Featured Post

Thursday, May 14, 2020

ഉണർവിലേക്കുള്ള പടവുകൾ - 6

                                                  ശൂന്യ ദർപ്പണം 


ചെറിയ ക്ലാസ്സുകളിൽ പാടിപ്പതിഞ്ഞ ഒരു പദ്യശകലം മനസ്സിൽ വെറുതേ പൊങ്ങിവന്നപ്പോൾ അല്പം ആശ്ചര്യം തോന്നി- 'നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ.' ഉള്ളൂരിന്റേതാണ്. മലയാളം പരീക്ഷക്ക്‌ പദ്യഭാഗം പൂരിപ്പിക്കാനായി മാത്രം കാണാതെ പഠിച്ചിരുന്നുവെന്നേയുള്ളൂ. എന്തോന്ന് നാകവും നരകവും! പദ്യഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്ന കാര്യത്തിൽ ഏറ്റവും പിന്നിലായിരുന്ന ഈയുള്ളവന്‌റെയുള്ളിൽ, മുപ്പത്തഞ്ചു വർഷം മുൻപ് പരിചയിച്ചിട്ടുള്ള രണ്ടു വരികൾ പൊടുന്നനെയെന്നോണം മുഴങ്ങിവരാൻമാത്രം  .... ഓ, പിടി കിട്ടി. കേട്ടുകൊണ്ടിരുന്ന ഒരു നേപ്പാളി ഗാനത്തിന്റെ അർത്ഥത്തിന്റെ അരികു പറ്റി കയറിവന്നതാണത്. എത്രയോ തവണ കേട്ട് പഴകിയിട്ടുള്ളതാണെങ്കിലും, ആ വരികളുടെ അർത്ഥം ഇന്നും ഒരു പുൽനാമ്പ് കണക്കെ പുതുമയേറുന്നതാണ്. ആ വിചാരങ്ങളുടെ ഭാഗമായി മസ്തിഷ്ക്കം ഓർമ്മകളുടെ ഹാർഡ് ഡിസ്‌കിൽ നിന്നും ചേർച്ച തോന്നിയ പഴയൊരു  ഫോൾഡർ വലിച്ചു പുറത്തിട്ടതാണെന്നു തോന്നുന്നു‌. അങ്ങനെയാണ് നേപ്പാളി ഗീതത്തിനിടക്ക് മഹാകവി ഉള്ളൂർ കയറിവന്നത്.


അനി ചോയിങ് ഡ്രോൽമ എന്ന ബുദ്ധ ഭിക്ഷുണി ആലപിച്ച ആ നേപ്പാളി ഗാനം ലോക പ്രസിദ്ധമാണ്: ഫൂൽകൊ ആംഖാമാ, ഫൂലൈ സംസാര, കാണ്ടാക്കോ ആംഖാമാ, കാണ്ടയ് സംസാര.'-- 'ഒരു പുഷപ്ത്തിന്റെ കണ്ണിൽ, ഈ പ്രപഞ്ചം ഒരു പുഷ്പത്തെപ്പോലെയാണ്; ഒരു മുള്ളിന്റെ കണ്ണിൽ ഈ പ്രപഞ്ചം ഒരു മുള്ളിനെപ്പോലെയാണ്.’ (കഠ്മണ്ഡുവിൽ ജനിച്ച അനി ഡ്രോൽമ തന്റെ  പതിമൂന്നാം വയസ്സിൽത്തന്നെ 'നേഗി ഗോംപ' എന്ന മഠത്തിൽ ബുദ്ധഭിക്ഷുണിയായി ചേരുകയും മന്ത്രാലാപനങ്ങളിലും മറ്റും പരിശീലനം നേടുകയും ചെയ്തു. 1994-ൽ Steve Tibbetts എന്ന അമേരിക്കൻ ഗിറ്റാറിസ്റ്റ് 'നേഗി ഗോംപ' സന്ദർശിച്ചപ്പോൾ, അനി ഡ്രോൽമയുടെ ശബ്ദ സൗന്ദര്യത്തിൽ ആകൃഷ്ടനാവുകയും അവരെക്കൊണ്ട് കുറച്ചു പാട്ടുകൾ പാടിച്ചു റെക്കോർഡ് ചെയ്യുകയുമുണ്ടായി. ആ ആൽബം അവരെ ലോകപ്രശസ്തയാക്കി. വിശേഷിച്ചും 'ഫൂൽകൊ ആംഖാമാ' എന്ന ഗാനം. കുറച്ചു വർഷങ്ങൾക്കു മുൻപ് എ.ആർ. റഹ്‌മാൻ zariya എന്ന ഗാനത്തിന് വേണ്ടി ഇവരുടെ ശബ്ദം
ഉപയോഗപ്പെടുത്തിയിരുന്നു. ‘SINGING FOR FREEDOM’ എന്ന പേരിലുള്ള  അവരുടെ ആത്മകഥയും പ്രസിദ്ധമാണ്). 


