പത്താം ക്ലാസ്സിലെ അവസാന നാളുകളിൽ, ഒരു മലയാളം റിവിഷൻ പിരീഡിലായിരുന്നു (1987), ബാബരി മസ്ജിദ് എന്നത് ഭീതിതമായ ഒരു നിഴലിന്റെ പേരാണെന്ന് മനസ്സിലായത്. പത്രത്തിലും മറ്റും ആ പേര് വായിച്ചിരുന്നെങ്കിലും, ലാസർ മാഷ് പറഞ്ഞപ്പോൾ മാത്രമാണ് അതിനിത്രയും പ്രാധാന്യമുണ്ടെന്ന് ധരിക്കാനായത്. ' ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ബാബരി മസ്ജിദ് ആണ്.' എന്ന് അദ്ദേഹം
പറഞ്ഞുപോയപ്പോൾ, ആ പ്രശ്നത്തിന്റെ ആഴവും വ്യാപ്തിയും ഇത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന് അന്നേ കാണാൻ കഴിഞ്ഞിരുന്നുവോ!( ഇന്നും തന്റെ സ്വതസിദ്ധമായ നിരീക്ഷണങ്ങളും സർഗാത്മക പ്രവർത്തനങ്ങളുമായി ഞങ്ങളുടെ പ്രിയങ്കരനായ ആ അദ്ധ്യാപകൻ - ലാസർ മണലൂർ - ഊർജസ്വലനായി കഴിയുന്നു എന്നറിയുന്നതിൽ സന്തോഷം.)
1992 ഡിസംബറിൽ, രാഷ്ട്രീയ കൂളി വൃന്ദങ്ങൾ, മറ്റു രാഷ്ട്രീയക്കാരുടെ,(അബോധപൂർവ്വമെങ്കിലുമുള്ള) ഒത്താശയോടെ, ബാബരി മിനാരത്തിനുമുകളിൽ കയറി ചുടലനൃത്തമാടിയപ്പോൾ, ഒരു മുന്നറിയിപ്പിന്റെ കടുത്ത മൂകതയോടെ ലാസർ മാഷിന്റെ മുഖം മുന്നിൽ തെളിഞ്ഞുവന്നിരുന്നു. അതിശയിക്കാനൊന്നുമില്ല, മത-രാഷ്ട്രീയ പരാന്ന ജീവിവർഗ്ഗത്തിന് ബാബരി മസ്ജിദുകളാണ് മൃഷ്ടാന്നം. വോട്ടുസമാഹരണ യജ്ഞത്തിൽ യൂണിയൻ കാർബൈഡിനും എൻഡോസൾഫാനുമൊന്നും 'തീവ്രത' പോരത്രേ!
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം, മറ്റൊരു ഡിസംബറിൽ, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഒരു കൗതുകമുണ്ടായി. പൂനയിൽ വെച്ചാണ്. മൂന്നു നാലു ദിവസത്തിനുവേണ്ടി ഓഷോ കമ്മ്യൂണിൽ പോയതായിരുന്നു. തിരിച്ചു പോരാൻ ദിനം, രാവിലെ എണീറ്റ് മെഡിറ്റേഷനു പോകേണ്ടതില്ലാത്തതിനാൽ, മനസ്സ്, അഞ്ചു മണിക്ക് തന്നെ ഈയുള്ളവനെ കുലുക്കിയുണർത്തി. അല്ലാത്ത ദിവസങ്ങളിൽ ഒന്നുമറിയാത്തതു പോലെ അത് നമ്മെ ഗാഢമായ ഉറക്കത്തിലേക്കു തള്ളിയിടും. സമയത്തിനുണരണമെങ്കിൽ അലാറാം വെച്ചേ പറ്റൂ. ഈ മനസ്സിന്റെ ഒരു കാര്യം!
ഏഴുമണിക്കാണ് ബോംബെയിലേക്കുള്ള ട്രെയിൻ. കുറച്ചുനേരം കൂടി മൂടിപ്പുതച്ച് ഉണർന്നുകിടക്കാം. കുറെ കഴിഞ്ഞ് സമയം നോക്കാൻ ഉണർന്നപ്പോഴാണ്, തൊട്ടടുത്ത് ആരോ ഒരാൾ എന്നെ തറഞ്ഞു നോക്കിയിരിപ്പുണ്ടെന്ന് തോന്നിയത്.
തറയിൽ മൂന്ന് ബെഡ്ഡുകളുള്ള ഒരു ഡോർമിറ്ററിയായിരുന്നു അത്. ഇത്രയും ദിവസങ്ങളിൽ ഞാൻ തനിച്ചായിരുന്നു. ഇന്നിപ്പോൾ ഏതോ ഒരുത്തൻ വലിഞ്ഞു കയറിയിരിക്കുന്നു. സമയം നോക്കിയപ്പോൾ, ഇനിയും പത്തുമിനിറ്റ് പുതപ്പിനടിയിൽ ചെലവഴിക്കാനാവും. പൂനയിൽ നല്ല തണുപ്പാണ്.
അയാളുടെ ഇരുപ്പിൽ ചില വശപ്പിശകുകൾ ഉള്ളതുപോലെ?
കണ്ണ് നേരെചൊവ്വേ തുറക്കാതെത്തന്നെ, അയാളറിയാതെ ഞാൻ വെറുതെയൊന്നു നിരീക്ഷിച്ചു. ധ്യാനികളൊന്നും പൊടുന്നനെയുണ്ടാകുന്ന അസാധാരണത്വങ്ങളിൽ ഞെട്ടാനോ മുട്ടാനോ പാടില്ലല്ലോ! അയാൾ ഇരിക്കുന്നത് എന്റെ ബെഡ്‌ഡിനോട് ചേർന്ന്, എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിക്കൊണ്ടാണ്. ഉം..? സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം! ഒരു സ്ത്രീയായിരുന്നെങ്കിൽ ഞാൻ സെക്കന്റുകളെണ്ണി അയാൾക്കുള്ള പണി കൊടുത്തേനെ. വെറും ഒരു പുരുഷനായിപ്പോയെന്നുള്ളതുകൊണ്ട് ഏതവനും (ഏതവൾക്കും) എന്നെ എത്ര നേരം വേണമെങ്കിലും തറഞ്ഞു നോക്കാം!
ചുവന്നു തുടുത്ത മുഖം. വിദേശിയാണ്. വിദേശികളൊന്നും പക്ഷേ, ഇങ്ങനെ സ്വകാര്യതയിലേക്ക് 'ഭവന ഭേദനം' നടത്താറില്ലല്ലോ. മീശയും താടിയുമൊന്നുമില്ല. ചെമ്പൻ മുടി. കാപ്പിനിറത്തിലുള്ള ഒരു പരുക്കൻ ഷർട്ട്. അതേനിറത്തിലുള്ള ഒരുതരം പാന്റ്സ്. ഇത്തരം വേഷവിധാനങ്ങൾ വിദേശികളിൽ കാണാറില്ല. തീരെയില്ലെന്നു പറഞ്ഞു കൂടാ. ഇതുപോലെ വസ്ത്രം ധരിക്കുന്ന ഒരാളെ എനിക്കോർമ്മ വന്നു- ഫിഡൽ കാസ്ട്രോ! yeah! താടിയും മീശയുമില്ലേലും ഉയരം കൊണ്ടും വേഷവിധാനം കൊണ്ടും
നെറ്റിയിലെ ചുളിവുകളുടെ രൂപരേഖകളെ ക്കൊണ്ടും മുഖത്തെ നിർഭയത്വം കൊണ്ടും കാസ്ട്രോ തന്നെയാണ് ഓർമ്മയിൽ നിറഞ്ഞത്. നല്ല തണുപ്പുള്ള ആ പുലരിയിൽ, എന്റെ നാസിക അയാളുടെ മുഖത്തു നിന്നും വിപ്ലവത്തിന്റെ ക്യൂബൻ ഗന്ധങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി.
