Featured Post

Monday, May 29, 2023

ഉണർവിലേക്കുള്ള പടവുകൾ - 37


ജീവിതത്തിന്റെ പ്രതിഭാവങ്ങൾ

ജീവിതം ഒരൊഴുക്കാണ്, ജീവിതം ഒരു നൈരന്തര്യതയാണ്, ജീവിതം ജനനത്തിനു മുൻപേ തുടങ്ങുന്നതും മരണത്തിനു ശേഷവും നീണ്ടുപോകുന്നതുമാണെന്നൊക്കെ നാം പറഞ്ഞുപോകാറുണ്ടെങ്കിലും, ജീവിക്കുന്നയാളുടെ പ്രതിപ്രവർത്തനങ്ങൾ - reactions - അതിന്റെ ഗതിവിഗതികളെ സ്വാധീനിക്കാറുണ്ടെന്നതാണ് സത്യം. ചുരുങ്ങിയപക്ഷം ജീവിതത്തിന്റെ അനുഭവസാന്ദ്രതകളെങ്കിലും നമ്മുടെ ഇടപെടലുകളുടെ സ്വഭാവത്തെ ആശ്രയിക്കുന്നുണ്ട്. 

ജീവിതത്തിനോടുള്ള ഇടപെടലുകളിൽ രണ്ടു രീതികളാണ് സാധ്യമായിട്ടുള്ളത് - പ്രതിപ്രവർത്തനവും പ്രതികരണവും; reactions and responses. നിർഭാഗ്യവശാൽ നമ്മുടെ ഒട്ടുമിക്കവാറും ജീവിതവും കത്തിത്തീരുന്നത് റിയാക്ഷനുകളിലാണത്രേ. പ്രതികരണങ്ങൾ - responses - ഇടക്ക് വല്ലപ്പോഴും സംഭവിച്ചാലായി, അബദ്ധത്തിലെന്നോണം. ബാല്യത്തിന്റെ തിക്താനുഭവങ്ങളോട് റിയാക്ട് ചെയ്തുകൊണ്ട് യുവത്വം കടന്നുപോകുന്നു. യുവത്വത്തിലെ ദാരിദ്ര്യമോ ധാരാളിത്തമോ മധ്യവയസ്സിനെ മുഴുവനായും റിയാക്ഷനുകൾ കൊണ്ട് നിറക്കുന്നു. വാർദ്ധക്യം മുഴുവനും അതുവരേക്കുമുള്ള ജീവിതത്തിലെ തീരുമാനങ്ങളോട് പ്രതിപ്രവർത്തിച്ചുകൊണ്ട് കടന്നുപോകുന്നു. ബാല്യത്തിലെ അനാഥത്വത്തിനോടുള്ള റിയാക്ഷനുകൾ ഒരാൾ ഒരുപക്ഷേ മരണം വരേയ്ക്കും തുടർന്നുകൊണ്ടുപോകുന്നു; യുവത്വത്തിലുണ്ടായ ഒരു പ്രണയ നിരാസത്തിന്റെ നിഴൽ ഒട്ടു വളരെക്കാലം നീണ്ടു നില്ക്കുന്നതുപോലെ. എന്തിനോടെന്നില്ലാത്ത കാലുഷ്യങ്ങൾ ജീവിതായുസ്സു് മുഴുവനും പേറി നടക്കുന്ന എത്രയോ പേരുണ്ട്!


റിയാക്ഷനുകളിൽ പെട്ടുപോകുന്നത് മിക്കപ്പോഴും നാം അറിയാറേയില്ല. ഒരാൾ ദാരിദ്ര്യം അനുഭവിച്ചു വളർന്നയാളാണെങ്കിൽ, എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് അയാളുടെ ജീവിതത്തിന്റെ  പ്രഥമ സ്വഭാവമായിത്തീർന്നേക്കാം. ഇവിടെ, പണമുണ്ടാക്കുക എന്ന പ്രവൃത്തിയിലല്ല പ്രശ്‌നമിരിക്കുന്നത്; അത് അയാളുടെ ജീവിതപശ്ചാത്തലത്തിലെ ഒരു റിയാക്ഷൻ മാത്രമാണെന്നതാണ്. പട്ടിണിയിലൂടെ കടന്നുവന്ന ഒരാൾ ഭക്ഷണത്തിന് അമിത പ്രാധാന്യം നല്കിപ്പോരുകയാണെങ്കിൽ (പൊതുവെ) അത് അയാളുടെ ഒരു റിയാക്ഷനാണ്. കുടുംബപരമായി സസ്യാഹാരം മാത്രം കഴിച്ചുവരുന്ന പശ്ചാത്തലത്തിൽ വളർന്നുവന്ന വ്യക്തി ഒരു സസ്യാഹാരിയായി ശഠിക്കുന്നുണ്ടെങ്കിൽ അത് വെറുമൊരു റിയാക്ഷനാണ്. അവഗണനകളിലൂടെ കടന്നുപോന്ന ഒരാൾ ശ്രദ്ധനേടുന്നതിനോ പ്രശസ്തിക്കു വേണ്ടിയോ ത്വര കാണിക്കുന്നുണ്ടെങ്കിൽ, അത് അയാളിലെ റിയാക്ഷനാണ്. അങ്ങനെയല്ലാതെ വളർന്ന ഒരാൾ പ്രശസ്തിയുടെ പിന്നാലെ പോകുന്നുണ്ടെങ്കിൽ, അതും അയാളിലെ റിയാക്ഷനാണ്; അയാൾക്കുള്ളിൽ എവിടെയോ കടന്നുകൂടിയിട്ടുള്ള അപകർഷതയോടുള്ള റിയാക്ഷൻ, അയാളുടെ

