Featured Post

Sunday, January 19, 2020

ഉണർവിലേക്കുള്ള പടവുകൾ - 2

 



                                  നവ്യതയുടെ നിമിഷങ്ങൾ

ഒരു വർഷം കൂടി കടന്നുപോയതായി നാം എണ്ണുകയാണ്, കലണ്ടറുകളെ മുന്നിൽ വെച്ചുകൊണ്ട്. ഒരു പുതിയ വർഷം പിറവിയെടുക്കുന്നതായി നാം ആവേശം കൊള്ളുന്നു. 'പുതുവർഷവാഴ്ത്തുക്കളെക്കൊണ്ട്' നമ്മുടെ ഇൻബോക്സുകളും ഫോണുകളും നിറഞ്ഞുകവിയുന്നു. പുതുവർഷപ്പിറവിയുടെ ഭാഗമായി നാം വിശേഷപ്പെട്ട ആഘോഷങ്ങളും സൽക്കാരങ്ങളും സംഘടിപ്പിക്കുന്നു. പലതരത്തിലുള്ള പാരിതോഷികങ്ങൾ കൈമാറുന്നു. വർഷത്തിലെ അവസാന ദിവസം അവസാന നാഴികകൾ, അതിപ്രധാനമായ എന്തോ ചിലത് സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ  10, 9 ,8 ,7 ..........1 ,0 എന്നിങ്ങനെ ഉച്ചത്തിൽ കൗണ്ട് ഡൌൺ ചെയ്യുന്നു. wow! happy new year !!!

പക്ഷേ, ഇവയെല്ലാം തന്നെ കഴിഞ്ഞ വർഷവും ചെയ്തതാണ്, ഏകദേശം ഇതുപോലെയൊക്കെത്തന്നെ. അതിനു മുൻപും. അടുത്ത വർഷവും അതിനടുത്ത വർഷവും ഇതുപോലെത്തന്നെ നാം കൗണ്ട് ഡൌൺ ചെയ്തുകൊണ്ടിരിക്കും. പത്രങ്ങളും മാസികകളുമൊക്കെ കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളേയും  മറ്റും അയവിറക്കും. ഇവയും പക്ഷേ നാം എല്ലാവർഷവും കണ്ടു പോരാറുള്ളതാണ്. എല്ലാ പുതുവർഷത്തിനും നാം ചില പ്രതിജ്ഞകളെടുക്കും- new year resolutions. പുകവലി നിറുത്തുന്നത് മുതൽ ചില സവിശേഷ സംഗതികൾ നേടിയെടുക്കുന്നത് വരെ, ചില നേട്ടങ്ങൾ കൈവരിക്കുന്നത് വരെ, നാം പലതരം പ്രതിജ്ഞകൾ എടുക്കാറുണ്ട്.. എല്ലാ പ്രതിജ്ഞകളും പക്ഷേ പതിവ് പ്രതിജ്ഞകൾ മാത്രമാണ്. നാല് ദിവസമേ അവക്ക് ആയുസ്സുള്ളൂ. എല്ലാ പുതുവർഷപ്പിറവികളും അത്രതന്നെ പുതിയതല്ലാതായിത്തീരുന്നു. പിറന്നു വീഴുമ്പോഴേക്കും പുതിയ വർഷത്തിന്റെ പുതുമ നഷ്ടപ്പെടുകയായി. പുതുവർഷമെന്നല്ല, ആകാംക്ഷാപൂർവ്വം നാം കാത്തുകൊണ്ടിരുന്ന സകലതും ഏതു നിമിഷം മുതലാണ് പഴമയുടെ പൊടിയിൽ ആണ്ടുപോകാൻ തുടങ്ങിയതെന്ന് നമുക്ക് അറിയാൻ സാധിക്കുന്നില്ല.


