Featured Post

Thursday, September 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 52

 


                                      മുഷിവിന്റെ മനോനിലകൾ 


കുറേ വർഷങ്ങൾക്കു മുൻപൊക്കെ പ്രായപൂർത്തിക്കും മുകളിലുള്ളവർ മാത്രമാണ് 'ബോറടിച്ചിട്ടു വയ്യ', 'utterly boring' എന്നെല്ലാം പറഞ്ഞിരുന്നതെങ്കിൽ, ഇന്നിപ്പോൾ അമ്മയുടെ വിരൽ പിടിച്ചു നടക്കുന്ന കുഞ്ഞുങ്ങളും അടിക്കടി പറയുന്നു, ബോറടിക്കുന്നുവെന്ന്. മുഷിവിന്റെ അളവ് പണ്ടത്തേക്കാൾ കൂടിയതാണോ? ബോറടിക്കുക എന്നത് വെറും ഒരു ശീലമായി ആർജ്ജിച്ചതാണോ? ശാസ്ത്രകാരന്മാർ പറയുന്നത് പണ്ടുള്ളവർക്ക് ഇപ്പോഴത്തെയത്ര വിരസത അനുഭവപ്പെട്ടിരുന്നില്ലെന്നാണ്. നിർബന്ധമില്ല, അതിന്റെ കാരണങ്ങൾ അത്രതന്നെ പോസിറ്റീവ് ആയിരിക്കണമെന്ന്. അതുപോലെത്തന്നെ, വിരസതയെന്നത് ബുദ്ധിവളർച്ചയുടെ ലക്ഷണമാണെന്നും, അതുകൊണ്ടാണ് ആധുനിക തലമുറ എളുപ്പം ബോറടിക്കുന്നതെന്നും വാദമുണ്ടെങ്കിലും, അതിനെ അപ്പാടെ ശരിവെക്കാനും വയ്യ.


ഏതായാലും, വിരസതയനുഭവിക്കാത്തവരില്ല ആദിമ കാലം മുതൽക്കേ
എന്നുവേണം വിചാരിക്കാൻ; അതിന്റെ സ്വഭാവങ്ങളും പ്രഭാവങ്ങളും തീർത്തും വ്യത്യസ്തമായിരുന്നിരിക്കാമെങ്കിലും. ഇന്നിപ്പോൾ, മനുഷ്യന്റെ വിരസതാക്ഷമത കണക്കിലെടുത്തുകൊണ്ട്, സകലതിനേയും ഏതാനും സെക്കന്റുകളുടെ റീൽസിലേക്കു വെട്ടിച്ചുരുക്കുമ്പോൾ, ജീവിതമെന്നത് പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായിത്തന്നെ കാണേണ്ടതുണ്ട്.

ആധുനിക പഠനങ്ങളിൽ വിരസതയെ അഞ്ചു തരങ്ങളായി വിഭജിച്ചു കാണാറുണ്ട്: Indifferent boredom (ഒരുതരം ഉപേക്ഷാ ഭാവം), Calibrating boredom (തീർച്ചയും മൂർച്ചയുമില്ലാതെ അലഞ്ഞുതിരിയുന്ന ഭാവം), Searching  boredom (എപ്പോഴും എന്തെങ്കിലുമൊക്കെ തെരഞ്ഞുകൊണ്ടിരിക്കുകയും ഒന്നിലും തൃപ്തിവരാതെയുമിരിക്കുന്ന ഒരു തരം അസ്വാസ്ഥ്യം), Reactant boredom (എന്തിലോ അകപ്പെട്ടിരിക്കുന്നുവെന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നുമുള്ള ഭാവം), Apathetic boredom (തീർത്തും വികാരരഹിതവും നിസ്സഹായവുമായ അവസ്ഥ) എന്നിങ്ങനെ. 


