Featured Post

Friday, December 20, 2024

ഉണർവിലേക്കുള്ള പടവുകൾ - 55



                                      കണ്ണാടിയിലെ സ്ഥല കാലങ്ങൾ 


'ഉണർവിലേക്കുള്ള പടവുകൾ' എന്ന ഈ പംക്തി, വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിൽ ഉണർവിനെ മനസ്സിലാക്കുക എന്ന അർത്ഥത്തിലാണ്; ഉണർവിലേക്ക് ധാരാളം പടവുകളുണ്ട് എന്ന അർത്ഥത്തിലല്ല. ഉണർവിലേക്ക് 'ഉണരുക' എന്ന ഒരൊറ്റ പടവേയുള്ളൂ, a rebellious step of understanding. എന്നിട്ടും പക്ഷേ, മിക്കപ്പോഴും തോന്നുക അതെങ്ങനെയോ സംഭവിക്കുന്നു എന്നാണ്. നമ്മുടെ ശീലിച്ചുവശായ യുക്തിവിചാരങ്ങളെക്കൊണ്ട് നമുക്കത് വേണ്ടപ്പോൾ സാധിച്ചെടുക്കാം എന്ന് തോന്നുന്നില്ല. അതേസമയം യുക്തിനിഷേധങ്ങൾ അതിനൊരു വാഗ്ദാനമാകുന്നുമില്ല. Higher Dimensional mathematics പോലെ, നമ്മുടെ മനോലോകത്തിനു വഴങ്ങാത്ത മറ്റേതോ യുക്തികളിലാകണം അത്തരം ചില ഗ്രാഹ്യങ്ങൾ സംഭവിച്ചുപോകുന്നത്. ചില ഒഴികഴിവുകൾ, ചില നിമിത്തങ്ങൾ - excuses, അതിലേക്കു വഴിവെക്കാറുമുണ്ട്; ചില രാസപ്രവർത്തനങ്ങൾക്കിടയിൽ നിശബ്ദമായി നിലകൊള്ളുന്ന രാസത്വരകങ്ങൾ പോലെ. 

ഗാഢമായ ചില ഉണർച്ചകൾക്ക് സാക്ഷ്യം വഹിച്ച നിമിത്തങ്ങളെപ്പറ്റി നാം  ധാരാളം കേട്ടിട്ടുണ്ട് - പുലർവെളിച്ചത്തിലേക്ക് അപ്രത്യക്ഷമാകുന്ന ധ്രുവ നക്ഷത്രത്തിന്റെ സൗമ്യ ദീപ്തിയിൽ സിദ്ധാർത്ഥൻ ബുദ്ധനായിത്തീർന്നുവത്രേ. ഏതോ വൃക്ഷത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഉണക്കിലകൾ ലാവോത്സുവിനെ മറ്റൊരു ശാന്തിതീരത്തേക്ക് ഉണർത്തിയത്രേ. പുലരിക്കുമുൻപേ കാതിൽ വന്നു വീണ ഒരു കാക്കക്കരച്ചിലോടെയാണ് സെൻ ഗുരു ഇക്കിയു ബുദ്ധത്വത്തെ പ്രാപിച്ചത്. വളകിലുക്കം ഒരു ബഹളമായി തോന്നിയ വേളയിൽ, തന്റെ വളകൾ ഒരോന്നായി ഊരി മാറ്റിക്കൊണ്ടിരുന്ന ഒരു പെൺകുട്ടി….  ഒരൊറ്റ വള മാത്രമായപ്പോൾ പിന്നെ മൗനമാണല്ലോ എന്നറിഞ്ഞ് സന്തോഷിക്കുന്ന ആ കുട്ടിയെ കണ്ടുനിന്ന ഒരവധൂതൻ ആ നിമിഷം തന്നെ ഉണർവിലേക്കുണർന്നുവത്രേ! ഒരു സന്ധ്യക്ക്‌ അങ്ങാടിയിലേക്ക് നടക്കുകയായിരുന്ന ഒരു സാധാരണക്കാരന് ബോധപ്രാപ്തിയുണ്ടായത്, വഴിയരികിലെ ഏതോ ഒരു വീട്ടിൽ നിന്നും ആരോ ആലപിച്ച 'വജ്രസൂത്രസാരം' (ബുദ്ധന്റെ വജ്രസൂത്രങ്ങൾ) കേട്ടുകൊണ്ടായിരുന്നു. ഉണർവിന്റെ മുഹൂർത്തങ്ങൾ നിറയെ കേവലം നിമിത്തങ്ങളാണ്; അതുകൊണ്ടുതന്നെ കാര്യ കാരണങ്ങളെ മറികടന്നുകൊണ്ട് അവ ശാസ്ത്രത്തെ അമ്പരപ്പിക്കുന്നു.


