'സ്വാത്മിക'ത്തിന് ഒരു കാലക്രമമൊക്കെയുണ്ടെന്നായിരുന്നു വിചാരിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ കടന്നുവരേണ്ടിയിരുന്നത് മറ്റൊരു പുസ്തകമായിരുന്നു. എന്തുചെയ്യാം, ഒരു നിഘണ്ടു ഇടയിൽ ചാടി വന്നു. ഇനിയിപ്പോൾ നിവൃത്തിയില്ല. 'സ്വാത്മിക'ത്തിന് അതിന്റേതായ രീതികളുണ്ടത്രേ!
മുൻപേ വിചാരിച്ചുവെച്ചിട്ടുള്ളതുതന്നെയാണ് - എന്നെ സ്നേഹിച്ച ഒരു
Dr. R.K Nair |
'ഡിഷ്ണറി' എന്ന് കേട്ട് തുടങ്ങുമ്പോൾ വീട്ടിലുണ്ടായിരുന്നത് പിങ്ക് നിറത്തിൽ ബയന്റിട്ടിട്ടുള്ള ഒരു കട്ടിപ്പുസ്തകമായിരുന്നു. ഇംഗ്ലീഷ് - ഇംഗ്ലീഷ് - ബംഗാളി നിഘണ്ടു. ഏറിയാൽ ഒരു നാനൂറു പേജ്. സഹോദരിമാരുടെ ഉടമസ്ഥതയിലായിരുന്നു അതെപ്പോഴും. ഇംഗ്ളീഷ് വാക്കുകൾ വഴങ്ങാൻ തുടങ്ങിയപ്പോൾ, ആറിലോ ഏഴിലോ പഠിക്കുമ്പോൾ, ഈയുള്ളവനും ഇടക്കൊക്കെ അതൊന്നു മറിച്ചുനോക്കാറുണ്ട്. വാക്കുകളുടെ അർത്ഥം കണ്ടെത്താനായിരുന്നില്ല. (അതിനു മാത്രം അർത്ഥശങ്കയുള്ള വാക്കുകളുടെ പരിസരത്തൂടെ നോം ഉലാത്താറില്ല!). വെറുതേ ഒരു രസം. കനമുള്ള പുസ്തകങ്ങളോട് ഒരു സവിശേഷ താല്പര്യമുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്. കട്ടി കൂടിയ പുസ്തകത്തെ 'ഗ്രന്ഥം' എന്ന് വിളിക്കാൻ തോന്നുമായിരുന്നു. 'അറിവുകളപ്പടി ഗ്രന്ഥങ്ങളിലാണത്രേ! ചിന്ന പുസ്തകങ്ങളിൽ നിന്നും എന്തു കിട്ടാൻ!'.
ആ പുസ്തകത്തിന്റെ മുക്കാൽ ഭാഗമേ ഡിക്ഷണറിയായിരുന്നുള്ളൂ. ബാക്കിയുള്ള ഭാഗം അടിസ്ഥാന വ്യാകരണങ്ങളും കത്തെഴുത്ത്, ഉപന്യാസം എന്നിങ്ങനെയുള്ള ഭാഷാഭ്യാസങ്ങളും. എനിക്കിഷ്ടം കത്തുകളും ഉപന്യാസങ്ങളും നോക്കാനായിരുന്നു. എന്തെന്നാൽ അവയിൽ ഇടയ്ക്കിടെ ധാക്ക, ബംഗ്ലാദേശ്, കറാച്ചി എന്നീ വിദേശ പേരുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ആർമിയിലായിരുന്ന അച്ഛൻ ഒരു പാക് യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എങ്ങനെയോ കൈവശം വന്നു ചേർന്നതായിരുന്നുവത്രേ ഈ ഡിക്ഷണറി. മിലിട്ടറിക്കാരുടെ സ്വതേയുള്ള ശീലമായിരുന്നതിനാൽ, യുദ്ധാനുഭവങ്ങളൊക്കെയും കേൾക്കാൻ രസം പകർന്നിരുന്നെങ്കിലും, അത്രയൊന്നും വിശ്വസിക്കാനാവുമായിരുന്നില്ല. എന്നെ സംബന്ധിച്ച് അച്ഛൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നതിനുള്ള ഏക തെളിവ് ഈ ഡിക്ഷണറി യായിരുന്നു!
കുറച്ചുകൊല്ലങ്ങൾക്കു ശേഷം ഒരു ഇംഗ്ലീഷ് - മലയാളം നിഘണ്ടു വീട്ടിൽ വന്നു കയറി. പഠനകാലം മുഴുവനും അതിനെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ കെട്ടിലും മട്ടിലും ഞാൻ തൃപ്തനായിരുന്നില്ല. നിഘണ്ടുവൊക്കെയാകുമ്പോൾ കാഴ്ചയിൽത്തന്നെ ഉണ്ടാവേണ്ടിയിരുന്ന ഒരു ആധികാരികതയുണ്ട്. ഇത് വെറും തട്ടിക്കൂട്ട് ലുക്ക്. എന്നാലും കുറച്ചു കൊല്ലത്തേക്ക് അത് വല്ലാതെ ഉപകാരപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ IGNOU -യുടെ ബി എ ഇംഗ്ലീഷ് കോഴ്സിന് ചേർന്നപ്പോഴാണ്, ഡിക്ഷണറി ഒരു കൊള്ളാവുന്ന പുസ്തകമാണല്ലോ എന്ന് തോന്നിത്തുടങ്ങിയത്. അതിന് കാരണമായത് കേരള വർമ്മ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജി. എസ്. രാമകൃഷ്ണൻ സർ ആയിരുന്നു. കോഴ്‌സിന്റെ ഭാഗമായി ഞായറാഴ്ചകളിൽ മാത്രം ക്ളാസുകളുണ്ടാവാറുണ്ട്.
ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹത്തിൽ മുങ്ങിനിന്നിരുന്ന ഒരാളാണ് രാമകൃഷ്ണൻ സർ. സ്‌കൂൾ തലം മുതൽ ഇംഗ്ലീഷ് ക്ളാസുകളൊന്നും തന്നെ ഇംഗ്ലീഷിലായിരുന്നില്ല. മിക്ക അധ്യാപകരും തങ്ങളുടെ ആധികാരികത്വം നിലനിർത്തിപ്പോന്നത് ഇംഗ്ലീഷിനെ ക്ലിഷ്ടമാക്കി നിലനിർത്തിക്കൊണ്ടായിരുന്നു. അവരിൽനിന്നൊക്കെ വ്യത്യസ്തമായി രാമകൃഷ്ണൻ സർ ആയിരുന്നു, ഭാഷയെ സമീപിക്കേണ്ടത് അതിന്റെ സങ്കീർണ്ണതയെയോ ലാളിത്യത്തേയൊ ആധാരമാക്കിക്കൊണ്ടല്ല, അതിന്റെ സൗന്ദര്യത്തെ മുൻനിർത്തിക്കൊണ്ടായിരിക്കണമെന്ന് കാണിച്ചുതന്നത്. വർത്തമാനം പറയാൻ കൊള്ളില്ലെങ്കിൽ പിന്നെന്തിനാണൊരു ഭാഷ? വർത്തമാനമായാൽ വശ്യതയുണ്ടാവണം. ഭാഷയെ സംബന്ധിച്ച് ഈ വശ്യത ഊർന്നു വരുന്നത്, അത് ഉതിർക്കുന്ന ശബ്ദ സമൂഹത്തിന്റെ ഊഷ്മളതകളിലൂടേയും അത് ദ്യോതിപ്പിക്കുന്ന മൗനത്തിന്റെ ഗഹനതയിലൂടെയുമാണ്. അതുകൊണ്ടുതന്നെ ഉച്ചാരണങ്ങളും മറ്റു പ്രയോഗ ശുദ്ധികളും (ശുദ്ധിയില്ലായ്മകളും) ഏറെ പ്രാധാന്യമർഹിക്കുന്നു.
രാമകൃഷ്ണൻ സർ ഫൊണെറ്റിക്സ് പഠിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇംഗ്ലീഷ് ഭാഷയെ ഇത്രയും ഇഷ്ടപ്പെടില്ലായിരുന്നു. ഭാഷയെ ഇഷ്ടപ്പെടുക എന്നുവെച്ചാൽ ആ ഭാഷയിൽ പ്രാവീണ്യം നേടുക എന്നൊന്നുമല്ല. ചില നിമിഷങ്ങളിലെ അവാച്യമെന്നു തോന്നിപ്പോകുന്ന പലതും വിനിമയം ചെയ്യപ്പെടാൻ ആ ഭാഷ നമുക്ക് വഴിയൊരുക്കുന്നു എന്നാണ് - പ്രയോഗത്തിലായാലും ശ്രവണത്തിലായാലും.
