photo by ThainHann, from pexels.com
പ്രാർത്ഥന : തടവറയും ആകാശവും
ദൈവസങ്കല്പത്തിന് കൃത്യത വരുന്നതിനു മുൻപേത്തന്നെ മനുഷ്യൻ പ്രാർത്ഥിച്ചിട്ടുണ്ടാവാനാണ് സാധ്യത; എന്തിനെന്നില്ലാതെ, ആരോടെന്നില്ലാതെ. ഖലീൽ ജിബ്രാന്റെ 'പ്രവാചകനിൽ' പുരോഹിതയായ ഒരു സ്ത്രീ അൽ മുസ്തഫയോട് ആവശ്യപ്പെടുന്നുണ്ട്, പ്രാർത്ഥനെയെപ്പറ്റി സംസാരിക്കാൻ. ബൈബിളിലും കാണാം യേശുവിനോട് ചോദിക്കുന്നത്, 'എന്താണ് പ്രാർത്ഥന?'.
എന്താണ് പ്രാർത്ഥന? എന്ന ചോദ്യം മനുഷ്യനിൽ ഉയരാൻ തുടങ്ങിയ നിമിഷം മുതൽ, അവൻ പ്രാർത്ഥനയിൽ ബഹുദൂരം പിന്നിലാവാൻ തുടങ്ങി. എന്തെന്നാൽ അവനിലെ ഉത്ക്കണ്ഠകളും ആർത്തികളും ഭയവിഹ്വലതകളും അവനിലെ കിശോരകൗതുകങ്ങളെ കയ്യടക്കാൻ ആരംഭിച്ചിരുന്നു. പ്രാർത്ഥനകൾ പരിദേവനങ്ങളിലേക്ക് ചേക്കേറിയത് വാക്കുകളെ പിൻപറ്റിക്കൊണ്ടാണ്. ഉപനിഷത്തുക്കൾ തുടങ്ങിയ അപൂർവ്വം രചനകളിൽ പ്രാർത്ഥനകളായി പ്രകാശിപ്പിക്കപ്പെട്ടത് കൃതാർത്ഥതകളായിരുന്നെങ്കിലും, അവയെയെല്ലാം തെറ്റായി അവതരിപ്പിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ടത് കേവലം അഭ്യർത്ഥനകളും നാലാംകിട ആർത്തിമോഹങ്ങളുമായിരുന്നു.
പ്രാർത്ഥനയെന്നത് തികച്ചും വൈയക്തികമായ - individual - സ്വകാര്യ മുഹൂർത്തം എന്നതിൽ നിന്നും, സാമൂഹികമായ കെട്ടുപാടുകളുടെ അടയാളങ്ങളായി മാറിയത് നാമാരും അറിഞ്ഞതുപോലുമില്ല. മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പാർട്ടികളും പ്രാർത്ഥനയെ തട്ടിയെടുത്തത്, ഏതോ ജപ്തിമുതലെന്നോണമാണ്. തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നതുപോലെ അവർ നാം ഓരോരുത്തരിലും കുറ്റബോധത്തിന്റെ / പാപബോധത്തിന്റെ സൂചിമുനകൾ പാകി.
