Osho wings Osho waves

Featured Post

Showing posts with label CONTEMPLATION OF RICHARD BACH'S BOOKS. Show all posts
Showing posts with label CONTEMPLATION OF RICHARD BACH'S BOOKS. Show all posts

Tuesday, July 3, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-3 (BOOKLETS OF SEAGULL)


ഇല്യൂഷൻ എന്ന പദമാണ് റിയാലിറ്റി എന്ന പദത്തേക്കാൾ റിയാലിറ്റിയോടടുത്തു നില്ക്കുന്നത്. എന്തെന്നാൽ ഇടമുറിയാതെ നാം അനുഭവിച്ചുപോരുന്നത് ഇല്യൂഷനാണ്; യാഥാർഥ്യമെന്നോണം. യാഥാർഥ്യമാകട്ടെ (reality) നമ്മുടെ സങ്കല്പത്തിലുള്ളതെന്തായിരുന്നാലും, മായാപ്രകൃതമാണ്. ഐൻസ്റ്റീൻ പറഞ്ഞത് ഇങ്ങനെയാണ്, "Reality is merely an illusion, albeit a very persistent one."

Yes, illusion is real and reality is illusive.


Play എന്നർത്ഥം വരുന്ന ധാതുവിൽ നിന്നാണ് illusion ഉണ്ടായിവന്നിട്ടുള്ളത്. ഒരു പക്ഷേ, മിഥ്യ എന്നതിനേക്കാൾ "ലീല' എന്ന വാക്കായിരിക്കും illusion-നു പകരം വെക്കാനാകുക. സി. ജി. യുങും വിദേശീയരായ മറ്റുപലരും ഇല്യൂഷനു  പകരമായി ഭാരതത്തിലെ മായാസങ്കല്പം സ്വീകരിക്കുകയും 'മായ' എന്നുതന്നെ പ്രയോഗിച്ചുപോരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഓഷോ പ്രത്യേകം ഓർമ്മപ്പെടുത്തുന്നുണ്ട്, മായയോളം വരില്ല ഇല്യൂഷനെന്ന്.

റിച്ചാർഡ് ബാകിൻ്റെ ഇല്യൂഷനുകളിൽ (Illusions- I & illusions- II) 'മായാവിനോദം' എന്ന വാക്കായിരിക്കും അനുയോജ്യം എന്നുതോന്നുന്നു. ഡൊണാൾഡ്‌ ഷിമോദ 'fun' എന്ന പദം തൻ്റെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ കൊണ്ടുവരുന്നുമുണ്ട്; തുടർച്ചയായ ഒരു ഓർമ്മപ്പെടുത്തലെന്നോണം. നാം ഏറ്റവും ഉണർവ്വോടിരിക്കുന്ന ഒരിടം കളിക്കളമല്ലോ.

playfulness, ധ്യാനത്തിലേക്ക് വരുന്നവർക്ക് അനിവാര്യമായിരിക്കേണ്ടതാണെന്നോർക്കുക.

हसिबा खेलिबा धरिबा ध्‍यानम्- ചിരിച്ചും കളിച്ചും സ്വായത്തമാക്കേണ്ടതാണ് ധ്യാനമെന്ന കലയെന്ന് ഗോരഖ് നാഥ്. ഇല്യൂഷനെന്നും റിയാലിറ്റിയെന്നും പ്രയോഗിക്കുമ്പോഴൊക്കെയും, അവ മിക്കപ്പോഴും ബാഹ്യലോകത്തെ സംബന്ധിച്ചാണെന്നൊരു ധാരണ പൊതുവെയുണ്ടെന്നു തോന്നുന്നു. "നിങ്ങളീക്കാണുന്ന ലോകം മായയാണ്", എന്ന് കേട്ടുശീലിച്ച്, മായയെന്നത് പുറം ലോകത്തിൻ്റെ പ്രകൃതമാണെന്നൊരു തോന്നൽ വന്നുചേർന്നിട്ടുണ്ടോ!? പുറംലോകത്തിന് ഇവ്വിധം യഥാർത്ഥമായ ഒരു
michio kaku
പ്രകൃതമുണ്ടോ? യഥാർത്ഥ പ്രകൃതം എന്നൊന്നില്ല തന്നെ.ഏതു പ്രകൃതവും നിരീക്ഷിക്കപ്പെടുന്ന, അനുഭവിക്കപ്പെടുന്ന, മാധ്യമങ്ങളുടെ (medium) പ്രകൃതത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ എന്താണീ യാഥാർഥ്യം ? അനുഭവശുദ്ധിയുടെ ഒരു ഏകകം മാത്രമാണതെന്നു പറയേണ്ടിവരും.

യാഥാർഥ്യമെന്തെന്നതിനെപ്പറ്റി ഈയടുത്തു വായിച്ചത് മിഷിയോ കാക്കു (Michio Kaku) വിൻ്റെ വിചാരങ്ങളാണ്- Future of mind - അദ്ദേഹം പറയുന്നു,
“The real meaning of reality is that state of consciousness which does not have any longing, which is normally thought as an intrinsic potential, to find out the reality”.

സ്ഥിതപ്രജ്ഞത, no-mind, mindfulness, enlightenment എന്നിങ്ങനെ വേണ്ടുവോളം പര്യായങ്ങളുണ്ട് ആ നിർവചനത്തിന് പകരം വെക്കാവുന്നത്. ഇത്തരം പദങ്ങളെ ചുറ്റിനിൽക്കുന്ന ആത്മീയ മാറാലകൾ, അവക്ക് ശാസ്ത്രീയസമ്മതി നിഷേധിക്കുന്നുവെന്നുമാത്രം. നിർഭാഗ്യ (ശാസ്ത്രത്തിൻ്റെ) മെന്നല്ലാതെ എന്തുപറയാൻ! ഡൊണാൾഡ് ഷിമോദയുടെ പറച്ചിലുകൾ ഒരു ഹിപ്നോട്ടിസ്റ്റിൻ്റെ നിർദ്ദേശങ്ങളെന്നോണമാണ്; ''just your imagination” Of course, it’s your imagination! This world is your imagination. Have you forgotten?”


സ്വപ്നത്തിൻ്റെ ഇരുൾഭിത്തിയിൽ ഇടതടവില്ലാതെ പ്രഹരിക്കുകയാണദ്ദേഹം. എപ്പോഴെങ്കിലും ഈ ഭിത്തിയിൽ ഒരു വിള്ളൽ വീണാലോ? പിന്നെയൊരിക്കലും നാം സങ്കല്പസ്വപ്നത്തിൽ അകപ്പെടുകയില്ലത്രേ! പിന്നെയൊരിക്കലും നാം അയഥാർത്ഥമായ രംഗപടങ്ങൾക്കൊത്ത് അഭിനയിച്ചു വശംകെടില്ലത്രേ! ഈ നോവലിൻ്റെ അവസാനഭാഗത്ത്‌ റിച്ചാർഡ് ബാക് ഒരു സ്വപ്നം കാണുന്നു, ഡൊണാൾഡ് ഷിമോദ കൊല്ലപ്പെട്ട ദിവസം. ആ സ്വപ്നത്തിൽ ഷിമോദ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കടന്നുവരുന്നുണ്ട്. എന്നത്തേയും പോലെ സംസാരിക്കുന്നുമുണ്ട്. റിച്ചാർഡ് ബാകിൻ്റെ 'illusory anxiety' കൾ കൂടുന്നതേയുള്ളൂ. തൻ്റെ തന്നെ കൊലപാതകത്തെ പറ്റിയും കേടുവന്ന തൻ്റെ വിമാനത്തെ പറ്റിയും ഷിമോദ സംസാരിക്കുന്നു. മാത്രവുമല്ല, മിശിഹപദത്തിലേക്ക്, സ്ഥലകാലാതീതമായ അസ്തിത്വതലങ്ങളിൽ ജീവിതത്തെ അനുഭവിക്കാനുള്ള ധീരതയിലേക്ക് റിച്ചാർഡ് ബാകിനെ പിടിച്ചുയർത്താൻ ശ്രമിക്കുന്നുമുണ്ട് അദ്ദേഹം. തൻ്റെ മുന്നിലൂടെ കടന്നുപോകുന്ന ഈ 'തമാശകൾ' അതേപ്പറ്റിയുള്ള വിചാരങ്ങൾ തുടങ്ങി എല്ലാം ഒരു കടലാസ്സിൽ എഴുതിവച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ റിച്ചാർഡ് ബാക് നിഷേധിക്കുകയാണ് ചെയുന്നത്. "ഒരിക്കലും ഞാനതിന് തുനിയില്ല; ഒറ്റ വാക്കുപോലും എഴുതാനില്ല." എന്ന് പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. നോവൽ അവിടെ അവസാനിക്കുന്നെങ്കിലും illusions തുടരുകയാണ് സത്യത്തിൽ. ആ തുടർച്ചയുടെ സൂചനകളെന്നോണം റിച്ചാർഡ് ബാക് എഴുതിത്തുടങ്ങുന്നു, "ഭൂമിയിലേക്കിറങ്ങിവന്ന ഒരു മാസ്റ്ററുണ്ടായിരുന്നു....ഈ വരികളാണ് നോവലിൻ്റെ ഒന്നാമത്തെ അദ്ധ്യായമായി ചേർത്തിരിക്കുന്നത്. റിച്ചാർഡ് ബാകിൻ്റെ തന്നെ കൈയ്യക്ഷരത്തിൽ. അക്ഷരാർത്ഥത്തിൽ ഒരു കൈപ്പുസ്തകം.
ഇല്യൂഷൻസ് എന്ന അദ്ധ്യായം എന്നന്നേക്കുമായി

അവസാനിച്ചുവെന്നാണ് റിച്ചാർഡ് ബാക് വിചാരിച്ചത്- 2012 ആഗസ്റ്റ് വരേയ്ക്കും. തൻ്റെ അമ്പത്തിയെട്ടു വർഷത്തെ വൈമാനിക ജീവിതത്തിൽ ഒരിക്കൽ പോലും അപകടത്തെ നേരിടേണ്ടിവന്നിട്ടില്ലാത്ത അദ്ദേഹത്തിന് ആ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമായി. Puff എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അദ്ദേഹത്തിൻ്റെ seaplane അന്ന് ഇലക്ട്രിക്ക് ലൈനുകളിൽ തട്ടി തകർന്നു. കുറച്ചു ദിവസത്തേക്ക് റിച്ചാർഡ് ബാക് മരിച്ചുപോയി. ഒരാഴ്ചക്കുശേഷം അദ്ദേഹം കണ്ണുതുറന്നപ്പോൾ, ഓക്സിജൻ മാസ്കും മാപിനികളും മറ്റ് പല
illusions 1 - first page
ഉപകരണങ്ങളുമായി ആശുപത്രിത്തടവിൽ. ഒരു വർഷമെങ്കിലും വേണ്ടിവരും സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ എന്ന് ആശുപത്രിവൃത്തങ്ങൾ. ആ തിരിച്ചുവരവിൻ്റെ വൃത്താന്തങ്ങളാണ് Illusions-II. മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2014 ൽ Illusion-II പുറത്തുവരുമ്പോൾ, അത് ഒരു നീണ്ട കാലയളവിന് ശേഷം എഴുതപ്പെടുന്ന ഒരു നോവലിൻ്റെ രണ്ടാം ഭാഗമല്ല. മുപ്പത്തഞ്ചു വർഷത്തിൻ്റെ ദൈർഘ്യമുള്ള മായാനുഭവത്തിൻ്റെ- ജീവിതമെന്ന വിശ്വാസം -പദസംഗ്രഹമാണ്. Illusions- I- ൽ തൻ്റെ കയ്യക്ഷരത്തിൽ 34 ഖണ്ഡികകളാണ് നമ്പറിട്ട് എഴുതിയിരുന്നത്. Illusions-II- ൽ 35-മത്തെ ഖണ്ഡികയായിത്തന്നെ അത് തുടങ്ങിയിരിക്കുന്നു.


