Osho wings Osho waves

Featured Post

Saturday, February 21, 2026

ഉണർവിലേക്കുള്ള പടവുകൾ - 67

ഫോഫോ - ഫോബിയക്കപ്പുറം


ഇൻറർനെറ്റിൽ പടർന്നുപിടിക്കുന്ന ചില സംക്ഷേപങ്ങളുണ്ട് - acronyms. സെലിബ്രിറ്റികളെപ്പറ്റിയുള്ള ഗോസിപ്പുകൾ പോലെയാണ് ഇന്റർനെറ്റിലെ അക്രോനിമുകൾ. അവയിൽ ഭംഗിയുള്ളവയും അല്ലാത്തവയുമുണ്ടാകും. വെറും ട്രെൻഡുകൾ പോലെയുള്ളവയും അതേസമയം ചിന്തനീയമായവയുമുണ്ടാകും. അത്തരത്തിൽ ഈയിടെയായി ഏറെ പ്രചരിക്കപ്പെടുന്ന ഒരു നല്ല പ്രയോഗമാണ് FOFO. Fear Of Finding Out എന്നതിന്റെ ചുരുക്കരൂപം.

സമാനമായിട്ടുള്ള മറ്റു ധാരാളം പ്രയോഗങ്ങളുമുണ്ട് : FOBO: Fear Of Better Options, FOPO: Fear of Other People’s Opinions, FODA: Fear Of Doing Anything, FOSO: Fear Of Starting Over, FOMU: Fear Of Messing Up, FOBA : Fear Of Being Average, FOBLO: Fear Of Being Left Out, FOLU: Fear Of Looking Uninformed, FOPS: Fear Of Public Speaking എന്നിങ്ങനെ. സകലതും നാം പേറുന്ന ഭയത്തിന്റെ വിവിധങ്ങളായ മുഖഭാവങ്ങൾ. എന്നാൽ ഇവ എല്ലാത്തിനേയും ഉൾക്കൊള്ളാൻ FOFO ക്കു കഴിയുമെന്ന് തോന്നുന്നു.


സാധാരണയായി, 'കണ്ടുപിടിക്കപ്പെടും എന്ന ഭയം' - Fear Of Finding Out - എന്നത് നിത്യ ജീവിതത്തിൽ ഭയം കൊണ്ട് മാത്രം നാം മുഖം തിരിക്കുന്ന സന്ദർഭങ്ങളെപ്പറ്റിയാണ്. ശരീരത്തിൽ എന്തെങ്കിലും സംശയിക്കത്തക്കതായ രോഗലക്ഷണങ്ങൾ കണ്ടെന്നു വെക്കുക; വല്ല മുഴയോ, നിറം മാറ്റമോ മറ്റോ. ഒരുപക്ഷേ ഡോക്ടറെ കാണാനോ സ്കാനിംഗ് മുതലായ ഏതെങ്കിലും ടെസ്റ്റുകൾ ചെയ്യാനോ നാം മടി കാണിച്ചെന്നു വരും. അതിനു വേണ്ടി ലൊട്ടു ലൊടുക്ക് ന്യായങ്ങളും പറയുമായിരിക്കും. പക്ഷേ നാം അതൊഴിവാക്കുന്നതിന്റെ യഥാർത്ഥ കാരണം, ടെസ്റ്റ് ചെയ്‌താൽ നാം സംശയിക്കുന്ന രോഗം തന്നെയെന്ന് കണ്ടുപിടിക്കപ്പെട്ടാലോ എന്ന ഭയമാകാം.


ചെറുകിട ബിസിനസ്സ് നടത്തുന്നവർ, ഇടയ്ക്കിടെ വിറ്റുവരവ് കണക്കുകൾ ഒത്തുനോക്കാൻ മടി കാണിക്കുന്നത് കാണാം. ഭയമാണ്, കാര്യങ്ങൾ നഷ്ടത്തിലാണ് എന്ന സംഗതി പിടിക്കപ്പെട്ടാലോ? അപ്പോൾ പിന്നെ കണക്കൊതുക്കൽ പിന്നേക്കു വെക്കും. 


