സഹജസ്വീകാരം
സൗന്ദര്യമാകട്ടെ, അതിനോട് ഒട്ടിച്ചേർന്നു കിടക്കുന്ന മറ്റു മൂല്യങ്ങളാകട്ടെ - സ്നേഹം, ശാന്തി, സമാധാനം, കരുണ എന്നിങ്ങനെ - എല്ലാത്തിനും മേല്പ്പറഞ്ഞ നിർവ്വചനം പ്രകാശം പകരുന്നുണ്ട്. എങ്ങനെയെന്നാൽ ഇപ്പറഞ്ഞ മൂല്യങ്ങളൊക്കെയും, അനുഭവിക്കുന്നയാളെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആനുഭൂതികതയാണ് - the very experiencing; അനുഭവത്തിനു നിമിത്തമാകുന്ന ബാഹ്യ ലോകത്തെ ആശ്രയിച്ചു നില്ക്കുന്നവയല്ല. ഇതേ ഉൾക്കാഴ്ചയെ, ഒരല്പം അടിയിലേക്ക് കൊണ്ടുപോയാൽ നാം അനുഭവിക്കുന്ന ഈ ലോകം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന് വരും ! ഇതനുഭവിച്ചവർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ പങ്കുവെച്ചതാണെങ്കിലും, കേവലം യുക്തിയെ അടിസ്ഥാനമാക്കിക്കൊണ്ടു മുന്നോട്ടുപോകുന്ന ശാസ്ത്രസങ്കല്പങ്ങൾ, വിശേഷിച്ചും ക്വാണ്ടം മെക്കാനിക്സ്, ഈയടുത്ത കാലത്തു മാത്രമാണ് ഈ സത്യത്തെ അവരുടെ ഗണിത വ്യായാമങ്ങളിലേക്ക് ഉൾപ്പെടുത്തിയത്. അതവിടെ നില്ക്കട്ടെ. നമുക്ക് നിത്യ ജീവിതത്തിലേക്ക് വരാം.
സാധാരണയായി നാം സൗന്ദര്യമെന്നറിയുന്നത്, ഒരു വസ്തുവിനെ സുന്ദരമെന്നറിയുന്നത്, അതിനോടുള്ള ഇഷ്ടത്തെയാണ്. അതിനോടുള്ള അനിഷ്ടത്തെ അഭംഗിഎന്നോ ചീത്തയെന്നോ തീർപ്പു കല്പിക്കുന്നു. ഒരു ആശയത്തിന്റെ കാര്യത്തിലായാലും മുന്നിൽ വന്നു പെടുന്ന വ്യക്തിയുടെ കാര്യത്തിലായാലും ഇതു തന്നെ സ്ഥിതി. അതായത് നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ ആണ് എന്തിനേയും ഏതിനേയും സുന്ദരമോ വിരൂപമോ എന്ന് വിലയിരുത്തുന്നത്. എന്നാൽ നമ്മുടെ ഇഷ്ടവും ഇഷ്ടക്കേടും ഒരു വലിയ ഭാഗവും ശീലത്തിന്റേതാണ് (ദു:ശീലത്തിന്റേതും). നാം കണ്ടു ശീലിച്ചവ, കേട്ടു ശീലിച്ചവ, രുചിച്ചു ശീലിച്ചവ, നല്ലതേതെന്നും ചീത്തയേതെന്നും നിരൂപിച്ചു ശീലിച്ചവ എന്നിങ്ങനെ. ആ ശീലത്തിന്റെ ഭാഗമായി, സുന്ദരമെന്നു ശീലിച്ച രൂപഭേദങ്ങളോട് ഇഷ്ടം തോന്നുകയും, കരുണ തോന്നേണ്ടതുണ്ടെന്നു ശീലിച്ചു വശായ സന്ദർഭങ്ങളോട് ഇഷ്ടം തോന്നുകയുമൊക്കെ സംഭവിക്കുന്നുണ്ട്.
