ആകാശത്തിന്റെ നിറം
ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ഭാവം അത് കൊണ്ടെത്തിക്കുന്ന വിസ്മയത്തിന്റേതാണ്. അതിനു പുറത്ത് വിചാരങ്ങൾക്ക് കരുപ്പിടിക്കാൻ ആവാത്ത വിധം അത് കണ്ണഞ്ചിപ്പിക്കുന്നതോ മൗനത്തിൽ മുങ്ങിനിൽക്കുന്നതോ ആയിരിക്കും. ജീവിതം ഒരു ലഹരിയാണെന്ന് പലപ്പോഴും പറയേണ്ടി വരുന്നത് ഓരോ നിമിഷവും അത് സാഫല്യത്തെ പുണരുന്നതുകൊണ്ടാണ്; പിന്നെയും പിന്നെയും വേണമെന്ന് തോന്നിക്കുന്നതുകൊണ്ടല്ല.
ജീവിതത്തെ ആർത്തിയോടെ സമീപിക്കുന്നവരാണ് നാം ഒട്ടുമിക്കപേരും. ജീവിതത്തിൽ മടുപ്പും, അതിനെ അവസാനിപ്പിക്കാനുള്ള ത്വരയും, ഈ ആർത്തിയുടെ വിപരീത ദിശയിലുള്ള പ്രതികരണം മാത്രമാണ്. ജീവിതത്തിനോടുള്ള ആർത്തിയെ കൊട്ടിഘോഷിക്കുന്ന ധാരാളം കവികളും കലാകാരന്മാരും എഴുത്തുകാരുമെല്ലാമുണ്ട്. അതുപോലെ ആർത്തികാണിക്കുന്നവർക്കൊഴികെ അവരുടെ കലാ സാഹിത്യ സംഗതികളെല്ലാം ജൂഗുപ്സ മാത്രമേ ഉളവാക്കൂ. ആർത്തിക്കാരിൽ താല്ക്കാലികമായ ആസക്തികൾ മാത്രമേ കാണൂ. അല്ലാത്തപ്പോഴെല്ലാം അവർ ജീവിതവുമായി കലഹിച്ചുകൊണ്ടേയിരിക്കും, അല്ലെങ്കിൽ അവർ ജീവിതത്തിനോട് അനാവശ്യമായി യാചിച്ചുകൊണ്ടേയിരിക്കും. ഒന്നുകിൽ അവർ ശ്രദ്ധ നേടാനായി പുരപ്പുറത്തുനിന്ന് ഓരിയിട്ടുകൊണ്ടിരിക്കും. അല്ലെങ്കിൽ അവർ മറ്റുള്ളവരുടെ സഹതാപത്തിനായി കേണുകൊണ്ടിരിക്കും. ജീവിതത്തിനോട് കാണിക്കുന്ന ഈ ആസക്തിയും ആർത്തിയുമെല്ലാം ഉള്ളിൽ അലതല്ലുന്ന ഭീതിയല്ലാതെ മറ്റൊന്നുമല്ല. അവർ കേവലം സമൂഹ ജീവികളാണ്; സമൂഹത്തെ അള്ളിപ്പിടിക്കുന്നവർ എന്ന അർത്ഥത്തിൽ.
ഇത്രയും പറയാൻ തോന്നിയത് കൂടെക്കൂടെ ആസ്വദിക്കുന്ന ഒരു പാട്ടിന്റെ വരികൾ പിന്നെയും ലഹരി നിറക്കുന്നതുകൊണ്ടാണ്; ഒഴിഞ്ഞ ചഷകത്തിലേക്ക് ഏതോ ഒരു സുഹൃത്ത് വീണ്ടും വീണ്ടും വീഞ്ഞ് പകരുന്നതുപോലെ.