അവധി കഴിഞ്ഞു ചെല്ലുമ്പോൾ ഉത്തരക്കടലാസ് കിട്ടരുതേ എന്ന് വിചാരിച്ചിരുന്ന കാലം, പ്രോഗ്രസ്സ് കാർഡ് 'കാണാതെ പോയത്'; അവയൊക്കെയും FOFOയാണ്. പ്രധാനപ്പെട്ട എന്തെങ്കിലും ചിലത് കാണാതെപോയെങ്കിൽ, അത് അവിടെത്തന്നെയുണ്ടാകും എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാനുള്ള വെമ്പൽ; തെരയാൻ തുടങ്ങിയാൽ അത് ശരിക്കും നഷ്ടപ്പെട്ടു എന്ന് കണ്ടുപിടിക്കപ്പെട്ടാലോ! 


പണ്ടൊക്കെ വസ്ത്രങ്ങളിൽ 'secret pocket' (കള്ളറ) വെച്ചുപിടിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നുവത്രേ. ഒരിക്കൽ മുല്ല നാസിറുദ്ധീൻ ധൃതിപ്പെട്ട് എന്തോ തെരയുകയായിരുന്നു. പണമോ വിലപിടിപ്പുള്ള മറ്റെന്തോ വസ്തു കാണാനില്ല! മുല്ലയുടെ അവസ്ഥ കണ്ടപ്പോൾ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു, 'നിങ്ങളുടെ കള്ളറയിൽ നോക്കിയോ?' മുല്ല പറഞ്ഞു,' അതിൽ നോക്കുന്ന പ്രശ്നമില്ല. ആകെയുള്ള ഒരു സമാധാനം അതിനകത്തുണ്ടായിരിക്കുമെന്ന തോന്നലാണ്!'. FOFO യുടെ സന്ദർഭങ്ങൾ നിത്യജീവിതത്തിൽ നിരവധിയാണ്.  

'ഇരുട്ടുകൊണ്ട് ഓട്ടയടക്കുക', ‘ഇരുട്ടല്ലോ സുഖപ്രദം..’ എന്നീ പരിചിത പ്രയോഗ ങ്ങളെല്ലാം FOFO യോട് ഏകദേശം അടുത്തുവരുന്നുണ്ട്. 


പൊതുവേ ഇത്തരം പ്രയോഗങ്ങളെല്ലാം പരാമർശിക്കപ്പെടുന്നത് വളരെ ഉപരിപ്ലവമായ ദൈനം ദിന ചെയ്തികളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, ഇതേ പ്രയോഗങ്ങളെ ഒരല്പം ആഴത്തിൽ അഴിച്ചു പരിശോധിക്കാൻ ധൈര്യം കാണിച്ചാൽ, അവയെല്ലാം കേവലം ഫോബിയാ തലത്തിൽനിന്നും ഉയർന്ന് ആത്മീയമായ ഉൾക്കാഴ്ചകളായി മിന്നി നില്ക്കുന്നത് കാണാൻ കഴിയും.  


'കണ്ടുപിടിക്കപ്പെടുമെന്ന ഭയം' - FOFO, ഏറ്റവും കൂടുതൽ നിരീക്ഷിക്കാവുന്ന നമ്മുടെ സ്വകാര്യ ജീവിതമുണ്ട് - വ്യക്തിബന്ധങ്ങൾ. മറ്റൊരാളുമായി ഇടപഴകുമ്പോൾ, അത് എതിർലിംഗത്തിലുള്ളവരാണെങ്കിൽ വിശേഷിച്ചും. 

നമ്മുടെ പ്രണയങ്ങൾ, ദാമ്പത്യ ജീവിതം, കുട്ടികളുമായുള്ള ഇടപഴകലുകൾ,  അപരിചിതരോടുള്ള പെരുമാറ്റങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിങ്ങനെ.


