സ്ക്രോളിങ് ലൈഫ്
Obsessive-compulsive disorder (OCD)-കളുടെ പട്ടികയിലേക്ക് ഈയിടെ കടന്നുകൂടിയിട്ടുള്ള ഒരു പേരുണ്ട് -- doomscrolling. സ്മാർട്ഫോണിലെ സ്‌ക്രീനിലോ ലാപ്‌ടോപിലോ നോക്കിയിരുന്നുകൊണ്ട് സോഷ്യൽ മീഡിയകളിലൂടേയും വാർത്തകളിലൂടേയും സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കുന്ന ഹാബിറ്റ്. വിശേഷിച്ചും ഈ ലോക്ഡൗൺ ദിനങ്ങളിൽ ഈ ഹാബിറ്റ് കൂടുതൽ വ്യാപിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ സ്ക്രോൾ ഡൗൺ ശീലം, ആ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മാത്രമല്ല വിനയായിത്തീരുന്നത്. അതു തന്നെയാണ് ഈ വിഷയം ഇവിടെ സ്ഥാനം പിടിക്കുന്നതിനുള്ള കാരണവും.
ഏതൊരു ദുഃശീലവും (കുറച്ച് ആഴത്തിൽ മനനം ചെയ്‌താൽ എല്ലാ ശീലങ്ങളും ദുഃശീലങ്ങളാണ്, അവ എത്ര തന്നെ നല്ലതായിരുന്നാലും; അവയിലെ മനഃസാന്നിധ്യം ഇല്ലായ്ക കൊണ്ടുതന്നെ) നിത്യജീവിതത്തെ ബാധിക്കുന്നത് അത് അതിന്റെ പ്രവർത്തന പരിധിയിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നതുകൊണ്ടാണ്. ഉദാഹരണത്തിന്, പുകവലി എന്ന ശീലം തന്നെയെടുക്കുക. ശ്വാസകോശങ്ങൾ സ്പോഞ്ചു പോലെയാകുമെന്നതോ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുമെന്നതോ മാത്രമല്ല ആ ശീലം കൊണ്ടുവരുന്ന ദുരിതങ്ങൾ. അബോധത്തിന്റെ (unawareness) ചാരം മൂടിയ പുകപടലം ജീവിതത്തിലെ എല്ലാത്തരം ഇടപെടലുകളിലേക്കും പടർന്നുവരുന്നു എന്നതാണത്. നിസ്സാരങ്ങളായ അസ്വാസ്ഥ്യങ്ങളെപ്പോലും തുറന്ന മനസ്സോടെ സമീപിക്കാനും നേരിടാനുമുള്ള വൈമുഖ്യത്തെ ഈ ശീലം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. പിന്നീട് കൂടുതൽ അശ്രദ്ധകളിലേക്കും അതിനെത്തുടർന്നുണ്ടാകുന്ന കുഴപ്പങ്ങളിലേക്കും ആ കുഴപ്പങ്ങൾ നേരിടേണ്ടി വരുമ്പോൾ കൂടുതൽ അളവിൽ പുക വലിക്കുന്നതിലേക്കും അല്ലെങ്കിൽ അതിനേക്കാൾ ശക്തി കൂടിയ മറ്റു ലഹരി പദാർത്ഥങ്ങൾ പ്രയോഗിച്ചുനോക്കുന്നതിലേക്കും ഒരാൾ വഴിമാറിപ്പോകുന്നു. അപ്പോൾ അയാളുമായി സഹവസിക്കുന്നവരോ ഇടപഴകേണ്ടി വരുന്ന സഹപ്രവർത്തകരോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, അയാളിലെ പെരുമാറ്റ ദൂഷ്യങ്ങൾ മൂലം അകന്നുപോവുകയോ തെറ്റിപ്പിരിയുകയോ ചെയ്യും. അയാളുടെ ജീവിതം കൂടുതൽ ഒറ്റപ്പെടലിലേക്കും വിഷാദങ്ങളിലേക്കും വീണുപോവുകയായി. എല്ലാ ദുഃശീലങ്ങൾക്കും ഇങ്ങനെയൊരു വശമുണ്ട്.
