Featured Post

Sunday, December 9, 2018

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ -2- ആതിഥ്യ മഞ്ജരി


പത്തിരുപതു വർഷങ്ങൾക്കും മുൻപാണ്. നെല്ലിയാമ്പതിയിൽ എത്തിയപ്പോൾ, മഞ്ഞും മലനിരകളും കാടും മൗനവും ഒക്കെ ചേർന്ന് എന്നിൽ ഒരതിഥിയുടെ ഔത്സുക്യം സൃഷ്ടിക്കപ്പെട്ടു. എന്നെ സംബന്ധിച്ച് സർവ്വവും തീർത്തും പുതുമയാർന്ന കാഴ്ചകളായിരുന്നു. പക്ഷേ അതുവരേക്കും, ഞാൻ ഏറെ ആഗ്രഹിച്ചുപോന്ന ഏകാന്തതയും കൂടി വീണുകിട്ടിയപ്പോൾ,
നവീനമായ ഭൂമിശാസ്ത്രപരിസരങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെ ഒരു തരം 'de javu' വിലേക്കു വഴുതി വീണു. ചെറിയ രീതിയിലുള്ള cognitive anomaly എന്നേ ഞാൻ വിചാരിക്കൂ. എന്തിനധികം, റ്റീ ഫാക്ടറിയുടെ (AVT യിൽ ജോലിക്കു ചേർന്നതായിരുന്നു ഞാൻ.) മുൻപിലെത്തിയപ്പോൾ, ഒരുപാട് വർഷങ്ങളുടെ തേയിലപ്പൊടിയേറ്റ്, തവിട്ടു നിറത്തിൽ അവശനായിനിൽക്കുന്ന കെട്ടിടവും പുകക്കുഴലും കൽക്കരിക്കൂമ്പാരവും, തേയില വറുത്തുവരുമ്പോഴുണ്ടാകുന്ന കയ്പുള്ള 'ചായ ഗന്ധവും' എന്നിൽ ഒലിവർ ട്വിസ്റ്റ് എന്ന നോവലിന്റെ പോലും ഓർമ്മയുണ്ടാക്കി. എട്ടാം ക്‌ളാസിൽ ഇംഗ്ലീഷ് നോൺ-ഡീറ്റെയ്ൽഡ് ടെക്സ്റ്റ് ആയി മാത്രം പഠിച്ചിട്ടുണ്ടെന്നല്ലാതെ ആ കൃതിയുമായോ പാശ്ചാത്യ സാഹിത്യവുമായോ യാതൊരു പരിചയവുമില്ലായിരുന്നു. ഇന്നുമില്ല. ഒലിവർ ട്വിസ്റ്റിൽ നിന്ന് എലിക്കാഷ്ഠങ്ങളുടെ രൂക്ഷ ഗന്ധം നിറഞ്ഞ ഒരു ഗോവണി ഓർമയിൽ കയറിക്കൂടിയിട്ടുണ്ട്. പണ്ടെങ്ങാണ്ടോ തുറന്നു വെച്ച ഫോൾഡറുകളിലേക്കു പുതിയ ചില ഇമേജുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചപ്പോഴുണ്ടായ മസ്‌തിഷ്‌ക്ക-പൊല്ലാപ്പുകളായിരിക്കാം ഈ തോന്നലുകൾ. ഞാൻ അതുകൊണ്ടാണ് ഒരു 'കോഗ്നിറ്റീവ് അനോമലി' എന്ന് പറഞ്ഞത്. എന്തായാലും പക്ഷേ വൈകാതെത്തന്നെ എന്നിൽ  കാര്യമായ ഒരു മാറ്റം സംഭവിച്ചതായി ഞാൻ അറിഞ്ഞു. അതിഥിയിൽ നിന്നും ആതിഥേയനിലേക്കുള്ള ഒരു ഓർബിറ്റൽ ട്രാൻസിഷൻ. a kind of gestalt change. എത്രപെട്ടെന്നാണ് ഒരു ആതിഥേയനാണെന്നു സ്വയം തോന്നിത്തുടങ്ങിയത്! കാലങ്ങളായി അവിടെ കഴിഞ്ഞുകൂടുന്ന ഒരാതിഥേയൻ. എനിക്ക് ചുറ്റിലും എപ്പോഴും എല്ലായിടത്തും അതിഥികൾ; കാഴ്ചകളായും കഥകളായും കഥനങ്ങളായും ആളുകളായും ജീവികളായും കോടമഞ്ഞിൻ മേഘങ്ങളായും അതിഥികൾ തന്നെ, അതിഥികൾ. ആശ്ചര്യങ്ങളായും ആകാംക്ഷകളായും ആഹ്ലാദങ്ങളായും അലോസരങ്ങളായും സങ്കടങ്ങളായും വേദനകളായും ഉന്മേഷമായും ഉല്ലാസമായും മടുപ്പായും ക്ഷീണമായും കാതടപ്പിക്കുന്ന ശബ്ദമായും വിരൽ തൊട്ടെടുക്കാവുന്ന മൗനമായും അതിഥികൾ വന്നുപൊയ്ക്കൊണ്ടേയിരുന്നു. പിന്നീടെപ്പോഴോ റൂമിയുടെ ഈ വരികൾ എനിക്ക് ഒരു വല്ലാത്ത ആനന്ദം പകർന്നു തന്നിട്ടുണ്ട്.

‘മനുഷ്യനാവുകയെന്നാൽ
ഒരു അതിഥിഗൃഹമാവുകയെന്നാണ്;
ഓരോ പ്രഭാതത്തിലും പുതിയ ആരുടെയെങ്കിലും വരവ്.
ഒരാനന്ദം, ഒരു വിഷാദം, ഒരൗൽസുക്യം,
ക്ഷണികമായ ഏതെങ്കിലും ഒരവബോധം,  
അവിചാരിതമായ ഒരു സന്ദർശകനെപ്പോലെ കടന്നുവരുന്നു.

എല്ലാവരേയും സ്വാഗതം ചെയ്ത് അകത്തേക്കിരുത്തുക;
അവർ, നിങ്ങളുടെ വീട്ടുസാമാനങ്ങളെല്ലാം കാലിയാക്കും വിധം
നിങ്ങളുടെ ഭവനത്തെ അക്രമാസക്തമായി തൂത്തുവാരുന്ന
ഒരു പറ്റം ദുഃഖങ്ങളാണെങ്കിലും.
എന്തൊക്കെയാണേലും അതിഥിയോട് ആദരപൂർവം പെരുമാറുക;
പുതിയൊരു ഹർഷാനന്ദത്തിനു വേണ്ടി
അയാൾ നിങ്ങളെ കാലിയാക്കുകയാണെങ്കിലോ!

അപമാനം,വിദ്വേഷം തുടങ്ങി, ഏതൊരു ഇരുണ്ട വിചാരമാണെങ്കിലും,
ചിരിച്ചുകൊണ്ട് പൂമുഖത്തേക്കു വന്ന്
അവരെ അകത്തേക്ക് ക്ഷണിക്കുക.

വന്നുചേരുന്നവർ ആരുമാകട്ടെ, കൃതജ്ഞനാവുക;
എന്തെന്നാൽ, ഒരു വഴികാട്ടിയായാണ്
ഓരോരുത്തരും, അതീതത്തിൽ നിന്നും അയക്കപ്പെടുന്നത്.’

റൂമിയുടെ 'അതിഥി ഗൃഹം' എന്ന പേരിലുള്ള വരികളാണ്. അന്ന് ഈ വരികളുമായി ഒട്ടും പരിചയമില്ലായിരുന്നെങ്കിലും എന്നിലെ 'ആതിഥേയ'ന് ഏറ്റവും യോജിച്ചിരുന്നത് ഈ കവിതയാണെന്നു പറയട്ടെ. ആത്മീയമായോ തത്വചിന്താപരമായോ ജീവിതത്തെ സമീപിക്കുകയായിരുന്നില്ല. ജീവിതത്തിനോട് അത്തരമൊരു സമീപനം സാധ്യവുമല്ല. ജീവിക്കുകയെന്നതിൽക്കവിഞ്ഞ എന്തും അതിനെ 'fake' ആക്കി മാറ്റും. വ്യാജം.
നിവൃത്തിയില്ലായ്മകളും നിസ്സഹായതകളും നമ്മെ ആശ്വസിപ്പിക്കാൻ തരുന്ന നിസ്സാരമായ ടിപ്പുകൾ (tips) ആയിരുന്നു സ്വീകാരങ്ങളിലെ ഇത്തരം ചുവടുമാറ്റങ്ങൾ. പലപ്പോഴും ടിപ്പുകളാണ് മൂലധനമായി പരിണമിക്കാറുള്ളത് എന്ന് മാത്രം.