മരണാസന്നമായ (near death) നാഴികകൾ, അതിനു ഭാഗ്യമുണ്ടായിട്ടുള്ളവർക്കെല്ലാം, അമൂല്യമായ എന്തെങ്കിലും സമ്മാനിക്കാതെ പിൻവാങ്ങിയിട്ടില്ല. സമയബോധമെന്ന വിലങ്ങുകളിൽ നിന്നുള്ള വിടുതലായിരിക്കണം ആ പാരിതോഷികമെന്നു തോന്നുന്നു. സമയബോധമില്ലാതാവുമ്പോൾ സ്ഥലപരിധിയും-space limit -ഇല്ലാതാവുന്നു. ദ്രവ്യമെന്നും ചേതനയെന്നുമുള്ള വേർതിരിവില്ല പിന്നെ. ആശുപത്രിക്കിടക്കയിൽ, കണ്ണുതുറന്നതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതുവരേക്കും റിച്ചാർഡ് ബാക് സ്വതന്ത്രബോധത്തിൻ്റെ ഏതോ തലത്തിലേക്കുതന്നെ വീണ്ടും വീണ്ടും തിരിച്ചുപോവുകയാണ്. ഭൂതകാലമെന്നു താൻ ഇതുവരെ വിചാരിച്ചിരുന്നതൊക്കെയും വർത്തമാന തെളിമയോടെ അനുഭവിക്കാൻ തുടങ്ങുന്നു. വെറും സ്വപ്നമെന്നു വിളിക്കാൻ തോന്നിയേക്കാമെങ്കിലും, ആ സ്വപ്നങ്ങൾക്ക് എന്തോ ചില ഊർജ്ജപ്രഭാവങ്ങളുണ്ട്.
കൺപോളകൾ അടഞ്ഞുപോകുമ്പോഴൊക്കെയും ഡൊണാൾഡ് ഷിമോദയും, തൻ്റെ വിമാനസുന്ദരി Puff-ഉം, മുൻപെപ്പോഴോ മരണമടഞ്ഞ Lucky എന്ന തൻ്റെ നായയും റിച്ചാർഡ് ബാകിനെ സന്ദർശിക്കുകയും സംഭാഷണങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ജോനാഥൻ സീഗൾ, ഫ്ലെറ്റ്ചർ ലിൻഡ്, ആൻ്റണി തുടങ്ങി പലരും. Lucky-യുമൊത്ത് തോട്ടത്തിൽ ഓടിക്കളിച്ച നിമിഷങ്ങൾ മുതൽ, ഭാര്യ സബ്രീനയോടൊപ്പമുണ്ടായ സ്നേഹം നിറഞ്ഞ അപൂർവ്വം ദിവ്യമുഹൂർത്തങ്ങൾ, തനിക്കു സംഭവിച്ച അപകടത്തിൻ്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാംതന്നെ ഷിമോദ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുന്നു - ഓർമ്മകളായിട്ടല്ല; reliving ആയിട്ട്. താൻ കടന്നുപോന്ന ഇല്യൂഷനുകളെ ഇഴപിരിച്ച്‌ അറിയുകയാണ് റിച്ചാർഡ് ബാക്. സ്ഥലകാലങ്ങൾ ചമക്കുന്ന ബോധഭ്രമങ്ങൾ. ഈ സംഭാഷണങ്ങൾക്കിടക്ക് റിച്ചാർഡ് ബാക് തികച്ചും സാധാരണങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ ശരീരവും, ആശുപത്രിയും, മാപിനികളും, നിങ്ങളും, നിങ്ങളുടെ സംസാരവും തുടങ്ങി ഇക്കാണുന്നതൊക്കെയും ഇല്യൂഷൻ ആണോ എന്ന്. അതെയെന്നുതന്നെ ഷിമോദ മന്ത്രിക്കുന്നു. ഈ നോവലത്രയും സംഭാഷണങ്ങളാണ്.
Illusions-I- ൽ ഇല്യൂഷനെന്ന അനുഭവത്തെപ്പറ്റിയാണ് ഷിമോദ കൂടുതൽ വിശദമാക്കുന്നത്. ഒരു ചലച്ചിത്രത്തോടുപമിച്ചുകൊണ്ട്. ഷിമോദ ചലച്ചിത്രപ്രേമികളെപ്പറ്റി പറയുന്നു,''തങ്ങളുടെ സ്വന്തം സിനിമകളിൽ-- അഭിനയിക്കുന്നവരുടെയും, കാണുന്നവരുടെയും --നിസ്സഹായരാണെന്നു വിചാരിച്ചു ബുദ്ധിമുട്ടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെ കാണുന്നില്ലേ? അതെന്തുകൊണ്ടാണെന്ന് അറിയുമ്പോഴേ നിങ്ങൾക്കു മനസ്സിലാവൂ, എന്തുകൊണ്ടാണ് ചിലർ സന്തോഷമില്ലാതെ ജീവിക്കുന്നതെന്ന്. അവർ അങ്ങിനെ ജീവിക്കുന്നത് അവർ അതിനാഗ്രഹിക്കുന്നതുകൊണ്ടാണ്." "നാം നീർനായ്ക്കളെപ്പോലെയാണ്", ഷിമോദ ഇല്യൂഷനുകളുടെ വ്യാപ്തിയളക്കുകയാണ്, "തമാശകളും വിനോദങ്ങളുമായി കഴിയാൻ താല്പര്യമുള്ളവർ. ക്രീഡാതല്പരരായ ജീവികൾ. ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും-- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്." "സ്ഥലകാലത്തെ ആശ്രയിച്ചുനിൽക്കുന്നതെന്തും മായയാണ്. എന്നാൽ നമുക്കെന്തുകൊണ്ട് കുറച്ചുനേരം ഈ മായയെ വിനോദമായെടുത്ത്‌ ആസ്വദിച്ചുകൂടാ?"
ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!" ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ", "Yes, the answer is You." നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും! ദൈവമെന്ന പേരിൽ ഒരു അപരനെ (the other) കണ്ടെത്തി നാം ഉത്തരവാദിത്തത്തിൽ നിന്നും തലയൂരുകയാണ്. എന്തെന്നാൽ ഇല്യൂഷൻ എന്ന ഈ സിനിമയിൽ കുഴഞ്ഞുമറിയാൻ നാം ആഗ്രഹിക്കുകതന്നെ ചെയുന്നു. നമുക്ക് നമ്മെത്തന്നെ കബളിപ്പിക്കാനുള്ള ഏറ്റവും സുന്ദരമായ പദമല്ലേ ദൈവം? റിച്ചാർഡ് ഫെയ്ൻമാനായിരുന്നു (nano technology) ഇങ്ങനെ ഓർമ്മപ്പെടുത്തിയത് -"The first principle is that you must not fool yourself - and you are the easiest person to fool".
richard feynman
റിച്ചാർഡ് ബാക് ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് ഷിമോദയോട്. "ജീവിതത്തിൽ ആരും തന്നെ ശരിക്കും മുറിപ്പെടുന്നില്ലേ? തെറിച്ചു വീഴുന്ന രക്തമൊക്കെയും സിനിമയിലേതുപോലെ വെറും തക്കാളിനീരാണോ?" "അല്ല, അത് ശരിക്കും രക്തം തന്നെയാണ്", ഷിമോദ തുടർന്നു, "പക്ഷേ, യഥാർത്ഥ ജീവിതത്തിൽ അതിന് തക്കാളിനീരിൻ്റെ ഫലമേയുള്ളൂ." "അപ്പോൾ യാഥാർഥ്യമെന്താണ്?" ഷിമോദ യാഥാർഥ്യത്തെപ്പറ്റി പറയുന്നു, "യാഥാർഥ്യമെന്നത് പൂർണ്ണ ഉണർവ്വോടെയുള്ള ഒരുതരം ഉപേക്ഷയാണ്, divinely indifferent. തൻ്റെ കുഞ്ഞ് എന്തെല്ലാം കളികളാണ് കളിക്കുന്നതെന്ന്, കള്ളനായാലും, പൊലീസായാലും ഒരമ്മ കാര്യമാക്കാറില്ലെന്നതുപോലെയാണ് യാഥാർഥ്യം. നമ്മുടെ ഈ മായാവിനോദങ്ങളെ യാഥാർഥ്യം ഗൗനിക്കാറേയില്ല. അത് സ്വയം അറിയുക മാത്രമേ ചെയ്യുന്നുള്ളൂ." Illusion -II-ൽ എത്തുമ്പോഴേക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രണ്ടു നോവലുകളുടെയും ക്യാപ്ഷനുകൾ അത് ആദ്യമേ സൂചിപ്പിക്കുന്നു. ഒന്നാമത്തേത് വിമുഖനായ ഒരു മിശിഹയുടെ സാഹസികതകളാണെങ്കിൽ, രണ്ടാമത്തേത് വിമുഖനായ ഒരു വിദ്യാർത്ഥിയുടെ സാഹസികതകളാണ്.

Illusion -II -ൽ, കണ്ണുകൾ പതിയെ തുറന്നുവരുന്ന റിച്ചാർഡിനോട് അദ്ദേഹത്തിൻ്റെ ഭാര്യ മന്ത്രിക്കുന്നത് "you are a perfect expression of perfect love, here and now" എന്നാണ്. സ്ഥലകാലങ്ങളുടെ ലീലാപടത്തെ മറികടന്നു പോകാൻ റിച്ചാർഡ് ബാക് പ്രാപ്‌തനാവുന്നത് ഈ മന്ത്രത്തോടെയാണ്. അസ്തിത്വത്തിൻ്റെ എത്രതന്നെ മാനങ്ങളെയും (hyper dimensions) കോർത്തിണക്കികൊണ്ട് നിൽക്കുന്ന സ്നേഹമെന്ന നിഗൂഢാത്ഭുതത്തിൻ്റെ ശുദ്ധബീജമായിരുന്നു ആ നിമിഷം റിച്ചാർഡ് ബാകിൻ്റെ ചേതനയിലേക്ക് സംവഹിക്കപ്പെട്ടത്. ആശുപത്രികിടക്കയിലെ യോഗനിദ്രകളിൽ പലപ്പോഴായി കടന്നുവരുന്ന ഡൊണാൾഡ് ഷിമോദ, സ്നേഹത്തിൻ്റെ അതീത്വത്തെപ്പറ്റി- beyondness - പിന്നെയും പിന്നെയും ബോധ്യപ്പെടുത്തുകയാണ്. റിച്ചാർഡ് ബാകിൻ്റെ തന്നെ Hypnotizing Maria എന്ന നോവലിൽ ഹിപ്നോട്ടിസത്തിൻ്റെ അതിസൂഷ്മതകളെ എടുത്തുകാണിച്ചു തരുന്നുണ്ട്. ഇവിടെ പക്ഷേ dehypnosis -ൻ്റെ 'നേതി നേതി' കളാണ് സംഭവിക്കുന്നത്. ജീവിതത്തിൻ്റെ ത്രിമാന പരിമിതികളെ ലംഘിച്ചുകൊണ്ട് സ്നേഹമെന്ന ആത്മസ്യൂതതയിലേക്ക് റിച്ചാർഡ് ബാകിനെ തിരികെ കൊണ്ടുവരികയാണ് ഷിമോദ. തൻ്റെ നിദ്രാവസ്ഥയിൽ തുടർന്നുകൊണ്ടുതന്നെ റിച്ചാർഡ് ചോദിക്കുന്നു, "നിങ്ങളൊരു വിചാരരൂപമാണ്, അല്ലേ ഡൊണാൾഡ് ? നിങ്ങൾ യഥാർത്ഥ രൂപമല്ല. ഇതൊരു സ്വപ്നമാണ്, ഈ വിമാനത്താവളം, വിമാനങ്ങൾ, തെളിച്ചമാർന്ന ഈ സൂര്യപ്രകാശം തുടങ്ങി എല്ലാം. ശരിയല്ലേ?" ഷിമോദ പുഞ്ചിരിച്ചു, "അല്ല, ഇവയൊന്നും, ഞാനടക്കം യഥാർത്ഥ രൂപമല്ല. യഥാർത്ഥ രൂപങ്ങൾ എന്നൊന്നില്ല തന്നെ. യഥാർത്ഥമായിട്ടുള്ളത് സ്നേഹം മാത്രമാണ്." ജീവിതത്തിലെ ഓരോ നിമിഷവും, എന്തിൽനിന്നും ആരിൽനിന്നും hypnotic suggestion സ്വീകരിക്കുകയും അതിനനുസരിച്ചു പ്രവൃത്തിക്കുകയും ചെയ്യുകയാണ് നാം. 'എന്തുകൊണ്ട്'? എന്ന ചോദ്യത്തിന് "എന്തെന്നാൽ, നിങ്ങളാവശ്യപ്പെട്ടതു ഇത് ഇങ്ങനെ ആയിത്തീരാനാണ്. നിങ്ങൾ പ്രാർഥിച്ചത് ഈ ദുരന്തത്തിനാണ്. നിങ്ങളുടെ പ്രാർത്ഥന സഫലമായിരിക്കുന്നു." എന്ന് മറുപടി പറയുമ്പോൾ റിച്ചാർഡ്‌ ബാക്കിനത് വിശ്വസിക്കാനാവുന്നില്ല. തുടർസംഭാഷണങ്ങളിൽ റിച്ചാർഡ് ബാക് ഉരുവിടുന്നുണ്ട്, “പരിശുദ്ധ സ്നേഹത്തിൻ്റെ മഹത് സൃഷ്ടിയാണ് ഞാൻ. ഇപ്പോൾ, ഇവിടെ". ഒരുതരം 'past life reliving' therapy -യിലൂടെ റിച്ചാർഡ് ബാക് അതിവേഗം സുഖപ്പെട്ടുവരുന്നുണ്ട്. തൻ്റെ വിമാന സുന്ദരി Puff -നോടൊപ്പം. ഒരു സെഷനിടയിൽ റിച്ചാർഡ് പറയുന്നു, "ഡൊണാൾഡ് ഷിമോദ, നിങ്ങളൊരു സാ ങ്കല്പിക കഥാപാത്രം പോലെയാണ്. എന്നാൽ നിങ്ങൾ യഥാർത്ഥത്തിലുള്ളതുപോലെ തോന്നിപ്പിക്കുന്നു."ഷിമോദ പറയുന്നു, "നിങ്ങളും".
RICHARD BACH WITH HIS PUFF AFTER RECOVERY-image courtesy- richardbach.com
അതിവേഗം കേടുപാടുകൾ തീർന്നുവരുന്ന തൻ്റെ ശരീരത്തിലേക്ക് റിച്ചാർഡ് ബാക് ഇറങ്ങിവരികയാണ്. ഷിമോദ പരിചയപെടുത്തിക്കൊടുത്ത വ്യത്യസ്തലോകത്തിൽ നിന്ന്. വീണ്ടും തൻ്റെ പ്രിയ ഭാര്യ സബ്രിനയെ കാണാൻ. അവളായിരുന്നു അദ്ദേഹത്തിൻ്റെ കാതിൽ സ്നേഹമന്ത്രം ജപിച്ചത്. "നാം സമ്മതിക്കുന്നു, ഈ ലോകം നാം കാണുന്നതുപോലെയല്ല; അപ്പോൾപിന്നെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട് നമുക്ക്. ഈ ലോകത്തിൽ നാം എന്താണ് ചെയ്യേണ്ടത്? മൂന്നുമാസത്തിനുശേഷം ആശുപത്രി വിടുന്നതിന് മുൻപ് റിച്ചാർഡ് ബാക് സ്വയം ചോദിച്ചതായിരുന്നു ഇത്. ഒരു പക്ഷേ അതിനുള്ള മറുപടി self hypnosis -ൻ്റെ പാഠങ്ങളാണ്. ആത്മസാധന. ഷിമോദ നൽകുന്ന suggestions- practice. സ്ഥലകാലത്തിൽ നമ്മെ ബന്ധിച്ചുനിർത്തുന്ന, ഇല്യൂഷനുളവാക്കുന്ന, എല്ലാ വിശ്വാസ ധാരണകളേയും പാടേ ശുദ്ധിചെയ്യാനുള്ള പാഠങ്ങൾ. അവയുടെ എല്ലാത്തിൻ്റെയും ആധാരമായിട്ടുള്ളത്, " I am a perfect expression of perfect love, now & here" എന്ന മനനവാക്യമാണ്. റിച്ചാർഡ് ബാക് നടക്കാൻ തുടങ്ങുന്നു. ഇരുനൂറു ചുവടുകളിൽ നിന്നും രണ്ടു മൈലോളം നടക്കാൻ തുടങ്ങി. വൈകാതെത്തന്നെ ഓടാൻ തുടങ്ങി.തൻ്റെ എല്ലാ ചലനങ്ങളും ആത്യന്തിക പ്രണയത്തിൻ്റെ സർഗ്ഗസൃഷ്ടികളായനുഭവിച്ചുകൊണ്ടിരുന്നു റിച്ചാർഡ്. തൻ്റെ Puff- നോടൊപ്പം വീണ്ടും പറക്കാൻ തുടങ്ങിയതിനു ശേഷവും ഷിമോദയുടെ "Master's Works' തുടർന്നുകൊണ്ടിരുന്നു. ഷിമോദ ഇങ്ങനെ ഒരു കഥ പറഞ്ഞു: "ഒരിക്കൽ, ആരെങ്കിലും സമയത്തെപ്പറ്റി വിചാരിക്കും മുൻപ് ഈ പ്രപഞ്ചത്തിലാകമാനം ഒരു ശക്തിയുണ്ടായിരുന്നു- സ്നേഹം. എല്ലാ ജീവൻ്റെയും ഒരേ ഒരു തത്വമായിരുന്നത് സ്നേഹമായിരുന്നു. ഇപ്പോഴും, ഇനി എപ്പോഴും. ആ ശക്തി മാറ്റമില്ലാതെ തുടരുന്നു. അത് ആർക്കും ചെവികൊടുക്കുന്നില്ല. നിങ്ങൾക്കതിനെ ദൈവമെന്നോ ചെകുത്താനെന്നോ, ഇല്ലായ്മയെന്നോ ക്രൂരമെന്നോ കരുണയെന്നോ വിളിക്കാം. അത് കേൾക്കുന്നില്ല. അത് തീരെ ഗൗനിക്കുന്നില്ല. അത് ഉണ്ടായിരിക്കുകമാത്രം ചെയ്യുന്നു. നാം രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടിവന്നപ്പോഴും, നമ്മുടെ പ്രപഞ്ചം നക്ഷത്രധൂളികളെക്കൊണ്ട് മാറിമറിഞ്ഞുകൊണ്ടിരുന്നപ്പോഴും ആ ശക്‌തിക്ക് മാറ്റമുണ്ടായില്ല. സ്നേഹം മാത്രമാണ് ഒരേയൊരു ഉണ്മ , കാലാതീതമായിട്ടുള്ളത്, എവിടെയും, എല്ലായ്‌പ്പോഴും."
ഈ കഥ നമ്മുടെ പതിവു കഥകളിലേക്ക് വന്നു വീഴുന്നുവെന്ന് തോന്നുന്നു. റിച്ചാർഡ് ബാകിനെ സംബന്ധിച്ച് ഈ കഥ പടി പടിയായിട്ടുള്ള ഒരു 'reaching' ആയിരിക്കാം. നമ്മുടെ മനസ്സ് പക്ഷേ ഒരു തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എന്തോ ഒരു ശക്തിയുണ്ടെന്ന് സമാധാനിക്കുകയേ വേണ്ടൂ. എന്തു പേരുവിളിച്ചാലും ആ 'മർക്കടമുഷ്ടി' വിടാൻ നാം തയ്യാറല്ല. ഒന്നുകിൽ ഒരു ബ്രഹ്‌മം, അല്ലെങ്കിൽ ആദിയിലെ ഒരു വചനം, അതുമല്ലെങ്കിൽ ഒരു 'Big Bang' എങ്കിലും. ഒരു പക്ഷേ സമയത്തിന് മുൻപേ സ്നേഹമുണ്ടായിരുന്നിരിക്കാം. എന്നാൽ നാമറിയുന്ന സ്നേഹത്തോടൊപ്പം നാം സമയത്തെക്കൂടി സ്വീകരിച്ചിരുത്തിയിരിക്കുന്നു.
'സ്നേഹമാണഖിലസാരമൂഴിയിൽ' തുടങ്ങി സ്നേഹത്തെപ്പറ്റിയുള്ള അപദാനങ്ങൾ നാം എത്രയോ കേട്ടിരിക്കുന്നു. ബുദ്ധനും ക്രിസ്തുവും മറ്റനേകം ആചാര്യന്മാരും സ്‌നേഹത്തെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഓഷോയുടെ സാധനാപഥങ്ങളിൽ സ്നേഹം മാത്രമാണ്. മായയെ അതിജീവിച്ചുനിൽക്കാൻ കഴിയുക സ്നേഹത്തിനുമാത്രമത്രേ! ആകാം. അത് സത്യമാണെന്ന് തോന്നിപ്പോകുന്നു പലപ്പോഴും. പക്ഷേ, ആ സ്നേഹം ഈ ഞാനറിയുന്ന സ്നേഹത്തിൽനിന്നും വ്യത്യസ്തമായ എന്തോ ആണെന്ന് ഉറപ്പുണ്ട്. അതറിയുന്നതുവരേക്കും, ഇല്യൂഷൻ മാത്രമല്ലാതെന്തുണ്ട്? അറിയുന്നില്ല. അറിയുന്നില്ലൊന്നും. റിച്ചാർഡ് ഫെയിൻമാൻ്റെ ഒരു കവിതാ ശകലം വെറുതെ ഓർമ്മയിൽ.. “………………….. Out of the cradle onto dry land here it is standing atoms with consciousness; matter with curiosity. Stands at the sea, wonders at wondering: I a universe of atoms. an atom of universe.”