doomscrolling- ന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഒന്നാമതായി, പുകവലിയോ മദ്യപാനമോ പോലെ അസ്വാഭാവികമായ ഒരു ശീലത്തിലേക്കു കടക്കുന്നു എന്ന കാര്യം doomscrolling-ന്റെ കാര്യത്തിൽ നാം അറിയാതെപോകുന്നു. മിക്കപ്പോഴും മൊബൈൽ ഉപയോഗിക്കുന്ന ഒരാൾ എന്നതിൽക്കവിഞ്ഞ പരാതിയൊന്നും അയാളെപ്പറ്റി പൊതുവെ ഉണ്ടാവാറില്ല. എന്നാൽ ധൃതി - hurry- എന്നൊരു പ്രവണത അയാളിൽ ആളിപ്പിടിക്കാൻ തുടങ്ങുന്നു. അത് മൊബൈൽ ഉപയോഗിക്കുന്നു എന്നതുകൊണ്ടല്ല. അതുപയോഗിക്കുന്നതിൽ അയാൾ തീരെ ബോധവാനല്ലാത്തതുകൊണ്ടാണ്- mindful.
സോഷ്യൽ മീഡിയ പേജുകളിൽ മുഴുകിയിരിക്കുന്ന ഒരാൾ, മൊബൈലിൽ ആവട്ടെ, ലാപ്ടോപ്പിലാകട്ടെ, സ്ക്രോൾ ചെയ്തുപോവുക എന്നത് സൗകര്യപ്രദമായതുകൊണ്ടും, പലപ്പോഴും അതുപയോഗിക്കുന്നത് മറ്റുപല ജോലികൾക്കിടയിലായതുകൊണ്ടും, അത് കൈകാര്യം ചെയ്യുന്നതിൽ ധൃതി എന്നൊരു പ്രവണത അറിയാതെത്തന്നെ കടന്നുകൂടുന്നു. (ഉള്ളിനുള്ളിൽ ഉടലെടുക്കുന്ന അസ്വാസ്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാനും കൂടിയാകാം അലക്ഷ്യമായിട്ടുള്ള ഇത്തരം സ്ക്രോളിങ്) താല്പര്യമില്ലെന്നു തോന്നുന്നവയെ, അങ്ങനെ തോന്നാൻ തുടങ്ങുമ്പോഴേക്കും മാറ്റിക്കളയും. വസ്തുതയെന്തെന്നാൽ, താല്പര്യമുള്ളവയെപ്പോലും മുഴുവനായും ശ്രദ്ധാപൂർവ്വം വായിക്കുകയോ കേൾക്കുകയോ ചെയ്യാൻ നിൽക്കാതെ സ്ക്രോൾ ചെയ്തുപോകുന്നുവെന്നതാണ് ! skipping എന്നത് ഒരു ജീവിതശൈലിയായി ആർജ്ജിക്കപ്പെടുന്നു.
ഇത് ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു പത്ര വാർത്തയോ ഒരു മാഗസിനിലെ ലേഖനത്തിന്റെ തലക്കെട്ടോ പോലും ഇതേപോലെ സ്ക്രോൾ ചെയ്തുപോകുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള വായന വരുന്നതിനും മുൻപ് ചായക്കടയിലിരുന്ന് പത്രത്തിലൂടെ കണ്ണോടിച്ചുപോയിരുന്ന ഒരാൾ ഇത്രക്കും അക്ഷമനായിരുന്നില്ല. അതേയാൾത്തന്നെ ഒരുപക്ഷേ ഇത്തരം ഇ- വായനക്ക് അടിപ്പെട്ടിട്ടുണ്ടെങ്കിൽ skip- ചെയ്തുപോകാനുള്ള പ്രവണത അയാളിലിപ്പോൾ കൂടുതലാവാനാണ് സാധ്യത. നമുക്ക് ഇഷ്ടമില്ലാത്ത ഒരു ലേഖനമോ വാർത്തയോ കഷ്ടപ്പെട്ട് വായിച്ചവസാനിപ്പിക്കണം എന്നല്ല. അതിനെ തള്ളിക്കളയുന്നതിനു മുൻപേ മനസ്സിരുത്തേണ്ടതുണ്ട്. വായന എന്ന പ്രവർത്തിക്കുവേണ്ടി സജ്ജമായി നിൽക്കുന്ന മുഴുവൻ നാഡീമണ്ഡലത്തേയും അറിയിക്കേണ്ടതുണ്ട്, ഈ വാർത്ത താൻ വായിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്.
