
ചിരിക്കുമ്പോൾ മിക്കപ്പോഴും ജോളി ഡേവിഡ്, താഴത്തെ ദന്തനിരകൾ ഒരു വശത്തേക്ക് തെറ്റിച്ചു പിടിക്കാറുണ്ട്. ഒഴിഞ്ഞു പോകാൻ മടിച്ച ഒരു കുസൃതിക്കുരുന്ന് അവനിലെവിടെയോ പതുങ്ങിയിരിപ്പുണ്ടെന്നു തോന്നും അത് കാണുമ്പോൾ. ഒട്ടും ധൃതിയില്ലാത്ത ചലനങ്ങൾ.
ആദ്യത്തെ വർക് ഷോപ് ക്ലാസ്സിൽ ഞാനടങ്ങുന്ന ഗ്രൂപ്പിന് കിട്ടിയത് smithy യായിരുന്നു- കൊല്ലന്റെ ആല. എനിക്കാകെ സന്തോഷമായി. എന്തെന്നാൽ ചുട്ടു പഴുത്ത ഇരുമ്പ്. ചുറ്റികയെടുത്തടിച്ച് പതം വരുത്തി വേണ്ട രൂപത്തിലാക്കുക. ചെറിയവയസ്സുള്ളപ്പോൾ പലപ്പോഴും, വീടിനടുത്തുണ്ടായിരുന്ന കൊല്ലന്റെ ആലയിൽ ഈ കാഴ്ച കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്.
അടിച്ചു പതം വരുത്തിയതിനു ശേഷം, കൊല്ലൻ ആ ഇരുമ്പ് കഷ്ണത്തെ ഒരു കൊടിലുകൊണ്ടെടുത്തു പച്ചവെള്ളത്തിലേക്കിടും. ആ ഇരുമ്പു കഷ്ണമപ്പോൾ 'ശൂ ശൂ ..' എന്ന് കരയും. ഏറെ കൗതുകം പകർന്നിരുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. പഴുത്ത ഇരുമ്പിനു മോഹിപ്പിക്കുന്ന നിറമാണ്; അസ്തമയസൂര്യന്റേതുപോലെ. മധുരകോമളമായ ഏതോ പഴത്തെ ഓർമ്മിപ്പിച്ചതുകൊണ്ടാവണം 'പഴുക്കുക' എന്ന് ഇരുമ്പിനെ പറ്റിയും പറഞ്ഞുപോന്നത്. പഴുത്ത ഇരുമ്പിനു ഏതു മാസ്മരിക ഗന്ധമാണോ ഉള്ളത്! Tom Tykwer-ന്റെ സിനിമയിലെ -perfume; the story of a murderer- ഘ്രാണ-ജിജ്ഞാസുവായ ആ ബാലനെ (Jean-Baptiste Grenouille) ഓർമ്മ വരുന്നു.
അഗ്നിസ്ഫുലിംഗങ്ങൾ കൗതുകമുണർത്താത്ത ഏതെങ്കിലും ബാല്യമുണ്ടാവുമോ? ഒരു പക്ഷേ 'തീ കൊണ്ട് കളിക്കരുത്' എന്ന ചൊല്ലുണ്ടായത് ഈ ബാല്യകൗതുകം ഉണ്ടാക്കിക്കൂട്ടിയ അപകടങ്ങളിൽ നിന്നാകാം. ഈർക്കിലിന്റെ അറ്റത്തു തീ പിടിപ്പിച്ചു വെറുതേ അങ്ങോട്ടുമിങ്ങോട്ടും ചുഴറ്റുകയെന്നത് തരം കിട്ടുമ്പോഴൊക്കെയും കുട്ടിക്കാലം കാട്ടിക്കൂട്ടിയിരുന്ന ചെയ്തികളിൽ ഒന്നാണ്. ആ ചെയ്തികൾ ഉപസംഹരിക്കപ്പെടുക മുതിർന്നവരുടെ ശകാരവർഷങ്ങളോടെയായിരിക്കും.