അങ്ങനെയാണ്, നെല്ലിയാമ്പതിയിലെ ആദ്യത്തെ സന്ധ്യ, എന്റെ മുന്നിൽ കൊണ്ടിട്ട വെടിയേറ്റു ചോരയിൽ കുതിർന്ന മാൻപേടയുടെ മൃതശരീരത്തിനും, മറ്റൊരു സന്ധ്യക്ക്‌ വിക്ടോറിയയിലെ ഒരു വടവൃക്ഷത്തിനു മേലെ താടിക്കു കൈ കൊടുത്തു് മൗനം പൂണ്ടിരുന്ന വൃദ്ധനായ ആ വെള്ളക്കുരങ്ങനും അതിഥികളുടെ പട്ടികയിൽ ഒരേസ്ഥാനം നല്കിപ്പോരുന്നത്‌. അതുപോലെത്തന്നെ ഒരു തീർത്ഥയാത്രാ സംഘത്തെപ്പോലെ നിശബ്ദമായി മലകയറിപ്പോയ ഇരുനൂറിലധികം സിംഹവാലൻ കുരങ്ങുകളുടെ പറ്റത്തിനും, തക്കം പാർത്തിരിക്കുന്ന ഒരു കൂട്ടം ചെന്നായ്കൾക്കും ഒരേ ആതിഥ്യമരുളുന്നതും. മഞ്ഞിൽ കുതിർന്നു നിന്ന ഒരു രാത്രിയിൽ, അടിമുടി പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, നെഞ്ചിൽ വന്നലച്ച ഒരു കേഴമാൻ കരച്ചിൽ ...എന്റെ സാമീപ്യത്തെ ഭയന്നോടിപ്പോയതാകണം അത്...അതിന്റെ കാലൊച്ചകൾ നേർത്തില്ലാതാകും വരേയ്ക്കും ആ നിലവിളി എന്റെ ഹൃദയത്തെ വല്ലാതെ വിറപ്പിച്ചുകൊണ്ടിരുന്നു. പുല്ലുമേഞ്ഞു നടക്കുന്ന ഒരു പശുക്കിടാവിനെ പുലി പിടിക്കുന്നത്  ..ഒരു സ്വപ്നത്തിലെന്നോണം കണ്ട് നിന്ന ഒരു കാഴ്ചയായിരുന്നു അത്...മഞ്ഞുകാലത്ത് ഞങ്ങളുടെ ജനറേറ്ററുകളുടെ ചൂട് പറ്റാൻ വന്നുകൂടിയ കാട്ടുവണ്ടുകളും അസാധാരണ വലിപ്പമുള്ള അപൂർവ ചിത്രശലഭങ്ങളും...വിവിധ നിറത്തിലുള്ള ആയിരക്കണക്കിന് കുഞ്ഞു ശലഭങ്ങളെക്കൊണ്ട് പൊടുന്നനെ മൂടിപ്പോയ ഒരു
monarch butterflies
ചുമർ...ഇലകൾക്ക് പകരം അത്രയും തന്നെ മിന്നാമിനുങ്ങുകളെക്കൊണ്ട് മിന്നിത്തിളങ്ങിയ കാട് - ഒരു സെപ്റ്റംബറിൽ എന്നെ ഭ്രമിപ്പിച്ചുകളഞ്ഞ ഒരു രാത്രിയായിരുന്നു അത്. ഫാക്ടറിയിലെ എന്റെ ഇരിപ്പിടത്തിനടുത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന നിറപ്പകിട്ടാർന്ന ഒരു ഒച്ച്, മഴക്കാലങ്ങളിൽ കുറച്ചു നിമിഷത്തേക്കെങ്കിലും നമ്മെ ഈ ലോകത്തിൽ നിന്നും പൂർണമായും മറച്ചുകളഞ്ഞ കോടമേഘം, ഒരു സമുദ്രം കണക്കേ പ്രദേശമാകെ മഞ്ഞിൽ മൂടിക്കിടക്കുമ്പോൾ പ്രതിധ്വനികൾ അവശേഷിപ്പിച്ച്‌ പാഞ്ഞുപോയ ഒരു പക്ഷിക്കരച്ചിൽ; അർദ്ധരാത്രിയിൽ, കോരിച്ചൊരിയുന്ന മഴയത്ത്, കാലിലുരുമ്മിക്കടന്നുപ്പോയ മുള്ളൻപന്നി, ആ സമയത്ത് ഇടിമിന്നൽ ഉണ്ടായിരുന്നില്ലെങ്കിൽ ഞാനതിനെ കാണില്ലായിരുന്നു..ക്വാർട്ടേഴ്സിന്റെ ഉമ്മറപ്പടിയിലെ വിടവിനെ മാളമാക്കിയ ചേരപ്പാമ്പ്.. അതിഥികളാൽ സമ്പന്നമായിരുന്നു ദിനങ്ങളത്രയും.

ഇതോടൊപ്പം കൗതുകങ്ങൾ പകർന്ന ചില സൗമ്യ-സൗഹൃദങ്ങളുമുണ്ടായിരുന്നു. ഒരു രാത്രിയിൽ, ഓർമ്മകളുടെ ഒരു വലിയ സമുദ്രത്തെ പങ്കുവെച്ചുകൊണ്ട് നടന്നു മറഞ്ഞ ഒരു വൃദ്ധൻ - വിസ്മയങ്ങളിൽ ആണ്ടുനിന്നിരുന്ന എന്നോട് 'എൻ പേര് സമുദ്രം' എന്ന് പറഞ്ഞു പോയപ്പോൾ ആദ്യം എനിക്കതു വിശ്വസിക്കാനായില്ല. അത്തരം തമിഴ് പേരുകളൊന്നും എനിക്ക് പരിചയമില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് അയാളുടെ സഹോദരന്റെ പേര് 'കടൽക്കരൈ' എന്നായിരുന്നു! സമുദ്രവും കടൽക്കരയും. രണ്ടുപേരും ഗിരിവാസികൾ! വല്ലപ്പോഴും ഇംഗ്ലീഷിൽ മാത്രം സംസാരിച്ചിരുന്ന വൃദ്ധനായ ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു ആ പരിസരത്ത്. പിന്നെയും എത്രയോ പേർ ! കൗതുകം നിറഞ്ഞ എത്രയോ പേരുകൾ!

ഇതുകൂടാതെ, അക്ഷരാർത്ഥത്തിൽ ഞാനൊരു ആതിഥേയനായിരുന്നു, മിക്ക ദിവസങ്ങളിലും. നെല്ലിയാമ്പതിയിൽ ചെലവഴിച്ച രണ്ടര വർഷത്തിനുള്ളിൽ, ഒരുപാടാളുകൾ അതിഥികളായി വന്നുപോയിട്ടുണ്ട് എന്റെ വസതിയിൽ. സർവീസ് എൻജിനീയർമാർ , ഫാക്ടറിയിലെ ചില സവിശേഷ ജോലികൾ കോൺട്രാക്ട് എടുത്തിട്ടുള്ളവർ, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി ദൂരെ നിന്നും വരുന്ന മെക്കാനിക്കുകൾ, സുഹൃത്തുക്കൾ എന്നിങ്ങനെ. ഇവരെക്കൂടാതെ താഴേക്കുള്ള ബസ്സ് വിട്ടുപോകുന്നവരുണ്ട്...അക്കാലത്തു് ആകെ രണ്ടു ബസുകൾ  മാത്രമേ ഓടിയിരുന്നുള്ളൂ. വൈകീട്ട് ആറു മണി കഴിഞ്ഞാൽ പിന്നെ യാത്രാ സൗകര്യം ഇല്ല എന്ന് തന്നെ പറയാം. രണ്ടാഴ്ച കൂടുമ്പോൾ ഒരാളെങ്കിലും അങ്ങനെയുണ്ടാവും. രാത്രി പത്തുമണിയോടടുത്ത് ഫാക്ടറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ തൊട്ടടുത്തുള്ള കടയിൽ ആരെങ്കിലും കാത്തുനില്പുണ്ടാവും. പരിചയത്തിലുള്ള കടക്കാരന്റെ ശുപാർശയിന്മേൽ ഞാനയാളെ കൂടെ കൊണ്ട് പോകും. ചിലപ്പോൾ ഒരാൾ. അല്ലെങ്കിൽ രണ്ടോ മൂന്നോ പേർ. പലപ്പോഴും അവരെ ഒന്നു പരിചയപ്പെടുക പോലും ചെയ്യാതെ പോയിട്ടുണ്ട്. പലരും എന്നെ ഉണർത്താതെ തന്നെ അതിരാവിലത്തെ ബസ്സിൽ സ്ഥലം വിടും. എന്റെ ക്വർട്ടേഴ്സിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നത് കൊണ്ടും ഞാൻ ഒറ്റക്കായിരുന്നതുകൊണ്ടും എല്ലാവരോടും ഓകെ പറഞ്ഞിരുന്നത് കൊണ്ടും  ഞാനായിരുന്നു അതിഥികളെ കൂടുതൽ ആകർഷിച്ചു പോന്നത്.

ഞാൻ ആദ്യമായി പരിചയപ്പെട്ട ഓഷോ പ്രേമി  'ജോർജ് ഗോഡ്‌വിൻ പിനേരോ', ഇതുപോലെ ഒരതിഥിയായി എന്നോടൊപ്പം കഴിയാൻ വന്നതായിരുന്നു. സദാ തമാശകളും ഉല്ലാസങ്ങളും സമ്മാനിച്ചവൻ. തമാശകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ ഇടക്കൊക്കെ അയാൾ തന്റെ വോക്മാനിൽ ഓഷോയെ കേൾക്കുന്നുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു. ഞാൻ അപ്പോഴൊന്നും ഓഷോയെ വായിച്ചിട്ടില്ല. കേട്ടിട്ടുമില്ല. പിന്നെയും
santhosh
കുറേ മാസങ്ങൾ കഴിഞ്ഞാണ് സന്തോഷ് എനിക്ക് കുറച്ചു ഓഷോ പുസ്തകങ്ങൾ വാങ്ങിത്തരുന്നത്. എന്നാലും ഗോഡ്‌വിൻ ഓഷോയെ ശ്രവിച്ചുകൊണ്ടു കുറച്ചുനേരം അനങ്ങാതിരിക്കുന്നത്‌ കാണുമ്പോൾ എന്നിലും എന്തൊക്കെയോ തെളിമകൾ വന്നു നിറയും. നന്ദി.ഗോഡ്‌വിനും സന്തോഷിനും.

കമ്പനി വക ഗസ്റ്റ് ഹൌസ് ഉണ്ടായിരുന്നെങ്കിലും, ഫാക്ടറിയിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് വന്നെത്തുന്ന 'ടെക്നിക്കൽ പേഴ്സൺസ്' പലരുമായും എനിക്കായിരുന്നു കൂടുതൽ ഇടപഴകേണ്ടി വരാറുള്ളത്. മിക്കവാറും പേർ കുറച്ചു കഴിയുമ്പോൾ ഗസ്റ്റ് ഹൌസ് വേണ്ടെന്നു വെച്ച് എന്റെ കൂടെ പോരും. ചിലരോടൊന്നും അത്ര താല്പര്യം തോന്നാറില്ലെങ്കിലും ഞാൻ 'നോ' പറയാറില്ല. ഒന്നാമത്തെ കാര്യം ക്വാർട്ടേഴ്സിൽ സൗകര്യമുണ്ടായിരുന്നതുകൊണ്ട് എന്റെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാറില്ല എന്നതാണ്. പിന്നെപ്പിന്നെ ആര് വന്നാലും എന്നോടൊപ്പം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്ന അവസ്ഥ വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചെറുപ്പക്കാരൻ വന്ന് എന്നോട് ക്വാർട്ടേഴ്സിന്റെ താക്കോൽ ചോദിച്ചു. ആദ്യമായി കാണുമ്പോഴുണ്ടാവുമെന്നു നാം വിചാരിക്കാറുള്ള ഔപചാരികതയൊന്നും അവന്റെ ശരീര ഭാഷയിലില്ലായിരുന്നു. ഫാക്ടറി എക്സിക്യൂട്ടീവ് പറഞ്ഞു വിട്ടതായിരിക്കുമെന്നു ഞാനും കരുതി. ഒരുമണിക്കൂറിനു ശേഷം ഉച്ചഭക്ഷണത്തിനു ക്വാർട്ടേഴ്സിലെത്തിയപ്പോൾ, ഒരു വല്ലാത്ത കാലാവസ്ഥാമാറ്റം !
ഉമ്മറം മുതൽ എല്ലാം അടിച്ചുവാരി വൃത്തിയാക്കി വെച്ചിരിക്കുന്നു. പ്രധാന ഹാളിലെ മേശ കസേരകൾക്കെല്ലാം നേരെ ചൊവ്വേ  സ്ഥാനചലനം സംഭവിച്ചിരിക്കുന്നു. ജനലുകൾ തുറന്നിട്ടുണ്ട്. മുറികൾക്കകത്തു പുതിയ വായുവും വെളിച്ചവും. മറ്റൊരു വലിയ മുറിയുണ്ടായിരുന്നു. അതിലാണ് വന്നുപോകുന്ന ഈ അതിഥികളെല്ലാം താമസിക്കാറുള്ളത്. അതിനകത്ത് നാല് കട്ടിലുകളും രണ്ടോ മൂന്നോ കസേരകളും അറ്റാച്ഡ് കുളിമുറിയുമുണ്ട്. എനിക്ക് ഉപയോഗിക്കേണ്ടി വരാറില്ലാത്തതുകൊണ്ടും  ജോലിയിലെ മടുപ്പും മറ്റും കാരണം ഞാൻ ആ ഭാഗത്തേയ്ക്ക് നോക്കാറുപോലുമില്ല. ഇയാളുണ്ട് ആ മുറി മുഴുവനും ഭംഗിയാക്കിയിരിക്കുന്നു. ഒരു ഹോട്ടൽ മുറിയുടെ ചിട്ടവട്ടങ്ങൾ. ഞാൻ അകത്തേക്ക് നോക്കിയപ്പോൾ ഈ ചെറുപ്പക്കാരൻ, എല്ലാ പണിയും കഴിഞ്ഞു കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയാണ്; അതീവ ജാഗ്രതയോടെ. അതീവ ശാന്തതയോടെ. അതീവ സംതൃപ്തിയോടെ. അയാൾ ഈ ഒരു കിടപ്പിന് വേണ്ടിയാണ് ഓടിപ്പിടഞ്ഞെത്തിയതെന്ന മട്ട് . അയാളുടെ മുഖത്ത് വിശേഷിച്ചൊരു  വികാരവുമില്ലായിരുന്നു. ക്വാർട്ടേഴ്സിനകം പുതിയ ഒരു തരം നിശബ്ദത മണക്കുന്നു; ഉദ്വേഗങ്ങളില്ലാത്ത, ഊർജം ത്രസിക്കുന്ന, പശിമയിറ്റുന്ന ഒരു തരം നിശബ്ദത. ഇപ്പോഴാണ് ആ ക്വാട്ടേഴ്സിന്റെ പശ്ചാത്തലസൗന്ദര്യത്തിന് ഒരു സാംഗത്യം, an aesthetic significance, കൈവന്നതെന്നു തോന്നി.

