ഒരു ദിവസത്തെ വാസം
മനുഷ്യൻ അവന്റെ ജീവിതകാലം മുഴുവനും മറക്കാൻ ശ്രമിച്ചിട്ടുള്ളത്, താൻ ഒരു ദിവസം മരിച്ചുപോകും എന്ന നഗ്‌ന സത്യമാണ്. മരണമെന്നത് അതിഭീകരമായ ഏതോ ശിക്ഷയെന്നോണമാണ് മിക്ക പാശ്ചാത്യമതങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. മരണത്തെ ആലങ്കാരികമായി ഏറെ ഭംഗിയോടെ, താത്വികമായി, അതിന്റെ നിഗൂഢ ഭാവങ്ങളോടെ അവതരിപ്പിക്കുന്ന മറ്റു മത പരിസരങ്ങളുണ്ട്. അതുകൂടാതെ അതിനെ കാവ്യാത്മകമായും നർമ്മം കലർത്തിയും അവതരിപ്പിക്കുന്ന എഴുത്തുകാരുമുണ്ട്.
ബ്രിട്ടീഷ് - അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായിരുന്ന Ashley Montagu പറഞ്ഞതുപോലെയുള്ള ( 'to die young as late as possible') വാചകക്കസർത്തുകൾ കൊണ്ട് മരണത്തെ നാം പരമാവധി തള്ളിനീക്കാൻ ശ്രമിക്കാറുണ്ട്. ‘ആത്മാവ് മരിക്കുന്നില്ല, വസ്ത്രം മാറുന്ന ലാഘവത്തോടെ ഒരു ശരീരത്തെ വിട്ട്
മറ്റൊരു ശരീരത്തെ സ്വീകരിക്കുന്ന നിസ്സാരമായ ഒരു പരിപാടിയാണ് മരണം’, എന്നൊക്കെ നാം ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എല്ലായ്പ്പോഴും എല്ലായിടത്തുനിന്നും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മരണമെന്ന പ്രഹേളികയെ ഓർക്കാതിരിക്കാനുള്ള പരോക്ഷമായ ശ്രമങ്ങളുടെ ഭാഗമാണ്. (ആത്മാവ് എന്നൊന്നുണ്ടോ? മരണം യഥാർത്ഥത്തിൽ ഒരു മിഥ്യാധാരണയാണോ? എന്നിവയെല്ലാം തീർത്തും വ്യത്യസ്തമായ വിഷയങ്ങളാണ്; ജിജ്ഞാസുക്കളായവർക്ക് തെരഞ്ഞു ചെല്ലാൻ ഉതകുന്ന വിശേഷപ്പെട്ട വിജ്ഞാന ശാഖകൾ. തൊട്ടുമുന്നിൽ വാ പൊളിച്ച് നില്ക്കുന്ന മരണത്തെ അഭിമുഖീകരിക്കലും, മരണത്തെപ്പറ്റി അറിവുശേഖരിക്കലും വ്യത്യസ്തങ്ങളായ രണ്ടു സംഗതികളാണ് പക്ഷേ.)
ഗൂഗിളും ആർട്ടിഫിഷ്യൽ ഇന്റലിജന്സുമെല്ലാം ചേർന്ന് 'മരണത്തെ എങ്ങനെ ഇല്ലാതാക്കാം?' എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന ഈ മുന്തിയ കാലത്തു തന്നെ, 'memento mori' എന്ന പ്രയോഗവും അതിനകത്തെ ആശയവുമെല്ലാം വീണ്ടും പ്രചാരമാർജ്ജിക്കുന്നു എന്ന കൗതുകമാണ് ഈ കുറിപ്പിനാധാരം.