ഓരോരുത്തർക്കും കിട്ടിയ ഇരുമ്പുകഷ്ണങ്ങൾ ആലയിലേക്കിട്ടു കാത്തിരിക്കുകയാണ് ഞങ്ങൾ. കുറേകഴിഞ്ഞപ്പോൾ അവ ചെമന്നു തുടുത്തു. അതിനെ ചുറ്റികകൊണ്ടടിച്ച് ഒരു ഉളിയുണ്ടാക്കണം. പത്തോ പതിനഞ്ചോ പ്രഹരം കഴിയുമ്പോഴേക്കും അതിന്റെ ചെമപ്പ് മങ്ങിയിരിക്കും. പിന്നെയും അതിനെ ആലയിലേക്കിടണം. ഇടയ്ക്കിടെ കയ്യിലുണ്ടായിരുന്ന കൊടിലുകൊണ്ടു ഞങ്ങളതിനെ തിരിച്ചും മറിച്ചുമിടും. വെറുതേയാണ്. അപ്പോഴേക്കും പക്ഷേ ഈ കൊടിലും മൂത്തു പഴുത്തിട്ടുണ്ടാകും.
പരുവപ്പെട്ടുവരുന്ന ഉളിയേയും കാത്തിരിക്കുന്ന ഇടവേളയിൽ സൊറ പറഞ്ഞു സമയം കളഞ്ഞു ഞങ്ങൾ. ഞാൻ അതുവരേക്കും പരിചയപ്പെട്ടിട്ടില്ലാതിരുന്ന ജോളി ഡേവിഡ്, അവന്റെ പഴുത്തു തിളങ്ങിയ കൊടിലുമായി എന്റെ നേരെ നടന്നു വരുന്നുണ്ട്. പുതിയ ഒരു കളിപ്പാട്ടം കിട്ടിയതുപോലെ പോലെ അവന്റെ മുഖത്ത് ഒരു വല്ലാത്ത തിളക്കം. താഴത്തെ ദന്തനിരകൾ അവൻ അല്പം തെറ്റിച്ചു പിടിച്ചിട്ടുണ്ട്. അവന്റെ ചുണ്ടുകളിൽ കുസൃതി നിറയുന്നു.
എനിക്കടുത്തെത്തിയപ്പോൾ അവൻ ആ കൊടിൽ മുന്നോട്ടു നീട്ടി എന്റെ പള്ളയിലമർത്തി. നീണ്ടുകിടക്കുന്ന പണിശാല മൊത്തം എന്റെ നിലവിളി മുഴങ്ങി. ഷർട്ടിനോടൊപ്പം ശരീരത്തിന്റെ തൊലിയും പൊള്ളിയടർന്നപ്പോൾ 'ശൂ..' എന്ന് കേട്ടിട്ടുണ്ടാവുമോ? ഏതായാലും എന്റെ 'primal scream' ൽ ആ 'ശൂ' ആസ്വദിക്കപ്പെടാതെ പോയി.
സാറന്മാരും മറ്റും ഓടിവന്നു. നല്ല 'ചുട്ടു നീറ്റ'മുണ്ടെങ്കിലും എന്റെ കണ്ണീരൊഴുക്ക് പൊടുന്നനെ നിലച്ചു. അസാധാരണമായ ഒരു 'സ്പേസ്' സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, നൊടിയിടയിൽ. ഒരു കൊക്കൂണിനകം ഇങ്ങനെയായിരിക്കുമോ! നിജ ശൂന്യമായ ഒരു ക്യാപ്സ്യൂൾ യൂണിവേഴ്‌സ് ! ശൂന്യതയുടെ ആ അസാധാരണ മാധുര്യം, ആരും കാണാതെ ഞാൻ ഒറ്റക്ക് നുണഞ്ഞു.ചുറ്റും കൂടിയവർ എന്നെ പരിചരിക്കുമ്പോഴും ജോളി ഡേവിഡിന്റെ കണ്ണുകളിലെ തെളിമ എന്നെ അതിശയിപ്പിച്ചിരുന്നു. അവന്റെ ദന്തനിരകൾ അവൻ പൂർവ്വസ്ഥിതിയിലാക്കിയില്ല. മായാൻ മടിച്ചുനിന്ന മന്ദസ്മിതം അവനെ കൂടുതൽ നിഷ്ക്കളങ്കനാക്കി. അധ്യാപകർ അവനെ ശകാരിച്ചുവെന്നു തോന്നുന്നു, ഇവനൊക്കെ എന്ത് ജാതി മൃഗമാണെന്ന മട്ടിൽ. അവൻ പക്ഷേ അനങ്ങാതെ നിന്നു, മൗനമന്ദഹാസവുമായി.