ഞാൻ എന്റെ വസതിയെ നല്ലവണ്ണം ഒന്ന് വീക്ഷിച്ചു, ആദ്യമായെന്നോണം. മൂന്ന് വലിയ മുറികളും, രണ്ടു ചെറിയ മുറികളും വലിയ അടുക്കളയും രണ്ടു കുളിമുറികളുമുള്ള ഒരു വലിയ വീട്.കരിങ്കല്ല് കൊണ്ട് പണിതീർത്തു വെള്ള പൂശിയിരിക്കുന്നു. വെളുത്ത ചായം തേച്ച ചില്ലു ജനലുകളും വാതിലുകളും. പിന്നാമ്പുറത്തു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു മൾബറി മരം. ഒരു വശത്ത്  
C S I  ചർച് . മറു വശത്തു നിന്നാൽ ഫാക്ടറി കാണാം,അടുത്ത് തന്നെ. വടക്കു കിഴക്കു മൂലയിൽ നിന്നും വന്മരങ്ങളും വള്ളികളും ഇടതൂർന്നു നിൽക്കുന്ന വനം തുടങ്ങുകയായി. തുടക്കത്തിൽ ഒരു ഭാഗം പള്ളിക്കാർ ശ്മശാനമായി ഉപയോഗിക്കുന്നുണ്ട്. നേരെ കിഴക്കു ഭാഗത്ത് ഒരു വലിയ മൈതാനമാണ്. അതിനറ്റത്ത് ചെറിയ ഒരു ക്ഷേത്രവും അവിടന്നങ്ങോട്ട് 'സമുദ്രം' തുടങ്ങിയവർ താമസിക്കുന്ന കോളനിയും . ശാന്തമാണ് ചുറ്റും. കാട്ടിൽ നിന്നും ഇടയ്ക്കു വല്ല ശബ്ദവും കേട്ടാലായി. ഇപ്പോഴിതാ ഈ പ്രശാന്തിയിൽ ഒരു അപരിചിതന്റെ ശ്വാസ നിശ്വാസങ്ങൾ കൂടി. ഞാൻ ചെവിയോർത്തു. yes, he is relaxing ! wow !
ഞാൻ  ഒട്ടും ശബ്ദമുണ്ടാക്കാതെ ശ്രദ്ധാപൂർവം, പുറത്തേക്കു പോയി.

സന്ധ്യക്ക്‌ മുൻപ് അയാൾ  ഫാക്ടറിയിലേക്കു തിരിച്ചുവന്ന് താക്കോൽ എന്നെ ഏല്പിച്ചു. അയാൾ ചിരിച്ചില്ല. അയാളുടെ പ്രകൃതത്തെപ്രതി ചിരിക്കണോ വേണ്ടയോ എന്ന ശങ്കയിലായിരുന്നു ഞാൻ. താക്കോൽ കയ്യിൽ തന്നുകൊണ്ടു അയാൾ പറഞ്ഞു, "സുബ്രഹ്മണി. ഊട്ടിയിലിരുന്ത്‌". അയാൾക്ക് അല്പം 'വിക്ക്‌' ഉണ്ടായിരുന്നു. ഫാക്ടറിയിലെ കൽക്കരി അടുപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി വന്നിരിക്കുകയാണയാൾ. കാറ്റഗറിയനുസരിച്ച്‌ ഞങ്ങൾ 'സ്റ്റാഫ്'-കളേക്കാളും വളരെ താഴെയാണ് അവരുടെ സ്റ്റാറ്റസ്. അന്ന് പ്ലാന്റേഷനുകളിൽ കണിശമായി പാലിച്ചുപോന്നിരുന്ന അലിഖിതമായ ചില നിയമങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് നമ്മുടെ സ്റ്റാറ്റസിനെക്കാളും താഴേക്കിടയിലുള്ളവരുമായി കാര്യമായ ഇടപഴകലുകളുണ്ടായേക്കരുത് എന്നത്. ഞാനത് വകവെക്കാറില്ലായിരുന്നു. എന്നെപ്പറ്റിയുണ്ടായിരുന്ന 'ബാഡ് റിമാർക്കുകളിൽ' ഒന്നായിരുന്നു ഇത്. സാധാരണയായി എന്റെ ക്വാർട്ടേഴ്സിലേക്കു ഇയാൾ അയക്കപ്പെടാൻ പാടില്ലാത്തതായിരുന്നു. ഇയാൾ പക്ഷേ എന്റെ അതിഥിയായി വരാൻ ഭാഗ്യമുണ്ടായി,എനിക്ക്. താക്കോൽ എന്നെയേല്പിച്ചുകൊണ്ട് സുബ്രഹ്മണി ഫാക്ടറിയുടെ പിന്നാമ്പുറത്തേക്ക് നടന്നുപോയി , ചുറ്റുവട്ടത്തുമുള്ള ആരേയും ഗൗനിക്കുകപോലും ചെയ്യാതെ, തന്റെ കൽക്കരിയടുപ്പുകളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട്.

രാത്രി ഒരു വിധം വൈകിയാണ് അയാൾ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയത്. അയാൾ വാതിലിൽ മുട്ടുന്നതിനും മുൻപ് എനിക്കറിയാമായിരുന്നു അയാൾ എത്തിയെന്ന്. അയാളുടെ 'ബോയ്‌ലേർ സ്യൂട്ടി'ൽ നിറയെ ചാരവും കരിയുമുണ്ടായിരുന്നു. അയാൾ അകത്തു കയറിയതും മുറിയുടെ വാതിലടച്ചു. സംസാരമില്ല. എന്നെ നോക്കിയതുപോലുമില്ല. ഞാനും എന്റെ മുറിയുടെ വാതിലടച്ചു. ഞങ്ങൾക്കിടയിൽ ഒരു വലിയ ഹാളിന്റെ അകലമുണ്ട്. എന്നിട്ടും പക്ഷേ, അയാൾ ശ്വസിക്കുന്നതുപോലും എനിക്ക് കേൾക്കാൻ കഴിയുന്നത് പോലെ... എന്റെ മുറിയിൽ ഞാൻ ഏറെ ശ്രദ്ധയോടെ മാത്രം ശരീരമനക്കി. അത്രക്കും ശ്രദ്ധ ചെലുത്തുന്നതിൽ അസാധാരണമായ ഒരു സന്തോഷം ഉണ്ടാവുന്നുണ്ട്. കുറേ മാസങ്ങളായി ഞാൻ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്, പക്ഷേ അതുവരേക്കും കേട്ടിട്ടില്ലാതിരുന്ന നാനാവിധം ശബ്ദങ്ങൾ എന്റെ കാതുകളിൽ വന്നു വീഴാൻ തുടങ്ങി . വീടിനോടു തൊട്ടുകിടക്കുന്ന കാടിന്റെ പതിഞ്ഞ ചലനങ്ങൾ; ഏതെങ്കിലും ഒരു ചെടിയുടെ തണ്ട് മറ്റൊരു ചെടിയിൽ വെറുതെയൊന്ന് ഉരസിയത്; കുറ്റിച്ചെടികളിൽ മഞ്ഞു വീഴുന്നത്, കാടിന്റെ കനത്ത ഇരുട്ടിൽ നിന്നും അരിച്ചു വന്ന ഒരു കൂമൻ മൂളൽ; എന്റെ മുറിയുടെ ജനലിനപ്പുറത്തുകൂടെ ഒരു പാമ്പിഴഞ്ഞു നീങ്ങുന്നത്; വൈവിധ്യമാർന്ന ഏത്രയോ ശബ്ദങ്ങൾ…
പതിവ് വിട്ട് അന്ന് ഞാൻ സ്റ്റീരിയോവിൽ പാട്ടു കേട്ടില്ല . തണുപ്പിൽ കമ്പിളിപ്പുതപ്പ് വലിച്ചിടുമ്പോൾ അതിന്റെ ചുളിവുകൾ നിവരുന്ന ശബ്ദത്തിനു പോലും ഒരു സ്വകാര്യം പറച്ചിലിന്റെ ശ്രദ്ധയുണ്ടിപ്പോൾ.

രാവിലെ ആറുമണിക്കെഴുന്നേറ്റപ്പോൾ സുബ്രഹ്മണി വാതിൽ തുറന്നിട്ടിട്ടുണ്ട്. മുറിയിലേക്കെത്തിനോക്കിയപ്പോൾ, അയാൾ ഉണർന്നു കിടപ്പാണ്. അയാൾ ഏതോ 'ആസനം' അഭ്യസിക്കുകയാണെന്നു തോന്നും,കിടപ്പുകണ്ടാൽ. ബെഡ്ഷീറ്റിൽ ഒരു
ചുളിവുപോലുമില്ല. ഞാൻ ചോദിച്ചു," സുബ്രമണി, ചായ കുടിക്കുമോ?"
" പാല് കെടക്കുമാ?" അയാൾ ഒട്ടും ഭവ്യതയില്ലാതെ ചോദിച്ചു.
തരാമെന്നു ഞാൻ മൂളി. രണ്ടുനേരത്തേക്കായി വാങ്ങുന്ന പാലാണ്. വലിഞ്ഞു കയറി വന്നവൻ പാലിന് വേണ്ടി ആജ്ഞ പുറപ്പെടുവിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇനിയിപ്പോൾ ...ഒരു ഗ്ലാസ് തിളപ്പിച്ച പാലുമായി ഞാൻ സുബ്രമണിയുടെ മുറിയിലേക്ക്. അയാൾ അത് വാങ്ങി രണ്ടു വലിക്കു കുടിച്ചു തീർത്തു. ഗ്ലാസ് എന്നെ തിരികെയേൽപ്പിച്ചുകൊണ്ട് അയാൾ അതേ കിടപ്പു തുടർന്നു.

