Featured Post

Friday, May 31, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ-10


                                       നേതി നേതികളുടെ വിരുന്ന് - 5

 

നാല്പതാമത്‌ അധ്യായം ഞാൻ എന്ന ഭാവം ഉരുവാകുന്നത് എങ്ങനെ എന്നതിനെപ്പറ്റിയാണ്. 'എങ്ങനെ' എന്ന് പറയാൻ മാത്രമേ സാധിക്കൂ. അതൊരു കഴിവ് കുറവല്ല. ശാസ്ത്രത്തിന് 'എങ്ങനെ' എന്നല്ലാതെ എന്ത് ചെയ്യാൻ കഴിയും? ഞങ്ങളുടെയെല്ലാം ചെറുപ്പത്തിൽ, 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം, ബസ് സ്റ്റാൻഡിലും മറ്റും ആളുകൾ കൊണ്ടുനടന്ന് വില്ക്കുന്നത് കാണാറുണ്ട്. വാങ്ങാൻ പാങ്ങില്ലാതിരിക്കുമ്പോൾ വിഷമിച്ചിരുന്നത്, ഒരു മനുഷ്യന് ആവശ്യമായതെല്ലാം ദാ കണ്മുന്നിൽ നഷ്ടപ്പെട്ടുപോവുന്നല്ലോ! എന്നോർത്തായിരുന്നു. കുറെ കഴിഞ്ഞാണ് മനസ്സിലായത് ശാസ്ത്രത്തിലെ 'എന്തുകൊണ്ടുകൾക്കെല്ലാം' 'എങ്ങനെ ?' എന്ന് മാത്രമാണ് അർത്ഥമെന്ന്. 


'എന്തുകൊണ്ട്?' എന്നത് തികച്ചും വൈയക്തികമായ അറിവിന്റെ - knowing - മേഖലയാണെന്നു പറയേണ്ടി വരും. അവയെല്ലാം അവസാനമില്ലാത്ത ചോദ്യങ്ങളാണ്. പിന്നീട് ആ ചോദ്യം ഒരുപക്ഷേ അടങ്ങിയൊതുങ്ങുക കൃത്യമായ ഉത്തരം കൊണ്ടല്ല, മറിച്ച് അതിന്റെ ഉത്ഭവ സ്ഥാനത്തേക്കുത്തന്നെ തിരികെ വീണുകൊണ്ടാണ്. 

 

അങ്ങനെയെല്ലാമാണെങ്കിലും, 'എങ്ങനെ' എന്നറിയാനും മനുഷ്യനിൽ സഹജമായ കൗതുകങ്ങളുണ്ട്. അവ പലപ്പോഴും 'എന്തുകൊണ്ട്?' എന്ന 'mystery' യുടെ തലത്തിലേക്കുള്ള ഒരു ആവാഹനമായി- invocation - ഭവിച്ചേക്കും. മാത്രവുമല്ല, നേരെചൊവ്വേ അന്വേഷിച്ച് അറിഞ്ഞതിന് ശേഷം ഒരാൾ ശരിക്കും ഉള്ളിനുള്ളിൽ വിസ്മയപ്പെടുന്നതുപോലെയല്ല, തന്റെ പക്ഷത്തുനിന്നുള്ള യാതൊരു ശ്രമവും കൂടാതെ, എല്ലാവരും ചോദിക്കുന്നതുകൊണ്ട് താനും 'എന്തുകൊണ്ട്?'എന്ന് ചോദിക്കുന്നു എന്നുള്ളത്. നേതി നേതികൾ പദം വെച്ച് തുടങ്ങുന്നത് 'എങ്ങനെ?'കളിലൂടെത്തന്നെയാണ്.

ആത്മീയതയെന്നത്, ഒരുപക്ഷേ നേതി നേതികളുടെ വിരുന്നാണ്, അവസാനിക്കാത്ത വിരുന്ന്. 


സ്വം - പിറവിയും വിടരലും


സ്വം ബോധം - self awareness - തുടങ്ങിവരുന്നതിന്റെ സാങ്കേതിക ചിട്ടവട്ടങ്ങളാണ് രാജശേഖരൻ നായർ വിവരിക്കുന്നത്. വിവരിക്കുന്നത് എന്നൊന്നും പറയാനാവില്ല. 'ഇതുകൊണ്ടൊന്നും ആയില്ലല്ലോ' എന്ന് അദ്ദേഹം നെടുവീർപ്പിടുന്നത് ഒരുപക്ഷേ വരികൾക്കിടയിൽ നമുക്ക് കേൾക്കാൻ കഴിഞ്ഞേക്കും. അമേരിക്കൻ നാവികസേനക്കാർ പറഞ്ഞതുപോലെ (KEEP IT SHORT, SIMPLE) കഴിയാവുന്നത്ര ചുരുക്കി ലളിതമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ അദ്ധ്യായം തുടങ്ങുന്നത് തന്നെ. എന്നാൽ ഐൻസ്റ്റെയ്ൻ ഓർമ്മിപ്പിക്കുന്നതുപോലെ, അതിലളിതമായേക്കരുതല്ലോ. സംഗതികൾ കൈവിട്ടു പോകും അപ്പോൾ.


സ്പർശാധിഷ്ഠിതമായ അവബോധത്തിൽ - the sentient body awareness - തുടങ്ങി protoself, the spatial body awareness, പിന്നെ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള the personal body awareness, the objectified body awareness, അതിനുശേഷം the social body awareness, പിന്നീട് Autobiographical Self എന്നിവ പടിപടിയായി വികസിച്ചുവരുന്നതിനെപ്പറ്റി പറഞ്ഞുപോകുന്നുണ്ട് രാജശേഖരൻ നായർ. സ്വം ബോധത്തിൽ മിറർ ന്യൂറോണുകളുടെ അതിപ്രധാന പങ്കിനെപ്പറ്റി കാര്യമായിത്തന്നെ പരാമർശിക്കുന്നുണ്ട്. 'ഉണ്മിഴിനോട്ട'മാണ് -introspection - സ്വം അറിവിന്റെ മൗലികമായ പ്രമാണം എന്ന് അദ്ദേഹം പറയുമ്പോൾ, knowing itself എന്ന് തന്നെ ഞാൻ മനസ്സിലാക്കട്ടെ. (ഉണ്മിഴിനോട്ടം എന്ന വാക്കിന്റെ സൗന്ദര്യം ചെറുതല്ല. ഉണ്മിഴിനോട്ടം, കിനാവള്ളി, സമാനുഭാവം(empathy), പ്രാക്തന യൂഷം,ധവളസ്ഥലി, വെൺനിറയിടം .....എന്നിങ്ങനെ ധാരാളം മധുരമനോജ്ഞ പദങ്ങളുമായി ഈ ഡോക്ടർ നമ്മെ അസൂയപ്പെടുത്തുകത്തന്നെ ചെയ്യും).


താൻ തന്റേതാണെന്ന ബോധം തരുന്ന, മസ്തിഷ്കത്തിലെ ആംഗുലാർ ഗൈറസ് എന്ന കുഞ്ഞു ഭാഗമാണത്രേ ആത്മപരിശോധന ചെയ്യുന്നത്. അതിൽത്തന്നെ ഇടത്തും വലത്തും ഗൈറസുകളുണ്ട്. സ്വന്തം സമൂഹപ്രസക്തിയും  തന്റെത്തന്നെ ഭാഷണവുമെല്ലാം പരിശോധിക്കുന്നത് ഇടതു ഗൈറസാണത്രെ. ചെയ്തികളെ മുൻകൂട്ടി കണ്ട് മനനം ചെയ്യുന്നത് സുപ്രാമാർജിനൽ ഗൈറസ്, 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കണമെങ്കിൽ ഫ്യൂസിഫോം ഗൈറസ്. പിന്നെ ഇവയെക്കൂടാതെ മസ്തിഷ്കകാണ്ഡത്തിലെ റെറ്റിക്കുലാർ ആക്റ്റിവേറ്റിംങ് സിസ്റ്റമെന്ന ഒരു ന്യൂറോൺ കൂട്ടവും അവയുടെ സന്ധിബന്ധങ്ങളുമെല്ലാം ചേർന്നാണത്രേ നാം ഈ പറയുന്ന ബോധമെന്ന പ്രതിഭാസം സ്പന്ദിക്കുന്നത്.


മിറർ ന്യൂറോണുകളുടെ സൂക്ഷ്‌മവൃത്തികൾ പറഞ്ഞാൽ തീരില്ലത്രേ. സിനസ്‌തേസ്യയും എംപതിയും ഫാന്റം അവയവങ്ങളുമൊക്ക സ്പർശിച്ചുകൊണ്ട് ആ അധ്യായം അവസാനിക്കുമ്പോൾ ചോദ്യങ്ങൾ പിന്നെയും ബാക്കിയാണ്. അല്ലെങ്കിൽ, നാം മനസ്സിലാക്കുക ഇങ്ങനെയാണ്: മസ്തിഷ്‌കത്തിന്റെ ഇത്തരം ന്യൂറോ സങ്കീർണ്ണതകളിലൂടെയാണ് ഞാൻ എന്ന ഭാവം ഉരുത്തിരിഞ്ഞുവന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു രീതിയിലും മനസ്സിലാക്കാമല്ലോ. ഞാൻ എന്ന ഭാവം ഉണ്ടായിവരാനും മനുഷ്യന്റെ നിത്യജീവിതത്തിന് ഉതകും വിധം 'ഞാൻ' ഞെളിഞ്ഞു നെഞ്ചുയർത്തി നില്ക്കാനും പതുങ്ങി ഒളിച്ചു നില്ക്കാനുമൊക്കെയുള്ള  ആന്തരികമായ പ്രചോദനം - impulse - സാക്ഷാത്ക്കരിക്കപ്പെട്ടത് ഇപ്പറഞ്ഞ ഗൈറസ്സുകളിലൂടേയും മിറർ ന്യൂറോണുകളിലൂടെയുമെല്ലാമായിരുന്നു എന്ന് വിചാരിച്ചുകൂടെ? ആദ്യമേയുള്ള സ്വം ആണ് അതിസങ്കീർണ്ണമായ ഇത്തരം ന്യൂറോ സങ്കേതങ്ങൾക്ക് കാരണമായതെന്ന് പറഞ്ഞുകൂടേ? ആന്തരികമായ ആ ആദിമ ചോദനയെ സ്വം എന്ന് വിളിച്ചില്ലെങ്കിൽക്കൂടി അതിലേക്കു നയിച്ച ഒരവബോധത്തിനു ചേർന്ന മറ്റൊരു പേരിട്ടു വിളിച്ചുകൂടേ? നാം പൊതുവേ യാതൊരു ധാരണയും കൂടാതെത്തന്നെയാണ് പ്രയോഗിച്ചുപോരുന്നതെങ്കിലും, ആത്മാവ് എന്നൊക്കെ പറയുമ്പോൾ ഇതുപോലെ ഏറെ അഗാധമായ ഒരു ചോദനയെയല്ല ഉദ്ദേശിക്കുന്നത് എന്ന് പറയാനാവുമോ? 