എന്റെ പോളിയെസ്റ്റർ ഷർട്ടിന്റെ പള്ളയിൽ വലിയ ഒരു ദ്വാരം വീണിരുന്നു. ദേഹത്ത് വലിയ ഒരു പോള പൊന്തി. മരുന്ന് പുരട്ടലും കാര്യങ്ങളുമായി പത്തു മിനിറ്റിനകം സ്ഥിതി ശാന്തമായി. ജോളി ഡേവിഡ്, താൻ മെരുക്കിയെടുക്കുന്ന ഇരുമ്പുകഷ്ണവുമായി ആലക്കരികിൽ. എന്നിൽ മറ്റുവികാരങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നത് എന്നെത്തന്നെ അതിശയിപ്പിച്ചു. എന്റെ ശരീരത്തിൽ ഒരു തീപൊള്ളലുണ്ടായിരിക്കുന്നു എന്നതൊഴിച്ചാൽ മറ്റെന്താണ് സംഭവിച്ചിട്ടുള്ളത്? ഒന്നുമില്ല. അഥവാ സംഭവിച്ചുവെന്ന് വിചാരിക്കുകയാണെങ്കിൽ....സ്വച്ഛതയുടെ ഒരു ശല്കം എന്നെ ഒന്നാകെ പൊതിഞ്ഞിരിക്കുന്നു! ഞാൻ ജോളി ഡേവിഡിനെ നോക്കി ചിരിച്ചു. അവനും. അവൻ ഒരു സോറി പോലും പറയാൻ തുനിഞ്ഞില്ല. ഭാഗ്യം. അങ്ങനെയെന്തെങ്കിലും അവനിൽ നിന്നും പൊട്ടിവീണേക്കരുതേ എന്നുണ്ടായിരുന്നു എന്നിൽ. ചില നിമിഷങ്ങളിൽ ചില ഔപചാരികതകൾ എത്ര പെട്ടെന്നാണ് ആ സന്ദർഭത്തെ അലങ്കോലമാക്കുക! അതേ സമയം ചില നിമിഷങ്ങളിൽ പല ഔപചാരികതകളും അനിവാര്യമാണുതാനും. സഹജാവബോധത്തെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
ഈ ബഹളത്തിനിടയിൽ അവന്റെ പേര് ജോളി ഡേവിഡ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. സന്തോഷം. തികച്ചും സാധാരണമായി ഒരു പ്രാക്റ്റിക്കൽ ക്‌ളാസ് അവസാനിച്ചു.
വരും ദിവസങ്ങളിൽ 'ദാവീദു മാപ്പിളയുമായി' വല്ലാത്ത സൗഹൃദത്തിലായി. അഞ്ചെട്ടു ദിവസങ്ങൾക്കുള്ളിൽ എന്റെ പൊള്ളൽ ഉണങ്ങി വേദന മാറി. തുടരെത്തുടരെ സിഗരറ്റു വലിക്കുമായിരുന്നു അവൻ. സാവധാനമുള്ള കുലുങ്ങി നടത്തം കണ്ടാൽ അല്പം അലസനാണെന്നു തോന്നിപ്പിക്കുമായിരുന്നുവെങ്കിലും അവന്റെ ചെയ്തികളിൽ അസാധാരണമായ പെർഫെക്ഷൻ മുന്തി നിന്നു. ലബോറട്ടറി ആവശ്യങ്ങൾക്കായി, ഹാക്ക് സോ ബ്ലേഡിന്റെ കഷ്ണം കൊണ്ട് ഒരു കത്തിയുണ്ടാക്കേണ്ടതുണ്ടായിരുന്നു ഞങ്ങൾക്ക്. ജോളി ഡേവിഡിന്റെ കത്തി മാത്രം ഒരു കലയായിരുന്നു. മനോഹരമായ ഷേപ്പ് വരുത്തിയതിനു ശേഷം വെളുത്ത നിറത്തിലുള്ള ഇലക്ട്രിക്ക് വയർ കൊണ്ട് ഭംഗിയായി ചുറ്റി, അറ്റം സോൾഡർ ചെയ്ത് ഉറപ്പിച്ച പിടിയുമായി ആ കത്തി, ഞങ്ങളുടെ അഹന്തകളിൽ എവിടെയെല്ലാമോ ചില പോറലുകൾ ഏല്പിച്ചു.
