ഉദ്യാനപാലകനും സൗരഭ്യവും
'ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടിയുണ്ട്', 'മമേകം ശരണം വ്രജ:', തുടങ്ങിയ ശരണാഗതി വാക്യങ്ങളേക്കാൾ, 'തത്വമസി', 'അഹം ബ്രഹ്മാസ്മി', 'അനൽ ഹഖ്' തുടങ്ങിയ മനന വാക്യങ്ങൾക്ക് ആളുകളിൽ പ്രിയം കുറവാണ്. മനനവാക്യങ്ങളെല്ലാം അവയുടെ ഉൾക്കാഴ്ചാ ഗാംഭീര്യത്തെ കണക്കിലെടുത്തുകൊണ്ട് വേണ്ടിടത്തും വേണ്ടാത്തേടത്തുമെല്ലാം എഴുതിവെക്കപ്പെടുന്നുവെന്നു മാത്രം. പ്രധാനപ്പെട്ട എന്തോ വാക്യമാണെന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആളുകൾ അതിനെ ആദരിക്കുന്നു എന്നല്ലാതെ, മിക്കവരിലും അതേപ്പറ്റിയുള്ള മനനങ്ങളോ അതിലുമുപരിയുള്ള അനുഭവൈക്യമോ സംഭവിക്കുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ അത്തരം വാക്യങ്ങൾ പ്രദർശിപ്പിക്കുന്നത് 'ബഹുജനാർത്ഥം' അല്ല, ദേവാലയ രൂപകല്പനയുടെ ഭാഗമായി ആഴമാർന്ന ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലക്കാവാനും മതി.
അതേസമയം, ഇതേ ഉൾക്കാഴ്ചകൾ ഇത്തരം വാക്യങ്ങളേക്കാൾ ഊഷ്മളമായ വിധം ധാരാളം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഭക്തിപ്രസ്ഥാനകാലഘട്ടം ഇത്തരം പ്രകാശനങ്ങളുടെ കവിയരങ്ങുകളായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അദ്വൈതമെന്നത് ഇഴകീറി പരിശോധിക്കപ്പെടുന്ന സൈദ്ധാന്തിക വാഗ്വാദങ്ങളല്ല, നാം തന്നെയാണ് ഈ ലോകവും നമ്മുടെ ജീവിതവും എന്ന് ബോധ്യപ്പെടുന്ന ഒരു അനുഭവജ്ഞാനമായിരുന്നു. ഹരിനാമകീർത്തനകാരൻ അതിനെ 'അഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്നാഗ്രഹിക്കുമ്പോൾ, നാരായണ ഗുരു പാടിയത്, 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും' എന്നാണ്. നിർഭാഗ്യവശാൽ 'നീ' എന്നതിന് 'ഞാൻ തന്നെ' എന്ന് മനസ്സിലാക്കാൻ നാം ധൈര്യപ്പെടുന്നില്ല എന്നുണ്ടോ? ‘നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും!’ എന്ന് അറിയാൻ സാധിക്കാത്തേടത്തോളം, ദൈവദശകം വെറും ശീലമായി ആലപിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഇതേ അർത്ഥതലത്തിൽ നടക്കുന്ന ഒരു മനോഹര സംഭാഷണം റിച്ചാർഡ് ബാക് അവതരിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ Illusions -II എന്ന നോവലിൽ. അതിൽ പ്രധാന കഥാപാത്രമായ ഡൊണാൾഡ് ഷിമോദയുടെ അഭിപ്രായത്തിൽ നാമെല്ലാവരും നമ്മുടെ സ്വന്തം സിനിമകളിൽ അഭിനയിച്ചു വശം കെടുന്നവരാണ്. അദ്ദേഹം വിശദീകരിക്കുന്നു, "ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും -- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്".
ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!"
ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ",
"Yes, the answer is You."
ഈയടുത്ത് വീണ്ടും കേട്ട് രസിച്ച ഒരു കബീർ ദോഹ, ശ്രീമതി കിഷോരിഅമോങ്കറിന്റെ മാസ്മരികമായ ആലാപന ശൈലിയിൽ, മേൽ പറഞ്ഞ അദ്വൈത ജ്ഞാനത്തിന്റെ ഉത്തരവാദിത്തത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. അദ്വൈതത്തിന്റെ മഹത്വമെന്നത് അത് മറ്റാരിലേക്കും, ദൈവത്തിലേക്ക് പോലും, ഒരുവന്റെ ഉത്തരവാദിത്തത്തെ തള്ളിവിടാൻ അനുവദിക്കുന്നില്ല എന്നതാണ്. അവിടെയാണ് അദ്വൈതമെന്ന ദർശനം ആത്യന്തികമായ സ്വാതന്ത്ര്യ ഘോഷമായി മാറുന്നത്. അതേ സമയം പരമമായ ഉത്തരവാദിത്തത്തെ ആഹ്ളാദപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു. ഓഷോയായിരുന്നു ഒരൊറ്റ വാക്യമായി ഈ ദർശനത്തെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് - "Freedom IS Responsibility".
![]() |
Freedom IS Responsibility |
ഇതുപോലൊരു അദ്വൈത നിമിഷത്തിലായിരിക്കണം കബീർ പാടിയത് - ghat ghat mem panchi boltaa .. ഓരോരോ മൺപൊത്തുകളിൽ നിന്നും പക്ഷികൾ പാടുന്നു (കിളിപ്പാട്ടുകാരന്റെ പക്ഷി തന്നെയായിരിക്കണം അത്!) - നിങ്ങൾ തന്നെയാണ് ഭാരമളക്കാനുള്ള വെള്ളിക്കോൽ, നിങ്ങൾ തന്നെയാണ് ഭാരം വെച്ചിരിക്കുന്ന പാത്രം, അതിൽ കയറിയിരുന്ന് നിങ്ങൾത്തന്നെ നിങ്ങളുടെ ഭാരമളക്കുന്നു.
