Featured Post

Wednesday, December 29, 2021

ഉണർവിലേക്കുള്ള പടവുകൾ - 24

                            

പശ്ചാത്താപത്തിന്റെ കലഹ പശ്ചാത്തലങ്ങൾ

മതവിശ്വാസമെന്നതിന്റെ ഉത്ഭവത്തോടെയാണ് തെറ്റ് (mistake) എന്നതിന് 'പാപം' എന്ന് അർത്ഥഭേദം സംഭവിക്കാൻ തുടങ്ങിയത്. നേരെ തിരിച്ചും ഒരു പരിധി വരെ ശരിയായിരിക്കാം - വെറും തെറ്റിനെ പാപം എന്ന് കാണാൻ തുടങ്ങുന്നത് മുതൽക്കാണ് വിശ്വാസവും മതവുമെല്ലാം ഉത്ഭവിക്കാൻ തുടങ്ങിയത്. എങ്ങനെയായാലും, സമൂഹമായി ജീവിക്കാൻ തുടങ്ങിയതുമുതൽ പാപം, കുറ്റബോധം, പ്രായശ്ചിത്തം, പശ്ചാത്താപം, ക്ഷമ (forgiveness) എന്നീ സങ്കൽപ്പങ്ങൾക്ക് ചുറ്റിലുമാണ് മനുഷ്യൻ പ്രധാനമായും കറങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ തവണ കറങ്ങി വരുമ്പോഴും അവനു തോന്നുന്നത് താൻ വളർന്നുകൊണ്ടിരിക്കുന്നുവെന്നോ, മുന്നോട്ടുള്ള യാത്രയിൽ താൻ ഏറെ ദൂരം പിന്നിട്ടിരിക്കുന്നുവെന്നോ ആണ്, സത്യമതല്ലെങ്കിലും.


മനുഷ്യന്റെ സഹജ പ്രകൃതമാണ് തെറ്റുകൾ പറ്റിപ്പോവുക എന്നത്. പലപ്പോഴും അത് തെറ്റായിരുന്നുവെന്നറിയുകയും അതിനെ തിരുത്താൻ സാധിക്കുന്നതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം ഇനി അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുകയെന്നതും അവന്റെ സഹജതയിൽ വരുന്നതാണ്. ഒരു വ്യക്തി വളർന്നു വരുന്നത് അത്തരത്തിലാണ്. എന്നാൽ ജീവശാസ്ത്രപരമായി സഹജമല്ലാത്ത ഒന്നാണ് കുറ്റബോധം. അത് പുറമെ നിന്ന് ആരോപിക്കപ്പെടുന്നതാണ്. ശീലിച്ചെടുക്കുന്നതാണ്. അതുകൊണ്ടാണ് ഒരേ പ്രവൃത്തി ഒരു സമൂഹത്തിലുള്ളവരിൽ കുറ്റബോധം സൃഷ്ടിക്കുമ്പോൾ മറ്റൊരു സമൂഹത്തിലുള്ളവർക്ക് അതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തത്. അതുകൊണ്ടാണ് ഒരു കാലഘട്ടത്തിൽ കുറ്റബോധം സൃഷ്ടിച്ചിരുന്ന ഒരു പ്രവൃത്തി, മറ്റൊരു കാലഘട്ടത്തിൽ തികച്ചും സ്വാഭാവികമെന്നോ പുരോഗമനപരമെന്നോ കരുതപ്പെടുന്നത്. 


തെറ്റുകൾ പറ്റുക എന്നത് വളർച്ചയിലെ സ്വാഭാവികതയെന്ന് എടുക്കാനാവാതെ വരുമ്പോൾ, പ്രായശ്ചിത്തത്തിനും മാപ്പിനുമെല്ലാം ഇല്ലാത്ത പ്രാധാന്യം കൈവരുന്നു. 'To err is human, to forgive divine' എന്നെല്ലാം ഘോഷിക്കാൻ തുടങ്ങുന്നു. തെറ്റ് മാനുഷികമെങ്കിൽ, മാപ്പ് നല്കലും മാനുഷികമാവേണ്ടതല്ലേ? മാപ്പു നൽകുക എന്നത് ദൈവികമാണെങ്കിൽ, തെറ്റു പറ്റുക എന്നതും ദൈവികമാണെന്ന് കരുതേണ്ടി വരും. ഒരുപക്ഷേ, മനുഷ്യന്റെ വളർച്ചയിൽ 'തെറ്റ്, ശരി' എന്നീ സങ്കല്പങ്ങളിലാണെന്നു തോന്നുന്നു ഏറ്റവും കൂടുതൽ തെറ്റ് പറ്റിപ്പോയിട്ടുള്ളത്.