പിന്നെയെനിക്ക് സംശയമൊന്നും തോന്നിയില്ല, കമ്മ്യൂണിസത്തിന്റെ കഷ്ടകാലത്ത് ധ്യാനത്തിലേക്ക്. അതു തന്നെ കേസ്. കമ്മ്യൂണിസത്തെ അടിമുടി പരിണയിച്ച് അവസാനം ഡിവോഴ്സ് നേടി ധ്യാനത്തിലേക്കെന്നും പറഞ്ഞു വന്നിട്ടുള്ള കുറച്ചു പേരെയെങ്കിലും എനിക്ക് നേരിട്ടറിയാം, വിശേഷിച്ചും ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. കമ്മ്യൂണിൽ വെച്ച് പരിചയപ്പെട്ടിട്ടുള്ളതാണ്.
'കമ്മ്യൂണിസവും ധ്യാനവും' എന്ന പേരിൽ ഓഷോയുടെ ഒരു പുസ്തകമുണ്ട്; പെരിസ്‌ട്രോയ്ക്കക്കാലത്തുണ്ടായ റഷ്യക്കാരുടെ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണങ്ങളാണ്. ഓഷോ, തനിക്കുണ്ടായിരുന്ന കമ്മ്യൂണിസ്റ്റു പ്രണയത്തെപ്പറ്റിയും എം.എൻ. റായ് മുതലായവരോട് നടത്തിയ വാഗ്വാദങ്ങളെപ്പറ്റിയുമെല്ലാം പങ്കുവെക്കുന്നുണ്ടതിൽ; കമ്മ്യൂണിസത്തെപ്പറ്റിയുള്ള കാതലായ മറ്റു ചില ഉൾക്കാഴ്ചകൾക്കൊപ്പം.
കമ്മ്യൂണിസത്തെ, വിശേഷിച്ചും മാർക്സിനെ, തട്ടകത്തിനു പുറത്തെ ആചാര്യ പദവിയിലുള്ള പലരുമായും കൂട്ടിക്കെട്ടുക എന്നത് കുറച്ചു കാലങ്ങളായുള്ള ഒരു ഫാഷനാണ്- വൈരുദ്ധ്യാത്മക ഭൗതിക വാദവും അദ്വൈതവും, മാർക്‌സും കൃഷ്ണനും, മാർക്‌സും ക്രിസ്തുവും, മാർക്സും വിവേകാനന്ദനും, മാർക്സും ഗാന്ധിയും, മാർക്സും അംബേദ്കറും. ഈ പ്രയോഗങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ പൊങ്ങിവരാറുള്ളത്, പ്രാർത്ഥനാ മുറി മുതൽ പൊതു ശൗചാലയങ്ങളിൽ വരെ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഒട്ടിച്ചുകാണാറുള്ള ഗീതാ സന്ദേശ ചിത്രമാണ്. സംഭവിച്ചതൊക്കെയും നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും ......... കൃഷ്ണന്റെ സ്ഥാനത്ത് വിപ്ലവ രഥം നയിച്ചുകൊണ്ട് സാക്ഷാൽ കാറൽ മാർക്സ്. രഥം വലിച്ചുകൊണ്ട് മേല്പ്പറഞ്ഞ ആചാര്യദേഹങ്ങൾ. എല്ലാവരുടെയും കടിഞ്ഞാൺ സാരഥിയുടെ കയ്യിൽ 'സർവതോ ഭദ്രം'. മാർഗം സുഗമമല്ലാതാവുമ്പോഴോ, രഥത്തിനു പഴയ പിക്ക് അപ്പ് ഇല്ലാതാവുമ്പോഴോ പുതിയ ഓരോ അശ്വത്തെ കണ്ടെത്തും. മാർക്സും ചാവറയച്ചനും, മാർക്സും നാരായണഗുരുവും , മാർക്സും ചട്ടമ്പിസ്വാമിയുമെല്ലാം വൈകാതെത്തന്നെ രംഗത്തിറങ്ങുമെന്നു പ്രത്യാശിക്കാം.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ മുഖത്ത് പുഞ്ചിരി പരക്കാൻ തുടങ്ങി. ജനലിലൂടെ മുറിയിലേക്ക് വീണ ഇളം വെയിലിൽ അയാളുടെ വെളുത്ത മുഖം കൂടുതൽ ചുവന്നു വന്നു. അയാളുടെ തവിട്ടു നിറമുള്ള കണ്ണുകളിൽ കുസൃതിവെട്ടങ്ങൾ മിന്നിമറയുന്നതുപോലെ. ഒരുപക്ഷേ നിസ്സംഗത അഭിനയിച്ചു ഫലിപ്പിക്കാൻ ഞാൻ കാണിക്കുന്ന കഷ്ടപ്പാട് മുഴുവനും അയാൾക്ക് പിടികിട്ടിക്കാണും! ഏതായാലും അഭിനയ മുഖപടങ്ങൾ പൊളിഞ്ഞുവീഴും മുൻപ് രക്ഷപ്പെടുക തന്നെ.
" coming for a cup of tea? " ഗുഡ് മോർണിംഗ് എന്ന മുഖവുരക്കുപോലും നിൽക്കാതെ ഞാൻ ചോദിച്ചു. സത്യത്തിൽ അയാളുടെ നോട്ടത്തിലുള്ള നീരസം ഞാൻ പ്രകടമാക്കേണ്ടതായിരുന്നു. അയാളുടെ മുഖത്തെ ഹാസ്യഭാവങ്ങൾ പക്ഷേ എന്നെ പരാജയപ്പെടുത്തിയതാണ്. എണീറ്റ് മുഖം കഴുകി താഴേക്കിറങ്ങുമ്പോൾ അയാളും പിന്നാലെ വന്നു. താഴെ, പോപ്പുലർ ഹൈറ്റ്സ് ജംക്‌ഷനിലെ തട്ടുകടയിൽ നിന്നും രണ്ടു ചായ വാങ്ങി. ഒരെണ്ണം അയാൾക്കു കൊടുത്തുകൊണ്ട് ഞാൻ സ്വയം പരിചയപ്പെടുത്തി- തർപൺ.
ചായ വാങ്ങിച്ചതിനൊപ്പം അയാൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ആ ചിരിക്കുണ്ടായ കാരണം രണ്ടുപേർക്കും അറിയാമെന്ന് ഞങ്ങൾ രണ്ടുപേരും വിചാരിച്ചു. ഒരു കൊച്ചുകുട്ടിയുടേതുപോലുള്ള ആ ചിരിയിൽ എനിക്കും പങ്കുചേരാതിരിക്കാനായില്ല. laughter is contagious. കൈ തന്നുകൊണ്ടു അയാൾ പരിചയപ്പെടുത്തി- " അൽതാഫ് ഹുസൈൻ , ലക്നൗ സെ."
വെറും ലക്നൗ ! അപ്പോൾ വിദേശിയല്ല? തൊലിവെളുപ്പും ഭാവങ്ങളും കണ്ടപ്പോൾ സായിപ്പാണെന്നാണ് ധരിച്ചത്. അപ്പോൾ എന്റെ ഫിഡൽ കാസ്ട്രോ? ഞാൻ ഘ്രാണിച്ചെടുത്ത ക്യൂബൻ ഗന്ധങ്ങൾ? കമ്മ്യൂണിസം, ധ്യാനം, മാർക്സ്, വിപ്ലവ രഥം... സകലതും ഒരൊറ്റ സെക്കൻഡിൽ നിലംപരിശായി. മുൻവിധികൾ അങ്ങനെയാണ്, പുകച്ചുരുളുകളെക്കാളും വേഗത്തിൽ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും.
