രഹസ്യ ജീവിതം അഥവാ ദുരിതപർവ്വം
രഹസ്യങ്ങളോട് മനുഷ്യനുള്ള സവിശേഷമായ താല്പര്യം മനുഷ്യനാവുന്നതിനു മുൻപേ കിട്ടിയിട്ടുള്ളതാണെന്നാണ് വെപ്പ്. ഭക്ഷണപദാർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ചെറു ജീവികളുണ്ട്. മൂഷികവംശത്തിൽപ്പെട്ടവ ഭക്ഷണങ്ങൾക്കു പുറമേ ഒരാവശ്യമില്ലാത്തവയും വെറുതേ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കാറുണ്ട്. സകലതും ഒളിപ്പിച്ചുകൊണ്ട്, അവയ്ക്കിടയിൽ ആരുമറിയാതെ ഒളിച്ചു കഴിയുക എന്നത്- സുരക്ഷിതത്വത്തെ പറ്റിയുള്ള ആകാംക്ഷകൾ തലയ്ക്കു പിടിച്ചതാകാം- ഹരമാണവക്ക്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മനുഷ്യശിശുക്കളും ഇതേ പ്രവണത തുടരുന്നുണ്ടത്രേ. ആരും കാണാത്തിടത്ത് ചെന്ന് ചുരുണ്ടുകൂടിയിരിക്കുക, ഇരുണ്ട മുക്കിലും മൂലയിലും മറ്റും മൂത്രമൊഴിക്കുകയോ അപ്പിയിട്ടുവെക്കുകയോ ചെയ്യുക എന്നതെല്ലാം പരിണാമയാത്രയിൽ നിന്നും കിട്ടിയ ശീലക്കേടുകളത്രേ.
രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ഹവ്വ ആദാമിന്റെ തൊണ്ടയിൽ പിടിച്ച് അമർത്തിയതാണ് പുരുഷന്മാരിൽ മാത്രം കാണുന്ന Adam’s apple എന്ന് ഒരു കഥയുണ്ട്. മറ്റൊരു സങ്കല്പമുണ്ട്-ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നതിന് തൊട്ടു മുൻപ്, എല്ലാ രഹസ്യങ്ങളും അകത്താക്കിയതിനു ശേഷം (data inception) ഏതോ മാലാഖ വിരൽ വെച്ച് സീൽ ചെയ്തതാണ് നമ്മുടെ മൂക്കിന് താഴെ, മേൽചുണ്ടിലുള്ള ആ അടയാളം- philtrum. ലോകമെമ്പാടുമുള്ള പുരാവൃത്തങ്ങളിൽ ഇനിയും ധാരാളമുണ്ടാകും മനുഷ്യന്റെ രഹസ്യാഭിവാഞ്ഛകളെ സൂചിപ്പിക്കുന്ന കഥനങ്ങൾ.
An Egyptian sculpture kept in British Museum |
കൊച്ചുകുട്ടികളുടെ കാതിൽ സ്വകാര്യം പറയുക എന്നത് അവരെ ഓമനിക്കുന്നതിന്റെ ഭാഗമായി മുതിർന്നവർ ചെയ്തുപോരാറുണ്ട്. വാക്കുകളും അർത്ഥങ്ങളുമൊന്നും അറിയാറായിട്ടില്ലെങ്കിലും അവർ കുഞ്ഞുങ്ങൾ രഹസ്യാത്മകതയുടെ ആദിമധുരം നുണയുന്നുണ്ടെന്നുള്ളത് നാം കാണാറുള്ളതാണ്. അതെന്തുമാകട്ടെ, ഈ വെളിപ്രപഞ്ചത്തിൽ, എല്ലാർക്കുമിടയിൽ, ഈ നൻപകൽനേരത്ത്, രഹസ്യമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നുള്ളത്, ശുഭകരമല്ലാത്ത ഒരു വസ്തുതയാണ്. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ രഹസ്യങ്ങളിൽ മധുരം നുണയുകയല്ല അവർ ചെയ്യുന്നത് പക്ഷേ, തങ്ങളുടെ ജീവിതത്തെ അനാവശ്യമായി രഹസ്യാത്മകമാക്കിക്കൊണ്ട് വിമ്മിട്ടപ്പെടുകയാണവർ. വാതായനങ്ങളും വാതിലുകളുമെല്ലാം കൊട്ടിയടച്ചുകൊണ്ട് ശുദ്ധവായുവിനുവേണ്ടി വെപ്രാളപ്പെടുകയാണവർ.