വ്യക്തിബന്ധങ്ങളിലാണ് ഒരുപക്ഷേ FOFO യെ ഏറ്റവും കൂടുതൽ നോക്കിക്കാണാൻ സാധിക്കുക. നമ്മുടെ 'personality' (മാസ്ക് എന്ന അർത്ഥം വരുന്ന persona യിൽ നിന്നാണ് അത് ഉദ്ഭവിക്കുന്നത് എന്നോർക്കുക) എന്നത് തന്നെ ശരിക്കു പറഞ്ഞാൽ FOFO യുടെ ഭാഗമാണ്. കണ്ടുപിടിക്കപ്പെടുമെന്ന ഭയത്തെ മറികടക്കാനാണ് മിക്കപ്പോഴും നമ്മുടെ വേഷഭൂഷാദികളും സ്റ്റൈലൻ ചേഷ്ടകളും മറ്റും. അതിനു സാധിക്കാതെ വരുമ്പോൾ, ഡോക്ടറെ കാണൽ ഒഴിവാക്കുന്നതുപോലെത്തന്നെ, നാം ചില ബന്ധങ്ങൾ ഒഴിവാക്കുന്നു; ചില സന്ദർഭങ്ങൾ ഒഴിവാക്കുന്നു. നമ്മുടെ ചില ദൗർബല്യങ്ങളോ ഭീരുത്വമോ കഴിവില്ലായ്മകളോ ഒളിപ്പിച്ചുവെക്കാനാകാം നാം സ്വീകരിക്കുന്ന സവിശേഷമായ ജീവിതശൈലികൾ. നമുക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം വിദൂരസ്ഥമായാകാം നാം അത്തരം തീരുമാനങ്ങളെടുക്കുന്നത്. ആർക്കറിയാം, അതിന്റെ ഭാഗമായാകാം, അതിനെ സാധൂകരിക്കാൻ നാം ധ്യാനം, കല, സേവനം, സംഘടനാപ്രവർത്തനം തുടങ്ങിയവയിൽ  വ്യാപരിക്കുന്നത്! ഒരുപക്ഷേ, പലതിലും വ്യാപരിക്കാതിരിക്കാൻ ജാഗ്രപ്പെടുന്നതും!


വ്യക്തിബന്ധങ്ങൾ മുതൽ സമൂഹജീവിതത്തിൽ നാം നടത്തുന്ന എല്ലാ ഉപജാപങ്ങളും - manipulations - എങ്ങനെയാണോ FOFO യുടെ ഭാഗമായിരിക്കാൻ സാധ്യതയുള്ളത്, അത്രതന്നെ സാധ്യത അതിന്റെ മറുവശത്തിനുമുണ്ട്. സ്വയം അഭിമുഖീകരിക്കേണ്ടി വരും - self encountering - എന്ന ഭയത്തിൽ നിന്നാകാം നാം ബാഹ്യജീവിതത്തിൽ ഇത്രക്കും അഭിരമിക്കുന്നത്; ബാഹ്യജീവിതത്തിൽ നിന്നും മുഖം തിരിക്കുന്നതും. 


ആത്മീയത എന്നത്, ഉണരുക എന്നത്, ഇത്രക്കും ശ്രമകരമായിരിക്കുന്നത് ഭയം ഒന്നുകൊണ്ട് മാത്രമല്ലെന്നുണ്ടോ? - Fear Of Finding Out Who I Am. നാം നമ്മെപ്പറ്റിത്തന്നെ മനഃപാഠമാക്കിവെച്ചിരിക്കുന്ന എല്ലാ ധാരണകളൂം പൊളിഞ്ഞുവീണ്, തീർത്തും അപരിചിതമായ മറ്റെന്തോ ആണ് എന്ന് സ്വയം കണ്ടുപിടിക്കപ്പെട്ടാലോ! അതുകൊണ്ടാണ് പത്തു മിനിറ്റു നേരത്തേക്കെങ്കിലും ഒന്ന് വെറുതെയിരിക്കാൻ നമുക്ക് ഭയം തോന്നുന്നത്. തീർച്ചയായും FOFO ഏറ്റവും പ്രസക്തമാവുന്നത് ഈ ആത്മീയ തലത്തിൽ തന്നെയാണ്.



