Featured Post

Saturday, May 11, 2019

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ-5- സ്മൃതി ദേവഹംസം

'ജലനിധി തന്നിലുയർന്നിടും തരംഗാവലിയതുപോലെ ...' പരിചയപ്പെട്ടിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ആത്മോപദേശ ശതകത്തിന്റെ പൊട്ടും പൊടിയും മനസ്സിലിനിയും ബാക്കി കിടപ്പുണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി. അതിനു മുൻപിലുള്ളതോ ശേഷമുള്ളതോ ആയ വരികളൊന്നും പൊങ്ങിവന്നില്ല. ഒരുപക്ഷേ ഓർക്കാൻ ശ്രമിക്കാതെ ശാന്തനായിരുന്നാൽ തനിയേ ഉണർന്നുവരുമായിരിക്കാം. എന്നാൽ ഉള്ളിൽ ഇങ്ങനെയൊരു തിരയിളക്കം സംഭവിക്കാൻ നിമിത്തമായത്, തൊട്ടുമുൻപ് കാതിൽ വന്നു തട്ടിയ രണ്ടു-നാലു വാക്കുകളായിരുന്നു എന്ന് ബോധ്യപ്പെടാൻ കുറച്ചു നിമിഷങ്ങളെടുത്തു- 'BREATH IN, BREATH OUT'.
ഏകദേശം എട്ടു വർഷങ്ങൾക്കു മുൻപാണ്. ഓഷോ
ഓഡിറ്റോറിയത്തിന് ( ഓഷോ ഇന്റർനാഷണൽ മെഡിറ്റേഷൻ റിസോർട്, പൂന) മുൻപിൽ, അടുത്ത വിപസ്സനയിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നു. ഓഡിറ്റോറിയത്തിന് മുൻപിൽ വെറുതേ ഇങ്ങനെ ഇരിക്കാൻ രസമാണ്, ശിശിരത്തിൽ വിശേഷിച്ചും. ഇവിടെ നിർമ്മിച്ചിട്ടുള്ള ആഴം കുറഞ്ഞ തടാകത്തിലേക്ക്, അടുത്തുള്ള മരങ്ങളിൽ നിന്ന് ഇടതടവില്ലാതെ ഇലകൾ പൊഴിഞ്ഞുകൊണ്ടിരിക്കും. നാം അനുഭവിക്കുക ഒരു വല്ലാത്ത അനായാസതയാണ്. ഇലകളും തടാകവും ഒരുതരം വിനോദത്തിലേർപ്പെട്ടതുപോലെ. ഇലകൾ നിസ്സഹായരായി അടർന്നുവീഴുകയല്ല; ഇളം കാറ്റിൽ ആനന്ദിച്ചുകൊണ്ട് അവ ജലത്തിലേക്ക് ചാടി വീഴുകയാണന്നേ തോന്നൂ. ജലപ്പരപ്പിൽ വീഴുന്ന ഇലകളൊക്കെയും കാറ്റിന്റെ ഗതിയനുസരിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടക്കും. ഈ ഇലവർഷം നമുക്കൊരു സ്നേഹസ്നാനമാണ്, a leaf bath, so refreshing.
തൊട്ടപ്പുറത്തുള്ള ഗസ്റ്റ് ഹൌസിൽ നിന്നും ഇറങ്ങി വന്ന രണ്ടു സ്ത്രീകൾ വിശ്രാന്തിയുടെ ഈ അന്തരീക്ഷത്തിൽ ഉദ്വേഗത്തിന്റെ പൊടികൾ പാറിച്ചുകൊണ്ട് ധൃതിയിൽ നടന്നുപോയി. അവരുടെ സംസാരത്തിൽ, ആകെ കുഴപ്പം, എന്ത് ചെയ്യണമെന്നറിയില്ല, സങ്കീർണ്ണത, കൺഫ്യൂഷൻ എന്നിത്യാദി പതിവ് വിഭവങ്ങൾ തന്നെ. അവരുടെ കടന്നുപോക്കുണ്ടാക്കിയ 'കാലാവസ്ഥാമാറ്റം' എന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും, ഇലവർഷത്തിന്റെ സമൃദ്ധിയിൽ നിന്നും പിൻവലിയാൻ എളുപ്പമായിരുന്നില്ല.

ആ സ്ത്രീകളുടെ കാലൊച്ചകൾ അകന്നു കഴിഞ്ഞപ്പോഴായിരുന്നു, കനത്ത ശബ്ദത്തിൽ ഇങ്ങനെ കേട്ടത്-' BREATH IN ….. BREATH OUT….. nothing else to do, right?' കാതകലത്തിൽ ഇരുന്നിരുന്ന ആ ആളെ ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. അയാൾ എന്നെ നോക്കി മന്ദഹസിച്ചു. ഞാനും. അയാളുടെ ചോദ്യത്തിന് ഞാൻ സമ്മതം മൂളിയെന്നു അയാൾ വിചാരിച്ചു കാണുമോ? എനിക്കുറപ്പില്ല ശ്വാസം എടുക്കുകയും വിടുകയുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന്!. എന്നെ സംബന്ധിച്ച് കുറച്ചു കാര്യങ്ങളൊന്നുമല്ല ചെയ്യാൻ കിടക്കുന്നത്.