ഒരാവശ്യവുമില്ലാതെ, നിസ്സാരമായ ഒരു കാര്യത്തെപ്പറ്റിപ്പോലും, ഏറ്റവും അടുപ്പമുള്ളവരോടുപോലും നുണ പറയുന്നവർ; സന്തോഷവും ദുഃഖവും മൂടിവെക്കുന്നവർ, സാമ്പത്തികമായ ക്ലേശങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് വിചാരിച്ച് അതിനെ മറികടക്കാൻ താങ്ങാവുന്നതിലപ്പുറമുള്ള ബാങ്കുലോണും മറ്റുമായി കഷ്ടപ്പെട്ടു ജീവിക്കുന്നവർ (കേരളം ഇത്തരക്കാരുടെ ഏറ്റവും വലിയ താവളമാണ്), രോഗങ്ങൾ മൂടിവെച്ച് ക്ലേശിച്ചു കഴിയുന്നവർ. മാനസിക രോഗങ്ങൾ പുറത്തറിയരുതെന്ന് വിചാരിക്കുന്നവരാണ് അഭ്യസ്തവിദ്യർ പോലും.
രഹസ്യങ്ങളുടെ രഹസ്യങ്ങളെപ്പറ്റി ഈയിടെ ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് - THE SECRET LIFE OF SECRETS by MICHEAL SLEPIAN. നാം സാധാരണ മനുഷ്യർ രഹസ്യങ്ങളോട് കാണിക്കുന്ന ശുഷ്കാന്തികളെപ്പറ്റിയുള്ള ഒരു നല്ല ഗവേഷണം. നിത്യജീവിതത്തിലെ രഹസ്യങ്ങളെ തരം തിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, പൊതുവെ 38 തരം രഹസ്യങ്ങളാണ് നാം പാലിച്ചുപോരുന്നതെന്ന്. 13 തരം രഹസ്യങ്ങളെങ്കിലും ഇല്ലാത്തവരില്ലത്രേ!- മയക്കു മരുന്നിന്റെ ഉപയോഗം മുതൽ അനാശാസ്യ ലൈംഗിക ബന്ധങ്ങൾ, മനോ വൈകൃതങ്ങൾ, അങ്ങനെയങ്ങനെ ഔദ്യോഗിക കാര്യങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ തുടങ്ങി ചായയോ കാപ്പിയോ ഇഷ്ടം എന്നത് വരെ രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്.
രഹസ്യങ്ങൾ മനുഷ്യന്റെ അന്തരംഗത്തിൽ ഇത്രക്കും സ്ഥാനം പിടിച്ചതെങ്ങനെയാണ്? ഒരു പരിധിവരേക്കും അതൊരു 'caveman hangover' ആകാനാണ് സാധ്യത. രഹസ്യങ്ങളുള്ളയാൾക്കു കൈവരുന്ന പ്രാധാന്യം, ഒരുപക്ഷേ അതായിരിക്കാം അയാൾ ആ കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടാതിരിക്കാനുള്ള ഏക കാരണം. രഹസ്യങ്ങൾ പരസ്പരം പങ്കുവെക്കപ്പെടുമ്പോൾ (പങ്കുവെക്കാനല്ലെങ്കിൽ പിന്നെന്തിനാണ് രഹസ്യം!) ഉണ്ടായിവരുന്ന അടുപ്പം, intimacy.