Just Like That എന്ന പുസ്തകത്തിൽ 'മനസ്സിന്റെ കളികൾ' എന്ന പേരിൽ, ഓഷോ ഒരു സൂഫി കഥയെപ്പറ്റി സംസാരിച്ചിട്ടുണ്ട്. മനോഹരമാണത്:
ഒരു ദിവസം ഒരാളുടെ മഴു കാണാതെ പോയത്രേ. അയാൾ തൊട്ടടുത്ത വീട്ടിലെ പയ്യനെ സംശയിച്ചു. അയാൾ ആ പയ്യന്റെ നടപ്പും ഭാവവും നിരീക്ഷിച്ചു- മഴു മോഷ്ടിച്ചത് അവൻ തന്നെയായിരുന്നു. അവന്റെ നോട്ടം, മുഖഭാവം, നടപ്പ്, സംസാരം, മറ്റു ചേഷ്ടകൾ എന്നിവയെല്ലാംതന്നെ മഴു മോഷ്ടിച്ചത് അവനാണെന്നു വിളിച്ചോതിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, കുറച്ചു നാളുകൾക്കുശേഷം, ഒരു ദിവസം അയാൾ തന്റെ തോട്ടത്തിൽ കിളച്ചുകൊണ്ടിരിക്കുമ്പോഴുണ്ട് മഴുവതാ മണ്ണിൽ കിടക്കുന്നു! അടുത്ത ദിവസം അയൽപക്കത്തെ ആ പയ്യനെ അയാൾ വീണ്ടും കണ്ടു. അവനൊരു മഴു മോഷ്ടിക്കുമെന്ന്, അവന്റെ പെരുമാറ്റമോ ചേഷ്ടകളോ തോന്നിച്ചതേയില്ല.
അൽതാഫ് ഹുസൈൻന്റെ നീണ്ടു നിന്ന ചിരിയിൽ എന്റെ മുൻവിധികൾ കീറിപ്പറിഞ്ഞ്‌പോയതും കൂടി ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു .
ലക്നൗവിലൊരിടത്ത് തികച്ചും യാഥാസ്ഥികമായ മുസ്ലിം പശ്ചാത്തലത്തിലായിരുന്നു അൽതാഫ് ജനിച്ചത്. കുഞ്ഞുനാൾ മുതൽ, എല്ലാവരെയും പോലെ അൽതാഫും മതപഠനം തുടങ്ങിയിരുന്നു. ജന്മനാ ഭാഷാ പ്രാവീണ്യം കൂടുതലുണ്ടായിരുന്നതിനാൽ, ഉറുദു, അറബി, ഹിന്ദി എന്നീ ഭാഷകളിൽ നിപുണനായി. സ്വാഭാവികമായും ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളിലും. പിന്നീട് കോളേജ് വിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലീഷിലും സംസ്കൃതത്തിലും അസാധാരണ മികവ് കാട്ടിയിരുന്നു. അൽതാഫിന്റെ ഇംഗ്ലീഷ് ഉച്ചാരണം തികച്ചും വിദേശിയെന്നു തോന്നിക്കും വിധമായിരുന്നു. സാഹിത്യം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിലുള്ള താത്പര്യത്തെ തുടർന്ന്, കബീർ-ദോഹകളെ ആസ്പദമാക്കി അയാൾ ഡോക്ടറേറ്റ് നേടി. അയാളുടെ തമാശ്ശകളും പൊട്ടിച്ചിരികളും കണ്ടാൽ തോന്നും അയാളുടെ പ്രധാന വിഷയം ഹാസ്യമാണെന്ന്. ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലർത്തിക്കൊണ്ട്, അസൂയ തോന്നും വിധം അനായാസമായി അൽതാഫ് തമാശകൾ പറഞ്ഞു, മനോഹരങ്ങളായ നോൺ-വെജ് ഫലിതങ്ങൾ ഉൾപ്പെടെ.. അയാളുടെ മുഖത്തെ ചെമന്ന തുടുപ്പ്, പ്രധാനമായും അയാളുടെ ചിരിയുടേതായിരുന്നു, തൊലിവെളുപ്പിനേക്കാളുപരി. എല്ലായ്പ്പോഴും ചിരിക്കാൻ വെമ്പി നിന്നതുകൊണ്ടാകാം, അയാളുടെ കണ്ണുകളിൽ ജലപ്പശിമ കണ്ടത്, ഇപ്പോൾ കരയുമെന്ന മട്ട്.
നല്ല തണുപ്പുള്ള പ്രഭാതത്തിൽ, ഏറു വെയിലുകൊണ്ട് രണ്ടാളുകൾ ഉറക്കെ ചിരിച്ചുകൊണ്ടിരിക്കുക! വഴിയരികിൽ സ്വസ്ഥമായി വെയില് കാഞ്ഞുകൊണ്ടിരുന്ന ചിലരെയെങ്കിലും ഞങ്ങളുടെ ചിരികൾ അലോസരപ്പെടുത്തി. ഞങ്ങൾ വീണ്ടും ഓരോ ചായ കൂടി വാങ്ങി. വർത്തമാനത്തിനിടെ കമ്മ്യൂണിലെ മറ്റൊരു പരിചയക്കാരൻ- ആശിഷ്- വന്ന് എനിക്കൊരു മിൽകി- ബാർ സമ്മാനിച്ചിട്ടു പോയി, "no water no moon' പരിഭാഷപ്പെടുത്തിയവന് എന്റെ വക ഒരു ഉപഹാരം." അവൻ പുബ്ലിക്കേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു. അങ്ങനെയായിരിക്കാം പരിഭാഷയെപ്പറ്റി അറിഞ്ഞുകാണുക.
അൽതാഫുമായുള്ള സംസാരം സ്വാഭാവികമായും 'എങ്ങനെ ഓഷോയുടെ ലോകത്തേക്കെത്തിപ്പെട്ടു' എന്ന ചോദ്യത്തിൽ വന്നു ചേർന്നു. ഓഷോയുടെ ലോകത്തേക്ക്- ധ്യാനത്തിലേക്ക് എന്ന് മാത്രമേ ഇതിനർത്ഥമുള്ളൂ- ഒരോരുത്തരും കടന്നു വന്നിട്ടുള്ള സന്ദർഭങ്ങൾ ഏറെ കൗതുകം നിറഞ്ഞതായിരിക്കും- moments of encounters.
അപ്പോഴേക്കും ഞങ്ങൾ രണ്ടാമത്തെ ചായയും അവസാനിപ്പിച്ചിരുന്നു. എനിക്ക് മനസ്സിലായി ഏഴുമണിയുടെ ട്രെയിൻ പിടിക്കാനാവില്ലെന്ന്. അതോടെ എന്നിലെ ധൃതികളെല്ലാം അപ്രത്യക്ഷമായി. അൽതാഫ് എന്റെ കയ്യും പിടിച്ച് മുറിയിലേക്ക് നടന്നു.
അൽതാഫ് പറഞ്ഞു തുടങ്ങി," ഒരു മാസം മുൻപ് ഞാൻ കമ്മ്യൂണിൽ വന്നിരുന്നു. ഇവിടെ കുറെ നാൾ കഴിയണമെന്ന് കരുതി വന്നതാണ്. ഹിന്ദി 'ഓഷോ ടൈംസ്' മാസികയിൽ എനിക്ക് ജോലി ചെയ്യാനും സാധിക്കും. പക്ഷേ ആദ്യം ഏതെങ്കിലും ഒരു ഐഡന്റിറ്റി കാർഡ് വേണമായിരുന്നു. മാത്രവുമല്ല, അവർ പറഞ്ഞു, ഒരു മാസം ധ്യാനവും കാര്യങ്ങളുമായിമായി കഴിയുക, അതിനു ശേഷമാകാം ജോലിയും മറ്റും."