2019 നവംബറിലായിരുന്നു- കോവിഡ് തുടങ്ങുന്നതിന് തൊട്ടു മുൻപ്- The Sky is Pink എന്ന പേരിൽ ഒരു ഗാനമിറങ്ങിയത്. അതേ പേരിൽ ഇറങ്ങിയ ഒരു സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഒരു ഹിന്ദി സിനിമ. Evan Giia യും Nooran Sisters ഉം ചേർന്ന് മനോഹരമാക്കിയ ആ ഗാനം ഇഷാൻ ചൗദരി എന്ന ഒരു ചെറുപ്പക്കാരൻ, പതിനെട്ടാമത്തെ വയസ്സിൽ മൺമറഞ്ഞുപോയ പ്രിയങ്കരിയായ തന്റെ സഹോദരിയെ ഓർത്തുകൊണ്ട് ഒരുക്കിയതാണ്.
ജന്മനാ 'pulmonary fibrosis' എന്ന ജനിതക രോഗബാധിതയായ ഐഷ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ഏകദേശം അതേപടി പകർത്തിയ ഒരു സാധാരണ ചിത്രം. സൊനാലി ബോസിന്റെ സംവിധാനത്തിൽ പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും സൈറ വസീമും മറ്റും മനോഹരമായി അഭിനയിച്ചു പൊലിപ്പിച്ചെങ്കിലും സിനിമയുടെ മുഴുവൻ ഹൃദയമിടിപ്പും അവസാനഭാഗത്തെ ആ ഗാനത്തിലാണ് കുടികൊള്ളുന്നത്.
ഇഷാന്റെ ബാല്യത്തിൽ, പിങ്ക് നിറത്തിലുള്ള ഒരു ആകാശം വരച്ചതിന് മുത്തശ്ശിയടക്കം എല്ലാവരും വഴക്കുപറയുകയും, ആകാശത്തിന്റെ നിറം എല്ലായ്പോഴും നീലയായിരിക്കണമെന്ന് തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ ഒരു രംഗം ചിത്രത്തിലുണ്ട്. കാഴചയിലും കേൾവിയിലും രസമുകുളങ്ങളിലുമെല്ലാം ഇടപെടാൻ തക്കം പാർത്തുനിൽക്കുന്ന ഒരു സമൂഹാന്തരീക്ഷത്തിൽ, തന്റേതു മാത്രമായ ആകാശത്തേയും, തന്റേതു മാത്രമായ തൂവൽ പച്ചകളേയും, തന്റേതു മാത്രമായ കിളിയൊച്ചകളേയും കാത്തുസൂക്ഷിക്കുകയെന്നത് നിസ്സാരമല്ലാത്ത ഒരു ധീരതയാണ്, a rebellious step.
Aisha at home with her mother Aditi and dog Kobe |
ഇഷാനോടൊപ്പം വളർന്നുവന്ന ഐഷയെന്ന ആ പെൺകുട്ടി, രോഗ
പീഡകളെക്കൊണ്ട് ആകുലമായ തന്റെ കുഞ്ഞു ജീവിതത്തെ സഫലമാക്കിയതിന്റെ അനുരണനങ്ങളാണ് ഇംഗ്ലീഷും ഹിന്ദിയും ഉർദുവും പഞ്ചാബിയുമെല്ലാം കലർന്ന ഈ ഗാനം.'ജീവിതം, അവസാനം ഇങ്ങനെയാണോ ആയിത്തീരുക?' എന്ന വിസ്മയത്തിൽ തുടങ്ങുന്ന ആദ്യവരിക്കു പുറകെ, അവൾ - ഐഷ- ജീവിച്ചുപോയതിനെപ്പറ്റി അവളുടെ വാക്കുകളെന്നോണം ഇഷാൻ പാടുകയാണ്. 'ജീവിതത്തെ അടിമുടി ഞാൻ ജീവിച്ചു തീർത്തിരിക്കുന്നു. ജീവിതത്തിലെ പ്രകാശം മുഴുവനും ഞാൻ കുടിച്ചു വറ്റിച്ചിരിക്കുന്നു. നിറങ്ങളുടെ എല്ലാ കഥകളും ഞാൻ നുണഞ്ഞിരിക്കുന്നു, വിരലുകൾ നക്കിത്തുടച്ചുകൊണ്ട്.'
