ശൂന്യതയുടെ പ്രസാദം
എന്ത് ചെയ്യണമെന്ന് ഒരു വ്യക്തതയുമില്ലാതിരിക്കുമ്പോൾ വെറുതെ എന്തെങ്കിലും ചെയ്തുനോക്കുക എന്നത് മനുഷ്യന്റെ സഹജ പ്രകൃതമാണ്. ചില സന്ദർഭങ്ങളിൽ- പണിശാലയിലോ, എങ്ങോട്ടുപോകണമെന്നറിയാതെ നില്ക്കുന്ന കവലയിലോ അതിന് പ്രസക്തിയുണ്ടായിട്ടുണ്ടാകാം. ചിലപ്പോഴെല്ലാം അത്തരം തീരുമാനങ്ങൾ ചില നേരായ വഴികളിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ടാകാം. അതേസമയം അപൂർവ്വമായെങ്കിലും, വെറുതെയിരിക്കുമ്പോൾ ഉണ്ടായ ചില തോന്നലുകൾ എന്തെങ്കിലും കുണ്ടാമണ്ടികളിൽ കൊണ്ടുപോയി ചാടിച്ചിട്ടുണ്ടാകും. ഒരുപക്ഷേ ഒരിക്കൽ ഭാഗ്യമായി തോന്നിച്ച ചില സംഗതികൾ 'ഏതു നേരത്താണാവോ അങ്ങനെ തീരുമാനിക്കാൻ തോന്നിച്ചത്' എന്ന പരിദേവനത്തിലേക്ക് പരിണമിക്കുന്ന അനുഭവങ്ങളാണ് ജീവിതത്തിൽ അധികവും, അധികം പേർക്കും.
എന്നാൽ നമ്മുടെ നിത്യ ജീവിതത്തിൽ ഇടക്കെങ്കിലും പ്രത്യക്ഷമാകുന്ന മറ്റൊരു അവസ്ഥയുണ്ട്, ഒരല്പം ശ്രദ്ധാപൂർവ്വം, സ്നേഹത്തോടെ, സ്വന്തം ജീവിതത്തെ സമീപിക്കുന്ന ഒരാളെ സംബന്ധിച്ച് വിശേഷിച്ചും: പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല, no confusion at all, നിത്യവൃത്തികൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ നടന്നുപോകുന്നു. ആരോഗ്യസ്ഥിതിയും ഓകെയാണ്. കൂടെ താമസിക്കുന്നവരുമായി, വീട്ടുകാരായാലും സൗഹൃദങ്ങളായാലും, യാതൊരു പൊരുത്തക്കേടുകളുമില്ല. സാമ്പത്തികമായി വലിയ വെല്ലുവിളികളില്ല. നാട്ടുനടപ്പ് ഭാഷയിൽ പറഞ്ഞാൽ, ടെൻഷനാകേണ്ടതായി യാതൊന്നുമില്ല. അതേസമയം 'excitement' നല്കുന്ന യാതൊരു അനുഭവവുമില്ല. എന്തിനധികം, മേലുദ്യോഗസ്ഥനിൽ നിന്നുമുള്ള അനാവശ്യമായ 'കർമ്മകാണ്ഡ'ങ്ങളുമില്ല; അങ്ങേര് കുറച്ചു നാളത്തേക്ക് എങ്ങോ പോയിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ ഒരല്പം ടെൻഷനെങ്കിലും എപ്പോഴുമുണ്ടായേനെ. കാര്യം, ടെൻഷൻ ഇഷ്ടമില്ലെങ്കിലും....ഇതിപ്പോൾ ..വെറുതെയിങ്ങനെ പൊങ്ങുതടിപോലെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
