x
സിഗ്മണ്ട് ഫ്രോയ്‌ഡിനെക്കാളും പ്രതിഭാശാലിയെന്ന ഒരു തോന്നലുളവാക്കിയെങ്കിലും, ഫ്രോയ്‌ഡിനോളം വിപ്ലവാത്മകമാണ് ഗുസ്താഫ് യുങിൻ്റെ സംഭവനകളെന്നു തോന്നുന്നില്ല. യുങിൻ്റെതെന്നു മാത്രമല്ല ആഡ്‌ലറിൻ്റെയും അസാഗ്യോലിയുടേയും പിന്നീടുവന്ന മിക്കവരുടേയും കാര്യത്തിൽ ഇതുതന്നെയാണ് സ്ഥിതി. പാശ്ചാത്യ മനഃശാസ്ത്ര സമ്പ്രദായത്തിൽ നിന്നും അല്പമൊന്നു മുഖമുയർത്തി, പൗരസ്ത്യ സമീപനങ്ങളുടെ - പൗരസ്ത്യ മനഃശാസ്ത്രം എന്നു പറയാനാവില്ലല്ലോ - നേർക്ക് അല്പം മമത കാണിച്ചതിൻ്റെ ഭാഗമായി ആത്മീയാന്വേഷണലോകത്തെ ധാരാളം വാക്കുകളും പ്രയോഗങ്ങളും യുങ്ങിൻ്റെ പ്രവർത്തനമണ്ഡലത്തിൽ കടന്നുവരികയുണ്ടായെന്നുമാത്രം.
|
sigmund freud |
ഓഷോ അഭിപ്രായപ്പെട്ടിട്ടുള്ളത്, ഇത്തരം ചില പരിചയപ്പെടലുകൾക്കപ്പുറം, കിഴക്കിൻ്റെ ആത്മീയധാരയിലേക്ക് - ധ്യാന സാധനകളുടെ ലോകത്തേക്ക് - കാലെടുത്തുവക്കാനുള്ള ധൈര്യമുണ്ടായില്ല അദ്ദേഹത്തിന് എന്നാണ്. രമണമഹർഷിയെ വാനോളം പുകഴ്ത്തിയെങ്കിലും, ഇന്ത്യയിലെത്തിയിട്ടുപോലും അദ്ദേഹത്തെ ചെന്നുകാണുവാനുള്ള ധൈര്യം ഗുസ്താഫ് യുങിനുണ്ടായില്ലത്രേ. തനിക്കുതോന്നിയ ഭയവും മറ്റു മനശ്ചാഞ്ചല്യങ്ങളും തുറന്നു സമ്മതിക്കുന്നതിനുപകരം 'പടിഞ്ഞാറിന് പടിഞ്ഞാറിൻ്റെ രീതികൾ, കിഴക്കിന് കിഴക്കിൻ്റെ രീതികൾ' എന്നുപറഞ്ഞു സ്വയം ആശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതുപോലെത്തന്നെ വത്തിക്കാനിലെ ലൈബ്രറി സന്ദർശിക്കാൻ വേണ്ടി പല തവണ ശ്രമിച്ചിട്ടും ഭയം ഒന്നുകൊണ്ടു മാത്രം ഈ മനഃശാസ്ത്രജ്ഞൻ ആ ശ്രമം വേണ്ടെന്നുവച്ചത്രേ. ഏതായാലും മനസിൻ്റെ അപഗ്രഥനച്ചുഴികളിൽ അകപ്പെട്ട് എങ്ങുമെത്താതെ, പ്രശസ്തനായി കഴിയുമ്പോഴും മനസ്സിന്നതീതമായി നിലകൊണ്ട കിഴക്കിൻ്റെ ധ്യാന ചക്രവാളങ്ങൾ അദ്ദേഹത്തെ സൗമ്യമായെങ്കിലും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നുവെന്നതാണ് സത്യം. No-Mind നു നേരെ നിലകൊള്ളാനാവാത്ത ഒരു മനസ്സിൻ്റെ സ്വാഭാവിക ഭയാശങ്കകൾക്ക് കാൾ ഗുസ്താഫ് യുങ് എന്ന മനഃശാസ്ത്രജ്ഞൻ തന്നെ ഒരുത്തമോദാഹരണമായി.
സിഗ്മണ്ട് ഫ്രോയ്‌ഡ് തുറന്നുകൊടുത്ത ഉപബോധ മനസ്സിൻ്റെയും അബോധ മനസ്സിൻ്റെയും ഇരുണ്ട ഇടനാഴികകളിലൂടെ യുങ് കുറച്ചുകൂടി ആഴത്തിലേക്കിറങ്ങിച്ചെല്ലുകയുണ്ടായി. ഒരുപക്ഷേ ,Collective Unconscious നോളം. മനസ്സിൻ്റെ അടിത്തട്ടിൽ ലൈംഗീക ബിംബങ്ങൾക്കുമപ്പുറെ മറ്റുപലതുമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയപ്പോഴേക്കും പക്ഷേ, ഫ്രോയിഡിൽ നിന്നും അദ്ദേഹം അകന്നുകഴിഞ്ഞിരുന്നു.
