അനിശ്ചിതത്വത്തെ പുണരുക
ആവശ്യമുള്ള എല്ലാ രേഖകളും കൊടുത്തുവെച്ചിട്ടുണ്ടെങ്കിലും ലോൺ ശരിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. അത് ശരിയായില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഇതുവരെ മുടക്കിയതെല്ലാം വെറുതെയാകുമോ ആവോ?
ബയോപ്സി റിപ്പോർട്ട് ഇന്ന് വൈകീട്ട് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണ് ഡോക്ടർ സമാധാനിപ്പിക്കുന്നത്. കുഴപ്പുണ്ടാവില്ലെങ്കിൽ പിന്നെ ടെസ്റ്റിന് അയക്കേണ്ടതില്ലായിരുന്നല്ലോ. അപ്പോൾ പിന്നെ? അറിയില്ല. ബയോപ്‌സിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ...മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ആകെ ഇരുട്ടാണ്, ഇരുട്ട് മാത്രം. ഇതൊക്കെ ആർക്കാണ് പറഞ്ഞാൽ മനസ്സിലാവുക!
രണ്ടാമത്തവളുടെ ക്‌ളാസ് ടീച്ചർ അത്യാവശ്യമായി വിളിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ്. ഇത്തവണ അവൾ എന്താണ് ഒപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. കുറച്ചു നാളായി അവളുടെ കാര്യങ്ങൾ മൊത്തം അവതാളത്തിലാണ്. വഴക്കു പറയാനും ഉപദേശിക്കാനുമൊക്കെയല്ലേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാനാണ്? കൊല്ലാൻ പറ്റില്ലാലോ? മയക്കു മരുന്നാവാതിരുന്നാൽ മതിയെന്നേ പ്രാർത്ഥനയുള്ളൂ. നാല് മണിക്ക് സ്കൂളിൽ എത്തണമെങ്കിൽ ഉച്ചക്ക് ലീവ് പറയണം. മാനേജരുടെ വായിലിരിക്കുന്നത് കേൾക്കാൻ കിടക്കുന്നതേയുള്ളൂ.
അവനൊരു മെസേജ് അയച്ചിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞല്ലോ! എന്താണാവോ പ്രശ്നം. ഇവിടന്ന് അങ്ങോട്ട് ഒരു മെസേജ് എത്തുന്നതിന് മുൻപേ റെസ്പോൺസ് വരാറുള്ളതാണ്. അവന്റെ ഫോൺ പക്ഷേ ഓൺലൈനിൽ ഉണ്ട്. ഇനിയിപ്പോൾ...ഏയ് അങ്ങനെയൊന്നുമാവില്ല..
ദൈനം ദിന ജീവിതത്തിലെ എല്ലാ നിമിഷങ്ങളും അനിശ്ചിതത്വത്തിൽ മാത്രം മുങ്ങിനില്ക്കുന്നവയാണ്. ചെയ്തികളുടെ നിർവ്വഹണത്തിനു വേണ്ടി ഓരോന്നിന്റെയും ചുറ്റിലുമുള്ള അനിശ്ചിതത്വത്തിന്റെ ചുഴികളെ നാം മനഃപൂർവ്വം മറന്നുകളയുന്നുവെന്നു മാത്രം; നിർഭാഗ്യവശാൽ.
എത്ര വലിയ ദുരന്തവും എത്ര വലിയ കഷ്ടപ്പാടും ദുഃഖവുമൊക്കെ എങ്ങനെയെങ്കിലും നേരിടാവുന്നതേയുള്ളൂ. അതേസമയം നിശ്ചയമില്ലായ്കയാണ്, uncertainty, ജീവിതത്തിലെ സ്വാസ്ഥ്യത്തെ കാർന്നു തിന്നുന്നത്. നിസ്സാരമായ ഒരു മെസേജ് മുതൽ അതങ്ങനെയാണ്.
ഒരു വാട്സ്ആപ് മെസേജ് വരാൻ, പ്രതീക്ഷിച്ചതിലും ഒരു മിനിറ്റ് വൈകിയാൽ തീരുന്നതേയുള്ളൂ നമ്മുടെ സമാധാനം. ഒരുപക്ഷേ അപ്രതീക്ഷിതമായി വന്നു കയറുന്ന ഒരു മെസേജിൽ തീരുന്നതാവാനും മതി ജീവിതത്തിലെ ശാന്തിയും സമാധാനവുമെല്ലാം. ജീവിതത്തിലെ ദുരിതപർവ്വമെന്നത് അനിശ്ചിതത്വമല്ലാതെ മറ്റെന്താണ്?
