അനിശ്ചിതത്വത്തിന്റെ നീർച്ചുഴികൾ
ഒരു സർദാർജി ഫലിതമുണ്ട്: ഒരിക്കൽ ഒരാൾ ഒരു സർദാർജിയോട് സമയം ചോദിച്ചുവത്രേ. സർദാർജി തന്റെ വാച്ചിൽ നോക്കി നില്ക്കുകയല്ലാതെ ഒന്നും മിണ്ടുന്നില്ല. മറ്റെയാൾ അക്ഷമനായിക്കൊണ്ട് ചോദിച്ചു, 'എന്തേ, വാച്ച് നില്ക്കുകയാണോ?' സർദാർജി പറഞ്ഞു,'അല്ല, അതിന്റെ ഒരു സൂചി ഓടിക്കൊണ്ടേയിരിക്കുകയാണ്. ഞാൻ സമയം പറയാമെന്നു വിചാരിക്കുമ്പോഴേക്കും അത് ഓടിപ്പോയിരിക്കും. ഈ വാച്ചു വെച്ചുകൊണ്ട് സമയം പറയാൻ പറ്റുമെന്ന് തോന്നുന്നില്ല!'
അനിശ്ചിതത്വത്തിന്റെ കാര്യത്തിൽ നാം എല്ലാ മനുഷ്യരും സർദാർജി-സമന്മാരാണ്; അയാളെപ്പോലെ എല്ലാവരും നിഷ്ക്കളങ്കരല്ലെങ്കിലും. സമയമറിയാൻ നാം നോക്കിയാലും ഇല്ലെങ്കിലും വാച്ചിലെ സൂചി ഓടിക്കൊണ്ടേയിരിക്കുന്നതുപോലെ, നാം ഇടപെടുമ്പോൾ മാത്രമല്ല, ജീവിതത്തിന്റെ സ്ഥായീഭാവം (ഇതൊരു വിപരീത പ്രയോഗമാണ്!) അനിശ്ചിതത്വമാണ്. സദാ ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഏതാണ്ടൊരു സമയം ഊഹിച്ചെടുത്ത് നാം പെരുമാറിപ്പോരുന്നതുപോലെ, എത്രയൊക്കെ അനിശ്ചിതമാണെങ്കിലും, പലതിനേയും നിശ്ചിതമാണെന്നു കണക്കാക്കിക്കൊണ്ടാണ് നാം ജീവിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്, അതങ്ങനെയേ സാധിക്കൂ.
അതിവിസ്തൃതവും ഗഹനവുമായ നീർച്ചുഴികളെപ്പോലെയാണ് അനിശ്ചിതത്വം ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്നതെന്ന യാഥാർഥ്യം നാം സൗകര്യപൂർവ്വം മറക്കുകയും, ഇടപഴകുന്ന സകലതിനേയും സുനിശ്ചിതമാക്കാൻ ശാഠ്യം പിടിക്കുകയും ചെയ്യുന്നു. ജീവിതത്തെ ജൈവമാക്കുന്നത് അനിശ്ചിതത്വമാണെന്നത് നാം ഓർക്കുന്നേയില്ല. സകലവും നിശ്ചിതമായിരുന്നെങ്കിൽ, ഒരു കഷ്ണം കാൻവാസിൽ വരച്ചിട്ട, നിർജ്ജീവമായ ഒരു അമൂർത്ത ചിത്രമായി അവശേഷിക്കുമായിരുന്നു ഈ പ്രപഞ്ചം. അതേസമയം ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളുടേയും (suffering) മൂലകാരണമായിരിക്കുന്നത് അനിശ്ചിതത്വമാണു താനും. അതിനോളം ബുദ്ധിമുട്ടിക്കുന്ന യാതൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ചേർന്ന് ഒരനുഭവത്തെ ഉണ്ടാക്കിയെടുക്കുമ്പോൾ, അത് നൈമിഷികമായ ഒരു മിന്നിമറയലാണ്. ടി വി സ്‌ക്രീനിൽ വന്നുപോകുന്ന ഒരു ചിത്രം പോലെ. ചിലപ്പോഴെല്ലാം