രഹസ്യാത്മകമായ ജീവിതം പ്രധാനമായും അപകർഷതയുടെ ഭാഗമാണ്. ഒരു സവിശേഷ സാഹചര്യത്തിൽ ഒരാൾ പോലീസിൽ നിന്നോ മറ്റോ നാല് ദിവസം ഒളിച്ചു ജീവിക്കുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. താൻ ഒളിച്ചും പാത്തും പതുങ്ങിയും കഴിയുന്നതിന് ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ട് അവരുടെ സ്വകാര്യതകളെ രഹസ്യങ്ങളാക്കി കൊണ്ട് നടക്കുന്നവരുണ്ട്. ആവശ്യത്തിൽക്കവിഞ്ഞ ലജ്ജകൊണ്ടും സാമൂഹികമായ സദാചാര സങ്കല്പങ്ങളെ മറികടക്കാൻ ശേഷിയില്ലാത്തതുകൊണ്ടും രഹസ്യമായി ജീവിക്കുന്നവരുണ്ട്. ശിക്ഷകളെ ഭയന്നുകൊണ്ട് രഹസ്യാത്മകതയെ ആർജ്ജിക്കുന്നവരുണ്ട് - learned secrets. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണിത്. രക്ഷിതാക്കളും അധ്യാപകരും മറ്റും ചുറ്റും സൃഷ്ടിച്ചെടുക്കുന്ന ഭീകരാന്തരീക്ഷം ആ കുഞ്ഞിനെ സകലതും മറച്ചുവെക്കാൻ പ്രേരിപ്പിച്ചേക്കാം.
കാരണങ്ങൾ എന്തുമാകട്ടെ, ഒരു വ്യക്തി രഹസ്യാത്മകതയിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ, അയാൾ കുറേ വാചികമായ രഹസ്യങ്ങൾ സൂക്ഷിക്കുന്നു എന്നല്ല, അയാളിലെ വൈകാരികതക്ക് പോലും അത്തരമൊരു സ്വഭാവം കൈവരുന്നുവെന്നാണ്. വൈകാരികമായി അയാളിൽ അത്തരമൊരു ഭാവമില്ലെങ്കിൽ, വാചികമായ രഹസ്യങ്ങളെ മാനസികമായ യാതൊരു ഭാരവുമില്ലാതെ സൂക്ഷിക്കാൻ ശക്തിയാർജ്ജിക്കുന്നു എന്ന് പറയാം. താല്ക്കാലികമായെങ്കിലും, രഹസ്യങ്ങളായി സൂക്ഷിക്കേണ്ട വസ്തുതകളുണ്ടാകാം. രഹസ്യങ്ങളോട് അന്ധമായി എതിർപ്പ് കാണിക്കേണ്ടതില്ല. തൊട്ടതും പിടിച്ചതുമെല്ലാം എല്ലായിടത്തും വാരിവലിച്ച് വിതറേണ്ടതുമില്ല. പബ്ലിക് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങി വന്ന്, 'മൂത്രമൊഴിക്കാനുള്ള ഒരു രൂപയും ചേർത്ത് ഇതാ മൂന്നു രൂപ' എന്ന് പറഞ്ഞതുപോലുള്ള വിഡ്ഢിത്തമാകുമത്.
ജീവിതത്തിൽ, സാമൂഹ്യജീവിതത്തിൽ വിശേഷിച്ചും, രഹസ്യങ്ങൾ നല്ല ചില ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ആളുകളെ ഒരുമിപ്പിച്ചു നിർത്തുന്നത് അവർക്കിടയിൽ നില നില്ക്കുന്ന രഹസ്യങ്ങളാകാം. പലപ്പോഴും, നല്ലതായാലൂം ചീത്തയായാലും ചില സംഗതികൾ രഹസ്യങ്ങളായി സൂക്ഷിക്കേണ്ടതുമുണ്ടാകാം. രഹസ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതോ ചീത്തയോ എന്നല്ല വാസ്തവത്തിൽ ചോദിക്കേണ്ടത്- ജീവിതമെന്ന പ്രഹേളികയിൽ അവ ഉണ്ടായിരിക്കുക തന്നെ ചെയ്യും- നിങ്ങളെയത് ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. അവിടം മുതലാണ് ഒരാൾക്ക് തന്നിൽത്തന്നെ ബോധപൂർവ്വം പ്രവർത്തിക്കേണ്ടതായി വരുന്നത്.