മാപ്പു നല്കുക എന്നത് ഇത്രക്കും ദൈവികമായിട്ടുള്ളതാണെങ്കിൽ സ്വയം മാപ്പു നൽകിയാൽ പോരെ? അവിടെ നമ്മുടെ മനസ്സ് പുറത്തെടുക്കുക മറ്റൊരു അടവാണ് - പശ്ചാത്തപിക്കൽ. വെറും പശ്ചാത്തപിക്കലല്ല. തെറ്റിനു വിലയിട്ടതിനു ശേഷം അതിന്റെ ഇരട്ടി വിലയുള്ള പീഢ സ്വയം ഏറ്റെടുക്കൽ. പെട്ടെന്നു തോന്നിപ്പോവുക, പറ്റിപ്പോയ തെറ്റിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഒരാൾ പ്രായശ്ചിത്തത്തിലൂടെ ചെയ്യുന്നതെന്നാണ്. നേരെ തിരിച്ചാണ് വാസ്തവം. ചെയ്തുപോയ തെറ്റിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറാനുള്ള ഉപാധിയായാണ് പശ്ചാത്താപത്തെ വരിക്കുന്നത്. 


ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്തത്, തനിക്ക് മാറേണ്ടി വരുന്നു എന്നതുകൊണ്ടാണ്. താൻ ഇതുവരേക്കും ധരിച്ചുവെച്ചിരുന്നവ അപ്പാടെ മാറ്റിപ്പണിയേണ്ടി വരുന്നു. താൻ ഇതുവരേക്കും പടുത്തുയർത്തിയിട്ടുള്ള പ്രതിഛായകൾ നൊടിയിടയിൽ ഉടഞ്ഞു വീഴും. തനിക്കുണ്ടെന്ന് വിചാരിച്ചിരുന്ന പ്രാധാന്യവും (self importance) ബഹുമാനവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെയാകും. അപ്പോൾ പിന്നെ പ്രതിഛായകൾക്കു കാര്യമായ കോട്ടം വരുത്താതെ സന്ദർഭത്തിൽ നിന്നും തടിയൂരുക എന്ന പരിപാടിയാണ് പശ്ചാത്താപം കൊണ്ട് നാം നേടാൻശ്രമിക്കുന്നത്. പശ്ചാത്താപം 'തെറ്റ്' എന്ന അർത്ഥത്തിലല്ല ഇവിടെ പരാമർശിക്കുന്നത്. മറിച്ച് അതിലെ വിവേകമില്ലായ്‌മയും പതിയിരിക്കുന്ന മനോ കാപട്യങ്ങളും ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. 


പശ്ചാത്താപത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ, തെറ്റിനെ പാപമെന്നു പരിഭാഷപ്പെടുത്തിയ മതങ്ങൾ ഒന്നിനൊന്നു മത്സരിച്ചുവരികയായിരുന്നു. സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് അവയുടെ ആണിക്കല്ലെന്ന് തോന്നും വിധമാണ് പശ്ചാത്താപത്തിനു കൊടുത്തിരിക്കുന്ന പ്രധാന്യം. അതേസമയം കൗതുകകരമായ സംഗതിയെന്തെന്നാൽ, മിക്ക മതപശ്ചാത്തലങ്ങളിലും, ഇസ്ലാമാകട്ടെ, ക്രിസ്തുമതമാകട്ടെ, യഹൂദമതമാകട്ടെ, ഗ്രീക്കുകാരുടെ metanoia യാകട്ടെ, പശ്ചാത്താപത്തിനുപയോഗിക്കുന്ന വാക്കുകളുടെയെല്ലാം അർത്ഥം തിരിച്ചുപോക്ക് - returning - എന്നാണ്. എന്തിനധികം, പശ്ചാത്താപം എന്ന പദത്തിന്റെ തന്നെ ധ്വനി 'പിന്നോട്ട് പോവുക' എന്നാണ്.


അങ്ങനെയെങ്കിൽ, പശ്ചാത്താപം കൊണ്ട് ഉദ്ദേശിക്കുന്നത്, തെറ്റെന്ന് വിചാരിക്കുന്ന ആ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോവുക എന്ന് മാത്രമാണ്. ഒരു കവലയിൽ നിന്നും നാം തെറ്റായ ഏതോ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപക്ഷേ അതിന്റെ ഭാഗമായി കുറച്ചു നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകാം. ഇനി ആകെ ചെയ്യാനുള്ളത് ആ കവലയിലേക്കു തിരിച്ചുനടക്കുക എന്നതാണ്. അതിനുശേഷം തീരുമാനിക്കാം ഏതാണ് ശരിക്കും പോകേണ്ട വഴിയെന്ന്.

തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിന്റെ പേരിൽ നമുക്ക് ഒരല്പം ജാള്യതയോ വിഷമമോ തോന്നാം. അതുപക്ഷേ, ഏതെങ്കിലും വിശ്വാസത്തിന്റെയോ പ്രതിച്ഛായയുടെയോ പേരിലല്ല തോന്നേണ്ടത്; വെറും സാമാന്യ ബോധത്തിന്റെ പേരിൽ - just common sense. ഉണർവോടെയിരിക്കേണ്ടിയിരുന്ന നാം ഒരു നിമിഷ നേരത്തേക്ക് ഉറങ്ങിപ്പോയല്ലോ എന്ന് ഓർക്കുന്നതുപോലെ. ആ ഒരൊറ്റ തിരിച്ചറിവുകൊണ്ട് സംഭവിക്കേണ്ടത് ഇനിയത് ആവർത്തിക്കാതിരിക്കാനുള്ള ഉണർവ്വാണ്‌. ഉണർന്നിരിക്കാൻ നാം അത്രതന്നെ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പശ്ചാത്താപത്തിന്റെ പേരിലോ, അതിരുകവിഞ്ഞ ക്ഷമായാചനത്തിന്റെ പേരിലോ മുഖം പൂഴ്ത്താൻ തക്കം പാർക്കുന്നത്. അതല്ലെങ്കിൽ, മറ്റേതെങ്കിലും ഉപഹാരങ്ങളിലൂടെയോ, തങ്ങൾക്കും മതിയായ നാശനഷ്ടങ്ങൾ സംഭവിച്ചു എന്ന് വരുത്തിതീർത്തുകൊണ്ടോ അപ്പുറത്തുള്ളയാളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്.

മുൻകോപത്തിന്റെ ഭാഗമായി ഒരാളെ നാം അധിക്ഷേപിക്കുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. കോപമടങ്ങിയതിനു ശേഷം നമുക്ക് മനസ്സിലായി, തന്റെ ചെയ്തികൾ തെറ്റായിപ്പോയെന്ന്. ആ അവസ്ഥയിൽ നമുക്ക് തോന്നുന്ന വിഷമമോ, മുൻകോപത്തിനു അടിമപ്പെട്ടുപോയി എന്നതിലുള്ള തിരിച്ചറിവോ നമുക്കു ആ വ്യക്തിയുമായി പങ്കുവെക്കാം. സാമാന്യമായ പെരുമാറ്റ രീതികളുടെ ഭാഗമായി നമുക്കയാളോട് മാപ്പുചോദിക്കാം. അയാൾ നമുക്ക് ചെവി കൊടുക്കുകയോ, ആ സംഭവത്തിന് മുൻപുണ്ടായിരുന്ന അതേ മനോ നിലയിലേക്ക് തിരിച്ചുവരികയോ ചെയ്തില്ലെന്ന് വരാം. പക്ഷേ നമുക്ക് വരാവുന്നതാണ്. ഇനി അതുപോലുള്ള സന്ദർഭങ്ങളെപ്രതി ജാഗ്രത പാലിക്കാവുന്നതാണ്. പുറത്തുചാടാൻ തക്കം പാർത്തുകിടക്കുന്ന കോപത്തിന്റെ ശേഖരത്തെപ്പറ്റി നമുക്ക് ബോധാവാനാകാം. അതിനു പകരം, ശയനപ്രദക്ഷിണം നടത്തിയതുകൊണ്ടോ, മണിക്കൂറുകളോളം മുട്ടുകുത്തിനിന്ന് കഷ്ടപ്പെട്ട് പ്രാർത്ഥിച്ചതുകൊണ്ടോ, മുൾചൂലുകൊണ്ട് സ്വയം പ്രഹരിച്ചതുകൊണ്ടോ നൂറായിരം സോറി പറഞ്ഞതുകൊണ്ടോ നാം തിരിച്ചുവരാനോ ശരിയായ ദിശയിലൂടെ യാത്ര തുടരാനോ പോകുന്നില്ല.


തെറ്റുപറ്റലും പശ്ചാത്തപിക്കലും മനസ്സിന്റെ കേളീരംഗങ്ങളായി മാറുകയാണത്രേ; ദ്വൈതത്തിൽ മാത്രം കഴിഞ്ഞുപോകുന്ന ഒരു ഉഭയജീവിയെപ്പോലെ. തന്റെ മുൻകോപത്തെ പ്രതി എല്ലായ്‌പോഴും പശ്ചാത്താപ വിവശനായി നടന്ന ഒരാളോട് ഓഷോ നിർദേശിച്ചത്, മുൻകോപത്തെ ഉപേക്ഷിക്കാനല്ല; പശ്ചാത്താപത്തെ നിർത്താനാണ്. പശ്ചാത്തപിക്കാനുള്ള അവസരം തെറ്റുചെയ്യാനുള്ള (മുൻകോപത്തിനുള്ള) മൗനാനുവാദമായാണ് മനസ്സ് മനസ്സിലാക്കുന്നത്. ആ ചാക്രികതയിലാണ് തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകൾ കുടികിടക്കുന്നത്. ബോധപൂർവ്വം ആ ചാക്രികതക്ക് ഭംഗം വരുത്താത്തേടത്തോളം നാം നമ്മുടെ തെറ്റുകളെ പരോക്ഷമായി ആഘോഷിച്ചുകൊണ്ടിരിക്കും; തെറ്റിലൂടെ കൈവന്ന വാർത്താപ്രാധാന്യത്തെ മാപ്പുപറയുന്നതിലൂടെ മഹത്വവല്ക്കരിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ.