മനസ്സിൻ്റെ അടിത്തട്ടിലേക്കുള്ള ദൂരമളക്കാൻ തൻ്റെ കൈവശമുള്ള ഫ്രോയ്‌ഡിയൻ ലൈംഗീകബിംബങ്ങൾ തീരെ അപര്യാപ്തമാണെന്നു മനസ്സിലാക്കിയ ഗുസ്താഫ് യുങ്, മിത്തുകളുടെ ലോകത്തിലേക്ക് ചെന്ന് ആദിപ്രരൂപങ്ങളെ തൻ്റെ പഠനങ്ങൾക്കവലംബമാക്കി. മിത്തുകളെ തേടിപ്പോയയാൾ യാഥാർഥ്യത്തിലേക്കു കരകയറിയില്ലെങ്കിലും, കുറേക്കൂടി വിസ്‌തൃതമായതും കൃത്യതയാർന്നതുമായ അളവുദണ്ഡുകൾ - Analytical Psychological Tools - ഉണ്ടാക്കിയെടുക്കുകയുണ്ടായി. അതിലുമുപരി മനസ്സിൻ്റെ ആഴങ്ങളെപ്പറ്റി അക്കാലത്തു ശാസ്ത്രം കല്പിച്ചുവച്ചിരുന്ന അതിർവരമ്പുകൾ ഉടഞ്ഞുപോകാൻ യുങിൻ്റെ 'വഴിയോരക്കാഴ്ചകൾ' സഹായകമായി. മനസ്സെന്ന പ്രതിഭാസത്തിൻ്റെ സാജാത്യ വൈജാത്യങ്ങളെ നിശ്ചയിക്കുന്നതിൽ മനുഷ്യൻ്റെ, സമൂഹജീവിയായി രൂപമെടുത്തതു മുതൽക്കെങ്കിലുമുള്ള അവൻ്റെ ഇന്ദ്രിയ ചോദനകൾ കാരണമായിട്ടുണ്ടെന്നും, എത്ര ആധുനികമായ സാഹചര്യങ്ങളിലും അതേ ചോദനകളാണ് ഇന്നും അവനെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും യുങ് വിളിച്ചുപറഞ്ഞു. ആഴങ്ങളിലേക്ക് ചെല്ലുന്തോറും വ്യത്യാസങ്ങളേക്കാളധികം സാമ്യങ്ങളാണ് അനാവൃതമാവുകയെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. Collective Unconscious- ലേക്ക് നടത്തിയ ആ യാത്ര കേവലം 'intellectual assumptions trip' ആയിപ്പോയി. മനഃശാസ്ത്രത്തിലെ 'ദൈവകണം' തേടിയുള്ളതായിരുന്നു ആ പുറപ്പെടലെങ്കിൽ, യുക്തികളുടെ ഒരു കപ്പൽഛേദത്തിന് ഭാഗ്യമുണ്ടാവുമായിരുന്നു ഈ പ്രതിഭയ്ക്ക്.
എന്നിരുന്നാലും, ഈ അന്വേഷണത്തിൻ്റെ ഭാഗമായാണെന്നു തോന്നുന്നു, കിഴക്കിൻ്റെ ആത്മീയ ഉൾക്കാഴ്ചകളുമായി അദ്ദേഹം സമ്പർക്കപ്പെടാനിടയായത്. (യുങ് collective unconsciousness എന്ന് ഊഹാപോഹം നടത്തുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ്, ഇങ്ങ് ഇന്ത്യയിൽ cosmic unconsciousness; അതിനുമടിയിൽ Personal pre-conscious, Pre-conscious എന്നീ തലങ്ങളും ബോധോദയത്തിൻ്റെ പാതയിൽ Super Conscious, Super Super Conscious, Collective Conscious, Cosmic Conscious എന്നീ തലങ്ങളും മറ്റും പരിചിതമായിരുന്നു)
Wilhelm Reich, Evans-Wentz (Tibetan Book of The Dead തുടങ്ങിയ പല പുരാതന ആത്മീയ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയയാൾ) തുടങ്ങിയവരാണ് യുങ്ങിനെ പൗരസ്ത്യ ദർശനങ്ങളും രചനകളും പരിചയപെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതത്രേ. Tibetan Book of The Dead-ന് യുങ് അവതാരിക എഴുതുകപോലുമുണ്ടായി. ഏതോചില താവോ കൃതികൾക്ക് വാഖ്യാനമെഴുതുവാൻ യുങ് തയ്യാറെടുത്തത്തായി കേട്ടിട്ടുണ്ട്; നിജസ്ഥിതി അറിയില്ല. ഏതായാലും ഈ പരിചയങ്ങൾ അദ്ദേഹത്തിൻ്റെ ഭാഷക്കു ആത്മീയതയുടെയും ധ്യാനാനുശീലനങ്ങളുടെയും ചില ഛായകൾ നല്കുകയുണ്ടായി. "Who looks outside, dreams; who looks inside, awakes"; "freedom stretches only as far as the limit of your consciousnesses"; "the meeting of two personalities is like the contact of two chemical substances: if there is any reaction, both are transformed", എന്നിങ്ങനെയുള്ള ധാരാളം സുന്ദര വാക്യങ്ങൾ യുങ്ങിൻ്റെതായിട്ടുണ്ട്.