Memento mori' എന്നത് ക്രിസ്തുമതത്തിന്റെ 'മരണഭയ - ദൈവഭയ' പശ്ചാത്തലത്തിൽ വേരുപിടിച്ച ഒരു ലാറ്റിൻ പ്രയോഗമാണ്. ഒരുപക്ഷേ, ‘മരണം വരുമൊരു നാൾ, ഓർക്കുക മർത്യാ നീ’ എന്നതുതന്നെയാണ് അതിന്റെ കൃത്യമായ പരിഭാഷ. എന്നാൽ, ശുഷ്കമായ സെമിറ്റിക്-മത പശ്ചാത്തലത്തിൽ നിന്നും, ആ പ്രയോഗത്തെ കിഴക്കിന്റെ ധ്യാനാവബോധ തലത്തിലേക്ക് ഉയിർത്തെഴുന്നേല്പിച്ചുകൊണ്ട്, തീർത്തും ജീവിതസംബന്ധിയായ ഒരു പ്രയോഗമായി അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, പ്രബോധകരും മനഃശാസ്ത്ര വിദഗ്‌ദരുമെല്ലാം. Jodi Wellman പ്രസിദ്ധീകരിച്ച ‘You Die Only Once’ എന്ന പുസ്തകം ഏറ്റവും അടുത്ത ഉദാഹരണമാണ്.
മരണരഹസ്യമാരാഞ്ഞു പോയ നചികേതസ്സ് മുതൽ, 'മരണം, കടുത്ത ഒരു ശീലം മാത്രമാണ്' എന്ന് പറഞ്ഞ സ്വാമി രാമ വരേയ്ക്കും മരണമെന്ന പ്രതിഭാസത്തെ മറ്റൊരു രീതിയിൽ ഗ്രഹിക്കാൻ ശ്രമിച്ചവരുടെ ഒരു വലിയ നിരതന്നെയുണ്ട് ഇവിടെ. തിബത്ത് എന്ന ഭൂമിക മരണത്തെ മനസ്സിലാക്കാൻ മാത്രമെന്നോണം നിലകൊണ്ടതത്രേ! ബുദ്ധമതം മരണത്തെ അറിഞ്ഞത് ജീവിതത്തിന്റെ സുഗമമായ ഒരു കടന്നുപോക്ക് - തഥാഗതം - എന്നാണെങ്കിൽ, സെൻ ബുദ്ധിസമാകട്ടെ വരവും പോക്കുമില്ലാത്ത അനശ്വരമായ ഒരു ബോധവൃത്തിയെയാണ് നാം ജീവിതമെന്നും മരണമെന്നുമൊക്കെ പിരിച്ചു പറയുന്നതെന്ന് സാക്ഷാത്ക്കരിച്ചു.
സഹായമഭ്യർത്ഥിച്ചുവന്ന ഒരു പാവം മനുഷ്യനോട് 'പോയി നാളെ വരൂ' എന്ന് പറഞ്ഞ യുധിഷ്ഠിരനെ ഭീമൻ ട്രോളിയത്, 'എന്റെ ജ്യേഷ്ഠൻ ഇതാ മരണത്തെ തോല്പിച്ചിരിക്കുന്നു' എന്ന് വിളിച്ചുകൂവിക്കൊണ്ടാണ്. മരണത്തെ ഓർക്കാൻ ഇഷ്ടപ്പെടാത്ത സാധാരണക്കാരൻ പോലും 'താൻ വെറും നാല് ദിനത്തിന് വേണ്ടി വന്നുകയറിയ വിരുന്നുകാരനാണ്' (ചാർ ദിൻ കി മേമാൻ!) എന്ന് പറയുമ്പോൾ, മരണമെന്നത് എന്നോ ഒരു നാൾ വലിഞ്ഞു കയറിവരുന്ന ഒരു മാരണമല്ല, ദാ ഇപ്പോൾ തന്നെ കൂടെയുള്ള സഖാവാണ് എന്ന് നിശബ്ദമായെങ്കിലും പറഞ്ഞുവെക്കുന്നുണ്ട്.