ഇവിടെ പരാമർശിക്കപ്പെട്ടവയെല്ലാം ഭ്രൂണാവസ്ഥയിൽ തുടങ്ങുന്ന സംഗതികളാണ്. അതിനു തൊട്ടു മുൻപത്തെ അവസ്ഥയിലും വേണമെങ്കിൽ - വേണമെങ്കിൽ മാത്രം - ഞാൻ എന്ന ഭാവത്തിന്റെ നിഴലുകൾ കണ്ടെത്തിക്കൂടേ? ഫലോപിയൻ ട്യൂബുകളിലൂടെ വാൽമാക്രിയെപ്പോലെ തുഴഞ്ഞു നീന്തിച്ചെല്ലുന്ന പുംബീജത്തിന്റെ ചലനങ്ങൾ, അണ്ഡത്തിലേക്കുള്ള ഇടിച്ചുകയറൽ, കോട്ടവാതിൽ തകർത്തു കയറിവരുന്ന ബാഹുബലിയെ കാത്തു കഴിയുന്ന അണ്ഡത്തിന്റെ അഭൗമ മൗനം...ഇതെല്ലാം കഴിഞ്ഞ്, നേരത്തെ പരാമർശിച്ച എല്ലാ ബോധപരിണാമങ്ങളും കഴിഞ്ഞ് ശരീരപ്രാപ്തിയെത്തുമ്പോൾ, അയാളിൽ / അവളിൽ നിന്നും തനിപ്പകർപ്പുകളുടെ ഒരു പ്രീപ്രോഗ്രാം ചാർട്ടുമായി വീണ്ടും പുംബീജവും അണ്ഡവും.


‘ഞാൻ’ ആദ്യം മുതൽ ഉണ്ടായി വരികയാണോ? ഇവിടെയെല്ലാം സ്വം ബോധത്തിന്റെ വിദൂര കിരണങ്ങൾ ഇല്ലെന്ന് പറയണോ? ആത്മാവിനെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം പൊതുവെ ഉയർന്നുവരുന്ന സംശയങ്ങളുണ്ട് - ആത്മാവ് ഒന്നോ അനേകമോ? ഓരോ ജീവിക്കും വ്യത്യസ്തമായ ആത്മാവ്? അങ്ങനെയെങ്കിൽ ഒരു വൃക്ഷത്തിലെ ഇലകൾക്കും വേരുകൾക്കും പൂവുകൾക്കും കായ്കൾക്കുമെല്ലാം വേറെ വേറെ ആത്മാവുണ്ടോ? അതോ ഒരു വൃക്ഷത്തിന് വെറും ഒരു ആത്‌മാവ്‌ എന്ന നിലക്കാണോ കാര്യങ്ങൾ? ആത്‌മാവ്‌ എന്നതിന് പകരം 'ഞാൻ' എന്ന് പ്രയോഗിക്കാവുന്നതാണ്. ഓരോ ജീവ കോശത്തിനും ഞാൻ ഉണ്ടായിരിക്കുന്നുണ്ടോ? അതോ അത് വെറും തോന്നലെങ്കിൽ, കോടാനുകോടി ജീവ കോശങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴും ഉരുവാകുന്ന ഞാൻ വെറും തോന്നലായിക്കൂടെ?


ന്യൂറോളജിക്കാരുടെ ഭാഷ്യമെന്താണ്? 


'ഞാനെന്ന ഭാവം' എന്ന ഭാഗത്തിന് ശേഷം 'ഞാനെന്ന ഭാവമതു നിറയുന്ന നേരം' എന്ന പേരിൽ സവിശേഷമായിത്തന്നെയാണ് ഡോ. രാജശേഖരൻ നായർ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അതിനു ശേഷം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം' എന്ന പേരിൽ മറ്റൊരു ഭാഗം. 'ഞാൻ' എന്നത് സ്ഥായിയായ ഒരു entity അല്ല എന്നും ശ്വാസ ഗമനാഗമനങ്ങൾ പോലെ, തികച്ചും spontaneous ആയിട്ടുള്ള ഒരു പ്രായോഗിക ക്രിയാതലമാണെന്നും ഓർമ്മപ്പെടുത്തുകതന്നെയാണ് ഈ ശീർഷകങ്ങൾ എന്ന് കരുതാനാണ് എനിക്കിഷ്ടം.


ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം 


'ഞാനെന്ന ഭാവമതു നിറയുന്ന നേര'ത്തിന്റെ പകുതിയിൽ കുറവ് പേജുകളിലാണ് അദ്ദേഹം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേര'ത്തെ ഒതുക്കിയിരിക്കുന്നത്. അതാകട്ടെ ഏറിയപങ്കും ഏതൊക്കെ മസ്‌തിഷ്‌ക്ക സാങ്കേതികത്വങ്ങളെക്കൊണ്ടാണോ സ്വം ബോധം പ്രവർത്തിച്ചുപോരുന്നത്, അതിൽ സംഭവിക്കുന്ന കേടുപാടുകളെപ്പറ്റിയാണ്. അതിന്റെ ലക്ഷണങ്ങളുടേയും മറ്റും സങ്കീർണ്ണതകളെപ്പറ്റി, അതിനകത്തെ പാകപ്പിഴകളെപ്പറ്റി.


ഞാനെന്ന ഭാവം പൊഴിയുന്നു എന്ന് കേൾക്കുമ്പോൾ, അവഗാഹത്തിന്റെ ഭാഗമായി, understanding-ന്റെ ഭാഗമായി, അലിഞ്ഞുപോകുന്ന ഞാൻ എന്ന് നാം വിചാരിച്ചേക്കാം. പക്ഷേ അതിനുമുൻപ്‌ ഇദ്ദേഹം നമുക്ക് ചില വഴിയോരക്കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട്. ആത്മീയമായി അലിഞ്ഞുപോകുന്ന ഞാൻ-നു മുൻപ് സാങ്കേതികമായി പൊഴിഞ്ഞുപോകുന്ന ഞാൻ-നെ പരിചയപ്പെടുത്തേണ്ടതുണ്ടത്രേ. 


ശരിക്കുമുള്ള മാജിക്കുകാരെക്കാൾ ഈയുള്ളവനെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളതും ആഹ്ളാദിപ്പിച്ചിട്ടുള്ളതും വഴിയരികിൽ പൊടുന്നനെ പ്രത്യക്ഷനായി എന്തൊക്കെയോ തട്ടിക്കൂട്ടുന്ന വഴിവാണിഭക്കാരാണ്. മറക്കാനാവാത്ത അങ്ങനെയൊരാൾ ഒരു യൂനാനി മരുന്ന് വില്പനക്കാരനായിരുന്നു. ആൾത്തിരക്കേറിയ ഒരു ജങ്ഷനിൽ വന്ന്, വലിയ ഒരു തുണി വിരിച്ച് അയാൾ അതിൽ അസാധാരണങ്ങളെന്ന് തോന്നിക്കുന്ന കുറെ സാധനങ്ങൾ നിരത്തിവെക്കും. അതിനു ശേഷം തന്റെ കയ്യിലുള്ള ബുൾബുൾ ഉപകരണത്തിൽ വെറുതെയെന്തെങ്കിലും വായിക്കാൻ തുടങ്ങും. അപ്പോഴേക്കും ഒരഞ്ചാറു പേർ കൗതുകപൂർവ്വം അടുത്തുവന്നിട്ടുണ്ടാകും. ഒരു ഇരുപതു രൂപയുടെ നോട്ടെടുത്തുകൊണ്ട് തൊട്ടു മുന്നിലിരുന്ന ഒരു ഗ്ലാസ് വെള്ളത്തിൽ മുക്കിവെക്കും. ഇത് പുറത്തെടുക്കുമ്പോൾ നൂറിന്റെ നോട്ടായി മാറിയിരിക്കും എന്നൊരു പ്രവചനമാണ്. അത് പുറത്തെടുക്കാൻ പോകുന്നതിനിടയിൽ അയാൾ തുരുതുരാ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. അതിനിടയിൽ കൗതുകകരമായ മറ്റൊരു സംഗതി എടുത്തിട്ടിട്ടുണ്ടാകും. ഒരു വമ്പൻ മാജിക്. അത് പക്ഷേ കാണിക്കാൻ ഒരുങ്ങുന്നതിനിടയിൽ ചുറ്റും കൂടി നില്ക്കുന്നവരോട് എന്തെങ്കിലും ഒരു തരികിട ചോദ്യം തൊടുത്തുവിട്ടിട്ടുണ്ടാകും. വെള്ളത്തിൽ മുക്കിവെച്ച നോട്ടും അതുപോലെ അയാൾ കാണിക്കാൻ തുടങ്ങിവെച്ച മറ്റു മാജിക്കുകളെല്ലാം വിട്ട് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പിന്നാലെയായി എല്ലാവരും. 


തിരക്ക് പിടിച്ച റോഡരികിൽ ഒരു നൂറു പേരുടെയെങ്കിലും ആൾക്കൂട്ടം  മിനിറ്റുകൾക്കുള്ളിൽ തയ്യാറാവുന്നു. അപ്പോൾ അയാളുടെ അടുത്ത നമ്പർ. ഈ ലോകത്തു ആർക്കും ഇരുപതു രൂപ നോട്ട് മാറ്റി നൂറിന്റെതാക്കാൻ സാധിക്കില്ല. പിന്നെ അയാൾ ചെയ്തുകാണിക്കാൻ തുടങ്ങിയ എല്ലാ മാജിക്കുകളെപ്പറ്റിയും പറയും, അവയൊന്നും തന്നെ അയാളെക്കൊണ്ടാവില്ലെന്ന്. "ഞാൻ വെറുമൊരു മരുന്നുവില്പനക്കാരനാണ്. നിങ്ങളെ ഇവിടെ സ്വരൂപിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല. അതുകൊണ്ടു ചെയ്തുപോയതാണ്. ഇനി ഞാൻ മരുന്നിനെപ്പറ്റി പറയാം." അയാളുടെ ചുറ്റിലുമുള്ള ഇന്ദ്രജാല സാമഗ്രികൾ സകലതും നിശബ്ദമായി കിടക്കുന്നു. സകലരും അവയെപ്പറ്റി എപ്പോഴേ മറന്നുപോയിരിക്കുന്നു! ഇനി വിശിഷ്ടമായ യൂനാനി മരുന്നുകളെപ്പറ്റി കേൾക്കാൻ ഉല്സുകരാണിപ്പോൾ എല്ലാവരും.


ഉടായിപ്പ് മാജിക്കാണെന്നറിഞ്ഞിട്ടും അയാളുടെ വാക്‌ചാതുരിയും, ഓരോ സംഗതിയിൽ നിന്നും നമ്മുടെ ശ്രദ്ധയെ മറ്റു സംഗതികളിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള വൈദഗ്ദ്യവും വല്ലാതെ ആകർഷകമായിരുന്നു. പറ്റിയ്ക്കപ്പെടാൻ വേണ്ടിത്തന്നെ പിന്നെയും പിന്നെയും തുടർച്ചയായി ആ ആൾക്കൂട്ടത്തിൽ പങ്കാളിയാവാറുണ്ട്, ചെറുപ്പത്തിൽ.


'ഞാൻ എന്ന ഭാവം' എഴുതിയ ആളും ഏകദേശം അതുപോലെത്തന്നെയാണ്. ഞാൻ എന്ന അതിസങ്കീർണ്ണമായ ഭാവത്തെപ്പറ്റി പ്രതിപാദിക്കാൻ, വായനക്കാരന്റെ ഇന്ദ്രിയങ്ങളെ കൂർപ്പിച്ചു നിർത്താൻ, മറ്റു ധാരാളം പരിണാമ ചരിത്രങ്ങളും, ജീവശാസ്ത്രപരമായ വളർച്ചാ ഘട്ടങ്ങളും, അവയ്ക്കുണ്ടാവുന്ന കേടുപാടുകളും, കേടുപാടുകൾ പരിശോദിക്കുന്നതിലൂടെ മാത്രം കൂടുതൽ  അറിയാൻ കഴിയുന്ന മസ്‌തിഷ്‌ക്ക മേഖലകൾ, വ്യക്തിപരമായ പഠന വിശേഷങ്ങൾ, എന്നിങ്ങനെ ആളുകളെ പിടിച്ചുനിർത്താനെന്നോണം ഒരുപാട് വിശദാംശങ്ങൾ പങ്കുവെക്കുന്നുണ്ട് ഇദ്ദേഹം, മനോഹരമായിത്തന്നെ. കണ്ണെടുക്കാതെ വായിച്ചുപോകാൻ വിധത്തിൽ. 