രഹസ്യാത്മകമായ ജീവിതം ഒരു വ്യക്തിയെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നു, പതുക്കെപ്പതുക്കെ. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യൻ -loneliness, not aloneness- ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റു വലിച്ചുതീർക്കുന്നതിനു തുല്യമായ ഹാനിയാണ് തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതത്രേ! നമുക്കിടയിൽ വിഷാദരോഗങ്ങൾക്കടിപ്പെടുന്ന ഒരു വലിയ ശതമാനം ആളുകളും രഹസ്യ പ്രകൃതത്തിൽ ജീവിക്കുന്നവരോ, അല്ലെങ്കിൽ ധാരാളം രഹസ്യങ്ങൾ പേറിക്കൊണ്ടു നടക്കുന്നവരോ ആയിരിക്കും. മറ്റൊരു കൂട്ടരുണ്ട്, അവർ മൊത്തത്തിൽ തുറന്ന പ്രകൃതക്കാരായിരിക്കും, എന്നാൽ അപൂർവ്വം ചില വൈകാരികമായ രഹസ്യങ്ങളുണ്ടാകും, അത് അവർക്കു പോലും അറിയണമെന്നില്ല, ആ രഹസ്യമേഘങ്ങൾ സാവധാനം ഉരുണ്ടുകൂടി മൂടിക്കെട്ടും. ആ മഴക്കാറുകളെ പെയ്തൊഴിയാൻ അനുവദിക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. അതിനുള്ള ഉപായങ്ങളാണ് ചായപ്പീടിക മുതൽ കൗൺസിലിങ് തൊട്ട് സോഷ്യൽ മീഡിയ വരെ.
അമേരിക്കയിലും മറ്റും മനശാസ്ത്രജ്ഞർ മുൻകയ്യെടുത്ത ചില പരീക്ഷണങ്ങളെ പറ്റി MICHEAL SLEPIAN പറയുന്നുണ്ട് - രഹസ്യങ്ങൾ തുറന്ന് ഉള്ളൊഴിയാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ടെലിഫോൺ ബൂത്തുകൾ, “Subway Therapy”, Fast Friends Procedure, എല്ലാം എഴുതി നിറച്ച് അയക്കാൻ സാധിക്കുന്ന സ്റ്റാമ്പൊട്ടിച്ച കവറും കടലാസുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കഫേകൾ എന്നിങ്ങനെ. ഇന്റർനെറ്റ് ഒരു പരിധി വരെ അത്തരം ധർമ്മങ്ങൾ നിറവേറ്റിയിരുന്നു, ജീവനുള്ള ഒരു വ്യക്തിയോട് പങ്കുവെക്കുന്ന ഫലം ലഭ്യമാവില്ലെന്നു മാത്രം.
തന്നോടുതന്നെ ഹൃദയം തുറക്കുന്നതിനുള്ള ആർജ്ജവം കാണിക്കേത്തേടത്തോളം ഏതൊരു വ്യക്തിയും
രഹസ്യാത്മകതയുടെ ദുരിതം അനുഭവിക്കുക തന്നെ ചെയ്യും. 'എന്തോന്നാണ് ഇത്ര വലിയ രഹസ്യമായിരിക്കാനുള്ളത്?' എന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഉണ്ടാവുമ്പോൾ, അവനിൽ രഹസ്യമായി വിരിയുന്ന ഒരു മന്ദസ്മിതമുണ്ട്. അവനപ്പോൾ loneliness-നെ വിട്ടുകൊണ്ട് aloneness-ന്റെ അൾത്താരയിലേക്ക് പ്രവേശിക്കുകയായി. ഹൃദയം തുറന്നിടുമ്പോൾ രഹസ്യമൊന്നും അവനിൽ ഏശാതെ പോകുന്നു, അത് എത്ര വലിയതായായാലും. ഒരു പക്ഷേ, secret എന്നതിന് പകരം അവനു മുന്നിൽ 'mystery' എന്ന പദത്തിന്റെ ഒളിമിന്നലുണ്ടായേക്കാം. രത്‌നങ്ങളാണെന്നു കണ്ടാൽ, കയ്യിലുള്ള വെള്ളാരങ്കല്ലുകളെ വിട്ടുകളയാൻ ആരാണ് സമയമെടുക്കുക!