ഗൊയ്‌ഥെ പറഞ്ഞത് "He who knows no foreign languages knows nothing of his own." എന്നായിരുന്നു. ഒരൊറ്റ വിദേശ ഭാഷയെങ്കിലും അറിയാത്ത ഒരാൾക്ക് സ്വന്തമെന്നു കരുതുന്ന ഭാഷയും അറിയില്ലെന്നാണോ? അതോ, അതിർത്തികളെ മറികടക്കാത്ത ഒരാൾക്ക് സ്വയം അറിയാനാവില്ലെന്നോ? ഒരാൾ ഏതളവു വരെ സ്വയം അറിഞ്ഞിട്ടുണ്ടെന്ന് അയാൾക്കേ അറിയൂ. എന്നാൽ രാമകൃഷ്ണൻ സാറിന്റെ കാര്യത്തിൽ നമുക്ക് ഉറപ്പിച്ചു പറയാനാകും, അതത്രയും സംഭവിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഭാഷാപ്രണയത്തിലൂടെയാണെന്ന്. ഒരു ഭാഷാവിദഗ്ധനായല്ല രാമകൃഷ്ണൻ സർ മുന്നിൽ നിന്നിരുന്നത്, ഒരു ഭാഷാനിമഗ്നനായിട്ടായിരുന്നു; അടിമുടി ഭാഷയിൽ മുങ്ങിനിന്നിരുന്ന ഒരാൾ. പൂർണ്ണമായും ഭാഷയിൽ മുഴുകിനിൽക്കുമ്പോൾ, മുന്തി നില്ക്കുക ശബ്ദങ്ങളല്ല, നിശബ്ദതയാണ്. രാമകൃഷ്ണൻ സാറിന്റെ കാര്യത്തിൽ മുഖത്ത് ഒരു മന്ദസ്മിതം കൂടിയുണ്ടാവാറുണ്ടെന്നു മാത്രം.
IGNOU യുടെ മനോഹരങ്ങളായ സ്റ്റഡി മെറ്റീരിയൽസിനോടൊപ്പം രാമകൃഷ്ണൻ സാറിന്റെ നിർദേശം കൂടിയായപ്പോൾ ഈയുള്ളവനും ഒരു ഓക്സ്ഫോർഡ് ഡിക്ഷണറി വാങ്ങാൻ തീരുമാനിച്ചു. (രാമകൃഷ്ണൻ സർ മറ്റു പ്രലോഭനങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹമായിരുന്നു ആദ്യമായി മോഹിപ്പിച്ചത്, മുംബൈ
പുസ്തകങ്ങളുടെ ഒരു ലോകമാണെന്ന് - വിശേഷിച്ചും സെക്കന്റ് ഹാൻഡ് ബുക്സ്. മുംബൈയിലെ വഴിയോരത്തെല്ലാം പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുകയാണത്രേ. ലോകത്തിറങ്ങിയിട്ടുള്ള ഏതു പുസ്തകവും. അതും ചുളുവിലക്ക്! പുസ്തകങ്ങൾ വാങ്ങാൻ തീരെ കാശില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ അല്പം അതിശയോക്തിയോടെ കേട്ടതായിരുന്നു. അദ്ദേഹം പറഞ്ഞതിൽ സത്യമില്ലാതില്ല. പണ്ടുകാലത്ത് ബുദ്ധിജീവി-പുസ്തകങ്ങൾക്ക് പുകഴ്‌പെറ്റ കൽക്കത്തയെക്കാളും എത്രയോ സമ്പന്നമായിരുന്നു മുംബൈ തെരുവുകൾ. രണ്ടു തവണ കൽക്കത്തയിൽ ചുറ്റിക്കറങ്ങിവന്നപ്പോഴായിരുന്നു മനസ്സിലായത് മുംബൈ തെരുവുകൾ എത്രയോ മുന്നിലാണെന്ന്. ചർച്ഗേറ്റ് പരിസരങ്ങളിലും മറ്റു റെയിൽവേ സ്റ്റേഷൻ ഫുട്പാത്തുകളിലും പുസ്തകക്കൂമ്പാരങ്ങളുണ്ടാവാറുണ്ട്. ഏറെ ആഹ്ളാദിപ്പിച്ചിരുന്നത് വില്പനക്കു നിന്നിരുന്ന ചെറുപ്പക്കാരായിരുന്നു. ലോകത്തെ ഏതെഴുത്തുകാരുടെ പേരും അവർക്ക് പരിചിതമായിരുന്നു. അവരുടെ കയ്യിൽ കോപ്പികൾ ഇല്ലാതിരുന്നാൽ പോലും അന്നൊക്കെ അവർ അത് എത്തിച്ചുതരാൻ ഉത്സാഹം കാട്ടിയിരുന്നു. മുംബൈ നഗരത്തിൽ കാലുകുത്തിയപ്പോൾ മനസ്സിൽ ആദ്യം ഉയർന്നുവന്നത് രാമകൃഷ്ണൻ സാറിന്റെ മന്ദസ്മിതം നിറഞ്ഞ മുഖമായിരുന്നു, എന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നത് കുറഞ്ഞ വിലക്ക് കിട്ടുന്ന ഗമണ്ടൻ പുസ്തകങ്ങളുടെ കൂമ്പാരങ്ങളും. അത് വേറെ കഥ.)ഓക്സ്ഫോർഡ് അഡ്വാൻസ്ഡ് ലേർണേഴ്‌സ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ (CONCISE- പേപ്പർ ബാക് എഡിഷൻ) അന്നത്തെ വില ഏകദേശം ഇരുനൂറു രൂപ! എന്നെ സംബന്ധിച്ച് അത്യാവശ്യം ഒരു വലിയ തുക - വിശേഷിച്ചും വെറും പുസ്തകമെന്ന ഒരു ആർഭാടത്തിന്!
ഇരുനൂറു രൂപയെന്ന കാണാക്കാശിനു വേണ്ടി കുറച്ചു മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു.
ധനശേഖരാർത്ഥം ഒരു ഘോഷയാത്ര
ആയിടക്ക് ഓണത്തോടനുബന്ധിച്ച് നാട്ടിൻപുറത്തെ ക്ലബ് വക ഒരു സാംസ്കാരിക ഘോഷയാത്ര. സാംസ്കാരികം എന്നുവച്ചാൽ രണ്ടുമൂന്നു കാര്യങ്ങളാണുണ്ടാവുക. ശിങ്കാരിമേളം പോലുള്ള ഏതെങ്കിലും വാദ്യക്കാർ. കുറച്ചു നാടൻ പാട്ട്. പിന്നെ ചില പ്രച്ഛന്ന വേഷങ്ങൾ. തെയ്യക്കിരീടം തട്ടിക്കൂട്ടിയാൽ പിന്നെ ഉയർന്ന സംസ്കാരമായി. മൊത്തത്തിൽ കെട്ടും മട്ടും കണ്ടാൽ ഈ സംസ്കാരമെന്നത് കയ്യിൽ പാങ്ങില്ലാത്തവരുടെ കുത്തകയാണോ എന്ന് തോന്നും. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പരിപാടിയുടെ കാര്യക്കാരൻ. പ്രച്ഛന്നവേഷ മത്സരത്തിന് ആളെണ്ണം തികയ്ക്കാൻ നമ്മുടെ പിന്നാലെ കൂടിയപ്പോൾ, ഒരല്പം പുച്ഛമുണ്ടായിരുന്നിട്ടും ഡിക്ഷണറി വാങ്ങാൻ വേണ്ട ഇരുനൂറു രൂപ ഉള്ളിലിരുന്നു മിന്നിയതിനാൽ യെസ് മൂളുക തന്നെ ചെയ്തൂന്ന് വെച്ചോളൂ. സംഘാടകനായ സുഹൃത്ത് തന്നെ പ്രച്ഛന്ന വേഷത്തിനുള്ള വിഷയം പറഞ്ഞു തന്നു. ചുമ്മാ ഒരു കാളവണ്ടിയിൽ കയറിയിരിക്കുക. ഒരു വിധം ആക്രി സാധനങ്ങളൊക്കെ വണ്ടിയിൽ കുത്തി നിറക്കുക. മുതലാളിത്ത സമൂഹത്തിന്റെ പൊള്ളയായ വികസനത്തള്ളിച്ചയിൽ പിടിച്ചുനില്ക്കാനാവാതെ പുറന്തള്ളപ്പെടുന്ന ഒരു അടിയാള കുടുംബം! ഉത്തരേന്ത്യക്കാർ ഖവാലി കേൾക്കുമ്പോൾ ചെയ്യുന്നതുപോലെ 'വാഹ്, വാഹ്' എന്ന് വിളിക്കാൻ തോന്നി.