                                           






 


Thursday, December 2, 2021

മഗ്ദലനയുടെ കാൽപ്പെരുമാറ്റങ്ങൾ

                                   

(The Chinese-born artist James He Qi’s ”Peace, Be Still” (1998)
depicts Christ stilling the waters in bold colors that recall stained-glass window.
He blends Chinese folk customs and modern western art.Credit...James He Qi)

സാഹിത്യവായന പൊതുവെ കുറവായതുകൊണ്ടുതന്നെ, റോസി തമ്പിയുടെ 'റബ്ബോനി' കയ്യിലെടുത്തത് വെറുതെ ഒരു ‘നേരം പോക്ക്’ എന്ന നിലക്കായിരുന്നു- a tea time glimpse. പക്ഷേ വളരെ പെട്ടെന്നു തന്നെ അത് അത്ര എളുപ്പം പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്താൻതുടങ്ങി. ഒരുപാടു നാളുകൾക്കു ശേഷം ഒരു നോവൽ വായന സംഭവിച്ചത് അങ്ങനെയായിരുന്നു.

ബൈബിൾ സംബന്ധിയായി എനിക്കേറ്റവും ഇഷ്ടമുള്ള പദം 'ബൈബിൾ' എന്നത് തന്നെയാണ്. ശാബ്ദികമായി അതുണർത്തുന്ന ഒരു അന്തരീക്ഷമുണ്ട് - സ്നേഹത്തിന്റെയും ഓമനത്തത്തിന്റേയുമൊക്കെ. അസ്തിത്വസംബന്ധിയായി അത്രയൊന്നും ബൗദ്ധികമായ ഔന്നത്യം പുലർത്തിയിട്ടില്ലെങ്കിലും - പുതിയ നിയമത്തിലെ യേശു വിചാരങ്ങൾക്കാണ് ഉൾക്കാഴ്ചകളുടെ മേന്മയാവകാശപ്പെടാനുള്ളത്. ആ വാക്യങ്ങളോട് ഏറ്റവും നീതി പുലർത്തിയ തോമസ്സിന്റെ സുവിശേഷമാകട്ടെ, ബൈബിളിൽ ഉൾപ്പെടുത്തിയതുമില്ല! - ബൈബിളിനോട് തോന്നുന്ന സ്നേഹം, പൊടുന്നനെയെന്നോണം അതു നമ്മെ സവിശേഷമായ ആ അന്തരീക്ഷത്തിലേക്ക് ആനയിക്കുന്നു എന്നതാണ്. ലാളിത്യത്തിന്റെ, തീർത്തും ഭൗമികമായ ഒരു ജൈവികതയിലേക്ക്. വ്യത്യസ്തരായ ഒരുപാടാളുകളുടെ രചനകളായിട്ടും എല്ലാത്തിലും ശ്രുതി ചേർന്ന് നില്ക്കുന്ന ഭാഷാ സൗമ്യതയുണ്ട് ബൈബിളിലെമ്പാടും. ഒരുപക്ഷേ ബൈബിളിന്റെ ഭൂമിശാസ്ത്രം അത്തരമൊരു സമീകരണത്തിനു കാരണമാകുന്നുമുണ്ടാകാം. ഏതായാലും റബ്ബോനി അതേ ബൈബിൾ അന്തരീക്ഷത്തെ സംവഹിക്കുന്നു എന്നുള്ളതാണ് സന്തോഷകരമായ വസ്തുത.


എന്നാൽ ഇതിനേക്കാളൊക്കെ, ഈ രചനയോട് സ്നേഹവും ബഹുമാനവും തോന്നാൻ (വ്യക്തിപരമായി) മറ്റു ചിലതാണ് കാരണങ്ങൾ. 