അഭിലാഷങ്ങളോടുള്ള റിയാക്ഷൻ. ഒരു മതവിശ്വാസിയോ സംഘടനാ പ്രവർത്തകനോ മനപ്പൂർവ്വം പാലിക്കുന്ന നന്മകളോ പരോപകാരപ്രവർത്തനങ്ങളോ വെറും റിയാക്ഷന്റെ വരുതിയിൽ വരാവുന്നതാണ്; അയാൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊള്ളിവെപ്പുകളും പോലെത്തന്നെ. നല്ലതും ചീത്തയുമെല്ലാം റിയാക്ഷനുകളായി കടന്നുവരാവുന്നതാണ്.

നല്ലതായാലും ചീത്തയായാലും റിയാക്ഷനുകൾ ഫലത്തിൽ ചീത്ത തന്നെ; ജീവിതത്തിലെ `ജീവോന്മുഖത`- life affirmation- കണക്കിലെടുക്കുകയാണെങ്കിൽ. ജീവോന്മുഖമല്ലാത്ത ജീവിതം വെറും `successful wastage` എന്നതിനപ്പുറം പോകുന്നേയില്ല. അത് നിശ്ചയിക്കുന്നത് ജീവിത സംതൃപ്തിയാണ് - contentment; not satisfaction. 

satisfaction എന്നത് സമൂഹം അംഗീകരിച്ചിട്ടുള്ള ചിലമാനദണ്ഡങ്ങളോടുള്ള റിയാക്ഷൻ മാത്രമാണ്. (ഒരു വ്യക്തി അനുമതി കൊടുക്കുന്നേടത്തോളമേ ഇത്തരം സമൂഹ മാനദണ്ഡങ്ങൾക്ക് അയാളിൽ പ്രവർത്തനസാദ്ധ്യതയുള്ളൂ  എന്നോർക്കുക). പരിചയത്തിലുള്ള മിക്കവരും സ്വന്തമായി വാങ്ങിയ കാറിൽ യാത്ര ചെയ്യുമ്പോൾ, അവരോടൊപ്പം പിടിച്ചുനിൽക്കാൻ തനിക്കും ഒരു കാർ ആവശ്യമുണ്ടെന്ന് ഒരാൾക്കു തോന്നുന്നു. അതിൽ യാത്ര ചെയ്യുമ്പോൾ (താങ്ങാവുന്നതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെങ്കിലും) ഉണ്ടാവുന്നു എന്ന് വിചാരിക്കുന്ന പൊള്ളയായ ഒരു വിചാരത്തെ satisfaction എന്നതിന് ഉദാഹരണമായി പറയാവുന്നതാണ്. അതേസമയം ഇതേ കാർ വാങ്ങൽ contentment-ന്റെ തലത്തിലേക്കും കടന്നുപോകാവുന്നതാണ്; ഒരാൾ അതിനു തുനിയുന്നത് കാർ യാത്ര അയാളെ സംബന്ധിച്ച് അത്രക്കും ആവശ്യമായി മാറുകയും അയാളത് ഒരുവിധം പണിപ്പെട്ട് സാധിച്ചെടുക്കുകയും ചെയ്യുമ്പോൾ; കാർ ഡ്രൈവ് ചെയ്യുന്നതും പരിപാലിക്കുന്നതും മറ്റും അയാളെ സംബന്ധിച്ച് അത്രക്കും ആകർഷകമായ ഒരു പ്രവൃത്തിയാകുമ്പോൾ - അതിന് സാമൂഹിക സമ്മതിയുമായി ബന്ധമൊന്നുമില്ലെന്ന് അയാൾക്ക് മാത്രമേ ഉറപ്പാക്കാനാവുകയുള്ളൂ. അത് അയാളുടെ സ്വകാര്യമായ ഒരു passion ആണ്.


തീർത്തും സ്വകാര്യമായ, വൈയക്തികമായ (individual), യാതൊരു ഗൂഢ ലക്ഷ്യങ്ങളുമില്ലാത്ത, ഭൂതകാലത്തെ ഒരു വിധത്തിലും കണക്കിലെടുക്കാതെയുള്ള പ്രവൃത്തികളെയാണ് പ്രതികരണം- response എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിത്യജീവിതത്തിൽ നാം ചെയ്തുപോരുന്ന ഏതൊരു പ്രവൃത്തിയും പ്രതിപ്രവർത്തനവുമാകാം, പ്രതികരണവുമാകാം. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ ആ വ്യക്തിക്ക് മാത്രമേ അതിൽ തീർപ്പു വരുത്താനാവൂ. അയാൾ പക്ഷേ അതിനു തീർപ്പു വരുത്തേണ്ടതുണ്ട്, അയാൾ ജീവിത സംതൃപ്തിക്ക് - contentment- എന്തെങ്കിലും പ്രാധാന്യം നല്കുന്നുണ്ടെങ്കിൽ. 

