Featured Post

Tuesday, December 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 44

                             

                                     കൂപമണ്ഡൂകങ്ങളുടെ മഹാമേള


'കൂപമണ്ഡൂകം' എന്ന് സംസ്കൃതത്തിൽ വിളിച്ച് മാനനഷ്ടമുണ്ടാക്കിയതിന് ഏതെങ്കിലും ഒരു മാക്രി പ്രതികാരം ചെയ്യാൻ തീരുമാനിച്ചു എന്ന് വെക്കുക. ഒരു കിണറിൽ നിന്നും എത്ര വലിയ കിണറിലേക്ക് മാറിയാലാണ് പൊയ്‌പ്പോയ തന്റെ കുലമഹിമ വീണ്ടെടുക്കാനാവുക? എങ്ങാണ്ടോ കിടക്കുന്ന കടൽ എന്ന് പേരുള്ള ഒരു എമണ്ടൻ കിണറിൽ നിന്നും വന്നവനത്രേ തന്റെ വീട്ടുപേര് പറഞ്ഞ് അധിക്ഷേപിച്ചത്. എന്നാൽ പിന്നെ ആ കടൽക്കിണർ കണ്ടിട്ടുതന്നെ കാര്യം എന്ന് രണ്ടും കല്പിച്ച് ഇറങ്ങിയപ്പോഴാണ് തന്നെ അധിക്ഷേപിച്ചവനെപ്പറ്റി സഹതാപം തോന്നിയത്. അവനും മറ്റൊരു (വലിയ)കൂപ മണ്ഡൂകമത്രേ! ശരിക്കുപറഞ്ഞാൽ കൂപമണ്ഡൂകങ്ങൾ മാത്രമേയുള്ളൂ എന്ന് പറയേണ്ടി വരും. കിണറുകൾ അത്രക്കും എണ്ണമറ്റവയാണ്, ആഴത്തിലും പരപ്പിലും ഒന്നിനൊന്ന് വലിപ്പമാർന്നവ.

നാം വസിക്കുന്ന ഈ ലോകത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തിഗതമായ കൊച്ചു കൊച്ചു അറിവുകളെ ചേർത്തും കൂട്ടിക്കലർത്തിയും എങ്ങനെയൊക്കെയോ നാം ഉണ്ടാക്കിയെടുക്കുന്നവയാണ്. അതിൽ വ്യക്തിഗതമായ അറിവുകൾക്ക് തന്നെ പ്രാമുഖ്യം. എന്നാൽ മറ്റുള്ളവരാൽ ആദ്യമേ ശേഖരിച്ചുവെച്ചിട്ടുള്ള ധാരാളം അറിവുകൾ നമ്മുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടാണ് നാം നമ്മുടെ ധാരണാലോകം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് അങ്ങനെയേ സാധിക്കൂ. അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നാൽ ഈ അറിവുശേഖരണം ആവശ്യപ്പെടുന്ന ചില വ്യവസ്ഥകളുണ്ട്. അവ തീരെ പാലിക്കപ്പെടാതെ വരുമ്പോൾ നാം നമ്മുടെത്തന്നെ അറിവുകളാൽ വഞ്ചിതരാവുകയേയുള്ളൂ. 

ഒന്നാമതായി, പുതിയ പുതിയ അറിവുകളെ സ്വംശീകരിച്ചെടുക്കുന്നതിനാവശ്യമായ വൈയക്തികമായ മേധാശക്തി - individual intelligence- ആവശ്യമുണ്ട്. രണ്ടാമതായി അവയെ അതേപടി സ്വീകരിക്കാനും വേർതിരിച്ചുനിർത്തുവാനുമുള്ള ജാഗ്രത. മൂന്നാമതായി, പുറമെ നിന്നും ലഭ്യമാകുന്ന അറിവുകളുടെ വിശ്വാസ്യതയോട് പുലർത്തേണ്ട വിവേചനബുദ്ധി. വിവേചന ബുദ്ധി പ്രായോഗിക്കാത്തേടത്തോളം സകലതും വ്യാജവാർത്തകളാണ്, ഫലത്തിൽ. (ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം 'CONFIRMATION BIAS' ആണെന്ന് മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പ് തരുന്നു. 'CONFIRMATION BIAS' എന്നാൽ തങ്ങളുടെ ധാരണകളേയും വിശ്വാസങ്ങളേയും ശരി വെക്കുന്ന തരത്തിലുള്ള വിവരങ്ങളും ഉദാഹരണങ്ങളും ശേഖരിക്കുകയും, അവസാനം വ്യത്യസ്ത കാഴ്ചപ്പാടുകളോടും ധാരണകളോടും യാതൊരു തരത്തിലും സഹിഷ്ണുത പുലർത്താനാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