നമ്മിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ മായാനിഴലുകൾ ഇനിയും എത്രയോ! Fear Of Intimacy, Fear Of Freedom, Fear Of Unsettling (അതുകൊണ്ടാണ് സന്ന്യാസമാർഗം അവലംബിച്ചവരോട് ഒരിടത്ത് രണ്ടു ദിവസത്തിൽ കൂടുതൽ തങ്ങിയേക്കരുത് എന്ന നിഷ്കർഷ വന്നത്), Fear Of Commitment എന്നിങ്ങനെ. ആത്യന്തികമായി പക്ഷേ Fear Is Found Out. 

ഭയത്തിനോടുള്ള ഭയമുണ്ട് - Phobophobia. അതാണ് ഏറെ പരിതാപകരമായ അവസ്ഥ. ഒരുപക്ഷേ ജീവിതം ഒരാഘോഷമാകുന്നതിൽ നിന്നും നമ്മെ അകറ്റിക്കൊണ്ടുപോകുന്നത് പ്രധാനമായും ഭയത്തോടുള്ള ഭയമാകണം.


ഏതായാലൂം ഏതു സന്ദർഭത്തിലും ഭയത്തെ തിരിച്ചറിയുമ്പോൾ FOFO ഒരു മന്ത്രമായി ഉപയോഗിക്കാവുന്നതാണ്. ബുദ്ധപഥത്തിലെ ഒരു ടെക്‌നിക് പോലെ, പിൻവാങ്ങാൻ തോന്നുന്ന നിമിഷം 'Fear Of Finding Out' എന്ന് മൂന്നു തവണ ഉച്ചരിച്ചു നോക്കുക. ഒരു വലിയ സ്വീകാരം നമ്മിൽ പുതിയ ഒരു ഊർജ്ജം നിറയ്ക്കും. സ്വയം സ്വീകരിക്കപ്പെടുന്നതിനേക്കാളും വലിയ അഭയമില്ലല്ലോ!






Saturday, January 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 66

                                
                                               ധ്യാനവും അവബോധവും 

അവബോധം എന്ന വാക്കിനേക്കാൾ ഒരുപക്ഷേ 'awareness' എന്ന വാക്കായിരിക്കാം ഇന്ന് നമുക്ക് കൂടുതൽ പരിചയം. ധ്യാനം എന്ന സമീപനത്തെ പ്രാർത്ഥന, ഭക്തി, സമർപ്പണം, ദൈവഭയം എന്നീ പതിവ് രീതികളിൽ നിന്നും ഒരല്പം വ്യത്യസ്ഥമായിക്കണ്ട്, ശാസ്ത്രീയം എന്ന് പറയാനാവും വിധം അവതരിപ്പിക്കാൻ ശ്രമിച്ചത് മുതൽ - അതിലെ പ്രധാന നാഴികക്കല്ലാണ് ബുദ്ധൻ - അവബോധം അല്ലെങ്കിൽ 'awareness' എന്ന പ്രയോഗം ആത്മീയതയിൽ ഗൗരവം പേറി നിന്നു. ധ്യാനം എന്ന വാക്കിനേക്കാൾ 'മെഡിറ്റേഷൻ' എന്ന വാക്ക് കൂടുതൽ ജനസമ്മതി നേടിയതുപോലെ 'awareness' എന്ന വാക്ക് ഇന്നിപ്പോൾ യോഗ - ധ്യാന പരിശീലകർ, മോട്ടിവേഷണൽ ജോലിക്കാർ, കൗൺസിലിങ് വിദഗ്ദർ (വിദഗ്‌ദരല്ലാത്തവരും) രണ്ടാമതൊന്നാലോചിക്കാതെ എടുത്തുപയോഗിക്കുന്നുണ്ട്. അതിനേക്കാൾ കൗതുകം, ഇത്തരം വാക്കുകൾ ഒട്ടും വേണ്ടിവന്നിട്ടില്ലാത്ത ഭക്തി- ഭജനക്കാർ മുതൽ, യാതൊന്നും ആലോചിക്കാതെ, സകലതിനേയും വെറുതെയിങ്ങനെ ചേർത്തുപിടിച്ചാൽ മതി എന്ന് താലോലിച്ചുകൊണ്ട് സമാധാനിപ്പിക്കുന്നവർ വരെ 'awareness' എന്ന് തന്നെ ഇടയ്ക്കിടെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ശരിക്കും സന്തോഷമുള്ള സംഗതിയാണത്. അല്പം ബോധം വെച്ച് മനുഷ്യനായ നാൾ മുതൽ എന്താണീ ബോധം എന്ന് നേരിട്ടും അല്ലാതേയും പല വിധത്തിൽ അവൻ ചോദിച്ചു വന്നിട്ടുണ്ട്. ഇന്നും, ആത്മീയ ഗുരുക്കന്മാർക്ക് പുറമേ ശാസ്ത്രജ്ഞരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദഗ്ധരുമെല്ലാം ഇടതടവില്ലാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, 'What is Awareness? What is consciousness?' എന്നെല്ലാം. 