2019 - ലെ സർവേ പ്രകാരം ഇന്ത്യയിലെ ഒരാൾ ദിവസവും ശരാശരി രണ്ടര മണിക്കൂറിലധികം നേരം സോഷ്യൽ മാധ്യമങ്ങളിൽ മുഴുകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കേവലം ഒരു മിനിറ്റു നേരത്തേക്ക് ഒരേ പ്രവർത്തി ഇരുപത്തൊന്നു ദിവസം ആവർത്തിച്ചാൽ അതൊരു ഹാബിറ്റ് ആയി മാറാൻ തുടങ്ങുമെന്നിരിക്കേ ഇത്രയധികം സമയം ശീലിക്കപ്പെടുന്ന സ്ക്രോളിങ് എന്ന ശീലം നമ്മെ സ്വാധീനിക്കുന്ന ആഴം, നാം ഊഹിച്ചേക്കാവുന്നതിലും അധികമാണ്. ഒരു വ്യക്തിയിലെ ഇഷ്ടവും ഇഷ്ടക്കേടും എത്രയോ മാനങ്ങൾ (dimensions) ഉൾക്കൊള്ളുന്നതാണെന്നിരിക്കെ, ഇലക്ട്രോണിക് സ്‌ക്രീനുകളിലെ വെറും ‘ലൈക് / ഡിസ്‌ലൈക്ക്’ എന്നീ ബട്ടണുകളിലേക്ക് നമ്മുടെ പ്രകടന ത്വരയെ വെട്ടിച്ചുരുക്കുകയാണ് നാം. പ്രായോഗികമായി പ്രസക്തമല്ലാത്തപ്പോൾ ഇഷ്ടവും ഇഷ്ടക്കേടും പ്രകടമാക്കേണ്ടുന്ന പ്രശ്നം ഉദിക്കുന്നേയില്ലെന്നതാണ് മറ്റൊരു വാസ്തവം. സ്ക്രോൾ ചെയ്യാനുള്ള ധൃതിയോടൊപ്പം യാതൊരു അടിസ്ഥാനവുമില്ലാതെ തീർപ്പുകല്പിക്കുക എന്ന ശീലം (judging) പതിന്മടങ് അധികരിക്കപ്പെടുന്നു. ഏതൊരു വിഷയത്തെപ്പറ്റിയും ഒന്ന് ലൈക് ചെയ്യുന്നതിലൂടെ (നിർജ്ജീവമായ ഒരു മൗസ് ക്ലിക്ക് മാത്രമാണത് !) അബോധപരമായി 'judging' എന്ന മഹാമാരിക്ക് നാം അടിപ്പെടുന്നുണ്ട്. ആ വിഷയത്തെപ്പറ്റി തനിക്കും എന്തൊക്കെയോ അറിയാമെന്ന വ്യാജമായ ഒരു ധാരണ നമ്മിൽ കയറിക്കൂടുന്നു. ഒരു മീറ്റർ എത്ര നീളം വരും എന്ന ധാരണപോലും ഇല്ലാത്ത ഒരാൾ 1100 ബില്യൺ പ്രകാശവർഷങ്ങൾക്കപ്പുറം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന തമോഗർത്തങ്ങളുടെ സംയോഗത്തിന്റെ സിഗ്നലുകൾ (LIGO) കിട്ടിയതിനെപ്പറ്റിയുള്ള വർത്തകൾക്കടിയിൽ ലൈക് ചെയ്ത് ഓടിപ്പോകുമ്പോൾ ജ്യോതിശാസ്ത്രത്തിന്റെ ഉച്ചിയിൽ താനും കൈവെച്ചുവെന്ന വിചാരമാണ് അയാളുടെ ഉള്ളിൽ കയറിപ്പറ്റുന്നത്.
നീട്ടിവെക്കപ്പെടുന്ന ജീവിതമാണ് മറ്റൊരു ദുര്യോഗം. റെക്കോർഡ് ചെയ്തു പിന്നേക്കു കാണുകയോ കേൾക്കുകയോ ചെയ്യാം എന്ന ഒരു സൗകര്യം വന്നതോട് കൂടി, ജീവിതത്തിലെ എല്ലാ ജൈവ നിമിഷങ്ങളേയും പകർത്തിക്കൊണ്ടുപോയി പിന്നീട് അയവിറക്കുന്ന തരത്തിലേക്ക്, അയവിറക്കുന്ന മൃഗങ്ങളുടെ (ruminants) ഗണത്തിലേക്ക് നാം ധൃതിപ്പെട്ട് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.
എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ജീവിതത്തെ സുഗമമാക്കാനുദ്ദേശിച്ചുള്ളതാണെന്നിരിക്കേ, അവയൊക്കെയും നമ്മുടെ ജീവിതത്തെ കൂടുതൽ സങ്കീർണ്ണവും ധൃതി പിടിച്ചതുമാക്കാൻ നിമിത്തമാവുന്നു- excuse- എന്നറിയാൻ വെറും സാമാന്യ ബോധമേ വേണ്ടൂ. ഇത്തരം പ്രശ്നങ്ങൾ ഇന്ന് മാത്രം തുടങ്ങിയിട്ടുള്ളതല്ല. എല്ലാ മുന്നേറ്റങ്ങളും ഇത്തരം വെല്ലുവിളികൾ സമ്മാനിച്ചിട്ടുള്ളവയാണ്. അതങ്ങനെയാണ് വേണ്ടതും. അച്ചടിക്കുന്ന പത്രം ഇടക്കുവല്ലപ്പോഴും വരാൻ തുടങ്ങിയ കാലത്ത്, ഇതിനു സമാനമായ ഒരാശങ്ക
ശ്രീരാമകൃഷ്ണൻ പങ്കുവെച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട് - The gospel of Sri Ramakrishna. 'തൊട്ടടുത്ത വീടിനു തീപിടിച്ച വാർത്ത അറിയണമെങ്കിൽ പിറ്റേന്നത്തെ പത്രം വരണമെന്നായി' എന്ന് അദ്ദേഹം ആരെയോ കളിയാക്കുന്നുണ്ട്. സാങ്കേതികമായ എല്ലാ മുന്നേറ്റങ്ങളേയും സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. അതേസമയം അവ നമുക്ക് ഹാനികരമാവാതിരിക്കാനുള്ള ജാഗ്രത എങ്ങനെയാണ് ആർജ്ജിക്കേണ്ടത്? ഈ വരികൾ വായിച്ചുപോകുമ്പോൾ ത്തന്നെ അവയെ പാതിമനസ്സോടെ ഓടിച്ചുനോക്കി skip ചെയ്യാനുള്ള ത്വര ഉയർന്നുവരുന്നുണ്ടെങ്കിൽ അതിനെ അറിയാതെ പോകരുത്. വായിച്ചുകൊണ്ടിരിക്കുന്ന വരി അടുത്ത പൂർണ്ണവിരാമത്തിൽ എത്തുന്നതിനു മുൻപേ വായന നിർത്താതിരിക്കുക. സ്വയം അറിയുക 'ഞാൻ ഈ വായന ഇവിടെ വെച്ച് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു’. അടുത്ത തവണ ഫേസ് ബുക്കിലേയോ യൂട്യൂബിലെയോ ഒരു പോസ്റ്റ് കാണുമ്പോൾ അതിനെ നോക്കാൻ തുടങ്ങുന്നതിനു മുൻപേ തീരുമാനിക്കുക 'ഞാനിത് മുഴുവനായി കാണാനോ വായിക്കാനോ പോകുന്നുണ്ടോ?'. 'ഇല്ല' എന്നാണ് ഉത്തരമെങ്കിൽ, അതിനു മുതിരാതിരിക്കുക. ബോധപൂർവ്വമല്ലാതെ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നതിനു പകരം, നാലെണ്ണം മുഴുവനായും വായിക്കാൻ (അത് ഏതെല്ലാമാവണമെന്നു ബോധപൂർവ്വം തെരഞ്ഞെടുക്കുക) ശ്രമിക്കുക. അവബോധം, mindfulness എന്നീ പരിശീലനങ്ങൾ കേവലം സവിശേഷമായ സന്ദർഭങ്ങളിലേക്ക് ചുരുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.നിത്യജീവിതത്തിലെ ഏറ്റവും നിസ്സാരവും
ഏറ്റവും അധിക സമയം ഇടപെടുന്നവയുമായ പ്രവർത്തികളിലേക്കു
mindfulness കടന്നുവരുന്നില്ലെങ്കിൽ,
ജീവിതമെന്നത്, പാതിമയക്കത്തിലെന്നോണം
സ്ക്രോൾ ചെയ്തുപോകുന്ന
സ്ക്രീൻ ഷോട്ടുകൾ മാത്രമായിത്തീരും;
നിരന്തരമായി skip ചെയ്യപ്പെടുന്ന
മീഡിയ പോസ്റ്റുകൾ.