ഇവയിൽ ആദ്യത്തെ മൂന്നു തരം വിരസതകളും ഒരുപക്ഷേ കുറേക്കൂടി സർഗ്ഗാത്മകമായ അവസ്ഥകളിലേക്കോ ചെയ്തികളിലേക്കോ നയിച്ചെന്നുവരാം. മനുഷ്യൻ നടത്തിപ്പോരുന്ന കലാ സാംസ്‌കാരിക മുന്നേറ്റങ്ങളിലും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളിലും മറ്റും ഇത്തരം മുഷിവുകളുടെ സ്വാധീനങ്ങൾ ഉണ്ടാവാനിടയുണ്ട്. അതേസമയം അവസാനത്തെ രണ്ടുതരം മുഷിവുകളും രോഗാവസ്ഥകളെന്നോണം പരിശോധിക്കപ്പെടേണ്ടവയാണ്.


ഒരുപക്ഷേ ഈ അവസരത്തിൽ, ജർമ്മൻ ചിന്തകനായിരുന്ന മാർട്ടിൻ ഹെയ്‌ഡഗർ നടത്തിയ വർഗ്ഗീകരണമാണ് കൂടുതൽ പ്രസക്തമെന്നു തോന്നുന്നു- Superficial Boredom and Profound Boredom. ഉപരിപ്ലവ വിരസതയും ഗഹനമായ വിരസതയും. ഗഹനമായ വിരസതയാണ് ബുദ്ധിശക്തിയുടെ പ്രതിഫലനമായി പറയാനാവുന്നത്. അത്തരം വിരസതക്ക് മാത്രമേ കേവലം ചാക്രികമായ ദിനചര്യകൾക്ക് പുറമേ, ജീവിതത്തെ മൊത്തമായെടുത്തുകൊണ്ടുതന്നെ അതിലെ നിസ്സാരതയേയും നിഷ്ഫലതയേയും നോക്കിക്കാണാൻ സാധിക്കൂ. കൃത്യമായി പറഞ്ഞാൽ, അത്തരമൊരു അവഗാഹം ആദ്യമേ കൈവരുന്നതു ന്നതുകൊണ്ടാണ് profound boring സംഭവിക്കുന്നത് തന്നെ. താല്ക്കാലികമായ ആശ്വാസവചനങ്ങളിലോ പുറം പൂച്ചുകളിലോ അത്തരം വിരസതകളെ പിടിച്ചുനിറുത്താനാവില്ല. പക്ഷേ അതുകൊണ്ടുതന്നെ, കൂടുതൽ significant ആയ ചെയ്തികളിലേക്കോ, ഗ്രാഹ്യങ്ങളിലേക്കോ തങ്ങളുടെ ഊർജ്ജത്തെ വഴി തിരിക്കുന്നതിൽ profound boring-നു കാര്യമായ പങ്കു വഹിക്കാൻ കഴിയും.  


കോവിഡ് കാലത്തെ ലോക്ഡൗണിൽ ലോകമാകെ ഒരുപാടാളുകൾ അതിശയാവഹമായ രീതിയിൽ തങ്ങളുടെ പാഷനുകൾ (passions) കണ്ടെത്തുകയും, സുപ്തമായി കിടന്നിരുന്ന പല തരത്തിലുള്ള പ്രതിഭകൾ പുറത്തെടുക്കുകയും ചെയ്തിട്ടുള്ളതായ റിപ്പോർട്ടുകൾ profound boring-ന്റെ പ്രതിഫലനമായി എണ്ണിപ്പോരുന്നുണ്ട്.