മനുഷ്യമനസ്സിൻ്റെ അതി ബ്യഹത്തായ സ്വഭാവവൈശിഷ്ട്യങ്ങളെ വിശ്ലേഷണ വിധേയമാക്കുകയാണെങ്കിൽ, സൗകര്യപ്രദമാകാവുന്ന ചില പ്രധാന വർഗ്ഗീകരണ സംജ്ഞകൾ യുങ്ങിൻ്റെ സംഭാവനയാണ്. Introvert, Extrovert, Anima, Animus എന്നിങ്ങനെ. ആദിപ്രരൂപങ്ങൾ (archetype-fundamental psychic patterns) മനഃശാസ്ത്രത്തിനപ്പുറത്തേക്ക് വളർന്ന് ഫോക്‌ലോർ, സാഹിത്യനിരൂപണം, സാമൂഹ്യശാസ്ത്ര ചരിത്രം തുടങ്ങിയ പഠനശാഖകളിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.
എന്നാൽ ഗുസ്താഫ് യുങിൻ്റെ സർവ്വപ്രധാനമായ സംഭാവന Law of Synchronicity യാണെന്നു തോന്നുന്നു. 1930 -ൽ അവതരിപ്പിക്കപ്പെട്ട ഏതോ ഒരു പ്രബന്ധത്തിലാണത്രേ അദ്ദേഹം ആദ്യമായി Synchronicity എന്ന പദം പ്രയോഗിക്കുന്നത്. പതിവുപോലെത്തന്നെ, ഈ വീക്ഷണം കിഴക്കിന് ഏറെ പരിചിതമായിട്ടുള്ളതായിരുന്നുവെങ്കിലും, മനഃശാസ്ത്രലോകത്ത്, വിശേഷിച്ചും പാശ്ചാത്യചിന്താപരിസരത്ത്, ഏറെ ധീരമായ ഒരു പ്രഖ്യാപനമായി സ്വീകരിക്കപ്പെടുകയുണ്ടായി.
Synchronicity എന്നതിന് തത്തുല്യമായ ഒരു മലയാളപദം എനിക്കു കണ്ടെത്താനാവുന്നില്ല. Resonance എന്നർത്ഥം വരുന്ന 'അനുരണനം' എന്ന വാക്ക് ഏറെ അടുത്തുവരുന്നുണ്ടെന്നാണ് തോന്നുന്നത്. ശാസ്ത്രചിന്തകളുടെ അടിസ്ഥാന ശിലയായ cause and effect (കാര്യ കാരണ സിദ്ധാന്തം) പ്രമാണത്തെ അപ്പാടെ നിഷേധിച്ചുകൊണ്ട്, വിശേഷിച്ചു കാരണമൊന്നുമില്ലാതെ ഒരു സംഭവത്തോടൊപ്പം induce ചെയ്യപ്പെട്ട് ഉണ്ടായിപ്പോകുന്ന മറ്റൊരു സമകാലിക സംഭവത്തെയാണ് യുങ് Synchronicity എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്; മനുഷ്യൻ്റെ മനോവ്യാപാരങ്ങളിൽ ഇത്തരമൊരു പ്രതിഭാസം അതിപ്രധാനമായ പങ്കുവഹിക്കുന്നുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്. അതേ സമയം അത് വെറും യാദൃശ്ചികതയുമല്ല. Coincidences are not just coincidences എന്ന ചൊല്ല് Synchronicity -യെയാണ് ദ്യോതിപ്പിക്കുന്നത്. ഭൗതികതയുടെ ലോകത്തെ Synchronicity, കാരണങ്ങളെ നിഷേധിച്ചുകൊണ്ട് യാദൃച്ഛികതയോടടുത്തു നില്ക്കുന്നുവെങ്കിൽ, മനസ്സിൻ്റെ ലോകത്ത്, വ്യക്തികൾക്കിടയിൽ വിശേഷിച്ചും അത് intuition - നോടടുത്തു നില്കുന്നു. പ്രണയബദ്ധരായവരിൽ ഒരേ സമയം സമാനമായ വിചാര വികാരങ്ങളാണുണ്ടാവുക; അപരിചിതരായവർ തമ്മിലും അസാധാരണമായ ചില സമാനമനോഭാവങ്ങളും അടുപ്പവും തോന്നുക, ഒരാളിലെ മനസികോർജ്ജമണ്ഡലം മറ്റൊരാളിൽ അതേ പ്രഭാവമുണ്ടാക്കുക തുടങ്ങി, Synchronicity യുടേതായ നിരവധി സന്ദർഭങ്ങൾ നമുക്കെല്ലാവർക്കും പരിചിതമായിട്ടുള്ളതാണ്. പ്രത്യക്ഷത്തിൽ ഇത്തരം സംഭവങ്ങൾക്ക് യുക്തിയുക്തമായ കാരണങ്ങൾ കണ്ടെത്തുക സാധ്യമല്ലതന്നെ. എത്രതന്നെ അദൃശ്യമാണെങ്കിലും യുക്ത്യാതീതമായ ചില ആവൃത്തി-സാമ്യങ്ങൾ ഇത്തരം സംഭവങ്ങളിലുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. അസ്തിത്വമെന്നത് പരസ്പരം കൈകോർത്തു നിൽക്കുന്നതും (interdependent) സദാ വിനിമയം നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു ജൈവ പ്രതിഭാസമാണെന്നത് പൗരസ്ത്യദർശനങ്ങളുടെ ഏറ്റവും അടിസ്ഥാന സ്വഭാവമാണെന്നിരിക്കിലും, ആത്മീയതയുടെ ഭാരതീയാന്തരീക്ഷത്തിൽ 'സത്സംഗം' എന്ന വാക്ക് (ഗുരു ശിഷ്യ പരസ്പര്യത്തിലെ കാര്യകാരണാതീതമായ അവബോധ സംവേഗങ്ങൾ) യുങിൻ്റെ ധാരണകളെക്കാളും ഏറെ ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ടെങ്കിലും, ആധുനികലോകത്ത് Synchronicity എന്ന പദത്തിന് ഒരു വല്ലാത്ത ചാരുതയുണ്ടെന്ന് ഓഷോ അഭിപ്രായപ്പെടുന്നു. ഓഷോയുടെ പ്രഭാഷണങ്ങളിൽ ഒരുപാട് സന്ദർഭങ്ങളിൽ ഈ വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. മിക്ക സന്ദർഭങ്ങളിലും അദ്ദേഹം യുങ്ങിനെ ഓർക്കുന്നുമുണ്ട്.