മനസ്സെന്ന കോലാഹലം അബദ്ധത്തിലെന്നോണം ഒഴിഞ്ഞുനില്ക്കാറുണ്ട് ചിലപ്പോൾ. മിക്കപ്പോഴും നാം അത് അറിയാറുപോലുമില്ല. അപൂർവങ്ങളായ വിസ്മയങ്ങളിലോ, ചില അപകടസന്ധികളിലോ, ആനന്ദാതിരേകത്തിന്റേതായ ചില നിമിഷങ്ങളിലോ മറ്റോ, മനസ്സ് അതിന്റെ നിലനില്പിനെത്തന്നെ മറന്നുപോകുന്നതുപോലെ. മൂടിക്കെട്ടിയ കാഴ്ചകൾ പരിചിതമായ നമുക്ക്, പെട്ടെന്ന് വീണുകിട്ടിയ ചില തെളിച്ചങ്ങൾ തിരിച്ചറിഞ്ഞോളണമെന്നില്ല. അവിടെയാണ് നേരത്തെ സൂചിപ്പിച്ച 'നിമിത്തങ്ങൾ' പ്രസക്തങ്ങളാവുന്നത്. എത്ര കണ്ടുപഴകിയ കാഴ്ചയും, എത്ര കേട്ട് പഴകിയ വാക്കും അത്തരം മുഹൂർത്തങ്ങളിൽ സവിശേഷങ്ങളായ ചില ദൗത്യങ്ങൾ നിർവഹിക്കുന്നു. 


                               *                            *                            *


വഴിയരികിൽ സ്വന്തം വാഹനത്തിൽ ആരെയോ കാത്തുനിന്നിരുന്ന അയാൾ അങ്ങനെയാണ് വാഹനത്തിന്റെ പിൻകാഴ്ചക്കുള്ള കണ്ണാടിയിൽ - rear view mirror - ഇങ്ങനെയൊരു വാക്യം വായിച്ചെടുത്തത് : OBJECTS IN THE MIRROR ARE CLOSER THAN THEY APPEAR.

അങ്ങനെയാണോ? അതൊരു പരന്ന കണ്ണാടിയല്ലാത്രേ! അതുകൊണ്ട് കണ്ണാടിയിൽ പ്രതിഫലിച്ചുകാണുന്ന വസ്തുക്കളൊക്കെയും അതിൽ കാണുന്നതേക്കാൾ അരികിലാണ് പോലും! കഴിഞ്ഞ കുറേ വർഷങ്ങളിൽ എത്രയോ ആയിരം തവണ ഇതേ കണ്ണാടിയിൽ നോക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ഈ വാക്യം കണ്ടിട്ടുണ്ട്. ഇതിപ്പോൾ ആർക്കാണറിയാത്തത്? അതുകൊണ്ടുതന്നെ പിന്നീടൊരിക്കലും കണ്ണാടി നോക്കുമ്പോഴൊന്നും ഇങ്ങനെയൊരു വാക്യം അതിലുണ്ടെന്ന് കാണാറുപോലുമില്ല.


കാത്തിരിപ്പിന്റെ മുഷിവുകൊണ്ടാകാം, വാട്ട്സാപ്പോ യൂട്യൂബൊ തുറക്കാൻ തോന്നാത്തത്. അതുകൊണ്ടാകാം, ഒട്ടും കഥയുള്ള സംഗതിയല്ല എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും കണ്ണാടിയിലെ ആ വാക്യത്തിൽത്തന്നെ കണ്ണുകളുടക്കുന്നു. ശരിക്കും അങ്ങനെത്തന്നെയാണോ, കണ്ണാടിയിലെ വസ്തുക്കൾ വിചാരിക്കുന്നതേക്കാൾ അരികിലാണോ? വർത്തുള പ്രതലങ്ങളിൽ പ്രതിഫലിക്കുന്നവയെല്ലാം അങ്ങനെയത്രേ. ഈ പ്രപഞ്ചത്തിൽ വർത്തുളമല്ലാത്ത പ്രതലം എവിടെയുണ്ട്? സങ്കല്പത്തിൽ മാത്രം. ഒട്ടുമിക്കവാറും സന്ദർഭങ്ങളിൽ നാം പക്ഷേ പരന്ന പ്രതലങ്ങളുടെ വർത്തുളതയെ കണക്കിലെടുക്കുന്നില്ലെന്നുമാത്രം.


ബോധത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന അനുഭൂതി വസ്തുക്കളെല്ലാം
വിചാരിക്കുന്നതേക്കാൾ അരികിലാണോ? അതോ അകലെയാണോ? ചിലതെല്ലാം എപ്പോഴും അകലെയാണെന്നു തോന്നിപ്പോകുന്നു. സന്തോഷം, സംതൃപ്തി, സമാധാനം എന്നിവ. കയ്യകലത്തിലെന്നു കരുതി പിടിക്കാൻ ചെല്ലുമ്പോൾ മാരീചനെപ്പോലെ എങ്ങോട്ടോ ഓടിയകലുന്നു. അതേസമയം മറ്റു ചിലവ, ജരാനരകൾ, ദാരിദ്ര്യം, രോഗങ്ങളും ദുരിതങ്ങളും, മരണം എന്നിവയെല്ലാം തന്റെ കണ്ണാടിയിൽ ഏത്രയോ ദൂരെയാണെന്നാണ് വിചാരിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും നോക്കാത്തതുകൊണ്ടാകാം, അവ തൊട്ടടുത്തുതന്നെയാണുള്ളത് എന്ന് വരുമോ?