BREATH IN  BREATH OUT എന്ന പ്രയോഗത്തിന്റെ ആഘാതം ഇത്രക്കും അഗാധമായെതെന്താണാവോ ...may be a kind of synchronisation? ഞാനിരിക്കുന്നത് നിസ്സാരമായൊരു ജലസംഭരണിയുടെ സമീപത്തല്ല, ഒരു സമുദ്രതീരത്താണെന്ന പ്രതീതിയിലേക്ക് എളുപ്പം വീണുപോയി. അത്രക്കും
ഭീമാകാരമായിരുന്നു ഉള്ളിലുണ്ടായ ചലനം. ഞാൻ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണുകളടച്ച്‌ നിശ്ചലനായിരിക്കുകയായിരുന്നു. അദൃശ്യമായ എന്തിനെയോ ആഗിരണം ചെയ്യാൻ ശ്രമിക്കുന്നത് പോലെ അയാളുടെ നാസികാഗ്രങ്ങൾ ജാഗ്രപ്പെട്ടിരുന്നു.



തിരമാലകൾ ഉയർന്നുപൊങ്ങുന്നതും ശ്വസന
താളവും തമ്മിൽ അതിപ്രാചീനമായ ചില പൊരുത്തങ്ങൾ സംഭവിക്കുന്നുണ്ട്, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും. ജീവിവർഗത്തിനു മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ഒരു പ്രക്രിയയാണ് ശ്വസോച്ഛാസമെന്നത് നമ്മുടെ ബാലിശമായ ശിക്ഷണമെന്നേ കരുതാനാവൂ, വിശേഷിച്ചും ഈ ബൃഹത് പ്രപഞ്ചം മുഴുവനും ശ്വസിച്ചുകൊണ്ടിരിക്കുന്നത് പോലെയെന്ന് ഭൗതിക സൈദ്ധാന്തികന്മാർ സംശയിക്കാൻ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത്. (ഒരു സെക്കൻഡിൽ ഏകദേശം മൂന്നു ലക്ഷത്തോളം തവണ ഒരു ഊർജ്ജകണിക അതിന്റെ സ്വരൂപം മാറ്റികൊണ്ടിരിക്കുമത്രേ - കണികയായും തരംഗമായും. നമ്മുടേത്, വ്യത്യസ്തമായ ഒരു സമയബോധമായിരുന്നെങ്കിൽ ജഡമെന്നു തോന്നുന്ന ഈ ദ്രവ്യപ്രപഞ്ചവും അതിവേഗം സ്പന്ദിക്കുന്ന ഒരു ജീവിയെപ്പോലെ കാണപ്പെടുമായിരുന്നു!) ഒരു പക്ഷേ വളരെ പണ്ടത്തെ പൗരാണിക സമൂഹത്തിന് തീരെ ആശ്ച്ചര്യജനകമായിരിക്കില്ല അത്യന്താധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ ആത്യന്തിക നിഗമനങ്ങൾ, സ്ട്രിംഗ് തിയറി പ്രകാരമുള്ള തരംഗ ചലനങ്ങളും; 'ഒന്നായ നിന്നെ രണ്ടെന്നു കണ്ട്' ശീലിച്ചു വശക്കേടായ നമുക്ക് പക്ഷേ അവയെല്ലാം നവീനങ്ങളായ ശാസ്ത്ര മുന്നേറ്റമായേക്കാമെങ്കിലും.
 (നൂറു വർഷം മുൻപ് ഐൻസ്റ്റീൻ പ്രവചിച്ച ഒരു ശ്വാസ-നിശ്വാസത്തിന്റെ ഊഷ്‌മള തരംഗമാണ്,130 കോടി പ്രകാശവർഷങ്ങൾക്കിപ്പുറം, നാം ഈയടുത്ത് കണ്ടെത്തി ആഘോഷിച്ചത്-LIGO (Laser Interferometer Gravitational-Wave Observatory). ഒരു അഡ്വാൻസ്ഡ് ഗ്രാവിറ്റേഷനൽ വേവ് ഡിറ്റക്ടർ- LIGO India- ഇന്ത്യയിലും പ്രവർത്തനമാരംഭിക്കുന്നുവെന്ന് കേൾക്കുന്നത് ആഹ്ലാദകരമാണ്.)
