click for english google translation
A painting by Pieter The Elder Bruegel |
പിന്നേക്കു വെക്കുന്ന പാഠങ്ങൾ
'അന്നന്നത്തെ പാഠങ്ങൾ അന്നന്ന് പഠിച്ചു തീർക്കണം' എന്നത് കൊച്ചു കുട്ടികളെ ഉപദേശിക്കാനും ശാസിക്കാനുമായി അധ്യാപകരും അച്ഛനമ്മമാരുമെല്ലാം യാതൊരു ചമ്മലും കൂടാതെ ഉപയോഗിച്ചുപോരുന്ന വാക്യമാണ്. ഉപദേശികളിലാർക്കും തന്നെ അതിനു സാധിക്കാറില്ല എന്ന വസ്തുതയെ അവർ മനഃപൂർവ്വം മറന്നുകളയുന്നു. ഈ ഉപദേശം കൊണ്ട് എപ്പോഴെങ്കിലും ആർക്കെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ അപൂർവ്വം ചിലരെങ്കിലുമുണ്ട് പാഠങ്ങളൊന്നും ബാക്കി വെക്കാത്തവർ. അവർ പക്ഷേ അങ്ങനെ പ്രവർത്തിച്ചുപോന്നിട്ടുള്ളത് അവരുടെ സ്വതഃസിദ്ധമായ പ്രകൃതത്തിന്റെ ഭാഗമായാണ്; തങ്ങളുടെ ഉപദേശം കൊണ്ടാണെന്ന് ഉപദേശികളൊക്കെയും ഉള്ളിൽ അഭിമാനിച്ചുകാണാറുണ്ടെങ്കിലും. ഉപദേശത്തെ പേടിച്ചുകൊണ്ടോ മാനിച്ചുകൊണ്ടോ ആരെങ്കിലുമൊക്കെ അന്നന്നത്തെ പാഠങ്ങൾ പഠിച്ചുതീർത്തിട്ടുണ്ടെങ്കിൽ അത് നാല് ദിവസത്തിന് മാത്രമാകാനാണ് സാധ്യത.
തിബറ്റൻ ലാമമാരുടെ ജീവിത രീതിയിൽ, അവർ കുറേക്കൂടി ജാഗ്രതയോടെഅന്നന്നത്തെ സകലതും പൂർത്തിയാക്കിയിട്ടേ ഉറങ്ങാൻ പോകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. രാത്രി അവസാനമായി ഉപയോഗിക്കുന്ന ചായക്കോപ്പ പോലും കഴുകി കമിഴ്ത്തിവച്ചേ അവർ കിടക്കാറുള്ളൂ, ആർക്കറിയാം ഒരുപക്ഷേ രാവിലെ ഉണർന്നില്ലെങ്കിൽ... ഉപയോഗിച്ച ചായക്കോപ്പ അതേപടി കിടക്കരുതല്ലോ. എന്നാൽ, ഇതൊരു സാധനയുടെ ഭാഗമായി ശീലിച്ചെടുത്തതാവാനേ വഴിയുള്ളൂ. എന്തെന്നാൽ പിന്നേക്കു വെക്കാനുള്ള ത്വര നാം മിക്കവരിലും അത്രക്കും പ്രബലമാണ് - procrastination. 'പറഞ്ഞതപ്പടിയും ചെയ്തുവെന്നാണെങ്കിൽ, ചെയ്തതിനേക്കാൾ കൂടുതൽ പറഞ്ഞതാവാനാവാണ് വഴി' ( when all is said and done, more is said than done) എന്നൊരു ചൊല്ലുണ്ട്. ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ് അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് പറഞ്ഞപ്പോൾ, എടുത്തുപറഞ്ഞ ഒരു കാര്യമിതായിരുന്നു: 'രാവിലെത്തന്നെ അന്ന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഒരു ചാർട്ടുണ്ടാക്കും. വൈകീട്ട് നാല് മണിക്ക് ചായ കുടിക്കാൻ പോകാൻ നേരമാണ് ഓർക്കുക ചാർട്ടിലെഴുതിയ യാതൊന്നും നടന്നിട്ടില്ലെന്ന്. എന്നും ഇത് തന്നെ സ്ഥിതി.'
'പിന്നേക്കു വെക്കൽ' സർവ്വ സാധാരണമാണെങ്കിലും procrastination എന്ന് വിളിക്കാൻ പാകത്തിൽ അത് ശീലമായിട്ടുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടത് തന്നെ. വ്യക്തിത്വവികസനക്കാരുടേയും സൈക്കോളജിക്കാരുടേയും വിഹാരരംഗങ്ങളിൽ procrastination - ന് ഇക്കാലത്ത് പ്രാധാന്യമേറിവരുന്നുണ്ട്. procrastination-നെപ്പറ്റിയുള്ള രസികൻ പ്രസ്താവനകളിലൊന്ന് ഓസ്കർ വൈൽഡിന്റേതാണ് -"മറ്റന്നാളേക്കു മതിയെന്നുള്ളതിനെ ഞാൻ ഒരിക്കലും നാളേക്ക് വെക്കാറില്ല."