എന്നും രാവിലെ ആറുമണിക്ക് ഞാൻ അയാൾക്ക് ഒരു ഗ്ലാസ്സ് തിളപ്പിച്ച പാൽ കൊണ്ടുകൊടുത്തു. ആദ്യത്തെ രണ്ടു ദിവസം അയാളെ പാലൂട്ടുന്നതിൽ എനിക്കത്ര സന്തോഷമൊന്നും തോന്നിയിരുന്നില്ല. പക്ഷേ അയാൾ ഉണർത്തിവിട്ട നിശബ്ദതയുടെ തരംഗങ്ങൾ പാലിനേക്കാൾ സമ്പുഷ്ടമായിരുന്നു. ആ തരംഗങ്ങളെ കൂടുതൽ കൂടുതൽ അടുത്തറിഞ്ഞതോടെ എന്നിലെ നേരിയ മുറുമുറുപ്പുകളും മാഞ്ഞുപോയി. എനിക്ക് മുൻപേ അയാൾ ഫാക്ടറിയിലേക്കിറങ്ങി. തലേന്ന് കണ്ട ചാരവും കരിയുമൊന്നും അയാളുടെ സ്യുട്ടിൽ ഇല്ലായിരുന്നു. അയാളത് എങ്ങനെ വൃത്തിയാക്കിയോ ആവോ. വസ്ത്രം കുടയുന്നതിന്റെ പോലും ശബ്ദം കേട്ടിരുന്നില്ലല്ലോ! ഇറങ്ങിപ്പോകുമ്പോൾ അയാൾ എന്നെ ഗൗനിച്ചതേയില്ല.

ഇടനേരത്ത് എപ്പോഴെങ്കിലും അയാൾ വന്ന് വീടിന്റെ താക്കോൽ വാങ്ങിക്കൊണ്ടു പോകും. ഞാൻ ഉച്ചയൂണിനു വരുമ്പോൾ കാണാം, പൂമുഖം മുതൽ എല്ലാം വൃത്തിയായി കിടക്കുന്നത്. അയാൾ കിടക്കയിൽ കണ്ണുകളടക്കാതെ നീണ്ടു നിവർന്നു ശാന്തനായി കിടപ്പുണ്ടാവും.

എട്ടോ പത്തോ ദിവസം സുബ്രമണി എന്നോടൊപ്പം ഉണ്ടായിരുന്നു. അയാൾ താക്കോൽ തിരിച്ചേൽപ്പിക്കുമ്പോഴൊക്കെയും,' ഇതെന്റെ വീടാണ്. എപ്പോഴും ഇതുപോലെത്തന്നെ വൃത്തിയാക്കി വച്ചേക്കണം' എന്ന് ഒരു ധ്വനിയുണ്ടായിരുന്നുവോ? ഒരു തിരിച്ചുപോക്കിന്റെ യാതൊരു ഔപചാരികതയുമില്ലാതെ, ഒന്ന് അറിയിക്കുക പോലും ചെയ്യാതെ, ഒരു ദിവസം അയാൾ തിരിച്ചുപോയി. പരിചയത്തിലുള്ള ആരുടെയോ പക്കൽ താക്കോൽ കൊടുത്തയച്ചു.

അയാൾ തിരിച്ചുപോയ ദിവസം ശരിക്കും എന്നിൽ സങ്കടം പൊടിഞ്ഞു, പ്രിയപ്പെട്ട ആരുടെയോ വേർപാടുപോലെ. ഊട്ടിയിലേക്കുള്ള യാത്രക്കിടയിൽ വെച്ച് എവിടെനിന്നോ അയാൾ ഫാക്ടറിയിലേക്കു ഫോൺ ചെയ്ത് എന്നെ ആവശ്യപ്പെട്ടു. ഫോണിൽ അയാൾ എനിക്ക് നല്കിയത് ഒരാജ്ഞയായിരുന്നു," റൂമുക്കുള്ളെ രണ്ടു സ്പാനർ വെച്ചിരിക്കത്. അതെടുത്തു വർക്ക് ഷോപ്പിൽ കൊടുക്കണം. പുരിഞ്ചിതാ? ." ഞാൻ ഓക്കേ പറഞ്ഞു. അങ്ങേത്തലയ്ക്കൽ സുബ്രഹ്മണി ഒന്ന് ചിരിച്ചുവോ? ഉറപ്പില്ല...
പക്ഷേ ഒന്നെനിക്കുറപ്പുണ്ട്, സുബ്രമണി വന്നുപോയതിൽപ്പിന്നെ  എന്റെ ആ വസതി ഒരിക്കലും പഴയതുപോലെയല്ലായിരുന്നു.

അതിഥിയും ആതിഥേയനും സെന്നിലെ( zen ) കൊവാനുകളാണ്-koan. എന്താണ് ആതിഥേയനുള്ളിലെ അതിഥി ? ആതിഥേയനുള്ളിലെ ആതിഥേയനെന്താണ് ? അതിഥിയും ആതിഥേയനും എത്രയകലത്തിലാണ്?... എന്നിങ്ങനെ. സെൻഗുരുവായിരുന്ന റ്യുസാനും തോഷാനുമിടയിലുള്ള  ഈ സംഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ് ( സെൻ -മജ്ജയും മാംസവും എന്ന സമാഹാരത്തിൽ ഞാനത് എടുത്തുചേർത്തിട്ടുണ്ട്).

ഒരു മനനവാക്യത്തെയാണെന്നു തോന്നുന്നു നാം വെറുമൊരു പരസ്യവാചകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു -അതിഥി ദേവോ ഭവ: ഒരുപക്ഷേ, അതിനേക്കാൾ ധീരമായി ആതിഥ്യ മഞ്ജരികൾ ആലപിച്ചത് കബീർ ആണെന്ന് തോന്നിയിട്ടുണ്ട് -
"കേൾക്കൂ സുഹൃത്തേ,
ഈ ലോകത്ത് സംതൃപ്‍തി തരുന്ന ഒന്നുണ്ട്;
അത്, ഒരതിഥിയുമായുള്ള കണ്ടുമുട്ടലാണ്."


പ്രിയ സുബ്രമണി, സാമ്യങ്ങളേതുമില്ലെങ്കിലും നിങ്ങൾ എന്നെ ഓർമ്മിപ്പിക്കുന്ന ഒരു കഥയുണ്ട്:



സെൻ ഗുരുവായിരുന്ന നാൻസെൻ മലമുകളിൽ ഒരു കൊച്ചു കുടിൽ കെട്ടി താമസിച്ചിരുന്ന കാലം. ഒരു ദിവസം അസാധാരണനായ ഒരു ഭിക്ഷു അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. നാൻസെൻ തന്റെ വയലിലേക്കിറങ്ങാൻ നിൽക്കുകയായിരുന്നു. അയാളെ സ്വാഗതം ചെയ്തുകൊണ്ട് നാൻസെൻ പറഞ്ഞു,"സ്വന്തം വീടുപോലെ കരുതുക. ഇഷ്ടമുള്ളതെന്തും പാചകം ചെയ്തു കഴിച്ചോളൂ. ബാക്കി വരുന്ന ഭക്ഷണം, ദാ ഈ വഴിയിലൂടെ ഒരല്പം മുന്നോട്ടു നടന്നാൽ ഞാൻ പണിയെടുക്കുന്ന ഇടമായി; അങ്ങോട്ട് കൊണ്ട് വന്നേക്കുക."

നാൻസെൻ വൈകും വരെ പണിയെടുത്തു. തളർന്നു ക്ഷീണിച്ച്‌ തന്റെ കുടിലിലേക്ക് തിരിച്ചുവന്നു. സഹിക്കാനാവാത്ത വിശപ്പ്. അപരിചിതനായ ഈ ഭിക്ഷു, ഉച്ചക്ക് സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കിയിരുന്നു. അടുക്കളയിൽ ബാക്കി വന്ന  എല്ലാ ഭക്ഷണ സാധനങ്ങളും ഇയാൾ ദൂരെയെറിഞ്ഞു കളഞ്ഞു. അവിടെയുണ്ടായിരുന്ന എല്ലാ പാത്രങ്ങളും ഉടച്ചുകളഞ്ഞു. തന്റെ ഒഴിഞ്ഞ കുടിലിൽ ഈ അതിഥി കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു! നാൻസെൻ തന്റെ ക്ഷീണിച്ച ശരീരം മൂരി നിവരുന്ന ശബ്ദം കേട്ടപ്പോൾ, അയാൾ എണീറ്റ് ഒന്നും മിണ്ടാതെ നടന്നു പോയി.
വർഷങ്ങൾക്കു ശേഷം നാൻസെൻ തന്റെ ശിഷ്യന്മാരോട് ഈ സംഭവത്തെ വിവരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു," എന്ത് നല്ലവനായ ഒരു ഭിക്ഷുവായിരുന്നു അയാൾ !
ഇപ്പോഴും എനിക്കയാളെ മറക്കാനാവുന്നില്ലല്ലോ."