പ്രത്യക്ഷത്തിൽ ഒരാവശ്യവുമില്ലാതെ എന്നിൽ ഒരു വലിയ നെടുവീർപ്പുയർന്നു. ദൈർഘ്യമേറിയ ഒരു ശ്വാസവും അതിനേക്കാൾ ദൈർഘ്യമേറിയ ഒരു നിശ്വാസവും. എത്രയോ കാലങ്ങളായി വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണിലേക്ക് മഴത്തുള്ളികൾ പതിക്കുമ്പോഴെന്നപോലെ ശരീരകോശങ്ങളിലെല്ലാം പുതുജീവൻ നിറയുന്നത് ഞാൻ അറിയുന്നു. അതുപോലെത്തന്നെ അടുത്ത നിമിഷം അവയിൽ ഉണർവിന്റെ നനവിനെ ബാക്കിയാക്കിക്കൊണ്ട് ശ്വാസം മുഴുവനും ഒഴിഞ്ഞു പോകുന്നതും. അതിന്റെ വേഗത്തോടൊപ്പമാണ് ഞാനുമിപ്പോൾ. വേഗതയിലെ ഈ ഐക്യപ്പെടൽ വല്ലപ്പോഴുമേ സംഭവിക്കാറുള്ളൂ. എന്നിൽ ഉണർവ് നിറയുന്നു. അടുത്ത നിമിഷം അതിനെ ഏറ്റിക്കൊണ്ടുവന്ന ശ്വാസം സൗമ്യമായി പിൻവലിയുന്നു. പിന്നെയും പിന്നെയും.

അയാൾ ഇപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അയാളുടെ വാക്കുകൾ എന്നിൽ അസാധാരണമായ ചില തിരയിളക്കങ്ങൾ ഉണ്ടാക്കിയെങ്കിലും, മനസ് എത്രയും പെട്ടെന്ന് അതിന്റെ ബാലിശമായ പതിവ് യുക്തികളിലേക്കു വീണു. 'ഈ ശ്വാസവും നിശ്വാസവുമൊന്നും നാം ചെയ്യേണ്ടതായിട്ടില്ലല്ലോ. അവയങ്ങനെ തനിയേ സംഭവിച്ചോളും'.
സകലതും അങ്ങനെ തനിയേ സംഭവിക്കുന്നത് തന്നെയാണ്. ജീവിതത്തിന്റെ, ഈ അസ്തിത്വത്തിന്റെ, അടിസ്ഥാന ഭാവമായിരിക്കുന്നത്‌ സംഭവങ്ങളാണ്, mere happenings. അതിന്റെ കർത്തൃത്വമാരോപിക്കപ്പെടുന്നേടത്താണ് നമ്മുടെ മായാപ്രവേശം തുടങ്ങുന്നത്. തീരെ നിസ്സാരമെന്നു തോന്നിക്കുന്ന ഒരു കൊച്ചു സംഭവത്തിൽ പോലും നിരവധി മാനങ്ങൾ-dimensions- അടങ്ങിയിരിക്കേ, നാം അവയെ വെട്ടിച്ചുരുക്കി നിസ്സാരമാക്കാൻ തുടങ്ങുമ്പോൾ കർതൃത്വം പ്രബലമാവുകയാണ്. നീളം, വീതി എന്നതു പോലെ ആ മാനങ്ങളെ അളന്നുകുറിക്കുമ്പോഴാണ് ഒരു പ്രവർത്തി ചെയ്തത് 'ഞാൻ' എന്ന് നമുക്ക് തോന്നാൻ തുടങ്ങുക. അല്ലാത്ത പക്ഷം, ആദിയും അവസാനവുമില്ലാത്ത ഒരു സംഭവം മാത്രമാണത്, just another happening. ഉവ്വ്, എനിക്ക് പിടി കിട്ടുന്നുണ്ട്, breath in, breath out എന്ന് പറയുന്നതിലൂടെ, just be aware of them എന്ന് മാത്രമാണ് അയാൾ ഉദേശിച്ചത്‌. എത്ര പ്രബലമായ ചെയ്തിയും ഒരു happening മാത്രമാണത്രെ. do it, and be aware that it is just happening !
ഏതെല്ലാമോ മാനങ്ങൾ വിചിത്ര 'തരംഗാവലിയായി' എന്നിൽ മാറി മറഞ്ഞു. ഇലകളുടെ പെരുവർഷത്തിൽ മുഴുകി മനസ്സ് ഒരുവിധം ശാന്തമായതായിരുന്നു. അപ്പോഴാണ് ഈ വക 'കഠിന പ്രയോഗങ്ങൾ' മനസ്സിനെ ഇളക്കി മറിക്കുന്നത്. ഇന്നത്തെ എന്റെ വിപസ്സന കുളമായതു തന്നെ. അല്ലെങ്കിലും വലിയ ബുദ്ധിമുട്ടുള്ള ഒരു കലാപരിപാടിയാണ് വെറുതെയിങ്ങനെ ഉണർന്നിരിക്കുകയെന്നത്. വേണമെങ്കിൽ ശ്വാസം ശ്രദ്ധിക്കാമത്രേ! ആ ശ്വാസം തന്നെയാണ് ഇപ്പോൾ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്!

