ജീവിതാനുകരണം : പരിധിയും പരിമിതിയും
മാക്സ്പ്ലാങ്ക് അതിപ്രഗത്ഭനായ ശാസ്ത്ര സൈദ്ധാന്തികനായിരുന്നു. ഇന്ന് ഏറെ പരിചിതമായ ക്വാന്റം ഫിസിക്സിലെ 'ക്വാന്റം' എന്ന പദം തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഭൗതിക ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ധാരാളം സ്ഥിരാങ്കങ്ങളും (constants) സിദ്ധാന്തങ്ങളും സമവാക്യങ്ങളുമൊക്കെയുണ്ട്. 'ക്വാന്റ' (quanta) എന്ന ഊർജ്ജ സങ്കല്പത്തിനായിരുന്നു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്, 1918 ൽ.
അദ്ദേഹത്തിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയപ്പെടുന്ന ഒരു കഥയുണ്ട്:
അറ്റോമിക് റേഡിയേഷനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശാസ്ത്രജ്ഞന്മാരുടെയിടയിൽ വലിയ വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ മ്യൂണിക്കിലെ മിക്ക കോളേജുകളിലും സർവ്വകലാശാലകളിലും മറ്റും ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നതിനുവേണ്ടി മാക്സ് പ്ലാങ്കിനെ ക്ഷണിക്കുക എന്നത് പതിവായി.
ഒരുപാടു വേദികളിൽ ആറ്റമിക് റേഡിയേഷനെ അധികരിച്ചുള്ള നിരവധി പ്രഭാഷണങ്ങൾ മാസങ്ങളോളം തുടർന്നു. ഒരേ വിഷയത്തിലുള്ള ഒരേ പ്രഭാഷണം എല്ലായ്‌പ്പോഴും ശ്രവിച്ചുകൊണ്ടിരുന്ന ഒരാൾ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരനും വിശ്വസ്തനുമായ ഡ്രൈവർ ആയിരുന്നു. നൂറുകണക്കിന് പ്രഭാഷണങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ ഒരു ദിവസം അദ്ദേഹത്തിന്റെ ഈ ഡ്രൈവർ പറഞ്ഞു, "പ്രൊഫെസ്സർ പ്ലാങ്ക്, ഒരേ പ്രഭാഷണം ആവർത്തിച്ചാവർത്തിച്ച് നിങ്ങൾക്ക് മടുത്തുകാണില്ലേ? ഞാനൊരു നിർദേശം വെക്കാം. നിങ്ങളുടെ പ്രഭാഷണം കേട്ട് കേട്ട് എനിക്ക് കാണാപാഠമാണ്. നമുക്കൊരു തമാശയൊപ്പിച്ചാലോ? അടുത്ത തവണ നിങ്ങൾക്ക് പകരം ഞാൻ പ്രഭാഷണം നടത്തിയാലോ?"
മാക്സ് പ്ലാങ്കിന് ഈ തമാശ നന്നേ പിടിച്ചു. അടുത്ത പ്രഭാഷണ ഹാളിൽ മാക്സ് പ്ലാങ്ക് ഡ്രൈവറുടെ തൊപ്പിയും വേഷവുമായി പിൻനിരയിൽ സീറ്റു പിടിച്ചു. ഡ്രൈവർ, മാക്സ് പ്ലാങ്ക് എന്ന ഭാവേന വേദിയിൽ കയറി നിന്ന് പ്രഭാഷണം നടത്തുകയും ചെയ്തു. വള്ളിപുള്ളി വിടാതെ, മാക്സ് പ്ലാങ്കിനെപ്പോലെത്തന്നെ അയാൾ കേൾവിക്കാരെ മുഴുവനും ഹരം കൊള്ളിച്ചു.
പ്രഭാഷണം അവസാനിച്ചപ്പോൾ പക്ഷേ കേൾവിക്കാർക്കിടയിൽ നിന്നും ഒരു ശാസ്ത്രജ്ഞൻ കുഴപ്പിക്കുന്ന ഒരു ചോദ്യവുമായി എണീറ്റ് നിന്നു. ഉള്ളിൽ ഒന്ന് കിടുങ്ങിയെങ്കിലും, തികഞ്ഞ ആത്മവിശ്വാസം അഭിനയിച്ചുകൊണ്ട് ഡ്രൈവർ പറഞ്ഞു, "മ്യൂണിക് പോലുള്ള ഒരു നഗരത്തിൽ ഇത്രക്കും നിസ്സാരമായ ഒരു ചോദ്യം ഉയർന്നുവരിക എന്നത് തന്നെ അവിശ്വസനീയമാണ്. അത്രക്കും ലളിതമായ ഈ ചോദ്യം ഞാൻ എന്റെ ഡ്രൈവറിനു വിടുന്നു. അയാൾക്ക് പറയാവുന്നതേയുള്ളൂ അതിന്റെയുത്തരം."