" ഞാനപ്പോൾ തിരിച്ചു പോയി എന്റെ ആകെയുള്ള ഐഡന്റിറ്റിയുമായി വന്നിരിക്കുകയാണ്. മാത്രവുമല്ല അല്ലറ ചില്ലറ കാര്യങ്ങളൊക്കെ എനിക്ക് നേരേചൊവ്വേയാക്കേണ്ടതുണ്ടായിരുന്നു. അധികം നാളേക്ക് മാറി നിൽക്കുകയാണല്ലോ." അൽതാഫ് പോക്കറ്റിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഒരു ബുക്ക് ലെറ്റ് പുറത്തേക്കിട്ടു. ഞാൻ അതൊന്നു മറിച്ചു നോക്കി. തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ആയിരുന്നു അത്. പാൻ കാർഡും ആധാറുമൊന്നും വ്യാപകമായിട്ടില്ലാത്ത ആ നാളുകളിൽ ഇയാളുടെ പക്കൽ തിരിച്ചറിയാൻ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“You keep a revolver?”ഞാൻ ചോദിച്ചു. എന്നിലെ കൗതുകങ്ങൾക്കു കനം വെച്ചതുപോലെ. 'വിഷം നിറഞ്ഞ ഒരു ധവള പുഷ്പം' എന്ന് കേൾക്കുന്നതുപോലെയായിരുന്നു, എല്ലായ്പ്പോഴും നനവുറ്റ കണ്ണുകളുള്ളവന്റെ കയ്യിൽ ഒരു നിറതോക്കുണ്ടെന്നു കേൾക്കുന്നത്.
"ഉം..", അൽതാഫ് മൂളി." ഇതുവരേക്കും അതുപക്ഷേ പ്രയോഗിച്ചിട്ടൊന്നുമില്ല കേട്ടോ. ആവശ്യം വന്നില്ല. ആവശ്യം വന്നാൽ പ്രയോഗിക്കാൻ മടിയുമില്ല എനിക്ക്. ഞാൻ ജീവിക്കുന്ന സാഹചര്യം അങ്ങനെയുള്ളതാണ്. പിന്നെ, എന്റെ കയ്യിലിരിപ്പും."
എന്തുപറ്റി എന്ന് ഞാൻ ചോദിക്കുന്നതിനു മുൻപേ തന്നെ അൽതാഫ് പറഞ്ഞു," കടുത്ത മതവിശ്വാസികളുടെ ലോകത്താണ് ജനിച്ചതും വളർന്നതുമെല്ലാം. ഞാനും വിശ്വാസിയായാണ് വളർന്നത്. ഒരുപക്ഷേ, ഇപ്പോഴും വിശ്വാസിയാണ്. ഇപ്പോൾ എന്റെ വിശ്വാസത്തെപ്പറ്റി എനിക്കൊരു പിടിയുമില്ലെന്നു മാത്രം." അൽതാഫ് ഉറക്കെ ചിരിച്ചു.
" ഹൈസ്‌കൂളിൽ എത്തിയപ്പോൾ മുതൽ എനിക്കൊരു കാര്യം മനസ്സിലായി, ഞാൻ ചിരിക്കുന്നതും സന്തോഷിക്കുന്നതുമൊന്നും വീട്ടുകാർക്കും പള്ളീക്കാർക്കും അത്ര പിടിക്കുന്നില്ലെന്ന്. അവിടന്നങ്ങോട്ട് എന്റെ ഭാഷാപഠനങ്ങളും വായനയും നിസ്കാരങ്ങളും, അവയെക്കാളൊക്കെ എന്റെ സൗഹൃദങ്ങളും ഉല്ലാസങ്ങളും കൂടിവന്നു. വീട്ടുകാരും നാട്ടുകാരുമായൊക്കെ മിക്കപ്പോഴും തർക്കങ്ങളും വെല്ലുവിളികളുമായിരുന്നു. ഞാൻ ഏറ്റവും എതിർത്തുപോന്നിരുന്ന ഒരു കാര്യം ശരീ-അത്ത് ആണ്. ശരീ-അത്തിനോടുള്ള വിധേയത്വം എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ല. ഓരോ നിസ്കാരവും സ്വാതന്ത്ര്യത്തിലേക്കുള്ള ഓരോ ചുവടുവെപ്പാണ്. അപ്പോൾ പിന്നെ മുസ്ലീമായിരിക്കുന്ന ഒരാൾക്ക് എങ്ങനെ ശരീ-അത്തിനു അടിമയായിരിക്കാനാവും? എന്റെ തർക്കങ്ങൾ ഈ വൈരുദ്ധ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മിക്കപ്പോഴും. എല്ലാ മതങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണ്. എന്നാലും ഞാൻ ജനിച്ചുവീണ മതത്തിൽ കുറച്ചു കൂടുതലാണ്. പിന്നെ, എന്റെ സംസ്കൃത പഠനത്തേയും എല്ലാ മതത്തിലും രാഷ്ട്രീയത്തിലും പെട്ട ആളുകളുമായി എനിക്കുണ്ടായിരുന്ന ഊഷ്മള സൗഹൃദങ്ങളേയും, എനിക്ക് ചുറ്റുമുണ്ടായിരുന്നവർ അവരോടുള്ള പ്രതികാരമായി വ്യാഖ്യാനിച്ചു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കെയാണ്, ബാബരി മസ്ജിദ് പ്രശ്നം അതിന്റെ മൂർദ്ധന്യത്തിലേക്കെത്തിയത്.
എല്ലാവരും വേട്ടക്കാരാണല്ലോ. ആദ്യം ആക്രമിക്കപ്പെടുന്നവർ ഇരയുടെ ആനുകൂല്യം കവർന്നെടുക്കുകയാണ്. അതുകൊണ്ടുതന്നെ എനിക്ക് ചുറ്റും നടന്നിരുന്ന ചില കോപ്പുകൂട്ടലുകളോട് തീരെ യോജിക്കാനാകുമായിരുന്നില്ല. അവിടെ മസ്ജിദോ മന്ദിരമോ ഉണ്ടായിരിക്കണമെന്നത് എന്റെ വിഷയമേ ആയിരുന്നില്ല. എന്നാൽ അതിനെ ചുറ്റിപ്പറ്റിയുള്ള പല വിഷയങ്ങളിലും എനിക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു. എന്റെ അഭിപ്രായങ്ങളൊന്നും എന്റെ സമുദായത്തിന് തീരെ യോജിക്കാവുന്നതല്ലെന്നു വന്നപ്പോൾ, ഞാൻ രാഷ്ട്രീയ സ്വയം സേവക പക്ഷത്താണെന്നു വരുത്തിക്കൊണ്ട് ഭ്രഷ്ടനാക്കപ്പെട്ടു. എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പോലും അവസരം നിഷേധിക്കപ്പെട്ടപ്പോൾ, എന്നിലും വാശി കയറി.
ബാബ്‌റി മസ്ജിദ് പരിസരത്തേക്ക് പോകുമ്പോൾ പ്രത്യേകിച്ചൊന്നും മനസ്സിലില്ലായിരുന്നു. പക്ഷേ, അന്നവിടെ കർസേവകർ മസ്ജിദിനു മുകളിലേക്ക് കയറിയപ്പോൾ, എനിക്ക് ചുറ്റും കൂടിനിന്ന എന്റെ എതിരാളികളോടുള്ള പ്രതിഷേധമറിയിക്കാൻ അതാണ് ഏറ്റവും പറ്റിയ അവസരമെന്ന് എനിക്കും തോന്നി. ഞാനും മിനാരത്തിനു മുകളിലേക്ക് കയറി."
" വളരെ പെട്ടെന്ന് പക്ഷേ കാര്യങ്ങളെല്ലാം വല്ലാതെ അക്രമാസക്തമായിപ്പോയി. ജനക്കൂട്ടമല്ലേ. അക്രമങ്ങളിലൊന്നും എനിക്ക് പങ്കില്ലായിരുന്നെങ്കിലും, ഞാൻ 'കർസേവകനായി'. എന്റെ സാന്നിധ്യം വീട്ടുകാരുടെയെല്ലാം ജീവന് ഭീഷണിയായി. അവർ വീട്ടിൽ നിന്നിറങ്ങാൻ പറയുന്നതിന് മുൻപേ ഞാൻ അതിനു സന്നദ്ധനായിരുന്നു. പിന്നെ കുറേ നാൾ ഒളിവിൽ കഴിഞ്ഞു. അതിനു ശേഷം സ്വയം രക്ഷക്ക് എങ്ങനെയൊക്കെയോ ഒരു തോക്ക് സംഘടിപ്പിച്ച് ലൈസെൻസ്സെടുത്തു. വെറുതെയാണ്. വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലെന്ന് കാണിക്കാൻ. സത്യത്തിൽ സ്വയം രക്ഷയെന്നത് ഒരു മിഥ്യയാണ്."
" എന്നാലും .." ഞാൻ പറഞ്ഞു," അത്രത്തോളം വേണ്ടിയിരുന്നില്ല. കർസേവകർക്കൊപ്പം മസ്ജിദിനു മുകളിൽ കയറുന്നതെങ്കിലും നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു."
" ശരിയാണ്. ഒളിവിൽ കഴിയാൻ തുടങ്ങിയപ്പോഴാണ് എനിക്കത് കൂടുതൽ വ്യക്തമായത്. കാരണം, മസ്ജിദിന്റേതാകട്ടെ മന്ദിരത്തിന്റേതാകട്ടെ, അനുയായികൾക്കൊന്നും അതിന്റെ പിന്നിലെ രാഷ്ട്രീയ ചിത്രങ്ങൾ അറിയുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയക്കാരെയും പുരോഹിത വർഗ്ഗത്തേയും അനുഗമിച്ചുകൊണ്ടിരിക്കുമ്പോൾ, (അവരോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുമ്പോഴും), അവരുടെ ദുഷ്ടലാക്കുകളെപ്പറ്റി നമുക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. അണികൾക്കിടയിൽ വേറെയാണ് അന്തരീക്ഷം. മാധ്യമങ്ങളുടെ അണിയറയിൽ നേരെ തിരിച്ചും."
"എനിക്ക് പക്ഷേ", അൽതാഫ് തുടർന്നു," കുറ്റബോധമൊന്നുമില്ല കേട്ടോ. മാത്രവുമല്ല, അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ ഞാനിവിടെ എത്തിപ്പെടില്ലായിരുന്നു. കുറേ മുൻപ് ‘ഓഷോയെപ്പറ്റി’ കേട്ടിരുന്നുവെങ്കിലും, ഒളിവിൽ കഴിഞ്ഞ കാലത്താണ് 'ഓഷോയെ' കേൾക്കാൻ സാധിച്ചത്. എനിക്ക് മനസ്സിലായി, എന്നിലെ ഊർജ്ജം 'മസ്ജിദ്-മന്ദിർ വിഡ്ഢികൾക്കു' നേരെ കുരച്ചുകൊണ്ടിരിക്കാനുള്ളതല്ലെന്ന്. വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ഇങ്ങോട്ടെത്താനായല്ലോ."
വർത്തമാനത്തിനിടക്ക് എത്രയോ തവണ അൽതാഫ് കബീർ ദോഹകൾ ഉദ്ധരിച്ചിരുന്നു; ഏതൊക്കെയോ ശാസ്ത്രജ്ഞന്മാരുടെ കൗതുകകരമായ വാക്യങ്ങളും. കേൾക്കാൻ രസം തോന്നി എന്നതിൽക്കവിഞ്ഞ് അവയുടെയൊന്നും കൃത്യമായ അർത്ഥം എനിക്ക് മനസ്സിലായില്ല. അയാൾ പങ്കിട്ട തമാശകൾ ഒരുവിധം എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു. എന്നാൽ, എല്ലാത്തിനുമുപരി അയാളുടെ ചിരിയിൽ ഒരു വല്ലാത്ത നൈർമല്യം തോന്നിച്ചിരുന്നു. അപരിചിതത്വത്തിന്റെ വലിയ ദൂരങ്ങളെ അയാൾ അൽപ നേരം കൊണ്ടു കീഴടക്കി; അല്പ നേരത്തെ ചിരികളെക്കൊണ്ട് കീഴടക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി.
"ദോസ്ത് മേരാ ദോസ്ത്", അൽതാഫ് പറഞ്ഞു," ജൽദി ജാനാ മത്".
"ഉം.." ഞാൻ മൂളി.
റൂമിയുടെ മനോഹരമായ ഒരു ഗാനമുണ്ട്, സൗഹൃദത്തെപ്പറ്റി- " നമ്മുടെ ബോധത്തിൽ അപരൻ എന്നൊന്നില്ല, സുഹൃത്ത് മാത്രമേയുള്ളൂ. രണ്ടു ലോകങ്ങളും (സ്വർഗ്ഗവും നരകവും) ശത്രുവിന് കൊടുത്തേക്കുക, ഈ സുഹൃത്തെനിക്ക് ധാരാളമാണ്." (അഫ്ഗാൻ ഗായകനായ അഹമ്മദ് വ്വലി മനോഹരമായി ആലപിച്ചിട്ടുണ്ട് ആ ഗാനം,ദർബാരി കാനഡയിൽ.)https://www.youtube.com/watch?v=L0qAL_AZ9CE
ഞാൻ പറഞ്ഞു," ഉച്ചവരെ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്."
കുളിച്ചു വസ്ത്രം മാറിയതിനുശേഷം ഞങ്ങൾ രണ്ടു പേരും കമ്മ്യൂണിലേക്കു നടന്നു. പത്തു മിനിറ്റു നേരത്തെ നടത്തത്തിനിടയിൽ അഞ്ചു പേരെങ്കിലും അൽതാഫിനെ നോക്കി സൗഹൃദം പ്രദർശിപ്പിച്ചുകാണും. ചിലയാളുകളുടെ പ്രകൃതം അങ്ങനെയാണ്, പരിചിതത്വത്തിന്റെ മന്ദഹാസവീചികൾ അവരിൽ നിന്നും സദാ പ്രസരിച്ചു കൊണ്ടിരിക്കും.