തീരെ നിശ്ചയമില്ലാത്ത ഒന്ന് എന്നെണ്ണുമ്പോഴും, ഒരുപക്ഷേ മരണമാണ് താരതമ്യേന അനിശ്ചിതത്വത്തെ പ്രതി കുറവ് ദുരിതം നല്കുന്നത്. എന്തുകൊണ്ടെന്നാൽ, ആത്യന്തികമായി ഒരു ദിവസം മരിക്കുമെന്നുള്ള ഒരുറപ്പ്, ഓർക്കാൻ ഇഷ്ടപ്പെടാഞ്ഞിട്ടും, ഒളിച്ചു നടക്കുന്ന ഒരു സോഫ്റ്റ് വെയർ അപ്‌ഡേഷൻ പോലെ പിന്നാമ്പുറത്ത് എവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അനിശ്ചിതത്വം എങ്ങനെയാണ് ദുരിതകാരണമാകുന്നത്? അടിസ്ഥാനപരമായി, മനസ്സുമായി നടക്കുന്ന ഒരു സംഘട്ടനത്തിന്റെ തിക്തഫലമാണതെന്ന് അറിയേണ്ടിവരും. എന്തെന്നാൽ, ഒരല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്ത്വത്തെപ്പറ്റി കുറച്ചെങ്കിലും ഗ്രാഹ്യമുണ്ടാവാതിരിക്കില്ല. മനസ്സ് എന്ന പ്രതിഭാസം പക്ഷേ, സുനിശ്ചിതത്ത്വത്തിൽ - certainty - ശാഠ്യം പിടിക്കുന്ന ഒന്നാണ്.
മനസ്സിന് പ്രവർത്തിക്കണമെങ്കിൽ ഒരു കേന്ദ്രമുണ്ടായേ തീരൂ. ജീവിതത്തിന്റെ
പ്രകൃതമനുസരിച്ചാകട്ടെ, ഇക്കാണുന്ന ബൃഹത്പ്രപഞ്ചത്തിനാകട്ടെ, ഒരു കേന്ദ്രം സാധ്യമല്ല തന്നെ. ഭൗതിക ശാസ്ത്രജ്ഞരും അത് തന്നെയാണ് പറയുന്നത്. ഈ രണ്ടു വസ്തുതകളും ഒരേസമയം ഓർമ്മിക്കപ്പെടുന്നില്ലെങ്കിൽ, ആന്തരികമായ കലഹമാണ് ഫലം. നിത്യജീവിതത്തിൽ നാം വശം കെടുന്നത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കലഹം മൂലമാണ്.
ഇലക്ട്രോണുകൾ മുതലായ അടിസ്ഥാന കണങ്ങൾ മുതൽ സകലതും സന്ദിഗ്ധമാണ്, uncertain. ഹീസൻബെർഗ് എന്ന ശാസ്ത്രജ്ഞൻ 'uncertainty principle' മുന്നോട്ടു വെക്കുമ്പോൾപോലും ശങ്കിച്ചിട്ടുണ്ടാവണം. അല്ലാത്തപക്ഷം അതിൽ സ്വതേ ഒരു വൈരുദ്ധ്യം വന്നുചേരുമായിരുന്നു.
അത് മാത്രമല്ല, തന്റെ സന്ദിഗ്ധതകളിൽ അദ്ദേഹം എത്രത്തോളം സ്വസ്ഥനായിരുന്നു എന്നിടത്താണ് കാര്യം. ഇലക്ട്രോണുകളും ആറ്റവുമൊക്കെ 'ഒരു നിശ്ചയവുമില്ലയൊന്നിനും' എന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കേ, പാദം നിലത്തുവെക്കാൻ അദ്ദേഹം ശങ്കിച്ചുകാണാൻ വഴിയില്ലല്ലോ. ഒരു കപ്പു ചായ ചുണ്ടോടടുപ്പിക്കാൻ അദ്ദേഹം കുഴങ്ങിക്കാണില്ല എന്നുറപ്പ്. അടിസ്ഥാന കണങ്ങളിൽ തുടങ്ങുന്ന അനിശ്ചിതത്വം, ജീവിതമാകമാനം പടർന്നുകിടക്കുന്നു എന്ന് അറിയുന്നതോടെ, നിത്യജീവിതത്തിലെ കൊച്ചുകാര്യങ്ങളിൽ സുനിശ്ചിതമായി ഇടപെടാൻ എളുപ്പമായി.