പലപ്പോഴും ഇതുപോലുള്ള സംഭവ കഥകൾ ഉദ്ധരിക്കപ്പെട്ടുകാണുന്നത്, ഒരു വിഷയത്തിൽ പ്രാവീണ്യം നേടുന്നതിനെപ്പറ്റി പരാമർശിക്കുമ്പോഴാണ്. അല്ലെങ്കിൽ പുതിയ ഒരു വിദ്യ പഠിച്ചെടുക്കുന്ന കാര്യത്തിൽ. ആയോധന കല, സംഗീതം ഇത്യാദികളാവട്ടെ, ഒരു പുതിയ ചിന്താ-ദർശന-പദ്ധതിയാവട്ടെ, അത് സ്വായത്തമാക്കുന്നതിനുള്ള ശ്രമത്തിൽ അനുകരണത്തിന്റേതായ ഒരു വലിയ ഘട്ടമുണ്ട്.
ജപ്പാൻകാരുടെ 'ഗെയ്‌ദോ' - geido - എന്ന സമീപനം ഏതൊരു വിദ്യയേയും സ്വായത്തമാക്കുന്നതിലുള്ള വിവിധ ഘട്ടങ്ങളെപ്പറ്റിയാണ്. അതിൻപ്രകാരം ഏതൊരാളും ഒരു സംഗതിയിൽ പ്രഗത്ഭനായി, ആ മേഖലയിലെ ഗുരുവായി വിളങ്ങുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒന്നാമതായി തന്റെ ഇഷ്ട വിഷയത്തോടുള്ള പ്രതിജ്ഞാബദ്ധത. ഒട്ടുവളരെ നിതാന്ത പരിശ്രമം ആവശ്യമുള്ള ഘട്ടമാണിത്. രണ്ടാമത്തെ ഘട്ടം തന്റെ ഗുരുവിനെ, അല്ലെങ്കിൽ ആ മേഖലയിൽ ഗുരുതുല്യരായുള്ളവരെ, അനുകരിക്കുക എന്നതാണ്. അവർ എങ്ങനെയാണ് ലോകത്തെ നോക്കിക്കാണുന്നത് എന്ന് അറിയാൻ ശ്രമിക്കുകയും അതിനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഒട്ടുവളരെ ഹൃദയൈക്യം സംഭവിക്കുന്ന ഒരു വേളയാണിത്. എങ്ങനെയെങ്കിലും മറ്റൊരാൾ ചെയ്യുന്നതുപോലെ കാട്ടിക്കൂട്ടുക എന്നല്ല, തന്റെ ഗുരുവിന്റെ സത്തയെ അടിമുടി അപഹരിക്കാനുള്ള ശ്രമമാണ്, സ്നേഹാധിക്യം കൊണ്ട്.
മൂന്നാമത്തേത്, ഗുരുവിന്റെ നിഴലിൽ നിന്നും, അനുകരണത്തിന്റെ മൂടുപടത്തിൽ നിന്നും, അയാൾ പുറത്തുവരുന്നതാണ്. ഒരുപക്ഷേ അപ്പോൾ ഗുരുവിൽ നിന്നും അയാളിൽ ഏറെ വൈജാത്യം സംഭവിച്ചുകാണും. ഒരുപക്ഷേ അയാൾ ഗുരുവിനോളം തെല്ലും പ്രഗത്ഭനായിട്ടുണ്ടാവില്ല, പക്ഷേ അയാളിൽ ഇപ്പോൾ പ്രസരിക്കുന്നതെന്തോ അത് തികച്ചും മൗലികമായിട്ടുള്ളതായി രിക്കും.
