രക്ഷപ്പെടാൻ ഇടമില്ല തെല്ലും
ESCAPISTS - കളുടേതാണ് ലോകം. നമ്മുടെ എല്ലാ ചെയ്തികളേയും ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവുന്ന ഒന്ന്, നാം എല്ലാ ചെയ്തികളേയും, രക്ഷപ്പെടാനുള്ള ഉപാധിയാക്കുന്നു എന്നതാണ്. കടൽത്തീരത്ത് കാറ്റു കൊള്ളുന്നതാകട്ടെ, വാഹനത്തിൽ യാത്ര ചെയ്യുന്നതാകട്ടെ, പത്രം വായിക്കുന്നതാകട്ടെ, മറ്റാളുകളുമായുള്ള സൗഹൃദമാകട്ടെ, പത്മാസനത്തിലിരുന്ന് മനപ്പൂർവ്വം കണ്ണടക്കുന്നതാകട്ടെ, നിസ്കാരമാകട്ടെ, ജപമാകട്ടെ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതാകട്ടെ സകല പ്രവൃത്തികളുടേയും പിന്നാമ്പുറങ്ങളിൽ ത്രസിക്കുന്നത്, തന്നിൽ നിന്നു തന്നെ, ജീവിതത്തിൽ നിന്നു തന്നെ, രക്ഷപ്പെടാനുള്ള അദൃശ്യമായ ത്വരകളാണ്.
അതുകൊണ്ടാണ് യാതൊരു പ്രവൃത്തിയും സംതൃപ്തിയുടെ - contentment - നിറവ് സമ്മാനിക്കാത്തത്. ഒട്ടു മിക്കവാറും സന്ദർഭങ്ങളിൽ പല ചെയ്തികളും ഏറിയാൽ അല്പം ശമനമുണ്ടാക്കിയേക്കാം - satisfaction. Satisfaction എന്നത് വൈകാരികമായ ഒരു സാമൂഹ്യ മാനദണ്ഡമാണ് - a social scale. പരസ്പര ധാരണയുടെ പുറത്തുകയറി നടന്നുവരുന്ന ഒരു വികാരം. ഏർപ്പെടുന്ന ഒരു പ്രവൃത്തി തികച്ചും വൈയക്തികമാണോ (individual) അതോ സമൂഹോന്മുഖമാണോ (society oriented) എന്ന് തിരിച്ചറിയാൻ, ആ പ്രവൃത്തി നമ്മെ സംതൃപ്തരാക്കുകയാണോ കേവലം satisfied ആക്കുകയാണോ എന്ന് നിരീക്ഷിച്ചാൽ മതി. സംതൃപ്‍തി നല്കാത്ത ഏതു പ്രവൃത്തിയും ജീവിതത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ്. ഇവിടെ പ്രവൃത്തി എന്ന് പറയുമ്പോൾ, കേവലം ചെയ്തി - activity- എന്നല്ല അർത്ഥമാക്കുന്നത്. പ്രവൃത്തി എന്നാൽ, അനങ്ങാതിരിക്കുന്നു എന്ന് നാം വിചാരിക്കുമ്പോൾ പോലും, നാം നിവൃത്തിച്ചുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണോ, അത്തരം മനോ വൃത്തികളെക്കൂടിയാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തിയിലല്ല കാര്യം, പ്രവൃത്തികളെ ഒഴിവാക്കാനുമാവില്ല. പ്രവൃത്തി കേവലം ഒരു പ്രവൃത്തി മാത്രമാണ്. അതിനെ സംതൃപ്തമായ രീതിയിൽ സമീപിക്കണോ, സ്വയം രക്ഷപ്പെടാനുള്ള ഉപാധിയാക്കണോ എന്ന് നിശ്ചയിക്കുന്നതിലാണ് ബുദ്ധിയിരിക്കുന്നത്.