Hawking |
രണ്ടായാലും വർത്തമാന നിമിഷത്തിൽ നിന്നുള്ള ഒരു തരം ‘ഓടിയൊളിക്കൽ’ തന്നെയാണ് അടിസ്ഥാന കാരണമായി വർത്തിക്കുന്നത്. lagging behind OR leading ahead. വർത്തമാന നിമിഷത്തെ മറന്നുകൊണ്ട്, ഓർമ്മകളെ പ്രതി പ്രതികരിക്കുന്നതും ആഗ്രഹങ്ങളെ പ്രതി പ്രവർത്തിക്കുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിൽ സാധാരണമായി പറഞ്ഞുപോരാറുള്ളതാണ്.
പാതഞ്ജലി നിർദ്ദേശിച്ചിട്ടുള്ള 'പ്രതിപ്രസവം' (ഉറങ്ങാൻ കിടക്കുന്നതിനു മുൻപ്, തൊട്ടു മുൻപത്തെ നിമിഷം ചെയ്ത പ്രവൃത്തിയിൽ തുടങ്ങി രാവിലെ ഉണർന്നെണീറ്റപ്പോൾ ചെയ്ത ആദ്യ പ്രവൃത്തി വരെ നിരതെറ്റാതെ ഓർത്തെടുക്കൽ. അങ്ങിങ്ങു ചിതറിക്കിടക്കുന്ന ഓർമ്മകൾ മുതൽ മുഴുമിക്കാതെ കിടക്കുന്ന പ്രവൃത്തികളെയടക്കം വേണ്ടവിധം പുനഃക്രമീകരണം നടത്തുന്ന ഒരു ധ്യാന സങ്കേതമാണ് ഇത്.) മുതൽ, ഇക്കാലത്ത് ഏറെ ജനസമ്മതി കൈവന്നിട്ടുള്ള 'mindfullness' പരിശീലനത്തിലടക്കം procrastination ഉം precrastination ഉം കാര്യമായിത്തന്നെ തിരുത്തപ്പെടുന്നുണ്ട്.
ഓർമ്മകളും ബാക്കി വന്ന പ്രവൃത്തികളുമെല്ലാം അതാതിന്റെ ഫോൾഡറുകളിലിട്ട് കൃത്യമായി പേര് നല്കി വേണ്ടവിധം ക്രമീകരിക്കുന്നതിലൂടെ വർത്തമാന ചെയ്തികളെ - desktop functions of daily living - കൂടുതൽ കാര്യക്ഷമമായും തെളിമയോടെയും കൈകാര്യം ചെയ്യാൻ സാധ്യമായെന്നു വരാം. പക്ഷേ ഇത്തരം ജാഗ്രതകളും പരിശീലനങ്ങളും സാധന സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലോ, ശാരീരികമായ ചലനങ്ങളിലോ, സംസാരിക്കുന്നതിലെ ശ്രദ്ധയിലോ ഒതുങ്ങിപ്പോകുന്നതായാണ് പൊതുവേ കണ്ടുപോരുന്നത്. എന്നാൽ, നേരത്തെ പരാമർശിച്ച പ്രവണതകൾ ഇവയെക്കാളൊക്കെ സൂക്ഷ്മവും ആഴമേറിയതുമായ തലങ്ങളിൽ ജീവിതത്തിന്റെ ഭാഗധേയത്തെ നിർണ്ണയിക്കുന്നുണ്ട്. ഒരുപക്ഷേ, തീർത്തും അദൃശ്യമായ പ്രതിസ്പന്ദങ്ങളുടെ (responses)കാര്യത്തിൽ. procrastination-ന്റെ തലകീഴായ(inverse) സ്വഭാവം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ നിമിഷത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യത്തിൽ വിശേഷിച്ചും. ഏതൊരു നിമിഷവും അതിനു തൊട്ടു മുൻപത്തെ നിമിഷങ്ങളെ ആശ്രയിച്ചു നില്പ്പുണ്ട്, മിക്കപ്പോഴും. അതുകൊണ്ടുതന്നെ തൊട്ടു മുൻപായി വർത്തിക്കുന്ന കാരണങ്ങളുടെ ഉത്തരവാദിത്തത്തെ അതേപടി ഏറ്റെടുക്കേണ്ടതുണ്ട് നാം.