'Glimpses of a Golden Childhood' - ൽ ഒരിടത്ത് ഓഷോ ഈ വാക്കിൻ്റെ സൗന്ദര്യത്തെ പ്രത്യേകം എടുത്ത് പ്രശംസിക്കുന്നുണ്ട്. പണ്ഡിറ്റ് ശംബുബാബുവുമായുള്ള ഓഷോയുടെ ബന്ധത്തെ പരാമർശിക്കുന്നിടത്ത് അദ്ദേഹത്തിന് ഇതിനേക്കാൾ മനോഹരമായ ഒരു പദം കണ്ടെത്താനാവുന്നില്ല. കാൾ ഗുസ്താഫ് യുങ് എന്ന
മനഃശാസ്ത്രജ്ഞനെ അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കിലും (ഓഷോ കൂടുതൽ അധികാരികമായെണ്ണുന്നത് ഫ്രോയ്ഡിനെയാണ്) Synchronicity എന്ന വാക്ക് സൃഷ്ടിച്ചെടുത്തതിൽ യുങ് ഒരു നോബൽ സമ്മാനം അർഹിക്കുന്നുവെന്നാണ് ഓഷോ പറഞ്ഞുവെക്കുന്നത്.
ആത്മീയതയുടെ ലോകം Synchronicity യുടേതു മാത്രമാണെന്ന് ഓഷോ മിക്ക സന്ദർഭങ്ങളിലും ഓർമ്മപ്പെടുത്തുന്നുണ്ട്. '' Religion is Synchronicity; morality is casual'' എന്ന് പറയുന്നിടത്ത്, നിർജ്ജീവമായ യുക്തിയുടെ ഇടപെടലുകൾ മതത്തെ വെറും സദാചാരത്തിലേക്ക് താഴ്ത്തിക്കളയുന്നതെങ്ങനെയെന്ന് ഓഷോ വ്യക്തമാക്കുകയാണ്. ഓഷോയുടെ ലോകത്തിൽ (വ്യക്തിപരമായി എനിക്കിതിനർത്ഥം ധ്യാനത്തിൻ്റെ ലോകം എന്നാണ്) സ്നേഹവും കാരുണ്യവുമൊക്കെ Synchronicity യാണ്. ഓഷോയുടെ വാക്കുകളിതാണ്, "Synchronicity is not a law of certainty. But it is certainly a law. A few things happen that way. Love happens that way. " Empathy യെ പറ്റിയുള്ള ഒരു ചോദ്യത്തിനു മറുപടി പറയുന്നിടത്ത് Synchronicity is the scientific name for empathy'' എന്ന് വ്യക്തമാക്കുന്നു ഓഷോ. ഗുസ്താഫ് യുങ്ങിനെക്കാളും എത്രയോ സുതാര്യതയോടെ ഓഷോയുടെ വാക്കുകൾ "Synchronicity is the very law of life" എന്നത് അനുഭവവേദ്യമാക്കുന്നു.
Synchronicity എന്ന വെളിപാടിലേക്ക് യുങ്ങിനെ നയിച്ചത് അദ്ദേഹത്തിൻ്റെ മുറിയിലുണ്ടായിരുന്ന രണ്ട് പഴഞ്ചൻ ക്ലോക്കുകളായിരുന്നുവത്രേ. എത്രതന്നെ വ്യത്യാസപ്പെടുത്തിവെച്ചാലും അധികം താമസിയാതെ ഈ രണ്ടു ക്ലോക്കുകളും ഒരേ സമയം കാണിക്കാൻ തുടങ്ങിയത് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. ഏതോ ഒരു ക്ലോക്കിൻ്റെ പെൻഡുലം ചുമരിലുണ്ടാക്കിയ ചില സവിശേഷ കമ്പനങ്ങൾ മറ്റേ ക്ലോക്കിനെ സ്വാധീനിച്ചതായിരിക്കാം. ഏതായാലും ഈ രണ്ടു ക്ലോക്കുകളും എല്ലായ്‌പ്പോഴും ഒരേ സമയം കാണിച്ചുകൊണ്ടിരുന്നു. അവയ്ക്കിടയിൽ ചില പ്രണയ സംവാദങ്ങളുണ്ടായിരുന്നതുപോലെ അനുഭവപ്പെട്ടു അദ്ദേഹത്തിന്. Synchronicity എന്ന പദസംയോഗം നടത്തുന്നതിലേക്ക് യുങ്ങിനെ പ്രചോദിപ്പിച്ചത് ഈ സംഭവമായിരുന്നെന്ന് പറയപ്പെടുന്നു! 