മനുഷ്യന്റെ ഇതുവരേക്കുമുള്ള ബൗദ്ധികവും ഭൗതികവുമായ വികാസങ്ങളൊക്കെയും അവനെ തന്നിൽ നിന്നുതന്നെ രക്ഷപ്പെടാൻ സഹായിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയിരുന്നു. സാങ്കേതികതയാകട്ടെ, ആത്മീയതയാകട്ടെ, വ്യക്തിബന്ധങ്ങളാവട്ടെ, സകലതും മയക്കുമരുന്നിന് പകരമെന്നോണം അവനെ അല്പനേരത്തേക്കെങ്കിലും രക്ഷപ്പെടാൻ സഹായിച്ചുപോന്നു. എന്നാൽ പുതിയ കാലം, വിശേഷിച്ചും കംപ്യൂട്ടറുകളുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഈ യുഗം, കൂടുതൽ ആശാവഹമാവുന്നത്, രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നതിനു പകരം അവനെ കൂടുതൽ സത്യസന്ധനാകാൻ നിർബന്ധിക്കുന്നു എന്നതുകൊണ്ടാണ്. ഒരുപക്ഷേ പഴയകാല മനുഷ്യരേക്കാളും അവൻ അസ്വസ്ഥനായി കാണപ്പെടുന്നുണ്ടെങ്കിൽ, അവൻ കൂടുതൽ
വെളിപ്പെടുന്നതുകൊണ്ടാണ്. അവന് ഒളിക്കാനുള്ള താവളങ്ങൾ കുറഞ്ഞുകുറഞ്ഞു വന്നിരിക്കുന്നു. പരിധിയിൽക്കവിഞ്ഞ ജനസംഖ്യാവർദ്ധനവും, ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും, പാരിസ്ഥിതികമായ വെല്ലുവിളികളും, ചീഞ്ഞളിഞ്ഞ പ്രത്യയ ശാസ്ത്രങ്ങളും, വിഡ്ഢിത്തം നിറഞ്ഞ മതസ്വാധീനങ്ങളും എല്ലാം ചേർന്ന്, ഇതുവരേക്കും അവൻ ഒളിച്ചുകഴിയാൻ ഉപയോഗപ്പെടുത്തിയിരുന്ന താവളങ്ങളുടെയെല്ലാം മേൽക്കൂരകൾ അലങ്കോലപ്പെടാൻ തുടങ്ങിയിരിക്കുന്നു.ആധുനികതയുടെ അനുഗ്രഹമെന്തെന്നാൽ, ആധുനികത കൊണ്ടുവരുന്ന ആകുലതകളുടെ അനുഗ്രഹം എന്നുതന്നെ മനസ്സിലാക്കുക, രക്ഷപ്പെടാനുള്ള ഇടങ്ങളെ അത് ചെറുതാക്കിക്കൊണ്ടുവരുന്നതോടൊപ്പം, അവനെ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബന്ധിക്കുന്നു എന്നതാണ്; കേവലം വയറ്റിപ്പിഴപ്പിന്റെതല്ല, വൈകാരികതക്കപ്പുറം 'ജീവിതസംതൃപ്തിയുടെ'. (സൗഹൃദസംഭാഷണങ്ങൾക്കിടക്ക് 'ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ ഇടമൊന്നുമില്ല' എന്ന് ഓർമ്മിപ്പിച്ച സുഹൃത്തിന് നന്ദി.)
പണ്ടുകാലത്ത്, ബ്രഹ്മചര്യം ഗാർഹസ്ഥ്യം വാനപ്രസ്ഥം സംന്യാസം എന്നിങ്ങനെ വ്യക്തമായ ഘട്ടങ്ങളായാണ് ജീവിതത്തെ സമീപിച്ചിരുന്നതെങ്കിൽ - ഏതൊരു സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനും ഇത്തരം നാല് ഘട്ടങ്ങളുണ്ടായിരുന്നുവെന്നോർക്കുക - ആധുനികത അവനെ നിർബന്ധിക്കുന്നത് ഒരൊറ്റ സ്പാനിൽ ഈ നാല് ഘട്ടങ്ങളേയും അനുഭവിക്കാനാണ്. അക്കാലങ്ങളിൽ അവൻ തന്നിൽ നിന്നും രക്ഷപ്പെട്ട് രക്ഷപ്പെട്ട് സന്യാസത്തിൽ എത്തുമ്പോഴാണ് സ്വയം അഭിമുഖീകരിക്കാൻ അല്പമെങ്കിലും പ്രാപ്തി നേടിയിരുന്നത്. ആധുനിക ജീവിതത്തിൽ, ഓരോ ഘട്ടത്തിലും