ജോൺ കീറ്റ്‌സ് എന്ന കവി നടത്തിയ ഒരു പ്രയോഗം പ്രസിദ്ധമാണ് - 'Negative capability.' അനിശ്ചിതത്വത്തിൽ സ്വസ്ഥനായി കഴിയാനുള്ള കഴിവ്. ജോൺ കീറ്റ്സും ഹീസെൻബെർഗുമെല്ലാം വ്യക്തിജീവിതത്തിൽ എത്രത്തോളം സ്വസ്ഥരായിരുന്നു എന്ന് അവർക്കു മാത്രമേ അറിയൂ. എന്നാലും രണ്ടുപേരിലും അനിശ്ചിതത്വത്തെ ആലിംഗനം ചെയ്യാനുള്ള ശ്രമം പ്രകടമായിരുന്നു എന്ന് വേണം വിചാരിക്കാൻ.John Keats
ജീവിതത്തിന്റെ പ്രഥമഭാവം അനിശ്ചിതത്വമാണെന്ന് അറിയുക. അതറിയാൻ, ഗ്രന്ഥപ്പുരകൾ കയറി നിരങ്ങേണ്ടതില്ല; ജീവിതത്തിൽ നിന്നും മുഖം തിരിക്കാതിരിക്കുകയേ വേണ്ടൂ. ജീവിതത്തിൽ നിന്നും ഓടിയൊളിക്കാതിരിക്കുകയേ വേണ്ടൂ. അപ്പോൾ മനസ്സിലാവും കാര്യങ്ങൾ 'നാം വിചാരിച്ചതു പോലെ' നടക്കാതെ വരുമ്പോൾ, സത്യത്തോട് നാം കൂടുതൽ അടുത്തുനില്ക്കുകയാണെന്ന്. ജീവിതത്തിൽ നിസ്സാരമായ ഒരു നിമിഷത്തിൽ പോലും നമുക്ക് പിടികിട്ടാത്ത എത്രയോ മാനങ്ങൾ - dimensions - ഒളിഞ്ഞുകിടക്കുന്നു. നാം വിചാരിച്ചതുപോലെ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിട്ടും പക്ഷേ നാം വിചാരിച്ചതുപോലെത്തന്നെ അത് സംഭവിക്കുന്നെങ്കിൽ, നമ്മുടെ ഗ്രാഹ്യങ്ങൾ തീരെ അപര്യാപ്തമാണെന്ന് വിനയം കൊള്ളുക. ആ വിനയം ഒന്ന് മാത്രമാണ് ഓരോ ചെയ്തിയിലും സുതാര്യത കൊണ്ട് വരുന്നത്. അല്ലാത്തപക്ഷം, നിശ്ചയമില്ലാത്ത പ്രപഞ്ചത്തിൽ, നിശ്‌ചയമല്ലാത്ത ഒരു വ്യക്തിരൂപം, നിസ്സാരമായ ഒരു സംഗതി സുനിശ്ചിതമാകാൻ വേണ്ടി ശഠിക്കുക എന്ന വിഢ്‌ഡിത്തത്തെ ജീവിതമെന്നു വിളിക്കേണ്ടി വരും.
'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന് ആശങ്കപ്പെടുകയല്ല വേണ്ടത്; അതൊരു ഉൾക്കാഴ്ചയുടെ നിറവാകട്ടെ. അനിശ്ചിതത്വത്തെ നിശ്ചിതമാക്കാനുള്ള വിഡ്ഢിത്തം, തെരുതെരെ വന്നുകൊണ്ടിരിക്കുന്ന തിരമാലകളെയെല്ലാം അടക്കിയൊതുക്കി അക്കമിട്ടറിയാനുള്ള ശ്രമം പോലെയാണ്.
Embrace uncertainty. അനിശ്ചിതത്വത്തെ പുണരുക. പ്രതിരോധങ്ങളഴിഞ്ഞുപോകട്ടെ. നഷ്ടപ്പെടാൻ ദുരിതങ്ങൾ മാത്രമേയുള്ളൂ.