'clocks are just an excuse' എന്നേ പറയാൻ തോന്നൂ. എന്തെന്നാൽ സ്വരകമ്പനങ്ങളും ഒരേ ആവൃത്തിയിൽ അവക്കു സംഭവിക്കുന്ന അനുരണനങ്ങളുമെല്ലാം എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ നിരീക്ഷിച്ചു പോരുന്നുണ്ട് ! ഇന്നും,തംബുരുവിനോളം മാസ്മരിക നാദമുതിർക്കാൻ പോന്ന സംഗീതോപകരണങ്ങളുണ്ടോ എന്ന് സംശയമാണ്. താൻസനെ പോലുള്ള സംഗീതജ്ഞർ തംബുരു ശ്രുതിയൊരുക്കി മുറിയിലൊരിടത്തു വച്ചു തൻ്റെ ശബ്ദം തംബുരുവിൽ മുഴക്കങ്ങളുണ്ടാക്കുന്നുവോ എന്ന് ഉറപ്പുവരുത്തുകയാണ് പതിവത്രേ ! അനുരണനങ്ങളുടെ സൂക്ഷ്മ ശ്രുതിപ്രഭാവങ്ങൾക്ക് മൃഗങ്ങളുടെ കുടലുകൾ സവിശേഷ ശ്രദ്ധയോടെ സംസ്കരിച്ചെടുത്തുണ്ടാക്കിയ തന്ത്രികളോട് കിടപിടിക്കാൻ, ലോഹ സംസ്കരണത്തിലും മറ്റും എത്രയോ മുന്നോട്ടുപോയ ആധുനിക ശാസ്ത്രത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നു കേൾക്കുമ്പോൾ അവിശ്വസനീയമായേ തോന്നൂ.
ബി. സി. 6 ൽ ബാഗ്‌ദാദിൽ വച്ച് നടന്ന, ഭാരതത്തിലേയും ഈജിപ്തിലേയും ബാഗ്‌ദാദിലേയും ഋഷിമാരുടെ ഒരു രഹസ്യ കൂടിക്കാഴ്ചയാണ് പൈതഗോറസിലൂടെ ശാസ്ത്രത്തിൻ്റെ പടികടന്ന് ഇങ്ങേയറ്റത്ത് നീൽസ് ബോറിലൂടെ ന്യൂക്ലിയർ സയൻസിൻ്റെ ആവിർഭാവത്തിനു കാരണമായതെന്ന് ജെ. ജി. ബെന്നറ്റ് എവിടെയോ പരാമർശിച്ചു കണ്ടിട്ടുണ്ട്. അന്ന് അവർ പരീക്ഷിച്ചത് പൂച്ചകളുടെ കുടലുകൾ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത ആവൃത്തികളുള്ള ചില തന്ത്രികളുടെ കമ്പന സ്വഭാവങ്ങളായിരുന്നുവത്രേ ! ഇന്നും ശാസ്ത്രത്തിൻ്റെ നെറ്റിത്തടത്തിൽ Synchronicity ആശ്ചര്യത്തിൻ്റെ ചുളിവുകൾ വീഴ്ത്തുന്നുണ്ട് - Quantum entanglement എന്ന പ്രതിഭാസം.
|
C. G. JUNG |
ദ്രവ്യത്തിൻ്റെ ഏറ്റവും അടിസ്ഥാന കണങ്ങളായ ഫോട്ടോണുകൾക്കിടയിൽ വർത്തിക്കുന്ന Synchronitic സ്വഭാവമാണത്. ഏതൊരു ഊർജ്ജ കണത്തെയെടുത്താലും അതിനു ജോഡിയായി പ്രവർത്തിക്കുന്ന മറ്റൊരു കണം പ്രപഞ്ചത്തിലെവിടെയോ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഒരു കണത്തിൽ ചെലുത്തുന്ന ഏതു ബലതന്ത്രവും മറ്റേ കണത്തിലും പ്രതിഫലിക്കപ്പെടുന്നു. ഒരു കണത്തിൻ്റെ ചംക്രമണ ദിശയിലോ വേഗത്തിലോ മാറ്റമുണ്ടാക്കിയാൽ മറ്റേ കണവും അതേ വേഗത്തിലും ദിശയിലും ഭ്രമണം ചെയ്യാൻ തുടങ്ങുന്നു. Quantum entanglement - നെ മനഃശാസ്ത്രത്തിലെ Law of Synchronicity യുമായും Synchronicity യെ Quantum entanglement മായും കൂട്ടിയിണക്കിക്കൊണ്ടുള്ള ചർച്ചകൾ ഇൻറ്റർ നെറ്റ് സൈറ്റുകളിൽ സുലഭമാണ്.