വന്നു ചേരുന്ന സകലതിനേയും ഒരു നൊടിയിടയിൽ പഴയതായി അവതരിപ്പിക്കുകയും പുതിയതിനായി ആർത്തിയോടെ വാ പിളർന്ന് കാത്തിരിക്കുകയും ചെയ്യുന്ന ഒരു മഹാ യന്ത്രമുണ്ട് നമുക്കകത്ത്. അതിനെയാണ് നാം മനസ്സ് എന്ന് പറഞ്ഞുപോരുന്നത്. അതിലൂടെ കയറിപ്പോകുന്നതെന്തും പഴയതായിട്ടേ പുറത്തുവരൂ. മനുഷ്യനെന്ന ഈ പ്രതിഭാസം ഉരുവപ്പെട്ട അന്നു മുതലേ ഈ യന്ത്രം അങ്ങനെയാണ്. അതുകൊണ്ടാണ് കാത്തുകാത്തിരുന്ന എല്ലാ കസ്തൂരി മാമ്പഴങ്ങളും മടുപ്പിന്റെ കാക്ക കൊത്തിപ്പോകുന്നത്.


ഈ വസ്തുതയോട് സാധാരണയായി നാം രണ്ടു വിധത്തിലാണ് പ്രതികരിക്കാറുള്ളത്. ഓരോ നിമിഷവും പുതുമകൾ കണ്ടെത്തിക്കൊണ്ട്. പുതിയ വസ്തുക്കൾ, പുതിയ വസ്ത്രങ്ങൾ, പുതിയ പാർപ്പിടങ്ങൾ, പുതിയ വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ....എന്നിങ്ങനെ. അതല്ലെങ്കിൽ പുതിയതായിട്ടുള്ള സകലതിനേയും നിർബന്ധപൂർവ്വം നിരാകരിച്ചുകൊണ്ട്. പുതിയവയെല്ലാം കൃത്രിമമാണെന്നും കപടമാണെന്നും മൂല്യമില്ലാത്തതാണെന്നും മൂല്യമെല്ലാം പണ്ടുണ്ടായിരുന്നവക്കാണെന്നും ശാഠ്യം പിടിച്ചുകൊണ്ട് ആ വഴിയിലൂടെ ജീവിച്ചുപോകുന്നവർ. സാമൂഹ്യ പ്രസക്തർ മുതൽ സന്ന്യാസിമാർ വരെ പൊതുവെ ഇക്കൂട്ടത്തിൽ പെടുന്നവരാണ്. ഈ രണ്ടു കൂട്ടരും പക്ഷേ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത് മനസ്സെന്ന അച്ചുതണ്ടിനെ ആശ്രയിച്ചുകൊണ്ടുതന്നെയാണ്. ഒരു കൂട്ടർ വലത്തോട്ട് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ മറ്റേ കൂട്ടർ ഇടത്തോട്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. അത്ര തന്നെ. 


പുതുമകളെ മാത്രം തേടി നടക്കുന്നവർക്ക് അവ പഴയതായിപ്പോകുന്നതിനെ തടയാനാവുന്നില്ല. പഴമകളെ അള്ളിപ്പിടിക്കുന്നവർക്ക് പുതിയവയെ ആശ്രയിക്കാതെ നിവൃത്തിയുമില്ല. ഈ രണ്ടവസ്ഥകൾക്കുമിടയിൽ, ഇരുട്ട് നിറഞ്ഞ കയത്തിലേക്ക് വീണുപോകുന്നത് ജീവിതമെന്ന ഉണർവ്വാണ്, അതിന്റെ ആനന്ദമാണ്, അതിന്റെ സുതാര്യതയാണ്, അതിന്റെ സ്വാസ്ഥ്യമാണ്, അതിന്റെ സ്വരലയമാണ്.


നാം ചരിച്ചുകൊണ്ടിരിക്കുന്നത് പഴകിപ്പതിഞ്ഞ പൊഴികളിലൂടെയാണ്. എത്ര തന്നെ യാതന നിറഞ്ഞതായിരുന്നാലും, പരിചിതത്വം നമ്മിൽ ഉത്ക്കണ്ഠകൾ കുറക്കുന്നു. അപരിചിതമായവയാകട്ടെ, എത്ര തന്നെ സുന്ദരമായിരുന്നാലും ജാഗ്രതയുടെ, ശ്രദ്ധയുടെ, അവബോധത്തിന്റെ, ഉണർവിന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പുതിയ ഒരു ഗാനത്തെ നാം 'old' ആക്കി മാറ്റിയതിനു ശേഷം 'gold' ആയി ഭാവന ചെയ്യുന്നത്. പഴമയെ, ജീർണ്ണതയെ എത്ര തന്നെ തള്ളിപ്പറഞ്ഞാലും പിന്നെയും പിന്നെയും നാം ആ വഴിക്കു തന്നെ സഞ്ചരിക്കുന്നത് വർത്തമാനം ( present ) എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ വേണ്ടി മാത്രമാണ്. ഉത്തരവാദിത്തമില്ലായ്ക (ഓരോ നിമിഷത്തോടും), നമ്മെ മുഷിവിന്റേയും മടുപ്പിന്റെയും ചാരം കൊണ്ട് മൂടിക്കളയുന്നു.