മനഃശാസ്ത്രജ്ഞനായ Peter Wason ആണ് ആദ്യമായി ഇങ്ങനെയൊരു ഭാഷാപ്രയോഗം കൊണ്ടുവന്നത്. ഏതായാലും ഇത് ഒരു പുതിയ പ്രവണതയോ പ്രശ്നമോ ആയി കാണാനാവില്ല. കണ്ടില്ലെന്നു നടിക്കാനാവാത്ത വിധം ഒരു വല്ലാത്ത സാമൂഹ്യ പ്രശ്നമായി ഇപ്പോഴിത് വളർന്നുവന്നിരിക്കുന്നുവെന്നു മാത്രം).

പിന്നെ, പ്രപഞ്ചമെന്നത് പരിധിയില്ലാത്തതായ ഒരു അനുഭവമാണെന്നും അവയിൽ നിന്നും വന്നുചേരുന്ന അറിവുകളെന്നത് തീരെ പരിമിതമാണെന്നുമുള്ള ബോധ്യം. എങ്കിൽ മാത്രമേ ശുഷ്ക്കമായ ചില വിവരങ്ങളെ (data) അടിസ്ഥാനപ്പെടുത്തി യാതൊരു ഉപസംഹാരങ്ങളും നടത്താതിരിക്കൂ. എങ്കിൽ മാത്രമേ  എല്ലാ അറിവുകളേയും താല്ക്കാലികമായ informations എന്ന നിലയിൽ കൈകാര്യം ചെയ്യാനുള്ള ധീരതയുണ്ടാവൂ.


കേവലം വ്യക്തിഗതമായ ഏതെങ്കിലും അനുഭവങ്ങളിലൂടെ പ്രപഞ്ചത്തെപ്പറ്റിയും ഈ ജീവിതത്തെപ്പറ്റിയുമെല്ലാം  മൊത്തമായി അറിയാമെന്ന് നാം വെറുതെ ധരിച്ചുപോകുന്നു; വെറും ശീലമാണത്.

'പലതുള്ളിപ്പെരുവെള്ളം' എന്ന് കേൾക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ അത് വാസ്തവമായിരുന്നിട്ടും, പെരുവെള്ളമെന്നത് മറ്റൊരു പ്രതിഭാസമാണെന്ന കാര്യം നാം ഓർക്കുന്നേയില്ല. വ്യക്തിതലത്തിലുള്ള അനുഭവങ്ങളുടെ ആകെത്തുകയല്ല മൊത്തത്തിലുള്ള ജീവിതാനുഭവം. ജീവിതം കേവലം രേഖീയമായ ഒരു ലളിത ശ്രേണിയല്ല. ഒന്നും ഒന്നും രണ്ട് എന്ന കേവല സങ്കലനസമവാക്യവുമല്ല.


നാം ഓരോരുത്തരുമായി ഇട പഴകുമ്പോൾ, നമ്മുടെ ജീവിതാവബോധത്തിന്റെ ചക്രവാളം ഒരല്പം വികസിതമാകുന്നു, നമ്മുടെ പ്രപഞ്ച വീക്ഷണത്തിൽ പുതിയ ഒരിതൾ കൂടി പിറവിയെടുക്കുന്നു. സത്യമാണത്. എന്നാൽ പ്രായം ചെന്ന  ഒരാളിൽ 'എന്തുമാത്രം ആളുകളെ ഞാൻ കണ്ടിരിക്കുന്നു. ആ എന്നോടാണോ ....' എന്ന ഒരു മനോഭാവം പ്രബലമായി നില്ക്കുകയാണെങ്കിലോ? പരിതാപകരമാണ് കാര്യങ്ങൾ. 