ഉപരിപ്ലവ വിരസതയാകട്ടെ, ഒരുതരം compulsive disorder പോലെയാണ്. അവർ
വിചാരിക്കുന്നത് തങ്ങൾ ഏർപ്പെട്ടിരിക്കുന്ന ചെയ്തിയോ, സമ്പർക്കത്തിലിരിക്കുന്ന വസ്തുവോ മാറ്റിയാൽ തങ്ങളുടെ മുഷിവ് മാറുമെന്നാണ്. എന്തിനധികം, പ്രണയ - ദാമ്പത്യ ബന്ധങ്ങളിൽ പോലും ഇത്തരം പ്രവണതകൾ സ്വാധീനം ചെലുത്തുന്നുവെന്നതാണ് വാസ്തവം. എന്നാൽ മാറിവരുന്ന ഏതൊന്നിനും ഒരു insta-reel ന്റെ ആയുസ്സേയുള്ളൂ. ന്യൂറോളജിയുടെ നാഡീ തുമ്പുകൾ നിരന്തരമായ ഉത്തേജകങ്ങൾക്കായി -stimulants- വാശി പിടിക്കുന്നു. ഹൈവേകളുടെ നടുവിൽ വരച്ചുവെച്ചിരിക്കുന്ന രേഖാഖണ്ഡങ്ങൾ (centre line broken dividers), ദീർഘയാത്രയുടെ ഏകതാനത കൊണ്ടുവരുന്ന മസ്‌തിഷ്‌ക്ക മ്ലാനതയെ മറികടക്കാൻ വേണ്ടിയത്രേ. 


ഉപരിപ്ലവ വിരസത മിക്കപ്പോഴും learned boring ആണ്. നിർഭാഗ്യവശാൽ നമ്മുടെ ചുറ്റുപാടുകളത്രയും, ഈ വിരസതയെ പോഷിപ്പിച്ചുകൊണ്ടു ജീവിക്കുന്ന ചോരയൂറ്റും ഭോജികളാണ്. ബോധപൂർവ്വം നീങ്ങുക മാത്രമേ രക്ഷയുള്ളൂ.


ഒരുപക്ഷേ നമുക്ക് ഇങ്ങനെയും കരുതേണ്ടി വന്നേക്കാം - ഉപരിപ്ലവ വിരസതയിൽ മുങ്ങിക്കിടക്കുന്ന ഒരാൾ, അയാളിൽ ഉണർന്നുവരാനിടയുള്ള profound boring നെ ഒരുപാട് ചോർത്തിക്കളയുന്നുണ്ടാകാം. എന്തുകൊണ്ടെന്നാൽ ഗഹനമായ വിരസത ഒരു രൂപാന്തരീകരണ ശക്തിയായി - transformative force - വളർന്നു വരണമെങ്കിൽ ഒരു തരം സംഭരണം - collection - ആവശ്യമുണ്ട്. അങ്ങനെയാണ് ഈ മേഖലയെ നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെടുന്നത്, വിരസത ഒരു ആന്തരിക / ആത്മീയ ശക്തിയായി മാറുന്നതിനുള്ള അവസരത്തെയാണ് സോഷ്യൽ മീഡിയ നശിപ്പിച്ചുകളഞ്ഞതെന്ന്. സോഷ്യൽ മീഡിയ നിർവഹിക്കുന്നത് ഉപരിപ്ലവ വിരസതയിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമാണ്.