പ്രാർത്ഥനയെ സാമൂഹികമായ മുഖമുദ്രയെന്നോണം ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ - ആ സാമൂഹികതയിൽ ജാതിയും മതവും തറവാടും വർഗ്ഗവും ലിംഗവും കൂട്ടായ്മകളുമെല്ലാം മാറിമാറി കടന്നുവരുന്നു - പ്രാർത്ഥനയെന്നത് ആത്യന്തികമായി വികാര വിചാരങ്ങളുടെ അടിച്ചമർത്തലുകളായി പരിണമിക്കുകയുണ്ടായി. ഒരാളുടെ പ്രാർത്ഥനയുടെ സൂക്ഷ്മ സ്വരൂപമെന്താണ്? 'ദൈവമേ, നല്ലതു വരുത്തേണമേ. ഈയുള്ളവനെ പ്രലോഭനങ്ങളിൽ അകപ്പെടുത്തിയേക്കരുതേ. ആപത്തും അസുഖങ്ങളും വരുത്തിയേക്കരുതേ. കുട്ടിയും കുടുംബവുമെല്ലാം സുഖമായിരിക്കേണമേ' എന്നിങ്ങനെയാണ്. ഏതെല്ലാം ഭാഷകളിൽ, എങ്ങനെയൊക്കെ തിരിച്ചും മറിച്ചും പ്രയോഗിച്ചാലും അവന്റെ പ്രാർത്ഥനയുടെ അന്തഃസത്ത ഇതുതന്നെയാണ്.
അവൻ ഏറ്റവും ഭയക്കുന്നത് തന്നെത്തന്നെയാണ്. തന്നിൽ കുടികൊള്ളുന്ന അക്രമവാസനകളെയാണ്. നല്ല മനുഷ്യനെന്ന പ്രതിച്ഛായയെ പ്രതി, തന്നിൽ പതിയിരിക്കുന്ന ആർത്തിയെയും അധികാര വാഞ്ഛയെയും അമർത്തിവെക്കാൻ അയാൾ ജാഗരൂകനാണ്. താൻ ഉൾപ്പെടുന്ന സമൂഹം ഏറ്റവും വില കല്പിക്കുന്നത് എന്തിനെയെല്ലാമാണോ, അതിനെതിരായി അബദ്ധത്തിലെങ്കിലും താൻ ചിന്തിച്ചുപോയേക്കരുതേ എന്ന് തന്റെ സങ്കല്പത്തിലുള്ള ദിവ്യ സ്വരൂപത്തോട് അപേക്ഷിക്കുന്നതാണ് മിക്ക പ്രാർത്ഥനകളും.
ഇനി വെറും സ്തുതികളുടെ രൂപത്തിലുള്ള പ്രാർത്ഥനകളായാലും, തന്റെ ഇഷ്ടദേവനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് (നിർഭാഗ്യവശാൽ) സംഭവിക്കുന്നത്. തന്നിൽ സംപ്രീതനായാൽ ആ ദേവൻ എല്ലാ കെടുതികളിൽ നിന്നും, അതിലുമുപരി തന്റെ മനസ്സിന്റെ വേണ്ടാതീനങ്ങളിൽ നിന്നും തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസം. ആത്യന്തികമായി നോക്കിയാൽ, മനസ്സിനെ അമർത്തിവെക്കുക എന്നത് തന്നെ.
ചിലപ്പോൾ മനസ്സിന്റെ കോലാഹലങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ, അതിനെ വഴിതിരിച്ചുവിടാൻ പ്രാർത്ഥനയുടെതായ വകഭേദങ്ങൾ ഉപയോഗപ്പെടുത്തപ്പെടുന്നു; ജപമായും ഭജനയായും, നിസ്കാരമായും കുർബ്ബാനയായുമെല്ലാം. ചിലപ്പോഴെല്ലാം നാം പ്രാർത്ഥിച്ചുപോകാറുള്ളത് നിസ്സഹായതയുടെ നിമിഷങ്ങളിലാണ്. നമ്മുടെ ഇന്ദ്രിയ പരിമിതികളെ മറികടന്നുകൊണ്ടുള്ള എന്തെങ്കിലും സിദ്ധിവിശേഷങ്ങളുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ചില പ്രാണമുഹൂർത്തങ്ങൾ.