Thursday, December 6, 2018

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ-1- സ്വ-നാഥ ശൃംഗം









ശരീരത്തിലും മനസ്സിലുമായി സഞ്ചയിക്കപ്പെട്ട ഒരു കെട്ട് ഓർമ്മകളാണ് 'ഞാൻ 'എന്ന് ഊന്നിപ്പറയാൻ വെമ്പുന്ന ശാസ്ത്രകാരന്മാരുണ്ട് ,വിശേഷിച്ചും ഭൗതികത്തിൽ . quantum physics -ന്റെ പ്രാപഞ്ചിക സമീകരണങ്ങളുമായി ഓർമ്മയെന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ തുനിഞ്ഞവർ ഇന്ന് എത്തിനില്ക്കുന്നത് ഓർമ്മയെന്ന പ്രതിഭാസത്തെ അറിയാൻ ശ്രമിക്കുന്നതിലൂടെ quantum mechanics -നെ കുറേക്കൂടി സരളമാക്കാം എന്നാണ് .
ഓർമ്മയെന്ന പ്രതിഭാസം കൂടുതൽ അടിസ്ഥാനപരമാണത്രേ .എന്തുകൊണ്ടോ അവർ ഊന്നൽ കൊടുക്കാതെ പോകുന്നത് ഈ ഓർമ്മകൾ -അവ എത്ര തന്നെ അമൂർത്തവും സൂക്ഷ്മവും ആയിരുന്നാലും -പറ്റിച്ചേർന്നുനിൽക്കുന്ന ഞാൻ എന്ന തോന്നലിനെയാണ്; ഭൂമിയുടെ, ഇല്ലാത്ത അച്ചുതണ്ടിനെപ്പോലെ .
ഇവിടെ ഇപ്പോൾ എന്ന ആനുഭൂതികാക്ഷങ്ങളുടെ സംഗമ ബിന്ദു (the point of intersection)വാണ് ഞാൻ  എന്ന് പറഞ്ഞാൽ ...വേണമെങ്കിൽ പറയാം. പക്ഷേ അനാവശ്യമായ ഭാഷാക്ലിഷ്ടതകളുണ്ട് ആ പ്രയോഗത്തിലപ്പാടും . ഭേദപ്പെട്ട  മറ്റൊരു പദമുണ്ട് -abscissa . കുറച്ചുകൂടി അർത്ഥപുഷ്ടി വരുത്താം 'zen abscissa 'എന്ന് പറഞ്ഞാൽ; life affirmative . Abscissa എന്ന വാക്ക് , എന്തോ ..എനിക്ക്  അസാധാരണമായ ഒരു സ്വാസ്ഥ്യം സമ്മാനിക്കുന്നു .'the non-existent I' ,'ഇല്ലാത്ത ഞാൻ' ...abscissa എന്ന പദം തീർച്ചയായും നിശ്ശബ്ദമായ ആ ഓർമ്മപ്പെടുത്തൽ നിർവഹിക്കുന്നുണ്ട് .
ഒരാൾ 'abscissa' യോട് എത്രത്തോളം അടുത്ത് വർത്തിക്കുന്നുവോ, അത്രക്കും വർത്തമാനോന്മുഖമായിരിക്കും- intensity of being present - അയാൾ കടന്നുപോകുന്ന നിമിഷങ്ങൾ. ഭൂതമെന്നു( the past ) തോന്നാത്ത വിധം ഊർജ്ജസന്നിഭമായ നാഴികകൾ. എന്നെന്നേക്കുമെന്നോണം മിന്നിനിൽക്കുന്നവ. ഒരാൾ പൂർണ്ണമായും 'abscissa 'യിൽ വർത്തിക്കുകയാണെങ്കിലോ, അയാൾ പിന്നെ ആ നിമിഷങ്ങളിലൂടെ കടന്നുപോവുകയല്ല ചെയ്യുക; അയാൾ ആ നിമിഷങ്ങളോടൊപ്പം മിന്നിത്തിളങ്ങുകയാണ് ചെയ്യുക; like a resonating flash. അത്തരത്തിലുള്ള നിമിഷങ്ങളൊന്നും, അനുഭവങ്ങളൊന്നും, ഓർമ്മകളായി മൃതിയടയുന്നില്ല. അവ നമ്മുടെ പ്രജ്ഞയുടെ ആഴവും വിസ്താരവും വർധിപ്പിച്ചുകൊണ്ടു അനശ്വരമെന്നോണം സജീവമായി കുടികൊള്ളും.
ആ അനുഭവ സാഹചര്യങ്ങളോട്, അതിൽ ഭാഗഭാക്കായിട്ടുള്ളവരോട്, അതിനു സമീപസ്ഥമായിരുന്ന അചേതനമായ വസ്തുക്കളോട് പോലും എന്തെന്നില്ലാത്ത നന്ദിയും സ്നേഹവും തോന്നുമപ്പോൾ. love &gratitude.
അത്തരം കൃതജ്ഞതകളിലൂടെയല്ലാതെ ഒറ്റ ജീവിതവും കഴിഞ്ഞുപോകുന്നില്ല; പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും.
സ്നേഹകൗതുകങ്ങൾ നിറഞ്ഞുനിന്ന അത്തരം ചില മുഹൂർത്തങ്ങളെ പങ്കുവെക്കുകയാണിവിടെ; പ്രധാനമായും ആ മുഹൂർത്തങ്ങൾക്കു നിമിത്തമായെന്നു തോന്നിയ വ്യക്തികളിലൂന്നിക്കൊണ്ട്.

* * * * * * * * * * *                   
സ്വ-നാഥ ശൃംഗം 
ആൾക്കൂട്ടങ്ങളും ബഹളവും സമൂഹ കോലാഹലങ്ങളുമൊന്നും അല്പം പോലും സ്പർശിക്കപ്പെടാത്തവിധം ജീവിച്ചുപോകുന്ന പലരുമുണ്ട്; പൂർണ്ണമായ ഉണർവോടെയും നിദ്രാടനമെന്നപോലെ ബോധരഹിതമായും.  ഈ രണ്ടു വിഭാഗങ്ങൾക്കുമിടയിലാണ് ഒട്ടുമിക്കപേരും. അവരാണ് പാഠപുസ്തകങ്ങളിലും മറ്റും 'മനുഷ്യൻ ഒരു സമൂഹ ജീവിയാണ്' എന്ന് എഴുതിവെച്ച് അതിൽ അഭിമാനം കൊള്ളാൻ പഠിപ്പിച്ചുപോരുന്നത്; 'മനുഷ്യൻ ഇപ്പോഴും വെറുമൊരു സമൂഹജീവിയാണ്' എന്ന് അനുകമ്പയോടെ ഓർക്കുന്നതിനു പകരം.
അപ്പർ പ്രൈമറിയിലെ സാമൂഹ്യപാഠപുസ്തകത്തിലെ  ആ വരി - മനുഷ്യൻ ഒരു സമൂഹ ജീവിയാണ് - പരീക്ഷക്കുവേണ്ടി പഠിച്ചുവെച്ചിരുന്ന പാഠങ്ങൾക്കുമപ്പുറം എത്ര തെറ്റായ (അപകടകരവും) പ്രഭാവമാണ് മസ്തിഷ്ക്കത്തിലുണ്ടാക്കിയിരുന്നത് എന്ന് അറിഞ്ഞത്, വർഷങ്ങൾക്കിപ്പുറം, ഏറെ അസ്വാസ്ഥ്യം പൂണ്ട ഒരു രാത്രിയിൽ, ആകസ്മികമായി കണ്ണിലുടക്കിയ ഒരു
വാക്യത്തോടെയായിരുന്നു- "you are a crowd; not an individual yet."- ഓഷോയുടേത്. എനിക്കകത്ത്, കാലങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന അതിബൃഹത്തായ ഒരു സമൂഹത്തെ, ആദ്യമായി വലിയ ഒരു നഗരത്തിലെത്തിപ്പെട്ടവന്റെ 'കിശോരകൗതുകത്തോടെ' നോക്കിക്കാണാൻ തുടങ്ങിയത് അന്നു മുതലായിരുന്നു.

ആ കാഴ്ചാകൗതുകത്തിൽ പ്രധാനമായും രണ്ടു നിറത്തിലുള്ള കുത്തിയൊഴുക്കുകൾ കാണാൻ കഴിയുന്നു; പ്രയാഗിലേക്കൊഴുകിയെത്തുന്ന രണ്ടു നദികളെപ്പോലെത്തന്നെ, അനാഥരും സനാഥരും. അനാഥത്വമെന്ന പ്രയോഗം, നാഥനായി ആരെങ്കിലും ഉണ്ടാവേണ്ടതാണെന്ന തെറ്റിധാരണ സൃഷ്ടിക്കുന്നുണ്ട്. സൂക്ഷ്‌മമായ അർത്ഥത്തിൽ, ഈ ധാരണയാണ്, അനാഥത്വം സൃഷ്ടിക്കുന്നത്‌ തന്നെ; പരിതാപകരമായ ജീവിതപരിസ്സരങ്ങൾ അല്ലെന്നു സാരം. ആ ധാരണയുടെ ഹിപ്നോട്ടിക് മൂലങ്ങൾ പരിണാമത്തിന്റെ പ്രഥമ പടലങ്ങളോളം ചെന്നുനിൽപ്പുണ്ടെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാണ് പ്രായോഗികമായി ഏതുതരം പരിഹാരങ്ങൾ കണ്ടെത്തിയിട്ടും അനാഥരുടെ അനാഥത്വം ഒരിക്കലും പരിഹരിക്കപ്പെടാതെ പോകുന്നത്; ബാഹ്യമായ യാതൊരു ഉപാധിയെക്കൊണ്ടും ഇല്ലായ്മ ചെയ്യാനാവില്ല അത്.
സനാഥരും വ്യത്യസ്തരല്ല; qualitatively. അപരനിൽ( the other), നാഥത്വം കണ്ടെത്തുന്നവർ തന്നെയാണ് ഇവരും. മറ്റു വ്യക്തികളേയോ, അധികാരം, സമ്പത്ത്, പ്രശസ്തി, അംഗീകാരം തുടങ്ങിയ സാമ്പ്രദായിക മൂല്യങ്ങളേയോ തങ്ങളുടെ ജീവിതത്തിന്റെ നാഥനായി നിജപ്പെടുത്തിയവർ. അതുമല്ലെങ്കിൽ, സമൂഹത്താൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സ്നേഹം, സേവനം, കാരുണ്യം തുടങ്ങിയ മഹാതത്വങ്ങളെ തങ്ങളുടെ നാഥനായി വാഴ്ത്തിക്കൊണ്ട് നടക്കുന്നവർ. ഒരു  കൂട്ടർ തങ്ങളുടെ തെറ്റിദ്ധാരണയുടെ പുറത്ത് നിർഭാഗ്യരെന്നോ പരാജിതരെന്നോ കണക്കാക്കുമ്പോൾ, സനാഥരായിട്ടുള്ളവർ, ഒരു നാഥനെകണ്ടെത്തിയതിൽ ഭാഗ്യമെന്നും ജീവിതവിജയമെന്നും വിചാരിച്ച്, തങ്ങളുടെ തെറ്റിദ്ധാരണയെ എന്നന്നേക്കുമായി മറക്കാൻ ശ്രമിക്കുന്നു.
ഈ രണ്ടുകൂട്ടരേയും സൗകര്യപൂർവം പങ്കിട്ടെടുക്കുകയാണ് മതവും രാഷ്ട്രീയവും. അനാഥത്വമെന്ന തെറ്റിദ്ധാരണയെ ദൈവമെന്ന മറ്റൊരു തെറ്റിദ്ധാരണകൊണ്ട്- ഇരുട്ടുകൊണ്ട് ഓട്ടയടക്കുക എന്ന ചൊല്ല് ഇത്രക്കും സാർത്ഥകമാവുന്ന മറ്റൊരു സാഹചര്യമുണ്ടോയെന്ന് സംശയമാണ്- സാധൂകരിക്കുക! മറുവശത്താകട്ടെ, സമൂഹവും നേതാക്കളും പ്രതിബദ്ധതയെന്ന വാക്കിനെ മലീമസമാക്കിക്കൊണ്ട്, 'ഭയക്കേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്' എന്ന് ചെവിയിലോതിക്കൊണ്ടിരിക്കുന്നു. സനാഥത്വമെന്ന (വ്യാജ) ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?
ഭൗതികമായ ആവാസവ്യവസ്ഥകൾ, അവ ദാരിദ്ര്യത്തിന്റേതാകട്ടെ, സമൃദ്ധിയുടേതാകട്ടെ, സ്വതന്ത്രമാകാത്തേടത്തോളം രണ്ടു കൂട്ടരുടെയും തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടുകയാണ്. അതോടൊപ്പം ഈ രണ്ടുകൂട്ടരേയും കയ്യടക്കിവെച്ചിരിക്കുന്ന മത-രാഷ്ട്രീയ സംഘങ്ങൾ, തങ്ങളുടെ സംഘത്തുടർച്ചകൾക്കു വേണ്ടി, ആ വ്യവസ്ഥകളുടെ ശാസ്ത്രീയ സന്തുലനങ്ങൾക്ക് തടയിടുകയും ചെയ്യുന്നു.