ഒരുവേള നമുക്ക് തോന്നിപ്പോകും, ശരീരചലനങ്ങളിൽ മുന്തി നില്ക്കുന്ന ആജ്ഞാവബോധത്തെയാണ് 'ഞാൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. പക്ഷേ, നാം പോലും അറിയാതെ ഇദ്ദേഹം നമ്മെ കൂടുതൽ ആഴങ്ങളിലേക്ക്, എന്താണ് ബോധമെന്ന മനനങ്ങളിലേക്ക് ആനയിച്ചു കൊണ്ടുപോകുന്നു. മരുന്നുവില്പനക്കാരനിൽ നിന്നുമുള്ള വ്യത്യാസമെന്തെന്നാൽ, അയാളുടെ ചിട്ടവട്ടങ്ങളെല്ലാം വെറുതെയായിരുന്നെങ്കിൽ, ഇവിടെ നിരത്തിവെക്കപ്പെടുന്ന എല്ലാ വിശദാംശങ്ങളും അതീവ ഹൃദ്യവും പ്രയോജനപ്രദവുമാകുന്നു എന്നുള്ളതാണ്. ഇവയെപ്പറ്റിയൊന്നും തന്നെ പറയാതെ നേരിട്ട് എന്താണ് ബോധം എന്ന ചോദ്യത്തിലേക്ക് കടന്നിരുന്നുവെങ്കിൽ, അത് ഒരുവേള  വേരുപിടിക്കാതെ, ഒരപ്പൂപ്പൻ താടി പോലെ പാറിപ്പോകുമായിരുന്നു.


"ഉറക്കമെഴുന്നേൽക്കുമ്പോൾ നോക്കുന്നത് (തപ്പിനോക്കുന്നത്) ഞാനെന്ന ദേഹത്തെയാണ്. അതങ്ങനെ കേടുകളൊന്നുമില്ലാതെ, വേദനകളൊന്നുമില്ലാതെ, ഉണ്ടെന്ന് അറിയുന്നതാണ് അന്നത്തെ ആദ്യത്തെ ധന്യത ." - p 434.

ഒരു മുല്ലാ നസിറുദ്ധീൻ ഫലിതം ഓർമ്മയിലുണ്ട്: ഒരു രാത്രി, സുഹൃത്തുക്കളുമൊത്ത് പാർട്ടി നടത്തി ആർമാദിച്ചുല്ലസിച്ചതിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ, മുല്ല കാലിൽ ഒരു തൂവാല കെട്ടിയത്രേ. 

ആരോ ചോദിച്ചു, 'മുല്ലാ എന്തിനാണ് കാലിൽ തൂവാല കെട്ടി കിടക്കുന്നത്?'

മുല്ലാ നസിറുദ്ധീൻ പറഞ്ഞു,' ഇത്രയധികം ആളുകൾക്കിടയിൽ കിടന്ന് ഉറങ്ങിയെണീക്കുമ്പോൾ, എങ്ങനെയാണ് തിരിച്ചറിയുക, താൻ ഏതാണെന്ന്?'


സ്വം ബോധത്തിന്റെ നൂലാമാലകൾ മനോഹരമായിത്തന്നെ (ഇതൊരു വിരുദ്ധോക്തിയാകുമോ?) പറയുന്നുണ്ട് രാജശേഖരൻ നായർ. സ്വയം ഇല്ല എന്ന് തോന്നുന്ന സ്വം, പലതായിത്തോന്നുന്നത്, അപരസാന്നിധ്യം എന്നിങ്ങനെ നിരവധിയാണ് ബോധസംബന്ധിയായ പ്രശ്നങ്ങൾ. ഇതിനിടയിൽ ഇദ്ദേഹം അനിൽ അനന്തസ്വാമിയുടേതായി മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്: രണ്ടു പിശാചുക്കൾ തമ്മിലുള്ള വഴക്കിനിടയിൽ അകപ്പെട്ട ഒരു പാവം മനുഷ്യന്റെ കഥ.


ശണ്ഠയുടെ ഭാഗമായി ഒരു പിശാച് ഇയാളുടെ ഓരോ അവയവങ്ങളായി പറിച്ചെടുത്തു തിന്നുകയും, പകരം മറ്റൊരു ശവത്തിന്റെ അതാതു ഭാഗങ്ങൾ ഇയാളിൽ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്നു. അവസാനം എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അയാൾക്കാകെ സംശയമായി- താൻ ആരാണ്? തന്റെ ദേഹം മുഴുവനും പിശാച് തിന്നു തീർത്തു. ഇപ്പോഴുള്ളത് മറ്റൊരു ശവത്തിന്റെ അവയവങ്ങളാണ്. ഞാൻ ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ?


സ്വാഭാവികമായും പൊന്തിവരേണ്ടുന്ന ചില ചോദ്യങ്ങളുണ്ട് ഇവിടെ. ആ ചോദ്യങ്ങളാകട്ടെ തീർച്ചയായും ന്യൂറോളജിക്ക്‌ പുറത്തേക്ക് തലനീട്ടുന്നവയാണ് താനും. ഒരു ചിത്രശലഭമായെന്ന് സ്വപ്നം കണ്ട താൻ മറ്റൊരു ചിത്രശലഭത്തിന്റെ സ്വപ്നമാണോ എന്ന് സംശയിച്ച ചുവാങ് ത്സു മുതൽ, കുതിരകളും ചക്രങ്ങളും അലകും പിടിയും വേർപ്പെടുത്തിയാൽ പിന്നെ നിങ്ങളുടെ ആ പഴയ രഥം ഇപ്പോഴും രഥമായിരിക്കുന്നുണ്ടോ എന്ന് ചോദിച്ച നാഗസേനൻ എന്ന ഭിക്ഷുവുമെല്ലാം എവിടെയാണ് ഞാൻ എന്ന് തെരയുന്നുണ്ട്. 


ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുവടുമാറി നിലനിന്നുപോരുന്ന ഒരു ജൈവ പ്രതിഭാസമാണോ ഞാൻ എന്ന ഭാവം? അങ്ങനെയാണോ അയാളുടെ ഓരോ ശരീരഭാഗവും മറ്റൊരു ശവശരീരത്തിന്റെ ഭാഗങ്ങളെക്കൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ, 'അയാൾ' മാറ്റമില്ലാതെ തുടർന്നത്? സവിശേഷമായ ഒരു ഏകോപനത്താൽ സംജാതമാകുന്ന ഒരു മിഥ്യാബോധമാണോ ഞാൻ? അതോ ഞാൻ എന്ന ഭാവത്താൽ സവിശേഷമായ രീതിയിൽ സംഗതികൾ ഏകോപിപ്പിക്കപ്പെടുകയാണോ?


അടുത്ത ബ്ലോഗിൽ - ഈ സീരീസിലെ അവസാന ഭാഗം - സ്മൃതിഗാഥകളാണ്. സ്വം ബോധക്ഷയത്തിലെ പ്രധാന വില്ലനായ അൽഷൈമർ രോഗങ്ങളെപ്പറ്റി, സ്മൃതി ലോപങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് രാജശേഖരൻ നായർ ബോധത്തെ, അഖിലത്തിലേക്കു വിടർന്നു പരിലസിച്ചുകിടക്കുന്ന സ്മൃതി ഗാഥകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരുപക്ഷേ നേരത്തെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ സ്വയമേവ അലിഞ്ഞേപോയേക്കുമോ?







Tuesday, May 21, 2024

ഉണർവിലേക്കുള്ള പടവുകൾ - 48

                          ആത്മാർത്ഥതയിലെ പൊയ്മുഖങ്ങൾ 

പ്രസിദ്ധ നോവലിസ്റ്റും കഥാകാരനുമൊക്കെയായിരുന്ന കാഫ്കയുടെ (FRANZ KAFKA) ഒരു വാക്യം ഇപ്പോഴും സാംസ്‌കാരിക രംഗത്ത് കറങ്ങിനടപ്പുണ്ട് - ‘I was ashamed of myself when I realized life was a costume party and I attended with my real face’. 'കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന് ചങ്ങമ്പുഴയും പാടിയിട്ടുണ്ട്. കാഫ്ക ചങ്ങമ്പുഴയെ സ്വാധീനിച്ചതാണോ അതോ

ചങ്ങമ്പുഴ കാഫ്കയെ ആശ്ലേഷിച്ചതാണോ എന്ന് തീർച്ചയില്ല. ഏതായാലും രണ്ടു വാക്യങ്ങളും ഒരേപോലെ കാപട്യം നിറഞ്ഞതും പരിഹാസ്യവുമാണെന്നു പറയാതെ വയ്യ.


പരാജയപ്പെടുമ്പോഴെല്ലാം പൊതുവേ എല്ലാവരും വിചാരിക്കാറുള്ളതാണ് തന്റെ ഹൃദയം ആത്മാർത്ഥമായിട്ടുള്ളതായിരുന്നുവെന്നും, തന്റെ മുഖം യഥാർത്ഥമായിട്ടുള്ളതാണെന്നുമെല്ലാം. മറ്റുള്ളവരുടെയെല്ലാം ഹൃദയം കാപട്യം കുത്തിനിറച്ചത്. മറ്റുള്ളവരെല്ലാം മുഖം മൂടി ധരിച്ചു നടക്കുന്നവർ. പക്ഷേ ഇതുതന്നെയാണ് മറ്റുള്ള എല്ലാവരും വിചാരിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം നാം മനഃപൂർവ്വം ഓർക്കാതിരിക്കുന്നു.


തന്റെ ഹൃദയം മാത്രം ആത്മാർത്ഥത നിറഞ്ഞതാണെന്നും തന്റെ മുഖം മാത്രം യഥാർത്ഥമാണെന്നും വിചാരിക്കുന്നതാണ് യഥാർത്ഥ കാപട്യം. അത് തന്നെയാണ് ശരിക്കുമുള്ള മുഖം മൂടി. അല്ലാത്തപക്ഷം, മറ്റുള്ളവർ മുഖം മൂടി അണിഞ്ഞു നടക്കുന്നത് അറിയാതെ പോയതിൽ അപമാനം തോന്നാൻ മാത്രം  എന്താണുള്ളത്? ജീവിതം പ്രച്ഛന്ന വേഷങ്ങളുടെ ഒരു ഘോഷമാണെന്ന് അറിയാതെ പോയത്, താൻ തന്റെ പ്രച്ഛന്നവേഷത്തിൽ, തന്റെ പൊയ്മുഖങ്ങളിൽ സ്വയം മറന്നുപോയതുകൊണ്ടാവും. അല്ലെങ്കിൽ തന്റെതന്നെ വേഷഭൂഷാദികളിൽ അകപ്പെട്ട്, ലോകം ഒരു കോമാളി നൃത്തമാണെന്ന് തെറ്റിദ്ധരിച്ചുപോയതാകും. യഥാർത്ഥ മുഖവുമായി ചരിക്കുന്നവൻ ഒന്നുകിൽ മറ്റുള്ളവരുടെ പ്രച്ഛന്നവേഷങ്ങളും മുഖം മൂടികളും ആസ്വദിക്കുന്നുണ്ടാവും, അല്ലെങ്കിൽ അവയെ തെല്ലും ഗൗനിക്കാതിരിക്കുന്നുണ്ടാവും. നൈസർഗ്ഗികതയിൽ ചരിക്കുന്ന ഒരാൾ തന്റെ മുഖത്തെപ്പറ്റി ഓർക്കുന്നതെവിടെയാണ്?