നിങ്ങൾ തന്നെയാണ് തോട്ടക്കാരൻ, നിങ്ങൾ തന്നെയാണ് പൂന്തോട്ടം, നിങ്ങൾ തന്നെ അതിനകത്തു നിന്നും പൂമൊട്ടുകൾ ശേഖരിക്കുന്നു. (നിങ്ങൾ തന്നെയാണ് ആ തോട്ടത്തിൽ പാറി നടക്കുന്ന ഇളം കാറ്റെന്നും നിങ്ങൾ തന്നെയാണ് അവിടം മുഴുവനും പ്രസരിക്കുന്ന സൗരഭ്യമെന്നും നാം പൂരിപ്പിക്കേണ്ടിയിരിക്കുന്നു!)
ആത്മീയതയുടെ ലോകത്തെ, ധ്യാനമെന്ന പ്രതിഭാസത്തിന്റെ ലോകത്തെ, ആധുനിക പരാമർശങ്ങൾ അനുഭവവും അനുഭവിക്കുന്നയാളും ഒന്നാണെന്നാണ് - experiencer is the experience. അല്ലെങ്കിൽ observer is the observed - നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും ഒന്നാണ്.
കബീറിന്റെ ഈ ഉദ്യാനപാലകൻ അയാൾക്ക് അനുഭവിക്കാനായുള്ള എല്ലാ സംഗതികളും ഒരുക്കിയെടുക്കുന്നു. അയാൾ തന്നെയാണ് തന്റെ ഉദ്യാനമായി മാറുന്നത്. അയാൾ തന്നെയാണ് താൻ ഒരുക്കിയെടുത്ത, താൻ തന്നെയായ ഉദ്യാനത്തെ അനുഭവിക്കുന്നയാളും. കബീർ 'നീ' എന്ന് സംബോധന ചെയ്യുന്നത് തന്നെത്തന്നെയാണെന്നും, കേൾക്കുന്നയാളെ സംബന്ധിച്ച് അത് താൻ തന്നെയാണെന്നും തിരിച്ചറിയുന്നതിനെയാണ് ധ്യാനാവബോധം എന്ന് പറയുന്നത്.
കബീറിന്റെ വരികൾ തുടരുകയാണ്: സകലതുമടങ്ങുന്ന കാട്ടിനകത്താണ് (മായയുടെ ഉപവനം) നിങ്ങളുടെ സ്ഥാനം. നിങ്ങൾ സചേതന വസ്തുക്കളിൽ നിന്നും അചേതനങ്ങളായവയിലേക്ക്, തിരിച്ചും, ഊയലാടിക്കൊണ്ടിരിക്കുകയാണ്.
കബീർ പാടുന്നത് നമ്മുടെ മനസ്സിനെ പറ്റിയാണ്. ഒരു നിമിഷം ഉണർവിലെന്നതുപോലെ പെരുമാറുകയും തൊട്ടടുത്ത നിമിഷം അബോധത്തിലേക്ക് വീണതുപോലെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ മനസ്സ്. നിങ്ങൾ തന്നെയാണത്രേ മനസ്സിന്റെ ഈ വലക്കണ്ണികൾ പൊട്ടിച്ചുകളയേണ്ടത് - ബോധത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, പരിമിതിയുടെ വലക്കണ്ണികൾ.image credit: Isha foundation
ഓരോ മൺപൊത്തിൽ നിന്നും, അല്ലെങ്കിൽ കൂടുകളിൽ നിന്നും, വിളിച്ചു കൂവുന്ന തത്തകൾ, അല്ലെങ്കിൽ പക്ഷികൾ എന്തായിരുന്നിരിക്കണം? കബീറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവയും നാം തന്നെയാണ്. നാം കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ഇവയൊക്കെയും നാം തന്നെയാണെന്ന്. നാം അസംതൃപ്തരാകുന്ന നിമിഷമൊക്കെയും, നമ്മുടെ ചേതനയുടെ ഓരോ സ്പന്ദനവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, നമ്മുടെ അസംതൃപ്തിയുടെ കാരണങ്ങൾ നാം തന്നെയാണെന്ന്; ഓരോ നിമിഷത്തിന്റെയും ഉത്തരവാദിത്തം നമ്മിൽ തന്നെയാണെന്ന്; നമ്മുടെ സ്വാതന്ത്ര്യവും ആനന്ദവും നമ്മിൽത്തന്നെ, നമ്മിൽ മാത്രം നിക്ഷിപ്തമാണെന്ന്.
ബനാറസിലെ ഗംഗാതീരത്ത് നെയ്ത്തുകാരനായി കഴിഞ്ഞിരുന്ന കബീർ ദാസ്, തന്റെ ശിഷ്യരോടൊപ്പം പാടി ആനന്ദിച്ചിരുന്നത് ഇതുപോലുള്ള നൂറുകണക്കിന് ദോഹകളാണെന്ന് ഓർക്കുക. അവയിൽ മിക്കവയും എഴുതിയെടുത്ത് ശേഖരിച്ചത് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ, മലയാളിയായിരുന്ന സുരതി മഹാരാജ് -ശ്രുതി ഗോപാൽ ദാസ്- ആയിരുന്നുവെന്നു കേൾക്കുന്നു!Kabir Chorai- Banaras
യൂട്യൂബിൽ കിശോരി അമോങ്കറിന്റെ 'സാധന' എന്ന ആൽബത്തിൽ ഈ ദോഹ കേൾക്കാവുന്നതാണ്.