അമേരിക്കൻ എഴുത്തുകാരിയും നടിയും ഗായികയുമായിരുന്ന പോർഷ്യ നെൽസൺ -portia nelson- എഴുതിയ മനോഹരമായ ഒരു കവിതയുണ്ട്, 'അഞ്ച് അധ്യായങ്ങളിൽ ഒരാത്മകഥ' എന്ന പേരിൽ. ഈ ലോകത്ത്‌ ജീവിച്ചു മരിച്ചു പോയിട്ടുള്ളവരും ജീവിച്ചുകൊണ്ടിരിക്കുന്നവരുമായിട്ടുള്ള സകല മനുഷ്യരുടേയും ആത്മകഥയാണത്, അതിലെ അവസാന അദ്ധ്യായമൊഴികെ. ആ കവിത ഇങ്ങനെയാണ്:


അദ്ധ്യായം 1 
ഞാൻ നടക്കുന്ന വഴിയുടെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ അതിൽ വീണുപോകുന്നു...നിസ്സഹായയാണ് ഞാൻ.
ഞാൻ വീണത് എന്റെ കുഴപ്പം കൊണ്ടല്ല.
കാലങ്ങളായി, പുറത്തുകടക്കാനുള്ള 
ഒരു ഉപായം ആരാഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ.


അദ്ധ്യായം 2 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ ഭാവിക്കുന്നു, ഞാനതിനെ കാണുന്നില്ലെന്ന്.
ഞാൻ വീണ്ടുമതിൽ വീണുപോകുന്നു.
എനിക്കു വിശ്വസിക്കാനാകുന്നില്ല,
ഞാൻ വീണിരിക്കുന്നത് അതേ കുഴിയിൽത്തന്നെയാണെന്ന്.
എന്നാലും പക്ഷേ, അതെന്റെ കുറ്റം കൊണ്ടല്ല.
അതിൽ നിന്നും പുറത്തുകടക്കാൻ കാലം കുറേയെടുക്കുന്നു.

അദ്ധ്യായം 3 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ കാണുന്നുണ്ട്, അവിടെയൊരു കുഴിയുണ്ടെന്ന്.
എന്നിട്ടും പക്ഷേ ഞാനതിൽ വീണുപോകുന്നു....അതൊരു ശീലമാണ്.
എന്റെ കണ്ണുകൾ തുറന്നിരിപ്പുണ്ട്.
എനിക്കറിയാം ഞാൻ എവിടെയാണെന്ന്.
അത് എന്റെ കുറ്റമാണ്.
ഞാൻ ഉടൻ തന്നെ പുറത്തുകടക്കുന്നു.


അദ്ധ്യായം 4 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ അതിനെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്നു.


അദ്ധ്യായം 5 
ഞാൻ മറ്റൊരു വഴിയിലൂടെ നടക്കുന്നു.


അവസാനത്തെ ഈ അദ്ധ്യായം, വഴി മാറി നടക്കുകയെന്നത്, മനസ്സിന്റെ പതിവുകളിൽ നിന്നും മാറി നടക്കലാണ്. അത് ഭൂതവും ഭാവിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതല്ല. ആ വഴിയിൽ പഴയ വസ്തുവെന്നോ പുതിയ വസ്തുവെന്നോ ഇല്ല. നവീനമായ അനുഭൂതി മാത്രമേയുള്ളൂ. ആ അനുഭൂതിയിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ച്, ഏതു നിമിഷവും പുതുവർഷപ്പിറവിയാണ്. ഏതു വർഷവും ഒരു മഞ്ഞുതുള്ളിയെപ്പോലെ നവീനമാണ്.