‘Money is what money does’ എന്നതുപോലെത്തന്നെ നിർവ്വചിക്കേണ്ടിവരുന്നവയുടെ കൂട്ടത്തിലുള്ളതാണ് അവബോധവും. ഇലക്‌ട്രിസിറ്റി എന്താണെന്നു ചോദിച്ചാൽ അത് ഏതെല്ലാം ഉപകരണങ്ങളിലൂടെ പ്രവഹിക്കുന്നുവോ, അപ്പോഴുണ്ടാകുന്ന ഫലത്തിന്റെ സ്വഭാവത്തിലൂടെ മാത്രമേ അതേപ്പറ്റി മനസ്സിലാക്കാൻ സാധിക്കൂ എന്നതുപോലെ. എന്താണ് അവബോധം എന്നത് അത് നിർവ്വഹിക്കുന്ന പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ലാതെ വ്യക്തമാക്കാൻ കഴിയില്ല തന്നെ. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, Aware ആയിക്കൊണ്ട് മാത്രമേ awareness എന്തെന്ന് ഗ്രഹിക്കാൻ കഴിയൂ. ഇത്രയും വർഷങ്ങളായി അനേകമാളുകൾ ശ്രമിച്ചിട്ടും മതിയാംവണ്ണം വ്യക്തമാക്കാൻ സാധിക്കാത്ത ഒരു സംഗതിയെ ഈ ചെറിയ കുറിപ്പിൽ വ്യക്തമാക്കാം എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സാധാരണയായി നാമെല്ലാം awareness എന്ന് പ്രയോഗിക്കുമ്പോൾ വാസ്തവത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കുക എന്നത് മാത്രമാണ്. Awareness- ഉം Consciousness-ഉം തമ്മിലുള്ള വ്യത്യസമെന്തെന്ന് ഇവിടെ പരിശോധിക്കാതെ വിടുന്നു, തത്ക്കാലം.

സാധാരണയായി awareness എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുക, എന്തിനെയെങ്കിലും പറ്റി ബോധമുണ്ടാവുക, അതിനെ അറിയുക - knowing - എന്നിങ്ങനെയാണ്. ഹിന്ദിയിൽ ഇതിനെ അവർ 'ധ്യാൻ' എന്ന് പറയും. നടവഴിയിൽ കുണ്ടും കുഴിയുമുണ്ടെങ്കിൽ, 'ധ്യാൻ രഖോ' എന്ന് പറയും പോലെ. ഇനി, aware ആവുക എന്ന് പറഞ്ഞാൽ ജാഗ്രത പാലിക്കുക എന്നൊരു അർത്ഥമുണ്ട്. അവിടെയത് ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം പോരാ, അതേപ്പറ്റി എപ്പോഴും ഓർത്തിരുന്നേക്കണം.


അതേസമയം ഒരു വസ്തുവിനെപ്പറ്റി ബോധവാനാവുക എന്നതിൽക്കവിഞ്ഞ്,
അതേപ്പറ്റി
മാത്രം ബോധവാനാവുക എന്ന സ്ഥിതിയുണ്ടായാൽ, ഫലത്തിൽ അത് 'unaware' ആയതുപോലെയായി. Aware ആയിരിക്കേ ആവശ്യത്തിന് മാത്രം ആ പ്രത്യേക വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുക തന്നെ വേണം. അതേസമയം ആ ഒരിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കേ മറ്റെല്ലാ സംഗതികളും മറന്നതുപോലെയാണെന്ന് വച്ചാൽ അത് അവബോധത്തിലെ കുറവ് തന്നെയാണ്. ഇവിടെയാണ് പറയുന്നത് ധ്യാനമെന്നാൽ ഏകാഗ്രചിത്തനാവുകയെന്നല്ല അർത്ഥമെന്ന്.