----------------------------------------------------------------------------------------------------------------------
hey jonathan lovers,
enjoy the following links.


JONATHAN LIVINGSTONE SEAGULL(1973) movie


Thursday, June 28, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-2 (BOOKLETS OF SEAGULL)


മിശിഹായുടെ കൈപ്പുസ്തകത്തിനു ചുറ്റിലും ഒരു കഥയുണ്ട്. അതിലെ യാഥാർത്ഥ്യത്തിൻ്റെ (facts) അംശങ്ങൾ എത്രത്തോളമുണ്ടെന്ന സ്വാഭാവികമായ ആകാംക്ഷകളെ അതിനകത്തെ ഓരോ വരിയും തീർത്തും അപ്രസക്തമാക്കിക്കളയുന്നു.

മിശിഹായുടെ കൈപ്പുസ്തകം റിച്ചാർഡ് ബാകിനു സമ്മാനിക്കുന്നത് ഇല്യൂഷൻസിലെ ഡൊണാൾഡ് ഷിമോദയാണ്. ഷിമോദയെയാണ് അദ്ദേഹം മിശിഹയായി അവതരിപ്പിക്കുന്നത്. തൻ്റെ വൈമാനികജീവിതത്തിനിടയിൽ കണ്ടുമുട്ടുന്ന ഒരു സുഹൃത്ത്. അദ്ദേഹവും വൈമാനികൻ തന്നെ (വിനോദത്തിനുവേണ്ടി പത്തുമിനിട്ടുനേരത്തേക്കുള്ള ചെറുവിമാനങ്ങൾ പറത്തലാണ് ഇരുവരുടെയും ജോലി). നടപ്പിലും നോക്കിലും വാക്കിലും മൗനത്തിലുമൊക്കെ ഏറെ അസാധാരണത്വം കാണിച്ച ഷിമോദയോട്, "ഒരു മാസ്റ്ററാകാൻ ഔപചാരികമായ എന്തെങ്കിലും പരിശീലനം ലഭിച്ചിട്ടുണ്ടോ താങ്കൾക്ക് ?'' എന്ന് ചോദിച്ചതിൻ്റെ ഭാഗമായാണ് ഷിമോദ ഒരു 'saviour's manual' എടുത്ത് നീട്ടുന്നത്- Messiah's Handbook. 203 പേജുകളിൽ അച്ചടിച്ചിട്ടുള്ള ധ്യാനോക്തികൾ. ഓരോരുത്തർക്കും ഓരോ നിമിഷത്തേക്കും അനുയോജ്യമായിത്തീരുന്ന ഉൾക്കാഴ്ചാ വചസ്സുകൾ. അതിൻ്റെ caption ഇങ്ങനെയാണ് : Reminders for an advanced soul. Tarrot card-കൾ പോലെത്തന്നെ ഉപയോഗിക്കാവുന്നത്‌. ആത്മാർത്ഥമായിട്ടുള്ള- existential -ഏതു ചോദ്യത്തിനും വേണ്ടി, ഒരു നിമിഷം ഹൃദയത്തിലേക്കിറങ്ങിനിന്ന്, കണ്ണുമടച്ചു, ബോധപൂർവം ഏതെങ്കിലും പേജ് തുറന്നുവായിക്കുക. ഏറെ സംഗതമായ ഒരു ദിശാസൂചകമായിരിക്കും ആ പേജിൽ നമുക്കായി എഴുതിവച്ചിരിക്കുന്നത്. ഈ വിനോദത്തിനു പക്ഷേ, ഏതു Tarrot Card - ൻ്റെ കാര്യത്തിലും, എന്തെങ്കിലും മൂല്യമുണ്ടാവുക നമ്മിലുണ്ടായിരിക്കുന്ന trust-നനുസൃതമായിരിക്കും - we must be receptive, choicelessly.

ഈ പുസ്തകം കിട്ടിയതിൽപ്പിന്നെ റിച്ചാർഡ് ബാക് പലതവണയും തൻ്റെ സന്ദിഗ്ധ നിമിഷങ്ങളെ അതിജീവിച്ചത് ഈ പേജുകളെ ആശ്രയിച്ചായിരുന്നു. തീർച്ചയായും, ഇല്യൂഷൻ എന്ന നോവലിൽ, അദ്ദേഹമനുഭവിച്ച സങ്കീർണതകളത്രയും ഷിമോദയെ ചുറ്റിപ്പറ്റിയായിരുന്നു. സ്ഥലകാലങ്ങൾക്കതീതമായ നിരവധി മാനങ്ങളിലൂടെ അനായാസം ഒഴുകിനടന്ന ഒരാൾ!. മിശിഹ എന്ന വാക്കിനെ നാം അറിയേണ്ടത് Mystic എന്നാണ്. പീറ്റർ ഓസ്‌പെൻസ്‌കി നൽകിയ നിർവചനമാകും ഇവിടെ  നമ്മെ സഹായിക്കുക: A Mystic may be a man who might be able to stay alive and be centered and is capable to experience the higher dimensions, just like the two dimensional gestalts of a common man.'' 
ഡൊണാൾഡ് ഷിമോദ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ സ്വന്തം വിമാനത്തിൽനിന്നും ഇന്ധനം മോഷ്ടിക്കാനെത്തിയ ഗ്രാമീണനായ ഒരാളുടെ വെടിയേറ്റ്. റിച്ചാർഡ് ബാകിന് ഒന്നും മനസ്സിലായില്ല. ജീവിതത്തിൻ്റെ പരിചിതമല്ലാത്ത മാനങ്ങളെപ്പറ്റിയും മറ്റും ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചിരുന്ന ഒരു മാസ്റ്റർ, അകാലചരമമടയുക!. അതാകട്ടെ അത്ര പെട്ടെന്നൊന്നും യുക്തിമനസ്സിന് സ്വീകാര്യമാവാത്തത്ര ബീഭത്സമായ രീതിയിൽ! റിച്ചാർഡ് തൻ്റെ ചോദ്യത്തിലൂന്നി ഒരു നിമിഷം കണ്ണടച്ചു കൈപ്പുസ്തകം തുറന്നു. കണ്ണുതുറന്ന് ഇങ്ങനെ വായിച്ചു, "ഈ പുസ്തകത്തിലുള്ളതെല്ലാം തെറ്റായിരിക്കാം".
ഇതുവരേക്കും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തോന്നലിൽ, അടക്കാനാവാത്ത കോപത്തോടെ റിച്ചാർഡ് ബാക് മിശിഹായുടെ കൈപ്പുസ്തകം വലിച്ചൊരേറുകൊടുത്തത്രേ. ഉപയോഗിക്കാതെ കിടന്ന കൃഷിയിടത്തിൽ, കാടുപിടിച്ചു വളർന്ന കളകൾക്കും കുറ്റിച്ചെടികൾക്കും ഇടയിലേക്ക് ആ പുസ്തകം തെറിച്ചുവീണു. അതെവിടെയാണ് ചെന്നുവീണതെന്നുപോലും നോക്കാതെ അദ്ദേഹം ആ താവളം വിട്ടുപോരികയും ചെയ്തു. പിന്നെയൊരിക്കലും അതേപ്പറ്റി ഓർത്തതേയില്ല.

എന്നാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം റിച്ചാർഡിൻ്റെ പ്രസാധകൻ്റെ പക്കൽ അദ്ദേഹത്തിനുവേണ്ടി ഒരു പാർസൽ വന്നു. അരികുകൾ മുഴുവൻ ദ്രവിച്ചഴുകി, മണ്ണുപുരണ്ട ഒരു പുസ്തകം!. പണ്ടെപ്പോഴോ താൻ വലിച്ചെറിഞ്ഞ മിശിഹായുടെ കൈപ്പുസ്തകം!. അതിനൊപ്പം ഇങ്ങനെയൊരു കത്തുമുണ്ടായിരുന്നു:

"പ്രിയ റിച്ചാർഡ് ബാക്,
one of the oldest editions of messiah's handbook
എൻ്റെ അച്ഛൻ്റെ സോയാബീൻ പാടം ഉഴുതുമറിക്കുമ്പോഴാണ് എനിക്കിതു കണ്ടുകിട്ടിയത്. ഞങ്ങളുടെ ആ പാടത്തിൻ്റെ നാലിലൊരുഭാഗം വിമാനം പറത്തലിനുപയോഗിച്ചിരുന്നു. അച്ഛൻ എന്നോട് പറഞ്ഞത് ഒരിക്കൽ അവർ കൊന്നുകളഞ്ഞ ഒരാൾക്കൊപ്പം നിങ്ങളവിടെ എത്തിപ്പെട്ടിരുന്നുവെന്നാണ്. പക്ഷേ, ആ കൊലപാതകം ഒരു മാജിക് ആയിരുന്നുവത്രേ! 
ഈ പുസ്തകം, ഇന്ന് എൻ്റെ കണ്ണിൽ പെടും വരെ എല്ലാ വർഷവും ഉഴവുചാലുകളിൽ ഉരുണ്ടുമറിഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും പക്ഷേ തീരെ ഉപയോഗശൂന്യമായിട്ടില്ലാത്തതിനാൽ, നിങ്ങളുടേതാണെന്നു കണ്ടെത്തിയ നിലക്ക്, ഇതു നിങ്ങൾക്കയക്കുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കവകാശപ്പെട്ടതാണ് ".

കുറച്ചു വർഷങ്ങൾക്കുമുൻപുണ്ടായിരുന്ന റിച്ചാർഡ് ബാകിൻ്റെ ഒറ്റപേജ് വെബ്സൈറ്റിൻ്റെ പശ്ചാത്തലം ചെളിപുരണ്ടഴുകിയ കൈപ്പുസ്തകത്തിൻ്റെ ഫോട്ടോയായിരുന്നുവെന്ന് ഓർമയുണ്ടെനിക്ക്. സത്യത്തിൻ്റെ അതിർവരമ്പുകൾ എവിടം മുതലാണ് അഗോചരമാകുന്നതെന്ന് ആർക്കറിയാം? ആകസ്മികതകളുടെ സൗന്ദര്യം നമ്മെ മൗനം കൊണ്ട് മൂടിക്കളയുന്നു.

ഈ പുസ്തകത്തിലെ ഒറ്റ പേജിലേയും വരികൾ മനഃപൂർവം എഴുതിപിടിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ലെനിക്ക്, ഇതുവരേക്കും. തുടർച്ചയായി വായിച്ചു പോകാനുള്ളതല്ലല്ലോ ഈ സന്ദേശങ്ങൾ. ബോധസാന്ദ്രമായ ഒറ്റ നിമിഷത്തേക്ക് വേണ്ടി മാത്രമാണ് ഓരോ പേജും തുറക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു പാരിതോഷികത്തെ ഈവിധം പരിചയപ്പെടുത്തുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ടെന്നറിയില്ല. എന്നാലും വർഷങ്ങളായുള്ള സമ്പർക്കത്തിൽ, ചില വരികളെ പറ്റിയെങ്കിലും പറയാതിരിക്കുന്നതെങ്ങനെ!? ചില വാക്കുകൾ നങ്കൂരങ്ങളെപ്പോലെയാണ്; സമയത്തിൻ്റെ ഓളപ്പരപ്പിൽ പെട്ടുഴലാതെ അവ നമ്മെ ഈ നിമിഷത്തിൽ പിടിച്ചുനിർത്തുകതന്നെ ചെയ്യുന്നു. ഇവിടെ. ഇപ്പോൾ.

കൈപ്പുസ്തകത്തിൻ്റെ ഒരു പേജിതാ : 

 "To bring anything into your life,
 imagine that it's already there." 

ജീവിതത്തിലേക്കു കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന എന്തും, അതെപ്പോഴേ ലഭ്യമായിരിക്കുന്നുവെന്നു സങ്കല്പിക്കുക.

സന്തോഷമല്ലാതെ മറ്റെന്താണ് നമുക്കാഗ്രഹിക്കാനുള്ളത്? നൈമിഷികമെന്ന് അധിക്ഷേപിക്കപ്പെടുന്ന കൊച്ചു സന്തോഷങ്ങൾ മുതൽ സുസ്ഥിരമെന്ന് ആത്മീയവാദികൾ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന "കൈവല്യാനന്ദം " വരേയ്ക്കും സന്തോഷമെന്ന സർവ്വനാമത്തിൽ പെടുത്താവുന്നതാണ്. നമുക്കു പക്ഷേ തെറ്റിപ്പോകുന്നത് സന്തോഷത്തെ നാം ഏതെങ്കിലും കാരണത്തിൽ ആശ്രിതമാക്കുന്നുവെന്നതാണ്. Cause and effect. യുക്തിയുടെ പൊഴികളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച മനസ്സിന് കാരണമില്ലാതെ ഒന്നിനേയും സ്വീകരിക്കുകവയ്യ. നാം അനുഭവിക്കുന്നുവെന്നു വിചാരിക്കുന്ന - അതെ, മിക്കപ്പോഴും നമ്മുടെ സന്തോഷം മറ്റൊരു വിചാരം മാത്രമാണ് - സന്തോഷം ഏതോ ഒരു കാരണത്തിൻ്റെ ഫലമാണ്. A mere effect. ഏതു കാരണവും പക്ഷേ ഒട്ടനേകം ഘടകങ്ങൾ ഒത്തുചേർന്നുകൊണ്ടുള്ള ഒരു 'മഹാ-ആകസ്മികത' മാത്രമാണ്. തൊട്ടടുത്ത നിമിഷം അതേ ഘടകങ്ങൾ മാറിമറിഞ്ഞു മറ്റൊരു ഘടന സൃഷ്ടിക്കപ്പെടുമ്പോൾ, നമ്മുടെ സന്തോഷവും മറ്റു വികാരങ്ങളായി മാറി മറിയുന്നു. ഇപ്പോഴത്തെ ഫലങ്ങൾ (effects) അടുത്ത നിമിഷത്തിൻ്റെ കാരണങ്ങളായി മാറുന്നു. വീണ്ടും ഫലങ്ങളും കാരണങ്ങളും. ഈ ചാക്രികതയിൽ പെട്ട് വിവശരാകുകയെന്നതാണ് നമുക്ക് സാധാരണയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

റിച്ചാർഡ് ബാകിൻ്റെ കൈപ്പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നത് ഈ ചാക്രികതക്ക് ബോധപൂർവം ഭംഗം വരുത്താനാണ്. സന്തോഷത്തിന് വേണ്ടി ഒരു കാരണം കാത്തിരിക്കാതെ, ഈ നിമിഷം തന്നെ സന്തോഷിക്കാൻ തുടങ്ങുക, അകാരണമായി. അതെ, അതൊരു കലയാണ്; സ്വായത്തമാക്കേണ്ടുന്നത്. അതൊരു 'വിപ്ലവാത്മക' ചുവടുവെപ്പുതന്നെയാണ്; rebellion, not revolutionary.

