click for english google translation
ഡിസൈഡോഫോബിയ - ന്യൂറോളജിക്കപ്പുറം
നിരവധി ഫോബിയകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നല്ല ഡിസൈഡോഫോബിയ - തീരുമാനങ്ങളെടുക്കാനുള്ള ഭയം. സൂക്ഷ്‌മമായി ശ്രദ്ധിച്ചാൽ മനസ്സിലാവും, ഒരു പക്ഷേ മറ്റെല്ലാ ഫോബിയകൾക്കും ഡിസൈഡോഫോബിയയുമായി ഒരകന്ന ബന്ധമെങ്കിലും ഉണ്ടായിരിക്കുന്നുണ്ടെന്ന്. എന്തെന്നാൽ, തീരുമാനങ്ങളെടുക്കാനുള്ള ഭയം, 'ജീവിക്കാനുള്ള ഭയം' തന്നെയാണ്. സ്വയം തീരുമാനങ്ങളെടുക്കാതിരിക്കുമ്പോൾ, തീരുമാനങ്ങളെടുക്കാൻ ഭയക്കുന്നവർ ഓർക്കാതെപോകുന്നു, നമ്മുടെ ജീവിതത്തെ സംബന്ധിച്ച് മറ്റാരൊക്കെയോ തീരുമാനങ്ങളെടുക്കുന്നുണ്ടെന്ന്, എവിടെയെല്ലാമോ മറ്റെന്തൊക്കെയോ തീരുമാനിക്കപ്പെടുന്നുണ്ടെന്ന്.
മറ്റു ഫോബിയകളൊക്കെയും, ചില നാഡീ വ്യവസ്ഥാ തകരാറുകൾ, രക്തത്തിൽ കലരുന്ന രാസാഗ്നികളുടെ ഏറ്റക്കുറച്ചിലുകൾ, ശൈശവത്തിലോ മറ്റോ കടന്നുപോയിട്ടുള്ള അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത പ്രതികരണ ശീലങ്ങൾ എന്നീ കാരണങ്ങളെക്കൊണ്ടായിരിക്കുമ്പോൾ, ഡിസൈഡോഫോബിയ എന്നത് അത്രതന്നെ നാഡീ ശൃംഖലയിൽ ബന്ധിതമല്ല. അത് കേവലം ഹോർമോൺ അളവുകളെ ആശ്രയിച്ചുനില്ക്കുന്നതല്ല. അത് കഴിഞ്ഞ കാല അനുഭവങ്ങളിൽ അധിഷ്ഠിതമല്ല. ഇപ്പറഞ്ഞവക്കൊന്നിനും ഡിസൈഡോഫോബിയയിൽ യാതൊരു പങ്കുമില്ലെന്നല്ല. എന്നാൽ മറ്റു ഫോബിയകളെ അപേക്ഷിച്ച്, ഡിസൈഡോഫോബിയയെ മറികടക്കാൻ എളുപ്പമാണ്, ഈ നിമിഷം, ഇവിടെ, അതേപ്പറ്റി ഒരല്പം ധാരണയുണ്ടെങ്കിൽ. മറ്റേതൊരു ഫോബിയയെക്കാളും ഈയൊരു ഫോബിയയെ അതിജീവിക്കേണ്ടത് അത്യാവശ്യമാണുതാനും.
നാം പലപ്പോഴും കേൾക്കാറുള്ളതാണ്, അല്ലെങ്കിൽ പറയാറുള്ളതാണ് - 'ഒരു പുതിയ ജീവിതം തുടങ്ങാൻ തന്നെ തീരുമാനിച്ചു' എന്ന്. ഒന്നുകിൽ ആരെയെങ്കിലും കൂടെ കൂട്ടിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഏതെങ്കിലും അഡിക്ഷൻ (addiction), മദ്യപാനമോ മറ്റോ, അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടാകാം. പക്ഷേ അയാളുടെ ജീവിതത്തെ പുതിയതാക്കുന്നത് അയാൾ ഏർപ്പെടാൻ പോകുന്ന പുതിയ പ്രവൃത്തികളോ പുതിയ ജീവിത സാഹചര്യങ്ങളോ അല്ല. അതിനിടയാക്കിയ അയാളുടെ തീരുമാനമാണ്. എന്തിനധികം, അതിരാവിലെ എണീക്കാൻ തീരുമാനിച്ചതിനു ശേഷം, രണ്ടു ദിവസം അതിനു സാധിച്ചു കഴിഞ്ഞാൽ, നാം ഉടനേ വീമ്പു പറയാൻ തുടങ്ങും, 'രാവിലെ എണീക്കാൻ സാധിച്ചില്ലേൽ ആ ദിവസം പിന്നെ ഒന്നിനും കൊള്ളില്ല!'. വാസ്തവത്തിൽ, എണീറ്റതിനു ശേഷം ഏർപ്പെടുന്ന പ്രവൃത്തിയേക്കാളും, അത് യോഗയോ ധ്യാനമോ സംഗീതമോ വ്യായാമമോ ആകട്ടെ, നമ്മിൽ സന്തോഷം നിറക്കുന്നത് നമ്മുടെ ഒരു തീരുമാനം അനായാസം പ്രാവർത്തികമാക്കപ്പെടുന്നു എന്നതിലാണ്.