നാം എങ്ങനെയാണോ അങ്ങനെയായിരിക്കുമത്രേ നാം അനുഭവിക്കുന്ന ഈ പ്രപഞ്ചവും. നാം ദുഖിതരാണെങ്കിൽ, നമുക്ക് ചുറ്റുമുള്ളത് ദുഃഖത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ലോകമായിരിക്കും. നാം സന്തോഷത്തിലാണെങ്കിൽ ചുറ്റുമുള്ള ലോകം നമ്മെ കൂടുതൽ സന്തോഷിപ്പിക്കും. ഒരു കൗതുകത്തിനു
ഉള്ളൂരിന്റെ 'പ്രേമസംഗീതം' തെരഞ്ഞുനോക്കിയപ്പോഴാണ് കണ്ടത്, അതിന് അനുബന്ധമായി കിടക്കുന്ന വരികൾ ഇങ്ങനെയാണ്: 
'പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ.' 


നാം എപ്പോഴെങ്കിലും ധൃതി പിടിക്കുകയാണെങ്കിൽ, നമ്മുടെ ധൃതിയെ വർദ്ധിപ്പിക്കാവുന്ന വിധമായിരിക്കും നമ്മുടെ ചുറ്റുപാടുകൾ നമുക്ക് അനുഭവപ്പെടുക. നാം ശാന്തമായി ചരിക്കുകയാണെങ്കിൽ, ചുറ്റുപാടുകളും അതിനനുസൃതമായിരിക്കും. നാം അസ്വസ്ഥരാണെങ്കിൽ ചുറ്റുപാടുമുള്ള സകലതും നമ്മെ അസ്വസ്ഥരാക്കാൻ തക്കം പാർത്തിരിക്കുകയാണോ എന്ന് തോന്നും.

വിനോദയാത്രാവസരങ്ങളിൽ ഏതെങ്കിലും ആത്മഹത്യാ മുനമ്പിൽ ചെന്നുപെട്ടാൽ, ഉച്ചത്തിൽ ഓരിയിടുകയോ വിസിൽ മുഴക്കുകയോ ചെയ്യുക എന്നത് മിക്കവരുടെയും കൗതുകമാണ്. താഴ്വാരം മുഴുവനും ആ ഓരികളെ പ്രതിധ്വനിപ്പിക്കും. പ്രതിധ്വനികളോടും പ്രതിബിംബങ്ങളോടുമൊക്കെ സ്വതേ നമുക്ക് പ്രതിപത്തിയുണ്ട്. (സിനിമകളിലും സിനിമാ സംഗീത രംഗത്തും 'echo effects' നാം ഇഷ്ടം പോലെ പ്രയോഗിക്കാറുള്ളതാണ്). നാം കൊട്ടിഘോഷിച്ചുപോരുന്ന ഈ 'മഹാജീവിതം' കേവലം പ്രതിബിംബങ്ങളിൽ ഭ്രമിച്ചു വശംകെടലാണെന്നുണ്ടോ?


അങ്ങനെയാകാം; നാം പ്രതിബിംബങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുകയാണെങ്കിൽ. പ്രതിബിംബങ്ങളെപ്രതി ഒന്നിനെതിരെ മറ്റൊന്നിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ. 