ബാഹ്യമായ വൃത്തിവെടിപ്പുകളെയൊന്നും അവൻ കാര്യമാക്കിയില്ലെന്നു തോന്നുന്നു. പക്ഷേ, അവന്റെ പഠനോപകരണങ്ങളൊക്കെയും ശ്രദ്ധാപൂർവം പരിപാലിക്കപ്പെട്ടിരുന്നു. സ്റ്റഡി ലീവിന്റെ സമയത്ത്, ഞങ്ങളെല്ലാവരും കുറച്ചു ചോദ്യോത്തരങ്ങൾ എങ്ങനെയെങ്കിലും തട്ടിക്കൂട്ടാൻ ശ്രമിക്കുമ്പോൾ, ഒരുവർഷം മുഴുവൻ എഴുതിയെടുത്ത നോട്ടു ബുക്ക്, കൂടുതൽ ഭംഗിയാക്കാനായി വടിവൊത്ത കയ്യക്ഷരത്തിൽ പകർത്തിയെഴുതുകയായിരുന്നു ജോളി ഡേവിഡ്; യാതൊരു തിടുക്കവുമില്ലാതെ.ഇടയ്ക്കു വല്ലപ്പോഴും എന്തെങ്കിലും വായിച്ചിരുന്നതായി അറിയാമെങ്കിലും, ഞങ്ങൾ തമ്മിൽ പുസ്തക സംബന്ധിയായ യാതൊരു സംസാരവും ഉണ്ടാവാറില്ലായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ക്‌ളാസിൽ വെച്ച്, ഞാൻ മൗനമന്ദഹാസം വായിച്ചുകൊണ്ടിരിക്കുമ്പോൾ, പിന്നിൽ നിന്നും അവനതു തട്ടിപ്പറിച്ചു. ഞാൻ പറഞ്ഞു, "തിരിച്ചു തന്നേക്കണേ."
ഒരാഴ്ചക്ക് ശേഷം വൈകീട്ട് ക്‌ളാസ്സു കഴിഞ്ഞു തിരിച്ചു പോകാൻ നേരം, കോളേജ് ഗേറ്റിൽ വച്ച് ജോളി ഡേവിഡ് എന്റെ തുണി ബാഗ് വാങ്ങി അവന്റെ തോളിലിട്ടു.
എന്നിട്ട് എന്നെ മുന്നിൽ നിർത്തി ചോദിച്ചു," ധ്യാനത്തിന്റെ പൊരുളെന്താണ്?"
എന്നിൽ നിന്നും മറുപടിയൊന്നും പ്രതീക്ഷിച്ചായിരുന്നില്ല അവന്റെ ചോദ്യം.
അവൻ തോളിൽ നിന്നും ബാഗ് എടുത്തു താഴെ വെച്ച്, മന്ദഹസിച്ചു; ദന്തനിരകൾ ഒരു വശത്തേക്ക് തെറ്റിച്ചുകൊണ്ടുതന്നെ. എന്നിട്ടവൻ വീണ്ടും ചോദിച്ചു, " അതെങ്ങനെ സാക്ഷാത്കരിക്കാം?"
അവൻ ആ ബാഗെടുത്തു തോളിലിട്ടുകൊണ്ടു ഹോസ്റ്റൽ ഗെയ്റ്റിന് നേരെ നടന്നു.
ആ മൂന്നുവർഷങ്ങളിൽ, അത്രക്കും തെളിമ നിറഞ്ഞ ഒരു സായാഹ്നം വേറെയുണ്ടായില്ല. 'മൗനമന്ദഹാസത്തിലെ' അവന്റെ ഏറ്റവും പ്രിയപ്പെട്ട കഥയേതെന്നു കാണിച്ചതായിരുന്നു അവൻ- ഹോട്ടേയ്യുടെ കഥ.'സന്തോഷവാനായ ചൈനാക്കാരൻ 'അല്ലെങ്കിൽ 'ചിരിക്കുന്ന ബുദ്ധൻ'- laughing buddha, എന്ന് അറിയപ്പെട്ടിരുന്ന ഒരു സെൻ മാസ്റ്ററായിരുന്നു ഹോട്ടേയ്. താങ്ങ് രാജവംശകാലഘട്ടത്തിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എല്ലായ്‌പോഴും ഒരു ചാക്ക് പിന്നിൽ തൂക്കിയിട്ടും കൊണ്ട് നടന്നിരുന്ന ഹോട്ടേയ്ക്, താൻ ഒരു സെൻ മാസ്റ്റർ എന്ന് വിളിക്കപ്പെടണമെന്നോ തനിക്കു ചുറ്റും ശിഷ്യന്മാരുണ്ടാവണമെന്നോ ഒട്ടും ആഗ്രഹമില്ലായിരുന്നു.