ആത്മാർത്ഥമായ ഹൃദയമുള്ള ഒരാൾക്ക് എവിടെയാണ് ജയവും പരാജയവും? ലോകം കപടമാണെന്ന് ഒരാൾ പറഞ്ഞാൽ, രമണമഹർഷിയുടെ മുൻപിലായിരുന്നെങ്കിൽ, അത് 'തന്റെ മാത്രം ലോകം, താൻ ഭാവനകൊണ്ടും വിചാരം കൊണ്ടും സൃഷ്ടിച്ചെടുത്തിട്ടുള്ള ലോകം' എന്ന് തിരുത്തിക്കുമായിരുന്നു. അല്ലെങ്കിൽ, 'ഭഗവതിയെ ഇതിനു മുൻപ് കണ്ട പരിചയമില്ലല്ലോ' എന്ന് ചോദിച്ചതുപോലെ, കാപട്യമില്ലാത്ത ഒരു ലോകത്തെ ഇതിന് മുൻപ് അനുഭവിച്ച പരിചയമൊന്നുമില്ലല്ലോ! എത്ര ബാലിശമായാണ് തന്റെ ഹൃദയം ആത്മാർത്ഥമാണെന്ന് ചങ്ങമ്പുഴ എടുത്തുപറയുന്നത്! ചങ്ങമ്പുഴ പരാജയപ്പെട്ടത് ആത്മാർത്ഥമായ ഹൃദയമുണ്ടായതുകൊണ്ടല്ല; ജീവിതത്തിൽ പരാജയപ്പെട്ടെന്ന് തോന്നിയതുകൊണ്ടാണ്; ജീവിതത്തെ ജയപരാജയങ്ങളെക്കൊണ്ട് അളന്നതുകൊണ്ടാണ്.


ആത്മാർത്ഥ ഹൃദയമുള്ള ഒരാളെ സംബന്ധിച്ച് 'ജീവിതം' തന്നെയില്ല, പിന്നെയല്ലേ ജയവും പരാജയവും. അയാളെ സംബന്ധിച്ച് അയാൾ ജീവിക്കുക മാത്രമാണ് - living. തുടക്കവും ഒടുക്കവും അയാൾ ഗൗനിക്കുന്നുപോലുമില്ല. സാമൂഹികമായ നന്മ-തിന്മകളെ, ജയ-പരാജയങ്ങളെ, പാപ-പുണ്യങ്ങളെ ഒട്ടും തന്നെ കണക്കിലെടുക്കാതെ, ഒഴുകുക മാത്രം ചെയ്യുന്ന ഒരു നദിയാണയാൾ. ആത്മാർത്ഥതയെന്നതും യഥാർത്ഥ മുഖമെന്നതുമൊക്കെ മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോൾ മനസ്സിലാക്കപ്പെടുന്ന വസ്തുതകളല്ല, മറ്റുള്ളവർ അയാളെപ്രതി അത്ഭുതം കൂറിയേക്കാവുന്ന മൂല്യങ്ങളാണ്.






ഈയടുത്ത് കഴിഞ്ഞുപോയ ഒരു ഓഷോ മെഡിറ്റേഷൻ ക്യാമ്പിൽ, ഒരു രാത്രി ‘BASH HARLEQUIN’ എന്ന പേരിൽ മുഖം മൂടികളുടെ ഒരാഘോഷം സംഘടിപ്പിക്കപ്പെട്ടിരുന്നു. അത് ഒരേസമയം ഉൾക്കാഴ്ചകൾ പകർന്ന ധ്യാനവും, ചിരിയും ഉല്ലാസവും നിറഞ്ഞ ആഘോഷവുമായിരുന്നു. ബോധപൂർവ്വം മുഖം മൂടികൾ എടുത്തണിയുമ്പോഴാണ്  (അവ എടുത്തു മാറ്റുമ്പോഴും) നാം നമ്മുടെ യഥാർത്ഥ മുഖത്തെപ്പറ്റി ബോധവാന്മാരാകുന്നത്. മുഖം മൂടികൾ അണിയുമ്പോൾ നമ്മുടെ മുഖം മാത്രമല്ല മാറുന്നത്, നമ്മുടെ ചേഷ്ടകളും ചലനങ്ങളും, എന്തിനധികം നമ്മുടെ മനോഭാവങ്ങൾ പോലും മാറിപ്പോകുന്നു. മുഖം മൂടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നാം എത്രയാണ് അടക്കിപ്പിടിച്ചുവെച്ചിരിക്കുന്നതെന്ന്. ബോധവാന്മാരാകത്തേടത്തോളം ഏതൊരു മുഖം മൂടിയും, അവ എത്ര തന്നെ നല്ലതായാലും ചീത്തയായാലും, സ്വാതന്ത്ര്യത്തെ ഹനിക്കുക തന്നെ ചെയ്യുന്നു. സ്വാതന്ത്ര്യത്തിനാകട്ടെ വിശേഷിച്ചൊരു മുഖമൊട്ടില്ലതാനും. സൗരഭ്യത്തിന് എന്ത് ആകൃതി?


ഓഷോയുടെ ഏറ്റവും പ്രിയങ്കരനായ ശിഷ്യരിൽ ഒരാളായിരുന്ന ലാഹേരുഭായ് ഒരിക്കൽ ഓഷോയോട് ചോദിച്ച ഒരു ചോദ്യമുണ്ട് - 'എന്താണ് നിഷ്ക്കളങ്കത? എന്തുകൊണ്ടാണ് നിഷ്ക്കളങ്കരായവർ ദുരിതമനുഭവിക്കുന്നത്?' 


നാം മിക്കവർക്കും മിക്കപ്പോഴും തോന്നിപ്പോകുന്ന ഒരു ചോദ്യം തന്നെയാണത്. പാവം മനുഷ്യർ ബുദ്ധിമുട്ടുന്നു. ചതിയന്മാരും വഞ്ചകരുമായവർ നിർബാധം സുഖിച്ചു വാഴുന്നു. എന്നിട്ടു നാം ദൈവം തമ്പുരാനിട്ടു ഒരു മേടും കൊടുക്കും - ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തുമെന്ന്. നിഷ്ക്കളങ്കരായവർ ഒരുപക്ഷേ 'തങ്ങൾക്കെന്തുകൊണ്ട് ബുദ്ധിമുട്ടുകൾ വരുന്നു?' എന്ന് ചിന്തിക്കുക പോലും ചെയ്യുന്നില്ല. അവരുടെ നിഷ്ക്കളങ്കത ബോധപൂർവ്വം അവയിലൂടെ കടന്നുപോകുന്നതിലാണ്. തങ്ങളാലാവും വിധം അവർ ആ സന്ദർഭങ്ങളോട് പ്രതികരിക്കുന്നു - responding. അല്ലാത്തവരാകട്ടെ 'തങ്ങൾ ഇത്രയൊക്കെ നല്ലവരായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയും ദുരിതം നൽകപ്പെടുന്നു?' എന്ന് മുറുമുറുത്തുകൊണ്ട് ആ സന്ദർഭങ്ങളിൽ നിന്നും എങ്ങനെയെങ്കിലും തലയൂരാൻ ശ്രമിച്ചുനോക്കുന്നു. സത്യത്തിൽ, ഓടിയൊളിക്കാനുള്ള ആ ശ്രമമാണ് ബുദ്ധിമുട്ടുകളെ ദുരിതമാക്കി മാറ്റുന്നത്. അവരുടെ നിഷ്ക്കളങ്കത മാറ്റുരക്കപ്പെടുന്നത് അവിടെയാണ്.


ഓഷോ നല്കിയ ഉത്തരത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: 'നിഷ്ക്കളങ്കരായവർ
ദുരിതമനുഭവിക്കുന്നതായി ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ അവർ നിഷ്ക്കളങ്കരല്ല. അല്ലെങ്കിൽ അവർ വിചാരിക്കുന്നു അവരുടെ ദുരിതത്തിന്റെ കാരണം നിഷ്ക്കളങ്കതയാണെന്ന്. അവരുടെ ദുരിതത്തിന്റെ കാരണം മറ്റെന്തെങ്കിലുമായിരിക്കും. നിഷ്ക്കളങ്കത ഒരിക്കലും ദുരിതത്തിന് കാരണമാവുന്നില്ല. നിഷ്ക്കളങ്കരായവർ അവരുടെ ബുദ്ധിമുട്ടുകളെ ദുരിതമാക്കി മാറ്റാറില്ല.'


നിഷ്‌കളങ്കതയും വിവേകശൂന്യതയും ഒരു പക്ഷേ പ്രത്യക്ഷത്തിൽ സാമ്യം തോന്നിച്ചേക്കാമെങ്കിലും, അവ തമ്മിൽ വലിയ അന്തരമുണ്ട്. വിവേക ശൂന്യതയെ നിഷ്ക്കളങ്കതയായി തെറ്റിദ്ധരിക്കുമ്പോഴാണ് ആത്മാർത്ഥ ഹൃദയമുണ്ടായതാണ് തന്റെ പരാജയകാരണമെന്ന് ഒരുവൻ വിചാരിക്കുന്നത്. അയാൾ, വിചാരിക്കും പോലെ നിഷ്ക്കളങ്കമല്ല എന്നതാണ് വാസ്തവം. തന്റെ വിവേകമില്ലായ്കയെ, തന്റെ മുഖത്തിന്റെ നിഷ്ക്കളങ്കതയായി സ്ഥാപിച്ചെടുക്കുകയാണ് ഫ്രാൻസ് കാഫ്ക. 


നിഷ്ക്കളങ്കരായവർ തങ്ങളുടെ ഉത്തരവാദിത്തത്തെ മറ്റാരുടെ ചുമലിലേക്കും ഒളിച്ചുകടത്താറില്ല, അത് വിധിയായാലും ദൈവമായാലും.


                                                             




Saturday, May 18, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 9

                                                   നേതി നേതികളുടെ വിരുന്ന് - 4

ഡോ. രാജശേഖരൻ നായർ അർദ്ധവിരാമമിട്ടത് എവിടെയായിരുന്നെന്ന് ഓർക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ! എന്തെന്നാൽ അവർ കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് നഷ്ടപ്പെടുകയില്ല. ഇടവേളയ്ക്കു ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങുന്നത് മസ്തിഷ്‌കപരിണാമത്തിൽ കാഴ്ചയെന്ന അത്ഭുതപ്രതിഭാസം ഉണർന്നുവന്നതെങ്ങനെയെന്നാണ്; കണ്ണുകളുടെ തുറവി മസ്തിഷ്ക പരിണാമത്തെ തിരികെ സ്വാധീനിച്ചതെങ്ങനെയെന്നും.