ഇവിടെയാണ് 'memento mori' പരിഷ്കരിക്കപ്പെടുന്നത്. മരണം ഒരു ശിക്ഷയെന്നോണം അവതരിപ്പിക്കപ്പെട്ട മത പശ്ചാത്തലത്തിൽ നിന്നും, അതിനെ ജീവിതത്തിന്റെത്തന്നെ ഉച്ചാവസ്ഥയായി സ്വീകരിക്കേണ്ടതും, കൂടുതൽ ഊഷ്മളവും സമഗ്രവുമായ ഒരാഘോഷമായി ജീവിതത്തെ മാറ്റിത്തീർക്കേണ്ടതുമുണ്ടെന്ന ഒരോർമ്മപ്പെടുത്തലായാണ് ഇപ്പോൾ 'memento mori' നിലകൊള്ളുന്നത്. ഏതു നിമിഷവും നാം മരിച്ചുപോകാം എന്ന സ്ഥിതിയില്ലെങ്കിൽ ആഘോഷത്തിന് എന്ത് പ്രസക്തിയുണ്ട്?
ആഘോഷമെന്നാൽ, ഓരോ നിമിഷത്തിലും സർവ്വാത്മനാ പങ്കുകൊള്ളുകയും അതിനെ ജീവിതത്തിലെ അവസാന നിമിഷമെന്നോണം അർത്ഥവത്താക്കുകയും ചെയ്യുക എന്നർത്ഥം. അങ്ങനെ വരുമ്പോൾ 'memento mori' എന്നത് സമ്പൂർണ്ണജീവിതത്തിനുവേണ്ടിയുള്ള ഓർമ്മപ്പെടുത്തലാണ്. ഒരുപക്ഷേ യഥാർത്ഥ ജീവനകലയെന്നത് Art of Dying ആണ്, Art Of Living- നേക്കാളും. ഓഷോയുടെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ പേര് 'ഞാൻ മരണം പഠിപ്പിക്കുന്നു' എന്നാണെന്നോർമ്മവരുന്നു.ഓഷോ പങ്കുവെച്ച ഒരു കഥ memento mori യെ കൂടുതൽ
വ്യക്തമാക്കുമെന്നു തോന്നുന്നു: സ്വാമി ഏകനാഥിന്റെ ആശ്രമത്തിൽ നിത്യേനെ വരാറുള്ള ഒരാൾ ഒരു ദിവസം അദ്ദേഹത്തെ തനിച്ചു കിട്ടിയപ്പോൾ ഒരു ചോദ്യം ചോദിച്ചു, 'വർഷങ്ങളായി ഞാൻ അങ്ങയെ നിത്യവും കണ്ടുപോരുന്നു. ഒരു ദിവസം പോലും പക്ഷേ അങ്ങ് വിഷണ്ണനായി കാണപ്പെട്ടിട്ടില്ല. എന്നും എല്ലായ്പ്പോഴും അങ്ങ് പ്രസന്നവദനനാണ്. ഇതെങ്ങനെ സാധ്യമാകുന്നു?' ഏകനാഥ് അയാളുടെ കൈത്തലം എടുത്തുപിടിച്ചുകൊണ്ട് കൈരേഖകളിൽ
നോക്കി നെറ്റി ചുളിച്ചു. അദ്ദേഹം പറഞ്ഞു, 'ഇനി ഏഴു നാൾ കൂടിയേ ഉണ്ടാവൂ.'
അയാൾ പൊടുന്നനെ പരിഭ്രാന്തനായി. 'വെറും ഏഴുനാൾ?' അയാളുടെ വിറളി പിടിച്ചുള്ള ചോദ്യത്തിന് ഏകനാഥ് തലയാട്ടുക മാത്രം ചെയ്തു.