മത്സര ദിവസം ഇപ്പറഞ്ഞതുപോലെയൊക്കെ പ്ലാൻ ചെയ്തു. കുടുംബാംഗങ്ങളെ തികയ്ക്കാൻ അയല്പക്കത്തുള്ള രണ്ടു പിള്ളേരെ ചട്ടം കെട്ടി. (അവന്മാരൊക്കെ ഇന്ന് വലിയ നിലയിലും വിലയിലുമാണ്. ആ ഘടികൾക്കുള്ള താങ്ക്സ് ദാ ഇപ്പോൾ, ഇവിടെ.) അവരുടെ മുഖത്ത് അടിയാള ചിഹ്നങ്ങളായ കരിയും മൊടയും വാരി തേച്ചു. ഈയുള്ളവന് പിന്നെ വിശേഷിച്ചൊരു മേക്കപ്പും വേണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു! അടിയൻ! അങ്ങനെയാവട്ടെ. എന്നാലും ഒന്നാം സമ്മാനം കിട്ടാൻ മാത്രം പൊലിമയില്ല. അപ്പോഴാണ് മറ്റൊരു സുഹൃത്ത് ഒരു പരിപാടിയൊപ്പിച്ചത്. അവനല്ലെങ്കിലും 'മണ്ട മറി' കുണ്ടാമണ്ടികളിൽ ഉസ്താദാണ്. അവൻ ഒരു പ്ലക്കാർഡുണ്ടാക്കി അതിൽ ഇങ്ങനെ എഴുതിവെച്ചു, “SABARMATI IS FAR OFF, NOAKHALI IS NEAR”
കാളവണ്ടിയുടെ പിന്നിൽ ഈ പ്ലക്കാർഡ് വച്ചതോടു കൂടി പ്രച്ഛന്നവേഷമത്സരത്തിന്റെ 'സാംസ്കാരിക മൂല്യം' ഒരൊറ്റ കുതിപ്പായിരുന്നു; ഏതാണ്ടൊരു sensex high jump പോലെ. വഴിയരികിൽ ഘോഷയാത്ര കണ്ട് കലപില പറഞ്ഞു നിന്ന നാട്ടുകാർ ഞങ്ങളുടെ കാളവണ്ടി കടന്നുപോകുന്നതോടു കൂടി 'ഒരു ജാതി സംഭവം തന്നെ ട്ടാ' എന്ന് സമ്മതിച്ചുകൊണ്ട് ഒന്നും പിടികിട്ടാതെ ഒരു നിമിഷം നിശ്ശബ്ദരായി. അതിലുമുപരി നാട്ടിലെ സാംസ്‌കാരിക പുലികളായിരുന്ന ജഡ്‌ജസ് അവർക്കതു മനസ്സിലായില്ലെന്ന് ആർക്കും തോന്നാതിരിക്കാൻ ഒന്നാം സമ്മാനം ഇവർക്ക് തന്നെ എന്ന മട്ടിൽ പ്രസന്നവദനരായി തലയാട്ടി. കാളവണ്ടിക്കാരനായിരുന്ന 'തറവാടി ജോസേട്ടൻ' മാത്രം 'എന്റെ വണ്ടീടെ പിന്നില് എന്തൂട്ട് കോപ്പണ്ടാ എഴുതിവെച്ചേക്ക്ണ്?' എന്ന് പിറുപിറുത്തു. ഞങ്ങൾ ഊര് നഷ്ടപ്പെട്ട കുടുംബക്കാർ, മുന്നിലുള്ള ജോസേട്ടനേയും മറികടന്ന് അങ്ങ് അനന്തതയിലേക്ക് കണ്ണുകൾ നട്ട് മൂകരായി നിലകൊണ്ടു.
എന്നാലും ബാക്കിയുള്ളവന്റെ ചിന്ത മുഴുവനും പ്ലക്കാർഡിലെ ആ വരികളെപ്പറ്റിയായിരുന്നു. സബർമതി എന്നുള്ളതുകൊണ്ട് ഗാന്ധിയുമായി എന്തെങ്കിലും ബന്ധം കാണും എന്നുറപ്പാണ്. ഈ നവ്ഖാലി (അത് അങ്ങനെത്തന്നെയാണോ ഉച്ചരിക്കുക എന്ന് സംശയമായിരുന്നു) എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. എല്ലാം കഴിഞ്ഞ് ഒന്നാം സമ്മാനം കിട്ടിയതിനു ശേഷമാണ് (ഡിക്ഷണറിക്കുള്ള കാശൊത്തു എന്ന് മാത്രമേ അതിനർത്ഥമുണ്ടായിരുന്നുള്ളൂ. അഞ്ഞൂറ് രൂപയുടെ കാഷ് പ്രൈസ് എന്നാണോർമ്മ) ആ പഹയൻ രഹസ്യം വെളിവാക്കിയത്. ആഗസ്ത് 15 ന് സ്വാതന്ത്ര്യം കിട്ടാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ, സന്തോഷം പങ്കുവെച്ച ഒരു സുഹൃത്തിന് - ഹരിപ്രസാദ് ദേശായ് - ഗാന്ധി അയച്ച കത്തിലെ വരികളായിരുന്നു അവ. നവ്ഖാലിയിൽ അന്ന് ലഹളയും
പകർച്ചവ്യാധികളും നിറഞ്ഞിരിക്കുകയായിരുന്നുവത്രേ.ഈ കാരണവര് എന്നും ഇങ്ങനെയാണ്. താൻ ആള് പുലിയാണ് എന്ന് കാണിച്ചുകൊണ്ടിരിക്കാൻ ഏത് അവസരവും കുളമാക്കുന്നതിൽ മൂപ്പർക്കൊരു മടിയുമില്ല. കണ്ണ് തെറ്റിയാൽ അഹിംസ വരും, എന്നിട്ടെന്താ, വാശിയും വൈരാഗ്യവും ഒഴിഞ്ഞ നേരമില്ല. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയന്ന് അസ്സംബ്ലിയിൽ വന്ന് സംസാരിക്കണമെന്ന് ഒരുപാടാളുകൾ ചേർന്ന് ഗാന്ധിയോട് അപേക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നവ്ഖാലിയെന്ന നമ്പരിറക്കി ഇടം തടിച്ചു നില്ക്കുകയാണുണ്ടായത്.
ചില്ലറയൊത്തെങ്കിലും ഗാന്ധിയുടെ ആ പരിപാടി അത്രക്കങ്ങട് പിടിച്ചില്ലാന്ന് അടിയിൽ വരച്ചിട്ടു.
വാക് - പർവ്വം
പിറ്റേന്നു തന്നെ തൃശൂർ കറന്റ് ബുക്സിൽ നിന്ന് ഡിക്ഷണറി വാങ്ങുകയുണ്ടായി. സാംസ്കാരിക ഘോഷയാത്രാ സംഘാടകനായ എന്റെ പ്രിയ സുഹൃത്ത് ഈ ഡിക്ഷണറി കാണുമ്പോഴെല്ലാം 'ഞാൻ നാട് മുഴുവനും നടന്ന് പിരിവെടുത്ത് വാങ്ങിത്തന്ന ഡിക്ഷണറി' എന്ന് ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാറുണ്ട്. അവൻ പറഞ്ഞതിലും സത്യമുണ്ട്. എന്നാലും ഞാൻ വിചാരിക്കും, ഡിക്ഷണറി ആരുടെയെങ്കിലുമാവട്ടെ, അതിനകത്തെ വാക്കുകൾ ആരുടേതാണ്? വാക്കുകൾക്ക് ഉടമസ്ഥനുണ്ടോ? ‘വാക്കേ വാക്കേ കൂടെവിടെ?’ അതിനുത്തരം നല്കാൻ പറ്റിയ വാക്കുകളേതെങ്കിലും ആ ഡിക്ഷണറിയിൽ ഉണ്ടായിരുന്നുവോ ആവോ ?