നാം ജനിച്ചുവളർന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അവിശ്വസനീയമാം വിധം വ്യത്യസ്തങ്ങളാകുമായിരുന്നു.
ഈ ഇഷ്ടാനിഷ്ടങ്ങളെത്തന്നെയാണ് പൊതുവേ നാം സ്നേഹമെന്നും വെറുപ്പെന്നുമറിയുന്നത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് നമ്മുടെ ശാന്തിയും സമാധാനവുമെല്ലാം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് നമ്മിൽ കാരുണ്യത്തേയോ സ്നേഹത്തേയോ സൃഷ്ടിക്കുന്നത്. എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാകട്ടെ പരിചിതങ്ങൾക്കനുസരിച്ച്, ശീലങ്ങൾക്കനുസരിച്ച് നമ്മുടെ ശരീരഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്. അല്ലെന്നുണ്ടോ?
ഇഷ്ടപ്പെടുക എന്നതിന്റെ പിന്നിലുള്ള സങ്കീർണ്ണമായ ഹോർമോൺ ചേരുവകളോ, മറ്റു ഹിപ്നോട്ടിക് സ്വാധീനങ്ങളോ അത്രയൊന്നും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നാം രേഖപ്പെടുത്തുന്ന ലൈക്കുകളുടെ പിന്നിലെ കഥയില്ലായ്മകളെങ്കിലും നമുക്ക് എളുപ്പം ഓർത്തുനോക്കാവുന്നതാണ്. സത്യത്തിൽ ദൈനം ദിന ജീവിതത്തിൽ നാം പുലർത്തുന്ന അവബോധമില്ലായ്ക സമൂഹ മാധ്യമങ്ങളിൽ എളുപ്പം പ്രതിഫലിക്കപ്പെടുന്നുവെന്നേയുള്ളൂ.
നമ്മുടെ സൗന്ദര്യ ബോധ്യങ്ങളിൽ, നമ്മുടെ മറ്റു മൂല്യാവബോധങ്ങളിൽ നാം തീരെ ശുഷ്കരാണ്; നമ്മുടെ അത്തരം ബോധ്യങ്ങളേവയും വികലമാണ്
- വൈകല്യമാർന്നത്, പൂർണ്ണമല്ലാത്തത് - സംശയലേശമെന്യേ.
‘Accepting as it is’ - അതേപടി സ്വീകരിക്കുക; ഭേദഭാവങ്ങൾ കൂടാതെ - എന്ന മന്ത്രം കിഴക്കിന്റെ പൊതുവായ ആത്മീയ സമീപനമായിരുന്നാലും, ചൈനയിലെ താവോ (tao) സമ്പ്രദായമാണ് ഈ സമീപനത്തെ സവിശേഷമായ ഒരു സാധനയായി വകഞ്ഞെടുത്തത്. ഭാരതത്തിലേയും ബുദ്ധമതത്തിലേയും താന്ത്രിക സാധനകൾ ഇതേ ഉൾക്കാഴ്ചയിൽ ഊന്നിയതാണെങ്കിലും, പ്രയോഗത്തിൽ അവ നിത്യജീവിതത്തിൽ നിന്നും ഏറെ ദൂരെ പോവുകയും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. താവോയിസത്തിന്റെ ആചാര്യനെന്ന പേരിൽ അറിയപ്പെടുന്ന - കാലക്രമേണ വന്നു കൂടിയ ഒന്നാണ് താവോയിസമെന്നതും