സവിശേഷമായ വിദ്യയഭ്യാസമെല്ലാം അവിടെ നില്ക്കട്ടെ. ജീവിതമെന്ന കല - yes, the art of living - എത്രത്തോളം അനുകരണാത്മകമാണ്? കടമെടുത്ത വിവരശേഖരങ്ങളെക്കൊണ്ട് എവിടം വരെ നമുക്ക് സഞ്ചരിക്കാനാവും? അനുകരണത്തെക്കൂടാതെ നമുക്ക് ജീവിതമുണ്ടോ?
ഒരു കുഞ്ഞ് പിച്ചവെച്ചു തുടങ്ങുന്നത് അനുകരണത്തിലൂടെയല്ലെന്നുണ്ടോ? തീർച്ചയായും അനുകരണം തന്നെയാണ്. എന്നിട്ടും പക്ഷേ അതിൽ സൗന്ദര്യം തുളുമ്പി നില്ക്കുന്നത് ആ അനുകരണമത്രയും മൗലികതയിലേക്കുള്ള പ്രേരണയായാണ് വർത്തിക്കുന്നത് എന്നതുകൊണ്ടാണ്. കുറേ വളർന്നു കഴിയുമ്പോൾ അതേ കുഞ്ഞിന്റെ ചേഷ്ടകളോ പെരുമാറ്റങ്ങളോ മടുപ്പുളവാക്കുന്നുണ്ടെങ്കിൽ, അപ്പോഴത്തെ അവന്റെ അനുകരണങ്ങളത്രയും മൗലികതയെ ഒഴിവാക്കുന്നതിനു വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്നതുകൊണ്ടാകാം.
ജീവിതത്തിൽ ഒരു ഘട്ടം വരെയെങ്കിലും മറ്റുള്ളവരെ അനുകരിക്കേണ്ടി വന്നേക്കാം എന്ന് വിചാരിക്കുന്നവരുണ്ട്. കാലദേശബന്ധിയായ ജീവിതത്തിന്റെ പുറംപാളികളെ സംബന്ധിച്ച് അത് ശരിയാണെന്ന് തോന്നാം (അങ്ങനെയല്ലെങ്കിലും). ജീവിതത്തിന്റെ തികച്ചും വൈയക്തികമായ - individual - അകക്കാമ്പിനെ അപേക്ഷിച്ച് അനുകരണത്തിന്റേതെന്നു തോന്നിക്കുന്ന ഓരോ നിമിഷത്തിലും മൗലികതയുടെ ചോദ്യങ്ങളുയരുന്നുണ്ട്; ഒരുപക്ഷേ, മാക്സ്പ്ലാങ്കിന്റെ ഡ്രൈവർ നേരിട്ടതുപോലെ ഒരു കുനുഷ്ട് ചോദ്യമെങ്കിലും. അപ്പോഴൊക്കെയും പക്ഷേ നമ്മുടെ പ്രവണത പിൻസീറ്റിലിരിക്കുന്ന ആരുടെയെങ്കിലും നേരെ ആ ചോദ്യത്തെ തള്ളിവിടുകയെന്നതാണ്. പിൻ സീറ്റിൽ നിന്ന് സാക്ഷാൽ മാക്സ്പ്ലാങ്ക് തന്നെ ഉത്തരം പറഞ്ഞാലും നമ്മുടെ അകം പൊള്ളയായിത്തന്നെ തുടരും.
അനുകരണത്തിലൂടെ ആരും വളർച്ച പ്രാപിക്കുന്നില്ല; വയസാവുക മാത്രമേ സംഭവിക്കുന്നുള്ളൂ. ജീവിതം കൂടുതലും ഒരു അനുകരണപ്രവൃത്തിയാവുമ്പോഴാണ് നാം അതിനെ പഴക്കം കൊണ്ട് അളക്കുന്നത്; അത്രയും വർഷത്തെ വളർച്ചകൊണ്ട് അളക്കുന്നതിനു പകരം.
അതുകൊണ്ടാണ്, സാമൂഹികതയിൽ കുളിച്ചു നില്ക്കുന്നവർ മഹാന്മാരെ അനുകരിക്കൂ എന്ന് പറഞ്ഞു നടക്കുമ്പോൾ (ക്രിസ്തുവായാലും ബുദ്ധനായാലും), "If you meet Buddha on the way, Kill him" എന്ന് സെൻ ഗുരുക്കന്മാർ കാരുണ്യപൂർവ്വം ആക്രോശിക്കുന്നത്.