പ്രാർത്ഥിച്ചിട്ടായാലും അല്ലെങ്കിലും മനസ്സിന് ഒരല്പം സ്വസ്ഥത കൈവരുന്നെങ്കിൽ അതിൽ എന്താണ് കുഴപ്പം? യാതൊരു കുഴപ്പവുമില്ല. ആ സ്വസ്ഥത പക്ഷേ, ഒരുപാട് വികാരങ്ങളെ അടിച്ചമർത്തിക്കൊണ്ടുണ്ടാവുന്ന താല്ക്കാലിക സ്വാസ്ഥ്യമാണെന്ന് (അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും പ്രാർത്ഥിക്കേണ്ടതില്ലല്ലോ!) അറിയുന്നെങ്കിൽ; അറിയാതെ അടിച്ചമർത്തപ്പെടുന്ന വികാരവിചാരങ്ങളാണ് നമ്മുടെ സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഓർക്കുന്നെങ്കിൽ. എന്തുകൊണ്ടെന്നാൽ ബോധപൂർമുള്ള suppressions അത്രതന്നെ സ്പ്രെസ്സ്ഡ് ആകുന്നില്ല. അവ നമ്മെ കൂടുതൽ ജാഗ്രപ്പെടുത്തിക്കൊണ്ടിരിക്കും; നാം അവയിൽ നിന്നും വിടുതൽ നേടും വരെ.
പിന്നെയും പിന്നെയും തല പൊക്കുന്ന മനസ്സിന്റെ വിഭ്രാന്തികളെ ഒരു തരം self hypnosis-ലൂടെ കുറച്ചുനേരം മയക്കികിടത്താനായാണ് മിക്കപ്പോഴും പ്രാർത്ഥനകൾ ഉപയോഗിക്കപ്പെടുന്നത്. self hypnosis-ന്റെ പ്രാർത്ഥനാ വേർഷനുകൾ കാലാ കാലങ്ങളായി നാം പരിഷ്കരിച്ചുപോരാറുണ്ട്. ഈയിടെ ഹവായ് സന്ദർശിച്ച ഒരു സുഹൃത്ത് പങ്കുവെച്ച ഹവായിയൻ പ്രാർത്ഥന അത്തരത്തിലുള്ള ഒരു പുതിയ വേർഷനാണ് - HO'OPONOPONO. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Kahuna Morrnah എന്നരോഗ ശാന്തി ശുശ്രൂഷക - healer-യായിരുന്നു HO'OPONOPONO എന്ന പഴയകാല പ്രാർത്ഥനയെ പരിഷ്ക്കരിച്ചത്. "I'm sorry," "Please forgive me," "Thank you," and "I love you"എന്നീ നാല് വാക്യങ്ങളാണ് ഇപ്പോഴത്തെ പ്രാർത്ഥനയായി പ്രചരിക്കപ്പെടുന്നത്.
HO'OPONOPONO എന്ന വാക്കിന് "to make right" or "to make good" എന്നൊക്കെയാണ് ശരിക്കുമുള്ള അർത്ഥം. ചുളിവ് നിവർത്താനായി ഒരു കിടക്കവിരി കുടഞ്ഞിടുന്നതുപോലെ മനസ്സിന്റെ ചുളിവുകൾ നിവർത്തനായുള്ള ഒരു ഉപാധിയായാണ് ഈ പ്രയോഗം നിലവിൽ വന്നത്. ഇപ്പോഴത്തെ വാക് വിചാരങ്ങളെക്കാൾ HO'OPONOPONO എന്ന് മന്ത്രിച്ചുകൊണ്ടേയിരിക്കുകയാകാം കൂടുതൽ ഭേദം എന്ന് തോന്നുന്നു.
ചില തരം മന്ത്രങ്ങളും (chanting) മറ്റും - ടിബറ്റൻ മന്ത്രമായ 'ഓം മണി പത്മേ ഹൂം' ഉദാഹരണം - മനസ്സിന്റെ വർത്തമാന അവസ്ഥയെ മാറ്റാനും മറികടക്കാനുമായി ഉപയോഗിക്കാറുമുണ്ട്. എന്നിട്ടും പക്ഷേ അവയൊന്നും തന്നെ മനസ്സിനെ മറികടക്കാൻ ഉപയുക്തമാകുന്നില്ല എന്നതാണ് വാസ്തവം. പ്രാർത്ഥന എവിടെയാണ് പ്രസക്തമാകുന്നത്? ഉണർവിനെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യമില്ലെങ്കിൽ എത്ര മഹത്തായ പ്രാർത്ഥനയും ഒരു വ്യക്തിയെ മനസെന്ന തടവറയിൽ പിടിച്ചുനിർത്തുക തന്നെയാണ് ചെയ്യുന്നത്.