എഴുപതുകളുടെ തുടക്കത്തിൽത്തന്നെ ഓഷോ ഈ ചുവടുവെപ്പിനെപ്പറ്റി വിശദമായി സംസാരിച്ചിട്ടുണ്ട്- My way; the way of white clouds. ഒരു പക്ഷേ, ഈ കൈപ്പുസ്തകം അന്ന് പുറത്തിറങ്ങിയിട്ടില്ല. ഒട്ടും ആലങ്കാരികമായിട്ടല്ലാതെ ഓഷോ പ്രഹരിച്ചത് "Effect first, cause will follow" എന്ന് പറഞ്ഞുകൊണ്ടാണ്. Cause and effect എന്ന കാഴ്ചപ്പാടിൽ നമുക്ക് ചായ്‌വുള്ളത് കാരണത്തോടാണ്. ആ മമത വെടിഞ്ഞു നാം ആദ്യം ഫലത്തെ (effect ) സൃഷ്ടിക്കുക. കാര്യകാരണ സിദ്ധാന്തമനുസരിച്ചു കാരണം പുറകെ വന്നു കൊള്ളും. (ഇനി കാരണം ഉണ്ടായി വന്നില്ലെങ്കിൽ തന്നെ നമുക്കെന്തു ചേതം.?) ഇംഗ്ലീഷിൽ cause and effect എന്നാണ് പ്രയോഗമെങ്കിലും, മലയാളത്തിൽ നമുക്ക് കാര്യകാരണമാണ്. കാര്യമാണാദ്യം. effect first. Yes, make the effect first. The effect of joy, effect of happiness, effect of bliss, effect of anything we want. (സംസാര ) ചാക്രികതയെ ഭേദിക്കുവാനുള്ള ജാഗ്രതയാണ് പ്രധാനം.

ദൈനംദിന ജീവിതത്തിലെ നമ്മുടെ ഏതു പ്രവൃത്തിയെടുത്താലും, ഏതു സമയ ഖണ്ഡങ്ങളെടുത്താലും - പ്രഭാതങ്ങളാവട്ടെ, വൈകുന്നേരങ്ങളാവട്ടെ, വാരാന്ത്യങ്ങളാവട്ടെ, വർഷാദ്യകളാവട്ടെ - ചാക്രികമായ പ്രവണതകളാണ് നമ്മെ നയിക്കുന്നതെന്ന് അനായാസം കണ്ടെത്താൻ കഴിയും. എന്തിനധികം, ബെഡ് കോഫി മുതൽ മരണം വരേക്കും എന്തും നമുക്ക് ശീലങ്ങളല്ലോ. മരണം ഒരു ശീലമാണെന്ന്-Death is a mere habit -പറഞ്ഞത് സ്വാമി രാമയായിരുന്നു. ഒരു പുതിയ ദർശനമല്ലെങ്കിലും, ആ മനോഹര പ്രയോഗം, ജീവിതമാകമാനം നാം അനുവർത്തിച്ചുവരുന്ന അബോധ ചാക്രിക പ്രകൃതത്തെ ഓർമിപ്പിക്കുന്നുണ്ട്.
അവധാനപൂർവ്വമുള്ള ഒറ്റ പ്രവൃത്തിയും, ഒരിടത്തു അനങ്ങാതിരിക്കുന്നത് മുതൽ ചടുലമായിട്ടുള്ള കായികാഭ്യാസങ്ങൾ വരെ, ചാക്രികമായിത്തീരുന്നില്ല. അതിനാലാണ് ഒരു ബുദ്ധന് ഒരിക്കലും വിരസത അനുഭവപ്പെടാത്തത്. ഒരല്പം ജാഗ്രത പാലിച്ചാൽ, നമ്മുടെ പതിവ് ശീലങ്ങളിൽ പോലും അതിൻ്റെ ചാക്രികഭാവത്തെ ഖണ്ഡിക്കാൻ കഴിയും. പിന്നീടവ ശീലങ്ങളല്ല. ഒരു പക്ഷേ, പ്രത്യക്ഷത്തിൽ ആ പ്രവൃത്തികൾ എത്രതന്നെ സാമ്യങ്ങൾ പുലർത്തിയാലും, ആന്തരികമായി അവ അങ്ങനെയായിരിക്കില്ല.
മിശിഹ, ജീവിതത്തിൻ്റെ ഭാഗികമായ വശങ്ങളെക്കുറിച്ചു പറയുമ്പോൾ, ഓഷോ പ്രകോപിപ്പിക്കുന്നത് 'ഈ നിമിഷം നിങ്ങൾ ബുദ്ധനാണെന്ന് സങ്കല്പിക്കാനാണ്; ബുദ്ധനാണെന്ന് അറിയാനാണ്. നിമിഷാർദ്ധം കൊണ്ട് സംഭവിക്കുന്ന ഒരുതരം ആൽക്കെമിയാണ് ഓഷോയുടെ വാക്കുകൾ. 'ഇനി ഇരുപത്തിനാലു മണിക്കൂറും ബുദ്ധനെപ്പോലെ ജീവിക്കുക.' ബുദ്ധനെപ്പറ്റി നമ്മുടെ സങ്കല്പത്തിലുള്ളതുപോലെ ഭിക്ഷാപാത്രവും പിടിച്ചു പതുക്കെ നടന്നു നീങ്ങാനല്ല. ഓരോ ശ്വാസവും ഓരോ പദവും ഓരോ നോട്ടവും ശ്രവണവും തുടങ്ങി സർവ്വവും സാവധാനത്തിലാക്കാൻ- അവധാനപൂർവം. ഓരോ ഇന്ദ്രിയവും നാം ബോധപൂർവം ഉപയോഗിക്കുകയാണ്. ഓരോ നിമിഷവും ഓരോ ചക്രവും ഖണ്ഡിക്കപ്പെടുന്നു. പിന്നെപ്പിന്നെ ചാക്രികപ്രവണതയെത്തന്നെ നാം ഖണ്ഡിച്ചുകളയുന്നു, അനായാസം. പിന്നീട് ഉണ്ടായിരിക്കൽ മാത്രമാണ് സംഭവിക്കുന്നത്. ഉണ്മ- the very being,isness.

നിരുപാധികസ്നേഹത്തെ (unconditional love) പ്പറ്റി പറയുന്ന ഒരു പേജുണ്ട്:

 "ഒരാളെ നിരുപാധികമായി സ്നേഹിക്കുകയെന്നാൽ അവർ ആരെന്നോ എന്തുചെയ്യുന്നുവെന്നോ ശ്രദ്ധിച്ചുകൊണ്ടിരിക്കലല്ല.
നിരുപാധികസ്നേഹം, പ്രത്യക്ഷത്തിൽ ഉപേക്ഷയെപ്പോലെയാണ് ."

വിശ്വാസത്തിൽ (trust, not belief ) വേരൂന്നുകയും സ്വാതന്ത്ര്യത്തിലേക്ക് പുഷ്പിക്കുകയും ചെയ്യേണ്ടുന്ന ഒരു പ്രതിഭാസമാണ് സ്നേഹമെന്നിരിക്കെ, ഉപാധികളില്ലാത്ത സ്നേഹം നമുക്ക് വിശ്വസനീയമല്ലാത്ത ഒന്നാണ്. സ്വാതന്ത്ര്യമെന്നത് നാം എല്ലായ്‌പ്പോഴും നടത്തുന്ന ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. നാമത് സത്യത്തിൽ കാംക്ഷിക്കുന്നില്ലതന്നെ. തടവറകളുടെ സുരക്ഷിതത്വം സ്വതന്ത്ര ആകാശങ്ങൾക്കില്ലെന്നതുതന്നെ കാരണം.

റിച്ചാർഡ് ബാക് മിക്കപ്പോഴും ജിബ്രാനെക്കാളും മൂർച്ചയോടെയാണ് സംസാരിക്കുന്നത്. പ്രവാചകൻ്റെ വാക്കുകൾ ബൈബിൾ വചനങ്ങളെപ്പോലെ സൗമ്യമായിരിക്കുമ്പോൾ, മിശിഹായുടെ വാക്കുകൾ നിശിതങ്ങളാണ്. ഈ വാക്യങ്ങളിൽ ഉപമകൾ വിരളമാണ്. പരോക്ഷമായിട്ടുള്ള ഒരുതരം വാക്യഘടനയിലൂടെ, എല്ലാ വാക്യങ്ങളും മിക്കപ്പോഴും അവനവനിലേക്കു തന്നെ വന്നുവീഴുന്നു. സ്വയം വെളിപ്പെടുന്നതുപോലുള്ള വചനങ്ങൾ. പുറമെ നിന്നാരും സംസാരിക്കുന്നില്ല; മാറിനിന്ന് ആരും കേൾക്കാനുമില്ല.

തീക്ഷ്ണമായ വാഗ്മയങ്ങൾ. ഈ പ്രകൃതത്തിന് സമാനമാണത്രേ ജീവിതവും. 'ജീവിതം നിങ്ങളോട് ഒന്നും പറഞ്ഞുതരുന്നില്ല; അതു നിങ്ങൾക്ക് സർവ്വവും വെളിപ്പെടുത്തുന്നു.'
വിശാസത്തിൻ്റെയും പാപബോധത്തിൻ്റെയും ഭയത്തിൻ്റെയുമെല്ലാം അന്തരീക്ഷത്തിൽ ജീവിതം സങ്കീർണ്ണമായിത്തീരുന്നതെങ്ങനെയെന്ന മുന്നറിയിപ്പുണ്ട് ഈ വരികളിൽ : 

 'മേഘങ്ങൾ സമുദ്രത്തിലേക്ക് വീണുപോകുമോ എന്ന് 
 ആശങ്കപ്പെടുന്നില്ല.
 എന്തെന്നാൽ, അവക്ക് 
 വീഴാനാകില്ല.
 മുങ്ങിത്താഴാനും.

 എന്നാൽ
 ഇതു രണ്ടും സംഭവിക്കാവുന്നതാണെന്ന് 
 അവക്കു വിശ്വസിക്കാൻ കഴിയും.
 തങ്ങളതിന് മോഹിച്ചു പോയേക്കുമോയെന്ന് 
 ഭയം കൊള്ളാനും .'

കരയാനും ദുഃഖിക്കാനും കഷ്ടപ്പെടാനും (suffering) എന്നിട്ട് സ്വയം സഹതപിക്കാനുമൊക്കെ നമ്മിലുള്ള താല്പര്യം ചെറുതല്ല. ബോധപൂർവ്വമല്ലെങ്കിലും ഇത്തരത്തിലുള്ള ഏതൊരവസരവും നാം പാഴാക്കാറുമില്ല. ലോകമെമ്പാടും, ദുഃഖത്തിനോട് ഒരു വല്ലാത്ത ആഭിമുഖ്യമുണ്ട് മനുഷ്യനിൽ. സമൂഹാന്തരീക്ഷങ്ങളും മതങ്ങളുമെല്ലാം ചേർന്ന് ദുഃഖത്തിന് ജനസമ്മതിയും ദിവ്യപരിവേഷങ്ങളും നല്കിപ്പോരുന്നു. ദുഃഖച്ഛായ കലർന്ന കണ്ണുകളും ഗൗരവമാർന്ന മുഖവുമെല്ലാം ചേർത്തുവച്ചുകൊണ്ടാണ് പൊതുവെ നാം നമ്മുടെ ദൈവങ്ങളെ സൃഷ്ടിക്കുന്നതും. റിച്ചാർഡ് ബാക് ഒരു ചോദ്യമെറിയുന്നുണ്ട് :
‘ദൈവം
നിങ്ങളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട്
 ഇങ്ങനെ പറയുകയാണെങ്കിലോ ?
 "ഞാൻ നിങ്ങളോടാജ്ഞാപിക്കുന്നു,
 ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം
 സന്തോഷമായിരിക്കുക"
 
 നിങ്ങളെന്തുചെയ്യും?’

റിച്ചാർഡ് ബാക്, ഇങ്ങനെ ആജ്ഞാപിക്കുന്ന ഒരു ദൈവത്തെ ദൈവമായി അംഗീകരിച്ച ചരിത്രമില്ല നമുക്ക്. ദുഃഖത്തിൽനിന്നും നാം അനുഭവിച്ചുപോരുന്ന ഒരുതരം 'അഹന്താസുഖ'ത്തിൽ നിന്നും വേറിട്ടുകൊണ്ടുള്ള ഒരു സന്തോഷം നാമിനിയും അറിയാനിരിക്കുന്നതേയുള്ളൂ.

ഭാവിയെന്നൊന്നില്ലെന്നും, ഈ നിമിഷത്തിൽ മനാതീതനായി, മൗനിയായിരിക്കുകയാണ് വേണ്ടതെന്നും സൂചിപ്പിക്കുന്ന രണ്ടുവരികളുണ്ട്. വാക്കുകൾക്കും അർത്ഥങ്ങൾക്കുമിടയിൽ മനസ്സിനെ നിശ്ചലമാക്കാൻ പ്രാപ്തിയുള്ളവ.

  “When will you learn to expect
  What you can’t imagine will happen”.

സങ്കല്പാതീതമായതിനെ എങ്ങനെ പ്രതീക്ഷിക്കാനാണ്? വർത്തമാനത്തിൽ മാത്രമായിരിക്കുക എന്ന് മനോഹരമായി സൂചിപ്പിക്കുകയാണിവിടെ.

ഈ കൈപ്പുസ്തകത്തിലെ പല വചനങ്ങളും ജോനാഥൻ സീഗളിൻ്റെ സംഭാഷണങ്ങളാണ്. അതുപോലെത്തന്നെ റിച്ചാർഡ് ബാകിൻ്റെ മറ്റു രചനകളിലേയും കാതലായ സംഭാഷണങ്ങളത്രയും ഈ പുസ്തകത്തിലേതാണ്. ഓരോ പേജിൽനിന്നും മറ്റു ബൃഹദ് രചനകൾ സ്പന്ദിക്കുന്നുണ്ട്. ഏറെ വ്യത്യസ്തങ്ങളായ സംവേദനതലങ്ങൾ ആവശ്യപ്പെടുന്നവയാണ് ഈ വാക്യങ്ങളത്രയും.

യാഥാർഥ്യത്തെ 'കരതലാമലകം' ആയി ആർക്കും അറിയാനാവില്ല. എന്നാൽ ഒരു മാസ്റ്റർ 'കരതലാമലക'ത്തെ അറിയുന്നത് ഈ പ്രപഞ്ചമെന്ന ജൈവ ബോധമഹാപ്രതിഭാസമായാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ ഇവ്വിധം അറിയാനാവുമ്പോഴാണ് ഒരാൾ ഗുരുവും മാസ്റ്ററു (അവനവൻ്റെ) മൊക്കെയായി മാറുന്നത്. പക്ഷേ അദ്ദേഹം ജീവിക്കുന്നത് നമ്മുടേതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു തലത്തിലായിരിക്കുമത്രേ! ആ വ്യത്യാസത്തെ റിച്ചാർഡ് ബാക് സൂചിപ്പിച്ചത് ഇങ്ങനെയൊരു ഹൈകുവിലൂടെയാണ്.

 What the caterpillar
 calls the end of the world
 The master calls a
 Butterfly.

 Yes, Illussions...


Tuesday, June 26, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-1 (BOOKLETS OF SEAGULL)


'All that is beautiful is like seagulls' എന്ന് പറഞ്ഞപ്പോൾ കടൽറാഞ്ചികളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു ജോനാഥൻ തീർച്ചയായും ഓഷോയുടെ മുൻപിൽ പറന്നുയർന്നിരിക്കണം- ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ. ജീവിതത്തിന്റെ ആത്മീയമാനങ്ങളുടെ സൗന്ദര്യശൃംഗങ്ങളെ ദ്യോതിപ്പിക്കുന്നതിലേക്കായി റിച്ചാർഡ് ബാക്- Richard Bach -ഒരു കടൽറാഞ്ചിയെ തെരഞ്ഞെടുത്തപ്പോൾ, ആ പക്ഷികളുടെ പ്രകൃതത്തിൽ സ്വതേ കാണാൻ കഴിയുന്ന മൗനവും ഏകാന്തതയോടുള്ള വിശേഷ താല്പര്യവും, അതേസമയം കൂട്ടം ചേർന്ന് ജീവിക്കാനുള്ള- quirky alone -പ്രവണതകളുമെല്ലാം കാരണങ്ങളായി  വർത്തിച്ചിരിക്കാം. മാത്രവുമല്ല, ആകാശത്തിന്റെ അനന്തവിസ്തൃതിയിൽ വെറുതേയങ്ങനെ സമുദ്രോന്മുഖമായി ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളിച്ചിറകുകളുടെ ഭംഗി, വൈമാനികനായ റിച്ചാർഡ് ബാകിന്റെ സ്മൃതിമണ്ഡലത്തിൽ എന്തെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ചിരിക്കില്ല?
ഈ കടൽപക്ഷികളുടെ അതിസൂക്ഷ്മസംവേദനത്വത്തെ ഉദാഹരണമാക്കിക്കൊണ്ട്, ഈ പ്രപഞ്ചമെന്നത് ഇന്ദ്രിയാതീതമായിട്ടുളള അനേകം ഊർജ്ജവിനിമയങ്ങളുടെ ഒരു ജൈവപ്രതിഭാസമാണെന്ന് എടുത്തുപറയുന്ന ഒരു സൂഫി കഥയുണ്ട്. 'Just Like That' എന്ന പുസ്‌തകത്തിൽ ഈ കഥയെക്കുറിച്ചു ഓഷോ അതീവഗഹനമായി സംസാരിച്ചിട്ടുണ്ട് - കടൽറാഞ്ചികളെ സ്നേഹിച്ച ഒരാൾ.