വാക്കുകൾക്ക് നേരെ ഫൊണെറ്റിക് സിംബലുകൾ തുടങ്ങിയവ കാണുമ്പോൾ രാമകൃഷ്ണൻ സാറിന്റെ ചുണ്ടുകൾ പലവിധ രൂപങ്ങൾ പ്രാപിക്കുന്നത് മനസ്സിൽ തെളിയും. അപൂർവ്വമായി കണ്ടിട്ടുള്ള ഏതെങ്കിലും ഇംഗ്ലീഷ് സിനിമകളിലെ നടന്മാർ സംസാരിക്കുമ്പോൾ മുഖത്തുവരുന്ന ഭാവങ്ങൾ, നേരെ ചൊവ്വേ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തനിയെ സംഭവിക്കുന്നതാണെന്നൊക്കെ തോന്നിയിരുന്നു. പ്രൈമറി, സെക്കന്ററി എന്നിത്യാദി സ്‌ട്രെസ്സുകളും ഇന്റോനേഷനുമൊപ്പിച്ചു ഒരു വാക്യം പറഞ്ഞു തീരുമ്പോഴേക്കും മുഖത്തെ ഒട്ടുമിക്കവാറും പേശികൾ പ്രയോഗത്തിൽ വന്നു കാണും. അതാണ് ഇംഗ്ളീഷ് സംസാരിക്കുമ്പോഴത്തെ ഒരിത്.
കണ്ണിൽ കാണുന്ന വാക്കുകളൊക്കെയും ഡിക്ഷണറിയിൽ നോക്കുമായിരുന്നു. അർത്ഥത്തേക്കാളുപരി അവയുടെ ഉച്ചാരണശുദ്ധി, അവ ഉപയോഗിച്ചിട്ടുള്ള മറ്റു സന്ദർഭങ്ങൾ എന്നിവ. ഏതെങ്കിലും ഒരു വാക്കിന്റെ അർത്ഥം തെരയാൻ പോയാൽ തൊട്ടുതൊട്ടുള്ള മറ്റു വാക്കുകളിൽ കയറിപ്പിടിച്ച് കുറേ നേരം പോകും; ഫേസ് ബുക്കിൽ കയറിയതുപോലെയാണ്. ഇവയേക്കാളൊക്കെ, ആ ഡിക്ഷണറി ഒരുക്കിയിരിക്കുന്നതിന്റെ ഭംഗി അന്നും ലഹരി പിടിപ്പിച്ചിരുന്നു. അത്രക്കും കനം കുറഞ്ഞ ഏടുകൾ, അത്രയെളുപ്പം മഞ്ഞച്ചു പോകാത്തവ, അതിന്റെ ബയന്റിങ്, വാക്കുകളും അർത്ഥങ്ങളും ഉദാഹരണങ്ങളുമെല്ലാം വിശദീകരിച്ചിരിക്കുന്നതിലെ കൃത്യത...the way they presented was so meaningful. വെറുതെ ഒരു കൂട്ടം വാക്കുകൾ തപ്പിയെടുത്ത് അച്ചടിച്ചു വിട്ടതായിരുന്നില്ല ആ ഡിക്ഷണറി.
ഒന്നര വർഷത്തിന് ശേഷം കേരളവർമ്മയിലേക്കുള്ള പോക്കും രാമകൃഷ്ണൻ സാറിന്റെ ക്‌ളാസ്സുമെല്ലാം നിലച്ചുപോയെങ്കിലും ജോലിസംബന്ധമായി ചുറ്റിക്കറങ്ങിയേടത്തെല്ലാം ഈ ഡിക്ഷണറിയും കൂടെയുണ്ടായിരുന്നു. പിന്നെപ്പിന്നെ മറ്റു പല ഡിക്ഷണറികളും കൂടെ വന്നു- ഇംഗ്ലീഷ് -ഇംഗ്ലീഷ് - മലയാളം ഡിക്ഷണറി, ഹിന്ദി- ഇംഗ്ലീഷ്- ഡിക്ഷണറി, ഹിന്ദി- ഇംഗ്ലീഷ്- മലയാളം ഡിക്ഷണറി, ശബ്ദ താരാവലി, തിസോറസ്, അമരകോശം എന്നിങ്ങനെ. അമരകോശം വാങ്ങാൻ പ്രേരണയായത് ആഷാമേനോന്റെ ഒരു കത്തായിരുന്നു. വാക്കുകളെ അവയുടെ പ്രാചീനതയിൽ പ്രണയിക്കുന്ന ഒരാൾ അമരകോശത്തെപ്പറ്റി എഴുതിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.
ഈ ഡിക്ഷണറികളൊക്കെയും ഒരു തരം റിട്ടയർമെന്റ് ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അപൂർവ്വമായേ അവരെ പുറത്തെടുത്ത് തുറന്നുനോക്കാറുള്ളൂ. ബാക്കിയുള്ള ആവശ്യങ്ങൾ ഇവരുടെ ന്യൂ- ജെൻ തലമുറയിലെ ഓൺലൈൻ സൈറ്റുകൾ നിറവേറ്റുന്നുണ്ട്. എന്നാലും തൊട്ടരികിൽ അവർ നിശബ്ദരായി ഇരിക്കുന്നത് കാണുമ്പോൾ…...ഇത്രയധികം വാക്കുകളും അവയുടെ അർത്ഥങ്ങളും പേറി എന്ന് തുടങ്ങിയ ഇരിപ്പാണ്? അവരെന്നോട് പരിഭവിക്കുന്നുണ്ടാവും. അവരുടെ മൗനത്തിനു മുൻപിൽ എന്റെയീ ശബ്ദകോലാഹലങ്ങൾ... അവരും ചുവാങ്ത്സുവിനൊപ്പം കൂടുന്നോ?-
'എവിടെയാണ്
വാക്കുകൾ മറന്നുപോയ ഒരുവനെ
കാണാൻ കിട്ടുക?
അയാളോടാണ് ഞങ്ങൾ സംസാരിക്കാനാഗ്രഹിക്കുന്നത്.'
ശബ്ദതാരാവലി ഉണ്ടാക്കിയെടുത്ത ശ്രീ കണ്ഠേശ്വരം പദ്മനാഭപിള്ളയെ പ്രണമിക്കാതെ വയ്യ. ശബ്ദതാരാവ്വലി കണ്ടപ്പോൾ ചട്ടമ്പി സ്വാമികൾ വെറുതെയൊന്നു മറിച്ചുനോക്കിയതിനു ശേഷം,'ആർഭാടമില്ലെങ്കിലും കൊള്ളാം' എന്ന് പറഞ്ഞ് തിരിച്ചുകൊടുത്തത്രേ. കുറേക്കഴിഞ്ഞാണ് പദ്മനാഭപ്പിള്ള മനസ്സിലാക്കിയത് 'ആർഭാടം' എന്ന വാക്ക് വിട്ടുപോയിരിക്കുന്നുവെന്ന്! സംഭവം സത്യമാണോ എന്നറിയില്ല. കേട്ടുകേഴ്വിയാണ്. അതുപോലെത്തന്നെ ബഹുമാനവും വിസ്മയവും തോന്നിയ മറ്റൊരാളുണ്ട്: നിഘണ്ടുവല്ലെങ്കിലും, മറ്റൊരു മഹാ സമാഹാരം, പുരാണിക് എൻസൈക്ലോപീഡിയ തയ്യാറാക്കിയ ശ്രീ.വെട്ടം മാണി.
വാക്കുകളുടെ ഉല്പത്തി 'ദൈവ കല്പന'യേക്കാളും പ്രാചീനമായിട്ടുള്ളതാണ്. ദൈവമൊക്കെ സൃഷ്ടിക്കപ്പെട്ടത് വാക്കുകൾ ഉണ്ടായതിനു ശേഷമാണല്ലോ. ന്യൂറോളജിക്കാരും വാക്കുകളുടെ ഉത്ഭവത്തെ തേടി സങ്കീർണ്ണമായ നാഡീ ശൃംഖലകളിൽ നഷ്‌ടപ്പെടുന്നു. വാക്യപദീയകാരനായ ഭർത്തൃഹരിയുടെ അഭിപ്രായത്തിൽ വാക്കിന്റെ ഉല്പത്തി പ്രപഞ്ചത്തിന്റെ പ്രായത്തോളം നീണ്ടുചെല്ലുന്നുവെന്നാണ്. അതായത്, ഈ പ്രപഞ്ചം ആദിയും അന്തവുമില്ലാത്തതാണെങ്കിൽ, വാക്കും അങ്ങനെത്തന്നെയെന്നു സാരം.