ഒരു ക്യൂബിന്റെ ത്രിമാന ചിത്രത്തിലേക്ക് ഉറ്റു
നോക്കുകയാണെങ്കിൽ, ഒരു നിമിഷ നേരത്തേക്ക് നമുക്ക് തോന്നാം അത് അകത്തേക്ക് തിരിഞ്ഞിരിക്കുകയാണെന്ന്; ഒന്ന് കണ്ണ് ചിമ്മി തുറന്നാൽ നമുക്ക് തോന്നാം അത് തിരിഞ്ഞിരിക്കുന്നത് പുറത്തേക്കാണെന്ന്. ഇതിൽ ഏതെങ്കിലും ഒന്ന് സത്യവും അടുത്തത് മിഥ്യയുമാണെന്നില്ല. നമ്മുടെ നേത്രേന്ദ്രിയ വ്യവസ്ഥ ആരോഗ്യകരമെന്നു മാത്രമേ ആ കാഴ്ച വ്യത്യാസങ്ങൾക്ക് അർത്ഥമുള്ളൂ. നമ്മുടെ ദൃശ്യ വ്യവസ്ഥ ആരോഗ്യകരമല്ലെങ്കിൽ, സവിശേഷമായ ഒരു വിധാനത്തിൽ നിന്നും വിട്ടുപോരാൻ അനായാസം സാധിക്കുമായിരുന്നില്ല. എല്ലായ്പ്പോഴും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന വർത്തമാന ജീവിതാനുഭവങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഏതെങ്കിലും ഒരവസ്ഥയിൽ, ഒരു പ്രതിബിംബത്തിൽ, കുടുങ്ങിക്കിടക്കുകയെന്നത്; അത് പുഷ്പമാകട്ടെ, മുള്ളാകട്ടെ; നല്ലതോ ചീത്തയോ ആകട്ടെ; നാകമോ നരകമോ ആകട്ടെ; സന്തോഷമോ ദുഃഖമോ ആകട്ടെ, അവബോധപരമായ ഒരു തരം വൈകല്യമാണെന്നു പറയേണ്ടി വരും.


ആ വൈകല്യത്തിന്റെ തന്നെ ഭാഗമായാണ് നാം ഓർമ്മകളിൽ മാത്രം പെട്ടുകിടക്കുന്നത് (നൊസ്റ്റാൾജിയയടക്കം), അല്ലെങ്കിൽ ആഗ്രഹങ്ങളിൽ മാത്രം പെട്ടുകിടക്കുന്നത്. ജീവിതം പുഷ്പങ്ങളിലോ മുള്ളുകളിലോ, അല്ലെങ്കിൽ അതുപോലുള്ള ദ്വന്ദ്വങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, അതിന്റെ മാനങ്ങൾ എണ്ണമറ്റതാണ്, മാത്രവുമല്ല ഓരോ നിമിഷവും പ്രവചനാതീതമായ വിധം മാറിക്കൊണ്ടിരിക്കുന്നതും. 


'ഫൂൽകൊ ആംഖാമാ' എന്ന ഗാനം നമ്മെ ഓർമ്മപ്പെടുത്തുക മാത്രമാണ്, ജീവിതത്തിന്റെ പ്രാഥമിക ഭാവം 'mirroring' ആണെന്ന്. ആ വരികൾ യാതൊരു ഉപസംഹാരവും മുന്നോട്ടുവെക്കുന്നില്ല, യാതൊരു ഉപദേശവും മുന്നോട്ടുവെക്കുന്നില്ല. മുള്ളിനെതിരെ പുഷ്പത്തിന്റെ ജീവിതമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ആ വരികൾ നമ്മോടു നിർദേശിക്കുന്നില്ല. ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളെപ്പറ്റിയുള്ള ലളിതമായ ഒരു സത്യം പറഞ്ഞുവെക്കുന്നുവെന്നു മാത്രം. ആ ഗാനം നമ്മെ ഓർമ്മപ്പെടുത്തുന്നു, നമ്മുടെ ദൃശ്യങ്ങളിൽ ഒരു വലിയ പങ്കും നാം രൂപപ്പെടുത്തുന്നതാണെന്ന്. നമ്മുടെ കേൾവികൾ അവ്വിധമായിരിക്കുന്നതിൽ കാരണമാകുന്നത് നാം തന്നെയാണെന്ന്. നമ്മുടെ ഇന്ദ്രിയങ്ങൾ (അവയുടെ സ്വാഭാവിക
പരിമിതികൾക്കു പുറമെ) വലിയ ഒരു പരിധിവരേക്കും നമ്മുടെ ഉത്തരവാദിത്തലാണെന്ന്. David Eagleman തുടങ്ങിയ ആധുനിക ന്യൂറോ ശാസ്ത്രജ്ഞർപോലും പറയാൻ തുടങ്ങിയിരിക്കുന്നു, നമ്മുടെ ഓർമ്മകൾ പോലും ഓരോ നിമിഷവും നമുക്ക് ചേർന്ന വിധം നാം മാറ്റിപ്പണിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്.