അതിന്റെ ആചാര്യനെന്നതുമെല്ലാം - ലാവോത്സു അത്തരം സവിശേഷമായ ഒരു 'ഇസ'ത്തെ ശീലിക്കുകയോ പ്രചരിപ്പിക്കുകയോ ആയിരുന്നില്ല. അദ്ദേഹം എല്ലാ വിപരീതങ്ങളേയും ആശ്ലേഷിച്ചുകൊണ്ട്, വിപരീതങ്ങൾ എന്നൊന്ന് ഇല്ലെന്ന് അറിഞ്ഞുകൊണ്ട്, ജീവിക്കുകയായിരുന്നു. തഥാത്വം (suchness) എന്ന വാക്കായിരിക്കാം 'താവോ'യിൽ ജീവിക്കുക എന്നതിനെ കൂടുതൽ കൃത്യമായി സൂചിപ്പിക്കുക.ജീവിതത്തിലെ ഏതൊരു സന്ദർഭത്തെ അഭിമുഖീകരിക്കുമ്പോഴും, എത്ര അബോധപരമായ തെരഞ്ഞെടുപ്പുകളാണ് (choosing) നാം നടത്തിപ്പോരുന്നത് ! അതുകൊണ്ടുതന്നെ ആ സന്ദർഭത്തിന്റെ സമഗ്രമായ, സമ്പൂർണ്ണമായ പ്രകൃതം - existential significance - നമുക്ക് ലഭ്യമാകാതെ പോകുന്നു. ഇപ്പറയുന്നത് ഗഹനമായ എന്തെങ്കിലും സിദ്ധാന്തമഹിമയല്ല; കൊച്ചുകാര്യങ്ങളിൽ പോലും നമുക്ക് സംഭവിച്ചുപോകുന്ന ജാഗ്രതക്കുറവുകളാണ്. ഒരു വൃക്ഷത്തെ കാണുമ്പോഴേക്കും നാം ഉള്ളിൽ ഉരിയാടിപ്പോയിട്ടുണ്ടാകും, 'വല്ലാത്ത ഉയരം തന്നെ! ഇതിന് എത്ര പഴക്കം കാണുമോ ആവോ! ഭയങ്കര ഉറപ്പുണ്ടെന്ന് തോന്നുന്നു ഇതിന്റെ തടിക്ക്. അന്ന് അവിടെ കണ്ട മരം ഇത്രയ്ക്കു വരുമോ?’.
ഒരു വ്യക്തിയെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വസ്തുവിനെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വാർത്ത കേൾക്കുമ്പോഴേക്കും ഇങ്ങനെയാണ്. ഒരു വാക്കു കേൾക്കുമ്പോൾ പോലും ഇങ്ങനെയാണ്. അതിന്റെ അലകും പിടിയും മാറ്റി, അതിനെ അളന്നു നോക്കി വില നിശ്ചയിച്ച്, നമുക്കുണ്ടാകുന്ന പ്രയോജനമോ നഷ്ടമോ കണക്കാക്കി, അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിട്ടുണ്ടാകും. അതിൽ ശാന്തി കണ്ടെത്തുകയോ അതിൽ അസ്വസ്ഥപ്പെടുകയോ ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിനിടയിൽ അതിപ്രധാനമായ മറ്റൊന്ന് നമുക്ക് നഷ്ടപ്പെട്ടെന്ന കാര്യം മാത്രം നാം അറിയുന്നില്ല - സ്വാതന്ത്ര്യം.
‘Accepting as it is’, തഥാത്വം, നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഏതൊന്നിനെയും അതിന്റെ എല്ലാ പശ്ചാത്തലസ്വരൂപങ്ങളോടും കൂടി സ്വീകരിക്കുകയാണെങ്കിൽ, ശീലങ്ങളെപ്രതി തീർപ്പുകൾ കല്പിക്കാതിരിക്കുകയാണെങ്കിൽ, ആ സന്ദർഭം നമ്മെ അടിമയാക്കുന്നില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത ഏതൊരു സന്ദർഭവും നമ്മിൽ സ്നേഹത്തിന്റെ പൂമ്പൊടികൾ വിതറുന്നു. സ്നേഹത്തിന്റെ പൂമ്പൊടിയേൽക്കുമ്പോൾ സുന്ദരമാകാത്ത എന്തുണ്ട്? സൗന്ദര്യം ശാന്തിയേകിയില്ലെങ്കിൽ മറ്റൊന്നിനും അതിനാവില്ല. ‘Beauty will save the world’ എന്ന് ദസ്തെയെവ്സ്കി.