സാങ്കേതികമായ എന്തെങ്കിലും കുഴപ്പം മൂലം ചിത്രങ്ങൾ മാത്രം സാവകാശം ചലിക്കുകയോ അല്ലെങ്കിൽ അവ നിശ്ചലമാവുകയോ, പിക്സലുകളായി മങ്ങിത്തെളിയുകയോ ചെയ്യുമ്പോഴാണ് ഒന്നിന് പുറകെ ഒന്നായി ഒഴുകിക്കൊണ്ടിരിക്കുന്ന ഈ 'ചലച്ചിത്രത്തെ'പ്പറ്റി നാം ബോധവാന്മാരാകുന്നത്. അപ്പോഴേക്കും ഓഡിയോ സിഗ്നലുകൾ മുൻപേ പൊയ്ക്കഴിഞ്ഞിട്ടുണ്ടാകും. തെളിയുന്ന ചിത്രങ്ങളുമായി, അവയുടെ ചലനങ്ങളുമായി പിന്നാമ്പുറത്തുള്ള ശബ്‍ദവിന്യാസങ്ങൾ പൊരുത്തപ്പെടുന്നില്ല. പ്രേക്ഷകനെ സംബന്ധിച്ച് മുഷിച്ചിലായി, അസ്വസ്ഥതയായി. ടി വി ഓഫ് ചെയ്യാനോ അവിടെനിന്ന് എഴുന്നേറ്റുപോകാനോ അയാൾ തന്റെ സ്വാതന്ത്ര്യമുപയോഗിക്കുന്നു. എന്നാൽ അനിശ്ചിതത്വത്തിൽ നിന്നും എഴുന്നേറ്റുപോകാനോ അതിനെ ഇല്ലാതാക്കുവാനോ ജീവിതത്തിൽ സാധ്യമല്ല നമുക്ക്. നമ്മുടെ എല്ലാ ദുരിതങ്ങൾക്കും കാരണം അനിശ്ചിതത്വമാണ് എന്ന് പറയുമ്പോൾ, യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്, നാം അതിനെ ഇല്ലാതാക്കുവാനോ അതിന്റെ സ്വാധീനവലയത്തിൽ നിന്നും ഇറങ്ങിയോടുവാനോ ശ്രമിക്കുന്നുവെന്നാണ്; ക്ഷീണിച്ചു വശം കെടുന്ന പാഴ്ശ്രമങ്ങൾ.
ഒരു സാധാരണ വ്യക്തിയുടെ ദൈനം ദിന ജീവിതത്തിലെ നിസ്സാരമായ ഒരു ചെയ്തി മുതൽ, മനുഷ്യ സംസ്ക്കാരത്തിന്റെ നാളിതുവരെയുള്ള ചരിത്രം വരേയ്ക്കും, അത് അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നതിലെ അവന്റെ വ്യത്യസ്ത സമീപനങ്ങളുടെ ആകെത്തുകയാണെന്നു കാണാം. മനുഷ്യൻ പൊതുവെ വിചാരിക്കുന്നത് ഭാവിയാണ് അനിശ്ചിതത്വത്തെ സൃഷ്ടിക്കുന്നതെന്നാണ്. വരാനിരിക്കുന്നവയെ മുൻകൂട്ടിയറിയാനായാൽ ജീവിതം സുനിശ്ചിതമായിരിക്കുമെന്ന് നാം ആശിച്ചുപോകുന്നു. ഭൂതകാലത്തെ ചുഴിഞ്ഞുനോക്കുന്നതും പദാർത്ഥ കണത്തെ പിളർത്തി ദൈവകണത്തെ കണ്ടെത്താൻ ശ്രമിക്കുന്നതുമെല്ലാം അതു വഴി നമ്മുടെ ഭാവിയെ കൂടുതൽ കൃത്യമായി വരുതിയിലാക്കാം എന്ന മോഹത്തോടുകൂടിത്തന്നെയാണ്. പദാർത്ഥങ്ങളുടെ തലത്തിൽ, പ്രായോഗിക ജീവിതത്തിൽ അതിന് പ്രസക്തിയുണ്ടെങ്കിലും, ജീവിതമെന്ന വ്യക്ത്യനുഭവത്തിൽ ആ മോഹം വിലപ്പോവുന്നില്ല. രൂപഭേദങ്ങളോടെ, നിറഭേദങ്ങളോടെ, അനിശ്ചിതത്വമെന്ന മേഘക്കൂട്ടങ്ങൾ നമുക്ക് ചുറ്റിലും എല്ലായ്‌പ്പോഴും തങ്ങി നില്ക്കുക തന്നെ ചെയ്യുന്നു.
അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നതിലെ ആദ്യ പാഠം, നമ്മുടെ വർത്തമാനം (present) തന്നെയാണ് അനിശ്ചിതമായിരിക്കുന്നത് എന്ന് അറിയലാണ്. അപ്പോൾ, അതിനെ ഒഴിവാക്കാനുള്ള പാഴ്ശ്രമങ്ങൾ നമ്മുടെ പക്ഷത്തുനിന്നും കുറഞ്ഞു കുറഞ്ഞു വരും. രണ്ടാമത്, തിരകളോട് (അനിശ്ചിതത്വത്തിന്റെ) ഏറ്റുമുട്ടുന്നതിനുപകരം, അതിനുമീതേക്കൂടി തെന്നിത്തെന്നി പോകുന്ന (surfing) തിനുള്ള സാമർഥ്യം സ്വായത്തമാക്കുക എന്നതാണ്. പ്രായോഗിക ജീവിതത്തിൽ ഇതിനു പറയുന്ന പേരുകളാണ് participation, totality, celebration എന്നിങ്ങനെ.
അനിശ്ചിതത്വത്തിനു നേരെ സ്വാഭാവികമായി നമ്മിൽ ഉയരുന്ന ഒരു ചോദ്യം why? (എന്തുകൊണ്ട്?) എന്നാണ്. അനിശ്ചിതത്വത്തെ ഒരു ശത്രുതാ ഭാവത്തോടെ കാണുന്നതിന് പകരം, അത് നമ്മുടെ അവബോധത്തിന്റെ വിശേഷതകൊണ്ടാണെന്ന് (potential) അറിയുക. മനുഷ്യന്റെയത്ര ബുദ്ധി വികസിച്ചിട്ടില്ലാത്ത ജീവി വർഗ്ഗങ്ങളിൽ അനിശ്ചിതത്വം ഇല്ലാതിരിക്കുന്നത് അതുകൊണ്ടാണ്. വാസ്തവത്തിൽ അനിശ്ചിതത്വമെന്നത് ഈ സ്ഥല - കാല ഭൂമികയിൽ കുഴഞ്ഞുമറിയുന്ന ഒന്നിലധികം മാനങ്ങളെ (dimensions)പ്പറ്റി ഒരേസമയം നാം ബോധവാന്മാരാകുമ്പോൾ സംഭവിക്കുന്നതാണ്. (സമയം, സ്ഥലം, രൂപം, നിറം, സങ്കല്പങ്ങൾ, സദാചാരം, സമൂഹ ബിംബങ്ങൾ, വ്യക്തി ബന്ധങ്ങൾ, അന്തസ്സ് , അംഗീകരിക്കപ്പെടാനുള്ള ത്വര, സമ്പത്ത്, അഭിലാഷങ്ങൾ എന്നിങ്ങനെ എത്രയോ ജീവിത മാനങ്ങൾ !). എത്രയധികം മാനങ്ങൾ നമ്മുടെ ബോധപരിധിയിൽ കടന്നുവരുന്നുവോ നമ്മുടെ മുന്നിലുള്ള അനിശ്ചിതത്വം അത്രക്കും സങ്കീർണ്ണമായിരിക്കാം. നമ്മുടെ ബോധം ഭൗതികോന്മുഖമാവുമ്പോൾ അനിശ്ചിതത്വം കുറഞ്ഞുവരാനാണ് സാധ്യത. തിരിച്ചും. ആത്മീയ പാതയിലാണ് അനിശ്ചിതത്വം കൂടുതലുള്ളതെന്ന് പറഞ്ഞുപോരുന്നത് അതുകൊണ്ടാണ്.
