പശ്ചിമബംഗാളിലേക്കു തിരിക്കുമ്പോൾ പ്രധാനമായും ഉദ്ദേശിച്ചിരുന്നത് ശാന്തിനികേതൻ, ദക്ഷിണേശ്വർ, ബേലൂർ, കമാർപുക്കൂർ, ജയറാം ബട്ടി (ശ്രീ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും ജന്മസ്‌ഥലങ്ങൾ), എന്നിവയായിരുന്നു. പിന്നെ സുന്ദർബൻ. തിരിച്ചുവരുമ്പോൾ ബോധ്ഗയ, കാശി എന്നിങ്ങനെ. പക്ഷെ തികച്ചും അവിചാരിതമായി വീണുകിട്ടിയതായിരുന്നു, റാണിഗഞ്ചിലെ കൽക്കരിഖനി. പുളക് ലാഹിരിയുടെ ഒരു സുഹൃത്ത് മുഖേന
madan da |
സ്വാമി സംവിദ് പ്രേം.
pulak lahiri |
samvid prem |
പുളക് ലാഹിരി, ശ്രമിച്ചുനോക്കാം എന്നേ പറഞ്ഞിരുന്നുള്ളൂ, അപ്പോഴേക്കും പക്ഷേ 'സോർബാ ദ ഗ്രീക്ക്' ചിത്രത്തിലെ രംഗങ്ങൾ എന്റെ മനസ്സിലൂടെ വന്നുപോയ്‌കൊണ്ടിരുന്നു. അലക്സിസ് സോർബയും പണിക്കാരും ലിഗ്‌നൈറ്റ് ഖനിയിൽ നിന്നും ഇറങ്ങിവരുന്ന രംഗം മറക്കാനാവില്ല. ആ ഖനി ഉപേക്ഷിക്കേണ്ടിവന്നതിനാലാണ് സോർബ മറ്റു പദ്ധതികൾ ആവിഷ്കരിക്കുന്നത്. കൽക്കരി ഖനിയുടെ ദൃശ്യങ്ങളുള്ള മറ്റൊരു സിനിമയും എന്റെ ഓർമ്മയിലുണ്ട്. അതു പക്ഷേ പ്രധാന സിനിമകളിൽ ഇടം പിടിച്ചിട്ടില്ലെന്നു തോന്നുന്നു - The Razor's Edge - Somerset Maugham - എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം .
ഏതായാലും കുറച്ചു സമയത്തിനുള്ളിൽ മദൻ ദാ വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. സേഫ്റ്റി ഹെൽമെറ്റു ധരിച്ച് ഖനിയുടെ 'പ്രവേശന ദ്വാര'ത്തിനു മുന്നിലെത്തിയപ്പോൾ - ഭൂമിക്കുള്ളിലേക്കുള്ള ഒരു ദ്വാരം തന്നെയായിരുന്നു അത് - ഒരു ബ്ലാക്ക് & വൈറ്റ് ലോകം - കൽക്കരിപ്പൊടികളും ഏതോ ഭൂതത്തിലേതെന്നു തോന്നിക്കുന്ന പഴകിയ റെയിൽപാളങ്ങളും. ഒരു പക്ഷേ, അന്തരീക്ഷം എത്ര വർണ്ണശബളമാക്കാൻ ശ്രമിച്ചാലും, പറ്റില്ലെന്നു വരുമോ! കറുത്ത രത്നങ്ങളുടെ - കൽക്കരിയെ വിശേഷിപ്പിക്കാറുള്ളത് കറുത്ത രത്നങ്ങളെന്നും പെട്രോളിയത്തെ വിശേഷിപ്പിക്കാറുള്ളത് കറുത്ത സ്വർണമെന്നുമാണ് - ശ്യാമപ്രഭാവത്തിൽ മറ്റു നിറങ്ങളെല്ലാം സ്വംശീകരിക്കപ്പെടുന്നതോ? വെറുതെ ഓർമ്മ വന്നു, കൊൽക്കത്ത എന്ന പേര് നീറ്റുകക്കയിൽനിന്നുo (kali, kata )ഉണ്ടായതാണെന്നും,കാളിയുടെ കേളീരംഗം എന്ന അർത്ഥത്തിലുള്ള 'Kalikkhetrô' പരിണമിച്ചതാണെന്നുമൊക്കെ .
താഴേക്കിറങ്ങാൻ വേണ്ടി പ്ലാറ്റുഫോമിൽ കയറിനിന്നപ്പോൾ, ഒട്ടും സാങ്കേതിക മികവ് ഇല്ലാതിരുന്നിട്ടും (ഒരു താത്ക്കാലിക സംവിധാനം എന്നേ തോന്നുമായിരുന്നുള്ളൂ - ഒന്നുകിൽ 'അപ്‌നാ ദേശ്' കാ തനതു മനോഭാവം അല്ലെങ്കിൽ കൽക്കരി ഖനികളുടെ പൊതുസ്വഭാവം) ഒരു 'ടൈം ട്രാവൽ' മെഷീനിൽ കയറിനിൽക്കുകയാണെന്നു സങ്കല്പിക്കാൻ മോഹം തോന്നി. വെറുതെ അങ്ങനെ കഴിഞ്ഞകാലത്തിലൂടെ പിന്നോട്ട് യാത്ര ചെയ്യുക. മനുഷ്യന്റെ എക്കാലത്തെയും തീരാമോഹമാണെന്നു തോന്നുന്നു. ശാസ്ത്ര സാഹിത്യകലാ മേഖലകളിൽ ടൈം ട്രാവൽ ഭാവനകൾ കുറച്ചൊന്നുമല്ല.
ആ ഭാവനകളുമായി കാര്യമായി ഇടപഴകിയിട്ടില്ലെങ്കിലും, എന്നെ സമൂലം പിടിച്ചുകുലുക്കിയ ഒരു ചെറുകഥയുണ്ട് - സയൻസ് ഫിക്ഷൻ ലോകത്തെ ഒരതികായനെഴുതിയ (ROBERT. A. HEINLEIN) "all you zombies". വിശേഷ വൈദഗ്ധ്യം വെറും പ്രാണികൾക്കു പറഞ്ഞിട്ടുള്ളതാണ്; മനുഷ്യനെന്നത് ഏതു പ്രവർത്തിയിലേക്കും വ്യാപാരിക്കാനാവുന്ന അവബോധ കേന്ദ്രമാണെന്ന് ഓർമിപ്പിച്ച അമേരിക്കൻ എഴുത്തുകാരൻ ("A human being should be able to change a diaper, plan an invasion, butcher a hog, conn a ship, design a building, write a sonnet, balance accounts, build a wall, set a bone, comfort the dying, take orders, give orders, cooperate, act alone, solve equations, analyze a new problem, pitch manure, program a computer, cook a tasty meal, fight efficiently, die gallantly. Specialization is for insects.") സ്ഥല കാല ചേരുവകളുടെ സങ്കീർണ്ണതയും, ഐൻസ്റ്റീൻ 'wormholes' എന്നുവിളിച്ച 'കുറുക്കുവഴി പ്രപഞ്ച'ങ്ങളും ഒരുപോലെ ഇടകലർന്ന്, തത്വമസി മനനത്തോളം ചെന്നെത്തുന്ന ഭാവനാസത്യങ്ങൾ (അങ്ങനെപ്രയോഗിക്കാമോ എന്നറിഞ്ഞുകൂടാ) പങ്കു വെക്കുകയാണ് 'all you zombies'.
ബാർ ടെൻഡർ ആയിട്ടുള്ള ഒരാൾ ഒരു ടൈം ട്രാവൽ മെഷിനിൽ കയറി കാലത്തിലൂടെ പിന്നിലേക്കു യാത്ര ചെയ്യുന്നതാണ് കഥ. തന്റെ തന്നെ പൂർവ്വജന്മങ്ങളേയും താൻ തന്നെ പുനർജ്ജനിക്കുന്നതുമായി അയാൾ അടുത്തറിയുന്നു. അതിലുമുപരി അയാൾ തിരിച്ചറിയുന്ന ചില സത്യങ്ങളുണ്ട്. ഒരുപക്ഷേ, കഥാപാത്രമെന്ന നിലയിൽ ആ സത്യങ്ങൾക്കുനേരെ അയാൾ നിസ്സംഗനാണെങ്കിലും, വായിക്കുന്നവരിലേക്ക് ആ സത്യങ്ങൾ കയറിവരുന്നത് കൂർത്ത മുനകളുമായാണ്.
കാലത്തിന്റെ ദ്വാരപ്രഹേളികകളിലൂടെ താൻ തന്നെ തന്റെ മുത്തച്ഛനായും തന്റെ തന്നെ കുഞ്ഞായും അമ്മയായുമൊക്കെ മാറിമറിഞ്ഞുവരുന്ന കാഴ്ച. 'സങ്കീർണമായ മനുഷ്യബന്ധങ്ങൾ ' എന്ന ക്ളീഷേകളെക്കൊണ്ടല്ല അതിനെ സമീപിക്കേണ്ടത്. അടിസ്ഥാനപരമായ ഊർജ്ജസംക്രമണസമസ്യകൾ - hyper dimensions - എന്ന വിനയം
കൊണ്ടായിരിക്കണം. michio kaku എന്ന ശാസ്ത്രജ്ഞൻ 'world lines' എന്ന തന്മാത്രാ തത്വങ്ങളുടെ വെളിച്ചത്തിൽ ഈ ചെറുകഥയെ വിശകലനം ചെയ്യുമ്പോൾ, നിരൂപണമെന്നത് ഒരു ശാസ്ത്രകലയാണെന്ന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു.
michio kaku |
ഞങ്ങൾ നാലുപേരും കയറിനിന്നതിനു ശേഷം ഒരു ബട്ടൺ അമർത്തിയപ്പോൾ ഞങ്ങളെയും കൊണ്ട് ആ പ്ലാറ്റുഫോം താഴോട്ടു പോകാൻ തുടങ്ങി. അല്പമൊന്നു ആടിയുലഞ്ഞ്, ലോഹങ്ങൾ തമ്മിലുരസുമ്പോഴുണ്ടാവുന്ന ചില്ലറ മുറുമുറുപ്പുകളോടെ. ലോഹച്ചരടുകളുടെ ആയാസങ്ങൾ. ആധുനികമായ ലിഫ്റ്റും ക്യാബിനും സവിധാനങ്ങളുമല്ലാതിരുന്നത് നന്നായി. അങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ ഒരു കയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാന്നെന്ന് ഇത്രക്കും ഗഹനതയോടെ അനുഭവിക്കാനാവില്ലായിരുന്നു. 625 അടി താഴേക്കാണ് സാവധാനം പൊയ്ക്കൊണ്ടിരുന്നത്. (അത്ര സാവധാനമൊന്നുമല്ലായിരുന്നാലും, ഞാൻ അതിനെ വളരെ സാവധാനമുള്ള ഒരു വീഴ്ചയായി അനുഭവിച്ചു എന്നതാണ് നേര്).
വീണുകൊണ്ടിരിക്കുക എന്നത് മനോഹരമായ ഒരനുഭവം തന്നെയാണ് .
ഉയരമുള്ള മുളത്തലപ്പുകളിൽ നിന്ന്, വെളുത്ത മാർബിൾ തറയിലേക്ക് ഉതിർന്നുവീഴുന്ന ഉണക്കിലകൾ, കറങ്ങിക്കറങ്ങി സാവധാനം നിലത്തു പതിക്കുന്നത്, എത്ര കണ്ടാലാണ് മതിവരുക ! ഓഷോ കമ്മ്യൂണിൽ ,’ബുദ്ധാ ഗ്രൊവി’ൽ ഇരിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടമുള്ള ധ്യാനം മുളയിലകളുടെ ഈ വർഷ നൃത്തമാണ് .
വീഴ്ച്ചകളിൽ ഒരല്പം ബോധം കലരുമ്പോൾ, അതിനു സമർപ്പണഛായ കൈവരുന്നു. പിന്നീട് ആ വീഴ്ചയിൽ നാം അനുഭവിക്കുക അഭയമാണ്, അമ്പരപ്പല്ല. കുറേ വർഷങ്ങൾക്കു മുൻപായിരുന്നു ഒരിക്കൽ ആഷാമേനോന് എഴുതിയപ്പോൾ, 'an abysmal falling into osho' എന്ന് ഞാൻ എന്റെ വർത്തമാനത്തെ നിർവചിച്ചത്. 'ഛന്ദസ്സുകൾ’-ൽ , ആ വാക്കുകൾ തന്നെയിപ്പോഴും പിന്തുടരുന്നുവെന്നു ആഷാമേനോൻ
പ്രതിവചിക്കുമ്പോൾ, ഞാനതിനെ ഇങ്ങനെയേ മനസ്സിലാക്കൂ ,"he too,in that falling, the very abysmal falling". ഓഷോവിലേക്കെന്നല്ല, മറ്റാരിലേക്കുമല്ല, തന്നിലേക്കു തന്നെ എന്നു പോലും പറയാനാവില്ല, പക്ഷേ വീഴാതിരിക്കുക അസാധ്യമാണ്. എത്ര നിഷേധിച്ചാലും, എത്ര തന്നെ സംശയിച്ചാലും, എത്ര തന്നെ അജ്ഞനായാലും, that falling is the very beat of existence. ബോധചേതനയുടെ ഹൃദയമിടിപ്. ആരിലും. ഏതിലും. ഛന്ദസ്സുകൾ എന്ന പദത്തിന് മറ്റെന്ത് ധ്വനികളാണുള്ളത് ?
ഈ കയത്തിലേക്കിറങ്ങിപ്പോകുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോവുകയാണ്. Deeper, deeper…..and deeper...aashamenon |
ഈവെനിംഗ് മീറ്റിങ്ങുകളിൽ ഓഷോയുടെ ശബ്ദത്തോടൊപ്പം എത്രയോ തവണ ആഴ്ന്നാഴ്ന്നു പോയിരിക്കുന്നു, എവിടേക്കെന്നില്ലാതെ. എന്റെ കാതുകളിൽ ആ ശ്രവണങ്ങൾ തുടരുകയാണിപ്പോഴും :
Be silent ...
close your eyes ...
Feel as if you are frozen.
Enter in.
The deeper you can,
the more you will experience
your buddha-nature.
At the deepest point,
you are the ultimate reality –
with all the blessings
that you can ever conceive of.
Don’t miss the opportunity.
It is the simplest thing in the world
to go in ... because it is your own home.
You need not even knock on the doors.
In fact there are no doors inside.
It is an open space, an open sky.
But to know this open sky
is to realize
the deathless principle of your existence.
Deeper, deeper, and deeper ...
Drink this life juice to your heart’s content.
And remember this peace, this silence,
this blissfulness.
Around the day,
whatever you are doing, don’t forget it.
Like an undercurrent,
let it remain there.
And slowly, slowly
it will change your whole life structure.
ആ പ്ലാറ്റ്ഫോം താഴെയെത്തി മുട്ടിനിന്നപ്പോൾ ഇരുട്ട് മാത്രമായിരുന്നു ചുറ്റും . നിമിഷങ്ങളെടുത്തു കണ്ണ് തെളിയാൻ. മങ്ങിയ മഞ്ഞവെളിച്ചം. മെലിഞ്ഞുണങ്ങിയ രണ്ടു റെയിലുകൾ അകത്തേക്ക് വെട്ടിയിട്ടുള്ള തുരങ്കങ്ങളിലൂടെ എവിടേക്കോ കടന്നുപോകുന്നുണ്ട്. നാലരകിലോമീറ്റർ ദൂരെയാണത്രേ ഇപ്പോൾ ഖനനം നടക്കുന്നത്. ഈ പാടത്തിൽ (coal field), തൊണ്ണൂറിലധികം ഖനികളുണ്ട്. കുഴിച്ചുകൊണ്ടേയിരിക്കുകയാണവർ.
അതിജീവനത്തിന്റെ ആദ്യനാളുകളിൽ പ്രകൃതിനിർമ്മിത ഗുഹകളിൽ നിവസിച്ചുപോന്നിട്ടുള്ള മനുഷ്യൻ എവിടം മുതലാണ് ഗഹ്വരങ്ങളിലും മണ്ണ് തുരക്കുന്നതിലും അനുരക്തനായത് എന്ന് കൃത്യമായി പറയാനായിട്ടില്ല. ഇതുവരേക്കും കണ്ടെത്തിയിട്ടുള്ള തുരങ്കങ്ങൾ വെച്ചുകൊണ്ട് ഏകദേശം അയ്യായിരം വർഷങ്ങളായി അവൻ തുരങ്കനിർമ്മാണത്തിൽ വ്യാപൃതനാണെന്ന് അനുമാനിക്കപ്പെടുന്നു. മണ്ണുമാന്തിക്കൊണ്ടുള്ള ശവസംസ്ക്കാരം ഏകദേശം ഒരു ലക്ഷം വർഷം മുൻപേ ചെയ്തുപോന്നിട്ടുണ്ടത്രേ! ഏതായാലും കേവലം ജൈവികമായ ഒരു ത്വരയുടെ ഭാഗമായി ഭൂമി തുരക്കുന്ന ജീവികളെപ്പോലെയല്ലാതെ, കൃത്യമായ ഏതോ ആവശ്യങ്ങൾക്ക് വേണ്ടി മണ്ണ് തുരന്നു തുരന്നു മുന്നേറിയ നാളുകൾ മനുഷ്യപരിണാമത്തിലെ സ്വതന്ത്രാവബോധത്തിന്റെ നാഴികക്കല്ലുകളായി എണ്ണപ്പെടുന്നുണ്ട്. ആകാശം മുട്ടുന്ന പർവ്വതാഗ്രങ്ങളെപ്പോലെത്തന്നെ അന്തമില്ലാത്ത ആഴങ്ങളും അവനെ പ്രലോഭിപ്പിച്ചു കാണില്ലേ?
തമോദ്വാരങ്ങൾ, സുഷിരമെന്നും വൃത്തമെന്നുമുള്ള പ്രതിഭാസങ്ങൾ അവന്റെ ചേതനയിലെ ഏതെല്ലാം അജ്ഞാത ലോകങ്ങളിലേക്കു പ്രകാശം വീഴ്ത്തിക്കാണില്ല? ജ്യാമിതിയുടെ ജൈവനാമ്പുകൾ. അന്ധകാരത്തിന്റെ കാണാവലയങ്ങൾ. അതുവരേക്കും അനുഭവിച്ചിട്ടില്ലാത്ത ശബ്ദവിന്യാസങ്ങൾ. പിന്നെയും എന്തെല്ലാമോ തന്റെ തുരങ്ക നിർമ്മാണങ്ങൾ അവനു സമ്മാനിച്ചു കാണും.
'മേരി ദുക്കല് ദേ വിച്ച് ചോർണി' (എന്റെയുള്ളിൽ ഒരു മോഷ്ടാവ് കുടിയിരിക്കുന്നുണ്ട്) എന്ന് ബുല്ലേ ഷാ പാടിയത് പോലെ മനുഷ്യനകത്ത്, മാളം നിർമ്മിക്കുന്ന ഏതൊക്കെയോ മൃഗ ചോദനകൾ വസിക്കുന്നുണ്ടാവണം. പെരുച്ചാഴി മുതൽ വെട്ടാ വെളിയൻ വരെ. മണ്ണുകുഴച്ചുണ്ടാക്കിയ ഒരു വേട്ടാളൻ കൂടിന്റെ ആദ്യ ദർശനം അവനിൽ നിഗൂഢതയുടെ
പ്രാരംഭപ്രതീകങ്ങളിലൊന്നായിരിക്കണം- a mystery capsule. (കൃത്യമായും ഒരു വേട്ടാളൻ കൂടുപോലുള്ള ഒരു സംഗീതോപകരണം (xun) പാരിതോഷികമായി കിട്ടിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു- അനിൽ സരസ്വതിക്ക് നന്ദി). ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സിൽ വേട്ടാളൻ ഒരു സുപ്രധാന പ്രതീകമാണെന്നോർക്കുക. വേട്ടാളൻ തുളച്ചുവിട്ട ഒരു മുളന്തണ്ടായിരിക്കണം അവന്റെ ശ്രവണപുടങ്ങളെ കുളിരണിയിച്ച ആദ്യ സ്വനങ്ങൾ സമ്മാനിച്ചത്.
പ്രാരംഭപ്രതീകങ്ങളിലൊന്നായിരിക്കണം- a mystery capsule. (കൃത്യമായും ഒരു വേട്ടാളൻ കൂടുപോലുള്ള ഒരു സംഗീതോപകരണം (xun) പാരിതോഷികമായി കിട്ടിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു- അനിൽ സരസ്വതിക്ക് നന്ദി). ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സിൽ വേട്ടാളൻ ഒരു സുപ്രധാന പ്രതീകമാണെന്നോർക്കുക. വേട്ടാളൻ തുളച്ചുവിട്ട ഒരു മുളന്തണ്ടായിരിക്കണം അവന്റെ ശ്രവണപുടങ്ങളെ കുളിരണിയിച്ച ആദ്യ സ്വനങ്ങൾ സമ്മാനിച്ചത്.
സുഷിരവാദ്യങ്ങളിലേക്കുള്ള താല്പര്യം കേവലം നിലനിൽപ്പിന്റെ ഭാഗമായിരുന്നില്ല. ശ്രവണത്തിന്റെ പ്രഥമാങ്കുരങ്ങൾ, ഒരു ധ്യാനമെന്ന നിലയിൽ, സംഭവിച്ചിട്ടുള്ളത് ചെറുത്തുനില്പിന്റേയും പലായനങ്ങളുടേയും ഇടയിലെവിടെയോ അവനിലേക്ക് കയറിവന്ന സൂക്ഷ്മ ധ്വനികളിലൂടെയാകും. മരപ്പൊത്തുകളും ഗുഹാന്തരങ്ങളും പ്രതിധ്വനിപ്പിച്ച മുഴക്കങ്ങൾ. പൊള്ളയായ അസ്ഥിപഞ്ജരങ്ങളിൽ കാറ്റു പിടിച്ചപ്പോൾ ഉതിർന്നുവീണ മൃദു വരിശകൾ.
Geissenklösterle ഗുഹകളിൽ നിന്നും ( ജർമ്മനി ) ഈയടുത്തകാലത്ത് കണ്ടെടുത്ത അസ്ഥികൊണ്ടുള്ള ഒരു ഫ്ലൂട്ട് ആണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കുന്നത്.
അതിന്റെ പഴക്കം ഏകദേശം 43000 വർഷമാണത്രേ. ഇത് നടക്കുന്നത് ഹിമയുഗത്തിൽ ആണെന്നോർക്കുക. വൈജാത്യമാർന്ന മറ്റു ഗോത്രങ്ങളുമായി സംവദിക്കാനും അനേകം ഭൂവിസ്തൃതികളിലേക്കു പടർന്നുപെരുകാനും മനുഷ്യനെ സഹായിച്ചത് ഈ അസ്ഥിക്കുഴലുണ്ടാക്കിയ ആന്ദോളനങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു.
അതിന്റെ പഴക്കം ഏകദേശം 43000 വർഷമാണത്രേ. ഇത് നടക്കുന്നത് ഹിമയുഗത്തിൽ ആണെന്നോർക്കുക. വൈജാത്യമാർന്ന മറ്റു ഗോത്രങ്ങളുമായി സംവദിക്കാനും അനേകം ഭൂവിസ്തൃതികളിലേക്കു പടർന്നുപെരുകാനും മനുഷ്യനെ സഹായിച്ചത് ഈ അസ്ഥിക്കുഴലുണ്ടാക്കിയ ആന്ദോളനങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു.
മൂന്നു മണികൾ മുഴങ്ങി. മുകളിൽ നിന്നും ആരോ ഇറങ്ങിവരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. പ്ലാറ്റുഫോമിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നത് മുഴങ്ങുന്ന മണികളുടെ എണ്ണമനുസരിച്ചാണ്. ഒരു മണിയടിച്ചാൽ കൽക്കരിയുമായി ട്രോളി വരുന്നുണ്ടെന്നർത്ഥം. രണ്ടുമണിയടിച്ചാൽ ട്രോളി മുകളിൽ നിന്നും ഇറങ്ങുന്നുവെന്നർത്ഥം. അങ്ങനെയങ്ങനെ. 625 അടി ആഴമുള്ള തുരങ്കത്തിൽ മണികൾ മുഴങ്ങിയപ്പോൾ, പരിചയമില്ലാത്ത കാതുകൾക്ക് ദിശയറിയാൻ പാടാണ്. കനത്ത ഇരുട്ടിൽ, വിശേഷിച്ചും പ്രാചീനമായ തുരങ്കമുഖങ്ങളിൽ നിന്നും എന്ത് ശബ്ദം കേട്ടാലും ഒരു വേള, അത് വരുന്നത് നമുക്കകത്തുനിന്ന് തന്നെയോ എന്ന് തോന്നിപ്പോകും.
കൽക്കരി നിറച്ച ഒരു ട്രോളിക്കു പിന്നാലെ കൽക്കരിപുരണ്ട ദേഹങ്ങളുമായി ഒന്നുരണ്ടു പേർ കടന്നു വന്നു, ഭൂമിക്കടിയിലുള്ള ഏതോ ഒരിടത്തുനിന്നും വന്ന അന്യജീവികളെപ്പോലെ.
ഇത്തരമൊരു ഗുഹാപ്രവേശമുണ്ടായിട്ടുള്ളത് ചിപ്ലൂണിൽ വച്ചാണ്. അവിടെ അടുത്തുള്ള അലോരെ ഹൈഡ്രോ പവർ പ്ളാൻറ് സന്ദർശിച്ചപ്പോൾ. വളരെ വലിയ ഒരു മലയാണ്. പുറമേനിന്ന് ഒരു മാളം മാത്രമേ കാണാനാവൂ. ജീപ്പ് അകത്തേക്ക് കടന്നപ്പോൾ, മലക്കകത്തു മറ്റൊരുലോകം. രണ്ടു ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. മറ്റൊരു വശത്ത് ഒരു ചായക്കട. ഒരു ബെഞ്ചിൽ ഇരുന്ന് ഒന്നു രണ്ടു പേർ പത്രം വായിക്കുന്നു. ഉള്ളിലേക്ക് കയറിച്ചെന്നപ്പോൾ ...നാലുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള നാലു വെർട്ടിക്കൽ ടർബൈനുകൾ കുത്തിനിർത്തിയിരിക്കുന്നു. നാല്പത്തിയാറു കിലോമീറ്റർ ദൂരെ ക്വയ്‌ന ഡാമിൽനിന്നാണ് ഈ ടർബൈനുകളിലേക്കു വെള്ളമെത്തുന്നത്. നിരവധി മുറികളും കണ്ട്രോൾ റൂമുകളും, എല്ലാം മല തുരന്നുണ്ടാക്കിയിരിക്കുന്നു. വായു സഞ്ചാരത്തിനുവേണ്ടി പതിനഞ്ചു മീറ്റർ വ്യാസമുള്ള ഒരു ഫാൻ, മലയുടെ ഒരു ശിഖരത്തിൽ ദ്വാരമുണ്ടാക്കി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റൊരുവശത്തുകൂടെ അഞ്ചു കിലോമീറ്ററും പത്തുകിലോമീറ്ററും ദൈർഘ്യമുള്ള മറ്റു രണ്ടു തുരങ്കങ്ങളും കാണാവുന്നതാണ്. ആസ്വാദ്യമായിട്ടുള്ള എഞ്ചിനീയറിംഗ് വൈദഗ്ദ്യങ്ങൾ.
കൽക്കരി ഖനിയിൽ പക്ഷേ അത്തരം വൈദഗ്ദ്യങ്ങളോ വിസ്മയങ്ങളോ പ്രകടമല്ലായിരുന്നു. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാചീനതയുടെ വൈകാരികാംശങ്ങൾ, ഒരു reliving എന്നോണം, ഈ അന്തരീക്ഷം നമുക്കൊരുക്കിത്തരുന്നത് .
കുറേ സമയത്തിനു ശേഷം മദൻ ദാ ഞങ്ങളെ മുകളിലേക്കെത്തിച്ചു. ഇരുട്ടിന്റെ മാസ്മരികതയിൽ നിന്ന് വീണ്ടും വെളിച്ചത്തിന്റെ പോർമുഖങ്ങളിലേക്ക്. ഒരു തരം അകം നൂഴൽ. അകത്തുനിന്നും കുഴിച്ചെടുക്കപ്പെട്ട
കൽക്കരിക്കഷ്ണങ്ങൾ ദൂരെ കൊണ്ടുപോയി ശേഖരിക്കുന്നുണ്ട് . അവ അഗ്നിയാണത്രേ. കോടിക്കണക്കിനു വർഷങ്ങളുടെ അഗ്നി അതിൽ സുപ്തമായി കിടക്കുന്നു. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചു 30 കോടി വർഷങ്ങളാണ് കൽക്കരിയുടെ ചുരുങ്ങിയ പ്രായം. അവ പകരുന്ന ചൂടും വെളിച്ചവും കാലത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചുകളയുന്നു. പ്രാചീനത, ആധുനികത എന്നീ പദങ്ങൾക്ക് നമ്മുടെ ഉണർവിന്റെ ഏതോ തലങ്ങളിൽ വെച്ച് അവയുടെ അർത്ഥം നഷ്ടമാവുന്നുണ്ട്.
കൽക്കരിക്കഷ്ണങ്ങൾ ദൂരെ കൊണ്ടുപോയി ശേഖരിക്കുന്നുണ്ട് . അവ അഗ്നിയാണത്രേ. കോടിക്കണക്കിനു വർഷങ്ങളുടെ അഗ്നി അതിൽ സുപ്തമായി കിടക്കുന്നു. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചു 30 കോടി വർഷങ്ങളാണ് കൽക്കരിയുടെ ചുരുങ്ങിയ പ്രായം. അവ പകരുന്ന ചൂടും വെളിച്ചവും കാലത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചുകളയുന്നു. പ്രാചീനത, ആധുനികത എന്നീ പദങ്ങൾക്ക് നമ്മുടെ ഉണർവിന്റെ ഏതോ തലങ്ങളിൽ വെച്ച് അവയുടെ അർത്ഥം നഷ്ടമാവുന്നുണ്ട്.
ഉണർവിനെക്കുറിച്ചു പറയുന്നേടത്തൊരിക്കൽ ഓഷോ ഉണർവിനെ ഉപമിച്ചിട്ടുള്ളത് ചുട്ടു പഴുത്ത കൽക്കരിയെന്നാണ്, the burning coal.
ഇക്കാണുന്ന കൽക്കരിക്കഷ്ണങ്ങൾ വെറും കൽക്കരിയല്ല തന്നെ. മറ്റെന്തിനെയൊക്കെയോ അവ പ്രതിനിധാനം ചെയ്യുന്നുണ്ട് !
കബീർ പാടിയിട്ടുണ്ട്, കുഴിച്ചു കുഴിച്ചു സ്വയം കുഴിച്ചുപോയെന്ന്.
ഏതായാലും ആനന്ദമെന്നത് ഖനിജമായിരിക്കില്ല, ഖനനമാവാനേ വഴിയുള്ളൂ.
* * * ആദ്യകാലങ്ങളിൽ, തുരങ്കങ്ങളുണ്ടാക്കി ആഴങ്ങളിലേക്ക് പോകാൻ ശ്രമിച്ചിരുന്നവരെ 'ഇറങ്ങിപ്പോകുന്നവർ' എന്ന് വിളിച്ച് സമൂഹത്തിന് പുറത്തു നിർത്തിയിരുന്നുവത്രേ. എനിക്ക് തോന്നുന്നു, ആകാശങ്ങൾ താണ്ടാൻ ശ്രമിച്ചിരുന്നവരേയും മാറ്റി നിർത്തിയിട്ടുണ്ടാകണം. വിലക്കുകൾക്ക് നന്ദി പറയുക; പ്രതിരോധങ്ങൾ പര്യവേക്ഷണങ്ങൾക്ക് ഊർജ്ജം പകർന്നിട്ടേയുള്ളൂ.
ഇറങ്ങിപ്പോക്കുകൾ തുടരുക തന്നെ ചെയ്യുന്നു, എല്ലാവരിലും, എക്കാലത്തും.