രെജിസ്ട്രേഷന് ആവശ്യമുള്ള രേഖകളും മറ്റും നൽകിയതിന് ശേഷം, ഞങ്ങൾ പുറത്ത് ഗെയ്റ്റിനരികിലിരുന്ന് സൊറ പറഞ്ഞു. ദൂരെ നിന്നും നടന്നു വന്നിരുന്ന നാലഞ്ചു ഇംഗ്ലീഷുകാരി സ്ത്രീകളിൽ ഒരു സ്ത്രീയെ പറ്റി അൽതാഫ് ഒരു കമന്റ് പറഞ്ഞു, അവരുടെ മുഖവും മാറിടവും തമ്മിലുള്ള അകലത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടത്രേ! ഡാവിൻചിയുടെ 'vitruvian man' മുതൽ ആധുനിക വൈദ്യശാസ്ത്രം വരെയുള്ള മൂന്നു നാലു റെഫെറെൻസുകൾ അൽതാഫ് പൊടുന്നനെ ഉദ്ധരിച്ചു; സ്ത്രീകളുടെ മാറിടത്തിന്റെ സ്ഥാനവും കൈകളുടെ നീളവും മുലയൂട്ടുന്ന പ്രവർത്തിയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടത്രേ, മുല കുടിക്കുന്ന കുഞ്ഞിന്റെ മാനസിക വളർച്ചയിൽ എന്തെല്ലാമോ കുഴപ്പങ്ങളുണ്ടാക്കുമത്രേ മാറിടത്തിൽ നിന്നും മുഖത്തേക്കുള്ള ദൂരത്തിന്റെ ഏറ്റക്കുറച്ചിലുകൾ! yahoo! ഞാനത് ആദ്യമായി കേൾക്കുകയായിരുന്നു. (ഈ വിവരത്തിന്റെ നിജസ്ഥിതി ഇന്നും എനിക്കറിഞ്ഞു കൂടാ.) പക്ഷേ, അൽതാഫ് ഉദ്ദേശിച്ച സ്ത്രീക്ക്, എങ്ങനെയോ പിടികിട്ടി, ഞങ്ങളുടെ സംഭാഷണ വിഷയം അവരുടെ ശരീരാനുപാതങ്ങളാണെന്ന്. അവർ അതിനെ ശരിവെക്കുന്ന രീതിയിൽ എന്തോ സംസാരിച്ചു, അൽതാഫിന്റെ നിരീക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു. തുടർന്ന് അയാൾ പറഞ്ഞ ഒരു തമാശയിൽ ആ സ്ത്രീകളെല്ലാവരും ചേർന്ന് ഉറക്കെ ചിരിച്ചു. അൽതാഫിന്റെയും ആ സ്ത്രീകളുടേയും അക്‌സെന്റുകൾ പിടി കിട്ടാഞ്ഞതിനാൽ എനിക്ക് കണ്ണ് മിഴിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇടം കണ്ണിറുക്കിക്കാണിച്ചുകൊണ്ട്, അൽതാഫ് എന്നോട് തുടർന്നു,"You see, laughter is everywhere. This is why I feel here as a sacred space."
---- ---- ----- ---- ---- ---- ----
അൽതാഫിന്റെ പൂർവാശ്രമവൃത്താന്തങ്ങൾ എത്രത്തോളം വിശ്വസിക്കാമെന്നറിഞ്ഞു കൂടാ- വിശേഷിച്ചും അയാളുടെ കർസേവയും മറ്റും. അത് മുഴുവൻ നുണയായിരുന്നാലും സത്യമായിരുന്നാലും അയാളോട് തോന്നിയ സഹൃദത്തിൽ മാറ്റം വരുന്നില്ല. എന്റെ മനസ്സ് വകഞ്ഞെടുത്ത ചിത്രങ്ങൾ മറ്റു ചിലതായിരുന്നു.
ബാബരി മസ്ജിദിന്റെ മിനാര മുകളിൽ നിന്നുള്ള വിഹഗ വീക്ഷണം എങ്ങനെയുണ്ടായിരുന്നിരിക്കും? കേവലം ആ ദിവസത്തെ ബഹളത്തിന്റേതല്ല; വർഷങ്ങളായുള്ള ആ പ്രശ്നത്തെ മുഴുവനും ഉൾച്ചേർത്തുകൊണ്ട്. പിന്നിലേക്ക് പോകാനാവാത്ത ഒരു സന്ദർഭത്തിന്റെ ഒരു നിർജ്ജീവ സാക്ഷിയെച്ചൊല്ലി, ആ സന്ദർഭത്തിന്റെ നീതിന്യായങ്ങൾ എന്തുമായിരുന്നിരിക്കട്ടെ, കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ; ഭൂതകാലത്തിന്റെ പേരും പറഞ്ഞ് പാഴാക്കികൊണ്ടിരിക്കുന്ന 'ജൈവ വർത്തമാനം'- the living present. മുകളിൽ നിന്നുള്ള ആ വീക്ഷണം ഒടുങ്ങാത്ത ചിരിയിലല്ലാതെ മറ്റെന്തിലാണ് അവസാനിക്കുക?
വിഡ്ഢിത്തങ്ങൾ ഒരു രാജ്യത്തിൻറെ മാത്രം കുത്തകയല്ലെന്നോർക്കുക, ലോകത്തെവിടേയും ഇത്തരം വിഡ്ഢിത്തങ്ങൾക്കു കുറവൊന്നുമില്ല. സ്വർഗ്ഗത്തിലേക്ക് പറന്ന മുഹമ്മദിന്റെ കുതിര ജറുസലേമിൽ ഒരു 'സ്റ്റോപ്പ് ഓവർ' നടത്തിയെന്നും പറഞ്ഞ് ഉണ്ടാക്കിക്കൂട്ടിയ പുകിലുകൾ അടുത്തെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. 'താൻ ദൈവം തമ്പുരാന്റെ സ്വന്തം പുത്രൻ' എന്ന് ഒരു നിർദോഷ ഫലിതം പറഞ്ഞതിന്റെ പേരിൽ ചില കാരണവന്മാർ ചേർന്ന് ഒരു പാവം ചെറുക്കനെ കുരിശിലേറ്റിക്കൊന്നതിന്റെ കുറ്റഭാരം ഇന്നും യഹൂദമതത്തെ മാനസികമായി വേട്ടയാടുന്നുണ്ടത്രേ! ഹാ, കഷ്ടം! ഹിറ്റ്ലറിൻറെ നിഴലുകൾ ജർമ്മനിയുടെ 'psych'ൽ നിന്നും ഇനിയും മാഞ്ഞു കഴിഞ്ഞിട്ടില്ലയോ! ഒരു പക്ഷേ, സ്റ്റാലിൻ കറ കുറേയാളുകളുടെ ഉള്ളിൽ ഇനിയും കട്ടപിടിച്ചു കിടക്കുന്നു (ഉറക്കപിച്ചിലെന്നോണം അവർ ചിലപ്പോഴെങ്കിലും സ്റ്റാലിനെപ്പോലെ പെരുമാറാനും ശ്രമിക്കുന്നു!). east-india കമ്പനിയുടെ പേരിൽ ആ ദേശക്കാർ ഇപ്പോൾ മാപ്പു പറയണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഒരു ജനസേവകനുണ്ട് നമുക്ക്!
മിനാരമുകളിൽ നിന്നും താഴോട്ടു നോക്കുന്ന ഏതൊരു അൽതാഫിനും ചിരിക്കുകയേ നിവൃത്തിയുള്ളൂ.
ഡിറ്റർജന്റിന്റെ പരസ്യവാക്യത്തെ അനുകരിച്ചുകൊണ്ട് പറയട്ടെ: ചിരി നല്ലതാണ്; ഭൂതകാലത്തിന്റെ എത്ര കടുത്ത കറയേയും അത് അലിയിച്ചു കളയും.
ഈ പ്രസ്താവത്തെ മതേതര പൈങ്കിളി പശ്ചാത്തലത്തിലല്ല മനസ്സിലാക്കേണ്ടത് എന്നോർമ്മിപ്പിക്കട്ടെ. Biologically and Neurologically അതങ്ങനെയാണ്.