ഒരു പക്ഷേ, വാക്കുകൾ ലക്കും ലഗാനുമില്ലാതെ പ്രയോഗിച്ചുകൂട്ടുന്നതിനേക്കാൾ, ഏറെ സാർത്ഥകമാകാം വാക്കുകളുടെ സമാഹരണം. വാക്കുകൾ സമാഹരിക്കാൻ തുടങ്ങുമ്പോഴാകാം അവയുടെ വേരുകളുടെ സൂക്ഷ്മപടലങ്ങൾ, അർത്ഥങ്ങളുടെ ആദിമ ഗന്ധങ്ങളുണർത്തുന്നത്. എറ്റിമോളജിയിൽ കടന്നുവരാത്ത പരിണാമശാസ്ത്രങ്ങളുണ്ടാവുമോ? എറ്റിമോളജിയിൽ കടന്നുവരാത്ത ചരിത്രഗാഥകളുണ്ടാവുമോ? അതിൽ കടന്നുവരാത്ത ഭാവനകളും ഉൾക്കാഴ്ചകളുമുണ്ടാവുമോ? അതിവേഗം വികസിച്ചുകൊണ്ടേയിരിക്കുന്ന ഈ കാഴ്ചപ്രപഞ്ചത്തിന്റെ അരികുപിടിച്ച് പിന്നിലേക്ക് നടന്നുചെന്നാൽ, ഭൗതിക ശാസ്ത്രജ്ഞർ ഊഹിക്കുന്നതുപോലെ, സിംഗുലാരിറ്റി എന്ന് വിളിക്കുന്ന ഊർജ്ജകണത്തെ തൊടാമെങ്കിൽ, 'ധ്വനിമയമായ്' വികസിച്ചുകൊണ്ടേയിരിക്കുന്ന വാക്‌പ്രപഞ്ചത്തിന്റെ പിന്നാമ്പുറത്തേക്ക് ഇറങ്ങിനടന്നാൽ മൗനത്തിന്റെ അനാദികണത്തോട് വിലയിക്കാനാവുമോ? അത്തരമൊരു നിമിഷത്തെയാകണം കബീർ തിരുത്തിയത് - സമുദ്രത്തിലേക്ക് ഒരു തുള്ളി വിലയിക്കുകയല്ല; തുള്ളിയിലേക്ക് സമുദ്രം വിലയിക്കുകയായിരുന്നുവെന്ന്.
വാക്കുകൾ പെറുക്കിക്കൂട്ടിയവർ, അവയുടെ വ്യംഗ്യാർത്ഥങ്ങളുടെ ഗന്ധത്തെ പിന്തുടർന്നവർ, അവരുടെ ജീവിതത്തിൽ ഏതെല്ലാം തലങ്ങളിൽ വിസ്മയാധീനരായി വിറങ്ങലിച്ചു നിന്നിട്ടുണ്ടാവാമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ലോകത്ത് ഉണ്ടായിട്ടുള്ള നിഘണ്ടുക്കളുടെ പിന്നിൽ - വിശേഷിച്ചും കമ്പ്യൂട്ടർ യുഗത്തിന് മുൻപ്- അവിശ്വസനീയമായ കുറെയെങ്കിലും ജീവിതങ്ങളുണ്ടായിട്ടുണ്ട്. മലയാളത്തിന് ആദ്യത്തെ നിഘണ്ടു സമ്മാനിച്ച ഗുണ്ടർട്ടായാലും ശ്രീ കണ്ഠേശ്വരം പദ്മനാഭപിള്ളയായാലും വെട്ടം മാണിയായാലും മറ്റു ദേശങ്ങളിൽ സംഭവിച്ച കൂട്ടായ സമാഹരണങ്ങളായാലും അവരെല്ലാവരും ഏതെല്ലാമോ തലത്തിൽ കൂട്ടത്തിൽ നിന്നും മാറി നടന്നിട്ടുള്ളവരാണ്.
ഉന്മാദത്തിന്റെ അർത്ഥാന്തരങ്ങൾ
ഈയടുത്ത് ഡോ. രാജശേഖരൻ നായർ എഴുതിയ ഒരു ലേഖനത്തിൽ അത്തരമൊരു ജീവിതം വീണ്ടും കടന്നുവന്നു - ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറാക്കുന്നതിൽ പതിനായിരത്തിലധികം വാക്കുകൾ സമാഹരിച്ച് സംഭാവന ചെയ്ത ഒരു ഡോ. വില്യം ചെസ്റ്റർ മൈനറെ പറ്റി. അങ്ങനെയാണ് പിന്നെയാകാമെന്നു വെച്ചിരുന്ന ഈ ലേഖനം തിക്കിത്തിരക്കി കയറിവന്നത്.
ഡോ. രാജശേഖരൻ നായർക്ക് നന്ദി.
ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി (OED) എന്ന ഈ മഹാനിഘണ്ടു (1989 ലെ റിവൈസ്ഡ് എഡിഷനിൽ ഏകദേശം ആറുലക്ഷത്തി പതിനയ്യായിരം വാക്കുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്! - BRILL BYSON - Mother Toungue) തയ്യാറാക്കാൻ തുടങ്ങിയത് 1870 നു ശേഷമായിരുന്നു. അതിന്റെ എഡിറ്ററായി നിയമിക്കപ്പെട്ട ഡോ. ജെയിംസ് മുറേ ആ പ്രോജെക്റ്റുമായി സഹകരിക്കാൻ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ഒരു പത്രപരസ്യം നല്കുകയുണ്ടായി. കുറേ മാസങ്ങൾക്കു ശേഷം ആ പരസ്യം ഡോ. മൈനറുടെ കൈവശം ആകസ്മികമായി എത്തിച്ചേരുന്നു. ഡോ. മൈനർ അപ്പോൾ ബ്രിട്ടനിലെ ക്രോതോൺ എന്ന സ്ഥലത്തുള്ള ഭ്രാന്താലയത്തിൽ തടവിലാണ്.
അമേരിക്കൻ കൃസ്ത്യൻ മിഷനറിമാരായ മാതാപിതാക്കളുടെ മകനായി ഡോ. മൈനർ ജനിച്ചത് സിലോണിലായിരുന്നു,1834 ൽ. (ചില പാതിരി സമുദായത്തെ സംബന്ധിച്ച് പാപികളുടെ പറുദീസയായിരുന്നുവത്രേ സിലോൺ. അവർ വിശ്വസിച്ചിരുന്നത് പാപം ചെയ്യപ്പെട്ടതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ആദവും ഹവ്വയും വന്നു വീണത് ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്നറിയപ്പെട്ടിരുന്ന ഈ പച്ചപ്പിലായിരുന്നുവെന്നാണ്!) പതിനാലാം വയസ്സിലാണ് വില്യം മൈനറെ അവന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കയക്കുന്നത്. ബാല്യം മുതല്‌ക്കേ അയാളുടെ മനസ്സിൽ ലൈംഗികതയും ആവശ്യത്തിൽ കവിഞ്ഞ കുറ്റബോധവും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവത്രേ.
അമേരിക്കയിലെ വൈദ്യ പഠനത്തിന് ശേഷം, കവിതയിലും ചിത്രകലയിലുമെല്ലാം കമ്പക്കാരനായിരുന്ന വില്യം മൈനർ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത് സൈന്യത്തിൽ ചേർന്നു. മൈനർക്ക് ചെയ്യേണ്ടി വന്ന പണി, പട്ടാളത്തിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടിപ്പോയവരെ, അവരിലധികവും ഐറിഷുകാരായിരുന്നു, തിരികെ പിടിച്ചുകൊണ്ടുവരുമ്പോൾ അവരുടെ ചന്തിക്കോ, പള്ളയിലോ, കവിളിലോ ഇരുമ്പ് പഴുപ്പിച്ച് ‘D’ എന്ന് (D for desertion) ചാപ്പ കുത്താനായിരുന്നു. പണ്ടേ ഒരല്പം മനോ വികല്പങ്ങളുണ്ടായിരുന്ന മൈനർ ഇതോടെ രണ്ടു മൂന്നു നാൾക്കകം മുഴുഭ്രാന്തനായിപ്പോയി. ഭ്രാന്തിന്റെ ഭാഗമായി പട്ടാളത്തിൽ നിന്നും പുറത്തുവന്ന മൈനർ കടുത്ത വിഭ്രാന്തിയിലായിരുന്നു ജീവിച്ചുവന്നത്.