യേശുവിനോടൊപ്പം എന്നും കേട്ടുപോന്നിട്ടുള്ള ഒരു പേരാണ് യൂദാസ്. തുടക്കം മുതൽ തീരെ ബോധിച്ചിട്ടില്ലാത്ത ഒന്നായിരുന്നു, യൂദാസ് തന്റെ ഗുരുവിനെ വെറും മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു എന്നത്. എന്തെന്നാൽ, കേട്ടത് പ്രകാരം യേശു ഒട്ടും രഹസ്യമായിട്ടല്ല ജീവിച്ചിരുന്നത്. തീർത്തും സാധാരണക്കാരായ കുറച്ചാളുകളുടെ ഇടയിൽ ഇടപഴകി എന്നതൊഴികെ സവിശേഷമായ അജണ്ടകളോ എന്തെങ്കിലും പിടിച്ചടക്കാനുള്ള തത്രപ്പാടുകളോ അവന്റെ ജീവിതത്തിൽ ഉള്ളതായി കാണുന്നില്ല. ഒരു ഒറ്റിക്കൊടുപ്പിന്റെ ആവശ്യകത ഉണ്ടായിരുന്നതേയില്ല. പുറത്തുനിന്നും വരുന്ന ഏതെങ്കിലും കൊട്ടേഷൻ സംഘങ്ങളൊന്നുമല്ല യേശുവിനെ പൊക്കിക്കൊണ്ടുപോകാൻ വരുന്നത്. ആളെ കാണിച്ചുക്കൊടുക്കാനും സ്കെച്ചിടാനും മറ്റും ആരുടേയും സഹായം വേണ്ടിയിരുന്നില്ല. യേശുവിനെ തിരിച്ചറിയാതിരിക്കുന്ന പ്രശ്നമില്ല. മുപ്പതു വെള്ളിക്കാശ് ഒരു വലിയ തുകയായിരുന്നെങ്കിൽ നിസ്സാരമായ ഒരുകാര്യത്തിനു വേണ്ടി ഭരണകൂടം ഇത്രയും തുക ചെലവാക്കാൻ ന്യായമില്ല. യേശുവിന്റെ നീക്കങ്ങളെപ്പറ്റി അറിയാൻ വേണ്ടി യൂദാസിന് ചില്ലറ കൊടുത്ത് വശത്താക്കി എന്ന് പറയാനുമാവില്ല. യേശു നടന്നിരുന്നത് ഇന്നത്തെ തിരക്ക് പിടിച്ച ടെൽ അവീവിലോ മറ്റോ ആയിരുന്നില്ലല്ലോ. കുതിരപ്പുറത്ത് ഒന്ന് കറങ്ങിയാൽ പത്തു മിനിറ്റു കൊണ്ട് അറിയാവുന്നതേയുള്ളൂ യേശുവിന്റെ നീക്കങ്ങൾ. യേശുവിന്റ ശിഷ്യന്മാരിൽ വിവരമുണ്ടായിരുന്ന ഒരാൾ യൂദാസാണ് എന്നാണ് കേട്ടിട്ടുള്ളത്. അയാൾ ഒറ്റുകയാണെങ്കിൽ ഇതിലും പ്രയോജനകരമായ രീതിയിൽ വേണമായിരുന്നു. യേശു മാത്രമല്ലല്ലോ, യൂദാസും ഒരു ജൂതനായിരുന്നു. മൊത്തത്തിൽ ലാഭകരമല്ലാത്ത ഒന്നിനും, യൂദാസെങ്കിലും തുനിയുമെന്നു തോന്നുന്നില്ല.

ഭരണകൂടത്തിന് നേരെയുണ്ടായ നിസ്സാരമായ ഒരു തലവേദനയായിരുന്നു യേശു. ആൾക്കൂട്ടങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്ന ഭരണപക്ഷ നയത്തിൽ സംഭവിച്ചുപോയ നേരിയ ചില ജാഗ്രതക്കുറവാണ് യേശുവിന്റെ കുരിശാരോഹണത്തിൽ കലാശിച്ചത്. അങ്ങനെയാണ് പിലാത്തോസിന് ഒരു രാഷ്ട്രീയക്കാരനായി കൈകഴുകേണ്ടി വന്നത്. ഭരണകൂടം ആവശ്യപ്പെടുന്ന ആരെ വേണമെങ്കിലും വകവരുത്തുക എന്നത് ഒരു കാലത്തും ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ടും പക്ഷേ യൂദാസും മുപ്പതു വെള്ളിക്കാശുമെല്ലാം കഥയിൽ ഇടം പിടിച്ചത് തീരെ ചേർന്നുപോകാത്ത ഗൂഢാലോചനയായി മനസ്സിൽ തങ്ങി നിന്നിരുന്നു, ആദ്യ ബൈബിൾ വായനയിൽത്തന്നെ. 


റബ്ബോനി എന്ന നോവൽ, രാഷ്ട്രീയ ഗൂഢാലോചനകളുടെ പിന്നാമ്പുറങ്ങളിലേക്കു ദൃഷ്ടിയയക്കുന്നുണ്ട്, ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിലും. യൂദാസിന്റെ ഒറ്റിക്കൊടുക്കൽ മുതൽ ക്രിസ്തുമതം വരേയ്ക്കും, പത്രോസിന്റെ കാർമ്മികത്വത്തിലുള്ള ഗൂഢാലോചനയുടെ (അബോധപരമായിട്ടെങ്കിലും) ഫലമാണ് എന്നത്, ആഘാതമേല്പിക്കാവുന്ന തിരിച്ചറിവാണ്. ആ ആഘാതത്തിന്റെ ധ്വനികൾ, നമുക്കിടയിൽ മുഴങ്ങുന്നില്ലെങ്കിൽ, എന്തിനേയും വിഴുങ്ങാനാവുന്ന priest & politician mafia യുടെ buffering effect നമ്മുടെയുള്ളിൽ എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്ന് മനസ്സിലാക്കുക. 