പ്രതികരണം സ്വാതന്ത്ര്യത്തിലൂന്നിയതാണ്. അത് അപ്പുറത്തുള്ള എന്തെങ്കിലുമൊന്നിനെ ആശ്രയിച്ചുനിൽക്കുന്നില്ല. പ്രതിപ്രവർത്തനത്തിലൂന്നിയ ഒരു വ്യക്തി ഒരു ശത്രുവിനെ, ഒരു അപരനെ - the other -ആശ്രയിച്ചുകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. തമാശയെന്തെന്നാൽ, ആ ശത്രു ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവണമെന്നു പോലുമില്ല. ഉണ്ടായാൽ പോലും അയാൾ ഗോദയിൽ ഉണ്ടായിരിക്കണമെന്നില്ല. അയാൾ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരുപക്ഷേ എപ്പോഴേ കളം വിട്ടിരിക്കാം. നാം പക്ഷേ അയാൾ ഉണ്ടെന്നുള്ള ധാരണയിൽ മല്ലടിച്ചുകൊണ്ടേയിരിക്കുകയാണ്! ഇല്ലാത്ത ശത്രുവിനോടെന്നപോലെത്തന്നെയാണ്, ഉണ്ടായിരിക്കുന്ന ശത്രുവിനേയും നാം കണക്കിലെടുക്കണോ വേണ്ടയോ എന്നത്. ഇനിയൊരുപക്ഷേ ജീവിതം നമ്മെ രണമുഖത്ത്‌ കൊണ്ടെത്തിച്ചിരിക്കുകയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ നമ്മുടെ ഓരോ പോരാട്ടവും കേവലം പ്രതിപ്രവർത്തനേക്കാളുപരി പ്രതികരണമായിരിക്കാൻ- response- ശ്രദ്ധിക്കാവുന്നതാണ്.


ജീവിതം റിയാക്ഷനുകളിൽ ഹോമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ കണ്ടെത്താനാവുക വിവാഹ ബന്ധങ്ങളിലും പ്രണയങ്ങളിലുമൊക്കെയാണ്. ബന്ധം വേർപ്പെടുത്തപ്പെട്ട പങ്കാളി ഇനിയും മറ്റേയാളുടെ ജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് (അത് എത്ര തന്നെ അപരോക്ഷമായാലും) ഒരേ സമയം സഹതാപാർഹവും വിഡ്ഢിത്തവുമല്ലാതെന്താണ്? അപരനോടെന്നപോലെത്തന്നെ തന്നോടുതന്നെയും പെരുമാറിപ്പോരുന്നവരുണ്ട്. അവർ അവരവരോടുതന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം റിയാക്ക്ടുചെയ്‌തുകൊണ്ട് ആത്മപീഡ അനുഭവിക്കുന്നവരാണ്.

വലിയ വലിയ കാര്യങ്ങളിലല്ലാതെത്തന്നെ, തീരെ നിസ്സാരങ്ങളായ ചെയ്തികളിൽ പോലും റിയാക്ട് ചെയ്യുന്നവരാണ് നാം. മേശയുടെ ഒരു മൂലയോടോ, തുറക്കാൻ ആയാസപ്പെടുന്ന വാതിലിനോടോ, ചോറ്റുപാത്രത്തിന്റെ മൂടിയോടൊ പോലും ആക്രോശിക്കുന്നവർ. അവിടെനിന്നുതന്നെ വേണം പ്രതികരണത്തിന്റെ പാഠങ്ങളും തുടങ്ങേണ്ടത്. 


ജീവിതം ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവുകൾ പ്രതികരണങ്ങളാണ് - the very responses. അല്ലാത്തപ്പോഴൊക്കെയും നാം പ്രതിപ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഉണർവില്ലല്ലാത്തപ്പോൾ നാം  പ്രതിപ്രവർത്തിക്കാനുള്ള കാരണങ്ങൾക്ക് വേണ്ടി ഉറ്റുനോക്കുകയാണ്. പ്രതികരിക്കുന്നയാളാകട്ടെ കാരണങ്ങൾക്ക് കാത്തിരിക്കുന്നില്ല, അയാൾ അതിന്റെ ഫലങ്ങളിൽ വിറളിപിടിക്കുകയോ പരിതപിക്കുകയോ അമിതമായി ആഹ്ളാദിക്കുകയോ ചെയ്യുന്നില്ല. പ്രതികരണം, വിടർന്നു പരിലസിക്കുന്ന ഒരു പുഷ്പത്തിന്റെ സൗരഭ്യത്തെപ്പോലെയാണ്, കാറ്റിനൊപ്പം എങ്ങോട്ടെല്ലാമോ അത് ഒഴുകിപ്പോകുന്നു, ആരെന്നോ എന്തെന്നോ നോക്കാതെ. അത്ര തന്നെ.