പതുക്കെപ്പതുക്കെ മുറുമുറുപ്പുകൾ ആരംഭിക്കുകയായി. എന്താണാവോ, 'ഒരിതില്ല'. എന്താണ് ആ 'ഇത്' എന്ന് കൃത്യമായി കണ്ടെത്താനുള്ള ഊർജ്ജമോ താല്പര്യമോ ത്രാണിയോ ഇല്ല. ഇന്ദ്രിയങ്ങളെല്ലാം കെണിയിലകപ്പെട്ട ഒരു ഇരയെപ്പോലെ ഞെളിഞ്ഞു മറിയാൻ തുടങ്ങും. പുതിയ പുതിയ ഡാറ്റാ എൻട്രികൾക്കായി വിറളി പിടിക്കാൻ തുടങ്ങുകയാണവ. എന്തെന്നാൽ അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത്തരം സംഗതികൾക്കായാണ്. സംവേദനങ്ങൾ, അവയെ അതുവരേക്കുമുണ്ടായിട്ടുള്ള മറ്റുചില സംവേദനങ്ങളുമായി തട്ടിച്ചുനോക്കൽ, ഒരുപാട് മുൻപ് വന്നുകയറിയിട്ടുള്ള ഓർമ്മകളുമായി കൂട്ടിയിണക്കൽ, കുറേ കാലമായി കാത്തുകിടക്കുന്ന ആശയാഭിലാഷങ്ങളെ ഇതിൻപ്രകാരം ഒന്നുകൂടി തട്ടിയുണർത്തൽ എന്നിവയൊക്കെ ഇന്ദ്രിയങ്ങളുടെ ധർമ്മങ്ങളാണ്.
ഒന്നുകിൽ അവ കടുത്ത മുഷിവിന്റെ ഘോര മുഖം പുറത്തെടുക്കുകയായി. നാം പതിയെപ്പതിയെ മനഃപൂർവ്വം ചില പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ ശ്രമിച്ചുതുടങ്ങും. പണ്ടെല്ലാം അത് ചില സൗഹൃദങ്ങളിൽ ഒതുങ്ങിപ്പോയിരുന്നുവെങ്കിൽ, ഇന്ന് നാം ധാരാളം സാധ്യതകൾ തുറന്നുവെച്ചിട്ടുണ്ട്. ഷോപ്പിംഗ് മുതൽ സാഹസിക യാത്രകൾ വരെ. കോഫീ ചാറ്റ് മുതൽ മയക്കു മരുന്ന് പാർട്ടികൾ വരെ. പാർക്കിലോ ഷോപ്പിംഗ് മാളിലോ ചെന്നുള്ള വായ്നോട്ടം മുതൽ പങ്കാളികളെ പരസ്പരം പങ്കുവെക്കൽ വരെ. ഇതൊന്നുമല്ലെങ്കിൽ നാല് സെൽഫിയെങ്കിലുമെടുത്ത് സോഷ്യൽ മീഡിയകളിൽ വൈറൽ ആക്കാനുള്ള ശ്രമമായി. ഒന്നും നടക്കുന്നില്ലെങ്കിൽ മനുഷ്യൻ ചിലപ്പോൾ സ്വയം ഭോഗത്തിലൂടെയോ മനഃപൂർവ്വം രതിയിലേർപ്പെട്ടുകൊണ്ടോ (അതായത് രതിസംബന്ധിയായ സ്നേഹമോ താല്പര്യമോ ജനിക്കാതെത്തന്നെ) അത്തരം നിർജ്ജീവമെന്നു വ്യാഖ്യാനിക്കപ്പെടുന്ന നിമിഷങ്ങളെ തള്ളിനീക്കുന്നു.
മുഷിവിനെ മറികടക്കുന്ന മേല്പറഞ്ഞ രണ്ടു സമീപനങ്ങളും (ഇവിടെ പരാമർശിക്കാതെ പോയ മറ്റ് ഏതെങ്കിലും രീതികളുണ്ടെങ്കിൽ അവയും), അത് മുഷിവായി മാറുന്നതിനും തൊട്ടു മുൻപേ, വിശേഷിച്ച് യാതൊന്നുമില്ലാത്തതും അതേസമയം തീർത്തും സജീവമായിരിക്കുന്നതുമായ കുറച്ചു നിമിഷങ്ങളിലൂടെ ഏതൊരു വ്യക്തിയും കടന്നുപോകുന്നുണ്ടെന്ന് കണിശമായി ഓർത്തുവെക്കുക. ഉണർവിന്റെ ഒളിവെട്ടങ്ങളാണ് അത്തരം നിമിഷങ്ങൾ.