ശരാശരി ഒരാൾ തന്റെ ജീവിതായുസ്സിൽ കണ്ടുമുട്ടുന്ന ആളുകളുടേയും മറ്റും ഒരു കണക്കെടുപ്പ് നടന്നിട്ടുണ്ട് ഈ അടുത്ത കാലത്ത്. അതിൻപ്രകാരം, ഒരു സാധാരണ അമേരിക്കക്കാരൻ തന്റെ ജീവിതായുസ്സിൽ ആകെ 611 ആളുകളുമായി മാത്രമേ പേരെടുത്ത് പറയാൻ വിധം ബന്ധം സ്ഥാപിക്കുന്നുള്ളൂവത്രേ. സാമൂഹികമായി അധികം ഇടപഴകുന്ന ഒരാളാണെങ്കിൽ ഏറിയാൽ 800 പേർ. അതായത്, 800 കോടി ജനങ്ങളുള്ള ഈ ലോകത്ത് അയാളുമായി അടുത്ത ബന്ധമുള്ളത് 0.00001 ശതമാനത്തിനോട് മാത്രം. അതായത് ഒരു A4 സൈസ് പേപ്പറിൽ ഒരു മുടിനാരിന്റെ വ്യാസമുള്ള ഒരു ബിന്ദുവായിരിക്കും അയാളുടെ ഇഹലോകബന്ധത്തിന്റെ വ്യാപ്തി.


നമുക്ക് തോന്നാം, പേരെടുത്തു പറയാവുന്ന ആളുകളുമായുള്ള ബന്ധം മാത്രമല്ല അയാളുടെ ലോകവിവരം നിശ്ചയിക്കുന്നത്. അപരിചതരുമായിപ്പോലും അയാൾ പേരിനെങ്കിലും ബന്ധം സ്ഥാപിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ കണ്ടുമുട്ടിയവർ കണ്ടുമുട്ടിയിട്ടുള്ള മറ്റുള്ളവരുടെയൊക്കെ സ്വാധീനം അയാളുടെ വീക്ഷണത്തിൽ നിഴലിക്കുന്നുണ്ടാകാം. ആ അപരിചിതരുടെ വാക്കുകളോ എഴുത്തോ മറ്റു പ്രവർത്തികളോ അയാളെ സ്വാധീനിക്കുന്നുണ്ടാകാം. എന്നാൽ പോലും പറയത്തക്ക വ്യത്യാസം വരുന്നില്ലത്രേ. ഒരു വ്യക്തി ദിവസവും പുതിയ മൂന്ന് വ്യക്തികളിൽ കൂടുതൽ ആളുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം വരുന്നില്ലത്രേ. അങ്ങനെ വന്നാൽ തന്നെയും 73 വർഷത്തിനുള്ളിൽ 80000 ആളുകളേ ആവുന്നുള്ളൂ. അതായത് 800 കോടി ജനങ്ങളുടെ 0.001%. ഒരാളോട് ഇടപെടുമ്പോൾ, ഓർക്കുക ഒരാൾക്ക് ഒരുലക്ഷം എന്ന കണക്കിൽ നാം പരിധിക്കു പുറത്താണെന്ന്. നാം ഓരോരുത്തരും പക്ഷേ സംശയലേശമെന്യേ വിചാരിക്കുന്നത് ലോകത്തെ നമുക്ക് ഒരുവിധം പിടികിട്ടിയിട്ടുണ്ടെന്നാണ്. 