അയാളിലെ ശക്തിയെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്നുപോയി. സ്വാമി ഏകനാഥ് പ്രവചിച്ചാൽ പിന്നെ ഒന്നും നോക്കാനില്ല. ഇന്നേക്ക് ഏഴാം നാൾ സൂര്യൻ അസ്തമിക്കുന്നതോടെ ഈ ഭൂമിയിലെ തന്റെ വാസം അവസാനിക്കുന്നു!. അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി. അയാൾ എങ്ങനെയോ ഒരു വിധം വേച്ചു വേച്ചു വീട്ടിലെത്തി. വീട്ടുകാരറിഞ്ഞപ്പോൾ നിലവിളിയുയർന്നു. അയാൾ തന്റെ കിടക്കയിൽ കയറി കിടപ്പായി. ഒന്നിനോടും താല്പര്യം തോന്നുന്നില്ല. കള്ളസാക്ഷി പറയലും മറ്റു കുനുഷ്ട് പരിപാടികളുമായി കഴിഞ്ഞിരുന്ന അയാളുടെ മനസ്സ് ആദ്യമായി ഒഴിഞ്ഞു കിടന്നു. ഒന്ന് രണ്ടു ദിവസത്തിന് ശേഷം, ജനലിനപ്പുറത്ത് നിന്നിരുന്ന പൂക്കളിലും ചെടികളിലും മറ്റും അയാളുടെ കാഴ്ചകൾ വീഴാൻ തുടങ്ങി. മുറിക്കു പുറത്തു സൂര്യൻ അസ്തമിക്കുന്ന മനോഹര കാഴ്ച! ഇത്രയും വർഷം ഭൂമിയിലുണ്ടായിരുന്നിട്ടും ഇതുവരേക്കും ഇവയൊന്നും കണ്ണിൽ പെട്ടില്ലല്ലോ! തൊടിയിൽ പക്ഷികൾ കലപില കൂട്ടുന്നതും, വെയിൽ മങ്ങി മറയുന്നതുമെല്ലാം അയാളിൽ സന്തോഷം നിറച്ചു. പറഞ്ഞിട്ടെന്താ, ഇനിയൊന്നിനും നേരമില്ലല്ലോ. അയാൾ പേരിനു മാത്രം ഭക്ഷണം കഴിച്ചു. ഏഴാം നാൾ ആയപ്പോഴേക്കും വീട് മുഴുവൻ ദുഃഖം നിറഞ്ഞു. പക്ഷേ, അയാളിൽ അതുവരേക്കുമില്ലാത്ത ശാന്തത കൈവന്നിരുന്നു. മൂന്നുനാലു ദിവസങ്ങൾ മാത്രമേ നേരെ ചൊവ്വേ ജീവിച്ചതുള്ളൂ എന്ന് തോന്നിയെങ്കിലും, ജീവിതം അവസാനിക്കുകയാണ് എന്ന ബോധം അയാളെ ആദ്യമായി ശാന്തനാക്കി.
ഏഴാം നാൾ സന്ധ്യക്ക് ഏകനാഥ് അയാളുടെ അരികിലെത്തി. അദ്ദേഹം പറഞ്ഞു, 'നിങ്ങളെന്തിന് വിഷമിക്കുന്നു? ഞാൻ നിങ്ങളുടെ മരണം പ്രവചിച്ചതല്ല. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതായിരുന്നു. നിങ്ങളോട് 'ഏഴു ദിവസം' എന്ന് വെറുതെ പറഞ്ഞതാണ്. വാസ്തവത്തിൽ 'ഒരൊറ്റ ദിനം കൂടി' എന്ന രീതിയിലാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ പിന്നെ വിഷമിക്കാനും ആശങ്കപ്പെടാനുമെല്ലാം നേരമെവിടെ?
‘Memento mori’, ഈ ഞാനും ഒരു ദിവസം മരിച്ചുപോകും എന്ന് ഓർമ്മിക്കൽ, നമ്മിലെ ധൃതികളെങ്കിലും കുറക്കാൻ കാരണമാകട്ടെ. അത് നമ്മെ സംഭീതനാക്കുന്നതിനു പകരം, ലൊട്ടുലൊടുക്കുകളിൽ ജീവിതം പാഴാക്കാതെ, ഉള്ള കുറച്ചു നിമിഷങ്ങൾ അർത്ഥപൂർണ്ണമായി വിനിയോഗിക്കാൻ, മുന്നിൽ വരുന്ന അപരിചിതനോട് ഒന്ന് പുഞ്ചിരിക്കാനെങ്കിലും പ്രേരണയാകട്ടെ.
അതെ, സത്യത്തിൽ ഒരൊറ്റ ദിവസമേ നാം ഈ ഭൂമിയിലുള്ളൂ, ആർക്കറിയാം!



























.jpg)
.jpg)