എന്നാൽ, പ്രയാഗിലേതുപോലെത്തന്നെ, അഗോചരമായിട്ടുള്ള മറ്റൊരു 'സരസ്വതീ പ്രവാഹമുണ്ട്'. ഞാൻ അവരെ സ്വ-നാഥർ എന്ന് വിളിക്കട്ടെ- സ്വയം നാഥനായി ജീവിക്കുന്നവർ. സ്വാമി എന്ന വാക്കിന് സ്വ-നാഥൻ എന്നാണർത്ഥം. (ജോനാഥൻ -the seagull- എന്ന പേരിലെ സ്വരപ്പൊരുത്തം എന്നെ ആഹ്ലാദം കൊള്ളിക്കുന്നു.) പ്രജ്ഞാ-പരിണാമത്തിലെ അതിപ്രസക്തമായ ഒരു ചുവടുവെപ്പാണിത്. അപരോന്മുഖ ജീവിതത്തിൽ നിന്ന് - the other oriented life - എന്നന്നേക്കുമായുള്ള സ്വാതന്ത്ര്യപ്രഖ്യാപനം. the birth of an individual. വിദ്യാഭ്യാസം കൊണ്ടോ വിവര-വിജ്ഞാനങ്ങളെക്കൊണ്ടോ പരിശീലിച്ചെടുക്കാവുന്ന ഒന്നല്ല ഈ വൈയക്തികത. അടിസ്ഥാനപരമായി, ജീവൻ എന്ന പ്രതിഭാസത്തിന്റെ
സ്വാഭാവികമായിട്ടുള്ള പൂവിടലാണത്. എത്ര വലിയ ആൾക്കൂട്ടത്തിലും, എത്ര ശക്തമായ സംഘത്തിലും ഈ individual മുങ്ങി മരിക്കുന്നില്ല (ആനന്ദിനോട് വിയോജിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്. ആനന്ദ്,'സംഘങ്ങളിൽ മുങ്ങി മരിക്കുന്ന വ്യക്തി' എന്ന് പ്രയോഗിക്കുമ്പോൾ, അതിൽ പ്രധാനമായും രണ്ടു പോരായ്മകൾ ഉണ്ടെന്നു തോന്നുന്നു. ഒന്ന്, ഒരു വ്യക്തി ഒരിക്കലും സംഘങ്ങളിൽ മുങ്ങി മരിക്കുന്നില്ല; മുങ്ങി മരിക്കുന്നത്, മറ്റൊരു സംഘമാണ്; ഒരു വ്യക്തി എന്ന നിലയിൽ കാണപ്പെടുന്ന ഒരു ആൾക്കൂട്ടം. വലിയ ഒരു സംഘം ചെറിയ ഒരു സംഘത്തെ അകത്താക്കുകയാണ് ചെയ്യുന്നത്. രണ്ട്, ആത്മാവില്ലാത്ത ഒരു സംഘത്തിന് ഈ പ്രക്രിയയിൽ ഉത്തരവാദിത്തമേതുമില്ല. മുഴുവൻ ഉത്തരവാദിത്തവും വ്യക്തിയുടേത് മാത്രമാണ്!
ആനന്ദിന്റെ പ്രയോഗത്തിൽ നിഴലിക്കുന്നത് അത് സംഘങ്ങളുടെ കുഴപ്പമെന്നതുപോലെയാണ്.)
തന്റെ വൈയക്തികതയെന്ന-individuality- സ്വർണ്ണ പുഷ്പത്തെ കാത്തുകൊണ്ട്, സമൂഹത്തിലെ യാതൊരു ധാരയിലും അയാൾ അലിഞ്ഞു ചേരാതിരിക്കുന്നു. അതേ സമയം, അയാളുടെ ചെയ്തികളേവയും ബോധപൂർവ്വമുള്ള പങ്കുകൊള്ളലായിരിക്കും. അയാൾ ഒരു തെരുവോരത്ത് ഒഴിഞ്ഞിരിക്കുകയാവാം, ആയിരക്കണക്കിന് മറ്റു വ്യക്തികളോടൊപ്പം ഏതെങ്കിലും ചെയ്തിയിൽ ഏർപ്പെട്ടിരിക്കുകയാവാം. അയാൾ പക്ഷേ, ഒരിക്കലും ഒരു നിഷ്ക്കാസിതന്റെ സഹതാപം പേറുന്നില്ല; അയാൾ ഒരിക്കലും ഒരാൾക്കൂട്ടത്തിന്റെ 'മൃതകോശ'മാകുന്നില്ല. മറിച്ച് അയാൾ എല്ലായ്പ്പോഴും, നിരവധി തന്ത്രികളുള്ള ഒരു സംഗീതോപകരണത്തിലെ ഒരു 'പ്രഥമ ശ്രുതി' (prominent note) യെന്നോണം നിലകൊള്ളുന്നു. അയാളുടെ നിസ്സാരമായ ഒരു മന്ദഹാസം പോലും സർഗാത്മകതയുടെ സൗരഭ്യം പരത്തുന്നു.
നാം സമൂഹ ജീവികൾക്ക് പക്ഷേ, നമ്മുടെ സഹതാപം പ്രകടിപ്പിക്കാനുള്ള ഒരു ഇരയായിരിക്കാം അയാൾ; അയാളുടെ സാന്നിധ്യം നമ്മുടെ കണ്ണുകളെ അലോസരപ്പെടുത്തുന്ന ഒരു അപഭ്രംശമായിരിക്കാം. അയാളുടെ മൗനത്തെ നാം കാണുന്നത് നിസ്സഹായനായവന്റെ മൂകതയായിട്ടായിരിക്കും. നമ്മുടെ വിഭക്തികളുമായി ഇണങ്ങിപ്പോകാത്ത അയാളുടെ ഭക്തിലാളിത്യങ്ങൾ നമുക്ക് 'അജ്ഞാനതിമിരാന്ധത' യാകാം. പക്ഷേ അയാൾ നിലകൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെ തലം നമുക്ക് അപരിചിതമല്ലോ!

സ്വ-നാഥനെ നാം ഇഷ്ടപ്പെടുന്നില്ല. അയാളുടെ സാന്നിധ്യം നമ്മിലെ ഭീരുത്വത്തെ എടുത്തുകാണിക്കുന്നു. അയാളുടെ സാന്നിധ്യം നാം കാരാഗൃഹവാസികളെന്ന്  ഓർമ്മപ്പെടുത്തുന്നു.


                               * * * *   * * * * *

ഒരു ആമുഖമെന്നോണം ഇത്രക്കും പറയേണ്ടിവന്നത്, ഇതുവരേക്കും കണ്ടുമുട്ടിയിട്ടുള്ള സ്വ-നാഥ വ്യക്തികളിൽ ഏറ്റവും ജ്വലിച്ചു നിൽക്കുന്ന ലാൽ ചന്ദിനെ ഓർത്തപ്പോഴാണ്. മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലേക്കുള്ള നടവഴിയിൽ ഷൂ-പോളിഷിംങ്ങിനെ ഒരു കലയായി ഉപാസിച്ചുപോന്ന ഒരാൾ.
മുംബൈയിലേതുപോലെ, ഒച്ചവെക്കുന്ന ഷൂ പോളിഷുകാരെ-shoe shiners- മറ്റേതെങ്കിലും നഗരത്തിൽ കാണാൻ കിട്ടുമോ എന്ന് സംശയമാണ്. പോളിഷ് ചെയ്യുന്ന ബ്രഷുകൊണ്ട് ഷൂ ബോർഡിൽ ഉറക്കെ തട്ടിയും മുട്ടിയും എല്ലായ്പ്പോഴും അവർ ആളുകളെ വിളിച്ചുകൊണ്ടിരിക്കും. റെയിൽവേ

സ്റ്റേഷനിലെ ബഹളത്തിൽ അവരുടെ ഒച്ചകൾ മേളിച്ചു പോകുന്നു എന്ന് മാത്രം. അല്ലാത്ത പക്ഷം അവ ഒരു പരിധിവരെ അനാവശ്യവും അലോസരപ്പെടുത്തുന്നവയുമാണ്. മുംബൈയിലെ ആദ്യനാളുകളിൽ പലപ്പോഴും അവരുടെ 'ആത്മാവിൽ മുട്ടി വിളി' കേട്ട് തിരിഞ്ഞുനോക്കി ചമ്മിപ്പോയിട്ടുണ്ട്. എന്നാലും പോളിഷിങ്ങിലെ ഒരു ശബ്ദം മാത്രം ഞാൻ ആസ്വദിച്ചിരുന്നു. പോളിഷിങ്ങിന്റെ അവസാന touch-up ൽ, കനത്ത നാരുകളുള്ള ഒരു സാറ്റിൻ തുണികൊണ്ടു അങ്ങോട്ടുമിങ്ങോട്ടും വലിച്ചു, കിരു കിരു
ശബ്ദത്തിൽ അവർ ഷൂവിന്റെ  മുഖം മിനുക്കും. ആ സീൽക്കാരത്തിനു വേണ്ടി ഞാൻ കാതോർത്തു നിൽക്കാറുണ്ട്. പലരിലും ആ ശബ്‍ദം പല്ലു പുളിപ്പിക്കുമത്രേ. അതിനുശേഷമാണ് ഷൂമുഖം കറുത്ത കണ്ണാടി പോലെ മിന്നിത്തിളങ്ങുക.

ഇതുവരേക്കും ലഭ്യമായ തെളിവുകൾ വെച്ച്, മനുഷ്യൻ നാല്പതിനായിരം വർഷം മുൻപേ ബൂട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. ബൂട്ടുകളുടെ 'കാലൊച്ച'കൾക്ക് മനുഷ്യചരിത്രത്തിൽ നാഡിമിടിപ്പുകളുടെ സ്ഥാനമുണ്ടാവാം, നാമത് ഓർക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും. പോളിഷിങ്ങിലേക്കു വരാൻ പിന്നെയും കുറേ കാലമെടുത്തു. പ്രധാനമായും രണ്ടാം ലോകമഹായുദ്ധകാലത്താണ് സൈനികരുടെ ബാക്ക്പാക്കിൽ ബൂട്ട് പോളിഷ് ഒരു അവശ്യ സാമഗ്രിയായി ഇടം പിടിക്കുന്നത്.