കാഴ്ചയെന്ന മഹാപ്രതിഭാസത്തിന്റെ അതിവിദൂര കാഴ്ചകൾ
പോലും അത്രക്കും കണ്ണഞ്ചിപ്പിക്കുന്നവയാണ്. ഓരോതവണയും ഓരോ കാഴ്ചയും അതിനെത്തന്നെ അതിലംഖിച്ചുകൊണ്ടിരിക്കും. ആ കാഴ്ചകൾത്തന്നെ ചിലപ്പോൾ 'ഇക്കാണുന്നതൊന്നുമല്ല കാഴ്ച' എന്ന് നിശ്ശബദ്ധമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. ഈയടുത്തിറങ്ങിയ 'ഇദം പാരമിതം' എന്ന നോവലിൽ (വി. ജി. തമ്പി) ഒന്നാമധ്യായത്തിൽ പക്ഷി പാതാളത്തിലെ ഒരു വനമൂപ്പൻ അതിലെ പ്രധാന കഥാപാത്രത്തോട് പറയുന്ന ഒരു ചൊല്ലുണ്ട്, കാഴ്ചയുടെ പാരമിത സ്വഭാവത്തെ ധ്വനിപ്പിക്കുന്നതായി:

'അകത്തിറങ്കിനാ അകം കാണാ 

വെളിയിലിരുന്താ വെളി കാണാ'


അകത്തേക്കിറങ്ങിപ്പോയതുകൊണ്ട് അകം കാണണമെന്നില്ല. വെളിയിലിരുന്നത് കൊണ്ട് ആകാശം കാണണമെന്നുമില്ല. പരിപ്രേക്ഷ്യമെന്നത് - perception - വ്യത്യസ്തമായ ഒരു പ്രതിഭാസമാണ്. അവിടെയാണ് ഓഷോ കൂടെക്കൂടെ ഓർമ്മിപ്പിക്കാറുള്ളത് - 'not that the eyes are seeing; you are seeing through the eyes'. എല്ലാ ഇന്ദ്രിയങ്ങളുടെ കാര്യത്തിലും അതങ്ങനെയാണ്. നാം അതാത് ഇന്ദ്രിയങ്ങളെ അനുഭവിക്കുകയല്ല ചെയ്യുന്നത്; ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുകയാണ്. അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യമുയരും - അനുഭവിക്കുന്നത് യാർ?  


തീർത്തും സ്വാഭാവികമായ ആ ചോദ്യം ഏറെ പണ്ട് മുതല്ക്കേ മനുഷ്യൻ ചോദിച്ചു പോന്നിട്ടുണ്ട്. എന്നാൽ ഉത്തരം തേടിയുള്ള യാത്രയിൽ മിക്കപ്പോഴും തെറ്റിപ്പോയിട്ടുള്ളത് ഒന്നാമത്തെ ചുവട് തന്നെയാണെന്ന് തോന്നുന്നു. ശരിക്കും ചോദ്യം ഉള്ളിലുദിച്ചയാൾ കൃത്യമായ ധാരണയോടെയാവും ചോദിച്ചിട്ടുണ്ടാവുക. എന്നാൽ ആ ചോദ്യം അനുകരിച്ചവർ - അവരാണ് ഇക്കണ്ട മുപ്പത്തിമുക്കോടിയും, ഈയുള്ളവനടക്കം - വിചാരിച്ചത് കണ്ണിനു പിന്നിൽ, മറ്റിന്ദ്രിയങ്ങൾക്കു പിന്നിലും, അദൃശ്യനായ ഏതോ ഒരാളുണ്ടെന്നാണ്; നാൻ യാർ? എന്ന് ചോദിക്കുന്നതിലൂടെ അങ്ങേരുടെ ഊരും പേരും ആധാർ നമ്പരുമാണ് കണ്ടെത്തേണ്ടതെന്നാണ്. അതുമല്ലെങ്കിൽ ഓരോന്നിനേയും നിഷേധിച്ചുകൊണ്ട് പേരിലൊതുങ്ങാത്ത ഏതോ ഒരാളെ.


എന്നാൽ നേരെചൊവ്വേ ചോദിച്ചവൻ ഒരുപക്ഷേ മനസ്സിലാക്കിയിരിക്കുന്നു, 'ഒന്നായ നിന്നെ'യാണ് രണ്ടെന്നു കണ്ടുപോയതെന്ന്. കാഴ്ചയെന്ന പ്രതിഭാസത്തെയാണ് കണ്ണുകളെന്നും അതിനുപിന്നിൽ കാണുന്ന ഒരാളുമെന്ന രീതിയിൽ പിരിച്ചു വെച്ചത്. അങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ് ആരാണ് കാണുന്നതെന്ന ചോദ്യം ഉണ്ടായിവന്നതുതന്നെ. മറ്റൊരു വിധത്തിലും പറയാം. ഭാഷാപരമായി സാധ്യമായതുകൊണ്ടാണ് കാഴ്ച്ചയെന്ന വൃത്തിയെ കാണുന്നവയെന്നും കാണുന്നവനെന്നും വേർപ്പെടുത്തിയറിഞ്ഞത്. ആരാണ് കാണുന്നതെന്ന് ചോദിക്കാനുള്ള ഭാഷാപാടവമാണ് ദൃശ്യമെന്നും ദൃഷ്ടാവെന്നും കാഴ്ചയെ പിരിച്ചുവെച്ചത്.


നേരെ ചൊവ്വേ ചോദിച്ചയാൾ സ്വയം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാക്കുകളും അർത്ഥങ്ങളുമെല്ലാം അവയുടെ മാളങ്ങളിലേക്കു തിരികെ പോയപ്പോൾ, ആ ചോദ്യം എവിടേക്കെന്നില്ലാതെ മാഞ്ഞുപോയി. ഉത്തരം കിട്ടുക എന്ന സംഗതിയേ മറന്നുപോയി.


ഭാഷയുണ്ടായി വന്നത്‌ ഒരു വലിയ ദുര്യോഗമായി എന്ന് വിചാരിച്ചേക്കരുതേ. പരിപ്രേക്ഷ്യങ്ങളുടെ പൂക്കാലം തുടങ്ങിയത് ഒരുപക്ഷേ ഭാഷയുടെ ആവിർഭാവത്തോടെയാണ്. ഏതൊരു പുതിയ ഉപകരണവും പണിയായുധവും മറ്റും എങ്ങനെയാണോ നമ്മെ ബാധിച്ചുകളയുന്നത്, വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം നാമത് വെറുതെയങ്ങു (ദുർ)ഉപയോഗിച്ചുകൊണ്ടേയിരിക്കും, perhaps, like an addiction.

മനുഷ്യന്റെ ആദ്യത്തെ അഡിക്ഷൻ ഭാഷയായിരിക്കുമോ!? 


ഒരു കത്തി കയ്യിൽ കിട്ടിയാൽ കണ്ണിൽ കണ്ട ചെടികളും ഇലകളുമെല്ലാം വെറുതെ ചെത്തി വെടിപ്പാക്കിക്കൊണ്ടിരിക്കുന്നവരുണ്ട്. അതുപോലെത്തന്നെയാണ് ഇന്ദ്രിയ സംവേദനങ്ങളെയെല്ലാം നാം പലതായി വേർപിരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു ആവശ്യം വരുമ്പോൾ 

- analysis - അതിനു സാധ്യമാവുക തന്നെ വേണം. എന്നാൽ ആവശ്യമില്ലാത്തപ്പോൾ ആ കത്തി പുറത്തെടുക്കുക കൂടി ചെയ്യാതെ പരിപാലിക്കാനുള്ള ജാഗ്രത ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ ലക്ഷക്കണക്കിന് വർഷങ്ങളുടെ ന്യൂറോളജിക്കൽ ഉദ്വേഗങ്ങൾ കാരണമാകാം അമ്പതിനായിരമോ അതിലധികമോ വർഷങ്ങളായി ഭാഷാശേഷി ഉടലെടുത്തതും അതൊരു അഡിക്ഷന്റെ തലത്തിലേക്ക് പടർന്നു ബാധിച്ചതും.


ഈ അഡിക്ഷന്റെ ഹാങ്ങോവറും പാർശ്വഫലങ്ങളും നാം സാധാരണ വിചാരിക്കുന്നതിനേക്കാൾ വളരെയധികം ദുരിതം കൊണ്ടുവരുന്നു എന്ന് മനസ്സിലാക്കാക്കിയവർ (ഉപനിഷദ് കാലം മുതൽ ഉള്ളവർ) ഓർമ്മപ്പെടുത്തുന്നത് 'observer is the observed' എന്നാണ്. അതങ്ങനെയല്ലെന്നുണ്ടെങ്കിൽ ഉറപ്പാക്കിക്കൊള്ളുക, കാണുന്നവനും കാഴ്ചക്കുമിടയിൽ വിചാരങ്ങളുടെ (വാക്കുകളുടെ) നിതാന്തമായ കല്ലുകടികളുണ്ടാവുന്നുണ്ടെന്ന്.


ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പലരും 'observer is the observed' എന്ന് ഗ്രഹിച്ചിരുന്നുവെങ്കിലും, 1960 -1970 കളിൽ പോലും നമ്മുടെ വൈദ്യശാസ്ത്രം വിചാരിച്ചിരുന്നത്, കണ്ണിലൂടെ കടന്നുവരുന്ന രശ്മികളെയെല്ലാം ഒരു സിനിമയെന്നോണം നോക്കിക്കാണുന്ന

ഇത്തിരിക്കുഞ്ഞൻ മനസ്സിനകത്ത് ഇരുപ്പുണ്ടായിരുന്നുവെന്നാണത്രെ! - ഹോമൻകുലസ് (Homunculus).


"പ്രശ്നം ഒന്നാണ്. ഈ അന്തർയാമി കാണുന്നത് പിന്നെ ആരു കാണുന്നു? ആ അന്തർയാമിക്ക് അകത്ത് വേറൊരു അന്തർയാമിയോ? അതോ അവരുടെയൊക്കെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ നിരനിരയായി വേറെ അന്തർയാമികളോ? റഷ്യയിലൊരു പാവയുണ്ട് - മാത്രിയോഷ്ക. അതിനുള്ളിൽ നിരനിരയായ വേറെ കുഞ്ഞു മാത്രിയോഷ്ക പാവകൾ. അങ്ങനെ നിരനിരയായി ചെറിയ ചെറിയ ഹോമൻ കുലസുകളെന്നോ?" p  165

 

Yes, എത്ര മാത്രിയോഷ്ക്കകൾ ഒന്നിനുള്ളിൽ മറ്റൊന്നായി കുടിയിരിപ്പുണ്ടെന്നുള്ളത് പൊതുവെ തോന്നാവുന്ന ഒരു ചോദ്യം തന്നെയാണ്. മൗലികമായ മാത്രിയോഷ്ക പക്ഷേ ഒരൊറ്റയെണ്ണമേ ഉണ്ടാവാനാവൂ. ബാക്കിയെല്ലാം പകർപ്പുകളാണ്. ഒരുപക്ഷേ, കുന്നംകുളം ഡ്യൂപ്ലിക്കേറ്റ് പോലെ ഒറിജിനലിനെ വെല്ലുന്ന പകർപ്പുകൾ. ലാപ്ടോപ്പിൽ നാം തുറന്നുവെച്ചിരിക്കുന്ന ഫേസ്ബുക്കിന്റെ അതേ പേജ്, ക്രോമിൽ വീണ്ടും വീണ്ടും തുറന്നുവെക്കാം എന്നതുപോലെ. ഫലത്തിൽ പക്ഷേ വ്യത്യസ്ഥതയില്ലതന്നെ. 