അന്നത്തെ വിപസ്സന വിചാരിച്ചപോലെത്തന്നെ, എന്നെ ഒരു പരുവമാക്കി. മനസ്സ് എന്ത് വേണമെങ്കിലും ചെയ്തേക്കട്ടെ എന്ന് വിചാരിച്ചിട്ടും പിന്നെയും പിന്നെയും അത് അതിന്റെ തിമിംഗല മുഖങ്ങൾ പുറത്തെടുത്തു. ഉള്ളിൽ ഞാൻ വെറുതെ പിറുപിറുത്തു, ‘അയാളുടെ ഒരു ശ്വാസമെടുക്കലും മണ്ണാങ്കട്ടയും’. വെറുതെയാണ്. അയാളില്ലെങ്കിൽ ഞാൻ വേറെയാരുടെയെങ്കിലും വാക്കുകൾ പിടിച്ചെടുത്തേനേ. വാക്കുകളില്ലെങ്കിൽ ഏതെങ്കിലും ദൃശ്യങ്ങൾ. പിന്നെ അതിനെപ്പിടിച്ചു വാക്കുകൾ ചമക്കാമല്ലോ. ഇതിൽ ഒട്ടും പുതുമയില്ല; ഈ മുറുമുറുപ്പിൽ പോലും.
ഒരു മണിക്കൂറിനു ശേഷം ഹാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ, അയാൾ അങ്ങ് ദൂരെ നടന്നു പോകുന്നത് കണ്ടു. അയാളുടെ അസാധാരണമായ ഉയരവും നടപ്പിലെ 'ഉപേക്ഷയും' (ഉപേക്ഷയും അവബോധവും ഒന്നുതന്നെ), ഒരു ഒട്ടക വിഹാരത്തിന്റെ പ്രാചീന പ്രതീതിയുണർത്തി.  

അന്ന് രാത്രി, 'who is in?' എന്ന നാല് ദിവസത്തെ കോഴ്സിന് പങ്കെടുക്കാൻ ചെന്നപ്പോൾ അയാളുമുണ്ടായിരുന്നു. കോഴ്സ് തുടങ്ങുന്നതിനു മുൻപേ നടന്ന പരിചയപ്പെടലിൽ അയാളുടെ പേര് ദേവഹംസ എന്നാണെന്ന് അറിഞ്ഞു. ആസ്ട്രിയക്കാരൻ. കോഴ്സിന് ചേർന്നിരുന്ന പത്തിരുപതു പേർക്കിടയിൽ അയാളുടെ സാന്നിധ്യം മാത്രം തീർത്തും വേറിട്ടുനിന്നു, ആകാരവടിവിലെ പ്രാചീനത കൊണ്ടും അയാളിൽ മുറ്റി നിന്ന നിശ്ശബ്ദതകൊണ്ടും.
'who is in?' എന്നത് ഒരു zen method ആണ്. രണ്ടുപേർ മുഖത്തോടു മുഖം കണ്ണുകളിലേക്കു നോക്കിയിരുന്നുകൊണ്ട് ഏർപ്പെടുന്ന ചോദ്യവും മറുപടികളും. തമാശയായി പറയാമെങ്കിൽ ഒരു 'സെൻ അന്യോന്യം'. തുടർച്ചയായി നാല് ദിവസം. അസാധാരണമായ ഒരു ക്രിസ്റ്റലീകരണമാണ് നമ്മിൽ സംഭവിക്കുക. ഒരു പങ്കാളി 'who is in?' എന്ന് ചോദിക്കുമ്പോൾ മറ്റെയാൾ, അയാൾ ആ നിമിഷം എന്താണോ അത് പ്രകടമാക്കുവാൻ ശ്രമിക്കുക. വാക്കുകകളേയും ഭാഷയെയുമെല്ലാം മറികടന്നുപോകുന്ന അപൂർവ്വ സുന്ദര മുഹൂർത്തങ്ങൾ ഇഷ്ടം പോലെ സംഭവിക്കുന്ന ഏറെ ഊർജ്ജവത്തായ ഒരു മെഡിറ്റേറ്റീവ് റ്റെക്നിക്. ഓരോ അഞ്ചു മിനിറ്റിലും ചോദിക്കുന്ന ആളുടെയും ഉത്തരം പറയുന്ന ആളുടെയും ഊഴം മാറിമാറിവരും.
