത്തിലെങ്കിലും അവർ പഴയ തലമുറയേക്കാൾ പിന്നിലാണെന്ന് തോന്നാറുണ്ട്. 


സമൂഹം മുന്നോട്ടു വെച്ചിട്ടുള്ള മദ - മാത്സര്യാദി വിഭവങ്ങൾക്കു തന്നെയാണ് ന്യൂജികൾക്കിടയിലും ഇപ്പോഴും മതിപ്പുള്ളത്. അവരുടെ ആഘോഷങ്ങളും ഇപ്പോഴും മറ്റുള്ളവർ 'വാ പൊളിക്കണം' എന്ന എന്ന ഉദ്ദേശ്യത്തോടെയോ, ഏതെങ്കിലും സെലിബ്രിറ്റികളെ അനുകരിച്ചുകൊണ്ടുള്ളതോ ആണെന്നുള്ളതാണ് വസ്തുത. പഴയ തറവാട്ട് മഹിമകൾക്കു പകരം 'പുതിയ ട്രെൻഡുകൾ' സംഗതികളെ നിയന്ത്രിക്കുന്നുവെന്നു മാത്രം. 


‘Just don’t care’  എന്ന മനോഭാവം കൊണ്ട് സമൂഹത്തിന്റെ നീരാളിപ്പിടിത്തത്തിൽ
നിന്നും രക്ഷപ്പെടാനാവില്ലതന്നെ. ശ്രദ്ധാപൂർവ്വം, ബോധപൂർവ്വം മാത്രമേ അതിലൂടെ കാൽ നനയാതെ കടന്നുകയറാനാവൂ. ഒരുപക്ഷേ പഴയ തലമുറയുടെ 'തന്ത വൈബിൽ' നിന്നും തെന്നി മാറാൻ ശ്രമിക്കുമ്പോൾ, അവരെ പൊതിയുന്ന മറ്റു ഡിജിറ്റൽ വൈബുകളുണ്ട്, അതിശയോക്തികളുടേയും അത്യാഗ്രഹങ്ങളുടെയും - exaggerations and ambitions.


അപകർഷതയുടെയും അംഗീകാരത്തിന്റെയുമെല്ലാം കാണാച്ചരടുകളിൽത്തന്നെയാണ് അവരും അകപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാൽ, പിന്നെ എവിടെയാണ് അവർ, പറയാൻ മാത്രം ന്യൂജിയാവുന്നത്?

 

സൗഹൃദത്തിന്റെ മൂലക്കല്ലുകൾ, അപരനിൽ നിന്നും തന്നിലേക്ക് തിരിച്ചിടാനാവുന്നില്ലെങ്കിൽ, എല്ലാ തലമുറകളും ഒരുപോലെത്തന്നെ - അല്പം പോലും ജനറേഷൻ ഗ്യാപ് ഇല്ലാത്ത വിധം.






6 comments:

  1. Let's enjoy a life of give and take, without much expectations. You came to life in one time and you are not anytime: both accidents! Let's find happiness between these two accidents and try to be HAPPY 😊

    ReplyDelete