എങ്ങനെയാണ് മനസ്സിന്റെ പൊഴികളിൽ നിന്നും മാറി നിൽക്കുക എന്ന് ചോദിച്ചാൽ, ഏറ്റവും എളുപ്പം പ്രയോഗിച്ചുനോക്കാവുന്ന ഒരു മാർഗമുണ്ട്: നാം ഏർപ്പെട്ടിരിക്കുന്ന പ്രവർത്തി ഏതുമാകട്ടെ, ഒരൊറ്റ നിമിഷ ത്തേക്ക് സ്വയം ഓർക്കുകയും നിശ്ചലമാവുകയും ചെയ്യുക- SUDDEN STOP ! തീർത്തും നിശ്ചലം. മനസ്സെന്ന തുടർച്ചക്ക് ഒരു മുറിവ് സംഭവിക്കും. ആ നിമിഷം കാതിൽ വന്നു വീഴുന്ന ശബ്ദങ്ങളെ നാം യാതൊരു വിധത്തിലും വ്യാഖ്യാനിക്കുകയില്ല. ആ നിമിഷം കണ്ണിനു മുന്നിലെ കാഴ്ചകളെ വെച്ചുകൊണ്ട് നാം യാതൊരു ഉപസംഹാരവും(conclusions) നടത്തുകയില്ല. വിചാരങ്ങളില്ലാത്ത ആ ഒരൊറ്റ നിമിഷം നമുക്ക് നവമായിട്ടുള്ള ഒരനുഭൂതിയായിരിക്കും.


മനസ്സിന്റെ പതിവ് വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്നവരാണ്, ഒരു പ്രതിജ്ഞയെടുക്കാൻ ജനുവരി 1, അല്ലെങ്കിൽ ജന്മദിനം പോലുള്ള മറ്റേതെങ്കിലും വിശേഷം ദിവസം തുടങ്ങിയവ തെരഞ്ഞെടുക്കുന്നത്. അവർ തന്നെയാണ് നാല് ദിവസത്തിന് ശേഷം പതിവുകളുടെ പടുകുഴിയിൽ വീണു പോകുന്നതും. ആദ്യമാദ്യം ആ വീഴ്ചയുടെ ഉത്തരവാദിത്തം തന്റേതല്ലെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കും. അതിൽ നിന്നും കര കയറാൻ വേണമെങ്കിൽ ഈ നിമിഷം തന്നെ സാധിക്കുമെങ്കിലും അതിൽത്തന്നെ കഴിഞ്ഞുകൂടുന്നതിൽ രസം കണ്ടെത്തുന്നു. എപ്പോഴെങ്കിലും എങ്ങനെയൊക്കെയോ പുറത്തുകടന്നാലും പിന്നെയും ആ വഴിക്കുതന്നെ സഞ്ചരിച്ചുകൊണ്ട് എങ്ങനെയെങ്കിലും ഒരു വീഴ്ച തരപ്പെടുത്തും. ആ വീഴ്ചയിലും അതിൽ കഴിഞ്ഞുകൂടുന്നതിലും നാം രസിക്കാൻ തുടങ്ങുന്നു. താൻ തന്നെത്തന്നെ കബളിപ്പിക്കുകയാണെന്ന് അറിയുന്ന ഒരാൾ മാത്രം ആ വഴിയിൽ നിന്നും മാറി നടക്കുന്നു. ആ വഴി മാറി നടക്കലാണ് അയാളുടെ പുതുവർഷം. അയാൾക്കെന്തിനാണ് വിശേഷിച്ചൊരു പ്രതിജ്ഞ? അയാൾക്കെന്തിനാണ് വിശേഷിച്ചൊരു തിയതി? 
എന്തായിരിക്കണം തന്റെ പുതുവർഷപ്രതിജ്ഞ എന്ന് ഒരാൾ ഓഷോയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: " അങ്ങനെയൊരു പ്രതിജ്ഞ വേണമെന്നുണ്ടെങ്കിൽ അത് ഇതായിരിക്കട്ടെ- യാതൊരു പ്രതിജ്ഞയുമില്ലാതിരിക്കൽ. ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ അഭിമുഖീകരിക്കുക. യാതൊരു പ്രമാണവുമില്ലാതിരിക്കലാണ് ഏറ്റവും മഹത്തായ പ്രമാണം, the golden rule."