പലപ്പോഴും ഞങ്ങൾ മിക്കവരും സ്വയം പ്രകടിപ്പിക്കാൻ തക്കം പാർത്തുകൊണ്ടിരിക്കെ, തന്റെ അടുത്ത ഊഴത്തിൽ എന്തെല്ലാം നുണകൾ പറഞ്ഞ്, കേൾക്കുന്നയാളെ impress ചെയ്യിക്കാം എന്ന് മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരിക്കെ- ശ്രോതാവ് നിർജ്ജീവമായ ഒരു ചുമരിനെപ്പോലെ നിലകൊള്ളുകയാണ് വേണ്ടതെന്ന് നിർദ്ദേശമുണ്ടെങ്കിലും, രണ്ടുപേർക്കുമറിയാം, പരസ്പരം ജിജ്ഞാസുക്കളാണെന്ന്- (മനസ്സിന്റെ ഇത്തരം തയ്യാറെടുപ്പുകൾക്കും കണക്കുക്കൂട്ടലുകൾക്കുമാണ് പ്രധാനമായും ക്രിസ്റ്റലീകരണം സംഭവിക്കുന്നത്. കോഴ്സ് മുന്നോട്ട് പോകുന്തോറും നമ്മുടെ ഇത്തരം ത്വരകളെല്ലാം കുറഞ്ഞുകുറഞ്ഞ് വളരെ spontaneous ആവാൻ തുടങ്ങും നമ്മുടെ പ്രതികരണങ്ങൾ. പിന്നെപ്പിന്നെ നാം 'ഇപ്പോൾ ഇവിടെ 'എന്തായിരിക്കുന്നുവോ അതിനെ പ്രകടമാക്കുവാൻ മനസ്സിനെ ഉപയോഗപ്പെടുത്തുക മാത്രം എന്ന അവസ്ഥയിലേക്ക് സംഗതികൾ മാറിമറിയും.) ദേവഹംസ മാത്രം തന്റെ മൗനത്തിന്റെ സഹജമായ ഗഹനതയുമായി ഞങ്ങളെ ഓരോരുത്തരേയും അഭിമുഖീകരിച്ചു. അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയിരിക്കുക എന്നത് കലപിലകൂട്ടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ മനസ്സുകൾക്ക് ഭീതിജനകമായ ഒരു വെല്ലുവിളിയായി. സംസാരിക്കാനുള്ള അയാളുടെ ഊഴത്തിൽ, അയാളുടെ നീലക്കണ്ണുകൾ ഏതോ വിദൂര ഗഹ്വരത്തിൽ നിന്നും കാലങ്ങളുടെ എത്രയോ അടരുകൾ മറികടന്ന് പുറത്തേക്കു വന്ന് നമ്മെ ദർശിക്കുന്നതായി അനുഭവപ്പെട്ടു.(ഒരുപക്ഷേ, പല മടക്കുകൾ വീണ അയാളുടെ കൺപോളകളും ഏറെ ആഴത്തിലായിരുന്ന കൺതടങ്ങളും ഞങ്ങളുടെ തോന്നലുകളെ സാധൂകരിച്ചുവെന്നുവേണം കരുതാൻ.) കണ്ണാടിക്കു മുൻപിൽ, തന്റെ പ്രതിബിംബം കണ്ട് ചിറകടിച്ചു വെപ്രാളപ്പെടുന്ന ഒരു പക്ഷിയെപ്പോലെ, അയാളുടെ നിശ്ചലതക്ക് മുൻപിൽ ഞങ്ങൾ ചകിതരായി.
ഈ കോഴ്സ് സംഭവിച്ചിരുന്നത് ഒരു വലിയ ഹാളിലായിരുന്നു. രാവിലെ നാലരക്ക് തുടങ്ങുന്ന പ്രവർത്തികൾ അവസാനിക്കുക രാത്രി പതിനൊന്നരക്കാണ്. അതിനിടയിൽ ഉച്ചഭക്ഷണത്തിനു മാത്രം ഒന്നരമണിക്കൂർ വിശ്രമിക്കാൻ കിട്ടും. അപ്പോൾ തന്നെയും ആ ഹാളിന്റെ ചുറ്റുവട്ടത്തു നിന്നും പുറത്തുപോകുവാൻ അനുവാദമുണ്ടായിരുന്നില്ല. ഈ നാലു ദിവസമാകട്ടെ, കോഴ്സിന്റെ ഭാഗമായിട്ടല്ലാതെ ആരോടും ഒന്നും സംസാരിക്കുവാനും പാടില്ല. ഇതേ ഹാളിൽ തന്നെയാണ് അവരവരുടെ ബെഡുകൾ ശരിപ്പെടുത്തി ഉറങ്ങേണ്ടിയിരുന്നതും. ഓരോത്തരും അവരവരുടെ മാത്രം ജീവിതം ജീവിച്ചുകൊണ്ടിരുന്നു, പരസ്പരം യാതൊരു ആശയവിനിമയവുമില്ലാതെ. എന്നിട്ടും പക്ഷേ ഓരോരുത്തരുടേയും വ്യക്തിത്വങ്ങൾ അവിടവിടെ മുഴച്ചു നിന്നു, അദൃശ്യമായിരുന്നിട്ടും അഹന്തയുടെ അരികുകൾ പരസ്പരം അലോസരപ്പെടുത്തി. ആകാരസവിശേഷത ഏറ്റവും മുന്തി നിന്നത് ദേവഹംസയിലായിരുന്നിട്ടും അയാൾ ഞങ്ങൾക്കിടയിൽ abscent ആയിരുന്നുവെന്നുവേണം പറയാൻ, process-ൽ ഒഴികെ. ഹാളിന്റെ ഏതോ ഒരു മൂലയിൽ ദേവഹംസ തന്റെ പ്രാചീന- മൗന- സൗരഭ്യങ്ങളുമായി ജീവിച്ചുപോന്നത് ആരും അറിഞ്ഞതുപോലുമില്ലെന്നു തോന്നുന്നു.