Synchronicity എന്ന പ്രതിഭാസം സർവ്വസാധാരണമായി ഏതൊരാളും അനുഭവിച്ചിട്ടുണ്ടാവുക സംഗീതലോകത്തായിരിക്കും. മ്യൂസിക് കമ്പോസർ മുതൽ ഇങ്ങേയറ്റത്ത് ശ്രോതാവ് വരെ സംഗീതം Synchronicity യുടെ മാത്രം ഒരു മണ്ഡലമാണ്. സിത്താർ വാദകനായ പുളക് ലാഹിരി പങ്കിട്ട മനോഹരമായ ഒരനുഭവമുണ്ട് : ഒരു ദിവസം ഇദ്ദേഹത്തിൻ്റെ പിതാവ് - പണ്ഡിറ്റ് രബീന്ദ്ര ലാഹിരി - പുളക് ലാഹിരിയെ മുന്നിലിരുത്തി സിത്താറെടുത്ത് ജൈജൈവന്തി രാഗം വായിച്ചു കേൾപ്പിച്ചത്രേ. എന്നിട്ടദ്ദേഹം പറഞ്ഞു, " ഈ രാഗത്തിൻ്റെ പ്രഭാവമെന്തെന്ന് ഞാൻ നിനക്ക് സന്ധ്യക്കു പറഞ്ഞുതരാം". സന്ധ്യക്ക് മറ്റൊരു ശിഷ്യൻ ക്ലാസിനെത്തിയപ്പോൾ അതേ മുറിയിലിരുന്ന് രബീന്ദ്ര ലാഹിരി പറഞ്ഞു; ''നിനക്ക് ഉള്ളിൽ തോന്നുന്നതെന്തെങ്കിലും വായിക്കൂ. അതിൽനിന്നും തുടങ്ങാം. '' ആ ശിഷ്യൻ സിത്താറെടുത്തു ജൈജൈവന്തി വായിക്കാൻ തുടങ്ങിയത്രേ. രബീന്ദ്ര ലാഹിരി മകനോടു പറഞ്ഞു, പുളക് ഇതാണ് ജൈജൈവന്തി ! ".
ESP (Extra Sensory Perception)യും മറ്റു പ്രവചനസിദ്ധികളും സംശുദ്ധമായ Synchronicity-യുടെ തരംഗ മണ്ഡലത്തിൽ ഉൾപ്പെടുമോ എന്ന് സന്ദേഹമുണ്ട്. എന്തെന്നാൽ ഇത്തരം സിദ്ധികൾ മനസ്സിനെ ആശ്രയിച്ചു പരിശീലിച്ചെടുക്കുന്നവയാണെന്നിരിക്കേ, Synchronicity എന്നത് മനസ്സിന്നതീതമായി സംഭവിക്കുന്നതാണ്. ഗുസ്താഫ് യുങും ഈ പ്രതിഭാസത്തെ 'മനസ്സിന്നതീതമായി' ത്തന്നെയാണോ കണ്ടിരുന്നതെന്ന് ഉറപ്പില്ല.
ഈ വാക്കിനോട് എനിക്കു തോന്നിയിട്ടുള്ള ഒരു വിശേഷ മമതയുണ്ട്. അതു തുടങ്ങിയത് 1991 ലാണ്. ഡിപ്ലോമ കോഴ്സിൻ്റെ ഭാഗമായി ഇലക്ട്രിക് പാനലുകളുടെ Synchronization എന്ന് കേട്ടതുമുതൽ. അക്കാലത്തു ഒട്ടുമിക്ക സാങ്കേതിക സംജ്ഞകളും സിംബലുകളും എന്നിൽ വല്ലാത്ത അലോസരമുണ്ടാക്കിയിരുന്നു. എന്നാൽ ഈ വാക്കു മാത്രം എന്തോ ചില കൗതുകങ്ങളുണർത്തി എന്നിൽ. രണ്ടു ഇലക്ട്രിക് ലൈനുകൾ തമ്മിൽ synchronize ചെയ്യണമെങ്കിൽ, അവയുടെ voltage, phase sequence, frequency എന്നിവ സമാനമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നിലുടനേ തോന്നിയത് ഈ സ്വഭാവങ്ങൾ സമാനമായിരിക്കുന്ന രണ്ട് ഇലക്ട്രിക്ക് ലൈനുകൾ തമ്മിൽ സ്വാഭാവികമായും എന്തോ ചില വിനിമയങ്ങൾ നടക്കുന്നുണ്ടായിരിക്കുമോ എന്നാണ്. ശാന്തിയും സന്തോഷവും നിറഞ്ഞുനിൽക്കുന്ന രണ്ടു പാനൽ ബോർഡുകളുടെ മുഖം എൻ്റെ ഭാവനയിൽ തെളിഞ്ഞു വന്നു. ഹൈവോൾടേജ് പാനൽ ബോർഡുകളിൽ നിന്നുയർന്നു വരുന്ന സൗമ്യമായ ചില ഹുങ്കാരങ്ങൾ അവ തമ്മിലുള്ള അടക്കം പറച്ചിലുകളായി തോന്നി എനിക്ക്. ഇഷ്ടമില്ലാത്ത ഒരു വിഷയം പഠിക്കുന്നതിൽനിന്നും രക്ഷനേടാൻ എൻ്റെ മനസ്സുകണ്ടെത്തിയ ചില ഉപായങ്ങളായിരുന്നു ഇത്തരം ഭാവനകൾ. ഈ ഭാവനകളെ കൊണ്ടു പക്ഷേ മറ്റുചില പ്രയോജനങ്ങളുണ്ടായി എനിക്ക്. Electricity യെ വെറും മുഷിപ്പൻ എൻജിനീയറിംഗ് എന്നതിൽ നിന്നും മാറി ഒരു mysterious science എന്ന രീതിയിൽ ഞാനതിനെ അല്പാല്പമായി ഇഷ്ടപ്പെടാൻ തുടങ്ങി.