ഉദാഹരണത്തിന്, നാം ഒരു റോഡിലൂടെ നടക്കുകയോ വണ്ടിയോടിച്ചുപോവുകയോ ചെയ്യുന്നുവെന്ന് വെക്കുക. ഒരു പക്ഷേ നമ്മുടെ അശ്രദ്ധ കാരണം, അല്ലെങ്കിൽ എതിരെ വന്ന ഡ്രൈവറുടെ അശ്രദ്ധ കാരണം, ഒരു ചെറിയ അപകടം ഉണ്ടായെന്നിരിക്കട്ടെ. (ഭാഗ്യവശാൽ അതൊരു ചെറിയ അപകടം ആയിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം!). ഓ, താൻ അശ്രദ്ധമായി മുറിച്ചുകടന്നതുകൊണ്ടാണ് അപകടം സംഭവിച്ചത്; അല്ലെങ്കിൽ, തന്റെ പക്ഷത്തു നിന്നും തെറ്റു സംഭവിച്ചില്ല, എതിരെ വന്നയാളുടെ കൈപ്പിഴയായിരുന്നു എന്ന് മനസ്സിലാക്കുന്നതിനു പകരം,'ഏതു നേരത്താണ് ഈ വഴിയിലൂടെ വരാൻ തോന്നിയത്!' എന്ന് പ്രതികരിക്കുന്നവർ കുറവല്ല.
ഒരു സന്ദർഭത്തിന്റെ 'immediate responsibility' ഏറ്റെടുക്കുന്നതിന് പകരം അതിന്റെ കാരണത്തെ കൂടുതൽ കൂടുതൽ പിന്നോട്ട് കൊണ്ടുപോകാനാണ് നമ്മുടെ താല്പര്യം. ചെയ്യാനുള്ള ഒരു കാര്യത്തെ പിന്നേക്കു വെക്കുന്നതിനു തുല്യമാണത്. ഈ പ്രവണത നമ്മുടെ ജീവിതത്തിന്റെ ഏതെല്ലാം സിരകളിലേക്ക് കടന്നുചെന്നിട്ടുണ്ടെന്ന് പരിശോധിക്കുന്നത് പ്രയോജനപ്രദമായിരിക്കും. ഒരു ബന്ധത്തിൽ വൈകാരികമായ ഒരു പ്രതിസന്ധിയുണ്ടായാൽ, ഏതു നേരത്താണാവോ അയാളെ / അവളെ കൂടെ കൂട്ടാൻ തോന്നിയത് എന്ന് ഉള്ളിലെങ്കിലും പിറുപിറുത്തുകളയും. ഇപ്പോഴുണ്ടായ പെരുമാറ്റങ്ങളിലെ താളപ്പിഴകൾ എന്തെന്ന് പരിശോധിക്കുന്നതിൽ നാം വിമുഖരാണ്. ‘അല്ലെങ്കിലും ഈ കോഴ്‌സിന് ചേരാൻ ആദ്യമേ താല്പര്യമുണ്ടായിരുന്നില്ല, വെറുതേ അങ്ങ് ചേർന്നുവെന്നേയുള്ളൂ’. ‘ഞാൻ അപ്പോഴേ പറഞ്ഞതാ’, തുടങ്ങിയുള്ള പ്രതികരണങ്ങളുടെ വാലറ്റങ്ങൾ പിന്നെയും പിന്നിലാണ്. നാം കണക്കിലെടുക്കുന്ന വർത്തമാന തലങ്ങളുടെ വ്യാപ്തിക്കനുസരിച്ച് അവയുയർത്തുന്ന വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് പകരം അവയെ നിരുത്തരവാദമായ കാരണങ്ങളാക്കി നാം പിന്നോട്ട് തള്ളിക്കൊണ്ടേയിരിക്കും. അങ്ങനെയാണ് നാം പറയുക, ‘ഈ കുടുംബത്തിൽ ജനിച്ചതുകൊണ്ടാണ് എനിക്കിങ്ങനെയൊരു ദുർവിധിയുണ്ടായത്. ഈ മതത്തിൽ ജനിച്ചതുകൊണ്ടാണിങ്ങനെ. സ്ത്രീയായതുകൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത്. ഈ കാലഘട്ടത്തിൽ ജനിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.’
ഇപ്പറഞ്ഞതിനർത്ഥം എടുത്തുപോയ ഒരു തീരുമാനം തിരുത്തേണ്ടതുണ്ടെങ്കിൽ / അതിനു സാധ്യമെങ്കിൽ അങ്ങനെ ചെയ്യരുതെന്നല്ല. ആ തീരുമാനത്തെ 'immediate reason' എന്ന നിലയിൽ സ്വീകരിച്ചുകൊണ്ട് അടുത്ത തീരുമാനം എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വൈകാരികമായ ഒരു procrastination മാത്രമായിരിക്കുമത്. അല്ലാത്തപക്ഷം, നിർജ്ജീവമായ ഒരു ഭൂതകാലത്തിനുമേൽ പഴിചാരിക്കൊണ്ടുള്ള രക്ഷപ്പെടൽ മാത്രമായിരിക്കുമത്.
ധ്യാനികളും 'mindfullness' പറഞ്ഞുകൊണ്ട് നടക്കുന്നവരുമെല്ലാം 'ഇപ്പോൾ, ഇവിടെ' എന്ന് ആലങ്കാരികമായി ഉരുവിട്ടതുകൊണ്ടായില്ല. അതിനോട് അപ്പപ്പോഴുള്ള പ്രതികരണമാണ് (response) അതിനെ അർത്ഥവത്താക്കുന്നത്.