ഐറിഷുകാരായവരൊക്കെ തക്കം പാർത്തിരുന്ന് തന്നെ കൊല്ലാൻ വരുന്നുവെന്നും മറ്റും തോന്നിയിരുന്ന മൈനറെ രോഗശാന്തിക്കുവേണ്ടി ബന്ധുക്കൾക്കൊപ്പം ഇംഗ്ലണ്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയുണ്ടായി. ഒരു ദിവസം വീടിനു പുറത്തു ചാടിയ മൈനർ, ജോർജ് മെറിറ്റ് എന്ന ഒരു ഐറിഷ്‌കാരനെ, തന്നെ കൊല്ലാൻ വന്നവനെന്നു സംശയിച്ച് വെടിവെച്ചു കൊന്നു. അങ്ങനെയാണ് അയാൾ ക്രോതോണിലെ ഭ്രാന്താശുപത്രിയിൽ തടവിലാകുന്നത്.
കുറേ നാളുകൾക്കു ശേഷം, താൻ ചെയ്തുപോയ കൊലപാതകത്തെ പ്രതി വില്യം മൈനർ വല്ലാതെ പശ്ചാത്തപിക്കുകയും പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അയാൾ, അമേരിക്കൻ എംബസി വഴി, കൊല്ലപ്പെട്ട മെറിറ്റിന്റെ ഭാര്യക്ക് എഴുതുകയുണ്ടായി. സംഭവിച്ചതിലെല്ലാം വല്ലാത്ത ദുഃഖമുണ്ടെന്നും അവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അയാൾ മെറിറ്റിന്റെ ഭാര്യ എലിസയെ അറിയിച്ചു. കുടുബം പോറ്റാൻ ബുദ്ധിമുട്ടുകയായിരുന്ന ആ സ്ത്രീ സഹായം സ്വീകരിക്കാൻ സമ്മതിച്ചുവെന്നു മാത്രമല്ല, വില്യം മൈനറെ സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവർ മനസ്സിലാക്കിയിരുന്നു, കടുത്ത മാനസിക വിഭ്രാന്തിയിൽ സംഭവിച്ചുപോയ ഒരബദ്ധമായിരുന്നു തന്റെ ഭർത്താവിന്റെ കൊലപാതകമെന്ന്.
അങ്ങനെ, ഭർത്താവിന്റെ മരണത്തിന് ഏഴു വർഷങ്ങൾക്കു ശേഷം ആ സ്ത്രീ ഈ പാവം അമേരിക്കകാരനെ ഭ്രാന്താലയത്തിൽ സന്ദർശിച്ചു. വില്യം മൈനറിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായത്തിന്റെ തുടക്കമായി ഭവിച്ചു ആ സന്ദർശനം. ഒരു വലിയ സൗഹൃദത്തിലേക്കു വളർന്നില്ലെങ്കിലും, അവർ മൈനറിനു വേണ്ടി ലണ്ടനിലെ പുസ്തക വില്പനക്കാരിൽ നിന്നും പഴയകാല പുസ്തകങ്ങൾ വാങ്ങി എത്തിച്ചുകൊടുക്കാമെന്നേറ്റു. നിരക്ഷരയായിരുന്ന എലിസ മെറിറ്റിന് പുസ്തകങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാതിരുന്നതിനാൽ, വില്യം മൈനർ നിർദേശിക്കുന്ന പുസ്തകങ്ങൾ സംഘടിപ്പിച്ച് പൊതിഞ്ഞ് പാർസലുകളാക്കി അയാൾക്ക് എത്തിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അധികം വൈകാതെ ആ സ്ത്രീ മദ്യത്തിനടിപ്പെടുകയും കിറുക്കനായ ഈ ഡോക്ടറിലുള്ള താല്പര്യങ്ങൾ തീരെ ഇല്ലാതാവുകയും ചെയ്‌തെങ്കിലും, ആ പാർസലുകൾ അതുവരേക്കും വിഷാദമഗ്നമായി കടന്നുപോയിരുന്ന ഡോ. മൈനറിന്റെ ജീവിതത്തെ പ്രസന്നമാക്കാൻ പോന്ന ആകസ്മികതകൾക്കു വഴിയൊരുക്കുകയുണ്ടായി. അവർ പാഴ്സലുകൾ പൊതിയാനുപയോഗിച്ചത്, പ്രൊഫസർ ജെയിംസ് മുറേ ഡിക്ഷനറിക്ക് വേണ്ടി പ്രവർത്തിക്കാൻ വോളന്റീയർമാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യക്കടലാസുകൾ കൊണ്ടായിരുന്നു. പിന്നീടങ്ങോട്ടുള്ള നീണ്ട പതിനെട്ടു വർഷങ്ങൾ വില്യം മൈനറുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ അർത്ഥസമ്പൂർണ്ണമാക്കുകയുണ്ടായി, വാക്കുകളുടെ സമാഹരണത്തിലൂടെ.
ഡോ. മൈനർ പരസ്യത്തിൽ കണ്ട വിലാസത്തിൽ ബന്ധപ്പെടുന്നതും ഡോ. ജെയിംസ് മുറേയുമായി നടത്തുന്ന കാത്തിടപാടുകളും തുടർന്ന് ഓക്സ്ഫോർഡ് ഡിക്ഷണറിക്കുവേണ്ടി വാക്കുകൾ ശേഖരിക്കാൻ തുടങ്ങിയതുമെല്ലാം ചരിത്രമാണിന്ന്. ആദ്യമാദ്യം ഡോ. മുറേയുടെ ശൈലി പിന്തുടർന്ന വില്യം മൈനർ, വാക്കുകൾ ക്രമപ്പെടുത്തുന്നതിനായി തന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയും പിന്നീട് അത് എല്ലാവർക്കും സ്വീകാര്യമാവുകയും പൊതുവായ രീതിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഓക്സ്ഫോർഡ് ഡിക്ഷനറിയുടെ മൂന്നാം വോള്യം പ്രസിദ്ധീകരിച്ച സമയത്തായിരുന്നു വിക്ടോറിയ രാജ്ഞിയുടെ അമ്പതാം ഭരണ വാർഷികാഘോഷങ്ങൾ ലോകമെങ്ങും സംഘടിപ്പിക്കപ്പെട്ടത്. കൂട്ടത്തിൽ ഡിക്ഷണറി പ്രവർത്തകരേയും ആദരിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഡോ. മൈനറിന് പ്രത്യേക ക്ഷണമുണ്ടായിട്ടും വരാതായപ്പോഴാണ് ഡോ. മുറേ അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമം നടത്തുന്നത്. അതിനു ശേഷമാണ് അദ്ദേഹം ക്രോതോണിലെ ഭ്രാന്താലയത്തിൽ എത്തുന്നതും മൈനറെ കാണുന്നതുമെല്ലാം.
വായനയും വാക്കുകളുടെ സമാഹരണവുമെല്ലാം നടക്കുന്നതിനിടയിലും ഡോ. മൈനർ ഒരുപാട് വിഭ്രാന്തികളിലൂടെ കടന്നുപോകുന്നുണ്ട്. അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെറിയ വിടവുകളിലൂടെ നുഴഞ്ഞു കയറുന്ന മറ്റ് അന്തേവാസികൾ, അദ്ദേഹം കേൾക്കുന്ന വിചിത്രമായ ശബ്ദങ്ങൾ, രാത്രികാലങ്ങളിൽ ആരൊക്കെയോ പതുങ്ങിവന്ന് അയാളുടെ പുസ്തകത്താളുകൾ അലങ്കോലപ്പെടുത്തുവത്രേ! റൈറ്റ് സഹോദരന്മാർ അവരുടെ വൈമാനിക പരീക്ഷണങ്ങൾ നടത്തുന്ന കാലമായിരുന്നതിനാൽ, വിമാനം പോലുള്ള ഒരു യന്ത്രം വന്ന് തന്നെ നിർബന്ധപൂർവ്വം കയറ്റിക്കൊണ്ടുപോകുന്നതായെല്ലാം അയാൾ ഭാവനയിൽ കണ്ടു. ഇടക്കെങ്കിലും താൻ അംഗീകരിക്കപ്പെടണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. മറ്റു ചിലപ്പോൾ അയാൾ കടുത്ത വിഷാദത്തിലേക്കും കുറ്റബോധത്തിലേക്കും വീണുപോയി. അങ്ങനെയിരിക്കേ ഒരു രാത്രി അയാൾ സ്വന്തം ലിംഗം ഛേദിച്ചു കളയുകപോലുമുണ്ടായി.