അവന് സ്വയം അഭിമുഖീകരിച്ചേ പറ്റൂ. പണ്ടുകാലത്ത് സന്യാസമെന്നത് postponement-ന്റെ നിവൃത്തിയില്ലാത്ത അറ്റമായിരുന്നുവെങ്കിൽ, ആധുനികതയിൽ ജീവിതത്തെ പിന്നേക്കു വെക്കാനുള്ള സാദ്ധ്യതകൾ തീരെ കുറവാണ്. പണ്ടത്തെ ജീവിതങ്ങളിൽ, അവസാനയാമങ്ങളിലാണ് 'ഒന്നിലും കാര്യമില്ല', 'അർത്ഥശൂന്യമാണ് എല്ലാം', 'നൈമിഷികമാണ് സകലതും' എന്നൊക്കെ അറിയാൻ തുടങ്ങിയിരുന്നതെങ്കിൽ, ആധുനിക മനുഷ്യൻ ഈ യാഥാർഥ്യങ്ങളെല്ലാം ഏറെ നേരത്തെത്തന്നെ മനസ്സിലാക്കാൻ തുടങ്ങുന്നു. പണ്ടുകാലത്ത് മനുഷ്യന് ഓരോന്നും പരീക്ഷിച്ചറിയാൻ കാലമേറെയെടുത്തിരുന്നെങ്കിൽ - വൈകാരികതയിലെ മിഥ്യാധാരണകൾ പരുവപ്പെടണമെങ്കിൽ ഗാർഹസ്ഥ്യത്തിന്റെ ചുമതലകളും പരീക്ഷണങ്ങളും വെല്ലുവിളികളും ആവശ്യമായിരുന്നു. ഗർഹസ്ഥ്യമെന്നപേരിൽ താൻ കാട്ടിക്കൂട്ടിയിരുന്ന ബഹളങ്ങളൊക്കെയും അനാവശ്യമായിരുന്നു എന്നറിയുന്നത് വ്യാധികളുടേയും നിസ്സഹായതകളുടേയും വാനപ്രസ്ഥത്തിൽ. സംന്യാസമെന്നത് ബാക്കിയവശേഷിച്ച ഇത്തിരി ആരോഗ്യം കൊണ്ട് മഹത് വാണികൾ അയവിറക്കി കഴിഞ്ഞുകൂടുന്ന വഴിത്തണലായിരുന്നു - ഇന്ന് അവൻ ഓരോ ദിവസവും അവനിലെ അസംതൃപ്തികളെ തിരിച്ചറിയാനും സ്വയം ഏറ്റുപറയാനും പ്രാപ്തി നേടിയിരിക്കുന്നു.
ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ പണ്ടത്തെപ്പോലെ എളുപ്പമല്ല എന്ന് മനുഷ്യൻ ഏറ്റുപറയാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ് പൊള്ളയായ പൊങ്ങച്ച സുഖങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ആധുനിക മനുഷ്യൻ സ്വാസ്ഥ്യത്തിന്റേതായ ലാളിത്യങ്ങളെ ആശ്ലേഷിക്കുന്നു എന്നത്. റിലാക്‌സേഷൻ എന്ന പദം സർവ്വ സാധാരണമായിരിക്കുന്നു എന്നത്, അവൻ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ്.
വിശ്രാന്തിയനുഭവിക്കാത്തവൻ എങ്ങനെയാണ് ജീവിതമെന്തെന്നറിയുന്നത്? ജീവിതമെന്ന വെല്ലുവിളിയിൽ, അതിനെ അഭിമുഖീകരിച്ചുകൊണ്ട് വിശ്രാന്തിയനുഭവിക്കാനുള്ള കഴിവിനെയാണ് ആഘോഷമെന്ന് വിളിക്കുന്നത്.ആ ആഘോഷത്തെ ധ്യാനമെന്നു വിളിക്കുന്നു. കാപട്യങ്ങളുടെ അഴുകിയ മാംസപിണ്ഡത്തിനുള്ളിൽ ഒളിച്ചിരുന്ന് കൊണ്ട്, ധ്യാനം ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലാണ് എന്ന് വിളിച്ചുകൂവിയവരോട്, 'ധ്യാനം ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ല, ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണ്' എന്ന് ഓർമ്മിപ്പിച്ച മിസ്റ്റിക് ആധുനികനായിത്തന്നെ തുടരും; എന്നും. എന്തുകൊണ്ടെന്നാൽ, ജീവിതത്തിൽ നിന്നും രക്ഷപ്പെടാനായി മറ്റൊരു ഇടമില്ലല്ലോ!