വർഷങ്ങൾക്കിപ്പുറം, റിഫൈനറികളിലേയും സ്റ്റീൽ ഫാക്ടറികളിലേയും മറ്റും ഇലെക്ട്രിക്കൽ കൺട്രോൾ റൂമുകളിൽ, ഭീമാകാരങ്ങളായ പാനൽ ബോർഡുകളുടെ നാദബ്രഹ്മങ്ങളൊരുക്കിയ 'സ്നാനലബ്ധി'ക്കു ഭാഗ്യമുണ്ടായത് ആ ഇഷ്ടങ്ങളെക്കൊണ്ടായിരിക്കണം. ചന്ദനഗന്ധങ്ങളുടേയും മറ്റും നേർത്ത പുകനൂലുകൾ അന്തരീക്ഷത്തിലേക്ക് പതിയെപ്പതിയെ അലിഞ്ഞുചേരുന്നതുപോലെ, മന്ത്രികമായ അത്തരം തേനീച്ചമുഴക്കങ്ങളിൽ ശരീരത്തിന്റേയും മനസ്സിന്റേയും പ്രതിരോധങ്ങളഴിഞ്ഞു, സ്നേഹപൂർവ്വം പങ്കുചേരുക. അനുസ്യൂതമായ കമ്പന പ്രളയങ്ങളിൽ നിന്നും സ്വയമേ ഉരുത്തിരിയുന്ന, നാമമാത്രമായ ചില ഊഹാപോഹങ്ങൾ മാത്രമാണ് നാമറിയുന്ന ഈ ലോകമെന്ന് അവ നമ്മെ സൗമ്യമായി ഓർമ്മപ്പെടുത്തിയേക്കും.
Induction Motor-കളും Transformer-കളും Synchronicitic ഉപകരണങ്ങളാണ്. അവയുടെ അടിസ്ഥാന തത്വമായിരിക്കുന്നതുതന്നെ Induction ആണ്- പ്രേരണ, പ്രചോദനം. ഒരു coil സമൂഹത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചാൽ തൊട്ടരികെ വച്ചിരിക്കുന്ന മറ്റൊരു coil സമൂഹത്തിൽ സമാനമായ വൈദ്യുതി ചാർജ് സംജാതമാകുന്നു! Induction എന്നതും Transformer എന്നതുമെല്ലാം ആത്മീയ പദങ്ങളാണെനിക്ക്.
ഓഷോയുടെ ലോകവുമായി ഇടപെഴകാൻ തുടങ്ങിയപ്പോൾ ഈ വൈദ്യുതി സ്നേഹം ഏറെ ആഹ്ളാദകരമായി. എന്തെന്നാൽ ഓഷോ വളരെയധികം ഉപയോഗിച്ചു പോന്നിട്ടുള്ള ഒരു പദമാണ് electricity; ധ്യാനത്തെപ്പറ്റിയും അനുബന്ധമായിട്ടുള്ള ശാരീരിക സ്പന്ദനങ്ങളെപ്പറ്റിയും പരാമർശിക്കുമ്പോൾ. അതിനിടയിലാണ് Synchronicity എന്ന വാക്കിനോടുള്ള ഓഷോയുടെ വിശേഷ താല്പര്യം ശ്രദ്ധയിൽപ്പെടുന്നത്. അതിലേറെ, ഓഷോയുടെ ലോകത്ത് ഈ പ്രതിഭാസത്തിൻ്റെ വിവിധമാനങ്ങളിലൂടെ കടന്നുപോകാനുള്ള ഭാഗ്യമുണ്ടാകുന്നതും.
Law of Synchronicity മനഃശാസ്ത്രത്തിൽനിന്നും പുറത്തുവന്ന് ഭൗതികശാസ്ത്രജ്ഞന്മാരുടെ ഇടയിൽ സ്ഥാനം പിടിച്ച കൗതുകകരമായ ഒരു സംഭവം ഓർമ്മവരുന്നു- Pauli effect. ഗുസ്താഫ് യുങ് ജീവിച്ചിരിക്കേ തന്നെയാണ് ഇതു സംഭവിക്കുന്നത്. Wolfgang Pauli, എന്ന ഒരു അമേരിക്കൻ (ആസ്ട്രിയയിൽ ജനനം) ഭൗതികശാസ്ത്രജ്ഞനുണ്ടായിരുന്നു. Theoretical Physicist എന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചില മാപിനികൾക്കും മറ്റു സാങ്കേതിക ഉപകരണങ്ങൾക്കും തകരാറുകൾ സംഭവിക്കുക സാധാരണമായിവന്നു. Pauli അടുത്തെവിടെയെങ്കിലുമുണ്ടായാൽ, നടക്കാൻ പോകുന്ന പരീക്ഷണങ്ങൾ അലങ്കോലപ്പെടുമെന്നുറപ്പായതിനാൽ, അടുത്ത സുഹൃത്തായിരുന്ന Otto Stern എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തെ ഹംബർഗ്ഗ് ലബോറട്ടറിയിൽനിന്നും വിലക്കുകപോലും ചെയ്തു! Wolfgang Pauli പിന്നീട് ഈ പ്രശ്നം യുങ്ങുമായി ചർച്ചചെയ്യുകയും Pauli Effect ശരിവെക്കുകയും ചെയ്തുവത്രേ! ഇതേ തുടർന്ന് Wolfgang Pauli തൻ്റെ indepth physics-ൽ Law of Synchronicity യെ ഉൾപ്പെടുത്തുകയും രണ്ടു ശാസ്ത്രശാഖകളിലേയും ചില സമാന്തര പ്രവണതകളെപ്പറ്റിയുള്ള പഠനഗവേഷണങ്ങൾക്ക് ഈ ചർച്ച വഴിതെളിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ ഇവയെല്ലാം വഴിവിട്ട സഞ്ചാരങ്ങളെന്നേ തോന്നൂ. നമുക്കു പക്ഷേ ഒന്നിനും തീർപ്പു കല്പിക്കാനാവില്ലല്ലോ.