മഗ്‌ദലനയുടെ ജീവിതത്തെവച്ചുകൊണ്ട് പത്രോസും കൂട്ടരും നടത്തിയ കിംവദന്തികൾ, മഗ്ദലനയെ  യേശുവിന്റെ ആത്മീയപരിസരത്തെ പ്രധാനിയാവുന്നതിൽ നിന്നും തടയാൻ നടത്തിയ ശ്രമങ്ങൾ, യൂദാസാണ് ഒറ്റിയതെന്നും അതിനെത്തുടർന്ന് അയാൾ പശ്ചാത്തപിച്ചുകൊണ്ട് തൂങ്ങിച്ചത്തെന്നും പറഞ്ഞു പരത്തൽ (ഒരു പക്ഷേ അതായിരിക്കാം ഭരണകൂടത്തിനും ആത്മീയ ദല്ലാൾമാർക്കുമിടയിൽ നടപ്പിൽ വരുത്തപ്പെട്ട ആദ്യത്തെ രാഷ്ട്രീയ അന്തർധാര!), പിന്നീട് മതശാഠ്യങ്ങളെകൊണ്ട് പൊറുതിമുട്ടിയ ജനതയുടെ നേരെ യേശുവിന്റെ പേരിൽ പരിഷ്കരിക്കപ്പെട്ട മതശാഠ്യങ്ങൾ നടപ്പിൽ വരുത്തൽ, തുടങ്ങി വലിയ ഒരളവിൽ ക്രിസ്തുമതത്തിന്റെ (ഏതു മതത്തിന്റേയും) അടിത്തറ പണിയപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നുണ്ട് റോസി തമ്പി.


കുറച്ചുകൂടി അകത്തളങ്ങളിലേക്ക് നോവലിസ്റ്റ് കടന്നു ചെന്നിരുന്നെങ്കിൽ എന്ന് സ്വാഭാവികമായും ആഗ്രഹിച്ചു പോകും, റിച്ചാർഡ് ബാകിനെപ്പോലെ. ആത്മീയമായ ചില ഉൾക്കാഴ്ചകൾ, പ്രായോഗികതയിൽ നിന്നും തെന്നിമാറി മതമെന്ന പേരിലുള്ള കുത്സിത ചര്യകളിലേക്കു വീണുപോകുന്നതെങ്ങനെയെന്ന് വിശദമായി ആവിഷ്ക്കരിച്ചിരിക്കുന്നത് റിച്ചാർഡ് ബാക് ആണ് - ജോനാഥൻ സീഗളിന്റെ ഏറ്റവും പുതിയ പതിപ്പിൽ ചേർത്തിരിക്കുന്ന നാലാം അധ്യായത്തിൽ. അവബോധത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആരാധനയുടെ മയക്കത്തിലേക്ക് വീണുപോകാൻ വരി നില്ക്കുന്ന ഒരു ജനതയെ കാണിച്ചു തരുന്നുണ്ട് അദ്ദേഹം. 

(അതേപ്പറ്റി മുൻപെഴുതിയ ഒരു ലേഖനമുണ്ട് - ലിങ്ക് കമന്റ് ബോക്സിൽ).

അനുയായിവൃന്ദങ്ങളുടെ മനോവ്യാപാരങ്ങൾ മിക്കപ്പോഴും അങ്ങനെയാണ്. അടിസ്ഥാനപരമായി അവർ ആൾക്കൂട്ടങ്ങൾ തന്നെ. ക്രൂശിക്കുക എന്നത് ആൾക്കൂട്ടത്തിന്റെ സ്ഥായിയായ പ്രവണതയാണ്. അതിനു പറ്റാതെ വരുമ്പോൾ, മനസ്സ് ആ പ്രതിസന്ധിയെ മറി കടക്കുന്നത് ആരാധിച്ചുകൊണ്ടാണെന്നു മാത്രം. 


ഗുരുവിനും ശിഷ്യർക്കുമിടയിൽ ആരാധനക്കിടമില്ല. ഗുരുവിനും ശിഷ്യർക്കുമിടയിൽ ക്രൂശിക്കലിനുമിടമില്ല, യാതൊരു വിധത്തിലുമുള്ള ഒറ്റിനുമിടമില്ല. ശിഷ്യരുടെ മനസ്സ് ആ ദിശയിലൊന്നും ചരിക്കില്ലെന്നല്ല. മനസ്സുള്ളേടത്തോളം അത് എങ്ങനെ വേണമെങ്കിലും ചരിച്ചെന്നിരിക്കും. എന്നാൽ ഗുരുവിനെ സംബന്ധിച്ച് അതൊന്നും തന്നെ സ്പർശിക്കാൻ കെല്പുള്ളവയല്ല. ഗുരുവിന്റെ മുന്നിൽ ഒറ്റിക്കൊടുപ്പും ആരാധനയുമെല്ലാം പാവം ആളുകളുടെ നിസ്സഹായതയുടെ ഭാഗം മാത്രമാണ്. ഗുരുവിനും ശിഷ്യർക്കുമിടയിൽ സംഭവിക്കാനുള്ളത് ഗ്രാഹ്യമാണ് - the very understanding (of the unknowable).