'കടൽറാഞ്ചികളെ സ്നേഹിച്ചുപോന്ന ഒരാളുണ്ടായിരുന്നു. കടൽത്തീരത്തു താമസമാക്കിയിരുന്ന അയാൾ എല്ലാ ദിവസവും രാവിലെ കടലിലേക്കിറങ്ങിച്ചെന്നു, കടൽറാഞ്ചികളുമായി കളിച്ചുല്ലസിക്കാൻ. നൂറുകണക്കിനു പക്ഷികളായിരുന്നു അദ്ദേഹത്തിനടുത്തേക്ക് വന്നുകൂടിയിരുന്നത്. ഒരു ദിവസം പ്രായംചെന്ന അയാളുടെ പിതാവ് അയാളോട് പറഞ്ഞു. ''എല്ലാ കടൽറാഞ്ചികളും നിന്നോടൊപ്പം ചുറ്റിക്കറങ്ങുന്നുവെന്ന് കേൾക്കുന്നു. കുറച്ചെണ്ണത്തിനെ എനിക്കു പിടിച്ചുകൊണ്ടു തരൂ; ഒരു രസത്തിനുവേണ്ടി.''
അടുത്ത ദിവസം അയാൾ കടലിലെത്തിയപ്പോൾ കടൽറാഞ്ചികളെല്ലാം അയാളുടെ തലയ്ക്കുമുകളിൽ പറന്നുകളിച്ചതല്ലാതെ, ഒന്നുപോലും താഴേക്കിറങ്ങിവന്നില്ല.'

''You are a continuous broadcast of vibes'' എന്നു തുടങ്ങിക്കൊണ്ട് വിചാര പ്രപഞ്ചങ്ങളുണ്ടാക്കുന്ന സൂക്ഷ്മവ്യതിയാനങ്ങളെ ഓഷോ വിശദമാക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ തന്നെയാണെന്നാണോർമ്മ, സൗഹൃദത്തെ മേഘങ്ങൾക്കും മീതെയാണദ്ദേഹം പ്രതിഷ്ഠിക്കുന്നത്- Friendliness is a seagull- yes, like Jonathan. It soars beyond the clouds.' ഓഷോ സ്നേഹിച്ച പുസ്തകങ്ങളിൽ നാലാമത്തേതായി അദ്ദേഹത്തിൻ്റെ  ഓർമയിലെത്തിയത് ജോനാഥൻ ലിവിങ്‌സ്റ്റൺ സീഗൾ ആയിരുന്നു (Books I have loved). അമ്പതുവയസ്സിനുള്ളിൽ ഓഷോ വായിച്ചുതീർത്ത പുസ്തകങ്ങളുടെ എണ്ണം 150000 മുതൽ 200000 വരെയാണെന്നാണ് ഏറ്റവും ഒടുവിലത്തെ ഗവേഷണങ്ങൾ കാണിക്കുന്നത് !
തൻ്റെ നാലാമത്തെ വിരലിൽ ജോനാഥനെ എണ്ണിയപ്പോൾ Books I have loved-ൻ്റെ  താളുകൾ എൻ്റെ കയ്യിലിരുന്ന് വിറകൊണ്ടത് ഞാനിന്നുമോർക്കുന്നു. എന്തെന്നാൽ തീരെ കുറച്ചുമാത്രം സംഭവിച്ചിട്ടുള്ള എൻ്റെ വായനയിലും കുറേ വർഷങ്ങൾക്കു മുൻപേ ആ പുസ്തകം ഉൾപ്പെട്ടിരുന്നു. മാത്രവുമല്ല, ആ കൈപ്പുസ്‌തകം ഉള്ളിലുണർത്തിവിട്ട കമ്പനങ്ങൾ അപ്പോഴും നിലച്ചിട്ടില്ലായിരുന്നു…..ഇന്നും.

തൊണ്ണൂറുകളുടെ ആദ്യം ഗുരുസമാധിദിനത്തിൽ ഏങ്ങണ്ടിയൂരുള്ള നാരായണ ഗുരുകുലത്തിൽ വച്ചായിരുന്നു ആ പുസ്തകം കയ്യിൽ വന്നുപെട്ടത് -കടൽറാഞ്ചി എന്ന പേരിൽ മുനി നാരായണപ്രസാദ്‌ പരിഭാഷപ്പെടുത്തിയ ഒരു ചെറു നോവൽ. ആകർഷണമായത് ആ പുസ്തകത്തിൻ്റെ കവർചിത്രമായിരുന്നു. ചിറകുവിടർത്തിയ ഒരു കടൽറാഞ്ചിയുടേത്. ഒറിജിനൽ കവർചിത്രത്തിൻ്റെ ഒരു മോശം പതിപ്പ്. പരിഭാഷാപരമായ ചില വിയോജിപ്പുകളുണ്ടായിരിന്നിട്ടുകൂടി, ആ കൃതി ഏറെ തെളിമകൾ സമ്മാനിച്ചുവെന്നതാണ് സത്യം. മുനി നാരായണപ്രസാദ്, പരിഭാഷക്ക് പ്രചോദനമായത് എന്തെന്ന് പറയുന്നുണ്ട്. ജോനാഥൻ സീഗളിൻ്റെ ജീവിതത്തിന് നാരായണഗുരുവിൻ്റെ ജീവിതത്തിനോട് ഏറെ സാമ്യമുണ്ടത്രേ ! 'നാട്ടുനടപ്പ്' വിട്ട് ഒരു പദമെങ്കിലും മുന്നോട്ടുവയ്ക്കുന്ന ആർക്കും ജോനാഥൻ്റെ ജീവിതവുമായി സാമ്യങ്ങൾ അനുഭവപ്പെടുകതന്നെ ചെയ്യും. സത്യത്തിൽ, ആരിലാണ് ജോനാഥൻ ഇല്ലാത്തത് ? റിച്ചാർഡ് ബാക് ആ കൃതി സമർപ്പിക്കുന്നതുതന്നെ 'നാമെല്ലാവരുടേയും അകത്തുജീവിക്കുന്ന യഥാർത്ഥ ജോനാഥൻ ലിവിങ്സ്റ്റൺ സീഗളിനാണല്ലോ. ഓഷോയുടെ പ്രിയപുസ്‌തകങ്ങളിൽ ഒന്നാണെന്നറിഞ്ഞതിനുശേഷമായിരുന്നു അതിൻ്റെ  ഇംഗ്ലീഷിലുള്ള പ്രതി വായിക്കാൻ ശ്രമിച്ചത്. ഇംഗ്ലീഷിലുള്ള പുസ്തകത്തിൽ കടൽറാഞ്ചികളുടെ ധാരാളം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. Russel Monson ക്യാമറയിൽ പകർത്തിയത്. ഒരു നോവലിൻ്റെ ചേതോഹരമായ ഛായാഗ്രഹണം. അലങ്കാരപ്പൊലിമകൾ തീരെയില്ലാത്ത സെൻ സന്ദർഭങ്ങളിലേതുപോലുള്ള ഭാഷക്ക് അനുബന്ധമായി, ധ്യാനാത്മകമായി ചേർത്തിട്ടുള്ള ആ ചിത്രങ്ങൾ ഒരുപാടു നേരത്തോളം ആ താളുകളിൽ നമ്മെ പിടിച്ചുനിർത്തുകതന്നെ ചെയ്യും. പ്രസിദ്ധീകരിക്കപ്പെട്ട ഒന്നുരണ്ടു വര്ഷങ്ങൾക്കുള്ളിൽത്തന്നെ ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ ഇന്നും ബെസ്ററ് സെല്ലറുകളുടെ ലിസ്റ്റിൽനിന്നും പിറകോട്ടുപോയിട്ടില്ലെന്നു തോന്നുന്നു. (success maniac-കളും motivation-ൽ തൊഴിലാളികളും next-gen management ഗുരുക്കന്മാരുമെല്ലാം അവരുടെ പഠനസാമഗ്രിയാക്കി കാണാറുണ്ട് ഈ നോവലിനെ. അവരോടു നമുക്കു പൊറുക്കാവുന്നതേയുള്ളൂ.) ജോനാഥനുശേഷം റിച്ചാർഡ് ബാക് വേറെയും പല രചനകൾ നടത്തിയെങ്കിലും, അവയെല്ലാം മനോഹരങ്ങളായ രചനകൾ ആയിരിന്നിട്ടുകൂടി, സ്വീകരിക്കപ്പെട്ടത് ജോനാഥൻ സീഗളിൻ്റെ അനുബന്ധരചനകളായിട്ടാണ്. അതിനുമാത്രം ഊർജ്ജസമ്പുഷ്ടമാണ് ജോനാഥനിലെ ഒരോവരിയും.
RICHARD BACH


കുറച്ചുനാളുകൾക്കുമുമ്പ് ജോനാഥൻ സീഗളിന് ഒരു കൂട്ടിച്ചേർക്കലുണ്ടായി. നാലാമതൊരാദ്ധ്യായം. (ജോനാഥപ്രിയനായ സുഹൃത്ത് രമേഷ് ജെയ്‌നിനു നന്ദി. അദ്ദേഹമായിരുന്നു റിച്ചാർഡ് ബാകിൻ്റെ പുതിയ e-books സമ്മാനിച്ചത്.) ഒരുപക്ഷേ കൂട്ടിച്ചേർക്കലെന്നല്ല പറയേണ്ടത്. വിട്ടുപോയ ഒരു ഭാഗം വീണ്ടെടുക്കുകയായിരുന്നു. റിച്ചാർഡ് ബാക് പറയുന്നത്, ഈ അദ്ധ്യായം, ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ എഴുതപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ്. വ്യക്തമല്ലാത്ത എന്തൊക്കെയോ കാരണങ്ങൾകൊണ്ട് ഈ അദ്ധ്യായം മാറ്റിവച്ചത്രേ. ഏകദേശം അരനൂറ്റാണ്ടിനു ശേഷം, ഈ അടുത്ത കാലത്ത് അദ്ദേഹത്തിൻ്റെ  ഭാര്യ, പഴയകടലാസു ചുരുളുകൾക്കിടയിൽ നിന്നും കണ്ടെടുക്കുകയായിരുന്നുവത്രേ ഈ അദ്ധ്യായം. അതെന്തുമാവട്ടെ, ഈ അദ്ധ്യായത്തോടുകൂടി ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന നോവലിന് ചില സംക്രമണങ്ങൾ സംഭവിക്കുകയാണ്. അജ്ഞേയ (unknowable ) മാനത്തിലേക്കുള്ള ഊർജ്ജ സംക്രമണങ്ങൾ.

പഴയ പതിപ്പിൽ മൂന്നാം അദ്ധ്യായത്തോടെ നോവൽ അവസാനിക്കുമ്പോൾ, ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ എന്ന ജോനാഥൻ്റെ ശിഷ്യൻ (ഞാനിവിടെ ശിഷ്യൻ എന്നുതന്നെ പ്രയോഗിക്കട്ടെ. നോവലിൽ ജോനാഥൻ്റെ Student എന്നാണ് പ്രയോഗിക്കുന്നത്. ജോനാഥനെ സംബന്ധിച്ച് തൻ്റെ students എല്ലാം സുഹൃത്തുക്കളും സഹയാത്രികരുമാണ്) ജോനാഥൻ്റെ നിർദ്ദേശപ്രകാരം, കൂട്ടത്തിൽനിന്നും തെറ്റിപ്പിരിഞ്ഞുപോന്ന കുറച്ചു കടൽറാഞ്ചിപ്പക്ഷികളെ ആകാശവിഹാരത്തിൻ്റെ  അത്ഭുതാധ്യായങ്ങൾ പരിശീലിപ്പിക്കാൻ തുടങ്ങുന്നു. അതിനുതൊട്ടുമുൻമ്പ് ഫ്ലെറ്റ്ചർ സീഗളിനോട് പരിശീലകനാവാൻ അഭ്യർത്ഥിച്ചുകൊണ്ട് ജോനാഥൻ പിരിഞ്ഞുപോകുന്നത് ഇങ്ങനെ ആശ്ചര്യപ്പെട്ടുകൊണ്ടാണ്, ''ഒരു പക്ഷിയെ താൻ സ്വതന്ത്രനാണെന്ന് ബോധ്യപ്പെടുത്തുക ഈ ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാവുന്നത് എന്തുകൊണ്ടാണ്? ഒരല്പനേരം ഒന്നു ശ്രമിച്ചുനോക്കിയാൽ അവനത് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളു. എന്നിട്ടും എന്തുകൊണ്ടാണിത് ഇത്രയ്ക്കും ശ്രമകരമായിരിക്കുന്നത്? ''
ചിറകുകളനക്കി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷനാവാൻ തുടങ്ങുമ്പോൾ ജോനാഥൻ തൻ്റെ ശിഷ്യനെ ഓർമപ്പെടുത്തുന്നു,''എന്നെപ്പറ്റി എന്തെങ്കിലും അത്ഭുതകഥകൾ പറഞ്ഞുപരത്തുന്നതിനോ എന്നെ ഒരു ദൈവമാക്കുന്നതിനോ അവരെ അനുവദിച്ചേക്കരുതേ. ഞാൻ ഒരു കടൽറാഞ്ചിയാണ്. ഞാൻ പറക്കാൻ ഇഷ്ടപ്പെടുന്നു. അത്ര തന്നെ.....''
അത്ഭുതാദരങ്ങളോടെ കണ്ണുമിഴിച്ചു നിന്ന ഫ്ലെറ്റ്ചർ സീഗളിനോട് ജോനാഥൻ തുടർന്നു, ''ഫ്ലെറ്റ്ചർ, നിൻ്റെ അച്ഛൻ നിന്നോട് പറയുന്നതൊന്നും നീ വിശ്വസിച്ചേക്കരുതേ. അവ കാണിച്ചുതരുന്നതത്രയും പരിമിതികളാണ്. നിന്നിലെ ബോധമുപയോഗിച്ചുകാണുകയാണ് വേണ്ടത്. നിനക്ക് ആദ്യമേ അറിയാവുന്നത് കണ്ടെത്തുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളു. പറക്കാനുള്ള മാർഗം നിൻ്റെ  മുൻപിൽ തെളിയുകതന്നെ ചെയ്യും".
ജോനാഥൻ മറഞ്ഞുപോയതിനുശേഷം ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ തൻ്റെ ആദ്യത്തെ ക്ലാസ് തുടങ്ങി. ജോനാഥൻ്റെ വാക്കുകൾ ഫ്ലെറ്റ്ചർ തൻ്റെ വിദ്യാർത്ഥികൾക്ക്‌ പകർന്നു, ''ഒന്നാമതായി, നിങ്ങൾ മനസിലാക്കേണ്ടതുണ്ട്, ഒരു കടൽറാഞ്ചിയെന്നത് പരിധിയില്ലാത്ത സ്വാതന്ത്ര്യമെന്ന ഒരാശയമാണെന്ന്; അപാരതയുടെ പ്രതീകമായിട്ടുള്ള ഒരു മഹാ സീഗൾ. നിങ്ങളുടെ ശരീരമാകട്ടെ ചിറകിൻ്റെ  ഒരറ്റം മുതൽ മറ്റേ അറ്റം വരേയ്ക്കും, നിങ്ങളുടെ വിചാരത്തേക്കാൾ കവിഞ്ഞൊന്നും തന്നെയല്ല.''
De-hypnozis-ൻ്റെ  ആദ്യപാഠങ്ങൾ; അവസാനത്തേയും.