Aware ആവുക എന്നുവച്ചാൽ സകലതും ഓർമ്മിച്ചുകൊണ്ടിരിക്കുക എന്നാണോ? ഒട്ടും തന്നെ അല്ല. അതേസമയം awareness- ൽ ഓർമ്മ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏതെങ്കിലും ഒന്നിനെ ഓർമ്മിക്കുക എന്ന് പറയുമ്പോൾ, വർത്തമാനത്തിൽ നിന്നും (present) മാറി ഏതോ ഒന്നിനെപ്പറ്റിയുള്ള ഓർമ്മയുടെ പുറകെ പോവുക എന്നായി. അതേസമയം വർത്തമാനാവസ്ഥയിൽ നിന്നും തെല്ലും മാറാതെ ഒരോർമ്മയെ ആ അവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുക എന്നത് awareness എന്ന ധർമ്മത്തിന്റെ വിസ്താരമാണ്; ഒരു കേന്ദ്രബിന്ദുവിൽ നിന്നും എല്ലാ ദിശയിലേക്കും വെളിച്ചം പരന്നു പരന്നു പോകുന്നതുപോലെ. Memory എന്ന വാക്കിനേക്കാളും Remembering എന്ന വാക്കാണ് ഇവിടെ അനുയോജ്യം. 


ഏറ്റവും പരിചിതമായ സന്ദർഭത്തെ എടുത്തുകൊണ്ട് അവബോധത്തിന്റെ പ്രവൃത്തി പരിധികളെ എളുപ്പം മനസിലാക്കാമെന്നു തോന്നുന്നു: 

അടുക്കളയിൽ പാൽ തിളപ്പിക്കാൻ വെച്ചിരിക്കുന്നുവെന്നു വിചാരിക്കുക. അപ്പോഴാണ് കാളിങ് ബെൽ കേട്ടത്. ഒന്നുപോയി വാതിൽ തുറന്നു വരാനുള്ള സമയമുണ്ടെന്ന് ഉറപ്പായതിനാൽ വാതിലിനടുത്തേക്കു പോയി. വീട്ടുകാരനായിരുന്നു. വാതിൽ തുറന്നു കൊടുത്ത് തിരിച്ചു പോകാൻ നേരം മൊബൈൽ റിങ് ചെയ്യുന്നു. അപ്പുറത്ത് എവിടെയോ വെച്ചിരുന്ന മൊബൈൽ എടുത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴായിരുന്നു അടുപ്പത്ത് പാൽ തിളച്ചു പൊങ്ങിപ്പോകുന്ന ശൂ ശൂ ശബ്ദം കേട്ടത്! ഫോൺ വന്നപ്പോൾ പാൽ അടുപ്പത്തുള്ള കാര്യം ഒരു സെക്കൻഡ് നേരത്തേക്ക് മറന്നു.