യേശുവിന്റെ കുരിശുമരണം തന്നെ മറ്റൊരു കെട്ടുകഥയായിരുന്നു എന്ന് വിചാരിക്കാൻ ബലമേകുന്ന തെളിവുകൾ പലതുമുണ്ട്. കുരിശിലേറ്റൽ   സാബത്തിന്റെ തലേന്നത്തേക്ക് നിശ്ചയിച്ചതും, ഇറക്കികൊണ്ടുവന്ന ശരീരം കല്ലറയിൽ നിന്നും കാണാതെ പോയതുമെല്ലാം സമാന്തരമായി നടന്ന മറ്റൊരു സാഹസികതയാണ്. അത്തരം സംഗതികളിലേക്കൊന്നും നോവൽ കടന്നു ചെല്ലുന്നില്ല. മനഃപൂർവ്വമാകാം.

അതേസമയം, കുരിശുമരണം വെറും കെട്ടുകഥയാവുന്ന മറ്റൊരു തലമുണ്ട്. ആ തലത്തിൽ യേശു വിലപിച്ചിട്ടില്ല. ആ തലത്തിൽ, യേശു തന്റെ പിതാവിനെ വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആ തലത്തിൽ യേശു ചിരിച്ചിട്ടേയുള്ളൂ. ആ തലത്തിലാണ് ശരീരത്തെ വെട്ടിനുറുക്കുമ്പോഴും അൽ- ഹില്ലജ് മൻസൂർ നിലക്കാതെ ആർത്തു ചിരിച്ചുകൊണ്ടിരുന്നത്. ആ തലത്തിലാണ് അസഹനീയ വേദനയിലും രമണ മഹർഷിയും നാരായണ ഗുരുവുമൊക്കെ മന്ദഹസിച്ചുകൊണ്ടു തിളങ്ങി നിന്നത്. ആ തലത്തിലാണ് വത്തിക്കാന്റെ വിഷപ്രയോഗം സമ്മാനിച്ച തീരാ വേദനയിൽ നിന്ന്കൊണ്ട് ഓഷോ 'നമസ്തേ'യുടെ അവബോധ ജ്വാലകൾ വാനോളം പടർത്തിയത്.

യഥാർത്ഥ ഒറ്റുകാർ യേശുവിനെ ക്ഷീണിതനും കുരിശിൽ തൂങ്ങിക്കിടക്കുന്നവനുമാക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ വിലാപത്തിന്റെ പ്രതിനിധിയാക്കുന്നു. യഥാർത്ഥ ഒറ്റുകാർ 'യേശു ചിരിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ ദുരിതത്തിന്റെ മേലങ്കിയണിയിപ്പിക്കുകയും ദുരിതത്തെ (suffering) ദുഃഖമെന്ന് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥ ഒറ്റുകാർ ആനന്ദത്തെ ഭയപ്പെടുന്നു; ആനന്ദത്തെ കാംക്ഷിക്കുന്നവർ പാപികളാണെന്നു വ്യഖ്യാനിച്ചു വിജയിക്കുകയും ചെയ്യുന്നു.

കുരിശിൽ കിടന്ന് ചിരിച്ചുവശാവാനാണ് ഗുരുക്കന്മാരുടെ വിധി. അത്രയ്ക്കുണ്ട് നാം അനുയായികളുടെ വകതിരിവില്ലായ്കകൾ. ഓഷോ പങ്കുവെച്ച ഒരു തമാശയുണ്ട്, യേശുവിനെക്കുറിച്ച്. ആദ്യം കേട്ടപ്പോൾ തോന്നിയത് ഓഷോ യേശുവിനെ കളിയാക്കിയതെന്നാണ്. കളിയാക്കാൻ കിട്ടുന്ന, അത് ആരെയായലും എവിടെയായാലും, ഒരവസരവും ഓഷോ വിട്ടുകളയാറില്ലല്ലോ. പിന്നീടാണ് മനസ്സിലായത് യേശു പത്രോസിനെ ട്രോളിയതാണെന്ന്. അതിങ്ങനെയാണ്:


യേശു കുരിശിൽ കിടക്കുന്നു. ചോര വാർന്നുകൊണ്ടിരിക്കുന്നുണ്ട്. നേരം ഇരുട്ടാൻ തുടങ്ങുന്നു. ചുറ്റും തടിച്ചുകൂടിയ ആളുകൾ മുഴുവനും പിരിഞ്ഞുപോയിട്ടില്ല. 

പത്രോസ് പതിയെ അവിടെ നിന്നും മുങ്ങാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ഒരു വിളി കേട്ടത് ,'പത്രോസ്'.

പത്രോസ് ഞെട്ടിത്തിരിഞ്ഞു. പരിചയമുള്ള സ്വരം. ഓ, യേശുവാണ് വിളിക്കുന്നത്! തനിക്കു തോന്നിയതായിരിക്കുമോ? പത്രോസ് മുൾക്കാടുകളിൽ ഒളിക്കാൻ ശ്രമിച്ചു. യേശുവിന്റെ ശബ്ദം വീണ്ടും,'പത്രോസ്, പത്രോസ്..'