അദ്ദേഹം ചെയ്തിരുന്നത്, തന്റെ ചാക്കുമായി കണ്ണിൽ കാണുന്ന വഴികളിലൂടെയെല്ലാം നടക്കും. ഭിക്ഷയായി കിട്ടുന്ന അണ്ടിപ്പരിപ്പും മധുരപലഹാരങ്ങളും പഴങ്ങളും മറ്റും തന്റെ ചാക്കിൽ ശേഖരിക്കും. വഴിമധ്യേ തന്റെ ചുറ്റും കൂടുന്ന കുട്ടികൾക്ക് അവയെല്ലാം വിതരണം ചെയ്യും.
എപ്പോഴെങ്കിലും ധ്യാനത്തിൽ താല്പര്യമുള്ള ആരെയെങ്കിലും കണ്ടാൽ അദ്ദേഹം കൈനീട്ടിക്കൊണ്ടു പറയും,"ഒരു രൂപ തരൂ."
ഒരിക്കൽ വഴിയിൽ വെച്ച് മറ്റൊരു സെൻ മാസ്റ്റർ എതിരെ വന്നപ്പോൾ, അയാൾ ഹോട്ടേയ് യോട് ചോദിച്ചു," എന്താണ് ധ്യാനത്തിന്റെ പൊരുൾ?"
ഹോട്ടേയ് ഉടനെ തന്റെ ചാക്കെടുത്തു താഴെയിട്ടു നേരെ നിന്ന് മന്ദഹാസം പൊഴിച്ചു.
മറ്റെയാൾ അപ്പോൾ വീണ്ടും ചോദിച്ചു," ശരി. അതെങ്ങനെ സാക്ഷാത്കരിക്കും?"
ഹോട്ടേയ് ബാഗെടുത്തു തോളിലിട്ട് വീണ്ടും തന്റെ വഴിക്കു നടന്നു പോയി.
ഇന്ന് ലോകം മുഴുവനും പ്രചാരത്തിലിരിക്കുന്ന ചിരിക്കുന്ന ബുദ്ധപ്രതിമകൾ ഹോട്ടേയ് യുടേതാണ്. ലോകത്ത് ഇത്രയും മനുഷ്യരെ വെറുതെ ചിരിപ്പിച്ചിട്ടുള്ള മറ്റൊരു മനുഷ്യനുമുണ്ടായിട്ടില്ലെന്ന് ഓഷോ. 
ഞാൻ എന്റെ പള്ളയിൽ തൊട്ടു നോക്കി. അവൻ കൊടിൽ പഴുപ്പിച്ചു പൊള്ളിച്ച ആ ഭാഗം തിണർത്തു കിടക്കുന്നു, സൗമ്യമായി. ആ വടുവിനോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. ഹോട്ടേയ് നീട്ടിയ ഒരു മധുരപലഹാരം പോലെ; ഒരു സെൻ പാരിതോഷികം.
പരീക്ഷയിൽ നല്ല മാർക്ക് നേടിയ ജോളി ഡേവിഡിന്, വളരെ വേഗം ഏതോ ലൈറ്റ് ഹൌസിൽ ജോലി ലഭിച്ചുവെന്ന് കേട്ടിരുന്നു. ആയിടക്കാണെന്നു തോന്നുന്നു, അവനൊരു പുതുവത്സരാശംസാകാർഡ് അയച്ചത്- ഇരുണ്ട കടൽമുഖത്ത് നങ്കൂരമിട്ടു കിടക്കുന്ന ഒരു കപ്പലിന്റെ ചിത്രം. മൊബൈലും വാട്സ്ആപ്പുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വാർത്തകളെല്ലാം വല്ലപ്പോഴുമേ അറിഞ്ഞിരുന്നുള്ളൂ. അഥവാ സൗകര്യങ്ങളുണ്ടായിരുന്നാലും ജോളി ഡേവിഡ് വല്ലപ്പോഴും മിണ്ടിയാലായി.