സർഗാത്മകതയിൽ അപൂർണ്ണമെന്നൊന്നില്ല- incomplete or unfinished. സർഗാത്മകതയുടെ അതീതസ്പർശമേറ്റിട്ടുള്ള ഏതൊരു രചനയും, അത് എഴുത്താവട്ടെ, ചിത്രമോ ശില്പമോ നൃത്തമോ  സംഗീതമോ ശാസ്ത്രകൗതുകമോ, മറ്റേതൊരു പ്രവൃത്തിയുമോ ആകട്ടെ, അതെത്രതന്നെ അപൂർണ്ണമാണെങ്കിലും സാകല്യമിയന്നതായിരിക്കുന്നുണ്ട്. അതിൻ്റെ ഓരോ ഇതളും ഒരു പുഷ്പത്തോളം സഫലമാണ്. പൂർണ്ണമെന്നുതോന്നുന്ന ഏതൊരു സൃഷ്ടിയും അതിൻ്റെ അദൃശ്യമായ അതിരുകൾക്കപ്പുറം സംവേദനത്വത്തിൻ്റെ ധാരാളം  ഇതളുകൾക്ക് പിന്നെയും ഇടം നൽകുന്നു.

ജോനാഥൻ ലിവിങ്സ്റ്റൺ സീഗളിൻ്റെ പഴയ പതിപ്പ് ഒരു അപൂർണ നോവലാണെന്ന് ആർക്കും തോന്നാത്തത് അതിനാലാണ്. പുതിയ അദ്ധ്യായം വീണ്ടുമതിനെ പൂർണ്ണമാക്കുന്നുവെന്നേ തോന്നുകയുള്ളൂ. റിച്ചാർഡ് ബാകിൻ്റെ  തന്നെ വാക്കുകളിൽ ''a creative mind is making some uncommon and insightful connections.''

ജോനാഥൻ സീഗൾ അപ്രത്യക്ഷനായതിനുശേഷം, കുറെ വർഷങ്ങളോളം, തീർത്തും അസാധാരണമായ ധാരാളം കടൽറാഞ്ചികളെ ഈ ഭൂമുഖം ദർശിച്ചു. ജോനാഥൻ സമ്മാനിച്ചിട്ടുപോയ സന്ദേശത്തിൻ്റെ സത്ത കുറേ പക്ഷികൾ ശരിക്കും ഗ്രഹിക്കാൻ തുടങ്ങി. ആകാശയാനങ്ങൾ സാധനയാക്കിയ കടൽറാഞ്ചികൾ ഒരു സാധാരണ കാഴ്ചയായി. ഫ്ലെറ്റ്ചർ ലിൻഡ് സീഗളും ജോനാഥൻ്റെ മറ്റുചില ശിഷ്യരും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ജോനാഥൻ്റെ സന്ദേശം പരത്തുന്നതിനായി കടൽത്തീരങ്ങളുടെ കാണാദൂരങ്ങൾ യാത്രചെയ്തു. അപൂർവം ചില വിദ്യാർഥികൾ ഫ്ലെറ്റ്ചറിനേക്കാളും ജോനാഥനെക്കാളും ഉയരത്തിലും മികവിലും പറക്കലിൻ്റെ അറിയാമാനങ്ങളിലേക്ക് പ്രവേശിച്ച് ജോനാഥനെപ്പോലെത്തന്നെ അപ്രത്യക്ഷമായി.

കുറച്ചു വർഷങ്ങളോളം അത് കടൽറാഞ്ചികളുടെ വിഹാരചരിത്രത്തിലെ സുവർണ്ണകാലഘട്ടമായിരുന്നു -The golden age of flying and freedom. പിന്നെപ്പിന്നെ കുറേ പക്ഷികൾ, അവർ 'ദിവ്യറാഞ്ചി' യെന്നു വിശേഷിപ്പിക്കാൻ തുടങ്ങിയ ജോനാഥൻ സീഗളിനെ സ്പർശിച്ചിട്ടുള്ള ഫ്ലെറ്റ്ചർ ലിൻഡ് സീഗളിനെ തൊടാൻ വരിനിന്ന് തിടുക്കം കൂട്ടി. ജോനാഥൻ അവരെപ്പോലെത്തന്നെയുള്ള വെറുമൊരു കടൽറാഞ്ചിയാണെന്നും അവർക്കെല്ലാവർക്കും പരിശീലിക്കാവുന്നതുപോലെ പറക്കലിൻ്റെ വിവിധമാനങ്ങൾ പരിശീലിക്കുകമാത്രമാണ് ചെയ്തതെന്നുമെല്ലാം ഫ്ലെറ്റ്ചർ ലിൻഡ്, തന്നെ സ്പർശിക്കാൻ ആകാംക്ഷപൂണ്ടവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും,എല്ലാം വെറുതെയായി.

ഇനിയങ്ങോട്ട് നോവൽ 'പശ്ചാത്ഗമി'ക്കുകയാണ്, ചരിത്രത്തിൻ്റെ  പതിവുകളിലേക്ക്. ചരിത്രം എല്ലായ്പ്പോഴും അങ്ങനെയാണ് !
അതൊരിക്കലും സൃഷ്ടിക്കപെടുന്നതല്ല. നിദ്രാടനത്തിൻ്റെ ഇരുൾ നിറഞ്ഞ പൊഴികളിൽ ചരിത്രമിങ്ങനെ കുമിഞ്ഞുകൂടുകമാത്രമാണ്, ചാക്രികമായി….
ഉണർവ്വ് ചരിത്രത്തിന് പിടികൊടുക്കുന്നതല്ലെങ്കിലും, ഉണർവിൻ്റെ അനുകരണങ്ങൾ, അവയെത്ര മികവുറ്റതാണെങ്കിലും ചരിത്രമായി മാറുന്നു. ഉണർവ്വ് അളവില്ലാത്ത സ്വാതന്ത്ര്യം സമ്മാനിക്കുമെങ്കിലും അത്രതന്നെ ഉത്തരവാദിത്തവും ഏല്പിക്കുന്നുവെന്നതിനാലാണ് നാം മനുഷ്യർ അനുകരണങ്ങളിൽ മുഴുകി 'ചരിത്രസ്രഷ്ടാക്കളായി' സംതൃപ്തിയടയുന്നത്. ഉത്തരവാദിത്തത്തിൻ്റെ ഭാരം പേറാതെ ഒരുതരം virtual സ്വാതന്ത്ര്യം വിളമ്പി വ്യാജസംതൃപ്തി നൽകുന്ന മൊത്തക്കച്ചവടക്കാരുണ്ടാകുന്നത് അങ്ങനെയാണ് - മതവും രാഷ്ട്രീയവും.

നോവലിൻ്റെ  പഴയഭാഗങ്ങളിൽ,സമൂഹത്തിൻ്റെ 'ചരിത്രസംസ്കാര' ഭിത്തികൾ ഭേദിച്ചു, ഒരു വ്യക്തി (individual, not person) ഉണർന്നുവരുന്നതെങ്ങനെയെന്നു വെളിവാക്കിത്തരുന്ന റിച്ചാർഡ് ബാക്, ഈ അവസാന(പുതിയതെന്നോ പറയേണ്ടത്?) അദ്ധ്യായത്തിൽ, വ്യക്തിത്വത്തിൻ്റെ പരമബോധ്യങ്ങളിൽ-  സ്വാതന്ത്ര്യമെന്നറിയുക -നിന്നും വഴുതിമാറി സമൂഹത്തിൽ ചരിത്രത്തിൻ്റെ, മത-രാഷ്ട്രീയ സംസ്‌കൃതിയുടെ അഴുക്കുചാലുകൾ ഉറവയെടുക്കുന്നതെങ്ങനെയെന്നു സൂക്ഷ്മതയോടെ വരഞ്ഞിടുന്നു, ചുരുങ്ങിയ പേജുകളിൽ. മുൻപ് മുനി നാരായണപ്രസാദ്‌ സൂചിപ്പിച്ച സാദൃശ്യം ഒരുപക്ഷേ ഇപ്പോഴായിരിക്കും കൂടുതൽ കൃത്യമാവുക.
ഗുരുപദത്തിലേക്ക് പ്രവേശിച്ചിട്ടുള്ള ഏതൊരാൾക്കു ശേഷവും ചരിത്രം ഇങ്ങനെയാണ്.

ഫ്ലെറ്റ്ചർ സീഗലിൻ്റെ ചുറ്റും കൂടിയ മിക്ക വിദ്യാർത്ഥികൾക്കും പറന്നു പരിശീലിക്കുന്നതിനേക്കാൾ താല്പര്യം ജോനാഥൻ ഉച്ചരിച്ച വാക്കുകൾ എന്തായിരുന്നുവെന്ന് കേൾക്കാനായിരുന്നു. ജോനാഥാൻ്റെ അംഗചലനങ്ങൾ എങ്ങനെയായിരുന്നെന്നറിയാനും. കഥയില്ലായ്മയിൽ മുഴുകാനാഗ്രഹിക്കുന്ന ഈ കടൽറാഞ്ചികൾക്കിടയിൽ ഫ്ലെറ്റ്ചർ സീഗൾ കൂടുതൽ അസ്വസ്ഥനായി വന്നു. ആദ്യമൊക്കെ ജോനാഥൻ്റെ സന്ദേശം പ്രായോഗികമായി പരിശീലിച്ച് അനുഭവിക്കുന്നതിൽ തല്പരരായിരുന്ന അതേ പക്ഷികളിപ്പോൾ, ശ്രമകരമായ 'പറക്കൽ പാഠ'ങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. മാത്രവുമല്ല, ജോനാഥനെപ്പറ്റി ഇതിഹാസകഥകൾ ചമച്ച്‌, അവക്കുമുന്നിൽ കണ്ണുകൾ വട്ടംപിടിക്കാൻ തുടങ്ങി. അവർക്കറിയേണ്ടത് ജോനാഥൻ ഉച്ചരിച്ചത് ‘യഥാർത്ഥത്തിൽ’എന്നായിരുന്നുവോ, ‘സത്യത്തിൽ’ എന്നായിരുന്നുവോ എന്നാണ്. അവർക്കറിയേണ്ടിയിരുന്നത് ദിവ്യനായ ജോനാഥൻ സീഗൾ പറക്കാനായുമ്പോൾ കാറ്റിനുനേരെ ഒരുചുവട് മുന്നോട്ടുവച്ചുവോ അതോ രണ്ടുചുവട് മുന്നോട്ടുവച്ചുവോ എന്നായിരുന്നു. നിസ്സാരങ്ങളായ ഇത്തരം ചോദ്യങ്ങളിലൂടെ അവർ യഥാർത്ഥ സന്ദേശത്തെ അനുഭവിക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് ഫ്ലെറ്റ്ചർ ലിൻഡ് അവരെ ഓർമപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരാരും അവനെ വകവച്ചില്ല. അവർ ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.-''ഫ്ലെറ്റ്ചർ സീഗൾ, പരമപൂജ്യ ദിവ്യ സീഗൾ മഹാരാജ് ജോനാഥൻ്റെ കണ്ണുകൾക്ക് ചാരനിറമായിരുന്നോ?'' ആ ചോദ്യമുന്നയിച്ച ചാരനിറമുള്ള കണ്ണുകളുണ്ടായിരുന്ന സീഗളിന് ഒരേഒരു ഉത്തരം കിട്ടാനായിരുന്നുവത്രേ താല്പര്യo !.
മടുപ്പും വിഷമവും തോന്നിയ ഫ്ലെറ്റ്ചർ പറഞ്ഞു ''ജോനാഥൻ്റെ കണ്ണുകൾക്ക് ചാരനിറവുമല്ല, സ്വർണ്ണനിറവുമല്ല. അവൻ്റെ  കണ്ണുകൾക്ക് മുന്തിരിനിറമായിരുന്നു. പക്ഷേ എന്ത് പ്രസക്തിയുണ്ടതിന് ? അദ്ദേഹം നമ്മോടുവന്നു പറഞ്ഞത് ഇതുപോലെ ആരുടെയും കണ്ണിൻ്റെ നിറത്തെപ്പറ്റി കലപിലകൂട്ടി നേരംകളയാതെ 'നമുക്ക് പറക്കാം' എന്നാണ്, നോക്കൂ നമുക്കൊരു 'പുതിയ പാഠം' തുടങ്ങാം....''
കുറച്ചു പക്ഷികൾ പക്ഷേ ക്ലാസ്സിനു നില്ക്കാതെ  പരിതപിച്ചുകൊണ്ട് തിരിച്ചുപോയി. ''ആ മഹാത്മാവിനു മുന്തിരിനിറമുള്ള കണ്ണുകളുണ്ടായിരുന്നു. എൻ്റെ  കണ്ണുകൾ പോലല്ല. ഇതുവരേക്കുമുണ്ടായിട്ടുള്ള ഒറ്റ കടൽറാഞ്ചിയെയും പോലല്ല !''

ഇത്തരം താരതമ്യങ്ങൾ വെറും ‘crazy connections’ ആണ്, not ‘crazy insightful connections’. സത്യത്തിൽനിന്നും ഓടിയൊളിക്കാൻ നാം കണ്ടെത്തുന്ന ഒഴിവുകഴിവുകൾ. ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്നത് പരിമിതികൾ മാത്രമാണെന്ന് ജോനാഥൻ പറയുമ്പോൾ, നാം ഇങ്ങനെകൂടി ഓർക്കേണ്ടിയിരിക്കുന്നു: അവയുടെ സ്വതഃസിദ്ധ പരിധികളെകൂടി നാം പരിമിതപ്പെടുത്തുകയാണെന്ന്. ത്വക്കിലും രൂപത്തിലും നിറത്തിലും മുട്ടി നിന്നുപോകാൻ നാം ആഗ്രഹിക്കുകയാണുചെയ്യുന്നത്. താരതമ്യങ്ങളും വിധികല്പിക്കലുകളും (Comparison and Judging) ഇല്ലെങ്കിൽ നമ്മുടെ മനസ്സിനു പിന്നെ അന്നമെന്തുണ്ട് !?

വർഷങ്ങൾക്കുള്ളിൽ ക്ലാസ്സുകളുടെ രീതികൾ അപ്പാടെ മാറിമറിഞ്ഞു. പരിശീലനപ്പറക്കലിനുപകരം ആദ്യാവസാനം അവർ ജോനാഥനെപ്പറ്റിയുള്ള '' ദൈവദശകം'' പാടി സ്വയം ധന്യരായതായി സങ്കല്പിച്ചു. ദിവ്യാത്മാവിനെ പറ്റിയുള്ള നീണ്ട ശ്ലോകങ്ങൾ അവർ നിത്യേന ഉരുവിടാൻ തുടങ്ങി. പറക്കലും പരിശീലനവുമെല്ലാം വിഷയഗൗരവമില്ലാത്തവർക്കു പറഞ്ഞിട്ടുള്ളതായി.
ഇത്തരം അധഃപതനകളിൽ ഫ്ലെറ്റ്ചറും സുഹൃത്തുക്കളും രോഷാകുലരാവുകയും ഇതനുവദനീയമല്ലെന്ന് ശഠിക്കുകയും ചെയ്‌തെങ്കിലും അവർക്കൊന്നിനുമായില്ല. അവർ നിസ്സഹായരായിരുന്നു. ഇവരുടെ വാക്കുകളൊന്നും ആരും ചെവികൊണ്ടില്ലെന്നുമാത്രമല്ല ഫ്ലെറ്റ്ചറിനേയും മറ്റും ബഹുമാനിച്ചും ആരാധിച്ചും അവർ ശരിക്കും ‘പകരംവീട്ടി’.
വ്യക്തിമനഃശാസ്ത്രത്തിലെ flight or fight സ്വഭാവം പോലെ സമൂഹമനസ്സിൻ്റെ  തന്ത്രങ്ങളാണ് ആരാധനയും ക്രൂശിക്കലും. പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളാണെങ്കിലും, ഫലത്തിൽ ഒന്നാണവ. പലപ്പോഴും ക്രൂശിക്കുന്നതിനേക്കാളും ക്രൂശിതമത്രേ ആരാധന. അങ്ങനെയിരിക്കേ, രണ്ടും നേരാവണ്ണം ചെയ്തുപോരുന്നവരാണ് നമ്മുടെ മതങ്ങളും അവയുടെ അനുബന്ധ സംഘങ്ങളും സംഘടനകളും !