അവിടന്നങ്ങോട്ട് കണ്ണാടിസമാനമായ ആ ഷൂമുഖങ്ങൾ എന്തെല്ലാം പ്രതിഫലിപ്പിച്ചിട്ടുണ്ടാവില്ല ! അധികാര ധാർഷ്ട്യങ്ങളും ദൈന്യ നിസ്സഹായതകളും എല്ലാം എല്ലാം, നിശബ്ദമായി അവയിൽ മാറിമറിഞ്ഞു പ്രതിഫലിച്ചു പോയിട്ടുണ്ടാകും.

ആദ്യമായി അയാൾ ശ്രദ്ധയിൽ പതിഞ്ഞതുതന്നെ അയാളെ പൊതിഞ്ഞു നിന്ന നിശബ്ദതകൊണ്ടാണ്. മറ്റു പോളിഷിങ്ങുകാരെപ്പോലെ തട്ടിയും മുട്ടിയും അയാൾ ആരുടേയും ശ്രദ്ധ ക്ഷണിച്ചില്ല. അയാൾ തൊഴിൽ സംഘത്തിൽ ചേർന്ന് യൂണിഫോം ധരിച്ചിരുന്നില്ല.  കുലത്തൊഴിലായി പോളിഷിങ് പണിയിലേർപ്പെട്ടിരുന്ന എല്ലാവരും ചെയ്യാറുള്ളതുപോലെ, അയാൾ അവരുടെ ആചാര്യ-ദൈവമായ സന്ത്‌ രവിദാസിന്റെ (രേയ്ദാസ് എന്ന് നാട്ടുമൊഴി )ചിത്രം തൊട്ടരികിൽ ഒട്ടിച്ചുവെച്ചിരുന്നില്ല.( രവിദാസ് മീരയ്ക്ക് സമകാലീലനായിരുന്നു എന്നും മീരയുടെ ഗുരുവായിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. സ്വാമി രാമാനന്ദന്റെ ശിഷ്യനായിരുന്ന രവിദാസ് കാശിനിവാസിയായിരുന്നു.
ചെരുപ്പുകുത്തിയായിട്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. രേയ്ദാസ് വാണികളെപ്പറ്റി ഓഷോ സംസാരിച്ചിട്ടുണ്ട്.)
സാധാരണമായ വസ്ത്രം ധരിച്ച ലാൽ ചന്ദ് അതീവ ശ്രദ്ധയോടെ തന്റെ ഇരിപ്പിടവും ചുറ്റുവട്ടവും വൃത്തിയായി സൂക്ഷിച്ചിരുന്നു. അയാളുടെ മൊത്തം ജീവിത സാമഗ്രികളും രണ്ടു തക്കാളിപ്പെട്ടികളിൽ ഒതുങ്ങിയിരുന്നു. ഒരെണ്ണത്തിൽ അയാളുടെ പോളിഷിങ് / റിപ്പയറിങ് പണിയായുധങ്ങൾ. മറ്റേ പെട്ടിയിൽ ഒരു ജോഡി വസ്ത്രവും ഒരാൾക്ക് ഭക്ഷണം കഴിക്കാനുള്ള അവശ്യം പാത്രങ്ങളും. ഒരു മൂലയിൽ തുടച്ചു മിനുക്കി വെച്ചിരുന്ന ചെറിയ ഒരു സ്റ്റവ്. ഒരു ചാക്ക് നാലാക്കി മടക്കി അതിന്മേൽ അയാൾ ഒരു സിംഹാസനത്തിലെന്നോണമിരുന്നു. കഴിവതും ആരുടേയും മുഖത്തേക്ക് നോക്കിയിരുന്നില്ല. ആരെങ്കിലും പോളിഷിങ് സ്റ്റാൻഡിലേക്ക് കാലെടുത്തുവെച്ചാൽ ചെറിയ സ്മിതത്തോടെ പോളിഷ് ചെയ്തുകൊടുക്കും. അത്രതന്നെ.

അയാളുടെ ചുറ്റുമുള്ള നാലടി ചതുരത്തിലെ സെൻ (zen) സ്പന്ദനങ്ങളും അയാളുടെ ഇരിപ്പിലെ സന്ദേഹമില്ലായ്മയും ആദ്യ കാഴ്ചയിൽത്തന്നെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും, അടുത്തിടപഴകാൻ പിന്നെയും കുറച്ചു നാളുകളെടുത്തു. അയാളിരുന്നതിന്റെ നേരെ എതിർവശത്തായിരുന്നു ഞങ്ങളുടെ വർക്കിംഗ് സൈറ്റ്- കുഴിക്കലും റോഡിനടിയിലൂടെ പൈപ്പിടലും മറ്റും. പണികൾക്കിടയിലെ നിസ്സഹായമായ ചില നിമിഷങ്ങളിലായിരുന്നു, ഒരു സായാഹ്നത്തിൽ അയാൾ നേർക്കുനേർ വന്ന് സൗമ്യമായി ചിരിച്ചത്. പിന്നീടുള്ള അനേകം വൈകുന്നേരങ്ങൾ അയാളുമൊത്ത് മിണ്ടിയും മിണ്ടാതെയും ചെലവഴിച്ചിട്ടുണ്ട്.
ആ സംഭാഷണങ്ങളുടെ വിശദാംശങ്ങളൊന്നും ഓർത്തുവെക്കാൻ മാത്രം പ്രാധാന്യമുള്ളവയായി തോന്നിയിട്ടില്ല. എന്തിനധികം, അയാളുടെ പേരുപോലും. അയാളുടെ മുഖം ഓർത്തെടുക്കുമ്പോഴെല്ലാം, കാടിനപ്പുറത്ത്, വൃക്ഷ ശിഖരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ തെന്നി നീങ്ങുന്ന ചെമപ്പ് കലർന്ന ഒരു ചന്ദ്ര ബിംബത്തെയാണ് ഓർമ്മ വരാറുള്ളത്. ഞാനതുകൊണ്ട് അയാളെ ലാൽ ചന്ദ് എന്ന്


വിളിച്ചുവെന്നേയുള്ളൂ- ചെന്തിങ്കൾ. അയാളുടെ യഥാർത്ഥ പേരിനെ, അയാളെപ്പോലെത്തന്നെ ഞാനും കാര്യമാക്കുന്നില്ല. 'കാര്യമായിട്ടുള്ളത് മറ്റെന്തോ ആണ്, ഇക്കാണുന്നതൊന്നുമല്ല' എന്നായിരുന്നു അയാളുടെ സാന്നിധ്യം എല്ലായ്പ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്.
ലാൽ ചന്ദ്, രാജസ്ഥാനിൽ നിന്നുള്ള ഒരു വിധം സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. സഹോദരന്മാരെല്ലാവരും ഉയർന്ന നിലയിലുള്ള ബിസ്സിനസ്സുകാർ. ഒരു സഹോദരി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു. ഇതെനിക്ക് നേരിട്ടറിയാവുന്നതാണ്. കാരണം ഒരു ദിവസം എന്തോ ഔദ്യോഗികാവശ്യത്തിനു മുബൈയിൽ വന്നപ്പോൾ അവർ തന്റെ സഹോദരനെ കാണാൻ വന്നിരുന്നു. അന്നത്തെ ആ കൂടിക്കാഴ്ചക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ ചാരിനിന്ന തന്റെ സഹോദരിക്ക് ഫുട്പാത് കച്ചവടക്കാരനിൽ നിന്നും ഒരിറക്ക് ചായ വാങ്ങിക്കൊടുത്തു ലാൽ ചന്ദ്. ഇമ വെട്ടാതെ നിന്ന നാലു കണ്ണുകളിൽ നിറയെ സ്നേഹബാഷ്പങ്ങൾ. കാര്യമായി ഒന്നും സംസാരിക്കാതെ അവർ തിരിച്ചുപോയി. ലാൽ ചന്ദ് തിരിച്ചു ചെന്ന് തന്റെ സിംഹാസനത്തിലിരുന്ന് ആരുടെയൊക്കെയോ ഷൂവുകൾ പോളിഷ് ചെയ്തു, സ്നേഹത്തോടെ. അന്നു രാത്രിയായിരുന്നു, അദ്ദേഹം തന്റെ വ്യക്തിപരമായ  പശ്ചാത്തലത്തെ എനിക്ക് മുൻപിൽ കുറേശ്ശേയെങ്കിലും വെളിപ്പെടുത്തിയത്.

അയാളുടെ അഭിപ്രായത്തിൽ, വീട് വിട്ട് മുബൈയിലെത്താൻ വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നില്ലത്രേ.  തന്റെ പിതാവിനോടും സഹോദരന്മാരോടുമുള്ള ബഹുമാനം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. അയാൾക്കു പക്ഷേ ഒരു കുടുംബത്തിലെ അംഗമായി സ്വയം കാണാൻ സാധിക്കുമായിരുന്നില്ല.
വെറുതേ പോകുന്ന ഒരു ട്രെയിനിൽ - അതായിരുന്നു യാത്രയെക്കുറിച്ചുള്ള അയാളുടെ ഭാഷ്യം - കയറിയിരുന്ന് മുംബൈയിലെത്തി. എങ്ങനെയോ ഷൂ പോളിഷിങ്ങിൽ എത്തിപ്പെട്ടു, കഷ്ടി ഭക്ഷണാവശ്യങ്ങൾക്കായി പണം കണ്ടെത്തേണ്ടതുണ്ടല്ലോ. മുംബൈ നഗരത്തിന്റെ പരിണാമ ചിത്രങ്ങൾ കാഴ്ച വെക്കുന്നതിൽ അയാൾക്ക് ഒരു താല്പര്യവുമില്ലായിരുന്നു. പൊതുവെയുള്ള ഒരു പ്രവണതയാണ്, നഗരത്തിൽ മുൻപേ എത്തിയവർ പഴയ മുംബൈയുടെ ചിത്രം നിരത്തുക എന്നത്. ലാൽ ചന്ദ് അധികമൊന്നും വാചാലനായില്ല, ഒരിക്കലും.

ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന പണികളുടെ സാങ്കേതിക വിവരങ്ങൾ അയാൾ ശ്രദ്ധാപൂർവം ചോദിച്ചു മനസ്സിലാക്കി. മറ്റൊന്നും അയാൾ എന്നോട് ചോദിച്ചതേയില്ല, എന്റെ പേര് പോലും. ഒരു സായാഹ്നത്തിൽ അയാൾ സംഭാഷണം തുടർന്നു, ആ തുടർച്ച എവിടെനിന്നായിരുന്നുവെന്ന് എനിക്ക് പിടി കിട്ടിയില്ലെങ്കിലും. കുറച്ചു വർഷങ്ങൾക്ക് മുൻപ് അയാൾ വീട്ടിലേക്ക് ഒരു സന്ദർശനം നടത്തിയത്രേ, രാജസ്ഥാനിലേക്ക്. വീട്ടുകാർക്കെല്ലാം വളരെ സന്തോഷമായി. അവർ അയാളോട് നിർദ്ദേശിച്ചു, സാധാരണമായ കുടുംബജീവിതം നയിക്കാൻ അയാൾ ഉദ്ദേശിക്കുന്നില്ലെങ്കിലെന്ത്, അവരുടെ വീട്ടുവളപ്പിൽത്തന്നെ അവർ പണിതിട്ടുള്ള ഒരു നല്ല ക്ഷേത്രമുണ്ട്, അതിനെ പരിപാലിച്ചുകൊണ്ട് അവിടെ സുഖമായി കഴിഞ്ഞേക്കാൻ. "എനിക്കും തോന്നി ശരിയാണെന്ന്", അയാൾ പറഞ്ഞു," സന്തോഷിക്കാൻ മുംബൈയിലെ ഫുട്പാത്ത് തന്നെ വേണമെന്നില്ലല്ലോ. എവിടെയായാലെന്ത്. ഞാനും കരുതി അങ്ങനെയാവാമെന്ന്. ഞാൻ ക്ഷേത്രമെല്ലാം എന്റെ രീതിയിൽ വൃത്തിയാക്കി ശുദ്ധീകരിച്ചു. വെളുത്ത മാർബിൾ കൊണ്ട് ഭംഗിയായി നിർമ്മിച്ച ഒരു ക്ഷേത്രമാണ്. മൂന്നു ദിവസം ഞാൻ വിളക്കെല്ലാം തെളിയിച്ച് വെച്ചപ്പോൾ ആ പരിസരമാകെ ഒരു വെളിച്ചം പരന്നു. അപ്പോഴാണ് ഞാനോർത്തത് എനിക്കെന്തിനാണ് ഒരു കുഞ്ഞു ക്ഷേത്രം, 'മുംബൈ ശഹർ' എന്ന മഹാ ക്ഷേത്രമുള്ളപ്പോൾ. ഞാൻ തിരിച്ചുപോന്നു, ആരോടും പറയാതെ. അവർക്കും മനസ്സിലായെന്നു തോന്നുന്നു, കുടുംബപരിസരം എനിക്ക് പറ്റിയതല്ലെന്ന്.”  

ഒരിക്കൽ പത്തിരുപതു ദിവസങ്ങളോളം ലാൽ ചന്ദിനെ അവിടെങ്ങും കാണാനില്ലായിരുന്നു. പിന്നീട് കണ്ടപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഞാൻ ഒന്ന് കറങ്ങാൻ പോയതാണ്. ആരോ പറഞ്ഞു, തിരുപ്പതിയിൽ ഷൂ പോളിഷിങിന് മറ്റൊരു രസമുണ്ടെന്ന്. ഞാനും വിചാരിച്ചു, ഒന്ന് പോയി കണ്ടുകളയാമെന്ന്. മദ്രാസിലേക്കുള്ള ട്രെയിനിൽ കയറിയിരുന്നു. മദ്രാസ്സിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ടിക്കറ്റ് എക്സാമിനർ പിടിച്ചു. ഞാൻ ചോദിച്ചു," സർ, നമ്മുടെ രാജ്യം.നമ്മുടെ വണ്ടി. എന്ത് ടിക്കറ്റ്?". അവർ പിടിച്ച് ലോക്കപ്പിലിട്ടു. ഒരു ദിവസം അവിടെ സുഖമായി കഴിഞ്ഞു. പിന്നീട് I G വന്നു. ഞാൻ അദ്ദേഹത്തിന്റെ ബെൽറ്റും ഷൂവും മനോഹരമായി പോളിഷ് ചെയ്തുകൊടുത്തു. അദ്ദേഹം പറഞ്ഞു ഇനി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തേക്കരുതെന്ന്."

ലാൽ ചന്ദിന്റെ ടിക്കറ്റു യുക്തികൾ എനിക്ക് ബോധിച്ചില്ല. എനിക്കറിയാമായിരുന്നു അയാൾ അങ്ങനെ  മനപ്പൂർവ്വം പെരുമാറുന്നതാണെന്ന്. എന്തെന്നാൽ, ഇടയ്ക്കു വല്ലപ്പോഴും അയാൾ 'ടൈംസ് ഓഫ് ഇന്ത്യ' വായിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. അത്യാവശ്യം ലോക പരിജ്ഞാനമുള്ളയാളാണ്. മാത്രവുമല്ല, ടിക്കറ്റിനുള്ള പണവും ഇയാളുടെ കയ്യിലുണ്ട്. പിന്നെന്തിനാണ് ...? അറിയില്ല. ലാൽ ചന്ദ് തുടർന്നു. “തിരുപ്പതിയിൽ ഒരാഴ്ച തങ്ങി. എനിക്ക് മനസ്സിലായി, പോളിഷിങ്ങിന് മുംബൈ തന്നെ. ഞാൻ തിരിച്ചു പോന്നു. മദ്രാസ്സിൽ എത്തുന്നതിനു മുൻപ് എന്നെ വീണ്ടും TTE പിടിച്ചു. 'നമ്മുടെ രാജ്യം.നമ്മുടെ വണ്ടി. ടിക്കറ്റെന്തിനാണ്?' ഞാൻ വീണ്ടും അതേ ലോക്കപ്പിൽ. വീണ്ടും I G വന്നു. ഇത്തവണ അദ്ദേഹത്തിന് ശരിക്കും ദേഷ്യം വന്നു. അദ്ദേഹം അടിക്കാനോങ്ങി. ഞാൻ ചിരിച്ചു. വീണ്ടും ഞാൻ അദ്ദേഹത്തിന്റെ ബെൽറ്റും ഷൂവും 'ചകാചക് ' പോളിഷ് ചെയ്തുകൊടുത്തു. അദ്ദേഹം പറഞ്ഞു എത്രയും പെട്ടെന്ന് മുംബൈക്ക് തിരിച്ചു പോകാൻ. ഞാൻ തിരിച്ചു പോന്നു."
കുറച്ചു മാസങ്ങൾക്കു ശേഷം മദ്രാസിലെ ആ  I G മുംബൈയിൽ എത്തിയപ്പോൾ ലാൽ ചന്ദിനെ കാണാൻ വന്നതോർമ്മയുണ്ടെനിക്ക്.


മുംബൈയിലെ തിക്കും തിരക്കും ജനപ്രളയവും വർഷകാല കെടുതികളും ചുട്ടുപൊള്ളുന്ന വേനലും യാതൊന്നും ലാൽ ചന്ദിനെ ബാധിക്കുന്നതായി തോന്നിയിട്ടില്ല. കടന്നുപോകുന്ന മേഘക്കൂട്ടങ്ങളൊന്നും തിങ്കൾകലക്കു ക്ഷതമേല്പിക്കാറില്ലല്ലോ. ഏറിയാൽ കാർമേഘങ്ങൾ വന്നു അതിനെ പൂർണ്ണമായും മറച്ചുകളഞ്ഞേക്കാം. എന്നാലെന്ത്? അതിനു വിശേഷിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ല. അതിൽ നിന്നും പ്രസരിക്കുന്ന പ്രഭ സ്വാഭാവികമായ ഒരു ജീവസ്പന്ദനമാണ്. just another happening. ഒഴുകി നീങ്ങുന്ന മേഘങ്ങളെപ്പോലെത്തന്നെ.
അയാൾ ഒരിക്കലും ജീവിതത്തെക്കുറിച്ച്, തത്വചിന്തകൾ പറഞ്ഞില്ല, നിരർത്ഥകമായും സാർത്ഥകമായും. ക്ഷേത്ര ദർശനത്തിനു മല കയറിയിരുന്ന ആളുകളെപ്പറ്റി, 'എത്തിച്ചേർന്നിട്ടില്ലാത്തവർ പൊയ്ക്കൊണ്ടേയിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് തന്റെ കുടിലിൽ ഉറങ്ങിക്കഴിയുക മാത്രം ചെയ്തിരുന്ന സെൻ ഗുരുവിനെപ്പോലെ, തിളച്ചുമറിയുന്ന മഹാനഗരത്തിൽ അയാൾ വിശ്രമത്തിലാണ്ടു. ഫുട്പാത്തിന്റെ ഒരു കൊച്ചു മൂലയിലിരുന്നിരുന്ന ലാൽ ചന്ദിന് ചുറ്റും ഒരു നീണ്ട ഇടനാഴിയുടെ മൗനമുണ്ടെന്ന് തോന്നിയപ്പോഴൊക്കെയും,  'ഇത് വെറും തോന്നലെന്ന്' ഞാൻ സ്വയം തിരുത്തിക്കൊണ്ടിരുന്നു.
ഒരു വർഷത്തെ പരിചയത്തിനിടെ, ഒന്നോ രണ്ടോ തവണ സന്ധ്യക്ക്‌, തൊട്ടടുത്തുള്ള മറൈൻ ഡ്രൈവിലൂടെ നടന്നു പോകുമ്പോൾ, അയാൾ കടലിനെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെയും രണ്ടു തക്കാളിപ്പെട്ടികൾക്കിടയിലുള്ള തന്റെ 'സിംഹാസനത്തിൽ' ലാൽ ചന്ദ് മന്ദസ്മിതത്തോടെ ഇരുന്നു. ഇതുപോലെ വിശ്രാന്തിയിലാണ്ടു കഴിയുന്ന അനേകം സ്വർണ്ണപുഷ്പങ്ങൾക്കിടയിലാണ് നാമേവരും ജീവിച്ചുപോകുന്നതെന്നോർക്കുക.അവരുടെ സാമീപ്യം നമ്മെ അസ്വസ്ഥരാക്കുകയെങ്കിലും ചെയ്യുന്നെങ്കിൽ, ഭാഗ്യമെന്നുറപ്പാക്കുക. നമുക്കകത്തെ ഭീരുത്വത്തിന്റെ കോട്ടവാതിലുകളിൽ അറിയാതെയെങ്കിലും ചില വിള്ളലുകൾ വീണിരിക്കുന്നു!

നിലാരശ്മികളുടെ സൗമ്യതയോടെയാണ് ലാൽ ചന്ദ്, മുംബൈ നഗരത്തിൽ, ഈ ഭൂമിയിൽ, കഴിഞ്ഞുപോയിരുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കറിയില്ല അയാൾ ഇപ്പോൾ എവിടെയാണെന്ന്. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അറിയണമെന്നും തോന്നിയിട്ടില്ല.

സ്വ-നാഥരായിട്ടുള്ളവർ ജോനാഥനെപ്പോലെയാണ്; നൈരന്തര്യതയുടെ സ്വർണ്ണപുഷ്പ്പങ്ങളായി പ്രശോഭിക്കുന്നവർ, സ്വാതന്ത്ര്യത്തിന്റെ അഭൗമ സൗരഭ്യം പരത്തുന്നവർ. 'വീണപൂവാ'ഖ്യാനങ്ങൾക്ക് അവർ വഴങ്ങുന്നില്ല.