ധ്യാനമെന്നും ആത്മീയമെന്നുമെല്ലാം പറഞ്ഞുപോരുന്ന അവസ്ഥകൾ സത്യത്തിൽ ഇതുപോലെയാണ് ആവേണ്ടത്. ഒരിളം കാറ്റിനെപ്പോലെ കടന്നുപോകുന്നത്. പ്രത്യേകിച്ചെവിടേയും തടഞ്ഞു നില്ക്കാതെ, ദുഃഖത്തിലോ ദുരിതത്തിലോ ആനന്ദാതിരേകത്തിലോ മതിമറക്കാതെയുള്ള തഥാത്വം, suchness. ഇത്തരം നിമിഷങ്ങളെ തിരിച്ചറിയുക എന്നതിലാണ് നാം ആദ്യം നമ്മോടുള്ള സ്നേഹത്തെ ഉറപ്പു വരുത്തേണ്ടത്. അതിനു ശേഷം ആ നിമിഷങ്ങളിൽ യാതൊരു ഇടപെടൽ നടത്താതിരിക്കുന്നതിലും; ആഹ്ലാദത്തിന്റേതായാലും മുഷിവിന്റേതായാലും. ശൂന്യതയുടെ പ്രസാദങ്ങളാണവ. Just recognize them, സ്വാഭാവികമായും അയാളിൽ കൃതാർത്ഥതയുടേതുപോലുള്ള ഒരു മന്ദസ്മിതം വിരിയും. And that's it. അവയെ എന്തെങ്കിലും ചെയ്തികളിലേക്കുള്ള കാരണങ്ങളായി ഉപയോഗിക്കാതിരിക്കുക.
ധ്യാനം എന്ന പേരിൽ നാം എന്ത് ചെയ്തികളിൽ ഏർപ്പെട്ടാലും, അടുക്കും ചിട്ടയോടെ ഏതൊരു വ്യായാമത്തിൽ ഏർപ്പെട്ടാലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇത്തരം നിമിഷങ്ങൾ ഉണ്ടായിവരാൻ തുടങ്ങും. ഞാണിന്മേൽ കളിക്കാരന്റെ നടപ്പു പോലെയാണത്. അങ്ങോട്ടുമിങ്ങോട്ടും ബാലൻസ് ചെയ്തു ചെയ്ത് ഒരു നിമിഷം വരും, തീർത്തും സ്വതന്ത്രമായി ആ ചരടിന്മേൽ ഇളകാതെ നടന്നു നീങ്ങാൻ പറ്റുന്ന ഒരു നിമിഷം. എന്നാൽ അപ്പോഴേക്കും, ഒരാശങ്ക അയാളെ പിടികൂടും, അതോടെ വീഴുന്നില്ലെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കും, പിന്നെ അയാൾ ഒരു വശത്തേക്ക് ശരിക്കും വീഴാൻ പോകും. പിന്നെ സകല ശ്രമങ്ങളും ആവർത്തിക്കേണ്ടി വരും.
ഇനി, ഇതൊന്നുമില്ലെങ്കിൽ, നാം ചെയ്തുപോരുന്ന നിസ്സാരങ്ങളായ പതിവ് ചെയ്തികളെ കൗതുകപൂർവ്വം നിരീക്ഷിക്കുക, ചായ കുടിക്കുന്നതും പത്രം വായിക്കുന്നതും കുളിക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം. അവയിലെല്ലാം അപൂർവ്വസുന്ദരങ്ങളായ സൗന്ദര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വേണമെങ്കിൽ ചൈനക്കാരുടെ ഈ പഴമൊഴിയോർക്കുക:
If you want to see something new, walk
the same path every day.
ഒന്നുമില്ലായ്കയുടെ നിമിഷങ്ങൾ പ്രസാദപൂർണ്ണമായിരിക്കും, തീർച്ച.