സത്യത്തിന്, സത്തയ്ക്ക്, പ്രാതിനിധ്യം സാധ്യമല്ലല്ലോ. സത്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് നാം ആചാരങ്ങളിലൂടേയും മറ്റു ചടങ്ങുകളിലൂടേയും (rituals) അതിനെ പകരം വെക്കാൻ ശ്രമിക്കുന്നത്. ആരാധനാസംബന്ധിയായ ഏതൊരു ചടങ്ങിനും സൗന്ദര്യാധിഷ്ഠിതമായ പ്രസക്തിയില്ലെന്നല്ല. അത്തരം സന്ദർഭങ്ങളുടെ ആവർത്തനങ്ങൾ അതിൻ്റെ സാംഗത്യത്തെ ഏറെ പിൻതള്ളുന്നു; ഒട്ടും ബന്ധപെടുത്താനാവാത്തവിധം. അവബോധമെന്ന ഒന്ന് സാധ്യമല്ലാത്ത ജനക്കൂട്ടമാണെങ്കിലോ, പിന്നെയത് വിശ്വാസങ്ങൾക്കും ഇതിഹാസകഥകൾക്കും വഴിയൊരുക്കുകയായി.

ഇവിടെ, പറക്കൽ പരിശീലിച്ചുവന്ന പക്ഷികൾ തീരെ കുറഞ്ഞു കുറഞ്ഞു വന്നു. അനന്തതയുടെ നഭോമണ്ഡലത്തിലേക്ക് ചിറകുവിടർത്താനുള്ള ആഹ്വാനത്തിൽനിന്നും ഒഴിഞ്ഞുമാറാൻ ഈ പക്ഷിസമൂഹം കണ്ടെത്തിയത് ഏറ്റവും ക്രൂശിതമായ തന്ത്രം തന്നെയായിരുന്നു- ആരാധനയും ചടങ്ങുകളും. ജോനാഥൻ്റെ യഥാർത്ഥ ശിഷ്യന്മാർ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹങ്ങളെടുത്തുകൊണ്ട് ഈ കടൽറാഞ്ചികൾ വലിയ വലിയ വിലാപയാത്രകൾ നടത്തി. കണ്ണീരിൽ കുതിർന്ന ചടങ്ങുകളും. ശവമടക്കുന്നതിനായി അവർ വെള്ളാരം കല്ലുകളെക്കൊണ്ട് വിശേഷപ്പെട്ട കുടീരങ്ങളുണ്ടാക്കി. തീർത്തും പൂജ്യനായ ഒരു കടൽറാഞ്ചി നീണ്ട പ്രാർത്ഥനകൾക്കും സ്തുതിഭാഷണങ്ങൾക്കും ശേഷമായിരുന്നു ഓരോ കല്ലും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചത്. പിന്നീട് ആ കുടീരങ്ങളത്രയും ആരാധനാസ്ഥലങ്ങളായി. ഏറെ വൈകാതെത്തന്നെ, ഏകതയെ (Oneness) കാംക്ഷിക്കുന്ന ഏതൊരു കടൽറാഞ്ചിയും ആ കുടീരത്തിൽ ഒരു കല്ലെടുത്തുവച്ച് ശോകാർദ്രമായി എന്തെങ്കിലും സംസാരിക്കണമെന്നത് ഒരു ആചാരമായി മാറി. എന്നാൽ ആരുമറിഞ്ഞില്ല എന്താണ് 'ഏകത'യെന്ന്. വിഡ്ഢിയായിട്ടുള്ള ഒരു കടൽറാഞ്ചിക്കല്ലാതെ എന്താണ് ഏകതയെന്ന് ചോദിക്കാനാവില്ലെന്നായി സമൂഹാന്തരീക്ഷം. ''എന്തിനു ചോദിക്കണം? എല്ലാവർക്കുമറിയാവുന്നതാണത്. മാത്രവുമല്ല, നേരംകളയാതെ, ഒരു വിശുദ്ധ കുടീരത്തിൽ ഒരു കല്ലെടുത്തുവച്ചു അറിഞ്ഞുപ്രാർത്ഥിച്ചാൽ ഏകതയെ എളുപ്പം പ്രാപിക്കാവുന്നതാണ്.''

ഇതുവരേക്കുമുള്ള സമൂഹമനുഷ്യൻ്റെ  പെരുമാറ്റരീതികളുടെ സൂക്ഷ്മവിവരണങ്ങളാണ് റിച്ചാർഡ് ബാക് ഒരു ചെറിയ അദ്ധ്യായത്തിൽ കുറിച്ചുവെക്കുന്നത്. അവതാരികയിൽ അദ്ദേഹം പറയുന്നത് ഈ അദ്ധ്യായം എഴുതപ്പെട്ടത് ഭാവിയെപ്പറ്റി ഒന്നും അറിയാതിരുന്നപ്പോഴായിരുന്നുവെന്നും, അറിയപ്പെടാതിരുന്ന അന്നത്തെ ഭാവി ഇന്നു നമ്മുടെ കൺമുൻപിൽ നിവർന്നു കിടപ്പുണ്ടെന്നുമാണ്, മുൻപെന്നത്തേക്കാളും വ്യക്തതയോടെ. പക്ഷേ റിച്ചാർഡ് ബാക്, അന്ന് ഈ അദ്ധ്യായം പ്രസിദ്ധപ്പെട്ടിരുന്നെങ്കിൽ അത് ഇന്നിൻ്റെ 'പ്രവചന'മാകുമായിരുന്നില്ല. ഭൂമിയിൽ വെറും നാലുപേരുള്ളപ്പോൾ, അതിൽ ഒരാൾ മൂന്നുപേരുടെ സമൂഹചരിത്രം എഴുതാൻ ശ്രമിച്ചിരുന്നെങ്കിൽ അത് കടൽറാഞ്ചികളുടെ ഈ അധ്യായം പോലെത്തന്നെയാകുമായിരുന്നു. നമ്മുടെ അത്യാധുനിക ചരിത്രം പോലെയും.
സമൂഹത്തിന് ആവർത്തിക്കുകയേ നിവൃത്തിയുള്ളൂ.

ജോനാഥൻ്റെ ശിഷ്യരിൽ ഏറ്റവും അവസാനം മരണമടഞ്ഞത് ഫ്ലെറ്റ്ചർ ലിൻഡ് സീഗളായിരുന്നു. തൻ്റെ  ജീവിതത്തിലെ ഏറ്റവും കൃത്യതയും മികവും മനോഹാരിതയും ഒത്തിണങ്ങിയ ഒരു പറക്കലിൽ അവൻ അപ്രത്യക്ഷനായി. ശവകുടീരത്തിൽ വെള്ളാരങ്കല്ലുകൾ  അർപ്പിക്കാതെ; ഏകതയെപ്പറ്റിയുള്ള മന്ത്രങ്ങളും മനനങ്ങളും കൂടാതെ, പറക്കലിൻ്റെ അജ്ഞേയപ്രവേഗങ്ങളിലേക്ക് അവൻ അനായാസം അലിഞ്ഞുപോവുകയായിരുന്നു.

അടുത്ത കുറേ ആഴ്ചകളിലേക്ക്ഫ്ലെറ്റ്ചർ പ്രത്യക്ഷപെടാതിരുന്നപ്പോൾ കടൽറാഞ്ചിക്കൂട്ടം ആശങ്കയിലായി. പിന്നീട് പക്ഷേ, അവർ എല്ലാവരും ഒത്തുകൂടി, സംഭവിച്ചതെന്താണെന്നതിനെപ്പറ്റി ഒരു തീരുമാനത്തിലെത്തി. അതിനുശേഷം ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായി;
''ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ, ജോനാഥൻ്റെ  ഏറ്റവും ആദ്യത്തെ ഏഴുശിഷ്യരോടൊപ്പം ഏകമഹാശില (Rock of Oneness) യിൽ നിൽക്കുന്നതു കാണപ്പെട്ടു. വഴിമാറിനിന്ന് സ്വാഗതമോതിയ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് മഹാത്മാവ് ദിവ്യ ജോനാഥൻ സീഗൾ പ്രത്യക്ഷപ്പെടുകയുണ്ടായി, രാജകീയപ്രൗഢിയോടെ. സ്വർണ്ണപ്പതക്കങ്ങളും വെള്ളാരങ്കല്ലുകളെക്കൊ ണ്ടുണ്ടാക്കിയ കിരീടവുമണിഞ്ഞ്. (ആ വെള്ളാരങ്കല്ലുകൾ ആകാശത്തിൻ്റെയും സമുദ്രത്തിൻ്റെയും കാറ്റിൻ്റെയും ഭൂമിയുടേയും പ്രതീകങ്ങളായിരുന്നുവത്രേ ! ). അദ്ദേഹം (ജോനാഥൻ) ഫ്ലെറ്റ്ചർ സീഗളിനെ ഏകതയുടെ സമുദ്രതീരത്തേക്കു- Beach of Oneness - വരാൻ ആഹ്വാനം ചെയ്യുകയും ഫ്ലെറ്റ്ചർ സീഗൾ പരിശുദ്ധപ്രഭയോടെ ഉയരങ്ങളിലേക്ക് ഉത്ഥാനംചെയ്യപ്പെടുകയുമുണ്ടായി. വകഞ്ഞുമാറിയ മേഘങ്ങൾ വീണ്ടും ഒന്നാവുകയും, ധാരാളം കടൽറാഞ്ചികൾ ഒന്നിച്ചു കാഹളംമുഴക്കുന്നത് കേൾക്കാനാവുകയും ചെയ്തു''.

ഫ്ലെറ്റ്ചറിൻ്റെ പാവനസ്മരണക്ക് ഭൂമിയിലെ ഏറ്റവും വലിയ സ്മാരകമുയർന്നു. പിന്നെ അതിൻ്റെ പകർപ്പുകൾ. പിന്നെ അതിൻ്റെ പകർപ്പുകൾ. ചൊവ്വാഴ്ച്ചകളിൽ ഈ സ്മാരകങ്ങൾക്കുചുറ്റും നിന്ന് കടൽറാഞ്ചി ജനത ജോനാഥൻ്റെയും അനുഗ്രഹീത ശിഷ്യന്മാരുടേയും അത്ഭുതപ്രവൃത്തികളെപ്പറ്റിയും മറ്റും ഭക്തിപുരസ്കരം ശ്രവിച്ചു. പറക്കുക എന്ന പ്രവൃത്തിമാത്രം എല്ലായ്പ്പോഴും മാറ്റിനിർത്തപ്പെട്ടു. ഓരോരുത്തരിലും ആദ്ധ്യാത്മിക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചിലപക്ഷികൾ ഒരു മരച്ചില്ല എല്ലായ്പ്പോഴും കൊക്കിൽ വഹിച്ചുകൊണ്ടു നടക്കും. മരച്ചില്ലയുടെ ഭാരവും വലിപ്പവുമനുസരിച്ചു, നിസ്കാരത്തഴമ്പുപോലെ, ആ കടൽറാഞ്ചിക്ക് കൂടുതൽ ബഹുമാനവും ആദരവും കൈവന്നു. ജോനാഥൻ്റെ സന്ദേശങ്ങളുടെ പ്രതീകം പിന്നീട് മിനുസമേറിയ ഒരു വെള്ളാരങ്കല്ലായി. അതുപിന്നെ ഏതു പാറക്ക ഷ്ണമായാലും കുഴപ്പമില്ല എന്നായി. ആകാശവിഹാരത്തിൻ്റെ ആനന്ദത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ഒരു പക്ഷിയുടെ പ്രതീകമായത് ഒരു കഷ്ണം കല്ല് ! ആ വൈരുദ്ധ്യം പക്ഷേ, പക്ഷി സമൂഹത്തിലെ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.
☸ ''അറിവില്ലായ്മക്ക് അതിരുമില്ലെതിരുമില്ലത്രേ !'' (☸എം ഗോവിന്ദൻ).
സംസ്കാരമെന്നത്- civilization-എവിടെയോ ആർക്കോ പറ്റിപ്പോയ അബദ്ധങ്ങളിൽ പണിതുയർത്തപ്പെട്ടവയാണ്. ഒരു സെൻ കഥയുണ്ട്:
ഒരു ശിഷ്യന്, ഗുരുവിനോട് ഒരുപാട് അപേക്ഷിച്ചതിന് ശേഷം, നൂറ്റാണ്ടുകളായി പ്രമാണങ്ങളായി കരുതിപ്പോരുന്ന വിശുദ്ധ ഗ്രന്ഥങ്ങളുടെ നിലവറ കാണാനുള്ള അനുവാദം ലഭിച്ചു. വിളക്കുമായി നിലവറയിലേക്കുപോയ ശിഷ്യനെ രാത്രിയായിട്ടും കാണാതിരുന്നപ്പോൾ ഗുരു നേരിട്ട് നിലവറയിലേക്കുചെന്നു. ശിഷ്യനുണ്ട് ഏതോ ഒരു ഗ്രന്ഥത്തിനു മുൻപിലിരുന്നു കണ്ണീരൊഴുക്കികൊണ്ടേയിരിക്കുന്നു!. ഗുരുവിനാശ്ചര്യമായി. കരച്ചിലിൻ്റെ കാരണം തിരക്കിയപ്പോൾ ശിഷ്യൻ തൻ്റെ കയ്യിലിരുന്ന ഏറ്റവും
അടിസ്ഥാനപ്രമാണ ഗ്രന്ഥം നിവർത്തിക്കാണിച്ചുകൊണ്ട് ഗുരുവിനോട് പറഞ്ഞു, '' ഗുരോ നോക്കൂ, നൂറ്റാണ്ടുകൾക്കു മുൻപ് പകർത്തിയെഴുതിയപ്പോൾ നമ്മളിലാർക്കോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു. ഇതിലുള്ളത് CELEBRATE എന്നാണ്; CELIBATE എന്നല്ല. ഞാനെങ്ങനെ കരയാതിരിക്കും ? ''

എല്ലാ ചൊവ്വാഴ്ചകളിലും Official Flock Student ആലാപനസ്തുതി കേൾക്കാൻ, എല്ലാത്തരം പറക്കലുകളും നിർത്തിവച്ച് കടൽറാഞ്ചികളുടെ ഒരു വലിയ 'ജനക്കൂട്ടം' നിശ്ചലരായിനിന്നു. പ്രാർത്ഥനകളും ആലാപനങ്ങളുമെല്ലാം കുറച്ചുവർഷങ്ങൾക്കുള്ളിൽ ‘ജോനാഥായ നമഃ’ പോലുള്ള മന്ത്രങ്ങളായോ, 'പാപികളായ ഞങ്ങളോടു പൊറുക്കേണമേ' എന്ന രീതിയിലുള്ള അപേക്ഷാഗീതങ്ങളായോ മാറി. വാക്കുകൾ ഒട്ടും തിരിച്ചറിയാനാവാത്ത വിധം മുഴക്കങ്ങളോടെയും വേഗത്തിലുമായിരുന്നു ഉച്ചരാണങ്ങളത്രയും നടന്നത്.

ദുഃഖം നിറഞ്ഞു നിൽക്കുന്ന മുന്തിരിനിറമുള്ള കണ്ണുകളോടുകൂടിയ ജോനാഥ ശില്പങ്ങൾ ആരാധനാലയങ്ങളിൽ നിറഞ്ഞു. കഷ്ടിച്ചു ഇരുന്നൂറ് വർഷങ്ങൾക്കുള്ളിൽ, ജോനാഥൻ നൽകിയ പാഠങ്ങളുടെ എല്ലാ അംശങ്ങളും ദൈനംദിന ജീവിതത്തിൽനിന്നും എടുത്തു മാറ്റപ്പെട്ടു. അവയൊക്കെ അതിവിശുദ്ധമാണെന്നും താഴേക്കിടയിലുള്ള സാധാരണ കടൽറാഞ്ചികൾക്ക് പറഞ്ഞിട്ടുള്ളതല്ല അവയൊന്നും എന്ന്‌ ഉറപ്പിക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളും പ്രാർത്ഥനാവിധികളും മറ്റും ഭ്രാന്തമായ രീതിയിൽ പെരുകിവന്നു. ആരാധനാലയങ്ങളുടെ ചുറ്റുവട്ടത്തൊന്നും ഒറ്റ കടൽറാഞ്ചിയും അബദ്ധത്തിൽപോലും പറക്കുവാൻ പാടില്ലെന്നായി.