ഇക്കാലയളവിൽ ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ചില വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ഡോ. ജെയിംസ് മുറേയിലൂടെ വില്യം മൈനറുടെ സഹതാപാർഹമായ ജീവിത പശ്ചാത്തലവും ഇംഗ്ലീഷ് ഭാഷയ്ക്ക് അയാൾ നല്കിയ സംഭാവനയും ചില പത്രങ്ങളിൽ വാർത്തയാവുകയും ചെയ്‌തെങ്കിലും, വാർത്തകളുടെ സ്വഭാവമെന്നോണം വളരെ പെട്ടെന്ന് തന്നെ അവ വിസ്മരിക്കപ്പെടുകയായിരുന്നു.
james murrey |
ഡിക്ഷണറി പ്രവർത്തകർ, വിശേഷിച്ച് ഡോ. മുറേ, വില്യം മൈനറെ അയാളുടെ സ്വദേശത്തേക്ക് മോചിപ്പിക്കുന്നതിന് അനുമതിക്കായി ശ്രമിക്കുകയും ഒടുവിൽ വിൻസ്റ്റൺ ചർച്ചിലിന്റെ ഇടപെടലിനെത്തുടർന്ന് അത് സാധ്യമാവുകയും ചെയ്തു. അമേരിക്കയിൽ തിരിച്ചെത്തിയ വില്യം മൈനർ കുറച്ചു വർഷങ്ങൾ കൂടി ചില മനോരോഗകേന്ദ്രങ്ങളിൽ കഴിഞ്ഞു. അവസാനം അയാളുടെ ഒരു ബന്ധു വന്ന് താരതമ്യേന സ്വസ്ഥമായ ഒരു വിശ്രമകേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും 1920 മാർച്ച് 26 നു തന്റെ എൺപത്തിയാറാമത്തെ വയസ്സിൽ മരണമടയുകയുമുണ്ടായി.
ലോകം അറിയാതെപോവുമായിരുന്ന ഈ 'പശ്ചാത്തല ജീവിതങ്ങൾ'പുറത്തുവരുന്നത് 1980-ൽ സൈമൺ വിൻചെസ്റ്റർ എന്ന ഒരാൾ യാദൃശ്ചികമായി ചില പ്രിന്റിങ് പ്ലേറ്റുകൾ കണ്ടെത്തുന്നതോടെയാണ്. ലോഹനിർമ്മിതമായ ആ പ്ലേറ്റുകൾ 1928-ൽ ഓക്സ്ഫോർഡ് ഡിക്ഷണറി അച്ചടിക്കാനായി ഉപയോഗിച്ചവയായിരുന്നു. പുതിയ സാങ്കേതികവിദ്യകൾ വന്നതോടെ ഉപേക്ഷിക്കപ്പെട്ട ആക്രിസാധനകളായിരുന്നു അവ. എന്തുകൊണ്ടോ അവയിൽ കൗതുകം തോന്നിയ സൈമൺ വിൻചെസ്റ്റർ അവയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചതോടെയാണ് ഏറെ മനോഹരമായ ‘The Professor and the Madman‘ എന്ന അസാധാരണമായ ഈ കൃതി പിറന്നത്. (ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഇതേ പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്).
എല്ലാ നിഘണ്ടുക്കൾക്കും ഹൃദയസ്പർശിയായ ചില രഹസ്യജീവിതങ്ങൾ - ഈ പേരിൽ മറ്റൊരു പുസ്തകമുണ്ട്:The Secret Life of Dictionaries by KORY STAMPER- ഉണ്ട്. ഒരു പക്ഷേ സൈമൺ വിൻചെസ്റ്റർ ആകണം ഇത്രക്കും സത്യസന്ധമായി അത് ലോകത്തെ ബോധ്യപ്പെടുത്തിയത്. ഒരുപാട് വിശദമായാണ് വിൻചെസ്റ്റർ കഥ പറയുന്നത്, ഓക്സ്ഫോർഡ് ഡിക്ഷണറിയുടേയും, അതിൽത്തന്നെ വില്യം മൈനറുടേയും, കൂട്ടത്തിൽ ഡോ.ജെയിംസ് മുറേയുമായുണ്ടായ സൗഹൃദത്തിന്റേയും. തുടക്കത്തിൽ വളരെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് തോന്നിപ്പിച്ച ഈ പേജുകൾ, അധികം വൈകാതെ വില്യം മൈനറുടെ വിഷാദജീവിതത്തിന്റെ സ്വാഭാവിക വേഗത്തിലേക്ക് നമ്മെ റീസെറ്റ് ചെയ്യുന്നു. ഈ കൃതി മുഴുവനും ഒരു പശ്ചാത്തലമാണെന്നു വേണമെങ്കിൽ പറയാം.
ലോകം ബഹളമയമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുമ്പോൾ, ആരുമറിയാതെ പൊയ്‌ക്കൊണ്ടിരിക്കുന്ന ചില ഒച്ചുവേഗങ്ങൾ. ഒരുപക്ഷേ, എല്ലാ പാച്ചിലുകളും സംഗതമാവുന്നത് പിന്നാമ്പുറത്തുള്ള ഇത്തരം സാവധാനങ്ങളെക്കൊണ്ടല്ലെന്നു പറയാനാകുമോ?
വില്യം മൈനർ കടന്നുപോകുന്ന സന്ദർഭങ്ങൾ വളരെ വിശദമായിത്തന്നെവിൻചെസ്റ്റർ പങ്കുവെക്കുന്നുണ്ട്. അയാൾ അനുഭവിക്കുന്ന കടുത്ത ഏകാന്തതയും മറ്റു വിഭ്രാന്തികളും. അയാളുടെ മനോരോഗത്തെപ്പറ്റിയുള്ള സ്നേഹപൂർവ്വമുള്ള ചില സന്ദേഹങ്ങൾ. ഒരുപക്ഷേ കൂടുതൽ കരുതലും സ്നേഹപരിചരണങ്ങളും ലഭ്യമായിരുന്നെങ്കിൽ വില്യം മൈനർ കുറേക്കൂടി സ്വസ്ഥമായ ഒരു ജീവിതം നയിക്കുമായിരുന്നു. അതേസമയം, തന്നിലെ വിഭ്രാന്തികളോടുള്ള ഏറ്റുമുട്ടലുകളിൽ നിന്നാണ് ജീവിതത്തിന്റെ ഒരു വലിയ കാലയളവ് നീണ്ടുനിന്ന സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ മുഴുകാൻ മൈനറിനു കഴിഞ്ഞതെന്ന് അദ്ദേഹം സംശയിക്കുമ്പോൾ, എളുപ്പം വിട്ടുകളയാൻ സാധ്യമാകാത്ത ചില ചോദ്യങ്ങൾക്ക് അയാൾ മരുന്നിടുന്നു: സ്വസ്ഥതയുടേയും സാർത്ഥകതയുടേയും മൂല്യവിചിന്തനങ്ങൾക്ക്.
തീരെ മറക്കാൻ കഴിയാത്ത നിരവധി മുഹൂർത്തങ്ങളുണ്ട് ഈ പുസ്തകത്തിൽ. പിടിച്ചുകൊണ്ടുവരപ്പെട്ട പട്ടാളക്കാരെ, പഴുപ്പിച്ച ഇരുമ്പുദണ്ഡുപയോഗിച്ച് ചാപ്പ കുത്തേണ്ടി വരുമ്പോൾ, വൈദ്യപഠനത്തിന്റെ അവസാനം താനെടുത്ത ഹിപ്പോക്രറ്റിക് പ്രതിജ്ഞ ലംഘിക്കപ്പെടുന്നതിൽ വിറകൊള്ളുന്ന ഒരു ഡോക്ടർ. ചിത്രകാരനും കവിതാകമ്പക്കാരനുമായിരുന്ന ഒരു സർജന്റെ എഴുത്തുമുറി. വാക്കുകളും അവയുടെ അർത്ഥങ്ങളുമെഴുതിയ ആയിരക്കണക്കിന് കാർഡുകൾക്കിടയിൽ മുങ്ങിക്കിടക്കുന്ന വിഷാദവും കുറ്റബോധവും നിറഞ്ഞ ഒരു താടിക്കാരൻ. മനസ്സ് കടന്നുപോകുന്ന ഭ്രമാത്മകതകൾക്കിടയിലും തന്റെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധവാനാകുന്ന മൂകനായ ഒരു മനുഷ്യൻ.