ഇവിടെയാണ് ഓഷോ ഓർമ്മപ്പെടുത്തുന്നത് - PRAYERFULNESS, NOT PRAYER. പ്രാർത്ഥനാനിർഭരത. ശരീരവും മനസ്സുമെല്ലാം പ്രാർത്ഥനാഭാവത്തിൽ നിറഞ്ഞുനില്ക്കുക. ഏതെങ്കിലും മൂർത്തിയോ ആശയമോ ആഗ്രഹമോ മുന്നിലില്ലാതെ. ഇത് കേവലം ഭാവനയോ വിചാരമോ അല്ല. തികച്ചും സുതാര്യമായ ഒരു വർത്തമാന നിമിഷത്തിന്റെ കൃതാർത്ഥതയും ആനന്ദവുമൊക്കെയാണത്. അതിൽ അപേക്ഷയോ താണുകേഴലോ ഇല്ല. നാം എന്ന ചേതന വിടർന്നു വിലയിക്കുന്ന ഒരു സർവ്വ സ്വാഭാവികത മാത്രമാണത്. നമുക്കതു അപൂർവ്വമായി തോന്നുന്നത് 'അബദ്ധത്തിലെങ്ങാനും' മാത്രമേ നാം പ്രാർത്ഥനാനിർഭരമാകാറുള്ളൂ എന്നതുകൊണ്ടാണ്.
പ്രാർത്ഥനാ നിർഭരതയിൽ ഒരു ഹായ്, ഹലോ പോലും അഗാധമായ പ്രാർത്ഥനയാണ്; മറ്റൊരാളോട് കൈമാറുന്ന ഗുഡ്മോർണിംഗിന് 'ഓം പൂർണ്ണമദഃ' എന്നതിനോളം പവിത്രതയുണ്ട്. അല്ലാത്തപ്പോൾ എത്ര വലിയ സുവിശേഷവും മലീമസമായ കോലാഹലങ്ങളാണ്.
PRAYERFULNESS നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അപാരമായ ആകാശത്തിലേക്കുള്ള തിരിച്ചുവരവാണ്. എന്തെങ്കിലും വാക്കുകളോ മന്ത്രങ്ങളോ ചേഷ്ടകളോ മറ്റോ ഒരുപക്ഷേ അത്തരമൊരു തിരിച്ചുവരവിന് സാധ്യമാക്കും വിധം നമ്മുടെ ശരീരത്തെയും മനസ്സിനേയും സഹായിച്ചാലായി. അല്ലാത്തപക്ഷം നമ്മുടെ സ്ഥിരവാസമായ തടവറയെ മോടിപിടിപ്പിക്കുക എന്നതിൽക്കവിഞ്ഞ യാതൊന്നും പ്രാർത്ഥനകളെക്കൊണ്ടാവുന്നില്ല.
Dyaanji
ReplyDeleteഉണർവിലേക്കുള്ള ഈ പടവുകൾ ഒരു കൈപുസ്തകമാകട്ടെ ...ബോധതലം മിഴികൾ തുറക്കട്ടെ
💕
Let it happen! Thank you 💕💕
Delete❤️❤️
ReplyDelete💕💕
Delete🌸🌸✨✨🌸🌸.. 👍✨
ReplyDelete💕💕
Delete🌹🌹🌹🌹🌹🌹🌹🌹🌹🌹
ReplyDelete💕💕💕
Delete