പിരിഞ്ഞുപോകാൻ തുടങ്ങിയിരുന്ന ജനക്കൂട്ടം മുഴുവനും തിരിഞ്ഞു നിന്ന് കാതോർത്തു. പത്രോസ് മുൾക്കാട്ടിൽ നിന്നും പുറത്തേക്കു വന്നു. 

യേശു വീണ്ടും വിളിച്ചു,'പത്രോസ്, പത്രോസ്....ഇങ്ങു വരൂ.'

പത്രോസിന്റെ കാലുകൾ വിറച്ചു. വിളികേൾക്കാൻ ശബ്ദം പൊങ്ങിയില്ല. അവന്റെ തൊണ്ട വരണ്ടുപോയി. അവനിൽ ഭയവും അവിശ്വാസ്യതയും ഇരച്ചു കയറി. യേശു ശരിക്കും ബോധത്തോടെയാണോ തന്റെ പേര് ഉച്ചരിക്കുന്നത്? താൻ തള്ളിപ്പറഞ്ഞതൊക്കെ വെറുതെയാകുമോ? അവരെങ്ങാനും ഇതറിഞ്ഞാൽ. പത്രോസിന്റെ കണ്ണിൽ ഇരുട്ട് കയറി. ജനക്കൂട്ടം മുഴുവനും വീർപ്പടക്കി കാത്തു നില്ക്കുകയാണ്. ആകാശത്തിനെതിരായി നിലകൊള്ളുന്ന മൂന്ന് വലിയ കുരിശുകൾ. അവയിലൊക്കെയും ചോര വാർന്നുകൊണ്ടിരിക്കുന്ന ദേഹങ്ങൾ. അതിലൊരാൾ തന്നെ പേരെടുത്തു വിളിക്കുന്നു. പത്രോസിനു തോന്നി താൻ ഇപ്പോൾ മരിച്ചുപോയേക്കുമെന്ന്. അപ്പോഴേക്കും യേശു വീണ്ടും വിളിച്ചു, 'പത്രോസ് ഇങ്ങടുത്തേക്ക് വരൂ.'


പത്രോസ് ഒരു കണക്കിന് യേശുവിനെ തൂക്കിയിട്ടിരുന്ന കുരിശിനടുത്തേക്ക് ചെന്നു. അവന്റെ കാലുകൾ കുഴഞ്ഞുപോയിരുന്നു. യേശുവിനു മുൻപിൽ അവന് എഴുന്നേറ്റു നില്ക്കാനായില്ല. അവൻ മുട്ടിൽ നിന്ന് യേശുവിനു നേരെ മുഖമുയർത്തി. 

യേശു അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇത്രയും ഉയരത്തിൽ നിൽക്കുമ്പോൾ, അങ്ങ് ദൂരെ എനിക്ക് നിന്റെ വീട് കാണാൻ പറ്റുന്നുണ്ട്!!'


            *                         *                    *                      *


ഗുരു എന്ന പ്രതിഭാസം ആൾക്കൂട്ടത്തിനു നേരെയുള്ള ഒരു ട്രോൾ ആണ്; എന്നുമെന്നും സമകാലീനമായിക്കൊണ്ടിരിക്കുന്ന നിശിതമായ ഒരു ഷാർപ് ട്രോൾ. അതിനപ്പുറമുള്ള എല്ലാ വ്യാഖ്യാനങ്ങളും ഗൂഢാലോചനയാണ്, ബോധരാഹിത്യത്തിന്റെ ഗൂഢാലോചന മാത്രം.

വ്യാഖ്യാനങ്ങൾ അവസാനിക്കുന്നേടത്താണ് മഗ്ദലനമാരുടെ കാൽപ്പെരുമാറ്റങ്ങൾ കേൾക്കുന്നത്. അവിടെയാണ് മീരയുടെ ചിലങ്കകൾ നൃത്തമുതിർക്കുന്നത്. അവിടെയാണ് റാബിയമാർ ആർത്തുചിരിച്ചുകൊണ്ട് ഹസന്റെ തലക്കിട്ട് മേടുന്നത്‌. റബ്ബോനി ഇഷ്ടപ്പെടുന്നത് 'നാഥാ, അങ്ങ് എന്നെ നയിക്കേണമേ' എന്ന് കേൾക്കാനല്ല. റബ്ബോനി ഇഷ്ടപ്പെടുന്നത് ,'ഹായ് റബ്ബോനി, ചിയേർസ്!' എന്ന് വീഞ്ഞ് പകരാനാണ്. അതിന് മഗ്ദലനമാരോളം സ്നേഹവും ധീരതയും മറ്റാർക്കാണുള്ളത്? 

മഗ്ദലനയുടെ കാൽപ്പെരുമാറ്റങ്ങൾ ശുഭസൂചനയാണ്.


റോസി തമ്പിക്ക് നന്ദി.

സന്തോഷം.