അന്തർയാമി എന്നതുപോലും വെറും തോന്നലാണെന്ന് മനസ്സിലാവും. അകവും പുറവുമൊന്നുമില്ല. ഒരൊറ്റ മാത്രിയോഷ്ക. അപ്പോഴാണ് ഇന്ദ്രിയാനുഭവങ്ങളുടെ വ്യാപ്‌തിയും ആഴവും പ്രപഞ്ചത്തോളം സാന്ദ്രമായിരിക്കുക. സിദ്ധാർത്ഥന് ബോധപ്രാപ്തിയുണ്ടായതിനു ശേഷം (ന്യൂറോളജി വർത്തമാനങ്ങൾക്കിടയിൽ ബോധപ്രാപ്തിയെപ്പറ്റി ഒരൊറ്റ ചോദ്യവും ചോദിച്ചേക്കരുത്!) ആൽത്തണലിൽ തന്നെ കാണാൻ വന്ന കൊച്ചു കുട്ടികളുമായി മധുരനാരങ്ങയല്ലികൾ രുചിക്കുമ്പോൾ, വെറും നാരങ്ങയല്ലികൾ എങ്ങനെയാണ് ഒരു പ്രാപഞ്ചികാനുഭവമാകുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കുന്നുണ്ട്- Old Path White Clouds by Thich Nhat Hanh. 'Observer is the observed' എന്നതിന്റെ ആദ്യ പാഠങ്ങൾ...ആത്യന്തിക പാഠങ്ങളും അതുതന്നെയാണ്. 



ഒരു കാർട്ടൂൺ ഓർമ്മ വരുന്നു: മാത്രിയോഷ്കയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ സിനിമക്കുള്ള ടിക്കറ്റുകൗണ്ടറിൽ 'ഒരു ടിക്കറ്റ്' എന്ന് പറഞ്ഞ് പണം നീട്ടുമ്പോൾ, കൗണ്ടറിനകത്തിരിക്കുന്ന സ്ത്രീ സംശയദൃഷ്ടിയോടെ ചോദിക്കുന്നുണ്ട്,'അകത്ത് എത്രപേരുണ്ട്? ശരിക്കും എത്ര ടിക്കറ്റ് ആവശ്യമുണ്ട്?' എന്ന്. ചിരിക്കാനും ചിന്തിക്കാനും കൊള്ളാവുന്ന ഒരു കാർട്ടൂൺ ആയിരുന്നു അത്. ഗൂഗിളിൽ ധാരാളമുണ്ട് മനനം ചെയ്യാവുന്ന മനോഹരങ്ങളായ മാത്രിയോഷ്ക കാർട്ടൂണുകൾ. 


അടുത്ത ധാരാളം പേജുകൾ കാഴ്ചയുടെ പിന്നിലെ അത്ഭുതലോകത്തെപ്പറ്റിയാണ്. ഓക്സിപിറ്റൽ ലോബും പെറൈറ്റൽ ലോബും അമിഗ്ഡലയും കാഴ്ചയുടെ മറ്റു കേന്ദ്രങ്ങളും തമ്മിലുള്ള അതീവ സങ്കീർണ്ണമായ ഏകോപന വിശേഷങ്ങൾ, അവയെങ്ങനെയെല്ലാമെന്ന് കണ്ടെത്തുന്നതിൽ പങ്കുവഹിച്ച വൈദ്യശാസ്ത്രകാരന്മാരും സംഭവങ്ങളും. തീർച്ചയായും തോന്നും, ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുന്ന ഒരു ഇത്തിരിക്കുഞ്ഞൻ അല്ല, ഒരു വിരാട് പുരുഷൻതന്നെ ഉള്ളിലിരിപ്പുണ്ടെന്ന്.


ഒരൊറ്റ ഇന്ദ്രിയവും അതിന്റെ സംവേദനങ്ങളും അതിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ലല്ലോ. ഓരോന്നിനും സവിശേഷമായ മസ്തിഷ്ക കേന്ദ്രങ്ങളും മറ്റും ഉണ്ടെങ്കിലും ആത്യന്തികമായി എല്ലാ ഇന്ദ്രിയങ്ങളിൽ നിന്നുമുള്ള സംവേദനങ്ങളെയും കൂടി ഏകോപിപ്പിച്ചുകൊണ്ടാണ് perception of knowing സംഭവിക്കുന്നത്. അതെ, happening എന്നതാണ് ഈ മസ്തിഷകവൃത്തികളെപ്പറ്റി പറയുമ്പോൾ ഏറ്റവും യോജ്യമായ വാക്കെന്നു തോന്നുന്നു. 


ഡോ. രാജശേഖരൻ നായർ പിന്നീട് നാഡീസംവേദന സംബന്ധിയായിട്ടുള്ള കെമിക്കലുകളെപ്പറ്റി വിശദീകരിക്കുന്നുണ്ട് - ഡോപമിൻ ഇത്യാദി. ഇരുനൂറ്റി നാല്പതാമത്‌ പേജിൽ അദ്ദേഹം മസ്തിഷ്ക കോശ റിസെപ്റ്ററുകളുടെ ഒരു ലഘുചിത്രം വെറുതെയൊന്നു പറഞ്ഞുപോയിട്ടുണ്ട്, അത്യാധുനിക ഗവേഷണ സാങ്കേതിക മേന്മയിൽ അവയെ നമുക്ക് തുറന്നും മുറിച്ചും പരിശോദിക്കാമല്ലോ. Knowing more and more about less and less എന്ന് പറയണോ അതോ knowing less and less about more and more എന്ന് പറയണോ എന്ന് പിടികിട്ടായ്ക വരും.


പെപ്റ്റൈഡുകളും ആനന്ദരേണുക്കളും വിരോധഹേതുവായ രാസകണികകളും ഓക്‌സിടോസിൻ, വാസോപ്രെസിൻ, ഡോപമിൻ, സീറോടോണിൻ  തുടങ്ങിയ ഹോർമോണുകൾ/ പെപ്റ്റൈഡുകൾ വഹിക്കുന്ന വൈകാരിക ധർമ്മങ്ങളും ഒരുവേള അതിശയോക്തിയെന്ന് തോന്നിപ്പിക്കാം, സത്യമാണെന്ന് ബോധ്യപ്പെടുമെങ്കിലും. ശാന്തിയും (സന്മനസുള്ളവർക്കുണ്ടാവേണ്ടുന്ന) സമാധാനവുമെല്ലാം കേവലം രാസപദാർത്ഥങ്ങളെക്കൊണ്ടുണ്ടാവുന്ന തോന്നലുകളത്രേ! അറപ്പിനും വെറുപ്പിനും, സ്നേഹം ദയ കാരുണ്യം ഇത്യാദി രസങ്ങൾക്കും രസസംയുക്തങ്ങൾ തന്നെയാണ് കാരണമത്രേ! രാജശേഖരൻ നായർ ഓക്സിടോസിനെ വിളിക്കുന്നത്, 'പ്രേമത്തിന്റെ, വിശ്വാസത്തിന്റെ, വിശ്വസ്തതയുടെ, നിഷ്കപടതയുടെ, ചാരിത്ര്യത്തിന്റെ, സഹാനുഭൂതിയുടെ, സ്നേഹബന്ധങ്ങളുടെ സഞ്ജീവനി' എന്നാണ്. ഇണക്ക് തലചായ്ക്കാൻ, തൊട്ടുരുമ്മി നില്ക്കാൻ, വാരിപ്പുണരാൻ, കിട്ടിയതെന്തും പങ്കുവെക്കാൻ പ്രേരിപ്പിക്കുന്ന ഒരു പെപ്റ്റൈഡ്'. P 252.

'നേതി നേതി'കൾ വീണ്ടും വീണ്ടും ജാഗ്രതയുടെ മിന്നാമിന്നികളെപ്പോലെ പാറിപ്പറക്കുന്നു. 'നേതി നേതി' കളെന്നത് മുന്നിൽ വരുന്നതിനെയെല്ലാം നിഷേധിച്ചുകൊണ്ട്, കാണാമറയത്തിരിക്കുന്ന ഒരു സത്യത്തെ പുല്‌കുന്ന പരിപാടിയല്ല. അങ്ങനെയൊരു സത്യമുണ്ടെങ്കിൽ അത് മൃതമായിട്ടുള്ള ഒരു കല്പന മാത്രമായിരിക്കും; ഒരു ദിവസം ദൈവംതമ്പുരാൻ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് തുടങ്ങുന്ന എബ്രഹാമിക് മതങ്ങളെപ്പോലെയോ, ഒരു ബിഗ് ബാങിൽ നിന്ന് പ്രപഞ്ചം ഉത്ഭവിച്ചു എന്ന് വിചാരിക്കുന്ന ശാസ്ത്രകാരന്മാരെപ്പോലെയോ ബാലിശമായ ഒരു കല്പന. മൃതമായ ഒരു സത്യത്തിന് 'പ്രപഞ്ചം' എന്ന് നാം അറിയുന്ന 'ആടിവിളയാടും' ഊർജ്ജപ്രതിഭാസമായിരിക്കാൻ സാധ്യമല്ലതന്നെ. 

നാമും നമ്മിലെ വികാരങ്ങളും വിചാരങ്ങളുമെല്ലാം കേവലം രാസസംയുക്തങ്ങളുടെ സൂക്ഷ്മ ചേരുവകൾ മാത്രമാണെന്ന് (ഡോ. രാജശേഖരൻ നായർ അങ്ങനെ ഉപസംഹരിക്കുന്നൊന്നുമില്ലെന്നോർക്കുക) തോന്നുന്നുവെങ്കിൽ, 'നേതി നേതി'കൾ ഇപ്പുറത്ത് അതിനൊരു വ്യവസ്ഥ വെക്കും - 'ഞാൻ' എന്നൊന്നുണ്ടെങ്കിൽ. 'ഞാൻ' ഉണ്ട് എന്ന് തോന്നുകയാണെങ്കിൽ, 'നേതി നേതി'കൾ മറ്റൊരു വ്യവസ്ഥ വെക്കും - ഇപ്പറഞ്ഞ രാസവസ്തുക്കളൊക്കെയും നേരെചൊവ്വേ കിറുകൃത്യമായി കൂടിച്ചേരുകയാണെങ്കിൽ. 'നേതി നേതി'കളെന്നത് അസ്തിത്വത്തിന്റെ വർത്തമാനപ്രകൃതത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു 'dynamic constant' ആണെന്നറിയുക. ഉപനിഷത്തുക്കളിലും മറ്റും ഈ പ്രയോഗത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് എനിക്ക് തീർത്തും അജ്ഞാതമാണെന്ന് പറഞ്ഞുവെക്കട്ടെ.  