രണ്ടാമത്തെ ദിവസം ഉച്ചനേരത്തെ ഒഴിവുസമയത്ത്, കെട്ടിടത്തിന് പുറത്തുള്ള ഒരു മരച്ചുവട്ടിൽ ഞാൻ വിശ്രമിക്കാനിരുന്നപ്പോഴായിരുന്നു കൗതുകകരമായ ആ കാഴ്ച കണ്ടത്- കറുപ്പ് നിറമുള്ള കെട്ടിടത്തിന്റെ ചുമരിനോട് ചേർന്ന് ദേവഹംസ തന്റെ പതിവു വ്യായാമങ്ങൾ ചെയ്യുന്നു. മെറൂൺ നിറത്തിലുള്ള ഒരു ബെർമുഡ മാത്രമാണ് അയാൾ ധരിച്ചിട്ടുള്ളത്. തിളക്കമാർന്ന കറുത്ത ചുമരിനെതിരായി അയാളുടെ വെളുത്തു വടിവൊത്ത ശരീരം ആഹ്ലാദകരമായ ഒരു ഫോട്ടോഗ്രാഫിക് ചേരുവയായി. ആറര അടിയോളം പൊക്കമുള്ള അയാൾ രണ്ടു കൈകളും കാലുകളും ഇരുവശത്തേക്കും നിവർത്തി കണ്ണുകളടച്ചു നിന്നപ്പോൾ ഡാവിഞ്ചിയുടെ  Vitruvian Man പുനരവതരിച്ചതു പോലെ. അതേ പേശികളും അനുപാതങ്ങളും. അയാളുടെ വ്യായാമമുറകൾക്കിടയിൽ എപ്പോഴോ അയാൾ കൈകൾ കൂപ്പി നില്ക്കുന്നത് കണ്ടു. ഒരു വിശ്വാസിയാവാൻ ഇടയില്ല. അയാൾക്ക്‌ മുൻപിലുണ്ടായിരുന്ന ഒരു ചെറിയ തടാകത്തിൽ മൂന്ന് ആമ്പൽ മൊട്ടുകൾ കൂമ്പി
നില്പ്പുണ്ടായിരുന്നു, അയാളുടെ കൂപ്പുകൈകളോട് പ്രതിവാദ്യമർപ്പിക്കുന്നതുപോലെ; അല്ലെങ്കിൽ തിരിച്ചുമാവാം.
അയാളുടെ പ്രാർത്ഥനാപരിസരം - അങ്ങനെ വിചാരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്- സ്വച്ഛമായിരിക്കട്ടെ എന്ന് കരുതി ഞാൻ അവിടെ നിന്നും പിൻവാങ്ങി.
നാലു ദിവസത്തെ കോഴ്സ് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം, കോഴ്സിൽ പങ്കെടുത്തവരുടെ ഒരു കൂടിച്ചേരൽ ഉണ്ടായിരുന്നു. ഒരു തരം feedback gathering. ഡിന്നറിനു ശേഷം വൈകിയ ഒരു രാത്രിയിലായിരുന്നു അത്. ദേവഹംസയും വന്നിരുന്നു. അയാൾ പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലായിരുന്നു. മനോഹരമായ വെൽവെറ്റ് മെറൂൺ ജാക്കറ്റിനടിയിൽ കടൽനീല വർണ്ണത്തിലുള്ള ഫുൾ സ്ലീവ് ടീ ഷർട്ട്. ചന്ദന നിറത്തിലുള്ള ബോഡി ഫിറ്റ് ജീൻസ്‌. കമ്മ്യൂണിൽ സാധാരണയായി ഉപയോഗിക്കാറുള്ള മെറൂൺ ഷാൾ അയാൾ കൈത്തണ്ടയിൽ തൂക്കിയിട്ടുണ്ട്. ഹാളിൽ എത്തിയതിനു ശേഷം ദേവ ഹംസ എല്ലാവരോടുമായി നമസ്‌തെ പറഞ്ഞ് ഒരിടത്തിരുന്നു. അയാളുടെ സൗന്ദര്യത്തിന് അന്ന് വല്ലാത്ത ഒരാകർഷണീയതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളിലെ അതിസുന്ദരനായ ഒരു കാമുകനെപ്പോലേ...അയാൾ എല്ലാവരേയും നോക്കി ചിരിച്ചു. കോഴ്സിനെപ്പറ്റിയുള്ള സ്വന്തം അനുഭവത്തെക്കുറിച്ച് എന്തോ പറയാൻ തുടങ്ങിയെങ്കിലും അയാൾക്കത്‌ മുഴുമിക്കാനായില്ല. പകരം, ബാഷ്പം നിറഞ്ഞ കണ്ണുകൾ മറയ്ക്കാനായി അയാൾ തല കുനിക്കുകയാണ് ചെയ്തത്. അയാളുടെ കഴുത്തിൽ സ്വർണ്ണനിറത്തിലുള്ള ഒരു ആഭരണമുണ്ടായിരുന്നു, അതിനറ്റത്ത് ഒരു വലിയ ലോക്കറ്റും. ആ ലോക്കറ്റിൽ പകുതിഭാഗവും നീല നിറത്തിലുള്ള ഒരു കടൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. കടലിന്റെ അപാരതയിൽ നീന്തിപ്പോകുന്ന ഒരു ഹംസം. അയാളുടെ ലോക്കറ്റിലെ കടലിനും ഹംസത്തിനും അവാച്യമായ പല മാനങ്ങളും കൈവന്നു. ചുമർച്ചിത്രത്തിലെ വനാന്തരത്തിലേക്ക് അപ്രത്യക്ഷമായ ചിത്രകാരനേയും രാജാവിനേയും പോലെ, ആ ലോക്കറ്റിലെ തിരമാലകൾക്ക് ജീവൻ വെക്കുകയും വെള്ളിച്ചിറകുള്ള ഒരു ഹംസം അവക്ക് മുകളിലൂടെ ചക്രവാളത്തിനപ്പുറത്തേക്ക് ഉല്ലാസപൂർവ്വം തെന്നി നീന്തുകയും ചെയ്യുന്ന ഒരു ചിത്രം എന്നിലൂടെ മിന്നി മറഞ്ഞു പോയി.