നാല് പത്രവാർത്തകളുടെ തലക്കെട്ടുകൾ വായിക്കുമ്പോഴേക്കും, നാല് സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്കിപ്  ചെയ്യുമ്പോഴേക്കും നാം അതുമായി ബന്ധപ്പെട്ട ലോകത്തെ അറിഞ്ഞുകഴിഞ്ഞു എന്നാണ് അറിയാതെ വിചാരിച്ചു പോകുന്നത്, അത് എത്ര ദൂരെയുള്ള സ്ഥലമാണെങ്കിലും. മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുന്നതിനിടയിൽ നാം അതേപ്പറ്റി ഒരു അഭിപ്രായം ഉപസംഹരിച്ചുകഴിഞ്ഞിരിക്കും. 0.001 ശതമാനത്തെ അധികരിച്ചുകൊണ്ട് നാം തീർപ്പുകല്പിച്ചുകഴിഞ്ഞു, ലോകം പഴയതുപോലെയല്ല, നികൃഷ്ടരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്. അത്യാവശ്യ ഘട്ടത്തിൽ ഒരു അപരിചിതൻ ഒരു സഹായമായി വന്നു പെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിനോട്, ആ വ്യക്തിയോട് കൃതജ്ഞത തോന്നുന്നതിനു മുൻപേ, 'ലോകത്ത് ഇപ്പോഴും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ട്. അല്ലെങ്കിൽ, ലോകം വിചാരിച്ചതുപോലെ അത്ര കരുണയില്ലാത്തതൊന്നുമല്ല' എന്ന് ഒരു പ്രസ്താവനക്ക് നാം മിക്കവാറും അടിപ്പെട്ടിട്ടുണ്ടാവും. ആധുനിക ഭാഷയിൽ പറഞ്ഞാൽ a kind of data addiction. 

 


മാധ്യമങ്ങൾ നമ്മുടെ മുന്നിൽ അപ്പപ്പോഴുള്ള ലോകത്തെ തുറന്നുവെക്കുന്നുവെന്ന് നാം വിചാരിക്കുന്നു. അവ പക്ഷേ ഒളിപ്പിക്കുന്നതിന്റെ കണക്കിനെപ്പറ്റി നാം ബോധവാന്മാരാകുന്നില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ ചെറിയ അനക്കങ്ങൾ പോലും അറിയിക്കുന്ന മാധ്യമങ്ങൾ പക്ഷേ, ദിവസവും 16000 കുഞ്ഞുങ്ങൾ മരണപ്പെടുന്നുണ്ടെന്ന കാര്യം മിണ്ടുകയേയില്ല. ഒരിടത്ത് ബോംബ് സ്ഫോടനത്തിൽ പത്തു പേർ മരണപ്പെട്ട കാര്യം നാം അറിയാതെ പോകില്ല. എന്നാൽ തണുപ്പിൽ മരണപ്പെട്ട 2000 പേരുടെ കണക്ക് പത്രങ്ങളുടെ മൂലയിൽ എവിടെയെങ്കിലും കണ്ടാലായി.


ബാഹ്യജീവിതത്തിൽ data യും statistics ഉം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിന്റെ ശുദ്ധവും പൂർണ്ണവുമായ ലഭ്യത ഒരു തീരാ വെല്ലുവിളിയാണ്. വ്യക്തിജീവിതത്തിലാകട്ടെ, അത് ലഭ്യമായാൽ പോലും, അതിൽ തീരെ ഒതുങ്ങുന്നതല്ല ജീവിതം. പ്രപഞ്ചത്തിന്റെ അപാരതയെന്ന സ്വഭാവത്തെ അറിയാൻ ശ്രമിക്കുന്നതിലൂടെ വ്യക്തിയിൽ സംഭവിക്കുന്ന ഒരു വിശ്രാന്തിയുണ്ട്, വർത്തമാനത്തിൽ നിന്നും കുതറിക്കൊണ്ട് ഭാവിയെ വെട്ടിപ്പിടിക്കാനുള്ള ത്വരയിൽ സംഭവിക്കുന്ന പൊടുന്നനെയുള്ള ഒരിടിവ്. ജീവിതത്തെപ്രതി അതിന് സ്റ്റാറ്റിസ്റ്റിക്സിൽ ഉൾക്കൊള്ളാനാവാത്തത്ര മൂല്യമുണ്ട്. 


                    *                           *                           *                               *


ഇനിയും വായിക്കാത്ത പുസ്തകങ്ങളുടെ ശേഖരം വായിച്ചുതീർന്നവയെക്കാൾ പ്രയോജനകരമെന്ന് ജപ്പാനിലുള്ളവർ. അവ 'എനിക്ക് യാതൊന്നുമറിയില്ല' എന്ന് ഓർമ്മിപ്പിക്കുന്നത്രേ. അവർ അതിനെ സ്നേഹപൂർവ്വം 'tsundoku' എന്ന് വിളിക്കുന്നു.