ന്യൂറോളജി പ്രകാരം ഏറ്റവും ഹ്രസ്വമായ വികാരം ആശ്ചര്യമത്രേ! ടെമ്പറൽ ലോബും പാരാഹിപ്പോകാമ്പസും അമിഗ്ദലയും ഫ്രോണ്ടൽ ലോബുകളും മില്ലിസെക്കന്റുകളെക്കൊണ്ട് ഉണർന്നുപ്രവർത്തിക്കുകയും അതിനനുസൃതമായി ശാരീരികമായ പ്രതിഫലനങ്ങളുണ്ടാവുകയും ചെയ്യുന്നതിനെപ്പറ്റി ഡോ. രാജശേഖരൻ നായർ വിശദമാക്കുന്നുണ്ട്. പൊടുന്നനെയുണ്ടാകുന്ന ആശ്ചര്യങ്ങൾക്കപ്പുറം, ജീവിതത്തിലെ ഇന്ദ്രിയാനുഭവങ്ങളിൽ ഒതുങ്ങുന്നില്ലെന്നു തോന്നുമ്പോഴോ, നിരവധി മാനങ്ങളെ (dimensions) ഒരേ സമയം ഗ്രഹിക്കാൻ ശ്രമിക്കുമ്പോഴോ നമുക്കുണ്ടാവുന്ന 'wonder' എന്ന അനുഭവത്തെ ന്യൂറോളജിക്കാർ എന്ത് പേരാണ് വിളിക്കുന്നതെന്നറിയില്ല. അത്തരം വിസ്മയങ്ങൾ പൊടുന്നനെ ഉണ്ടായി മാറിമറിഞ്ഞുപോകുന്നവയല്ല. അവബോധത്തിന്റെ മസ്തിഷ്ക ചക്രവാളങ്ങൾ വളർന്നുവളർന്നു പോകുന്ന കാലയളവുകളത്രേ അവ.

ഞാൻ എന്ന ഭാവത്തിന്റെ പുറം പാളികളിൽ ഹ്രസ്വവികാരമായ ആശ്ചര്യവും, 'ഞാൻ എന്ന അഭാവ’ത്തിന്റെ ആഴക്കടലുകളിൽ ഒരിക്കലും അവസാനിക്കാത്ത വിസ്മയങ്ങളുമാണോ സംഭവിക്കുന്നത്? ഇതുപോലുള്ള വിസ്മയഗ്രാഹ്യങ്ങളെയാകണം റിച്ചാർഡ് ഫെയ്ൻമാൻ കവിതയായി കുറിച്ചിട്ടത്:

“…………………..

Out of the cradle

onto dry land

here it is standing

atoms with consciousness;

matter with curiosity.

Stands at the sea, 

wonders at wondering: I

a universe of atoms.

an atom of universe.”







ചിന്തകനും ചിന്തകളും 


മനോഹരങ്ങളെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളവയെ തീരെ കൊച്ചാക്കിക്കൊണ്ട് കളിയാക്കുന്ന പ്രവണതകൾ ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ ട്രോളൻ യുഗത്തിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് അച്ചടിച്ചുകണ്ട ഒരു ചിത്രത്തിൽ, ഒരു ശാസ്ത്രീയ സംഗീതകാരൻ തന്റെ ഭാവഹാവാദികളിൽ തിമിർത്തു പാടിക്കൊണ്ടിരിക്കുമ്പോൾ, മുന്നിലുണ്ടായിരുന്ന ഒരു കൊച്ചു കുട്ടി, തന്റെ കയ്യിലെ കളിപ്പാട്ടം അയാൾക്ക്‌ നേരെ നീട്ടുന്നതാണ്, 'കരയേണ്ട, ദാ ഇതെടുത്തോളൂ' എന്ന മട്ടിൽ. ഭാഗവതരുടെ മുഖത്തെ ചേഷ്ടകൾ കണ്ടപ്പോൾ, കൊച്ചിന് തോന്നിയത് അയാൾ എന്തിനോ വിഷമിച്ചു കരയുകയാണ് എന്നാണ്.

അതുപോലെത്തന്നെ ഈയടുത്ത് കണ്ട ഒരു ട്രോൾ, പ്രസിദ്ധ ശില്പമായ 'ചിന്തിക്കുന്നവൻ' (Auguste Rodin) എന്ന ശില്പത്തെപ്പറ്റിയാണ്. ആ ശില്പത്തിനു നേർക്ക് ഒരു കൊച്ചു കുട്ടി ടോയ്‌ലറ്റ് ടിഷ്യൂ റോൾ നീട്ടുന്നു. ആരെങ്കിലും മനഃപൂർവം കുട്ടിയെ അങ്ങനെ നിർത്തി ഫോട്ടോ എടുപ്പിച്ചതാവാനേ വഴിയുള്ളൂ. എന്നാലും ആ ട്രോൾ

തീർത്തവനെ തള്ളിക്കളയാനാവില്ല. എന്തെന്നാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ചിന്തകളിൽ മുഴുകുന്ന ഒരിടം ടോയ്‌ലറ്റ് അല്ലെന്നു പറയാനാവില്ലല്ലോ. ഐൻസ്റ്റെയ്ൻ ചിന്തകളിൽ വിഹരിച്ചിരുന്ന ഏറ്റവും പ്രധാന ഇടം bathtub ആയിരുന്നുവത്രേ!

ശില്പത്തിലെ ചിന്തകന്റെ ഇരിപ്പ് കണ്ടുകൊണ്ട് ആരെങ്കിലും ഒന്ന് കടന്നു ചിന്തിച്ചതാകാം. ഉത്തരേന്ത്യയിൽ ഒരു ചൊല്ലുണ്ട്, വയസു കാലത്ത് വകതിരിവ് വരും എന്ന അർത്ഥത്തിൽ -'സണ്ടാസ് മേം ബൈഠ്നെ കെ വക്ത് സോചേംഗാ '. വയസ്സാവുമ്പോൾ ടോയ്‌ലറ്റ് സീറ്റിൽ താരതമ്യേന കൂടുതൽ സമയം ചിലവഴിക്കുകയും, അപ്പോൾ നല്ലകാലത്ത് ചെയ്തുകൂട്ടിയ കുതന്ത്രങ്ങളെപ്പറ്റി ശരിക്കും ആലോചിക്കുകയും ചെയ്യുമത്രേ! ജീവിതം താൻ വിചാരിച്ചതുപോലെയൊന്നുമല്ല എന്ന് അപ്പോൾ മനസ്സിലാവും എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എന്തായാലും, ചിന്തകളെപ്പറ്റിയും മനുഷ്യൻ പണ്ടുമുതല്ക്കേ ചിന്തിച്ചുപോന്നിട്ടുണ്ട്. 

ഒരധ്യായത്തിൽ രാജശേഖരൻ നായർ ചിന്തകളെപ്പറ്റി, അവ എന്താണ്, എങ്ങനെയാണ് ഉത്ഭവിക്കുന്നത് എന്നെല്ലാം പരാമർശിക്കുന്നുണ്ട്‌. പ്രധാനമായും ഡോ. പട്രീഷ്യ ഗോൾഡ്മാൻ റാകിക്കിന്റെ വിചാരങ്ങളെപ്പറ്റി. Auguste Rodin- ന്റെ ചിന്തകൻ എന്ന ശില്പത്തെ രാജശേഖരൻ നായർ കാര്യമായിത്തന്നെ പരാമർശിക്കുന്നുണ്ടിവിടെ. ചിന്തകളെപ്പറ്റിയുള്ള ഈ അദ്ധ്യായം ഇനിയും കാര്യമായി വികസിതമായെങ്കിൽ എന്ന് ആഗ്രഹം തോന്നി. ഒരുപക്ഷേ മറ്റൊരുചിന്താ പുസ്തകമായി അദ്ദേഹത്തിൽ നിന്നും  അധികം താമസിയാതെ പുറത്തുവരട്ടെ.

എന്താണ് ചിന്ത എന്ന് ചോദിക്കുമ്പോൾ, പെട്ടെന്ന് 'ചിന്തയിൽ' വരുന്ന ചിത്രം, ഖസാക്കിന്റെ ഇതിഹാസത്തിലേതാണ്. കുഞ്ഞായിരിക്കുമ്പോൾ രവി കാണുന്നത്. 'വെയിലെരിയുന്ന മാനത്ത് നോക്കിയിരുന്നാൽ മതി. കുറെ നേരം അങ്ങനെ നോക്കുമ്പോൾ സ്പടികമണികൾ കോർത്തിണക്കിയപോലെ എന്തോ കണ്ണനങ്ങുന്നതിനൊപ്പം ഇളകുന്നതു കാണാം. ഇമതല്ലിമിഴിച്ചാൽ അത് കാണാതാവും. ദേവന്മാർ കല്പക വൃക്ഷത്തിന്റെ തൊണ്ടുകൾ താഴോട്ടെറിയുകയാണത്രേ. 

—-------------------------

—------------------------------

കണ്ണ് ചിമ്മി മിഴിച്ചാൽ കരിക്കിൻ തൊണ്ടുകളില്ല. മേഘക്കീറുകളും സ്ഥലത്തിന്റെ ശൂന്യശിഖരത്തിനു ചുറ്റും കപ്പലോട്ടുന്ന ചൂട്ടൻ കഴുകനും മാത്രമേയുണ്ടാവൂ.’

എന്താണ് ചിന്തയെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ സാധിച്ചില്ലെങ്കിലും ചിന്തയുണ്ടെന്ന് എല്ലാവർക്കും അറിയാം. “അത് ഈ നിമിഷത്തിലെ, ഈ മിനിറ്റിലെ, ഈ ദിവസത്തിലെ, ഇന്നലെയുടെ, ഇന്നലെകളുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും സാധ്യതകളുടേയും പ്രതീകാല്മക സങ്കല്പങ്ങളെ അടുത്ത നിമിഷത്തിലേക്ക്, അടുത്ത മിനിറ്റിലേക്ക്, അടുത്ത ദിവസങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള 'മനസ്സിന്റെ' ഒരു യത്നത്തിന്റെ ശ്രമമാകും. വർത്തമാനത്തിന്റെയും ഭൂതത്തിന്റെയും ഭാവിയുടേയും ഇടക്കുള്ള കാലത്തിന് ഒരു പാലമായി - സമയസേതുബന്ധമായി. ആ പ്രക്രിയയാണ് ചിന്തകൾ”.  പിന്നീടങ്ങോട്ട് ഡോ. രാജശേഖരൻ നായർ ചിന്തകളുടെ പ്രകൃതത്തെ ഇനിയും വിവരിക്കുന്നുണ്ട് (p 342). അവ നേരത്തെ സൂചിപ്പിച്ചതുപോലെ, ദേവന്മാർ താഴോട്ടെറിയുന്ന ഇളനീർ തൊണ്ടുകളെപ്പോലെത്തന്നെയാണ്; കൃത്യമായ ലക്ഷ്യങ്ങളില്ലാത്തവ, ദിശാബോധങ്ങളില്ലാത്തവ, എവിടെയെങ്കിലും ചെന്നുവീണ് അപ്രത്യക്ഷമാകുന്നവ.

കുറച്ചു മാസങ്ങൾക്കു മുൻപ് അന്തരിച്ച ഭൗതിക ശാസ്ത്രകാരനും എഴുത്തുകാരനുമായിരുന്ന ശ്രീ. റ്റി. കെ. ജയരാമൻ സർ ഒരിക്കൽ ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതോർമ്മ വരുന്നു, "ഈ പ്രപഞ്ചം ഒരു റ റ റ പ്രപഞ്ചമാണ്. അതായത് പ്രപഞ്ചത്തിലെ ഓരോ ഊർജ്ജബിന്ദുവും മറ്റൊരു ബിന്ദുവുമായി റ രൂപത്തിൽ ബന്ധിതമാണ്. പിന്നെ ഒരു റ മറ്റൊരു റ യുമായി ഒരു വലിയ റ രൂപത്തിൽ ബന്ധിതമാണ്. അങ്ങനെയങ്ങനെ സകല റ കളും അസംഖ്യം റ കളുടെ രൂപത്തിൽ ബന്ധപ്പെട്ടിരിക്കുന്നു." 