ബുദ്ധന്റേതായി പറയപ്പെടുന്ന ഒരു വാക്യമുണ്ട് - 'The trouble is, you think you have time.’ ( അക്ഷരാർത്ഥത്തിൽ ഇത് Jack Kornfield എന്ന ഒരാൾ ബുദ്ധവചനങ്ങളെ സ്വംശീകരിച്ചെഴുതിയ ഒരു വാക്യമാണ്.) പണ്ട് മഹാഭാരതത്തിൽ, ഭീമൻ 'എന്റെ ജ്യേഷ്ഠൻ കാലനെ തോല്പിച്ചിരിക്കുന്നു' എന്ന് കൂകി വിളിച്ചുകൊണ്ട് യുധിഷ്ഠിരനെ കളിയാക്കിയതും ഇതേ സമയത്തിന്റെ കാര്യം പറഞ്ഞുകൊണ്ടാണ്. 

നമുക്കിഷ്ടമില്ലാത്തവയെല്ലാം അങ്ങ് ദൂരെയാണെന്നാണ് നമ്മുടെ കണ്ണാടിയെ നാം വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഏറ്റവും അടുത്തിരിക്കുന്നതിനെ, അങ്ങനെയൊരു സംഗതിയേയില്ല എന്ന മട്ടിൽ നാം കണ്ടില്ലെന്നു നടിക്കുന്നു. അതുകൊണ്ടാണ് ബോധത്തിന്റെ കണ്ണാടിയിൽ നാം മരണത്തിന്റെ നിഴൽ പോലും ദർശിക്കാൻ കൂട്ടാക്കാത്തത്. അല്ലാത്തപക്ഷം, അകക്കണ്ണാടിയിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോഴേക്കും കാണാനാകും, ദാ മരണമാണ് തൊട്ടുപിന്നിലുള്ളതെന്ന്. സകലതും സദാ മാറിമറിയുന്നത് നമ്മുടെ കണ്ണാടിയിൽ തെളിഞ്ഞുകാണുക തന്നെ ചെയ്യുന്നുണ്ട്. എന്നിട്ടും പക്ഷെ നാം മനഃപൂർവ്വം വിചാരിക്കാൻ ഇഷ്ടപ്പെടുന്നു, സകലതും മാറാതെ നമ്മോടൊപ്പം സുരക്ഷിതമാണെന്ന്. അഥവാ എന്തെങ്കിലും സംശയമുണ്ടായാൽ അപ്പോൾത്തന്നെ സ്വയം സമാധാനിച്ചുകളയും, ഇവിടെ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും അകത്തുള്ള ആത്മാവുണ്ടല്ലോ, അത് അനശ്വരമാണെന്ന്. 



ബോധത്തിന്റെ കണ്ണാടിയിലേക്ക് കണ്ണ് തുറന്നു നോക്കാൻ നാം ഭയക്കുന്നുണ്ടോ? അവയിലെ പ്രതിബിംബങ്ങളെ നാം നമുക്കിഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കുന്നത്, നാം സത്യത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നതുകൊണ്ടാണോ? എല്ലായ്‌പ്പോഴും ഒപ്പമുണ്ടെന്നറിയുന്ന നശ്വരതയെ മറക്കാൻ മെനക്കെടുന്നതുകൊണ്ടാണോ, വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു കണ്ണാടിക്കഷ്ണത്തിലെങ്കിലും, ജീവസംബന്ധിയായ സത്യമെന്ന നിലയിൽ ഇങ്ങനെയൊരു ഓർമ്മപ്പെടുത്തൽ എഴുതിവെച്ചിരിക്കുന്നത്! (ഈ വാക്യം രചിച്ചയാൾക്ക് നന്ദി!)


ഉറക്കം നടിക്കുന്നവർക്ക് അത് വെറും ട്രാഫിക് ചട്ടങ്ങളുടെ ഭാഗമാണ്. ഉണരേണ്ടുന്നതിന്റെ urgency മനസ്സിലാകുന്നവർക്കാകട്ടെ, തീർത്തും ജൈവമായ അവബോധ സൂചകമാണ് ഒരു rear view കണ്ണാടി പോലും. കണ്ണും കാതും തുറന്നുവെക്കുക, അകത്തും പുറത്തുമുള്ള സർവ്വവും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു, ‘OBJECTS IN THE MIRROR ARE CLOSER THAN THEY APPEAR.’ ഉണർന്നുകഴിയുമ്പോഴാകട്ടെ, വീണ്ടും അതേ കണ്ണാടി നമ്മോടു പറയും, ആനന്ദവും സംതൃപ്തിയുമെല്ലാം നാം വിചാരിക്കുന്നതേക്കാൾ അരികിലാണെന്ന്, ഒരുവേള നമുക്കിടയിൽ ഒട്ടും അകലമില്ലെന്ന്.