ജോലി ലഭിക്കും മുൻപ്, അവനെ അവസാനമായി കണ്ടപ്പോൾ, അവന്റെ ചുണ്ടുകൾ വിളറി വെള്ളനിറമായിപ്പോയിരുന്നു. തുടരെത്തുടരെയുള്ള സിഗരറ്റു വലികൊണ്ടാണത്രേ - ചെയിൻ സ്‌മോക്കിങ്. എനിക്കെന്തോ വല്ലായ്ക തോന്നി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നാൽ നമ്മുടെ കൈകാലുകളിലെ ചർമ്മം ഇതുപോലെ ചീർത്തു വെളുക്കാറുണ്ട്. ഉറക്കത്തിൽ എപ്പോഴൊക്കെയോ എന്റെ ചീർത്തു വെളുത്ത ചർമ്മത്തെ മീനുകൾ വന്നു കൊത്തിത്തിന്നു. ചില നിമിഷങ്ങളിൽ അവനെ പ്രതി എന്നിൽ ഉത്ക്കണ്ഠകൾ വന്നു മറഞ്ഞുപോയി. പതിയെപ്പതിയെ എന്റെ ആകാംക്ഷകളെല്ലാം മങ്ങിമറഞ്ഞു. 'ദാവീദ് മാപ്പിളയെ' ഓർക്കുമ്പോഴെല്ലാം എന്റെ വിരലുകൾ അവൻ സമ്മാനിച്ച വടുവിലേക്കു നീങ്ങും, ഒരു കുശലാന്വേഷണമെന്നോണം.
മൂന്നോ നാലോ മാസങ്ങൾക്കു ശേഷമായിരുന്നു ആ വാർത്ത കേട്ടത്- ജോളി ഡേവിഡ് ഒരു കുളത്തിൽ വീണു മരിച്ചത്രേ ! രാത്രിയിൽ സംഭവിച്ച ഒരു അപകടമരണം ! ഞാൻ വിശദാംശങ്ങൾ ആരാഞ്ഞില്ല.
ഒരു ഭാണ്ഡം താഴെയെടുത്തിട്ട് അവൻ അവന്റെ വഴിക്കു നടന്നു പോയി എന്ന് വിചാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വഴികൾ തന്നെ ലക്ഷ്യങ്ങളാണെന്നിരിക്കേ, സാക്ഷാത്കരിക്കാൻ മാത്രം എന്താണുള്ളത് ?
മന്ദസ്മിതങ്ങൾ ബുദ്ധത്വത്തിന്റേതാണ്. അറിയാതെയെങ്കിലും നാം എല്ലാവരിലും അവ വിടരാറുമുണ്ട്. അറിഞ്ഞുകൊണ്ടെങ്കിൽ അതിന്റെ സൗരഭ്യവുമാസ്വദിക്കാമെന്നു മാത്രം. ആ സൗരഭ്യങ്ങൾ സർവ്വതിനേയും ചൂഴ്ന്നു നില്ക്കുന്നവയാണ്, അറിഞ്ഞാലും ഇല്ലെങ്കിലും. അതിന്റെ മാനങ്ങൾ - dimensions - വേറെയാണ്. അതുകൊണ്ടാണ് ഓരോ സൃഷ്ടിയും, അത് അചേതനമെന്ന് കാണപ്പെട്ടാലും, ഒരു അജ്ഞേയ സരസ്സാവുന്നത്; അഭൗമസൗന്ദര്യമിറ്റുന്ന ഒരു സ്വർണ്ണപുഷ്പമാവുന്നതും- golden flower of an unknowable pool. ഇതളുകൾ പൊഴിയുന്നതുകൊണ്ടോ, ഞെട്ടിൽ നിന്നും അടർന്നു പോവുന്നതുകൊണ്ടോ ആ സൗരഭ്യം ഇല്ലാതാവുന്നില്ല.
ജോളി ഡേവിഡ്,
ഇവയത്രയും നിനക്കുള്ളതാണ്;
ഈ സ്വർണ്ണപുഷ്പസ്മൃതികൾ.
* * * * *