ചിന്തിക്കാൻ തുടങ്ങിയ കുറച്ചു ചെറുപ്പക്കാർക്ക് 'പറക്കുക', വിശുദ്ധകുടീരം, ദിവ്യറാഞ്ചി, ജോനാഥൻ എന്നീ വാക്കുകൾ കേൾക്കുന്നതുതന്നെ അരോചകമായിത്തുടങ്ങി. ജോനാഥനുശേഷം ഇവർക്കുമാത്രമേ ആത്മാർത്ഥതയുണ്ടായിരുന്നുള്ളുവെങ്കിലും ജോനാഥമതക്കാരുടെ ദുരുപയോഗം മൂലം മേൽപ്പറഞ്ഞ പ്രയോഗങ്ങൾക്കുനേരെ അവർ അവരുടെ മനസ്സ് താഴിട്ടടച്ചു. അവർ പക്ഷേ ജിജ്ഞാസുക്കളായിരുന്നുവെന്നതിനാൽ അവരുടെ പറക്കലുകളിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. എന്നാലും അവർ സ്വയം ഉറപ്പിക്കുമായിരുന്നു, ''ഇത് പറക്കലല്ല; ഇത് പറക്കലല്ല. ഇത് സത്യമെന്തെന്നു കണ്ടെത്താനുള്ള ഒരു രീതി മാത്രമാണ് ''. സമൂഹത്തിലെ അംഗീകൃത ആചാര്യന്മാരെ നിരാകരിച്ചുകൊണ്ട് അവർ അവരുടെത്തന്നെ ആചാര്യന്മാരായിത്തീർന്നു.

ഒരു വ്യക്തിക്ക് താൻ, ''ഇവിടെ, ഇപ്പോൾ'' ആണോ എന്നറിയുന്നതിന് ഏതെങ്കിലും ആചാര്യന്മാരുടെയോ ഗുരുക്കന്മാരുടെയോ അംഗീകാരത്തിൻ്റെ ആവശ്യമില്ല; സാമാന്യബോധം മാത്രമേ വേണ്ടൂ; just common sense. കുറച്ചുകൂടി അർത്ഥവത്തായ പദം Understanding എന്നാണ്; ബോധ്യം. ഇതിൻ്റെ  അഭാവത്തിൽ ഗുരു, ശിഷ്യൻ, എന്നിവയെല്ലാം വെറും രാഷ്‌ടീയ സംജ്ഞകളാണ്. നേതാവ് അനുയായികൾ എന്നിവ മത സംജ്ഞകളും. ''Self-sufficient meditator'' എന്നത് ഓഷോ സമ്മാനിച്ച പ്രയോഗമാണ്. ആ ജീവിതം മുഴുവൻ പ്രയത്നിച്ചതാവട്ടെ ഒരു വ്യക്തിയെ 'You are sufficient unto yourself'' എന്നു ബോധ്യപ്പെടുത്താനും. ഈ ബോധ്യപ്പെടലല്ലെങ്കിൽ എന്താണ് ധ്യാനം? മറ്റെന്താണ് സ്വാതന്ത്ര്യം?

ജോനാഥൻ്റെ പേരടക്കം നിരാകരിച്ചുവെങ്കിലും, ഈ നിഷേധികളായിരുന്നു ജോനാഥൻ്റെ സന്ദേശം പ്രയോഗിച്ചനുഭവിക്കാൻ തുടങ്ങിയത്. ഈ വിപ്ലവം പക്ഷേ നിശബ്ദമായിരുന്നു. ഇതിനിടയിൽ ആൻ്റണി സീഗൾ എന്നുപേരായ മീശമുളയ്ക്കാത്ത ഒരു ചെറുപ്പക്കാരൻ ചോദ്യങ്ങളെക്കൊണ്ട് അന്തരീക്ഷം ശബ്‌ദമുഖരിതമാക്കാൻ തുടങ്ങി.

കടൽറാഞ്ചികളുടെ ആദ്ധ്യാത്മിക മേഖലയിലെ അംഗീകൃത ആചാര്യനായ ഒരാളോട് ആൻ്റണി പറഞ്ഞു, ''എല്ലാ ചൊവ്വാഴ്ചയും നിങ്ങളുടെ പ്രഭാഷണം കേൾക്കാൻ ഈ 'ജനക്കൂട്ടം' എത്തുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, അവർ വിചാരിക്കുന്നു അവർ ചിലതു പഠിക്കുന്നുണ്ടെന്ന്. രണ്ട്, അവർ വിചാരിക്കുന്നു ഒരു കല്ലുകൂടി ആ ശവകൂടീരത്തിലെടുത്തുവച്ചാൽ അവർ കുറേക്കൂടി വിശുദ്ധരാകുമെന്ന്. മൂന്ന്, എല്ലാവരും എല്ലാവരേയും അവിടെ പ്രതീക്ഷിക്കുന്നു. ശരിയല്ലേ?'' പകച്ചുപോയ ആചാര്യനോട് ആൻ്റണി തുടർന്നു,'' എന്തോ ഒന്ന് പഠിക്കാനുണ്ടെന്ന് എനിക്കറിയാം. എന്നാൽ അതെന്താണെന്ന് എനിക്കറിയില്ല. എന്നാൽ എനിക്കറിയാം നിങ്ങളുടെ വെള്ളാരങ്കല്ലുകളൊന്നും എന്നെ വിശുദ്ധനാക്കില്ലെന്ന്. പിന്നെ മറ്റുള്ളവർ എന്നെപ്പറ്റി എന്തുവിചാരിച്ചാലും എനിക്കതൊരു വിഷയമേയല്ല''.
അയാൾ ആന്റണിയോടു ചോദിച്ചു, ''ജീവിതമെന്ന അത്ഭുതത്തെ നീ എന്താണ് വിളിക്കുന്നത് ? മഹാത്മാവായ ദിവ്യജോനാഥൻ - അവൻ്റെ നാമം പാവനമായിരിക്കട്ടെ !- പറഞ്ഞത്.......''
ആന്റണിയുടെ മറുപടി ചടുലമായിരുന്നു, ''ജീവിതം വലിയ അത്ഭുതമൊന്നുമല്ല. അത് തീർത്തും പൊള്ളയാണ്. നിങ്ങളുടെ മഹാത്മാവ് ജോനാഥൻ, പണ്ടാരോ പറഞ്ഞുണ്ടാക്കിയ ഏതോ കെട്ടുകഥയാണ്. പാവപ്പെട്ടവർ അത് വിശ്വസിക്കുകയും ചെയ്യുന്നു. മണിക്കൂറിൽ 200 മൈൽ വേഗത്തിൽ പറക്കുക! ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. 50 മൈലിനേക്കാളപ്പുറം പോകാനേ പറ്റില്ല. മാത്രവുമല്ല, അത്രയും സ്പീഡിൽത്തന്നെയും എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. പറക്കലിന് അതിൻ്റെതായ കുറേ നിയമങ്ങളുണ്ട്. ബോധ്യമാവുന്നില്ലെങ്കിൽ, നിങ്ങളൊന്നു പുറത്തിറങ്ങി പറന്നുനോക്ക്.
നിങ്ങൾ ശരിക്കും വിചാരിക്കുന്നുണ്ടോ ജോനാഥൻ സീഗൾ 200 മൈൽ വേഗത്തിൽ പറന്നിട്ടുണ്ടെന്ന്?''

''അതിനേക്കാൾ വേഗത്തിൽ''- ആചാര്യനതു പറഞ്ഞത് ഒരു കടുത്ത വിശ്വാസിയായിട്ടായിരുന്നു, ''മാത്രവുമല്ല, മറ്റുള്ളവരെ അത് പഠിപ്പിക്കുകയും ചെയ്തു.''

''ഇങ്ങനെയാണ് നിങ്ങളുടെ കഥകളുടെ ഒരു പോക്ക്. നിങ്ങൾ ഇത്രയും വേഗത്തിൽ പറന്നുകാണിക്കാമെങ്കിൽ, ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കാൻ വരാം''.
തൻ്റെ  മുന്നിൽ ഏതെങ്കിലും ഒരു സീഗൾ ഇത്രയും വേഗത്തിൽ പറന്നുകാണിക്കുകയാണെങ്കിൽ, ആ നിമിഷം തൻ്റെ ജീവിതം അതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും എന്നാൽ അതുവരേക്കും തൻ്റെ  ഈ അജ്ഞതയിലും 'യുക്തിരാഹിത്യത്തിലും'' താൻ ഉറച്ചുനിൽക്കുമെന്നുള്ള തെളിഞ്ഞബോധ്യമായിരുന്നു ആന്റണിയുടെ മുഖമുദ്ര.

അവൻ അവൻ്റെ വഴിക്കു ചരിച്ചു. പ്രാർത്ഥനയും പൂജാദികർമ്മങ്ങളുമൊന്നും അവൻ ചെയ്തില്ല. ജീവിതത്തിൻ്റെ വ്യർത്ഥതയിൽ അവൻ ദുഃഖിതനായിരുന്നുവെങ്കിലും ആത്മാർത്ഥതയുള്ളവനായിരുന്നു. ഒരു സായാഹ്നത്തിൽ, വ്യർത്ഥമായ ജീവിതത്തെപ്പറ്റിയുള്ള ചിന്തകളിലുഴറി, കടലിലാണ്ടുപോയാലോ എന്ന് അവൻ ആഗ്രഹിച്ചു. വെറുതെയിങ്ങനെ ഒരു പൊങ്ങുതടിയെപ്പോലെ കഴിയുന്നതിലും ഭേദം, അതാണെന്നവനു തോന്നി. എല്ലാ അമൂർത്തതകൾക്കുമൊടുവിൽ ആന്റണി സീഗൾ ഒരു തീരുമാനത്തിലെത്തി. അവൻ രണ്ടായിരം അടി ഉയരത്തിലേക്ക് പറന്ന്, അവിടെ നിന്നും ഏകദേശം അമ്പതു മൈൽ വേഗത്തിൽ കടലിലേക്കു കുതിച്ചു.



ആ കുതിപ്പിനിടയിലായിരുന്നു അതു സംഭവിച്ചത്- വെള്ളിച്ചിറകുള്ള മറ്റൊരു കടൽറാഞ്ചി അവൻ്റെ വലതുച്ചിറകിനടുത്ത്‌ കൂടെ ഒരുൽക്കയെപ്പോലെ പാഞ്ഞു പോയി. ആ പക്ഷി ആകാശത്തിലേക്കുയർന്ന് അവശ്വസനീയമാംവിധം ചില മലക്കം മറിച്ചിലുകൾ നടത്തി. ആന്റണി സീഗൾ അത്ഭുതസ്തബ്ധനായി, അകാശത്താണെങ്കിലും ഒരു നിമിഷത്തിനുശേഷം അവൻ വിളിച്ചുപറഞ്ഞു, ''ഹേയ്, ഒന്നു നിൽക്കൂ!''
ആ പക്ഷി ഒറ്റച്ചിറകിൽ ഒന്നുവട്ടംചുറ്റി അമ്പരപ്പിക്കുന്ന വേഗത്തിൽ അവൻ്റെ അടുത്തെത്തി.
ആന്റണി ചോദിച്ചു, ''ഹേയ്, നിങ്ങളെന്താണു ചെയ്യുന്നത്?''. ആ നിമിഷം അവന് അത്തരമൊരു വിഡ്ഢിച്ചോദ്യം ചോദിക്കാനേ തോന്നിയുള്ളൂ.

''ക്ഷമിക്കണം, ഞാൻ നിന്നെ ഭയപ്പെടുത്തിയോ?'', അപരിചിതനായ ആ പക്ഷി പറഞ്ഞു, ''ഞാൻ വെറുതെ പറന്നു കളിക്കുകയായിരുന്നു. നിന്നെ ഞാൻ കണ്ടിരുന്നു, ഞാൻ നിന്നെ ഇടിച്ചിടില്ലെന്നെനിക്കറിയാമായിരുന്നു.....''
''അല്ല, അതല്ല'', ജീവിതത്തിൽ ആദ്യമായി ആന്റണി ഉണർന്നെഴുന്നേറ്റതുപോലെ, അവൻ ചോദിച്ചു, ''എന്തായിരുന്നു അത്?''
''ഓ, അതോ? അതൊന്നുമല്ല, വെറുതെ ഒരു പറക്കൽ, വെറുതെ അങ്ങുമിങ്ങും പറക്കൽ. നിനക്കിതുപോലെ പറക്കണമെങ്കിൽ, ഒന്ന് പരിശീലിക്കുകയേ വേണ്ടൂ. എന്തായാലും ഇതൊരു രസമുള്ള കാര്യമാണ്, അല്ലെന്നുണ്ടോ?''
''അതെ, ....അത് മനോഹരമായിട്ടുള്ളതാണ്, അതെ അതുതന്നെയാണത്. പക്ഷെ, ഈ കടൽറാഞ്ചിക്കൂട്ടത്തിലൊന്നും നിങ്ങളെ കണ്ടിട്ടില്ലല്ലോ, ആരാണ് നിങ്ങൾ?'' .
ആ പക്ഷി പറഞ്ഞു, ''നിനക്കെന്നെ 'ജോൻ' എന്നു വിളിക്കാം''.

ജോനാഥൻ ഒരു നൈരന്തര്യതയാണ്. ബോധത്തിൻ്റെ അവിരാമമായ തുടർച്ച. നിരന്തരമായ ഉണർവ്വ്. A continuum of sheer wakefulness. ജോനാഥനുശേഷം റിച്ചാർഡെഴുതിയ 'മിശിഹായുടെ കൈപ്പുസ്തക'ത്തിൽ ഈ നൈരന്തര്യതയെപ്പറ്റി മനോഹരമായ ഒരു നിരീക്ഷണമുണ്ട്;
ഒരു നിമിഷം മുൻപോ
ഒരാഴ്ച മുൻപോ ഉണ്ടായിരുന്ന
അതേ ആൾത്തന്നെയാണ് നിങ്ങളിപ്പോഴും.
ഇനിയുള്ള ഒരു നിമിഷത്തിലും
ഇനിയുള്ള ഒരാഴ്ചയിലും
ഉണ്ടായിരിക്കാൻ പോകുന്നതും
നിങ്ങൾതന്നെയാണ്.

അതുപോലെത്തന്നെ,
ഇതിനുമുന്പുണ്ടായിരുന്ന ജന്മത്തിലെ
നിങ്ങൾതന്നെയാണ്
ഈ ജന്മത്തിലും തുടർന്നുകൊണ്ടിരിക്കുന്നത്.
ഇതേ നിങ്ങൾതന്നെയാണ്
ഇനിയുള്ള നൂറു ജന്മത്തിലും
തുടർന്നുകൊണ്ടിരിക്കുക.
പക്ഷേ,
നിങ്ങളതിനെ ഭാവിയെന്നു വിളിക്കുന്നു.

റിച്ചാർഡ് ബാക് അവസാനവരികളിൽ ജോനാഥനെ വീണ്ടും പ്രത്യക്ഷപെടുത്തിയത് എഴുത്തുകാരൻ്റെ മാജിക്കൽ ഇസങ്ങൾക്കുവേണ്ടിയല്ല. വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കാനുമല്ല. അതൊരു ഗ്രാഹ്യമാണ്. ബോധ്യം. The very understanding.


റിച്ചാർഡ് ബാക്, താഴെ കൊടുക്കുന്ന വാക്കുകൾ താങ്കൾക്കുള്ള ചിയേർസ് ആണ്. 'Be Oceanic' എന്നർത്ഥം വരുന്ന പേരുള്ള ഒരാളിൽനിന്നും:

‘Understanding cannot be studied; nobody can teach it to you.You have to be light unto yourself. You have to seek and search within your own being. Because it already there at the very core. If you dive deep you will find it. You will have to learn how to dive within yourself - not in scriptures, but within your own existence''.
OSHO
The Dhammapada: The Way of the Buddha vol 5 # 1