ഹാളിലെ സ്വർണ്ണപ്രകാശത്തിൽ അയാൾ തലകുനിച്ചിരുന്നപ്പോൾ, കുറേ സെക്കന്റുകളോളം ഹാളിൽ വല്ലാത്ത നിശബ്ദത നിറഞ്ഞു. കോഴ്സിലെ അനുഭവങ്ങളെപ്പറ്റി കാര്യമായിത്തന്നെ സംസാരിച്ചുകളയാം എന്ന് വിചാരിച്ച് വന്ന പലരുടേയും വാക്കുകൾ ആ നിശബ്ദതയിൽ മരവിച്ചുപോയി. എല്ലാവരും ചുരുങ്ങിയ വാക്കുകളിൽ പേരിനു മാത്രം എന്തെങ്കിലും പറഞ്ഞു. പിരിഞ്ഞു പോകുമ്പോൾ പരസ്പരാലിംഗനവും അഭിവാദ്യങ്ങളും ഉണ്ടായെങ്കിലും, മിക്കവരും ദേവഹംസയോട് നിറഞ്ഞ സ്നേഹത്തിൽ നമസ്തേ പറഞ്ഞു. ദേവഹംസയാകട്ടെ ഒരു കുഞ്ഞിന്റെ പ്രസന്നതയോടെ എല്ലാവരുടെയും നമസ്തേ സ്വീകരിച്ചുകൊണ്ട് പ്രത്യഭിവാദ്യം ചെയ്തു.

പിറ്റേന്നത്തെ പ്രാതലിന് ദേവഹംസയും ഒപ്പമുണ്ടായിരുന്നു. പ്രാതൽ കഴിച്ചുകഴിയുന്നതു വരേയ്ക്കും അയാൾ തന്റെ പ്ലേറ്റിലും ഫോർക്കിലും കത്തിയിലും മാത്രം ശ്രദ്ധിച്ചു. എവിടേക്കും നോക്കിയതുപോലുമുണ്ടായില്ലെന്നു തോന്നുന്നു. സ്വച്ഛമായി ഒരാൾ ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കാൻ രസമാണ്. സ്വച്ഛമല്ലാത്തപ്പോൾ, ഏതു ഭോജനവും ഒരുതരം ആക്രമണമാണ്.

പ്രാതൽ കഴിഞ്ഞപ്പോൾ ഞാൻ ദേവഹംസയെ നോക്കി ചിരിച്ചു. അപ്പോഴേക്കും പ്രാതലിന്റെ സമയം കഴിഞ്ഞതിനാൽ ആ പരിസരത്തു നിന്നും എല്ലാവരും പിരിഞ്ഞുപോയിരുന്നു. സോർബ ( ഓഷോ കമ്മ്യൂണിലെ ഭക്ഷണശാലയുടെ പേരാണത്) യിൽ ഞാനും ഹംസയും മാത്രം. "ഇരുപതു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഇവിടെയെത്തുന്നത്", ഹംസ പറഞ്ഞുതുടങ്ങി," ഓഷോ ശരീരം വിട്ടുപോയതിന്റെ പിറ്റേന്ന് പോയതാണ്. പിന്നെ ഇപ്പോഴാണ് വരുന്നത്. പുറമെ ഒരുപാട് മാറിയിരിക്കുന്നു- I mean the place. but space is same."
"ആദ്യമായി വന്നതെപ്പോഴായിരുന്നു?", ഞാൻ ചോദിച്ചു. ഹംസ മൗനത്തിൽ കുതിർത്തെടുത്ത വാക്കുകളെക്കൊണ്ട് തന്റെ പ്രയാണത്തിന്റെ ചില രേഖാചിത്രങ്ങൾ പങ്കുവെച്ചു. ഓരോ വാക്കുകൾക്കും വാക്യങ്ങൾക്കും ശേഷം ഒരുപാടുനേരം എനിക്ക് കാത്തിരിക്കേണ്ടതായി വന്നു. പക്ഷേ എന്നിലെ ഉദ്വേഗങ്ങളെ ഇല്ലാതാക്കിയ ഇന്ദ്രജാലം അയാളുടെ വാക്കുകളോ മൗനമോ എന്ന് തീർച്ചയില്ല.