'ന്യൂ ജി' അല്ലാത്തതുകൊണ്ടാകാം അദ്ദേഹം സ്ഥലകാല സേതുബന്ധങ്ങളെ റ രൂപത്തിൽ ദർശിച്ചത് (യോഗ താന്ത്രിക സാധകർ ഓരോരോ ഘട്ടത്തിലും ശ്രവിക്കുന്ന ബീജമന്ത്രാക്ഷരങ്ങളെപ്പോലെ. നാരായണ ഗുരുവിന്റെ ബാഹുലേയഷ്ടകം ഉദാഹരണം). അല്ലായിരുന്നുവെങ്കിൽ ഒരു ഇലക്ട്രോണിക് ചിപ്പിലേതുപോലെ തലങ്ങും വിലങ്ങുമുള്ള ബന്ധങ്ങളായാലും ഫലത്തിൽ കുഴപ്പില്ലെന്നു തോന്നുന്നു. എന്നാലും ജയരാമൻ സാറിന്റെ 'റ' പ്രപഞ്ചത്തിനു വിടർത്തിയാടുന്ന മയിൽപ്പീലികളുടേതുപോലുള്ള ചാരുതയുണ്ട്. മാസ്മരികമായ ഊർജ്ജ മയൂര നടനം.

ഡോ. രാജശേഖരൻ നായർ ചിന്തകളുടെ ധർമ്മമായി പറയുന്ന 'സമയസേതുബന്ധ'മായിരിക്കൽ, കേൾക്കുന്ന മാത്രയിൽ തോന്നാവുന്നതിനേക്കാളും ഏറെ സങ്കീർണ്ണമത്രേ. അതിന്റെ വിശദാംശങ്ങളിലേക്കു പോയാൽ അടുത്തെങ്ങും തിരിച്ചുവരാനാവില്ല എന്നറിഞ്ഞു കൊണ്ട് അദ്ദേഹം മനഃപൂർവ്വം പരിമിതപ്പെടുത്തിയതാകണം. മൾട്ടി ഡിമെൻഷനൽ (and continuously changing) ആയിട്ടുള്ള സകലതിനേയും എത്രയോ മാനങ്ങളിൽ പരസ്പരം ബന്ധപ്പെടുത്തികൊണ്ടേയിരിക്കുകയാണ് ചിന്തകൾ. സ്ഥലകാലാതീതമായി വിവിധ മാനങ്ങളെ ബന്ധപ്പെടുത്തുമ്പോൾ ഉണർന്നുവരുന്ന അധിക മാനങ്ങൾ പിന്നെയും.

ചിന്തകളുടെ പ്രകൃതത്തിൽ ഇനിയും വ്യത്യാസങ്ങളുണ്ടെന്നു കാണാം. സ്വയമേവ ഉണ്ടായിമറഞ്ഞുകൊണ്ടിരിക്കുന്നവ; പിന്നെ, നാം ബോധപൂർവ്വം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവ. നാം അറിഞ്ഞുകൊണ്ട് ചെയ്യുന്നതിനെയാണ് പൊതുവെ ചിന്തിക്കുക എന്ന് പറയാറുള്ളത്. അങ്ങനെയെങ്കിലും അതിൽ നിസ്സാരമായ ഒരു അംശം മാത്രമാകാം നമ്മുടെ വരുതിയിലുള്ളത്. എന്നാലും നമ്മുടെ ഇച്ഛ പ്രകാരം നമുക്ക് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ബോധപൂർവ്വം മാറി മാറി പോകാവുന്നതാണ്. അതേസമയം തനിയെ വന്നു പെരുകി മാറി മറിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന വിചാരങ്ങളുണ്ട്. അവയെയാണ് നാം പൊതുവെ 'ചിന്തകൾ' എന്ന് പറയുന്നത്. ചിന്തകൾ എന്ന് പറഞ്ഞാൽത്തന്നെ അവ അനിയന്ത്രിതമായ വിചാരങ്ങളാണ്. അവയുണ്ടാക്കുന്ന പുകിലുകൾ നിസ്സാരങ്ങളല്ല.

ഒരുപക്ഷേ, ഇവയെക്കാളൊക്കെ സൂക്ഷ്മമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചിന്തകളുണ്ടാവണം. വെറും ജൈവസ്പന്ദങ്ങൾ. അവ നമ്മുടെ മസ്തിഷ്കത്തിന്റെ ആധാര വൃത്തികളാകണം. അവയാകട്ടെ കേവലം മസ്തിഷ്കത്തിൽ ഒതുങ്ങി നില്ക്കുന്നവയുമല്ല. കേവലം ഒരു സെന്റിമീറ്റർ പോലും വലിപ്പമില്ലാത്ത ഒരു സിം കാർഡ്, കാഴ്ചയിൽ നിർജ്ജീവമായിരിക്കുന്ന ഒരു പ്ലാസ്റ്റിക് കഷ്ണമാണെങ്കിലും, മൊബൈൽ ഫോൺ എന്ന ഒരു സന്ദർഭം ഒത്തു വന്നാൽ, 'ലോകം കൈപ്പിടിയിലാക്കാൻ' അത് നമ്മെ സഹായിക്കുന്നു. അതിന്റെ പ്രവർത്തന മേഖല ഇത്തിരിപ്പോന്ന ആ ഉപകരണത്തിൽ ഒതുങ്ങി നില്ക്കുന്നതല്ല. അതുപോലെത്തന്നെയാകണം 1350 ഗ്രാം മാത്രം ഭാരമെന്നു പറയപ്പെടുന്ന ഒരു മാംസപിണ്ഡം, പ്രത്യക്ഷത്തിൽ ഒരു അസ്ഥിപാത്രത്തിനുള്ളിലാണെങ്കിലും, പ്രവർത്തന ധർമ്മം കൊണ്ട് അത് സകല പരിധികളേയും ഉല്ലംഖിച്ചുകൊണ്ടു പ്രപഞ്ചത്തോളം സന്നിഹിതമായിരിക്കുന്നു.

എന്നാൽ, ഈ സാധ്യതയുടെ ഒരു വലിയ ശതമാനവും നാം ഒട്ടും തന്നെ പ്രവർത്തനക്ഷമമാക്കുന്നില്ലെന്നാണ് അറിയുന്നവർ പറഞ്ഞുപോരുന്നത്. അവയുടെ പരിമിതമായ പ്രവർത്തനക്ഷമതക്ക് പ്രധാനമായും കാരണമാവുന്നത് വെറുതെ വന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ചിന്തകളത്രേ; നമ്മുടെ നെറ്റ് കണക്ഷന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന malwares പോലെ. മനസ്സിനെ മെരുക്കിക്കൊണ്ട് ചിന്തകളെ നിലക്ക് നിറുത്താമോ? രാജശേഖരൻ നായർ പറയുന്നതുപോലെ 'അത് തന്നെ ഒരു തപസ്യയാകും'. 

അദ്ദേഹം ആ അദ്ധ്യായം അവസാനിപ്പിക്കുന്നത് 'നിശ്ചിന്തനായിരിക്കുന്നത് ശ്രമസാധ്യം മാത്രം' എന്ന് പറഞ്ഞുകൊണ്ടാണ്. 

എന്നാൽ ഇങ്ങനെ ചോദിക്കാൻ തോന്നുന്നു, 'മനസ്സിനെ പരിശീലിപ്പിക്കാൻ ഉണർന്നിരിക്കുന്നത്' ആരാണ്? എന്താണ്? ചിന്തകളുടെ ബാഹുല്യവും രാഹിത്യവും, അവയിലെ സ്ഥൂല സൂക്ഷ്മതകളും അറിയുന്നത് മറ്റൊരു എമണ്ടൻ ചിന്തകൊണ്ടാണോ? പരമമായ ഒരു ഡോപമിൻ റിസെപ്റ്റർ? ജയരാമൻ സർ പറഞ്ഞതുപോലെ ആത്യന്തികമായ ഒരു റ? 

ശ്രമിക്കുമ്പോൾ നിശ്ചിന്തത കൈവരിക്കാൻ സാധ്യമല്ലതന്നെ. അഥവാ സാധിച്ചാൽ തന്നെ അക്ഷരാർത്ഥത്തിൽ പുലിവാല് പിടിച്ചത് പോലെയാകും. പിടിവിട്ടാൽ അന്നേരം ചിന്താവ്യാഘ്രം വിഴുങ്ങിക്കളയും. എന്നാൽ നിശ്ചിന്തനായിരിക്കാൻ തീരെ ശ്രമിക്കാതിരുന്നാലോ? 

ചിന്തകൾ ഇങ്ങനെ വന്നും പോയുമിരിക്കുന്നെന്ന് അറിയുക മാത്രം ചെയ്യുക. അമ്മയുടെ വയറിൽ ചാരിയിരുന്ന്, ദേവന്മാർ താഴോട്ടെറിയുന്ന ഇളന്നീർ തൊണ്ടുകൾ കണ്ടുകൊണ്ടിരിക്കുന്ന കുഞ്ഞു രവിയെപ്പോലെ. അങ്ങനെ വരുമ്പോൾ വെറുതെ വന്നു വീഴുന്ന തൊണ്ടുകൾ പതിയെപ്പതിയെ ഇല്ലാതാവുന്നത് കാണാം. 'സ്ഥലത്തിന്റെ ശൂന്യശിഖരത്തിനു ചുറ്റും കപ്പലോട്ടുന്ന ചൂട്ടൻ കഴുകൻ' മാത്രമേയുണ്ടാവൂ എന്ന പ്രയോഗത്തിന് വിജയനോട് നന്ദി പറഞ്ഞേ മതിയാവൂ.

ഉണർന്നു പൊങ്ങി മാറി മറിഞ്ഞില്ലാതാവുന്ന ചിന്തകളെ വെറുതെ ഇങ്ങനെ അറിയുക മാത്രം ചെയ്തുകൊണ്ടിരുന്നാൽ .. ഉപരിതലത്തിൽ വെറുതെ ഇളകിയാടുന്ന അലകൾ ശമിച്ചെന്നു വരാം. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും നാം നമ്മുടെ സ്ഥാനത്തെ വിദൂരസ്ഥമായ ഏതോ ഒരു സ്വച്ഛ കേന്ദ്രത്തിലേക്ക് പുനഃസ്ഥാപിച്ചിരിക്കുന്നെന്നു കാണാനാകും. കുത്തിമറിയുന്ന ചിന്തകളുടെ കോലാഹലങ്ങളൊന്നും തന്നെ ആ കേന്ദ്രത്തിലേക്ക് എത്തുന്നേയില്ല. ചിന്തകൾ ഒടുങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ നാം 'ചിന്തിക്കാൻ' പ്രാപ്തി നേടുന്നത്.

ചിന്തകളെ നിലക്ക് നിർത്താൻ ശ്രമിക്കുമ്പോൾ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന അവസ്ഥയുമില്ല. എത്ര വേഗത്തിൽ, വെല്ലുവിളികളുയർത്തുന്ന ചെയ്തികളിൽ ഏർപ്പെടുമ്പോഴും നാം നമ്മുടെ സ്വച്ഛ കേന്ദ്രത്തിൽ തന്നെയാണ്. ആത്മീയതയുടെ മേഖലയിൽ ഈ അവസ്ഥയെ സാക്ഷിയാവുക - witnessing- എന്ന് പറയുമ്പോൾ, ന്യൂറോളജിക്കാർ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാൻ കൗതുകമുണ്ട്. അതോ, മെറ്റാ ഫിസിക്സ് എന്നതുപോലെ 'മെറ്റാ ന്യൂറോളജി' എന്ന ഒരു ശാഖക്ക് സാധ്യതയുണ്ടോ ആവോ?