ഇൻ്റർനെറ്റ് യുഗത്തിലെ ഭാഷ ഉപയോഗിക്കുകയാണെങ്കിൽ, ഈ അസ്തിത്വമെന്നത് ഒരു '' ALWAYS ONLINE" പ്രതിഭാസമാണ്; അതീവ ഗഹനവും സങ്കീർണങ്ങളുമായ നിരവധി മാനങ്ങളുള്ളതും - A Cosmic web of hyper dimensions. ഈ dimension- കൾക്കിടക്ക് നടന്നുകൊണ്ടിരിക്കുന്ന ശ്രുതിചേർച്ചകളുണ്ട്, തിരശ്ചീനമായും ലംബീയമായും. A Kind of Attunement. . . . . . ഏതു തന്ത്രികൾ ഏതിനെയാണ് ശ്രുതിയിലേക്കാനയിക്കുകയെന്നത്, ഒരു പക്ഷേ അറിയാനാവില്ല തന്നെ. എന്നാൽ അനുഭവിക്കാനായെന്നുവരും, സർവ്വവും സർവ്വതിനേയും ശ്രുതിയിണക്കുകയാണെന്ന്. ധ്യാനമെന്ന വാക്കിന് ഈ പശ്ചാത്തലത്തിലല്ലാതെ എന്തു സാംഗത്യമുണ്ട്?
കാൾ ഗുസ്താഫ് യുങിന് Synchronicity യുടെ ഏതെല്ലാം തലങ്ങൾ ദർശിക്കാനായെന്ന് അറിയില്ല. എന്നാൽ താൻ കൂട്ടിയിണക്കിയെടുത്ത ആ പദം തന്നിൽ തന്നെ സംഭവിച്ച ഒരു Synchronicity യുടെ തളിരിടലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണുമെന്ന് കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ഈ അവസരത്തിൽ Synchronicity യെ പ്പറ്റി പറയുന്നിടത്ത് ഓഷോ ഉദ്ധരിച്ച ഒരു ബുദ്ധ മുഹൂർത്തത്തെ ഓർത്തെഴുതുന്നു.
ബുദ്ധൻ്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ രണ്ടുപേരായിരുന്നു മഞ്ജുശ്രീയും സാമന്തഭദ്രനും. മഞ്ജുശ്രീ കുറേ വർഷങ്ങളായി ഒരു മരത്തിനു താഴെയിരുന്നു ധ്യാനത്തിലാണ്. അങ്ങനെയിരിക്കേ ഒരു ദിവസം രാത്രികഴിയുന്നതോടുകൂടി, പൊടുന്നനെയെന്നോണം ആ മരം പുഷ്പിക്കുകയും, മരത്തിൽ നിന്നും പൂക്കൾ മഴപോലെ വർഷിക്കാൻ തുടങ്ങുകയും ചെയ്തു.
|
statue of manjushri |
ആയിരക്കണക്കിനുണ്ടായിരുന്ന മറ്റു ശിഷ്യന്മാർ, അസമയത്തു പൂക്കുകയും(ആ മരം പൂവിടേണ്ടുന്ന കാലമല്ലായിരുന്നു അപ്പോൾ),പൂക്കൾ വർഷിക്കുകയും ചെയ്ത ആ വൃക്ഷത്തെ അത്ഭുതാദരങ്ങളോടെ നോക്കിക്കൊണ്ടു നിന്നു,''ഈ മരം പുഷ്‌പിക്കേണ്ട സമയമല്ലല്ലോ! ഇത്രയും പൂക്കൾ!"
ബുദ്ധൻ പറഞ്ഞു "നിങ്ങൾ ആ വൃക്ഷത്തേയും പുഷ്പങ്ങളേയും മാത്രമേ കാണുന്നുള്ളൂ. മഞ്ജുശ്രീയെ നോക്കൂ. അവനിൽ എന്താണ് സംഭവിച്ചത്? അവനിൽ സംഭവിച്ചത്, അവനോടൊപ്പം ആ വൃക്ഷത്തിനും സംഭവിച്ചിരിക്കുന്നു. മഞ്ജുശ്രീക്ക് പൊടുന്നനെ പുഷ്പിക്കാമെങ്കിൽ, ആ വൃക്ഷത്തിനെന്തുകൊണ്ട് അകാലത്തിൽ പുഷ്പിച്ചുകൂടാ? നിങ്ങൾ മഞ്ജുശ്രീയെ നോക്കുക."
ആ ശിഷ്യന്മാരിൽ ഒരാൾ - സാമന്തഭദ്രൻ- മഞ്ജുശ്രീയുടെ മുഖത്തേക്കു നോക്കി. ആ നിമിഷം തന്നെ ബുദ്ധത്വത്തെ പ്രാപിക്കുകയും ചെയ്തു.
|
signature art by osho |
ശ്രുതിബദ്ധമാണെല്ലാം,
Synchronic
-- മനസ്സിനപ്പുറം.