തന്റെ കാവ്യഖണ്ഡത്തിൽ ഉള്ളൂർ എവിടം വരെ കടന്നുചെല്ലുന്നുവെന്നറിയില്ല. പക്ഷേ ഒരുവൻ തന്റെ നരകത്തെ പണിതുയർത്തുംപോലെത്തന്നെയാണ് സ്വർഗ്ഗത്തെ പണിതുയർത്തുന്നതും. അവൻ തനിക്കു ചുറ്റും തീർക്കുന്നത് പാരതന്ത്ര്യത്തിന്റെ 'കാഞ്ചനക്കൂടുകളാണ്'. സ്വർഗ്ഗമാകട്ടെ, നരകമാകട്ടെ, അത് പ്രതിബിംബിപ്പിക്കുന്നത് പാരതന്ത്ര്യത്തെയാണ്. സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നുണ്ടെങ്കിൽ, പ്രതിബിംബാത്മകമായി (psychological, mental) നാം യാതൊന്നും പണിയാതിരിക്കേണ്ടതുണ്ട്; നാം നിലകൊള്ളുന്നത് സ്വച്ഛശുദ്ധമായ ഒരു കണ്ണാടിയെപ്പോലെയായിരിക്കണമത്രേ. പുഷ്പസമാനമായ ഒരു പ്രപഞ്ചമെന്നത്, സർവ്വസ്വീകാരത്തെയാകാം സൂചിപ്പിക്കുന്നത്. 
മനോഹരമായ ഈ ഗാനത്തിന്റെ പല്ലവികൾ ഒരുപക്ഷേ, ആദ്യം നമ്മെ പ്രലോഭിപ്പിക്കുക പുഷ്പസമാനമായ ഒരു ജീവിതത്തെ കാംക്ഷിക്കുവാനാകാം. അതിന്റെ ചരണങ്ങൾ പക്ഷേ അതിനു തടയിടുന്നുണ്ട്. തീർച്ചയായും ഒരു ഗീതത്തിന്റെ കാല്പനിക ഭാഷയിലാണെങ്കിലും, അവബോധത്തിന്റെ സാധനാപഥങ്ങളെയാണ് ആ വരികൾ മുന്നോട്ടുവെക്കുന്നത്-  എന്റെ ഹൃദയം ശുദ്ധമായിരിക്കട്ടെ! എന്റെ വാക്കുകളിൽ ബുദ്ധത്വം നിറഞ്ഞിരിക്കട്ടെ (ഓരോ വാക്കും ബോധപൂർവ്വമായിരിക്കട്ടെ)! ഒരൊറ്റ ജീവിയേയും ഉപദ്രവിക്കാത്ത വിധം ശ്രദ്ധ നിറഞ്ഞതായിരിക്കട്ടെ ഓരോ കാൽ വെപ്പും!


സ്വാതന്ത്ര്യത്തിലേക്കുള്ള പടവുകൾ തുടങ്ങുന്നത് അവിടെനിന്നുമാണ്. ആ പടവുകൾ പക്ഷേ ഉത്തരവാദിത്തത്തിന്റെ പടവുകളാണ്; ഓരോ നിമിഷവും തീർക്കപ്പെടുന്നവ. അപ്പോൾ മാത്രമേ ആ സ്വാതന്ത്ര്യത്തിന് പ്രേമത്തിന്റെ സംഗീതചാരുതയുണ്ടാവുകയുള്ളൂ. അപ്പോൾ മാത്രമേ ആ സംഗീതത്തിന് സ്വാതന്ത്ര്യത്തിന്റെ സ്നേഹസൗരഭ്യമുണ്ടാവുകയുള്ളൂ.

                                     
                                                                                                                            photo courtesy: mr. rajan paul