ആദ്യമായി മനസ്സിൽ തങ്ങിനിന്ന ഹൈകു ബാഷോയുടെതായിരുന്നു (matsuo basho). ഗുരു നിത്യയുടേതെന്നായിരുന്നു ഉള്ളിൽ പതിഞ്ഞത്. അത്രക്കും ഹൃദ്യമായിരുന്നു ആ മൊഴിമാറ്റം.
‘പൊട്ടക്കുളത്തിലേക്കെടുത്തു ചാടുന്ന
പച്ചത്തവള
പ്ലാപ്
ഇരുട്ടത്തൊരു നടത്തം
ആകാശത്തൊരു കൊള്ളിമീൻ
എവിടെ നിന്നോ
ഒരു കൊറ്റിവിളിക്കുന്നു.’
ലോകമെങ്ങും പ്രസിദ്ധമായത് ആദ്യത്തെ മൂന്ന് വരികളായിരുന്നു. പിന്നീട് വന്ന വരികളത്രയും (ബാഷോയുടേത്) ജലോപരിതലത്തിലുണ്ടായ ആ നിശബ്ദ തരംഗങ്ങളായി നിലകൊണ്ടു; നിലകൊള്ളുന്നു. നിത്യ പക്ഷേ മുഴുവൻ പദങ്ങളേയും നാലു വരികളിൽ ഒപ്പിയെടുത്തു. നിശബ്ദതയുടെ നിത്യമായ ആവാഹനം, the silent invocation .
പച്ചത്തവള മുങ്ങിത്തെറിപ്പിച്ചമൗനത്തിനു, അനുസ്വരമായാണോ 'ഇരുട്ടത്തൊരു നടത്ത'മുണ്ടായത് ! അതോ പൂരകമോ! ഏതായാലും ആദ്യ വായന മുതൽ ഇരുട്ടത്തൊരു നടത്തവും എവിടെ നിന്നോ കാതിൽ വന്നു വീണ കൊറ്റിയുടെ വിളിയും ഒരു വല്ലാത്ത പ്രലോഭനമാണിപ്പോഴും. എങ്ങാനും കണ്ണു മിഴിച്ചിരിക്കുന്ന ഒരു ദൈവമുണ്ടെങ്കിൽ, എപ്പോഴുമെപ്പോഴും ഈയുള്ളവനെ ഈ പ്രലോഭനത്തിനടിമയാക്കേണമേ!
ഇരുളിലേക്കുള്ള നടവഴികളിൽ ഏകാന്തത (aloneness) യുടെ ധ്രുവ നക്ഷത്രങ്ങൾ മിന്നിനിൽപ്പുണ്ടാവും, എല്ലായ്പ്പോഴും. നിയതമാണവ .
1
തൊണ്ണൂറുകളുടെ അവസാനങ്ങളിലാണ്. മഹാരാഷ്ട്രയിലൊരിടത്ത്, മുംബൈയിൽ നിന്നും ഏകദേശം ഒരു നൂറ്റമ്പതു കിലോമീറ്റർ ദൂരെ, കുറച്ചു മാസങ്ങളോളം താമസിക്കേണ്ടതായി വന്നു. നിവൃത്തിയില്ലായ്മ കൊണ്ടുണ്ടായ വാസങ്ങളാണ്. ഒട്ടും സുഖപ്രദമല്ലാത്ത 'വീട്ടു പരിസരങ്ങൾ'. തൊട്ടടുത്തുകൂടെയായിരുന്നു ഗോവയിലേക്കുള്ള NH 17 കടന്നുപോയിരുന്നത്. സദാ വാഹനപ്രളയം. അധികം ദൂരത്തല്ലാതെ ചില സ്റ്റീൽ ഫാക്ടറികളുണ്ടായിരുന്നതുകൊണ്ട്, സ്റ്റീൽ റോളുകളും അസംസ്കൃത വസ്തുക്കളും കയറ്റിവന്ന വലിയ വലിയ ട്രക്കുകൾ നിരത്തുവക്കിൽ മിക്കപ്പോഴും വരിനിന്നു. അന്തരീക്ഷത്തിൽ ഇരുമ്പുഗന്ധങ്ങളും അഴുക്കും പൊടിയും. പിന്നെ ഉറക്കച്ചടവും ക്ഷീണവും മുറ്റിനിന്ന മുഖവുമായി ട്രക്ക് ഡ്രൈവർമാരും ക്ലീനെർമാരും മറ്റും മറ്റും. സ്പെയർ പാർട്ട്‌സ് കടകൾ, വർക്ക് ഷോപ്പുകൾ, സർദാർജിമാരുടെ ദാബകൾ. പിന്നെപ്പിന്നെ ആ ‘ഇക്കോ സിസ്റ്റത്തെ' സ്വയം പര്യാപ്തമാക്കാൻ വേണ്ടുന്നതായ സകലതും.
കടകളുടേയും ദാബകളുടേയും മറ്റു കെട്ടിടങ്ങളുടേയും ഇടയിലെപ്പോഴെങ്കിലുമൊക്കെ ചെറിയ ചില ഇടവഴികളുണ്ടാവും. ഒരു തരം തുറവുകളാണവ. ആ തുറവുകൾ ചെന്നുനിന്നത് ഓരോരോ ഗ്രാമത്തിലേക്കായിരുന്നു. ആ ഇടവഴികളിലൂടെ നടന്നുചെന്നാൽ വ്യത്യസ്തമാണെല്ലാം. സൗകര്യങ്ങളില്ല. മനുഷ്യവാസങ്ങൾ ഏറെ പരിമിതം. അവരുടെ ഭാഷയും പ്രകൃതവുമൊക്കെ തീർത്തും വ്യത്യസ്തം. നേരെ ചൊവ്വേ വേലയും കൂലിയുമൊന്നുമില്ലാത്തവർക്ക് നിർബന്ധപൂർവം ഇത്തരം ഇടങ്ങൾ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ മിക്കപ്പോഴും അതത്ര ആസ്വാദ്യകരമാവാറില്ല. എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം തൊട്ടടുത്തുള്ള ദേശീയ പാതയുടെ ഇരമ്പം ഇപ്പുറത്തേക്കു തീരെ കുറവായിരുന്നു എന്നതു മാത്രമാണ്.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഞാൻ ആ മുറിയിൽ തങ്ങാറുള്ളൂ. മറ്റു ദിവസങ്ങളിലെല്ലാം ഓരോരോ സുഹൃത്തുക്കൾ വിളിക്കുമ്പോൾ അവരുടെ കൂടെ പോകും. രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും സൗഹൃദങ്ങളും വർത്തമാനങ്ങളുമെല്ലാം വല്ലാതെ മടുത്തിട്ടുണ്ടാകും. വീണ്ടും തന്റെ ഒറ്റമുറിയിലേക്ക്. ഒരു പക്ഷേ, മിക്കവയോടും വളരെ പെട്ടന്നുതന്നെ മടുപ്പു തോന്നിയിരുന്ന നാളുകളായിരുന്നു അവ.
സ്നേഹിക്കുകയാണെങ്കിൽ, മടുപ്പ്- boredom - ഒരു നല്ല വികാരം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അത് നമ്മെ നമ്മിലേക്കു തന്നെ വീണ്ടും വീണ്ടും തിരിച്ചുകൊണ്ടുവരും, like a bouncing ball. അതേ സമയം മടുപ്പിനെ ശ്രദ്ധിക്കാതെ വിടുകയാണെങ്കിലോ, പിന്നെ നാം നഷ്ടപ്പെടാൻ തുടങ്ങുകയായി, ഒന്നിൽനിന്നും മറ്റൊന്നിലേക്ക്. അവിടെനിന്നും മറ്റൊന്നിലേക്ക്. അങ്ങനെയങ്ങനെ...
മുറിയിലെനിക്കുണ്ടായിരുന്നത് വളരെ കുറച്ചു പുസ്തകങ്ങളാണ്. മിക്കവയും പലതവണ വായിച്ചിട്ടുള്ളത്. അവയെ പിന്നെയും മറിച്ചുനോക്കും. മടുപ്പ് പിന്നെയും. അടുത്ത ദിവസം മുതൽ പണിസ്ഥലത്തുനിന്നും മറ്റാരുടെയെങ്കിലും കൂടെ എവിടേക്കെങ്കിലും പോകും. രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം തിരിച്ചു മുറിയിലെത്തും. മുറിയിലെത്തിയാൽ ... തിടം വെക്കാൻ തുടങ്ങുന്നത് ... മടുപ്പോ മൗനമോ ? രണ്ടായാലും 'ഇതു കുറച്ചധികമാണ്' എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലാത്തവർ ഉണ്ടാകുമോ? ആ 'അധിക ഭാരം' പക്ഷേ അവ കൊണ്ടു വന്നിരുന്ന പാരിതോഷികങ്ങളുടേതാണെന്നു നാം അറിയാതിരിക്കില്ല.
ഹോളിയോടനുബന്ധിച്ചായിരുന്നു മുംബൈയിലെ ചില സുഹൃത്തുക്കളെ കാണാൻ പോയത്. അത്രക്കും ദൂരം യാത്ര ചെയ്‌ത് പോകുന്നത്, യാത്രാസൗകര്യങ്ങൾ തീരെ മോശമായിരുന്നിട്ടും, സൗഹൃദ സന്ദർശനമായിട്ടായിരുന്നില്ല. osho times മാഗസിൻ ലഭിക്കണമെങ്കിൽ അന്ന് അതു വരേയ്ക്കും പോകണമായിരുന്നു.
അന്നു രാത്രി ,പതിവുപോലെത്തന്നെ , വേണ്ടവിധം ഉറങ്ങാനായില്ല. മദ്യപരുടെ ഇടയിൽ 'misfit’ ആയിരുന്നിട്ടും, അവരുടെ ബഹളങ്ങളിൽ നിന്നും ഞാൻ മാറിനിൽക്കാറില്ല.
പിറ്റേന്ന് ഹോളിയായിരുന്നു. നേരം വെളുക്കാൻ തുടങ്ങുമ്പോഴായിരുന്നു മുറിയിൽ ബഹളമൊഴിഞ്ഞത്. ഉറക്കത്തിലേക്ക് വീഴുമ്പോഴേക്കും ആരോ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നതും മുഖത്തേക്കു ചായമെറിഞ്ഞത് ഏതോ പരിചയക്കാരൻ. അവൻ എല്ലാവരേയും ചായം കലക്കിയ വെള്ളം കൊണ്ട് കുളിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ട ദേഷ്യം മുഴുവനും ഞങ്ങൾ ഹോളി ആഘോഷത്തിലേക്ക് വഴിമാറ്റി.
ഉച്ചക്കുശേഷം തിരിച്ചുപോരാനൊരുങ്ങിയപ്പോൾ രണ്ടു സുഹൃത്തുക്കൾ കൂടെ വന്നു. അത്രയൊന്നും അടുപ്പക്കാരല്ലാതിരുന്നിട്ടും അവർക്കെന്തോ എനിക്കൊപ്പം വരണമെന്നു തോന്നി. അവരുടെ വരവിൽ ഞാൻ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ഞാനറിയുന്നുണ്ടായിരുന്നു മൗനത്തിന്റെ ഒരു നനുത്ത നിഴൽ എന്നെ സ്പർശിക്കാൻ തുടങ്ങിയത്.
ഹോളിദിവസം ഉച്ച കഴിഞ്ഞുള്ള ലോക്കൽ ട്രെയിൻ യാത്ര സൗമ്യതയുടേതാണ്. സാധാരണദിവസത്തേക്കാളും ശാന്തമായിരിക്കും നാം ദർശിക്കുന്ന മുഖങ്ങളൊക്കെയും. കയ്യിലും മുഖത്തും മുടിയിലും വസ്ത്രങ്ങളിലുമെല്ലാം ഇപ്പോഴും പലനിറം ചായങ്ങൾ പറ്റിയിരിക്കും. ആരുമതത്ര ഗൗനിക്കാറില്ല. കുറച്ചു മണിക്കൂറുകൾക്കെങ്കിലും തെരുവുകൾക്കൊക്കെയും ഒരുതരം 'ലെറ്റ്-ഗോ' ഛായയാണ്.
ട്രെയിൻ പൻവേലിലെത്തിയപ്പോഴാണ് കൂട്ടത്തിലൊരാൾ പറഞ്ഞത് അടുത്തുള്ള 'കർണാല ' പക്ഷിസങ്കേതത്തിലേക്കു നടക്കാമെന്ന്. ഞങ്ങൾ മൂന്നു പേരും അങ്ങോട്ടു നടക്കാൻ തുടങ്ങി. പേരിനൊരു പക്ഷിസങ്കേതം മാത്രമാണത് . താരതമ്യേന ചെറിയ ഒരു മലയും താഴ്വാരവും. നിബിഢവനമൊന്നുമല്ലെങ്കിലും പട്ടണവാസികൾക്കു ആശ്വാസമേകാവുന്ന പച്ചപ്പ് തന്നെ. ആഘോഷദിവസമായതിനാൽ അധികമാരും സന്ദർശനത്തിനുണ്ടായില്ല. കുറേ ദൂരം നടന്നു കയറിയിട്ടും ഒരൊറ്റ പക്ഷിയെപ്പോലും കണ്ടതുമില്ല. വനസാന്നിധ്യം പക്ഷേ എന്നിലെ മൗനത്തിനു ഘനം പകർന്നു.
കാട്ടിൽ നിന്നും തിരിച്ചിറങ്ങി വന്നപ്പോൾ കൂടെയുള്ളവർ എന്നോടൊപ്പമുള്ള യാത്ര അവിടെ വച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചു. യാതൊരു വിരോധം കൊണ്ടുമല്ല. എന്നിലെ മാറ്റങ്ങൾ അവരിലേക്ക് സംവദിക്കപ്പെട്ടു എന്നേ ഞാൻ വിചാരിച്ചുള്ളൂ. ചിരിച്ചുകൊണ്ട് ഞാൻ അവർക്കു സമ്മതം മൂളി. ഞാൻ എന്റെ മുറിയിലേക്കു തിരിച്ചു.
മുറിയിലെത്തിയപ്പോൾ, മുഷിപ്പിക്കുന്നവയായിരുന്നു കാഴ്ച്ചകളത്രയും. ചുറ്റുവട്ടത്ത് താമസിക്കുന്നവരെല്ലാവരും ഭാംങ്ങും മറ്റു മദ്യങ്ങളും സേവിച്ചു കൂത്താടിയതിന്റെ ചിത്രങ്ങൾ. ചായങ്ങൾ കലക്കിയൊഴിച്ച് അലങ്കോലപ്പെട്ടു കിടക്കുന്ന വരാന്തയും മുറ്റവും. എന്നെ ചായത്തിൽ കുളിപ്പിക്കുവാൻ ആശിച്ചുവന്നവർ, മുറി അടഞ്ഞുകിടക്കുന്നതു കണ്ടപ്പോൾ, ദേഷ്യം തീർക്കാൻ പീച്ചാംകുഴലിൽ ചായം നിറച്ച് വെന്റിലേറ്ററിലൂടെ മുറിക്കകം 'അലങ്കരിച്ചിരുന്നു'. ചുമരിലും നിലത്തുമെല്ലാം നീലവർണ്ണങ്ങൾ. മുറിക്കകത്തുണ്ടായിരുന്ന സാധന സാമഗ്രികൾക്കു മേലെയും നിറയെ ചായം ഒലിച്ച പാടുകൾ.
മുറിതുറന്ന് അകത്തു കയറിക്കിടക്കാൻ തിടുക്കമായിരുന്നു എന്നിൽ. തലേന്നത്തെ ഉറക്കച്ചടവുകൊണ്ടല്ല. ചില നിമിഷങ്ങൾ അങ്ങനെയാണ്.
ഒരു കൂറ്റൻ തിരമാല പോലെയോ, വലിയ ഒരു മേഘക്കൂട്ടത്തിന്റെ നിഴൽ അടുത്തടുത്തു വരുന്നതു പോലെയോ ആണ് ചിലപ്പോഴൊക്കെയും മൗനം നമ്മിലേക്കു കയറിവരിക. (ബാല്യത്തിൽ കേട്ടു ഭയന്നിട്ടുള്ള കഥകളിൽ ഒരു ആനറാഞ്ചിപ്പക്ഷിയുണ്ട്. ആ പക്ഷി വരുമ്പോൾ അതിന്റെ കൂറ്റൻ ചിറകുകൾ ആകാശത്തിൽ ഇരുട്ട് നിറച്ചുകൊണ്ടിരിക്കുമത്രേ.) മിക്കപ്പോഴും അതിന്റെ കാലൊച്ചകൾ ഏറെ ദൂരെ നിന്നേ നമുക്ക് കേൾക്കാറാകും. അത്തരം നിമിഷങ്ങളിൽ വഴങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളൂ. നാം ഇച്ഛിച്ചാലും ഇല്ലെങ്കിലും ഒരു ഋതുവിനെപ്പോലെ അതു നമ്മെ കടന്നുപോകും. ആ ഋതുവിനെ അടുത്തു പരിചയിക്കുകയാണെങ്കിൽ, ഏറെ ആസ്വദിക്കാമെന്നു മാത്രം. ഇന്ന് അടുത്ത സുഹൃത്തുക്കൾക്കിടയിൽ അത്തരം നിമിഷങ്ങളെപ്പറ്റി പരാമർശിക്കേണ്ടിവരുമ്പോൾ 'like a vipassana climate' എന്നു പറഞ്ഞാൽ ധാരാളമായി. എന്നാൽ അന്നൊന്നും ധ്യാനവും മറ്റും അല്പം പോലും പരിചയപ്പെട്ടിട്ടില്ലായിരുന്നു. എന്താണീ സംഭവിക്കുന്നതെന്ന് തന്നോടുതന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. ഇന്നെനിക്കറിയാം അളവിൽ കവിഞ്ഞ ശ്രദ്ധയാണ് അത്തരം നിമിഷങ്ങൾക്ക് ഞാൻ നല്കിപ്പോന്നിരുന്നതെന്ന്. ഒരു പക്ഷേ, ആ മൗനമുഹൂർത്തങ്ങളെ ചെയ്തികളിലേക്കു വ്യാപരിപ്പിക്കാൻ കഴിയാതെ പോയതും അതുകൊണ്ടാവും. പലപ്പോഴും ഇങ്ങനെയൊക്കെയാകും ഈ മുഹൂർത്തങ്ങളെ മടുപ്പിന്റേതെന്നു നാം തെറ്റായി ധരിച്ചുപോരാറുള്ളത്.
കുറേ നേരം കണ്ണടച്ചുകിടന്നുകൊണ്ടു സ്വയം വിചാരിച്ചു താൻ ഉറങ്ങുകയാന്നെന്ന്. പക്ഷേ തികഞ്ഞ ഉണർവാണ് ഉള്ളിൽ. വെറുതേയിങ്ങനെ ഉണർന്നു കിടക്കൽ. രാത്രിയായിട്ടും ലൈറ്റ് ഓൺ ചെയ്യാൻ തോന്നിയില്ല. ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ പെരുമാറി. സ്വന്തം മുറിയിൽ ഒരു മോഷ്ടാവിനെപ്പോലെ, പാത്തും പതുങ്ങിയും. മുറി പൂട്ടി മുറ്റത്തേക്കിറങ്ങി. ഹൈവേയിലെത്തി ഏതോ ഒരു ദാബയിൽനിന്നും ദാലും റൊട്ടിയും കഴിച്ചു തിരിച്ചു നടന്നു.
നടന്നത് പക്ഷേ മുറിയിലേക്കായിരുന്നില്ല. കുറേ കഴിഞ്ഞപ്പോഴാണ് ഓർത്തത്, മുറിയിലേക്കുള്ള തിരിവ് കഴിഞ്ഞുപോയിരിക്കുന്നുവെന്ന്. മുന്നോട്ടു തന്നെ നടന്നു. ഒരു വിധം ഇരുട്ടുണ്ട് വഴിയിലെങ്ങും. കുറേ ചെന്നപ്പോൾ ഗ്രാമവസതികൾ. ഹോളിയുടെ ആഘോഷത്തിമിർപ്പുകൾ തണുത്തു ശാന്തമാവാൻ തുടങ്ങിയിരിക്കുന്നു. അവയെ കടന്നു പോയപ്പോൾ വഴിവിളക്കുകൾ പിന്നെ തീരെയില്ല. നിശബ്ദത. രണ്ടു വശത്തും കുറ്റിച്ചെടികളും മരങ്ങളും ധാരാളം. ഇത്രനാളും അടുത്തുണ്ടായിട്ടും ഇങ്ങനെയൊരിടത്തെ അനുഭവിച്ചില്ലല്ലോ! ആ വഴി അവസാനിച്ചത് വിശാലമായി കിടക്കുന്ന വയലിലേക്കായിരുന്നു. അടുത്തിടെ വിളവു കഴിഞ്ഞു കിടക്കുന്നവ. ബാജ്‌റിയോ അതോ കടല കടുക് പരിപ്പ് തുടങ്ങിയവയോ ആയിരിക്കും.
മേഘങ്ങളൊഴിഞ്ഞ് പൂർണചന്ദ്രൻ അനാവൃതമായിക്കൊണ്ടിരിക്കുന്നു. ഒരു വല്ലാത്ത വയൽപരപ്പു തന്നെ. വേലിയേറ്റത്താലാകണം, പാടങ്ങളിൽ നനവുണ്ട്. വർഷത്തിലെ ഏറ്റവും പ്രഭാവമുള്ള പൗർണ്ണമിയാണിത്. സ്വാഭാവികമായും ഏറ്റവും ശക്തമായ വേലിയേറ്റവും. മൺപാതയിൽ കാലികൾ മേഞ്ഞു നടന്നതിന്റെ അടയാളങ്ങളുണ്ട്. ചാണകവും മറ്റും.
അതിവിശാലമായ ഒരിടത്ത്, രാത്രിയിൽ, പൂർണചന്ദ്രനു താഴെ തനിച്ചാവുക ! നമുക്കകത്തും ചില വേലിയേറ്റങ്ങളുണ്ടാവും. അറിയില്ല അതിനെ എന്തു പേരു വിളിക്കണമെന്ന്.
കൃഷിയിടങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു. പതിയെപ്പതിയെ ഉപ്പുപാടങ്ങൾ തെളിഞ്ഞു വരവായി. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതിനായി ഒരുക്കി നിർത്തിയിരിക്കുന്ന ഉപ്പു തളങ്ങൾ. പലതിലും വെള്ളം നിറയാൻ തുടങ്ങിയിരിക്കുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ ഉപ്പു പാടങ്ങൾക്കരികിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ചു കൂട്ടിയ ഉപ്പു പരലുകളുടെ വൻ കൂമ്പാരങ്ങൾ വഴിയരികിൽ കാണാൻ തുടങ്ങി. മുന്നോട്ടു ചെല്ലുന്തോറും ഭീമാകാരങ്ങളായ ഉപ്പുകൂമ്പാരങ്ങൾ, വെണ്ണക്കൽ ശല്കങ്ങളെക്കൊണ്ടുള്ള ധവളസ്തൂപങ്ങൾ, വെളുത്ത പിരമിഡുകളെപ്പോലെ ...പൂർണ്ണചന്ദ്രപ്രഭയിൽ ആ തേജോസ്‌തൂപങ്ങൾ മന്ദഹാസം പൊഴിച്ചുകൊണ്ടു നിലകൊണ്ടു, വിശേഷിച്ചൊന്നുമില്ലാതെ. കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല അവക്ക് എത്രത്തോളം ഉയരമുണ്ടായിരുന്നുവെന്ന്. മാസ്മരികമായ ചില അന്തരീക്ഷങ്ങളിൽ എല്ലാ ദ്രവ്യമാനങ്ങളും അവയുടെ പരിധികൾ ലംഘിക്കുന്നു. സത്യത്തിൽ ഐന്ദ്രികമായ ചില ഭ്രമങ്ങൾ സംഭവിക്കുന്നുവെന്നല്ല എനിക്കു തോന്നുന്നത്. ആനുഭൂതിക തീവ്രതകളിൽ സാരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുവെന്നു ധരിച്ചാൽ മതി .
ഉപ്പുപരലുകളുടെ ആ പിരമിഡുകൾക്കടുത്തു ചെന്നപ്പോൾ, എന്റെ ഉയരം തീരെ കുറഞ്ഞുപോയതുപോലെ. കുറഞ്ഞു കുറഞ്ഞ്.. ...അറിയില്ല ...ഒരു ശരീരിക്ക് എത്രത്തോളം ചെറുതാവാനാകും? കാഴ്‌ചക്കുമപ്പുറത്ത്, വെറുതെ സങ്കല്പിച്ചു നോക്കാവുന്നത്ര ചെറിയ ഒരു ഉപ്പുതരിയോളം? കണ്ണെത്താദൂരത്തുള്ള ഒരു ദൈവകണത്തോളം? ഞാനെന്ന ഈ അനുഭൂതിക്ക്, അനുഭവത്തിന്, എന്നിലെ ബോധത്തിന് എത്രത്തോളം വലിപ്പമാർജ്ജിക്കാനാവും? ഈ ഉപ്പുപാടങ്ങളോളം? ഉപ്പുപാടങ്ങളും കൃഷിയിടങ്ങളും, അപ്പുറത്തുണ്ടെന്ന് ഊഹിച്ചെടുക്കാവുന്ന ഗ്രാമങ്ങളും ഒക്കെച്ചേർന്ന് അങ്ങ് ചക്രവാളത്തോളം? ചക്രവാളത്തിന്റെ അരികുകളിൽ തുടങ്ങി വാർത്തുളാകാശത്തിലൂടെ സഞ്ചരിച്ച് ഇപ്പുറത്ത് ആകാശം വന്നുമുട്ടുന്നേടത്തോളം വലിപ്പം? അതിനോടൊപ്പം അടിയിലേക്ക് ഭൂമിയുടെ മറുഭാഗത്തേയും കവർന്ന്, ഹൊ ,പിന്നെയും ആകാശം തന്നെ ! ആരാണ് പറഞ്ഞത് പ്രപഞ്ചത്തിനു ഗോളാകൃതിയാണെന്ന്? അവിശ്വസനീയമായ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയപ്പെടുന്ന ഈ പ്രപഞ്ചത്തിന് എന്തോന്ന് ആകൃതി ! പക്ഷേ നേരെ മുകളിൽനിന്ന് പൂർണചന്ദ്രൻ നെറുകയിലേക്ക് സ്വർണ്ണപ്രഭ തൂവിയപ്പോൾ, അതുവരേക്കും പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട ഈ 'ഞാനി'ന്റെ അരികുകൾ മുഴുവനും ആ പ്രഭയിൽ ഒലിച്ചുപോയതുപോലെ. കേന്ദ്രത്തിൽ ഉണ്ടെന്നുറപ്പിച്ചിരുന്ന അച്ചുതണ്ട് ഊർന്നുപോയപ്പോൾ ഒരു ദ്വാരം മാത്രം അവശേഷിച്ചുവോ? താൻ തന്നെ തിരോഭവിച്ച കയത്തിലേക്ക്, തന്റെ തന്നെ അഭാവത്തിലേക്ക്, തനിക്കു തന്നെ എത്തിനോക്കാമോ?
van gogh - moon |
എന്നിലെവിടെയോ ചില താളം തെറ്റലുകളുണ്ടാവുന്നതുപോലെ !
യുക്തിയുടെ വടങ്ങൾകൊണ്ട് സ്വയം ചുറ്റിവരിഞ്ഞു തുലനപ്പെടുത്താൻ ശ്രമിച്ചു- 'ഹേയ്, പ്രതീതിയാണെല്ലാം. പ്രതീതി മാത്രം'.
ആ ദൃശ്യങ്ങളെ മുഴുവനും ഞാൻ യുക്തിയുടെ വരുതിയിലാക്കാൻ ശ്രമിച്ചു. 'ഒന്നുമില്ല. പലയിടത്തായി കുറേ ഉപ്പുകൂനകൾ. ചുറ്റും കാണുന്നത് ഉപ്പു ശേഖരിക്കാനായി ഒരുക്കിയിട്ട പാടങ്ങൾ. കുറേക്കൂടി മുന്നോട്ടു പോയാൽ ഒരു ചെറിയ കപ്പൽച്ചാലുണ്ട്. ദൂരെ, ഏറെ ഉയരത്തിൽ കാണുന്ന ആ രൂപം, ആ കപ്പൽച്ചാലിൽനിന്നു തുടങ്ങുന്ന ഒരു റബ്ബർ കൺവെയറാണ്, കിലോമീറ്ററുകൾ നീളമുള്ളത്. പകൽ സമയത്തു് അതിന്റെ ഒരറ്റം ഞാൻ കണ്ടിട്ടുണ്ട്. കപ്പലിൽ വരുന്ന ഇരുമ്പയിരുകൾ അപ്പുറത്തുള്ള സ്റ്റീൽ ഫാക്ടറിയിലേക്കെത്തിക്കുന്നത് ഈ കൺവെയറാണ്. എന്തോ കാരണം കൊണ്ട് ഇപ്പോഴത് ചലിക്കാതെ നിൽക്കുന്നതിനാൽ അവിടെ ഇരുട്ടും മൂകതയുമാണെന്നേയുള്ളൂ. പിന്നെ മുകളിൽ. ചന്ദ്രനെന്ന ഒരു ഗോളം. സൂര്യപ്രകാശം അതിൽ തട്ടി തിരിച്ചുവരുന്നതാണത്രേ. ദാ, ഇപ്പുറത്ത് വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടങ്ങൾ. കുറേ ചീവീടുകളും മറ്റും കരയുന്നുണ്ട്. മറ്റെന്താണിതിൽ?’
ശരിയാണ്. മറ്റൊന്നുമില്ല. മറ്റൊന്നുമില്ല. എന്റെ കാതുകളിൽ എന്റെ തന്നെ ശ്വാസത്തിന്റെ പോക്കുവരവുകൾ. പിന്നെയുമുണ്ട്. എന്റെ തന്നെ ഹൃദയമിടിപ്പുകൾ. പിന്നെ…... കൺപോളകളെകൊണ്ട് എന്റെയീ കണ്ണുകളെ മൂടിയിട്ടാലോ? അപ്പോഴും ചന്ദ്രൻ ഇതുപോലെത്തന്നെ തിളങ്ങി നില്പുണ്ടാവുമോ? അതോ, ഞാൻ കണ്ണ് തുറക്കുമ്പോൾ മാത്രം തെളിയുന്നതാണോ ഞാനീക്കാണുന്നതെല്ലാം, ഒരു സ്‌ക്രീനിലെന്നോണം?
എന്റെ കാതുകൾ അടഞ്ഞുപോയാലും ഈ ചീവീടുകളുടെ ശബ്ദം ഇതുപോലെത്തന്നെ ഇവിടെ മുഴങ്ങിക്കേൾക്കുമോ? അതോ ഞാൻ കേൾക്കുന്നത്കൊണ്ടു മാത്രം ഉണ്ടാകുന്നതോ? ഞാനില്ലെങ്കിലും ഈ ഉപ്പുപാടങ്ങൾ ..ഇതുപോലെത്തന്നെ ....? അറിയുന്നതുകൊണ്ടു മാത്രം ഉണ്ടെന്നു തോന്നുന്ന ലോകം?
എവിടെയോ ചിന്തകൾ മുറിഞ്ഞു പോയി.
ഞാനറിയുന്നുണ്ടായിരുന്നു മുറിഞ്ഞു പോയ ചിന്തകളെ കൂട്ടിയോജിപ്പിക്കുവാൻ മനസ് തത്രപ്പെടുന്നത്. പക്ഷേ എനിക്കെന്തു ചെയ്യാൻ കഴിയും!
ആ വെളുത്ത പിരമിഡുകൾക്കിടയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങിയത് എപ്പോഴാണാവോ. ഒരു പക്ഷേ പെട്ടെന്നുതന്നെയായിരിക്കും. അല്ലെങ്കിൽ കുറേ കഴിഞ്ഞായിരിക്കും. ആനുഭൂതികമായ ചില ആഴങ്ങളെ സമയം കൊണ്ടെങ്ങനെ അളക്കാൻ കഴിയും? മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും മികച്ച അളവുപകരണമാണ് സമയം. സംശയമില്ല. പലപ്പോഴും പക്ഷേ നാമതിനെ വേണ്ടാത്തിടത്തും ഉപയോഗിക്കുകയാണ്. ദൂരത്തെ ഏതെങ്കിലും പാത്രങ്ങളെക്കൊണ്ട് അളക്കാനാവില്ലല്ലോ.
മാത്രവുമല്ല, എന്തിനെയാണെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം അളന്നാൽ മതിയല്ലോ. അളവിന്റെ കലയാണ് ശാസ്ത്രം; ബോധപൂർവ്വം അളക്കുമ്പോൾ മാത്രം. എന്നാൽ അതൊരു ചാപല്യമാവുമ്പോഴോ, അതിനെയാണത്രേ നാം മനസ്സ്, yes, the chattering mind- എന്ന് വിളിക്കുന്നത്. ഒരാവശ്യവുമില്ലാത്തപ്പോഴും അത് സകലതിനെയും അളന്നുകൊണ്ടിരിക്കും; അതിന്റെ ഭാഗമായാണ് നമ്മുടെ നിരീക്ഷണങ്ങളിലെ സാമ്യങ്ങളും വ്യത്യാസങ്ങളും താരതമ്യങ്ങളുമെല്ലാം. അനാവശ്യമായി, ബോധപൂർവ്വമല്ലാതെ നടക്കുന്ന അളവുകളൊക്കെയും നമ്മിലെ സ്വതന്ത്ര ഇടങ്ങളുടെ, the inner space, കയ്യേറ്റങ്ങളാണ്. ഇന്നോളം സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ കയ്യേറ്റമാണ് സമയം.The ultimate addiction.
തിരിച്ചു നടക്കുമ്പോൾ കൃഷിയിടങ്ങൾക്കപ്പുറത്ത്, ദൂരെയേതോ ഗ്രാമത്തിൽനിന്ന് ബാന്റുവാദ്യത്തിന്റെ നേർത്ത ശീലുകൾ കേൾക്കുന്നുണ്ടായിരുന്നു. ഹോളിയുടെ അവശേഷിപ്പുകളാണ്. ഹാർമോണിയത്തിന്റേതുപോലെത്തന്നെയാണ് ബാന്റുവാദ്യവും. ദൂരെനിന്നു കേൾക്കുകയാണെങ്കിൽ, അവ ഏതോ ചില സ്നേഹതരംഗങ്ങളെ ഉണർത്തിവിടും. ഏതോ വിദൂരതകളെ അവ വിളിച്ചുകൊണ്ടുവരും. ആ ശീലുകൾ എനിക്കേറെ പരിചിതമായിട്ടുള്ളതാണ്.
വെസാവ്ച്ചി പാരൂ നെസ്‌ലീ ഗോ
നെസ്‌ലീ ഗോ നവ്വാ സാരാ
ജാവൂ ചൽ ഗോ ബന്ധ്രാലാ ഗോ പാരൂ
ദരിയെച്ചേ പുഞ്ചേലാ
(ഏറ്റവും പുതിയ വസ്ത്രമണിഞ്ഞുകൊണ്ട് , സമുദ്രപൂജക്കെത്തുവാൻ, ഗ്രാമത്തിലെ ഓരോ പെൺകിടാവിനേയും ക്ഷണിക്കുകയാണ് - മീൻപിടിത്തക്കാരനായ ആ യുവാവ്. ആഘോഷത്തിനുള്ള പ്രണയാഹ്വാനങ്ങൾ)
തിരികെ വരുമ്പോഴേക്കും ഗ്രാമം മുഴുവനും ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു.
താമസിച്ചിരുന്ന കെട്ടിടത്തിന് തൊട്ടു മുൻപിൽ ഒരു വലിയ തടാകമുണ്ട്, ഗ്രാമീണരുടെ ആവശ്യങ്ങൾക്കായി. അതിനു ചുറ്റും ആഴ്ചയിൽ ഒരു ദിവസം ചന്തയുണ്ടാവും. ചന്ത കഴിഞ്ഞതിന്റെ പിറ്റേന്ന് തടാകത്തിനു ചുറ്റും സവാളയുടേയും വെളുത്തുള്ളിയുടേയും ചുവന്നതും വെളുത്തതുമായ തൊലികൾ വിതറിക്കിടപ്പുണ്ടാവും. ആരോ മനഃപൂർവം അലങ്കരിച്ചിട്ടതുപോലെ. ദൂരെ നിന്നും വന്നിട്ടുള്ള കച്ചവടക്കാർ ചിലർ അവിടെത്തന്നെ കിടന്നുറങ്ങുന്നുണ്ടാവും. അവരുടെ കുട്ടികളും ഓമനകളായ പൂച്ചകളും നായ്ക്കളും ഒരുമിച്ചുറങ്ങുന്ന കാഴ്ച്ച എന്നിൽ വല്ലാത്ത സന്തോഷം നിറക്കാറുണ്ട്.
ഹോളിയായതുകൊണ്ടാകണം, രണ്ടു ദിവസം മുൻപ് ചന്ത കഴിഞ്ഞിട്ടും ഉള്ളിത്തൊലികൾ അതേമട്ടിൽ വൃത്തിയാക്കാതെ കിടക്കുന്നു. നിലാവിൽ ആ മാലിന്യങ്ങൾ പക്ഷേ തടാകത്തിന്റെ മാറ്റു കൂട്ടുകയാണ് ചെയ്തത്, ഏറ്റവും പുതുമയാർന്ന ഏതോ ആഭരണങ്ങളെന്നോണം.
മുറിയിലെത്തിയപ്പോൾ ഹോളിയാഘോഷത്തിന്റെ 'അലങ്കോലങ്ങൾ' അതേപടി. എന്നാൽ ചിതറിത്തെറിച്ച ആ നിറപ്പാടുകൾക്കെല്ലാം, ചുമരിൽ പതിഞ്ഞു കിടപ്പുള്ള പല നിറത്തിലുള്ള കൈപ്പത്തികൾക്കും, എന്തെന്നില്ലാത്ത മിഴിവ് കൈവന്നിരിക്കുന്നു.
വാതിൽ തുറന്നപ്പോൾ ഒരു വലിയ പാളി നിലാവ് മുറിയിലേക്കു വീണു. കൈ നിറയെ ആഹ്ലാദം നിറച്ച സമ്മാനങ്ങളുമായി അപ്രതീക്ഷിതമായി ഒരതിഥിയെത്തിയതുപോലെ.
വെളുക്കാൻ നേരമിനിയും ബാക്കിയുണ്ടാകണം.
ബാക്കി വന്ന രാത്രി ഞാൻ കതകടച്ചില്ല.
ആ മുറി വിട്ടു പോരും വരേക്കും, ചായങ്ങൾ ചിതറിത്തെറിച്ച് 'അലങ്കോലപ്പെട്ട' ചുമരുകളത്രയും ഞാൻ വൃത്തിയാക്കിയതുമില്ല.