ജീവിതമെന്ന പ്രതിഭാസം അനിശ്ചിതത്വത്തിൽ മുങ്ങി നില്ക്കുന്നതാണെങ്കിൽ, അതിൽ അകപ്പെട്ട് നട്ടം തിരിയുകയെന്നേ വിധിച്ചിട്ടുള്ളൂ എന്നാണോ? ഭൂമി എല്ലായ്‌പ്പോഴും കറങ്ങിക്കൊണ്ടേയിരിക്കുന്നതിനാൽ (1600km/hr !) നിലത്തു കാൽ വെക്കാൻ പറ്റുന്നില്ല എന്ന് പറയുന്നതുപോലുള്ള അതിശയോക്തിയാകുമപ്പോൾ. സ്ഥിതി സങ്കീർണ്ണമാക്കുന്നത് നമ്മുടെ മനോ ദൃഷ്ടി (focus) മുഴുവനും ബാഹ്യമായതാണ്. ഒരൊറ്റ നിമിഷം മിഴിയടച്ചാൽ മതി. ബോധമെന്ന ഒരു നൈരന്തര്യതയുണ്ട് നമുക്കകത്ത്. അനിശ്ചിതമെന്നും സുനിശ്ചിതമെന്നും വേർതിരിക്കാനാകാത്ത ഇടമുറിയാത്ത ഒരവബോധം. ഒരു ഇലക്ട്രോണിക് ഉപകരണത്തെ recalibrate ചെയ്യുന്നതുപോലെ, ആ അവബോധ ധാരയുടെ സാന്നിധ്യത്തെ ഒന്നറിയുകയേ വേണ്ടൂ. അത്രയൊന്നും സാധിക്കുന്നില്ലെങ്കിൽ, താൻ ഉണ്ടായിരിക്കുന്നുവെന്നെങ്കിലും അറിയുക. അനിശ്ചിതത്തിനു വിപരീതമായി സുനിശ്ചിതത്വത്തെ കൂട്ടുപിടിക്കുന്നതല്ല ഇത്. ഈ നിമിഷം താൻ ജീവനോടെയിരിക്കുന്നവെന്നത് വ്യക്തതയാണ്, clarity, pure knowing. ഈ വ്യക്തതയെ ആധാരമാക്കിക്കൊണ്ട് ലളിതമായ ഒരു പ്രവൃത്തിയിലേക്ക് പദം വെക്കാം. അതിനെത്തുടർന്ന് അടുത്ത പ്രവൃത്തിയിലേക്ക്. അങ്ങനെയങ്ങനെ....അനിശ്ചിതത്വത്തേയും സുനിശ്ചിതത്വത്തേയും കൈവിട്ടുകൊണ്ട് സുതാര്യതയിലേക്ക് സമൂലമായ ഒരു ബോധ പരിവർത്തനം.
വ്യക്തത കൈവരുമ്പോഴാണ് പ്രവൃത്തികളിൽ സ്നേഹപൂർവ്വം ഏർപ്പെടാനാവുക. ഇങ്ങനെ ഏർപ്പെടുന്നതിലുള്ള നൈപുണ്യം കൂടുന്നതിനനുസരിച്ച് നമുക്ക് ഒരേ സമയം ഇടപഴകാനാവുന്ന ജീവിത മാനങ്ങളുടെ വൈവിധ്യവും കൂടിവരും. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ഏതൊരു പ്രവൃത്തിയും, നൂൽ നൂൽക്കുന്നതു മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വരെ, ഒരേപോലെ ലളിതമായ സർഗ്ഗപ്രക്രിയയാവുന്നത്. അല്ലാത്തപ്പോൾ കണ്ണുകളടച്ച് വെറുതെയിരിക്കുന്നതുപോലും കഷ്ടപ്പാട് നിറഞ്ഞ മറ്റൊരു പ്രവൃത്തി മാത്രമായിരിക്കും.