ഒരു തീരുമാനമെടുക്കുമ്പോഴാണ്, ബോധപൂർവ്വം തീരുമാനിക്കുമ്പോൾ മാത്രം - അത് എത്ര തന്നെ നിസ്സാരമായ ഒരു കാര്യത്തെപ്രതിയാകട്ടെ - ഒരു വ്യക്തിയുടെ ബോഡി- മൈൻഡ് മെക്കാനിസം, അയാളുടെ ഊർജ്ജ സ്വരൂപം, ഒരൊറ്റ മണ്ഡലമായി പ്രവർത്തിക്കാൻ തുടങ്ങുന്നത്. അപ്പോൾ മാത്രമാണ് അതുവരേക്കും ഛിന്ന - ഭിന്നമായി കുടികൊള്ളുന്ന അയാളുടെ ചേതന ഏകാത്മകമായി - integrated - പ്രവർത്തിക്കാൻ തുടങ്ങുന്നത്. ശരീര-മനോ വ്യവസ്ഥയിലെ ആ ഏകതയാണ് അയാളിൽ പുതുമയായി അനുഭവപ്പെടുന്നത്. അതിനെയാണ് അയാൾ ആനന്ദമായി അറിയുന്നത്. മറ്റു ജീവജാലങ്ങളുടെയെല്ലാം സന്തോഷമെന്ന വികാരം അവയുടെ ഇന്ദ്രിയപരിധിയിൽ ഒതുങ്ങിനിൽക്കേ, മനുഷ്യനിലാണ് ഇന്ദ്രിയങ്ങളെ മറികടന്നുകൊണ്ട് ആനന്ദമെന്ന തലത്തിലേക്ക് അത് ഉയർന്നുപൊങ്ങുന്നത്. അക്കാര്യത്തിൽ അതിപ്രധാന പങ്കു വഹിക്കുന്നത് 'നിശ്ചയോന്മുഖത' - decisiveness- ആയതുകൊണ്ട്, 'മനുഷ്യൻ മനുഷ്യനാവുന്നത് തീരുമാനമെടുക്കുന്നതോടെയാണ്' എന്ന് പറഞ്ഞു പോരുന്നു.
തീരുമാനങ്ങളുടെ കാര്യത്തിൽ മനുഷ്യൻ പക്ഷേ എന്നും വിമുഖനാണ്. പഴയ തലമുറകൾ അതിൽ നിന്നും രക്ഷപ്പെട്ടിരുന്നത് മുൻതലമുറക്കാരെ- മാതാപിതാക്കളേയും ഗുരുക്കന്മാരെയും നേതാക്കന്മാരെയും- തീരുമാനങ്ങളെടുക്കാൻ ഏല്പിച്ചുകൊണ്ടായിരുന്നു. അവർക്കും അത് ഏറെ സഹായകരമായി - മറ്റുള്ളവർക്ക് വേണ്ടി തീരുമാനങ്ങളെടുക്കാൻ മെനക്കെടുന്നതിലൂടെ, തങ്ങളുടെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവായികിട്ടുമല്ലോ. പുതിയ തലമുറയാകട്ടെ, (അവർ എന്നും 'ന്യൂ-ജി' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു പോരുന്നു) തീരുമാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നത്, തീരുമാനങ്ങളൊന്നും എടുക്കാതെ വിട്ടുകൊണ്ടാണ് - just drifting. ഒരു പൊങ്ങുതടി പോലെ അഭിനയിച്ചുകൊണ്ട്. അപ്പോഴും അവരുടെ ജീവിതത്തിൽ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ട്. അതുപക്ഷേ മറ്റുള്ളവർ എടുത്തവയാണെന്നു മാത്രം. അതുകൊണ്ടുതന്നെ ഫലത്തിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിൽ വ്യത്യാസമില്ലാതെ വരുന്നു. ഒരുപക്ഷേ, ഈയൊരു പ്രകൃതത്തിൽ മാത്രമാകാം 'ജനറേഷൻ ഗ്യാപ്' തീരെ സംഭവിക്കാതെ പോകുന്നത്!
'തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ല' (ജീവിതം ഒരൊഴുക്കാണ്, അത് തനിയെ സംഭവിക്കുന്നതാണ് എന്നൊക്കെയാണ് അതിനു കണ്ടെത്തുന്ന ന്യായങ്ങൾ) എന്ന നിലപാടിൽ കുഴപ്പമുണ്ടാകുമായിരുന്നില്ല, അത് ബോധപൂർവ്വമുള്ള മറ്റൊരു തീരുമാനമാണെങ്കിൽ മാത്രം. അല്ലാത്തപക്ഷം അത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഓടിയൊളിക്കലാണ്.
ഇത്തരം ഓടിയൊളിക്കലിന് നാം കണ്ടെത്തുന്ന മറ്റു പല ഒഴികഴിവുകളുമുണ്ട്. അതിലൊന്നാണ് ശരിതെറ്റുകൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യം. തെറ്റിപ്പോകുമോ എന്ന പേടിയിൽ തീരുമാനമെടുക്കാതിരിക്കൽ. ജീവിതത്തെ ഒരല്പം വിസ്തരിച്ചു പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, ആത്യന്തികമായി ഏതൊരു തീരുമാനവും തെറ്റുമാണ് ശരിയുമാണ്. നിസ്സാരമായ ഒരു ശരിയുടെ ശാഠ്യത്താലാകാം ജീവിതത്തിന്റെ ഒരു വലിയ തുറവ് (opening) സംഭവിക്കാതെ പോകുന്നത്. അതുപോലെത്തന്നെ, ഒരു തെറ്റിന്റെ ഭാഗമായാകാം തിരിച്ചറിവുകളുടെ ഉന്നതമായ ഒരു ശൃംഖത്തിലേക്ക് നാം ആനയിക്കപ്പെടുന്നത്. ആർക്കറിയാം, ജീവിതം തികച്ചും അജ്ഞേയമായ ഒരു പ്രതിഭാസം തന്നെയാണ്. തൊട്ടു മുന്നിലുള്ള നിമിഷത്തെ വെച്ചുകൊണ്ട് പ്രതികരിക്കുക (responding) മാത്രമേ നമുക്ക് സാധ്യമായിട്ടുള്ളൂ.
നമ്മുടേതല്ലാത്ത തീരുമാനം കൊണ്ട് വന്നുചേരുന്ന ഏതു സൗഭാഗ്യവും പൊള്ളയാണ്. ഏറിയാൽ ഭൗതികമായ നേട്ടങ്ങളുണ്ടായെന്നു വരാം. അത് നമ്മെ സംതൃപ്തരാക്കുന്നില്ല- contented. എന്നാൽ നമ്മുടെ തീരുമാനം കൊണ്ട് വന്നു ചേരുന്ന ഏതൊരു ആഘാതത്തിനുള്ളിലും സംതൃപ്തിയുടേതായ ഒരു കൊച്ചു പാരിതോഷികമെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും, തീർച്ച. ജീവിതത്തിൽ സുപ്രധാനമെന്ന് ഒരാൾ കരുതുന്ന സംഗതിയിലെങ്കിലും മുഴുവൻ തീരുമാനവും അയാളുടേത് മാത്രമായിരിക്കട്ടെ. അപ്രധാനമായവയിലെല്ലാം മറ്റുള്ളവരുടെ അഭിപ്രായത്തെ അപ്പടി സ്വീകരിച്ചാലും ഒരുപക്ഷേ വലിയ കുഴപ്പമുണ്ടായെന്നു വരില്ല. എങ്കിൽ മാത്രമേ ജീവിതത്തിന്റെ വിജയവും പരാജയവും അയാൾക്ക് മാത്രം നിശ്ചയിക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം ഏതോ ട്രെൻഡുകളുടെ വലയിൽ കുടുങ്ങി ശ്വാസം മുട്ടുക മാത്രമായിരിക്കും വിധി.
നമ്മുടെ പുരാവൃത്തങ്ങളിലെ, ഇതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മിക്കവരും തീരുമാനങ്ങൾ എടുക്കുന്നതിൽ മടി കാണിച്ചിരുന്നവരല്ല; ശരിതെറ്റുകൾക്കപ്പുറം. അതുകൊണ്ടാണ് ഇതിഹാസങ്ങളൊക്കെയും ഇതിഹാസങ്ങളായിരിക്കുന്നത്; life affirmative.