പരിണാമ ശാസ്ത്രപ്രകാരം ചിരി 'mammalian' ആണ്; സസ്തനികൾക്കൊപ്പം പിറവിയെടുത്തത്. നിരവധി സ്പീഷിസുകൾ കടന്ന് മനുഷ്യനിലെത്തിയപ്പോഴേക്കും അത് വിവേകവൃത്തിയുടെ, consciousness, ഔന്നത്യത്തെ വിളിച്ചോതുന്ന ഒരു സൂര്യകാന്തിപൂവ്വായി മാറിയിരിക്കുന്നു. ചിരിക്കുന്ന മറ്റു പല മൃഗങ്ങളും ഉണ്ടെന്ന്, വാദത്തിനു വേണ്ടി പറയാമെങ്കിലും, മനുഷ്യനോളം ചിരിക്കുന്ന മൃഗമേതുമില്ല, ഇന്നോളം. ഇതൊരു ജാത്യാഭിമാനമല്ല. പ്രജ്ഞാപരതയെ സംബന്ധിക്കുന്ന കേവലമായ ഒരു വസ്തുതയാണ്. ചിരിയുടെ, ഹാസ്യത്തിന്റെ, ഉത്പത്തിയെക്കുറിച്ച് ശാസ്ത്രലോകം ഇനിയും തീർപ്പുകളിൽ എത്തിയിട്ടില്ല, ന്യൂറോളജിയടക്കം.
ന്യൂറോളജിസ്റ്റായ വി.എസ്. രാമചന്ദ്രന്റെ 'False Alarm' സിദ്ധാന്തം പോലും എത്രയോ അപൂർണ്ണമാണ്. എന്തിനു ചിരിക്കുന്നു എന്നത് പോകട്ടെ, മസ്തിഷ്കം ആ പ്രവർത്തി എങ്ങനെയൊക്കെയാണ് നിർവഹിക്കുന്നത് എന്നുപോലും തൃപ്തികരമായ വിധം നമുക്കറിയാനായിട്ടില്ലെന്നാണ് ഗൂഗിൾ പേജുകൾ പറയുന്നത്. ന്യൂറോളജിസ്റ്റുകൾ പക്ഷേ ഒന്ന് മനസ്സിലാക്കിയിരിക്കുന്നു; മറ്റു പല പ്രവർത്തികളിലും പ്രബലമായിട്ടുള്ള വികാരങ്ങൾക്കനുസരിച്ച്, മസ്തിഷ്കത്തിന്റെ ഏതെങ്കിലും ചില ഭാഗങ്ങൾ മാത്രം കാര്യക്ഷമമാവുമ്പോൾ, ചിരിയുടെ കാര്യത്തിൽ മസ്തിഷ്കത്തിലെ നിരവധി ഭാഗങ്ങൾ, ഇടതും വലതും മസ്തിഷ്ക്കങ്ങളുൾപ്പെടെ, ഒരേ സമയം കാര്യക്ഷമമാവുന്നു. ചിരി എന്ന പ്രവർത്തിയിലാകാം ( പ്രതിഭാസമെന്നോ പറയേണ്ടത്!) 'action of totality' യുടെ പ്രാരംഭ നാമ്പെടുക്കലുകൾ നമ്മിൽ സംഭവിക്കുന്നത്, രതിമൂർച്ഛക്കും മുൻപേ!
dr.v.s.ramachandran |
അതിജീവനത്തിന്റെ ഭാഗമായി, വേട്ടയാടുന്നതിന്റെയും മറ്റും അപകടകരമായ സന്ദർഭങ്ങൾ ഭാവനയിൽ ആവിഷ്‌ക്കരിക്കേണ്ടുന്നതിന്റെ (future simulation; past simulation too) ആവശ്യകത ഏറിവന്ന മുഹൂർത്തങ്ങളിലായിരിക്കാം മസ്തിഷ്‌കത്തിൽ 'ഹാസ്യ മുകുളങ്ങൾ' ഇളപൊട്ടിയത്. ഭാവനാവിഷ്‌ക്കാരം ഏറ്റവും കൂടുതൽ ജ്വലിച്ചു നില്ക്കുന്ന ഒരു പ്രവർത്തിയാണല്ലോ ചിരി. വി.എസ്.രാമചന്ദ്രന്റെ 'False Alarm' സിദ്ധാന്തം ഉരുത്തിരിയുന്നതും അപകട സന്ധികളിലാണെന്നത് കൂടുതൽ സംഗതമായി തോന്നുന്നു.
കേവലം അതിജീവനം (survival) എന്ന ധർമ്മത്തിൽ നിന്നും ഒരല്പം മുന്നോട്ടു കയറി പരിശോധിക്കാൻ മുതിരുകയാണെങ്കിൽ, ചിരിക്കാനുള്ള കഴിവ് നമുക്ക് പ്രാപ്തമാക്കിയത് ഒന്നിലധികം മാനങ്ങൾ-dimensions- ഒരേസമയം കൈകാര്യം ചെയ്യാനുള്ള പാടവമാണെന്ന് മനസ്സിലാക്കാൻ കഴിയും; അല്ലെങ്കിൽ ഒന്നിലധികം മാനങ്ങൾക്കു സാക്ഷിയാകാനുള്ള സാമർഥ്യം. witnessing-ന്റെ എഞ്ചുവടി നാം ഹൃദിസ്ഥമാക്കിയത് ചിരിയിലൂടെയുമാകാം എന്ന് പറഞ്ഞാൽ ...ഓഷോ ആവിഷ്‌ക്കരിച്ചെടുത്ത നിരവധി മെഡിറ്റേഷൻ ടെക്‌നിക്കുകളിൽ ചിരിക്ക്(laughter) നല്കിക്കാണുന്ന പ്രാധാന്യം കാണുമ്പോൾ അങ്ങനെ പറയാൻ ധൈര്യം തോന്നുന്നു. ഓഷോ മെഡിറ്റേഷനുകളിലെ ഏറ്റവും പ്രധാനപ്പെട്ട 'evening meeting' കളിൽ, കാതലായ let-go command കളിലേക്കു നാം കടന്നു ചെല്ലുന്നത് മൂന്നോ നാലോ ഫലിതങ്ങൾ കേട്ട് പൊട്ടിചിരിച്ചുകൊണ്ടാണ്. ആ ഫലിതങ്ങളിൽ ഒട്ടു മിക്കവയും non-veg jokes ആവണമെന്നു നിഷ്ക്കർഷിച്ചതിന്റെ പിന്നിൽ നമ്മിലെ ഒരുപാടു psychological inhibitions-നെ തകർത്തുക്കളയുക എന്ന ഉദ്ദേശ്യം കൂടെ ഉണ്ടായിരുന്നിരിക്കാം. (ഓഷോയെ 'sex guru' എന്ന് വിളിച്ച പുരോഹിതന്മാരും മറ്റു മണ്ടശിരോമണികളും ആ ഫലിതങ്ങൾ മാത്രം എത്രയോ തവണ പാത്തും പതുങ്ങിയും വായിച്ചാസ്വദിക്കുന്നു!)
ചിരിക്കാൻ കഴിയാത്ത ഒരാൾ, ഇനിയും മനുഷ്യനായിട്ടില്ലെന്നാണ് ഓഷോ ഓർമ്മപ്പെടുത്തുന്നത്. “അവനു മാത്രമേ ചിരിക്കാൻ കഴിയൂ.അവനു മാത്രമേ പരിഹാസ്യമെന്തെന്നും വിഡ്ഢിത്തമെന്തെന്നും അസംബന്ധമെന്തെന്നുമൊക്കെ കാണാൻ കഴിയൂ.അവനു മാത്രമേ അസ്തിത്വമെന്ന ഈ കോസ്മിക് ഫലിതത്തെ അറിയാനുള്ള കഴിവും അവബോധവുമുള്ളൂ.
ഇതൊരു കോസ്മിക് ഫലിതമാണ്; ഇത് ഗൗരവമേറിയ ഒരു സംഗതിയേയല്ല.”
സർവ്വസ്വതന്ത്രനായി ചിരിക്കുന്നയാളെ നാം പക്ഷേ കണക്കിലെടുക്കാറുള്ളത് 'വട്ടായിപ്പോയേ' എന്നാണ്; കെട്ട് പൊട്ടിപ്പോയവൻ, വള്ളിപൊട്ടിയ കേസ് എന്നൊക്കെയാണ് അത്തരക്കാരെ നാം വിശേഷിപ്പിച്ചുപോരാറുള്ളത്. ഭ്രാന്തിന്റെ പ്രാഥമിക ലക്ഷണമായി ചിരിയേയും അട്ടഹാസത്തെയുമാണ് നാം തീർപ്പാക്കിയിട്ടുള്ളത്. ഈ അടുത്ത കാലം വരേയും സിനിമയിലും നാടകങ്ങളിലുമൊക്കെ ഭ്രാന്തൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അവരുടെ പെരുമാറ്റത്തിൽ സംശയലേശമെന്യേ നാം ചാർത്തികൊടുക്കാറുള്ളത് ഉള്ളുതുറന്നുള്ള അട്ടഹാസങ്ങളെയാണെന്നോർക്കുക. നിരോധനങ്ങളുടെ(inhibitions, conditionings) ഏതൊക്കെയോ വള്ളികൾ പൊട്ടി സ്വതന്ത്രനാകുന്നതും ഉള്ളുതുറന്നുള്ള ചിരിയും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് നാം സാമാന്യജനങ്ങൾ പോലും മണം പിടിച്ചിരിക്കുന്നു. എന്നിട്ടും പക്ഷേ കാലാകാലങ്ങളായി നാം പരിശീലിച്ചു വിജയം നേടിയിട്ടുള്ളത് ചിരിയെ എങ്ങനെ അടക്കിവെക്കാം എന്നതിലാണ്. ആ വിജയത്തിന് മീതെ മത-രാഷ്ട്രീയ മാഫിയാ സംഘത്തിന്റെ വെന്നിക്കൊടി അക്ഷീണം പാറിക്കളിച്ചുകൊണ്ടിരിക്കുന്നു.
കെട്ടു പൊട്ടിപ്പോകുമ്പോൾ നമുക്ക് കൂടുതൽ നൈസർഗ്ഗികമായി ചിരിക്കാൻ
സാധിക്കുന്നുണ്ടെങ്കിൽ, മനപ്പൂർവ്വം ചിരിയിലേക്കു പ്രവേശിക്കുക; അദൃശ്യമായിട്ടുള്ള ഒരുപാട് കെട്ടുപാടുകൾ പൊട്ടിപ്പോകുക തന്നെ ചെയ്യും.. ചിരിയുടെ, ഹാസ്യത്തിന്റെ, ഈ വിപ്ലവ സാദ്ധ്യതകളെ - transforming potential - നമുക്കെന്തുകൊണ്ട് കുറച്ചുകൂടി സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൂടാ, സമൂഹ ജീവിതത്തിലെങ്കിലും?
പണ്ടുകാലത്തുള്ളവർ ചിരിയെ ഏതെങ്കിലും വിധത്തിൽ തങ്ങളുടെ സമൂഹ ജീവിതത്തിൽ ഉപയോഗപ്പെടുത്തിയിരുന്നുവോ എന്നറിയില്ല. (ചേന്ദമംഗലം പരിസരത്ത് ഒരു തറവാട്ടമ്പലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്- കൊട്ടുംചിരിപ്പാട്ടമ്പലം. ആ പരിസരത്തുള്ള വിശ്വാസികൾ എന്തെങ്കിലും ആഭരണങ്ങളോ മറ്റോ കളഞ്ഞുപോയിട്ടുണ്ടെങ്കിൽ, ദേവീസന്നിധിയിൽ ചെന്ന് കൈക്കൊട്ടിക്കൊണ്ട് പാട്ടും ചിരിയും നടത്തുമത്രേ. അവിടുത്തെ ദേവി ഹാസ്യപ്രിയയാണ് പോലും! റിലാക്സ്ഡ് ആയ ഈ ആളുകൾ തിരിച്ചുചെന്ന് തെരയുമ്പോൾ കളഞ്ഞുപോയ മുതൽ കണ്ടെത്തുന്നുണ്ടാകാം.) ഏതായാലും ബാബരി മസ്ജിദിനെ ഒരു 'laughing chamber' ആക്കി മാറ്റിയാലോ? ഹാസ്യ മന്ദിരമെന്നോ ചിരിപ്പള്ളിയെന്നോ വിളിക്കാം. ബാബ്‌റി മസ്ജിദിനെപ്പറ്റി ഓഷോ അഭിപ്രായപ്പെട്ടത്, 'അതിനെ എല്ലാ മതസ്ഥർക്കുമായുള്ള ഒരു പവിത്രസ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് പ്രശ്നമവസാനിപ്പിക്കുക എന്നാണ്. ഒരു പവിത്ര സ്ഥലത്ത് മന്ദിരത്തിനും മസ്ജിദിനുമൊന്നും സ്ഥാനമില്ലത്രേ!
ഈയുള്ളവന് ഒരഭിപ്രായമുള്ളത്, ആ പവിത്രസ്ഥലം പണിതൊരുക്കുമ്പോൾ അതിനു ചുറ്റുവട്ടം ഒരു laughing chamber ഉണ്ടായിരിക്കണമെന്നാണ്. ഉള്ളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും ഒരു പതിനഞ്ചു മിനിറ്റെങ്കിലും മനപ്പൂർവ്വം ആർത്തുചിരിച്ചിരിക്കണം. എങ്കിലേ ഏറ്റവും അകത്തുള്ള നിശബ്ദ അറയിലേക്ക് പ്രവേശിക്കാനാവൂ. ബാബരി മസ്ജിദും ജെറുശലേമും ഇതുപോലുള്ള ലോകത്തെ മറ്റു സ്വൈരക്കേട് കേന്ദ്രങ്ങളുമൊക്കെ ഇവ്വിധം 'ചിരിപ്പിടങ്ങൾ' ആക്കി മാറ്റുകയാണെങ്കിൽ വലിയ ആശ്വാസമായിരിക്കുമെന്നു തോന്നുന്നു. രാഷ്ട്രീയക്കാർ അപ്പോഴേക്കും അവയെ ക്രിസ്ത്യൻ ചിരിയെന്നും മുസ്ലിം ചിരിയെന്നും ഹിന്ദു ചിരിയെന്നുമൊക്കെ വർഗ്ഗീകരിക്കാതിരുന്നാൽ മതി.
* * * * * * * *
ഒരു BIG HUG നു ശേഷം ഉച്ചയോടെ ഞങ്ങൾ പിരിഞ്ഞു. ഊഷ്‌മളമായ ആ ആലിംഗനത്തിൽ, ഹാസത്തിന്റെ നിലക്കാത്ത അനുപല്ലവികൾ. പിന്നീടുണ്ടായിട്ടുള്ള സന്ദർശ്ശനങ്ങളിലൊന്നും അൽതാഫിനെ കണ്ടുമുട്ടിയില്ല. ആർക്കറിയാം ധ്യാനാഘോഷങ്ങൾക്കെത്തുന്ന ആയിരക്കണക്കിനാളുകളിൽ, ഹാസത്തിന്റെ അവസാനിക്കാത്ത അലകളിൽ, ഏതാണ് അൽതാഫ് എന്ന്!
ഹാസത്തെ പ്രാർത്ഥനകൾക്കും മീതെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആ വാക്കുകൾ, അൽതാഫ്, നിങ്ങൾക്കായി: