മധ്യപ്രദേശിലേക്കു കടക്കുന്ന പ്രധാന റെയിൽപ്പാളത്തിനു കുറുകേ ചെറിയ ഒരു ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ഛത്തീസ്‌ഗഡിലെത്തിയത്. കൃത്യമായി പറഞ്ഞാൽ റായ്‌ഗഡിൽ. റെയിൽവേസ്റ്റേഷനിൽ നിന്നും ആറേഴു കിലോമീറ്റർ ദൂരെയുള്ള ഒരു തെർമൽ പവ്വർ സ്റ്റേഷന്റെ പിന്നാമ്പുറത്തായിരുന്നു ഈ ടണൽ നിർമ്മാണം. സ്റ്റേഷനിലെത്തുമ്പോഴേ അന്തരീക്ഷം മൂകമാണ്. കൽക്കരിധൂമങ്ങൾ കിലോമീറ്ററുകൾ വ്യാസത്തിലുള്ള ഒരു വലിയ പ്രദേശത്തെ മുഴുവനും ചാരമണിയിച്ചിരിക്കുന്നു. വിളറിവെളുത്തു കിടക്കുന്ന കൃഷിയിടങ്ങൾ. കൽക്കരിഗന്ധം നിറഞ്ഞ വായു. ഇൻഡസ്ട്രിയൽ പരിസരങ്ങളും ഫാക്ടറികളും റീഫൈനറികളും മറ്റും പരിചിതമായിരുന്നതിനാൽ ഈ അന്തരീക്ഷ വ്യതിയാനങ്ങളൊന്നും എന്നിൽ അമ്പരപ്പുളവാക്കിയില്ല.
മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലേയോ മുംബൈയിലേയോ പോലെയല്ല മധ്യേന്ത്യ മുതൽ വടക്കോട്ട്. മഞ്ഞുകാലമെന്നല്ല, ഋതുഭേദങ്ങൾ ഏറെ പ്രകടമാണവിടം. ചൂടായാലും തണുപ്പായാലും. എത്ര കഠിനമായാലും മഞ്ഞുകാലമാണെനിക്കിഷ്ടം. കട്ടിയുള്ള വസ്ത്രങ്ങളും ഷാളുകളും മറ്റും പുതച്ച്, തന്നിലേക്കു തന്നെ ചുരുണ്ടുകൂടാൻ പറ്റിയ സമയമാണത്. വിശ്രമിക്കാൻ സമയമുണ്ടെന്നാകിൽ പിന്നെ പറയാനുമില്ല.
ഡിസംബർ അവസാനമാകണം, അല്ലെങ്കിൽ ജനുവരിയുടെ തുടക്കം. ഏറെ വൈകിയ ഒരു രാത്രി, ഒന്നരയോടടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതുണ്ടായിരുന്നു. മുംബൈ ഓഫീസിൽനിന്നും വരുന്ന ഒരു സ്റ്റാഫിനെ സ്വീകരിക്കേണ്ടതുണ്ട് .
ഡിസംബർ അവസാനമാകണം, അല്ലെങ്കിൽ ജനുവരിയുടെ തുടക്കം. ഏറെ വൈകിയ ഒരു രാത്രി, ഒന്നരയോടടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതുണ്ടായിരുന്നു. മുംബൈ ഓഫീസിൽനിന്നും വരുന്ന ഒരു സ്റ്റാഫിനെ സ്വീകരിക്കേണ്ടതുണ്ട് .
അര മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്തി. സ്റ്റേഷൻ താരതമ്യേന ശാന്തമാണ്. നാലഞ്ചു സൈക്കിൾ റിക്ഷക്കാരും ഒന്നോ രണ്ടോ ഓട്ടോ ഡ്രൈവർമാരും പുറത്തുണ്ട്. ആറേഴു ചുമട്ടു തൊഴിലാളികളുണ്ട് അകത്ത്. ട്രാക്കുകൾക്ക് ദൂരെ മാറി, സ്റ്റേഷനുകൾ താവളമാക്കിയവർ ചപ്പുചവറുകൾ കൂട്ടിയിട്ടു തീ കായുന്നുണ്ട്. മിക്കവരും അവിടവിടങ്ങളിൽ ചടഞ്ഞുകൂടിയിരുപ്പാണ്. മഫ്ളറും മങ്കിക്യാപ്പുമാണ് ഒഴിച്ചുകൂടാനാവാത്ത വസ്ത്ര വിഭവങ്ങൾ. തണുപ്പുതന്നെ തണുപ്പ്.
മഞ്ഞും ശൈത്യവുമെല്ലാം ഇഷ്ടമാണെന്നു പറയുമ്പോൾ അതിത്രയും അസഹനീയമാകാമെന്ന് ഓർത്തില്ല. ഇഷ്ടമാണെന്നു പറയുമ്പോഴും ഉള്ളിന്നുള്ളിൽ അതിനു ചില വ്യവസ്ഥകൾ ഉണ്ടായിരുന്നതായി ഞാനിപ്പോൾ കണ്ടെത്തുന്നു. പരസ്യങ്ങളിലെ ഓഫറുകൾ പോലെയാണ് ഇഷ്ടാനിഷ്ടങ്ങളും - conditions applied. പെട്ടെന്നു കണ്ണെത്താത്ത, മനസ്സിന്റെ ഏതോ ചില കോണുകളിൽ നക്ഷത്രചിഹ്നവുമിട്ടു പതുങ്ങികിടപ്പുണ്ടാവുമവ. ഇഷ്ടം പോലെ സമയവും ചുരുണ്ടുകൂടാനൊരിടവും ചൂട് പകരാൻ അത്യാവശ്യം വസ്ത്രങ്ങളും വയറു നിറയെ ഭക്ഷണവും കിട്ടുകയാണെങ്കിൽ ആരാണ് പിന്നെ ശൈത്യം ഇഷ്ടപ്പെടാതിരിക്കുക?ഉറങ്ങാൻ പറ്റാതെ വന്നാൽ തണുപ്പിനു തലക്കനം കൂടും. ഇവന്മാർക്കൊന്നും ഈ പാതിരാവണ്ടിയല്ലാതെ മറ്റൊന്നും കിട്ടിയില്ലേ? ബാക്കിയുള്ളവനെ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ..... ഒരു ടീ സ്റ്റാള് പോലും തുറന്നിരിപ്പില്ല. ആരൊക്കെയോ ചിലർ കമ്പിളികൊണ്ടു മൂടിപ്പുതച്ചു കിടപ്പുണ്ട്, പാർസൽ പാക്കേജുകൾ കൂട്ടിയിട്ടതുപോലെ. അങ്ങനെയെന്തെങ്കിലും കയ്യിൽ കരുതാമായിരുന്നു. വെറും സ്വെറ്ററും ഷാളുമൊന്നും പോരാതെ വന്നു. അപ്പോഴാണ് 'യാത്രക്കാരുടെ ശ്രദ്ധക്ക്' വെളിപാട് ലഭിച്ചത് - ട്രെയിൻ ഒരു മണിക്കൂറു കൂടി വൈകുമത്രേ!
ആ അരുളപ്പാട് ഏതായാലും നന്നായി. ട്രെയിൻ ദാ ഇപ്പോഴെത്തുമെന്നും, വരുന്നവനെയും കൂട്ടി, ഒരു റിക്ഷ പിടിച്ച്, എത്രയും പെട്ടെന്ന് മുറിയിലെത്തി കിടന്നുറങ്ങാമെന്നുള്ള പ്രതീക്ഷയെ എവിടെ നിന്നോ വന്ന ഒരു സ്റ്റേഷൻ മാസ്റ്റർ ഒറ്റ ഞൊടിക്കു ഉടച്ചുകളഞ്ഞിരിക്കുന്നു! സന്മനസ്സില്ലെങ്കിലും സമാധാനം കൈവന്നിരിക്കുന്നു!
പ്രതീക്ഷകളില്ലാതായാൽസമാധാനമാണ് പിന്നെ. പ്രതീക്ഷയാണെന്നു തോന്നുന്നു മനസ്സിനുള്ള മൃഷ്ടാന്നം. മനസ്സിന് അതിന്റെ കൈകാലുകൾ വിസ്തരിച്ചു നീട്ടി പിടിമുറുക്കാനുള്ള സാധ്യതകളാണ് പ്രതീക്ഷകൾ. തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും എന്ന തോന്നലുള്ളേടത്തോളം മനസ്സ് പത്തി വിടർത്തി നില്ക്കുകയേയുള്ളൂ. പ്രതീക്ഷകളൊഴിഞ്ഞ്, തീർത്തും നിസ്സഹായമാണ് അവസ്ഥയെന്ന് ബോധ്യപ്പെട്ടാൽ, അതു പിന്നെ പത്തി മടക്കി മാളത്തിലേക്ക് വലിയും. ആ നിസ്സഹായത ബോധ്യപ്പെടും വരേയ്ക്കും, അതിശയോക്തിയുടെ വിളയാട്ടമായിരിക്കും, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും.
ഏതായാലും മനസ്സൊന്നു മാറി നിന്നപ്പോൾ, എനിക്കു മനസ്സിലായി, തൊട്ടു മുൻപ് വരെ താൻ പെരുപ്പിച്ചു കാണിച്ചു അനുഭവിച്ചത്ര തണുപ്പൊന്നുമില്ലെന്ന്. ഒരു സ്വെറ്ററും മഫ്ളറും കൊണ്ട് മെരുക്കാവുന്നതേയുള്ളൂ. എന്നാലും പക്ഷേ എവിടെയും ഒരിടത്തു് ഇരിക്കാനാവില്ല . സ്റ്റേഷനിലെ ഇരിപ്പിടങ്ങളെല്ലാം ഗ്രാനൈറ്റ് പാകിയിട്ടുള്ളതാണ്. വല്ലാത്ത തണുപ്പായിരിക്കും. പിന്നെയുള്ളത് ഇരുമ്പു ബെഞ്ചുകൾ. തണുപ്പായിട്ടും ചിലരൊക്കെ അതിൽ കയറിക്കിടന്നു സുഖനിദ്ര പൂകിയിരിക്കുന്നു.
പ്ലാറ്റഫോമിന്റെ ഒരറ്റത്തേക്കു നടന്നു. അധികം വെളിച്ചമില്ലാത്തിടത്തേക്ക്. അവിടെ നിന്ന് നോക്കിയാൽ എന്തെല്ലാമോ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം. നേരിയ വെളിച്ചവും മഞ്ഞും കൂടിച്ചേർന്നപ്പോൾ, ജലച്ചായചിത്രങ്ങളിലേതുപോലെ അമൂർത്ത രൂപങ്ങളായി അവ. ആ ദൃശ്യങ്ങളിൽ നിന്നും പിൻവാങ്ങി തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴായിരുന്നു, കാതിൽ അസാധാരണമായെന്തോ മുഴങ്ങുന്നുണ്ടെന്നു തോന്നിയത്.
"ഉവ്വ് , പുല്ലാങ്കുഴൽ സ്വനം "
എത്രയോ ദൂരെ നിന്ന് നേർത്തു നേർത്തു വരുന്ന പുല്ലാങ്കുഴൽ വീചികൾ. കാതുകളെ എനിക്ക് വിശ്വസിക്കാമോ! പലപ്പോഴും നാം കേൾക്കുന്ന പല ശബ്ദങ്ങളും നമ്മുടെ വ്യാഖ്യാനങ്ങളാണ്. നമ്മുടെ എന്ന് വച്ചാൽ, വിശേഷിച്ചും മസ്തിഷ്കത്തിന്റെ നാഡീ ശൃംഖലയൊരുക്കുന്ന ഭ്രമശ്രവണങ്ങൾ- auditory illusions. മനുഷ്യപരിണാമത്തിന്റെ തിക്കും തിരക്കിനുമിടയിൽ രണ്ടറ്റത്തും കുറേ ശബ്ദതരംഗങ്ങളെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നമ്മുടെ ശ്രവണ പരിധികൾ 20 hz നും 20000 hz നും ഇടയിൽ നിശ്ചയിക്കപ്പെട്ടപ്പോൾ, രണ്ടറ്റത്തും അതിരിനോടടുത്തു വരുന്ന ശബ്ദങ്ങളെ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ മസ്തിഷ്ക്കം കുറച്ചു കഷ്ടപ്പെടുന്നു. അതിന്റെ ഭാഗമാണ് ഇത്തരം മിഥ്യാശ്രവണങ്ങൾ മിക്കവയും. (സംവിധായകൻ ബ്ലെസിയുടെ 'ഭ്രമരം' ഒരു നല്ല പ്രയോഗമാണ്).
കാറ്റുള്ളപ്പോൾ തുളകളുള്ള ഇരുമ്പു തൂണുകളും മറ്റും ഇതുപോലുള്ള ശബ്ദം പുറ പ്പെടുവിക്കുന്നതു കൺസ്ട്രക്ഷൻ സൈറ്റുകളിൽ പരിചിതാനുഭവമാണ്. ഇത് അതൊന്നുമല്ല. ഇനി, musicophelia, bio phelia എന്നതുപോലെ, is there any fluto phelia ? ഞാൻ അല്പം കൂടെ മുന്നോട്ടിറങ്ങി നടന്നു. ആരോ പുല്ലാങ്കുഴൽ വായിക്കുന്നതാണ്. റെയിൽവേ ട്രാക്കുകൾക്കു സമീപത്തുകൂടി ഞാൻ പതിയെ നടന്നു. പ്ലാറ്റ്ഫോമിനുശേഷം മിക്കയിടത്തും ഇരുട്ടായിരുന്നു. വല്ലപ്പോഴും ഒരു ഇലക്ട്രിക് പോസ്റ്റ് കണ്ടാലായി. മുന്നോട്ടു നടക്കുന്തോറും ആ ശബ്ദം കൂടുതൽ തെളിഞ്ഞു തെളിഞ്ഞു വന്നു. ആരോ ഒരു ഹിന്ദി ഭജൻ ആലപിക്കുകയാണ്, പുല്ലാങ്കുഴലിലൂടെ. തെളിമയുള്ള വായന. പ്രാഗൽഭ്യം വ്യക്തമാക്കുന്ന ലയം. 'this little flute of a reed' എന്ന് ടാഗോർ സ്വയം നിർവചിച്ചത് വെറുതേ ഓർമ്മയിൽ .
റെയിൽപ്പാളത്തിൽ പാകിയിട്ടുള്ള കരിങ്കൽക്കഷ്ണങ്ങൾക്കു മീതെ കൂടി കഴിവതും ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നടന്നു. എന്നിട്ടും പക്ഷേ, ഷൂവിനടിയിൽ ആ കരിങ്കൽക്കഷ്ണങ്ങൾ ഉണ്ടാക്കിയ മുറുമുറുപ്പുകൾ, ആ വേണുഗാനത്തെ അവിടവിടെ ഞെരിച്ചുകളയുന്നുണ്ടോയെന്നു സംശയം. പാതിരാത്രിയിൽ, തീരെ പ്രതീക്ഷിക്കാത്ത ഒരവസരത്തിൽ, കാതിൽ വന്നു വീണ ഒരു പുല്ലാങ്കുഴൽ സ്വരം ഇത്രക്കൊക്കെ കൗതുകം ജനിപ്പിക്കേണ്ടതുണ്ടോ എന്ന് തോന്നാവുന്നതാണ്. അതിനൊരു പശ്ചാത്തലമുണ്ട് പക്ഷേ.
ചെറിയ ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ കൂടെയുണ്ടായിരുന്ന ഒരു കമ്പമായിരുന്നു പുല്ലാങ്കുഴൽ. എന്തുകൊണ്ടൊക്കെയോ ഔപചാരിക പഠനമൊന്നും സാധ്യമായില്ല. എങ്കിലും ഒന്നോ രണ്ടോ ഓടക്കുഴലുകൾ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അങ്ങനെയിരിക്കെയാണ്, ഇങ്ങോട്ടെത്തുന്നതിനു മുൻപ് 'ബാംസുരി' പഠനത്തിന് ഒരു ഗുരുവിനെ കിട്ടിയത്. പാട്നയിൽ നിന്നുള്ള ഒരു മുജ്‌തഫാ ഹുസൈൻ. പഠനം ഏതാനും മാസങ്ങളേ ഉണ്ടായുള്ളൂവെങ്കിലും, അദ്ദേഹമുണർത്തിവിട്ട മൗനസ്ഫുലിംഗങ്ങൾ തെളിഞ്ഞു തന്നെ കിടക്കുകയായിരുന്നു ഉള്ളിൽ. കാര്യമായ പ്രയോജനമില്ലാതിരുന്നിട്ടും ഒരാഴ്ച യിൽ കൂടുതലുള്ള ഏതു യാത്രയിലും 'flute kit' ലഗേജിനൊപ്പമുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും അത് അനാവശ്യമായി തോന്നിയിട്ടുമുണ്ട്. പക്ഷേ, പുല്ലാങ്കുഴൽ, ബാംസുരി, വെറുമൊരു മുളന്തണ്ട്, ഒരു സംഗീതോപകരണം മാത്രമല്ലല്ലോ. ഒട്ടും സംഗീതാഭിരുചികൾ ഇല്ലാത്തവർക്കു പോലും പുല്ലാങ്കുഴൽ ഒരു വശ്യാനുഭവമാണെന്നു തോന്നുന്നു. സംഗീതത്തേക്കാളുപരി അതെന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നുണ്ട് - reminding. എത്ര പെട്ടെന്നാണ് അതു നമ്മെ ഏകാന്തതയുടെ പ്രാചീന സന്നിധിയിലേക്കു കൂട്ടിക്കൊണ്ടുപോവുക!
"പുല്ലാങ്കുഴലിന്നകം പൊള്ളയാണ്. അന്വേഷിയായിട്ടുള്ള ഒരാളും ഇതുപോലിരിക്കും. അകം പൊള്ളയായിരിക്കട്ടെ, ശൂന്യമായിരിക്കട്ടെ, അസ്തിത്വത്തിന് ഉള്ളിലൂടൊഴുകാനാവും വിധം. എങ്കിലേ അസ്തിത്വത്തിന് നിങ്ങളിലൂടെ ഒരു ഗാനമാലപിക്കാനാവൂ. ഒരു ഗാനമാലപിക്കാൻ അസ്തിത്വം എല്ലായ്‌പോഴും സന്നദ്ധമാണ്. നാം പുല്ലാങ്കുഴലുകളാവുകയേ വേണ്ടൂ.....പുല്ലാങ്കുഴലാവുക, ഒരു മുളന്തണ്ട്, ഒരഗാധസമർപ്പണം, ഒരു പരിപൂർണ്ണ ശൂന്യത ." ഓഷോയുടെ ഈ വരികളെല്ലാം ശ്രദ്ധയിൽ പെടുന്നത് പിന്നെയും കുറേ കഴിഞ്ഞാണ്.
റെയിൽപ്പാളങ്ങളുടെ ഓരം ചേർന്ന് ഇരുട്ടിലേക്കു നടന്നു. വിചാരിച്ചതിലും ദൂരമുണ്ട്. ശബ്ദമൊഴിഞ്ഞ രാത്രിയായതിനാലും അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാലും ആവൃത്തി കുറഞ്ഞ ആ ബാംസുരി ശ്രുതികൾ ഏറെ ദൂരം സഞ്ചരിക്കുന്നതാകും. ഏകദേശം അര കിലോമീറ്ററെങ്കിലും നടന്നുകാണും. ചെറിയ ഒരു പൊന്തക്കാട്ടിൽനിന്നാണ് ശബ്ദം വരുന്നത്. കേൾക്കാൻ മനോഹരമാണ്. ഒരുവിധം അടുത്തെത്തിയപ്പോൾ ഞാൻ നടത്തം നിർത്തി. കാൽപ്പെരുമാറ്റങ്ങൾ അവരുടെ സാധനക്കു വിഘ്‌നമാവരുതല്ലോ.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം, അവർ ആരുടെയോ സാന്നിധ്യം സംശയിച്ചുവെന്നു തോന്നുന്നു...ആലാപനം പൊടുന്നനെ നിലച്ചു. ദൂരെയുള്ള ഒരു വഴിവിളക്കിന്റെ ഇത്തിരി വെട്ടം ആ സാധനാകുടീരത്തിലേക്കു നിലാവൊരുക്കുന്നുണ്ടായിരുന്നു. മാപ്പപേക്ഷിച്ചുകൊണ്ട് ഞാൻ അവർക്കിടയിലേക്കു കയറിച്ചെന്നു. ഒരു വൃദ്ധനും പതിനഞ്ചിനുമേൽ പ്രായം തോന്നിക്കാവുന്ന ഒരു ചെറുപ്പക്കാരനുമാണ്. ആ വൃദ്ധൻ അവനെ പഠിപ്പിക്കുകയാണോ അതോ ആസ്വാദനം മാത്രമോ? അറിയില്ല. ഏറെ പരിതാപകരമായ ജീവിതാവസ്ഥകളിൽ നിന്നാണ് അവരെന്ന് ഒറ്റ നോട്ടത്തിലറിയാൻ കഴിയും. ഗോത്ര വർഗ്ഗത്തിൽ പെട്ടവർ തന്നെയാകണം. ധാരാളം ഗോത്രവർഗ്ഗക്കാരുള്ള സ്ഥലമാണ്. പേരിനു മാത്രം വസ്ത്രം. മഞ്ഞും തണുപ്പുമൊന്നും അവർക്ക് ഏശുന്നില്ല.
ചെറുപ്പക്കാരൻ മാത്രം ഒന്നു ചിരിച്ചു. വെളിച്ചം കുറവായിരുന്നിട്ടും അവന്റെ ആ മന്ദഹാസത്തിൽ മുഖം കൂടുതൽ തെളിഞ്ഞതുപോലെ. എന്നാൽ അവന്റെ ഗുരു (ഞാൻ അങ്ങനെത്തന്നെ നിരൂപിക്കട്ടെ), വൃദ്ധനായ ആ മനുഷ്യൻ കടുത്ത മൗനം പാലിച്ചു. എന്റെ പ്രവേശനം ഒരതിക്രമണമായി അദ്ദേഹത്തിനു തോന്നിയിരിക്കണം. ഒരർത്ഥത്തിൽ ശരിയായിരുന്നു താനും. എനിക്കത് ഒഴിവാക്കാമായിരുന്നു.
ആ വൃദ്ധന്റെ ഇരുണ്ടു മെലിഞ്ഞ കൈകൾക്കുള്ളിൽ ഒരു കൊച്ചോടക്കുഴൽ, ശ്രുതി ചേരാൻ സന്നദ്ധമായി ഉണർന്നിരിക്കുന്നത് കാണാനായി. അദ്ദേഹം എന്നെ നോക്കിയതുപോലുമില്ലെന്നു തോന്നുന്നു. കൈകൾ കൂപ്പി വീണ്ടും മാപ്പു പറഞ്ഞ് ഞാൻ തിരിച്ചിറങ്ങി. ഒരു തീർത്ഥാടനത്തിൽ നിന്നെന്നപോലെ, പ്രസാദപൂർണം.
ഗോത്രവർഗ്ഗ പശ്ചാത്തലമായിരുന്നെങ്കിൽക്കൂടി അദ്ദേഹം ആലപിച്ചിരുന്നത് നാടോടി ഈണങ്ങളായിരുന്നില്ല. എന്റെ പരിചയത്തിൽ, ആ ഈണങ്ങൾക്ക് ഔപചാരികമായ രാഗശുദ്ധിയുണ്ടായിരുന്നു. ആർക്കറിയാം ആരെല്ലാം എന്തെല്ലാമാണെന്ന്. എനിക്കിപ്പോൾ ആകെ അറിയാവുന്നത് എന്റെ ഹൃദയത്തിൽ പ്രകാശമാനമായ എന്തോ ഒന്ന് നിറഞ്ഞു നിറഞ്ഞുവരുന്നുണ്ട് എന്നു മാത്രമാണ്. After all, if not a passing wave of gratitude, what this life is all about ?
തിരിച്ചു നടക്കുമ്പോൾ എന്നിലുണ്ടായിരുന്ന ആശങ്ക, ഞാൻ തടസ്സപ്പെടുത്തിയ അവരുടെ പുല്ലാങ്കുഴൽ സാധന അവർ തുടരാതിരിക്കുമോ എന്നായിരുന്നു. തിരിച്ചു പ്ലാറ്റഫോമിലേക്കു കയറും മുൻപ് എന്റെ കാതുകൾ ആ മധുരസ്വനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയോ, അതോ എന്റെ ഭ്രമശ്രവണമോ?
* * * * * * *
'old path white clouds' എന്ന മനോഹരമായ ബുദ്ധ ജീവിത ആഖ്യായികയിൽ -Thich Nhat Hanh - ഇങ്ങനെ ഒരു രംഗമുണ്ട്: സർഗാത്മകതയിലേക്ക് പദം വെക്കുന്നവർ എല്ലായ്‌പോഴും ഓർത്തുവെക്കേണ്ടുന്ന ഒന്ന്:
വാരണാസിയിൽ നിന്ന് രാജഗേഹത്തിലേക്കുള്ള യാത്രയിൽ, ബുദ്ധൻ ഒരു വനാന്തരത്തിൽ വിശ്രമിച്ചു ധ്യാനിക്കുകയായിരുന്നു. ധ്യാനത്തിൽ നിന്നുണർന്ന ബുദ്ധനെ സംഗീതോപകരണങ്ങൾ കൈവശമുണ്ടായിരുന്ന നാലഞ്ചു ചെറുപ്പക്കാർ സമീപിച്ചു. അവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയെ തിരക്കി നടക്കുകയായിരുന്നു. ബുദ്ധൻ അവരോടു ചോദിച്ചു,"പറയൂ സുഹൃത്തുക്കളേ. ഈ നിമിഷത്തിൽ ഏതാണ് കൂടുതൽ നല്ലത്? ഓടിപ്പോയ ഒരു പെൺകുട്ടിയെ തെരഞ്ഞു കണ്ടെത്തുന്നതോ അതോ സ്വയം കണ്ടെത്തുന്നതോ?"
അപ്രതീക്ഷിതമായ ആ ചോദ്യത്താലും ബുദ്ധന്റെ ശാന്തവും പ്രഭാപൂർണ്ണവുമായ സാന്നിധ്യത്താലും ആ ചെറുപ്പക്കാർ പെട്ടെന്നുതന്നെ സമർപ്പിതരായി. ബുദ്ധനവരോട് ഈ നിമിഷത്തിന്റെ അർത്ഥ സമ്പൂർണ്ണതയെപ്പറ്റിയും, എല്ലായ്‌പോഴും ഭാവിയിലോ ഭൂതത്തിലോ മാത്രം കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന നമ്മുടെ മനസ്സ്, എങ്ങനെയാണ് യഥാർത്ഥ ജീവിതത്തെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും വിശദമായി സംസാരിച്ചു. അവരത് അതീവ ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു. സൂര്യപ്രകാശമേറ്റ് തിളങ്ങി നില്ക്കുന്ന പച്ചിലകളിലേക്കും, നേരിയ കാറ്റിൽ അവ ഇളകിയാടുന്നതിന്റെ സൗന്ദര്യത്തിലേക്കും, ഈ നിമിഷത്തിൽ നമുക്കു ചുറ്റിലും ഊർജ്ജസമ്പുഷ്ടമായിരിക്കുന്ന ജീവിതത്തിലേക്കും ബുദ്ധൻ അവരുടെ ശ്രദ്ധയെ ക്ഷണിച്ചു.
സംസാരത്തിനൊടുവിൽ വലതുവശത്തിരുന്നിരുന്ന ഒരു ചെറുപ്പക്കാരനോട് ബുദ്ധൻ പറഞ്ഞു," നിങ്ങളുടെ കൈവശം ഒരു പുല്ലാങ്കുഴൽ കാണുന്നുവല്ലോ. ഞങ്ങൾക്കുവേണ്ടി അല്പമെന്തെങ്കിലും വായിക്കാമോ ?"
അല്പം ലജ്ജയോടെയാണെങ്കിലും ആ ചെറുപ്പക്കാരൻ പുല്ലാങ്കുഴൽ വായിച്ചു. പുറമേക്ക് വന്ന ശബ്ദത്തിൽ മുഴുവനും ഹതാശനായ ഒരു പ്രണയിയുടെ വേദനയായിരുന്നു. ബുദ്ധൻ ആ ചെറുപ്പക്കാരനിൽ നിന്നും ശ്രദ്ധ തിരിച്ചതേയില്ല. അയാൾ തന്റെ പുല്ലാങ്കുഴൽ നിലത്തുവച്ചപ്പോൾ അവിടമെങ്ങും മൂകമായതുപോലെ. കുറച്ചു നേരത്തേക്ക് ആരും സംസാരിച്ചില്ല. പെട്ടെന്ന്, ആ ചെറുപ്പക്കാരൻ എഴുന്നേറ്റുവന്ന് തന്റെ പുല്ലാങ്കുഴൽ ബുദ്ധനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു," പൂജ്യനായ മുനിവര്യനേ, ഞങ്ങൾക്കു വേണ്ടി അങ്ങ് ഇതൊന്നു വായിച്ചാലും."
ബുദ്ധൻ മന്ദഹസിച്ചു. കൂടെയുണ്ടായിരുന്ന മറ്റു ചെറുപ്പക്കാരെല്ലാവരും ഉറക്കെച്ചിരിച്ചു- 'ഞങ്ങളുടെ ഈ സുഹൃത്ത് ഇങ്ങനെയൊരു വിഡ്ഢിയായിപ്പോയല്ലോ. ഏതെങ്കിലും സന്ന്യാസി പുല്ലാങ്കുഴൽ വായിക്കുമോ?'
എന്നാൽ അവരെ അതിശയിപ്പിച്ചുകൊണ്ട് ബുദ്ധൻ ആ പുല്ലാങ്കുഴൽ കയ്യിലെടുത്തു. ആഴത്തിലുള്ള കുറച്ചു ശ്വാസമെടുത്തതിനു ശേഷം ബുദ്ധൻ ആ പുല്ലാങ്കുഴൽ ചുണ്ടോടടുപ്പിച്ചു. വർഷങ്ങൾക്കുമുൻപ് കപിലവസ്തുവിലെ തന്റെ കൊട്ടാരത്തിൽ, ഒരു പൗർണമി രാത്രിയിൽ താൻ പുല്ലാങ്കുഴൽ വായിച്ച രംഗം ഒരു നിമിഷനേരത്തേക്ക് ബുദ്ധന്റെ മനസ്സിലൂടെ കടന്നുപോയി....ബുദ്ധനെ ശ്രവിച്ചുകൊണ്ടു മഹാപജാപതിയും ഭാര്യ യശോധരയും ...
ബുദ്ധന്റെ പുല്ലാങ്കുഴലിലൂടെ അതീവ ലോലമായ മധുരനാദം പുറത്തേക്കൊഴുകി. മുഴുവൻ അന്തരീക്ഷത്തേയും കവർന്നുകൊണ്ട് അത് അതീന്ദ്രീയ നാദപ്രപഞ്ചമായി, സർവ്വതിനേയും ദിവ്യനാദമായി പരിണമിപ്പിച്ചുകൊണ്ട്. ഒന്നിനു പകരം ഒരു പതിനായിരംപേർ വേണുഗാനമുതിർക്കുന്നതുപോലെ. സർവ്വ പ്രപഞ്ചവും അതീവ ചാരുതയാർന്ന ശബ്ദവിന്യാസങ്ങളായി മാറാൻ തുടങ്ങി. പക്ഷിമൃഗാദികൾ, എന്തിനധികം, കാറ്റുപോലും ശ്വാസമടക്കിപ്പിടിച്ച് ആ നാദപ്രപഞ്ചത്തിന് ചെവിയോർത്തു. ആ ആരണ്യകം മുഴുവനും ശാന്തിയുടേയും അദ്‌ഭുതങ്ങളുടേയും അപാരതയിൽ മുങ്ങി നിന്നു. ബുദ്ധനു ചുറ്റുമിരുന്ന ആ ചെറുപ്പക്കാർ, വനം, വൃക്ഷലതാദികൾ, ബുദ്ധൻ, സർവതിനോടും സർവരോടുമുള്ള സൗഹൃദം, വേണുഗാനം എന്നിങ്ങനെ വർത്തമാന ജീവിതത്തെ അനന്തമായ ആനന്ദാനുഭൂതിയായി അനുഭവിച്ചു. ബുദ്ധൻ പുല്ലാങ്കുഴൽ താഴെ വെച്ചിട്ടും ആ ഗാനനിർഝരി നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു.
അവരെല്ലാവരും അവർ അന്വേഷിച്ചു നടന്ന ആ സുന്ദരിയായ ചെറുപ്പക്കാരിയെ പറ്റിയോ അവൾ അപഹരിച്ചുകൊണ്ടുപോയ അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയോ ഓർത്തതേയില്ല. കുറെ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
പിന്നീട് , പുല്ലാങ്കുഴൽ കൈമാറിയ ആ ചെറുപ്പക്കാരൻ പറഞ്ഞു," അങ്ങ് എത്ര അദ്‌ഭുതാവഹമായാണ് വായിക്കുന്നത്! ഇത്ര മനോഹരമായ പുല്ലാങ്കുഴൽ വായന ഞാൻ ഇത് വരേക്കും കേട്ടിട്ടില്ല. അങ്ങ് ആരിൽനിന്നുമാണ് പഠിച്ചത് ? എന്നെ അങ്ങ് പഠിപ്പിക്കുമോ? എന്നെ ശിഷ്യനായി സ്വീകരിക്കാമോ ?"ബുദ്ധൻ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു," ചെറിയ കുട്ടിയായിരിക്കുമ്പോൾ പഠിച്ചതാണ്. എന്നാൽ, കഴിഞ്ഞ ഏഴു വർഷമായി ഞാൻ പുല്ലാങ്കുഴൽ സ്പർശിച്ചിട്ടേയില്ല. എന്നിരുന്നാലും മുൻപെന്നത്തേക്കാളും മനോഹരമായ ശബ്ദത്തിൽ എനിക്കു വായിക്കാൻ കഴിഞ്ഞു."
"ഗുരോ ,അതെങ്ങനെ സാധ്യമാണ് ? ഏഴു വർഷമായി പരിശീലിക്കാതിരുന്നിട്ടും അങ്ങേക്കെങ്ങനെ മുൻപത്തേക്കാളും മനോഹരമായി വായിക്കാൻ കഴിയുന്നു ?"
ബുദ്ധൻ പറഞ്ഞു ,"പുല്ലാങ്കുഴൽ വായിക്കുകയെന്നത് പരിശീലനത്തെ മാത്രം ആശ്രയിച്ചുനില്ക്കുന്നതല്ല. പണ്ടത്തേക്കാളും നന്നായി ഞാനിപ്പോൾ വായിക്കുന്നത്, ഞാനിപ്പോൾ എന്റെ യഥാർത്ഥ ഉണ്മയെ കണ്ടെത്തിയിരിക്കുന്നു എന്നതുകൊണ്ടാണ്. ആദ്യം നിങ്ങൾ സൗന്ദര്യത്തിന്റെ പാരമ്യതയെ സ്വന്തം ഹൃദയത്തിൽ കണ്ടെത്താതെ, കലയിൽ നിങ്ങൾക്ക് ഉത്തുംഗതയെ പ്രാപിക്കാനാവില്ല. ശരിക്കും ഭംഗിയായി നിങ്ങൾക്കു പുല്ലാങ്കുഴൽ വായിക്കണമെന്നുണ്ടെങ്കിൽ, ഉണർവിന്റെ പാതയിൽ നിങ്ങൾ നിങ്ങളുടെ ഉണ്മയെ കണ്ടെത്തേണ്ടിയിരിക്കുന്നു."
ഈ രംഗം വായിക്കുമ്പോഴൊക്കെയും (ഒരു പക്ഷേ ഇത്രയധികം തവണ മറ്റൊരു പുസ്തകവും ഞാൻ വായിച്ചിട്ടില്ല) കുറ്റിക്കാട്ടിലെ ഇരുട്ടിലിരുന്ന് പുല്ലാങ്കുഴൽ വായിച്ച ആ വൃദ്ധനും ചെറുപ്പക്കാരനും എന്റെ മുന്നിലൂടെ മിന്നി മറഞ്ഞു പോകും.
* * * * *വീണ്ടും അനൗൺസ്‌മെന്റ്- കുറച്ചു സമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ എത്തിച്ചേരുമത്രേ! കുറച്ചുസമയമായാലെന്ത്? കൂടുതൽ സമയമായാലെന്ത്? പ്ലാറ്റുഫോം ഏതായാലെന്ത്?
രാത്രിയുടെ ആ അർദ്ധയാമമപ്പാടെ തഥാത്വത്തിന്റെ തണുപ്പണിഞ്ഞിരിക്കുന്നു. suchness. ഇരുണ്ട വെളിച്ചത്തിൽ അവ്യക്തമായി കാണുന്ന റെയിൽപ്പാളങ്ങൾ