Featured Post

Tuesday, June 16, 2020

ഉണർവിലേക്കുള്ള പടവുകൾ - 7


വേഷങ്ങളിൽ നഷ്ടപ്പെടുന്ന നാം 
 
 

ഉറങ്ങാൻ നേരം കാലിൽ ഒരു തൂവാല കെട്ടി കിടക്കുന്ന മുല്ലാ നസിറുദീൻ, അതിനുള്ള ന്യായം പറഞ്ഞത്, 'രാവിലെ എണീക്കുമ്പോൾ സ്വയം തിരിച്ചറിയാൻ വേണ്ടി'യാണെന്നാണ്. കാലിൽ തൂവാല കെട്ടിയ ആളാണ് താനെന്ന് ഓർത്താൽ മതിയല്ലോ! അതല്ലെങ്കിൽ ഇത്രയധികം ആളുകൾക്കിടയിൽ കിടന്നുറങ്ങിയതിനുശേഷം ഉണർന്നെണീക്കുന്നയാൾ താൻ തന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പാക്കുക? താൻ ഏതാണെന്ന് ഓർമ്മിച്ചുവെക്കുക ശരിക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെ! മുല്ലായുടെ ഈ നർമ്മം നിസ്സാരമല്ലാത്ത മനനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നാം എല്ലാവരും ഉറക്കത്തിൽ നിന്നും എണീറ്റുവരുന്നതുതന്നെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ തൊപ്പിയും കുപ്പായവുമൊക്കെ എടുത്തണിഞ്ഞുകൊണ്ടാണ്. അച്ഛൻ എന്ന മേലങ്കിയിട്ടുകൊണ്ട് മക്കളോട് ഗുഡ് മോർണിംഗ്. ഭർത്താവ് എന്ന മേലങ്കി ധരിച്ചു കൊണ്ട് ഭാര്യയുടെ ഉത്തരവാദിത്തമില്ലായ്മയെ ഓർമ്മിപ്പിക്കൽ. അപ്പോഴേക്കും യജമാനൻ എന്ന മേലങ്കിയിട്ടുകൊണ്ട് വീട്ടുവേലക്കാരിയോട് ശകാരം. അതിനു ശേഷം വാട്സ്ആപ്പിൽ സുഹൃത്തിന്റെ കുപ്പായമിട്ടുകൊണ്ട് 'ഹായ്'. കുറച്ചുകഴിയുമ്പോഴേക്കും പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഒരു ശിപായിയെപ്പോലെ മേലുദ്യോഗസ്ഥന്റെ ആജ്ഞകൾ ഫോണിലൂടെ സ്വീകരിക്കുന്നു. അടുത്ത നിമിഷം ആജാനുബാഹുവായി നില്ക്കുന്ന അധികാര കേസരിയായി താഴേക്കിടയിലുള്ളവരോട് ഓരോരോ താക്കീതുകൾ. ഇതിനിടയിൽ ചിലപ്പോഴൊക്കെ നിസ്സാരമായ എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടാവുമ്പോഴേക്കും ഒരു രോഗിയുടെ കുപ്പായമിട്ട് ദയാവായ്പ്പോടെ ഡോക്ടറുടെ മുന്നിൽ. അല്ലെങ്കിൽ ആരോഗ്യസംബന്ധിയായ ചില ആശങ്കകൾ പങ്കുവെക്കാൻ മുതിർന്ന ഒരു പരിചയക്കാരനോട് പരിചയസമ്പന്നനായ ഒരു ഡോക്ടറുടേതു പോലുള്ള ഉപദേശങ്ങൾ. ഇരിപ്പുകണ്ടാൽ വെളുത്ത കോട്ടിനു മീതെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പും തൂങ്ങിക്കിടക്കുന്നുണ്ടെന്നു തോന്നും. പിന്നെയുമുണ്ട് മേലങ്കികൾ. വൈകുന്നേരം ഒത്തു കൂടുമ്പോൾ നിഷ്‌ക്കളങ്കനായ ഒരു സുഹൃത്ത്. നാലാളുകൾക്കിടയിൽ, കടപ്പാടുകൾ മറക്കാത്ത ഉത്തമപൗരൻ. വീട്ടിലേക്കു കയറിവരുമ്പോൾ ഭാരം മുഴുവൻ ചുമലിലേറ്റി വരുന്ന നിസ്സഹായനായ കുടുംബനാഥൻ. അപ്പോഴേക്കും ഉത്തരവാദിത്തമില്ലാത്തവനെന്നും വിവരമില്ലാത്തവനെന്നുമുള്ള ചില മേലങ്കികൾ ഭാര്യ എടുത്തുകൊണ്ടുവന്ന് നിർബന്ധിച്ച് അണിയിക്കും. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവൻ എന്ന അയഞ്ഞ കുപ്പായം. ഉറങ്ങുന്നതിനു മുൻപ് ജോലി സംബന്ധമായി നാളെ രാവിലെ നേരത്തെ വന്ന് ഒരു മീറ്റിംഗിൽ അവതരിപ്പിക്കേണ്ട ചില റിപ്പോർട്ടുകളെപ്പറ്റി മേലുദ്യോഗസ്ഥന്റെ ഓർമ്മപ്പെടുത്തൽ. എണ്ണമറ്റ മേലങ്കികളും തൊപ്പികളുമൊക്കെ ധരിച്ച് ഉറക്കത്തിലേക്കു വീണുപോകുമ്പോൾ, മുല്ലാ നസിറുദീൻ പങ്കുവെച്ച ആശങ്ക അസ്ഥാനത്തല്ല; എങ്ങനെയാണ് അറിയുക ഇതിൽ താൻ ഏതാണെന്ന്? എങ്ങനെയാണ് ഉറപ്പാക്കുക ഉറങ്ങാൻ പോയ ആൾ തന്നെയാണ് എണീറ്റുവരുന്നതെന്ന്? ഇവിടെ സൂചിപ്പിച്ച കഥാപാത്രങ്ങളും മേലങ്കികളും വ്യത്യസ്തരായ ഓരോ മനുഷ്യരെ സംബന്ധിച്ചും എണ്ണമറ്റതായിരിക്കും. 


പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളാവുമ്പോൾ വളരെ വ്യത്യസ്തമായ വേഷങ്ങളായിരിക്കും എടുത്തണിയേണ്ടി വരുന്നത്. ഏതായാലും ഒന്നിന് പുറകെ ഒന്നൊന്നായി നാമെല്ലാവരും വേഷം കെട്ടുക തന്നെയാണ്. ഈ വേഷം കെട്ടലുകൾ നിവൃത്തിയില്ലായ്ക കൊണ്ടല്ല. ആർക്കും തന്നെ സ്ഥിരമായി ഒരേ വേഷം കെട്ടിക്കൊണ്ടു ജീവിക്കാനാവില്ല. ഒരാൾ വിദൂരസ്ഥമായ ഒരിടത്ത് ഏകാന്തവാസത്തിലാണെങ്കിൽ പോലും ചില വേഷങ്ങൾ മാറിമാറി അണിയേണ്ടി വന്നേക്കാം. ജീവിതത്തിന്റെ അനിവാര്യതയാണത്. എന്നാൽ നിർഭാഗ്യവശാൽ സംഭവിക്കുന്നതെന്തെന്നാൽ, ഒരു വേഷമണിഞ്ഞ് ആ രംഗം അഭിനയിച്ചുകഴിഞ്ഞാൽ, വേഷം അഴിച്ചുവെക്കാൻ നാം മറന്നേപോകുന്നു. മിക്കപ്പോഴും ഒരു വേഷത്തിനു മുകളിലാണ് നാം അടുത്ത വേഷം വലിച്ചുകയറ്റുന്നതു തന്നെ. അങ്ങനെയങ്ങനെ നമ്മുടെ യഥാർത്ഥ സ്വരൂപമെന്താണെന്ന് നമുക്ക് ഓർക്കാൻ കൂടി സാധിക്കുന്നില്ലെന്ന സ്ഥിതിവരുന്നു. ഇത്തരം പ്രച്ഛന്നവേഷങ്ങളുടെ ആധിക്യവും അതിലുള്ള മറവിയും കാരണം, യാതൊരു വേഷവും എടുത്തണിയേണ്ടതില്ലാത്ത നിമിഷങ്ങളെ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. സ്വന്തം പ്രിയതമയുടെയോ പ്രിയതമന്റെയോ അടുത്ത്, തികച്ചും സ്വകാര്യമായ നിമിഷങ്ങളിൽ പോലും അഭിനയിച്ചുകൊണ്ടല്ലാതെ പെരുമാറാനാവുന്നില്ല. നമ്മുടെ സ്വാഭാവിക ചോദനകളും കാഴ്ച, കേൾവി, സ്പർശം തുടങ്ങിയ എല്ലാ ഇന്ദ്രിയ സംവേദനങ്ങളും നാം എടുത്തണിയുന്ന വേഷങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഒരു തൊപ്പിയെ തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച ആ സംഗീതജ്ഞന്റേത് (‘The man who mistook his wife for a hat’ - OLIWER SACKS) വെറും ന്യൂറോളജിക്കൽ തകരാറാണെന്ന് എഴുതിത്തള്ളാൻ വരട്ടെ, ഒരുവേള സംഗീതജ്ഞൻ എന്ന തന്റെ ഭാഗം തകർത്തഭിനയിച്ചുകൊണ്ടിരിക്കെ, ആ അഭിനയം നാഡീവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് കൂടി കയറിപ്പിടിച്ചതാണെന്ന് വിചാരിച്ചാലും തെറ്റില്ല. പണ്ട്, എബ്രഹാം ലിങ്കണെ അഭിനയിച്ചു പൊലിപ്പിച്ച ഒരു നാടകനടനെപ്പറ്റി ഓഷോ സംസാരിച്ചിട്ടുണ്ട്. ലിങ്കൺന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷത്തോളം നിരന്തരമായി ഈ നടൻ ലിങ്കണായി അഭിനയിച്ചുപോന്നു. എന്നാൽ ഒരു വർഷത്തിന് ശേഷവും ഇയാൾ തന്റെ വേഷം അഴിച്ചുവെക്കാൻ കൂട്ടാക്കിയില്ലത്രേ. ലിങ്കണെപ്പോലെത്തന്നെ ഏച്ചുവെച്ചുകൊണ്ടുള്ള നടപ്പ്, സംസാരം തുടങ്ങി അയാൾ ലിങ്കണായിത്തന്നെ ജീവിക്കാൻ തുടങ്ങി. ആദ്യമാദ്യം വീട്ടുകാരും നാട്ടുകാരുമൊക്കെ അതൊരു തമാശയായി എടുത്തെങ്കിലും പിന്നീട് സംഗതി ഗൗരവമാണെന്നു മനസ്സിലായപ്പോൾ അവർ മനഃശാസ്ത്ര വിദഗ്‌ദരെ കാണിക്കാൻ കൊണ്ടുപോയി. സാധാരണ നിലക്കുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ അവർ അയാളെ പോളീഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാൻ നിർദ്ദേശിച്ചു. അവിടെ വെച്ചെങ്കിലും അയാളുടെ അഭിനയം പൊളിയുമെന്ന് അവർക്കുറപ്പായിരുന്നു. എല്ലാവരുടേയും മുന്നിൽ വെച്ച്,'നിങ്ങൾ എബ്രഹാം ലിങ്കൺ ആണോ?' എന്ന ചോദ്യത്തിന് 'ആണ്' എന്ന് ഉത്തരം പറഞ്ഞാൽ പോളിഗ്രാഫ് യന്ത്രം പറയും 'ഇയാൾ പറയുന്നത് നുണയാണ്' എന്ന്. അതോടെ അയാൾ ആളുകളുടെ മുന്നിൽ കാണിച്ചുവന്നിരുന്ന നാടകം അവസാനിക്കും. എന്നാൽ ഈ അപകടം മനസ്സിലാക്കിയ രോഗിയായ നടൻ, തന്റെ അഭിമാനം രക്ഷിക്കാൻ വേണ്ടി സത്യം പറയാൻ തന്നെ തീരുമാനിച്ചു. മനഃശാസ്ത്രജ്ഞൻ 'നിങ്ങൾ എബ്രഹാം ലിങ്കൺ ആണോ?' എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു 'അല്ല.' മനഃശാസ്ത്രജ്ഞരും ചുറ്റും കൂടി നിന്ന ബന്ധുക്കളും തങ്ങളുടെ ശ്രമം വിജയിച്ചു എന്ന് അഭിമാനിക്കാൻ തുടങ്ങുമ്പോഴേക്കും പോളിഗ്രാഫ് യന്ത്രം ശബ്‌ദിച്ചു- 'ഇയാൾ പറയുന്നത് നുണയാണ്!’. നാം വെറുതെ എടുത്തണിയുന്ന തൊപ്പിയും കുപ്പായവുമെല്ലാം എത്രയോ ആഴത്തിലാണ് നമ്മുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേരുന്നത്! മിക്കപ്പോഴും നാമത് അറിയുന്നുപോലുമില്ല. ഇത്തരം അബോധപ്രവണതകളെപ്പോലും നാം പലപ്പോഴും ബോധപൂർവ്വം ഉപയോഗപ്പെടുത്തുന്നുമുണ്ട്. യൂണിഫോമുകൾ ഒരു ഉദാഹരണമാണ്. ആധുനികമായ മാനേജ്മെന്റ് സങ്കേതങ്ങളിൽ 'six thinking hats' (Edward de Bono) പ്രസിദ്ധമായ ഒരു സമീപനമാണ്. ഒരു സ്ഥാപനത്തിന്റെ ഏറ്റവും തലപ്പത്തിരിക്കുന്നവർ, സങ്കീർണ്ണമായ ചില തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ആറ് വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പികൾ ധരിച്ചുകൊണ്ട് ആ പ്രശ്നത്തെ സമീപിക്കും. ഓരോ നിറത്തിലുള്ള തൊപ്പി ധരിക്കുമ്പോഴും തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കുമത്രേ! ഒരു 'കുപ്പായം തൂക്കി'-dress hanger- യായി ജീവിക്കുന്നതിൽ കഥയില്ലെന്ന് തോന്നുന്നവർക്ക് (അങ്ങനെ തോന്നുന്നവർക്ക് മാത്രം) ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണൊരു വഴി ? എളുപ്പമാണത്. ഓർക്കുക, എളുപ്പമല്ലെന്ന് തോന്നുന്ന ഏതൊരു വഴിയും തനിക്കു പറ്റിയതല്ല. ലാവോത്സു ഓർമ്മിപ്പിക്കുന്നത് അതാണ്- easy is right. ആദ്യം ചെയ്യേണ്ടത്, ദിവസത്തിലെ കുറച്ചു നിമിഷങ്ങൾ മോഷ്ടിച്ചെടുക്കുക. തിരക്കുപിടിച്ച ഒരു പ്രവൃത്തിക്കിടയിൽ നിന്നാകാം, ഒരു ഫോൺ ചെയ്യാൻ പോകുന്നതിനു തൊട്ടു മുൻപാകാം, ഓഫീസിൽ മീറ്റിംഗ് ഹാളിലേക്ക് നടക്കുന്നതിനു മുൻപാകാം, ഷോപ്പിങ്മാളിലോ മറ്റോ ഏതെങ്കിലും കൗണ്ടറിനു മുൻപിൽ വരി നില്ക്കുമ്പോഴാകാം, ഒന്നോ രണ്ടോ മിനിറ്റ് മോഷ്ടിക്കുക. ഈ രണ്ടു നിമിഷങ്ങൾ തനിക്കുവേണ്ടി മാത്രം അനുവദിക്കുക. ഒന്ന് കണ്ണടച്ച് തുറന്നാൽ നാം നമ്മോടൊപ്പമായി. അതിനുശേഷം ഇപ്പോൾ ഏത് മേലങ്കിയാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് ഓർക്കുക മാത്രം ചെയ്യുക- മാനേജർ, പ്യൂൺ, സൂപ്പർവൈസർ, സുഹൃത്ത്, കാമുകൻ, കാമുകി, അമ്മ, സഹോദരി, ഭർത്താവ്, അപരിചിതനായ ഒരു വഴിപോക്കൻ, യുവാവ്, എന്നിങ്ങനെ.... ആവശ്യം കഴിഞ്ഞാൽ അത് അഴിച്ചുമാറ്റേണ്ടതുണ്ടെന്നും അറിയുക. അടുത്ത സന്ദർഭത്തിൽ എടുത്തിടാൻ പോകുന്ന വേഷം ഏതെന്നും അത് ധരിക്കുന്ന നിമിഷം ഓർക്കാതെ പോകില്ലെന്നും ഉറപ്പിയ്ക്കുക. കുറച്ചു ദിവസങ്ങൾക്കൊണ്ട്, ഈ വേഷം മാറലിൽ നമ്മുടെ ശ്രദ്ധയെ തിരിച്ചുപിടിക്കാനായാൽ, വൈകാതെത്തന്നെ നമ്മുടെ തനി സ്വരൂപം, യാതൊരു ഭാഗവും അഭിനയിക്കാത്തപ്പോൾ താൻ എങ്ങനെയാണ് എന്ന് പതുക്കെപ്പതുക്കെ പരിചയപ്പെടാനാവും. പിന്നെപ്പിന്നെ ഒരൊറ്റ വേഷവും, ഒരൊറ്റ കഥാപാത്രവും നമ്മെ ക്ഷീണിപ്പിക്കാതെ വരും. ഒരൊറ്റ വേഷവും നമുക്ക് ഭാരമാവില്ല, എന്തെന്നാൽ നാമറിയുന്നുണ്ട് അവയൊക്കെയും നിർമ്മിച്ചിരിക്കുന്നത് 'കഥയില്ലായ്ക' കൊണ്ടാണെന്ന്, തികച്ചും താൽക്കാലികം; അവയൊന്നും നമ്മുടെ സത്തയിൽ പറ്റിപ്പിടിക്കുന്നില്ലെന്ന്; അവക്കൊന്നിനും നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ലെന്ന്. ആഘോഷമാണ് പിന്നെ. ഏതു നിമിഷവും എത്രയൊക്കെ വേഷങ്ങളും വാരിവലിച്ചുടുക്കാം. ഈ ലോക ജീവിതത്തെ അത് കൂടുതൽ സരളമാക്കുകയേയുള്ളൂ. നാമെന്ന ഈ പ്രതിഭാസത്തെ അടുത്തറിയാൻ അത് കൂടുതൽ ഉപകരിക്കുകയേയുള്ളൂ. ആന്തരികമായ (അങ്ങനെയൊന്നുണ്ടെങ്കിൽ) ആനന്ദത്തെ അത് കനപ്പിക്കുകയേയുള്ളൂ. നാം ഓരോരുത്തരുടേയും പ്രകൃതത്തിൽ ഒരു ബാധയെന്നോണം കടന്നുകൂടിയിട്ടുള്ള ചില പ്രകൃതങ്ങളുണ്ട്. അതേപ്പറ്റിയുള്ള പ്രസിദ്ധമായ ഒരു ഫലിതം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരുപക്ഷേ, നമ്മെ പിടി കൂടിയിട്ടുള്ളത് ഏത് കഥാപാത്രമാണ് എന്ന് ഓർത്തുനോക്കാൻ ഒരു പ്രേരണയായാലോ! അറുപത്തഞ്ചു കഴിഞ്ഞ ഒരു മുത്തശ്ശി ചില ശാരീരിക പ്രയാസങ്ങൾ കാരണം ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയി. പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് സമാധാനിച്ച്‌ തിരിച്ചുപോകാൻ നേരം, ഡോക്ടർ അവരോടു പറഞ്ഞു,' ഗ്രാൻഡ്മാ, ഒരു സംശയം എന്നെ അലട്ടുന്നു. നിങ്ങളുടെ രേഖകളിൽ നിങ്ങൾ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. എന്നിട്ടും പക്ഷേ പരിശോധനയിൽ നിങ്ങൾ കന്യകയാണല്ലോ?' 'ഓ, അതോ', അവർ പറഞ്ഞു,' ഞാൻ ആദ്യം വിവാഹം കഴിച്ചത് ഒരു കവിയെയായിരുന്നു. സ്വപ്നം കാണുകയല്ലാതെ, ഒരിക്കലും അയാൾ കാര്യത്തോടടുക്കാൻ ധൈര്യം കാണിച്ചില്ല.' 'രണ്ടാമത് ഞാനൊരു സംഗീതജ്ഞനെ വിവാഹം കഴിച്ചു. അയാൾ എല്ലായ്പ്പോഴും ട്യൂണിങ്ങിൽ മുഴുകിക്കഴിഞ്ഞു.' 'പിന്നെ, ഞാൻ വിവാഹം കഴിച്ചത് കാലാവസ്ഥ പ്രവചിക്കുന്ന ഒരു ശാസ്ത്രജ്ഞനെയായിരുന്നു. ശരിയായ കാലാവസ്ഥ പ്രവചിക്കുന്നതിൽ അയാൾക്ക് എല്ലായ്പ്പോഴും പിഴച്ചു.' 'അവസാനം ഞാനൊരു പ്ലംബറെ വിവാഹം കഴിച്ചു. നിങ്ങൾക്കറിയാമല്ലോ, പ്ലംബർമാരുടെ കാര്യം. ഒരു ഇരുപതു തവണയെങ്കിലും ഞാൻ അയാൾക്ക് ഫോൺ ചെയ്തുകാണും. ഇതുവരേക്കും അയാൾ തിരിഞ്ഞു നോക്കിയില്ല !'