ഡോ. മുറേയുമായുണ്ടായ സൗഹൃദം മൈനറെ സംബന്ധിച്ച് ഏറെ സമാധാനം കൊണ്ടുവന്നെങ്കിലും, താൻ രക്ഷപ്പെട്ടു പോന്ന ക്രിസ്ത്യൻ മത ബോധന ങ്ങളുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലിന് ആ സൗഹൃദം വഴി വെച്ചത്രേ. മതവിശ്വാസത്തിന്റെ നീരാളിക്കൈകളിൽ നിന്നും ഒരു വിധം രക്ഷപ്പെട്ടെന്ന് കരുതിയ വില്യം മൈനർ, കുറ്റബോധത്തിന്റെ പൈശാചികതയിലേക്ക് വീണ്ടും വീണുപോകുന്നതും ലിംഗച്ഛേദനം നടത്തുന്നതും മറ്റും ഡോ. മുറേയുമായുള്ള സൗഹൃദം അയാളിലെ വിശ്വാസങ്ങളെ പ്രകോപിപ്പിച്ചതിനാലെന്ന് സൈമൺ വിൻചെസ്റ്റർ സംശയിക്കുന്നുണ്ട്. (ഡോ. മുറേ തികഞ്ഞ ഒരു വിശ്വാസിയായിരുന്നു). എന്നിട്ടും ഒരുപാട് വർഷത്തെ പരിചയത്തിനു ശേഷം വില്യം മൈനറും ജെയിംസ് മുറേയും പിരിയുന്ന രംഗം കണ്ണ് നനയിക്കുന്നതാണ്.
1998 സെപ്റ്റംബറിലാണ് സൈമൺ വിൻചെസ്റ്ററുടെ പുസ്തകംപുറത്തുവരുന്നത്. അത്രയും വർഷങ്ങളെടുത്തത്, വില്യം മൈനറിനെപറ്റിയുള്ള വിവരശേഖരണ ത്തിനായിരുന്നു. അദ്ദേഹം അയച്ചു കൊടുത്ത കുറിപ്പുകൾ വീണ്ടെടുക്കുന്നതിനും അദ്ദേഹത്തിന്റെ ഭ്രാന്താലയ വാസത്തിന്റേയും ചികിത്സയുടേയും വിശദാംശങ്ങൾ അറിയുന്നതിനുമായി വേണ്ടി വന്ന നിയമ വ്യവഹാരങ്ങൾക്കും മറ്റും. ഒരുപാട് വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾ എന്നിങ്ങനെ ….
വില്യം മൈനറുടെ മനോരോഗത്തെ പരാമർശിക്കുന്നേടത്തെല്ലാം കടന്നുവരുന്ന ധാരാളം മനഃശ്ശാസ്ത്രപദങ്ങളുണ്ട്: പാരനോയിയ, മോണോമാനിയ, ഡില്യൂഷൻ, ഡിമെൻഷ്യ പ്രീകോക്സ്, സ്കിസോഫ്രീനിയ എന്നിങ്ങനെ. ഇത്തരത്തിലുള്ള കുറേ ഊഹാപോഹങ്ങളും അവക്കുള്ള മരുന്നുകളുമായാണ് മൈനർ ജീവിച്ചുപോയത്. ഈ ഭൂമിയിലേക്ക് കടന്നുവന്നപ്പോൾ അയാൾക്ക് കിട്ടിയ ശരീരമെന്ന ശകടം അല്പം ഏടാകൂടം പിടിച്ചതായിപ്പോയെന്നേ അതിനർത്ഥമുള്ളൂ. ശകടമേതുമാകട്ടെ എങ്ങനെയുള്ളതുമാകട്ടെ, യാത്ര മുഴുമിച്ചോ എന്നത് മാത്രമാണ് പ്രസക്തമാകുന്നത്. പതിനായിരത്തിലധികം വാക്കുകളും അവയുടെ ഉത്ഭവങ്ങളും അർത്ഥഭേദങ്ങളും ശേഖരിക്കാൻ സാധിച്ചെങ്കിലും, ഇതിനിടയിൽ അദ്ദേഹം സവിശേഷമായ ഏതെങ്കിലും ഒരു പദത്തെ തേടിക്കൊണ്ടിരുന്നിരിക്കുമോ? വാക്കുകളും അർത്ഥങ്ങളും തെരഞ്ഞു തെരഞ്ഞ്, ഡോ. വില്യം മൈനർ സ്വാസ്ഥ്യത്തിന്റെ അജ്ഞാത തീരങ്ങളെ തൊട്ടിട്ടുണ്ടാകുമോ? അവയെ ദൂരെ നിന്ന് ദർശിക്കയെങ്കിലും ചെയ്തുകാണുമെന്ന് ഉറപ്പ്.
കൃതജ്ഞതയുടെ വെണ്മേഘങ്ങൾ
.
പ്രിയ വില്യം മൈനർ, 'സ്വാത്മികം' എന്ന പദം നിങ്ങൾക്കിരിക്കട്ടെ. ഒരു ദിവസം പൊടുന്നനെയെന്നോണം വീണുകിട്ടിയതാണിത്. നിലാവ് നിറഞ്ഞ ഒരു രാത്രിയിൽ, നിബിഢമായ ഏതോ വനാന്തരത്തിലെ, ഏതോ ഒരിലയിലേക്കു വീണ ഒരൊറ്റ മഞ്ഞിൻകണത്തെപ്പോലെ. ഞാൻ അതിന്റെ അർത്ഥം ഇങ്ങനെ നിരൂപിക്കുന്നു- That which I am. ‘That which I am not’ എന്ന 'നേതി നേതി'കളിലൂടെ നാളുകളെടുത്ത് ഊറിക്കൂടിയതാകാം.
ഓക്സ്ഫോർഡ് ഡിക്ഷണറിക്കു പിന്നിൽ, വില്യം മൈനർ എന്ന ഒരു നിഴലനക്കം പോലെ, ഏതൊരു വാക്കിനു പിന്നിലും ബോധത്തിന്റെ ഒരു വെണ്മേഘം തങ്ങിനിൽപ്പുണ്ട്, എല്ലായ്‌പ്പോഴും. ആ മേഘത്തെ കൃതജ്ഞത എന്നറിയാനാണ് ഞാനിഷ്ടപ്പെടുന്നത് - the white cloud of deep gratitude. ആ മേഘത്തിനു കീഴെ ഒരു നിമിഷനേരം മൗനമായി നിന്നാൽ, അത് പെയ്തുകൊണ്ടേയിരിക്കുമത്രേ!
വാക്കുകളുടെ വിശ്വരേഖകളെ - The World Lines of Words- അങ്കനം ചെയ്യുകയും, എവിടെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ഒരു പദത്തേയോ അതിന്റെ അർത്ഥത്തേയോ സ്പർശിക്കുന്നുവെങ്കിൽ അതറിയാനായി മൺതരിയോളം പോന്ന മിന്നാമിന്നി ബൾബുകളെക്കൊണ്ട് ബന്ധിപ്പിക്കുകയും ചെയ്‌താൽ എങ്ങനെയിരിക്കുമെന്ന് ഭാവനയിൽ കാണാൻ ശ്രമിച്ചിട്ടുണ്ടോ?. അങ്ങനെയെങ്കിൽ നിവർത്തിവച്ച നിഘണ്ടുക്കളൊക്കെയും ദീപപ്രഭയിൽ കുളിച്ചു നില്ക്കുന്ന ഭൂമിയുടെ ആകാശ ദൃശ്യം പോലെ ചേതോഹരമായി തിളങ്ങിക്കൊണ്ടിരിക്കും. അതിനേക്കാൾ ഭംഗിയുള്ള മറ്റൊരു ദൃശ്യം ഓർമ്മയിലുണ്ട് - ഏറെ വർഷങ്ങൾക്കു മുൻപ്, സെപ്റ്റംബറിലെ ഒരു രാത്രിയിൽ, നെല്ലിയാമ്പതിയിലെ കാടുകൾ മുഴുവനും മിന്നാമിനുങ്ങുകളെക്കൊണ്ട് പൊതിഞ്ഞു നിന്നിരുന്ന ഒരു ദൃശ്യം. ഇടയ്ക്കു തോന്നും ആ മിന്നാമിന്നികൾ അത്രയും ഇപ്പോഴും ശിരസ്സിനകത്ത് മിന്നിക്കൊണ്ടേയിരിക്കുകയാണെന്ന്. ആ ദൃശ്യം അനുഭവിച്ചവർക്കെല്ലാവർക്കും അതങ്ങനെയാവാനേ തരമുള്ളൂ.
നിഘണ്ടുക്കളൊക്കെയും ആരണ്യകങ്ങളാണ്;
നിശബ്ദമായി മിന്നിക്കൊണ്ടിരിക്കുന്ന
പ്രജ്ഞാവനങ്ങൾ.