ഇവിടെ അവബോധമെന്നത് രണ്ടുമൂന്ന് കാര്യങ്ങളെ വർത്തമാനാവസ്ഥയിൽ മാത്രം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ്. പാൽ തിളച്ചുപൊങ്ങാനുള്ള സമയത്തെപ്പറ്റിയുള്ള ജാഗ്രത, അതിനെ കൈവിടാതെത്തന്നെ തീർത്തും വ്യത്യസ്തമായ, ശബ്ദം എന്ന ഡിമെൻഷനിൽ നാം കാളിങ് ബെല്ലിനോട് പ്രതികരിക്കുന്നു. വാതിൽ തുറന്നുകൊടുക്കുമ്പോഴും അകത്തേക്ക് പ്രവേശിക്കുന്ന വീട്ടുകാരനോട് തലയാട്ടുമ്പോഴും പാലിനെപ്പറ്റിയുള്ള ശ്രദ്ധ സജീവമാണ്. അപ്പോഴേക്കും മറ്റൊരു ഡിമെൻഷനിലാണ് മൊബൈൽ ഫോൺ റിങ് ചെയ്യുന്നതും സംസാരിക്കുന്നതും. പാലിനെപ്പറ്റിയും അകത്തേക്ക് കയറുന്ന വീട്ടുകാരനെപ്പറ്റിയും നാം ശ്രദ്ധാലുവാണ്. പക്ഷേ, ഒരു നിമിഷനേരത്തേക്ക് പാൽ തിളക്കാനുള്ള സമയത്തെപ്പറ്റിയുള്ള ഓർമ്മിക്കൽ (remembering) കൈവിട്ടുപോകുന്നു. ബോധമെന്നത് തൈലധാരപോലെ അനായാസം നിർഗ്ഗളിക്കുന്നതാകണം എന്ന് പണ്ടുമുതല്ക്കേ പറഞ്ഞുപോരുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ അവബോധം ഒരു നിമിഷനേരത്തേക്കു മുറിഞ്ഞുപോയിരിക്കുന്നു.


ഡ്രൈവ് ചെയ്യുമ്പോൾ, ആക്സിലേറ്റർ അമർത്തുന്നതും ഹോൺ മുഴക്കുന്നതും ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്നതും ബ്രേക്ക് ചവിട്ടുന്നതും പുറമെയുള്ള കാഴ്ചകൾ ആസ്വദിക്കുന്നതും സ്റ്റീരിയോവിൽ പാട്ടു കേൾക്കുന്നതും ഒപ്പം അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നതും aware ആയിരിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ പറ്റിയ മറ്റൊരു സന്ദർഭമാണ്. ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ നാം ഉടക്കിപ്പോയാൽ പിന്നെ എല്ലാം കുഴപ്പത്തിലാകുന്നു. അതേസമയം, ഇവയൊക്കെയും എങ്ങനെയെങ്കിലുമൊരുവിധം ഒപ്പിച്ചെടുക്കുകയും ഡ്രൈവിംഗ് എന്ന പ്രവൃത്തി ആസ്വദിക്കാൻ സാധിക്കാതെയുമിരുന്നാൽ, നമുക്ക് പറയാം അയാൾ വേണ്ടത്ര aware അല്ലെന്ന്. ജിദ്ദു കൃഷ്ണമൂർത്തി പങ്കുവെച്ച ഒരു നർമ്മമുണ്ട്: അദ്ദേഹം ഒരിക്കൽ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, ഡ്രൈവ് ചെയ്യുന്നയാളും കൂടെയുണ്ടായിരുന്നയാളും അവബോധത്തെപ്പറ്റിയുള്ള ഗൗരവമായ ചർച്ചയിലായിരുന്നു. പെട്ടെന്ന് കാർ, വഴി മുറിച്ചു കടന്ന ഒരു ആടിനെ ഇടിച്ചിട്ടു. പക്ഷേ ഇതൊന്നുമറിയാതെ അവർ അവബോധത്തെപ്പറ്റിയുള്ള അവരുടെ സംഭാഷണം തുടർന്നുകൊണ്ടേയിരുന്നുവത്രേ!


അവബോധമെന്നത് നിരവധി ഡിമെൻഷനുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ -ഭൂതമെന്നോ ഭാവിയെന്നോ വ്യത്യാസമില്ലാതെ- വർത്തമാനാവസ്ഥയിൽ സജീവമായി നിലനിർത്തിക്കൊണ്ട് പ്രതികരിക്കാനും അതേ സമയം അതിൽ നിന്നും മാറിനിന്നെന്നപോലെ ആസ്വദിക്കാനുമുള്ള ആർജ്ജവമാണ്. ധ്യാനമാകട്ടെ, നമ്മുടെ ശരീരത്തേയും മനസ്സിനേയും അവയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് അനുവദിച്ചുകൊടുക്കുന്നതിനുള്ള നൈപുണ്യമാർജ്ജിക്കലും - knack. അപ്പോൾ, അപ്പോൾ മാത്രം, awareness അതിന്റെ പാരമ്യതയിൽ പരിലസിച്ചേക്കുമത്രേ.