വളരെ പണ്ടു കാലത്ത്, വിരസതയെന്ന യാഥാർഥ്യത്തെ ഒരു ആന്തരിക ശക്തിയായി വളരുന്നതിൽ നിന്നും വഴിതെറ്റിച്ചുകളഞ്ഞത്, അതിനെ ഒരു പാപബോധമായി വ്യാഖ്യാനിച്ചെടുത്തുകൊണ്ടായിരുന്നു. ഗ്രീക്കുകാരുടെ അസീദിയ (acedia) എന്ന പ്രയോഗത്തെ ക്രിസ്തുമതം ഉപയോഗിച്ചത്, പാതിരിമാരിലും ഭക്തരിലും സ്വാഭാവികമായും കണ്ടുവന്നിരുന്ന വിരസതയെ പാപമായി വ്യാഖ്യാനിച്ചുകൊണ്ട്, അവരിൽ കുറ്റബോധം നിറക്കാനായിരുന്നുവത്രേ. അതുപോലെത്തന്നെ അമേരിക്കയിലെ സമ്പന്നരിൽ, ജോലിത്തിരക്കില്ലാത്തതിരുന്നതുകൊണ്ടു മാത്രം ഉണ്ടായിരുന്ന മുഷിവിനെ 'ennui' (ഒൺവി എന്ന് ഏകദേശ ഉച്ചാരണം) എന്ന് വിളിച്ചുകൊണ്ട് അവരിൽ കുറ്റബോധവും ലജ്ജയും ജനിപ്പിച്ചിരുന്നുവത്രേ. മനുഷ്യാവബോധത്തിന്റെ ചരിത്രത്തിൽ അവൻ എന്നും വിരസതക്കെതിരായിരുന്നുവെന്നു കാണാനാകും. അവൻ ഇതുവരേക്കും ചെയ്തുപോന്നിട്ടുള്ളത്, അതിൽ നിന്നും രക്ഷപ്പെടാനുള്ള ഉപാധികൾ കണ്ടെത്തുക എന്നത് മാത്രമായിരുന്നു.  



ഓഷോയാണ് വിരസതയെ അപാരമായ ഒരു ആത്മീയ ഊർജ്ജ ചാലകമായി ഓർമ്മപ്പെടുത്തിയത്. ഒരു compulsive disorder അല്ലാത്തപക്ഷം, വിരസതയെന്നത് അവഗാഹത്തിന്റെ ലക്ഷണമെന്നുതന്നേയാണ് കരുതേണ്ടതെന്ന് അദ്ദേഹം എടുത്തുപറയുന്നു. ചോദ്യം പക്ഷേ ഇനിയെന്ത് ചെയ്യാൻ പോകുന്നു എന്നതാണ്? അതിനെ ഒഴിവാക്കണോ? സാധാരണയാളുകൾ ചുറ്റുവട്ടത്തുള്ള 'സംസാരചക്രത്തിൽ' ഉഴലുമ്പോൾ, ആത്മീയരെന്ന് വിചാരിക്കുന്നവർ വിരസതയിൽ നിന്നും രക്ഷനേടാനായി ധ്യാന സങ്കേതങ്ങളെ ഉപയോഗിക്കുമ്പോൾ, വിരസതയിൽ നിന്നു മാത്രമല്ല, ധ്യാനത്തിൽ നിന്നുമാണ് ഒരാൾ ഓടിയൊളിക്കുന്നത്.


'Facing boredom is meditation' എന്ന് സംശയലേശമെന്യേ പ്രയോഗിക്കുമ്പോൾ, ഓഷോ ഉദ്ദേശിക്കുന്നത് വിരസതയെ ബോധപൂർവ്വം ആശ്ലേഷിക്കുക എന്ന് തന്നെയാണ്. ശൂന്യതയെന്ന നമ്മുടെ ആന്തരികാസ്തിത്വത്തെ മൂടിനില്ക്കുന്ന ഒരു മായാകവചമത്രേ വിരസത. അതിനെ മറികടക്കാൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയേ (സ്നേഹപൂർവ്വം) നിർവ്വാഹമുള്ളൂവത്രേ. വിരസതയിൽ നിന്നും ഓടിയൊളിക്കാനുള്ള ഏതൊരു ശ്രമവും സ്വന്തം സത്തയിൽ നിന്നും ഓടിയൊളിക്കാനുള്ള ശ്രമമാണ്. 


ഇനി മുഷിവിൽ മുങ്ങിക്കുളിച്ചു നില്ക്കുന്നവർ, തൊട്ടതിനോടും പിടിച്ചതിനോടുമെല്ലാം മുഷിവാണ് എന്ന് ഊറ്റം കൊള്ളുന്നവർ, മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്, "അങ്ങനെയെങ്കിൽ മുഷിവിനോട് മാത്രം മുഷിവ് തോന്നാത്തതെന്തേ?"

                     

                                                          



12 comments: