മന:പാഠമാക്കാനുള്ള കഴിവ് ആവശ്യമെങ്കിൽക്കൂടി, എന്തിനേയും മന:പാഠമാക്കാനുള്ള ത്വര അപകടകരമാണ്. 'കാണാതെ പഠിക്കുകയല്ല, മനസ്സിലാക്കി പഠിക്കുകയാണ് വേണ്ടത്' എന്ന് കാണാതെ പഠിച്ചു വന്ന അധ്യാപകരും രക്ഷിതാക്കളുമെല്ലാം നമ്മളോട് ഒരുപാട് പറഞ്ഞുപോന്നിട്ടുണ്ടെങ്കിലും, നമ്മളും മിക്കപ്പോഴും കാണാതെ പഠിച്ച് എങ്ങനെയെങ്കിലും കടന്നുപോരികയാണ് ചെയ്തിട്ടുള്ളത്.
ഓർമ്മശക്തിയളക്കുക എന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന നമ്മുടെ പരീക്ഷകളിൽ മന:പാഠങ്ങളെക്കൊണ്ട് പ്രയോജനമുണ്ടായേക്കാമെങ്കിലും, ജീവിതമെന്ന ഈ ‘ALWAYS-ON-LINE’ പ്രതിഭാസത്തിൽ മന:പാഠങ്ങൾക്ക് അത്ര വലിയ പ്രസക്തിയില്ലെന്നു മാത്രമല്ല, ആ പാഠങ്ങൾ ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മന:പാഠങ്ങൾ ഇന്നലെയുടെ മാത്രം പാഠങ്ങളാണ്; ഇന്നിന്റെയല്ല, ഈ നിമിഷത്തിന്റെയല്ല. 'മനസ്സിലാക്കി പഠിക്കുക' എന്ന് നാം പ്രയോഗിച്ചു ശീലിച്ചുവെങ്കിലും, ആ പ്രയോഗത്തിനകത്ത് ഒരു വൈരുദ്ധ്യം ഒളിഞ്ഞു കിടപ്പുണ്ട്. മനസ്സിലായാൽ പിന്നെ പഠിക്കേണ്ടതില്ല. മനസ്സിലാകാത്തതിനെയാണ് നാം പഠിച്ചു പാഠമാക്കുന്നത്. ഇവിടെ മനസ്സിലാവുക എന്ന് പറയുന്നത് understanding (ഗ്രഹിക്കുക) എന്ന അർത്ഥത്തിലാണ്. മനസ്സ് മാറി നില്ക്കുമ്പോഴേ 'മനസ്സിലാവൽ' സംഭവിക്കുന്നുള്ളൂ. മനസ്സാകട്ടെ അങ്ങനെ എളുപ്പം മാറി നില്ക്കുന്നില്ലെന്നു മാത്രമല്ല, അത് അതിന്റെ പ്രഭാവം ഓരോ നിമിഷവും തെളിയിക്കാൻ തത്രപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ്, 'മനസ്സിലാക്കാനൊക്കെ വലിയ പാടാണ്, ഞാനിതു കാണാതെ പഠിച്ചോളാം' എന്ന് നാം പെട്ടെന്നങ്ങു തീരുമാനമെടുക്കുന്നത്.
ഇനി ഈ കാണാതെ പഠിക്കുന്നതിൽ തന്നെ, എവിടെയെങ്കിലും നമുക്കൊരല്പം ബോധവാനാകേണ്ടി വന്നാൽ, മനസ്സ് അതിൽ നിന്നും വഴുതിമാറിക്കളയും. യാതൊരു വിധ ശ്രദ്ധയും ആവശ്യമില്ലാതെയുള്ളതിനെയാണ് മനസ്സ് ആദ്യമാദ്യം മന:പാഠമാക്കുക. അതുതന്നെ ഏറെ ആഴത്തിൽ പതിയുകയും ചെയ്യും. അതുകൊണ്ടുതന്നെ ആ പാഠങ്ങളത്രയും വേണ്ടാത്തിടത്തൊക്കെ കയറിവന്ന് ഇടങ്കോലിടും.
താഴ്ചയുള്ളേടത്തേക്ക് വെള്ളം അനായാസേന ഒഴുകിപ്പോകുന്നതുപോലെയാണ് ഇതും. ശ്രദ്ധയില്ലാത്തതിനെയൊക്കെ മനസ്സ് ഇടിച്ചുകയറി പാഠമാക്കിക്കളയും. മിക്ക പാഠങ്ങളും കാണാപാഠമാകുന്നത് നാം അറിയുന്നുപോലുമില്ല. ഇപ്പറയുന്നതൊന്നും കേവലം പുസ്തകപഠനത്തിന്റെയോ പരീക്ഷകളുടേയോ സ്‌കൂൾ വിദ്യാർത്ഥികളുടേയോ മാത്രം കാര്യത്തിലല്ല. നമ്മുടെ ഓരോരുത്തരുടേയും ദൈനം ദിന ജീവിതത്തിലെ കാര്യങ്ങളാണിവ. രാവിലെ ഉറക്കമുണരുന്നത് മുതൽ, രാത്രി ഉറങ്ങിവീഴുന്നതു വരേക്കുമല്ല, ഉറക്കത്തിൽ പോലും നാം പാഠങ്ങൾ പഠിക്കുകയും പഠിച്ച പാഠങ്ങൾ വീണ്ടും ശീലിച്ചുകൊണ്ടിരിക്കുകയുമാണ്.
ശ്രദ്ധാപൂർവ്വമല്ലാതെ നാം ചെയ്യുന്ന ഏതൊരു പ്രവർത്തിയും, ഏതൊരു ചലനവും, നാം പരിചരിച്ചുകൊണ്ടിരിക്കുന്ന ഓരോ വിചാരവും, അശ്രദ്ധമായി നാം ഉച്ചരിക്കുന്ന ഓരോ വാക്കും നമ്മുടെ മനസ്സ് മന:പാഠങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. എത്ര 'പഠിക്കാത്തവനും' ഇക്കാര്യത്തിൽ ഒന്നാമനാണ്; പഠിക്കുന്നവന്മാരെപ്പോലെത്തന്നെ.
അതുകൊണ്ടാണ് നമ്മുടെ ചേഷ്ടകളിലും വാക്കിലും നോക്കിലും നടപ്പിലുമൊക്കെ ശീലങ്ങൾ മുന്തി നില്ക്കുന്നത്. ഓരോ ചുവടും വ്യത്യസ്തമാക്കാൻ കാലുകൾ വലിച്ചും തിരിച്ചും മുന്നോട്ടു വെക്കണം എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. ശീലത്തെക്കാളുപരി ശരീരപ്രകൃതവും അതിനു കാരണമായിരിക്കുന്നുണ്ട്. എന്നാൽ ഓരോ ചുവടും വെറും ആവർത്തനമാകാതിരിക്കാൻ, പുറമേ അത് ആവർത്തനമെന്നു തോന്നുകയോ തോന്നാതിരിക്കുകയോ ചെയ്യട്ടെ, നാം ഒന്നു 'മനസ്സ്' വെച്ചാൽ മതി. നാം നടക്കുന്ന രീതികൾ മനഃപാഠമാക്കേണ്ടതില്ല, ശരീരം അനുവദിക്കുന്നതിനനുസരിച്ച് നടന്നാൽ മാത്രം മതിയല്ലോ.
നമ്മുടെ അംഗചലനങ്ങളിൽ, പെരുമാറ്റങ്ങളിൽ, കൂടുതൽ ശ്രദ്ധയുണ്ടാവാനായി ചില പുതുമകൾ വരുത്തേണ്ടതിനെപ്പറ്റി നിർദേശിച്ചുകാണാറുണ്ട്, പോസിറ്റീവ് ഉപദേശകർ. എന്നാൽ കേവലം മുഷിവ് മാറ്റുന്നതേക്കാളുപരി, അവബോധത്തെ കൂടുതൽ ഉണർവുള്ളതാക്കുക എന്ന ഉദ്ദേശ്യത്തോടെ, റഷ്യൻ മിസ്റ്റിക് ആയിരുന്ന ഗുർജിയെഫ് ആണ് തന്റെ ട്രാൻസ്ഫോർമേഷൻ സങ്കേതങ്ങളിൽ 'unlearning' -നെ പ്രധാനമായും ഉൾപ്പെടുത്തിയത്. ഉദാഹരണമായി, ശീലമില്ലാത്ത കൈ കൊണ്ട് ടൂത്ബ്രഷ്, കമ്പ്യൂട്ടർ മൗസ്, ടി.വി. റിമോട്ട് എന്നിവ പരീക്ഷിച്ചുനോക്കാവുന്നതാണ്. ഇക്കാലത്ത്, നമ്മുടെ സ്മാർട്ട് ഫോണുകളിൽ, കോൾ, മെസ്സേജ്, ഗൂഗ്ൾ ക്രോം എന്നിവയുടെ ഐക്കണുകൾ ഇടയ്ക്കിടെ സ്ഥാനം മാറ്റി സെറ്റ് ചെയ്യാൻ പറയുന്നതും നമ്മുടെ മനഃപാഠങ്ങളെ ബഹിഷ്ക്കരിക്കാൻ വേണ്ടിയാണ്; നമ്മുടെ വിരലുകളുടെ ബോധപൂർവ്വമല്ലാത്ത ചലനങ്ങളെ തടയുന്നതിന് വേണ്ടി.
ബുദ്ധന്റെ ജീവിതത്തിലെ ഒരു സന്ദർഭം ഓഷോ പറഞ്ഞുകേട്ടിട്ടുണ്ട്: ഒരിക്കൽ ബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി നടന്നു പൊയ്ക്കൊണ്ടിരിക്കെ, ഒരു പ്രാണിയോ ഈച്ചയോ മറ്റോ ബുദ്ധന്റെ മുഖത്ത് വന്നിരിക്കുകയും ബുദ്ധൻ പൊടുന്നനെ കൈ വീശിക്കൊണ്ട് അതിനെ മാറ്റിക്കളയുകയും ചെയ്തു. എന്നാൽ, രണ്ടു നിമിഷങ്ങൾക്ക് ശേഷം ബുദ്ധൻ സാവധാനം കൈ കൊണ്ടുവന്ന് മുഖത്തു നിന്നും ഈച്ചയെ മാറ്റുന്നതായി ആംഗ്യം കാണിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ അംഗചലനം വളരെ ബോധപൂർവ്വമായിരുന്നു. ഈച്ച പോയതിനു ശേഷവും രണ്ടാമത് കൈ കൊണ്ട് ആംഗ്യം കാട്ടിയത് എന്തിനെന്ന ആനന്ദന്റെ ചോദ്യത്തിന് ബുദ്ധൻ ഇങ്ങനെ പറഞ്ഞുവത്രേ, 'ആദ്യത്തെ തവണ ഞാൻ അത്ര ബോധവാനായിരുന്നില്ല. ആ കൈ വീശൽ അബോധത്തിലുള്ള ഒരു എടുത്തുചാട്ടമായിരുന്നു. രണ്ടാമത് കൈവീശിയത് അതിനെ തിരുത്തിക്കൊണ്ടാണ്.' പതിഞ്ഞുപോയ ഒരു പാഠത്തെ മായ്ച്ചുകളയുകയായിരുന്നു ബുദ്ധൻ.
മനഃപാഠങ്ങൾ ഒട്ടും ആവശ്യമില്ലെന്നല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. അവ നമ്മുടെ അവബോധത്തെ (awareness) കൂടുതൽ സൂക്ഷ്മമാക്കാനും സമ്പന്നമാക്കുവാനും സഹായിക്കുന്നതായിരിക്കണം. ഉണർവിനെതിർദിശയിൽ ചരിക്കുന്നതായിരിക്കരുത്. ബോധവാനായിരിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ, ഇത് വളരെ ശ്രമകരമായ എന്തോ ആണെന്ന് ഒരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മിൽ കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, 'മനുഷ്യനായാൽ തെറ്റുകളൊക്കെ സംഭവിക്കും, അത്രവലിയ കടും പിടുത്തത്തിന്റെ ആവശ്യമില്ല, ജീവിതത്തെ അത് കൃത്രിമമാക്കുകയേയുള്ളൂ', എന്നിങ്ങനെയുള്ള ന്യായീകരണങ്ങളും നാം എല്ലായ്പ്പോഴും കൂടെ കരുതാറുമുണ്ട്. വെളിച്ചം 'ഇത്രേം വെളിച്ചത്തിന്റെ ആവശ്യമില്ല' എന്ന് പറയുന്നതുപോലെയാണത്. സ്വതേയുള്ള പൊരുത്തക്കേടുകളുണ്ട് അതിൽ.
നാം അറിയുന്ന ഈ 'ഞാൻ' നിരവധി ജന്മങ്ങളുടെ ഒരു 'പാഠശേഖര'മായിരിക്കാം. നമ്മുടെ നൊടിയിട ശ്വാസം പോലും പഴയ പാഠങ്ങളുടെ ആവർത്തനമായിരിക്കാം. എന്നാൽ വെറുതെയെന്നോർക്കുകയേ വേണ്ടൂ - remembering, not memorising - ഈ ശ്വാസത്തെ അടുത്ത പാഠമാക്കാതിരിക്കാൻ നമുക്ക് എളുപ്പം സാധിക്കും. അത്രക്കുമായാൽ അടുത്ത ഏതെങ്കിലുമൊരു ചെയ്തിയെ വീണ്ടുമൊരു പാഠമാക്കാതിരിക്കാൻ നമുക്ക് അതിനേക്കാൾ എളുപ്പം സാധിക്കും. അങ്ങനെയങ്ങനെ പാഠങ്ങൾ കുറഞ്ഞുവരുമ്പോൾ, വൈകാതെത്തന്നെ നമ്മുടെ ചെയ്തികളിൽ - ജീവിതമെന്നറിയുക - പുതുമയുടെ ഗന്ധങ്ങൾ ഉണർന്നുവരാൻ തുടങ്ങും. ദൈനം ദിന ജീവിതത്തിലെ നിസ്സാരമെന്നു കരുതുന്ന ചെയ്തികളിലെല്ലാം കഴിഞ്ഞ കാല പാഠങ്ങളെ അതേപടി ആവർത്തിക്കുകയും, അതേസമയം വായന, എഴുത്ത്, മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങൾ, ധ്യാനം യോഗ തുടങ്ങിയ പരിശീലനങ്ങൾ എന്നിവയാണ് പ്രധാനം എന്ന് വിചാരിച്ച് അവയെ മാത്രം ഗൗരവത്തോടെ ചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അകത്ത് വാ പിളർന്നു നില്ക്കുന്ന ഈ 'പഠിതാവിനെ' മാറ്റി നിർത്താതിരിക്കുവോളം എല്ലാ ചെയ്തികളും വെറും 'പാഠനിർമ്മിതി'കളാണ്.
ജീവൻ എന്നതിന്, ബോധം എന്നതിന്, ഒരൊറ്റ അർത്ഥമേയുള്ളൂ എന്ന് പറയേണ്ടി വരും- പുതിയ ഒരു പാഠം പഠിക്കാതിരിക്കാനുള്ള ഉണർവ്. Being unaware is ok ; but just be aware, not to practice it. പുതിയ പാഠങ്ങളിൽ നിന്നും വെള്ളവും വളവും കിട്ടാതെ വരുമ്പോൾ പഴയ പാഠങ്ങൾ തനിയെ ഉണങ്ങിപ്പൊയ്ക്കോളും.
നിങ്ങൾ മറിക്കാൻ പോകുന്ന ഈ പേജ് പുതിയ രീതിയിൽ മറിക്കേണ്ടതില്ല, പക്ഷേ അത് മറ്റൊരു ആവർത്തനമായി ഓർമ്മകളിൽ കയറിക്കൂടാതിരിക്കാനെങ്കിലുമുള്ള ജാഗ്രത, അല്ലെങ്കിൽ അടുത്ത മൗസ് ക്ലിക്ക്, അല്ലെങ്കിൽ മൊബൈൽ സ്ക്രീനിലെ വിരൽ സ്പർശം വീണ്ടുമൊരു പാഠമാകാതിരിക്കട്ടെ. അങ്ങനെയെങ്കിൽ അടുത്ത പേജും അതിനടുത്ത പേജും നിങ്ങൾക്ക് പുതുമയേറിയ ഒരനുഭവമായിരിക്കും.