അതേസമയം ഇപ്പറയുന്ന സ്നേഹവും സൗന്ദര്യവുമൊന്നും കേവലം ഹോർമോണുകളുടെ രസതന്ത്രമായിരിക്കില്ല. ആ മൂല്യങ്ങളെ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളിലൂടെയാണെന്നു മാത്രം; ഇന്ദ്രിയങ്ങൾക്ക് അനുഭൂതികളുടെ പുറത്ത് വോട്ടവകാശമുണ്ടായിരിക്കില്ല അപ്പോൾ.
സകലതിനേയും അതേപടി സ്വീകരിക്കുകയെന്നാൽ, എതിർപ്പുകളുടേയും ചെറുത്തുനിൽപ്പുകളുടേയും പോരാട്ടങ്ങളുടേയുമെല്ലാം സ്ഥാനമെവിടെയാണ് പ്രായോഗിക ജീവിതത്തിൽ? 'തഥാത്വം' എന്നത് ദുർബലനാവുകയെന്നോ നിരുത്തരവാദിയാവുകയെന്നോ എല്ലാ അധിനിവേശങ്ങൾക്കും വഴങ്ങിക്കൊടുക്കുകയെന്നോ ആണോ? നേരെ തിരിച്ചാണ് സത്യം. ഇപ്പോഴത്തെ നമ്മുടെ എതിർപ്പുകളും മറ്റും ഊഹാപോഹങ്ങളെപ്രതിയുള്ള ഇരുട്ടിൽ തപ്പലുകൾ മാത്രമാണ്- just reactions. തഥാത്വത്തിന്റെ വഴിയിൽ, അവയെല്ലാം, ഉൾച്ചേർക്കപ്പെടുന്ന പ്രതിസ്പന്ദങ്ങളാണ് - responses. അവ നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നില്ല. അവ നമ്മെ കർത്താവെന്നും ക്രിയയെന്നും പ്രതിക്രിയയെന്നും വേർതിരിക്കുന്നില്ല. അവ നമ്മിലെ സ്നേഹത്തിനു മങ്ങലേല്പിക്കുന്നില്ല. നമ്മിലെ കരുണയുടെ ശോഭ കെടുത്തുന്നില്ല.
‘All inclusiveness’ എന്നത് അവാച്യമായ ശാന്തിമന്ത്രമത്രേ, the ultimate
understanding! പാക്കിസ്ഥാൻ കവിയും ഹാസ്യകാരനുമായിരുന്ന ഇബ്ന് - എ - ഇൻഷാ (Sher Muhammad Khan) പാടിയതുപോലെ:(ആബിദ പർവീൺ ഈ ഗാനം മനോഹരമായി ആലപിച്ചിട്ടുണ്ട്: Sauda ho toh aisa ho)
'ഹൃദയം സ്നേഹത്താൽ നിറഞ്ഞു കവിയുമ്പോൾ,
പിന്നെ സർവ്വവും അവയുടെ സഹജതയിലാണ് സ്വീകരിക്കപ്പെടുന്നത്;
സമുദ്രം സമുദ്രമായും മരുഭൂമി മരുഭൂമിയായും.
…………………
ഈ വേദനയിൽ ഇതെന്തൊക്കെയാണ്?!
ദുഖവും ആനന്ദവും.
അകത്തൊരു മുള്ളിരുന്നാൽ (അവബോധമെന്ന മുള്ള്), അതങ്ങനെയാണ്.
അതുണ്ടാക്കുന്ന നോവ് !
അത് നല്കുന്ന നിർവൃതി..'