Aisha with her brother Ishaan at her school graduation |
'കവിൾ നിറയെ ഒരു മേഘശകലത്തെ കടിച്ചെടുത്തു'കൊണ്ട് അവൾ പാടുന്നു, 'എന്നെപ്പറ്റി വിഷമിച്ചേക്കരുതേ, ഇക്കാലമത്രയും ഞാനിവിടെയുണ്ടായിരുന്നുവെന്ന് അറിയാവുന്നതല്ലേ, അതുകൊണ്ടുതന്നെ ഞാൻ പോയാലും വിഷമിക്കേണ്ടതില്ല. ഒരു താരാട്ടു മൂളുക, ഞാനൊന്ന് മയങ്ങട്ടെ.'
ഐഷ തുടരുന്നു, ' നമുക്ക് കുറച്ചുസമയമേയുള്ളൂ, അതുകൊണ്ടുതന്നെ അതിനെ ബുദ്ധിപൂർവ്വം ചെലവഴിക്കുക. Piggy bank പോലുള്ള കുഞ്ഞു ബാഗിൽ, ഞാൻ വന്നത് വെറും ഒരു പിടി ശ്വാസവുമായിട്ടായിരുന്നു, നമുക്കതിനെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്‌നങ്ങൾ കാണാനാവുന്ന ജാലകങ്ങളാണവ.'
ഐഷ ഒരു അവധൂതികയെപ്പോലെയോ മറ്റോ സ്നേഹപൂർവ്വം ശാസിക്കുന്നു, 'ഹേ വിഡ്ഡീ, ജീവിതം ജീവിക്കാൻ ഭയപ്പെടാതെ. അതിന്റെ ഓരോ നിമിഷവും നുണഞ്ഞിറക്കുക, പതുക്കെപ്പതുക്കെ, സാവധാനം. ഞാണിന്മേൽക്കളിപോലെ, അവസാനരക്ഷക്കെത്തിയ പടുതോണിയിലെ ഗാനം പോലെ, ഒരു കറുത്ത ഫലിതമായി അവരെന്നെ ചികില്സിക്കുന്നതെന്താണ്? ഞാൻ ആഗ്രഹിക്കുന്നത് നീ ചിരിച്ചു മറിയുന്നത് കാണാനാണ്. എന്നിലെ സ്നേഹത്തെ അറിയുന്നു എന്ന് കാണുന്നതിൽ സന്തോഷം. ശ്വാസമെടുക്കുക, ദീർഘ ശ്വാസമെടുക്കുക.'
ഉർദുവിൽ 'സാ.....സ്' എന്ന് തന്നെ ആവർത്തിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്. Take a deep breath! ജീവിതമെന്നത് ആത്യന്തികമായി ഒരു സാക്ഷ്യാനുഭവമാണെന്നു അറിയുമ്പോൾ ബോധപൂർവ്വം ഒരു ശ്വാസമെടുക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? മറ്റെന്താണ് ചെയ്യാനുള്ളത്?
പരിചയപ്പെട്ടിട്ടുള്ള ഒട്ടു മിക്കവാറും ഗാനങ്ങളും (ഏതു ഭാഷയിലുള്ളതും) ഒന്നുകിൽ ഓർമ്മകളിൽ മുങ്ങിക്കുളിച്ചുനിൽക്കുന്നവയോ, തത്വചിന്തകളെക്കൊണ്ട് പുളിച്ചുപൊങ്ങിയവയോ ആകാറാണ് പതിവ്, പതിവ് പ്രണയഗാനങ്ങളെ ഒഴിവാക്കിയാൽ. അവയൊക്കെയും 'gold' ആകണമെങ്കിൽ 'old' ആവും വരേയ്ക്കും കാത്തിരിക്കണമായിരുന്നു. ഇവിടെയിതാ സ്വർണ്ണദീപ്തിയിൽ തിളങ്ങി നിൽക്കുന്ന ഒരു ഗാനം. sky is pink
ജീവിതമെന്ന വർത്തമാന ആകാശം - നാം ഓരോരുത്തരും അതിന് ഏതു നിറമാണ് കൊടുക്കാൻ പോകുന്നത്? ജീവിതത്തിൽ പങ്കുകൊള്ളുക മാത്രമേ ചെയ്യേണ്ടതായുള്ളൂ. It will make your sky PINK.