ദേവഹംസ ജനിച്ചത് ആസ്ട്രിയയിലെ ഒരു ഗ്രാമത്തിലായിരുന്നു. കുടുംബപശ്ചാത്തലത്തിലെ അസ്വാരസ്യങ്ങൾ കാരണം പെട്ടെന്ന് ജോലി സംഘടിപ്പിക്കാനായി butchery-യിൽ (നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഇറച്ചിവെട്ട്) ബിരുദാനന്തര ബിരുദം നേടി രാജ്യത്തു നിന്നും പുറത്തുകടന്നു. നേരെ വന്നെത്തിയത് ഡൽഹിയിൽ. ഡൽഹിയിലെത്തിയ ദേവഹംസ ആദ്യം ചെയ്തത് തബല പഠിക്കലായിരുന്നുവത്രെ! ഡൽഹിയിൽ വന്നപ്പോൾ കൗതുകം തോന്നിച്ച ആദ്യ കാഴ്ച ഒരു ഭജൻ കച്ചേരിയായിരുന്നു. അന്ന് മുതൽ ഭജനയും തബലയുമായി കുറച്ചു വർഷങ്ങൾ കഴിഞ്ഞു. ഹംസയുടെ നാക്കിൽ നിന്നും തീൻ താളത്തിന്റെയും രൂപ്കതാളത്തിന്റെയുമൊക്കെ വായ്ത്താരികൾ ഉതിർന്നു. കുറേ ഹിന്ദി പദങ്ങളും. ഇനിയും മറന്നിട്ടില്ലാത്ത ഒന്ന് രണ്ടു ഭജനുകൾ.
തബലയുടെ വായ്ത്താരികൾ ഉരുവിട്ടതിനു ശേഷം കുറേ നിമിഷങ്ങൾ അയാൾ മിണ്ടാതിരുന്നു. ഞാനും.

ജീവിതം ആഘോഷിക്കാൻ ഗോവയിലെത്തിയ ദേവഹംസ എങ്ങനെയോ മുക്കുവരുമായി ജീവിതം പങ്കിടാൻ തുടങ്ങി. അവരോടൊപ്പം മീൻ പിടിക്കാൻ കടലിൽ പോകും. ഇതു നടക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്.
"ഒരു രാത്രിയിൽ നടുക്കടലിൽ വെച്ചാണ് ആദ്യമായി ഞാൻ ഓഷോയുടെ പേര്‌ കേൾക്കുന്നത്‌. ഒരു മുക്കുവനിൽ നിന്ന്‌. അന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നത് രജനീഷ് എന്നായിരുന്നു. ആ പേര് കേട്ടതും എന്നിൽ സംഭവിച്ചത് ഒരു വേലിയേറ്റമായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് കരക്കെത്തിയാൽ മതിയെന്നായി. പിറ്റേന്ന് കരക്കെത്തിയതും നേരെ വിട്ടു പൂനയിലേക്ക്. ഓഷോ പൂനയിൽ വന്ന് താമസിക്കാൻ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കുറച്ചു വർഷങ്ങൾക്കു ശേഷം ഓഷോ അമേരിക്കയിലേക്ക് പോയപ്പോൾ ഞാനും അമേരിക്കയിലേക്ക് പോയി. അദ്ദേഹം തിരിച്ചുവന്നപ്പോൾ ഞാനും തിരിച്ചുവന്നു. പിന്നെ പൂനയിൽ നിന്നും പുറത്തുകടന്നത് ഓഷോ പോയതിന്റെ പിറ്റേന്നാണ്‌. ഓഷോയുടെ തിരോധാനം എന്നിലുണ്ടാക്കിയ ശൂന്യതക്കു ഈ ഭൂമിയോളം വലിപ്പമുണ്ടായിരുന്നു."
ദേവഹംസ കുറേ നേരം കണ്ണുകൾ അടച്ചിരുന്നു. അതിനിടയിൽ പഴയ സുഹൃത്തായ ഒരു സ്ത്രീ വന്ന് ഹംസയെ ആലിംഗനം ചെയ്തു. അയാളുടെ കവിളുകൾ സ്നേഹം കൊണ്ട് ചുവന്നു. ഹംസ തുടർന്നു,'ഓഷോ പോയത് നന്നായെന്ന് തോന്നി എനിക്ക്. അല്ലെങ്കിൽ ഒരിക്കലും എന്നിലെ ശൂന്യതയെ ഞാൻ തിരിച്ചറിയില്ലായിരുന്നു. എനിക്ക് തോന്നി അതിനു ശേഷമാണ് ഓഷോ എന്നിൽ ശരിക്കും പ്രവർത്തിക്കാൻ തുടങ്ങിയതെന്ന്. എന്നിലെ ഭീരുത്വത്തേയും അഹന്തയേയും അവബോധമില്ലായ്മയേയുമെല്ലാം പെട്ടെന്നുപെട്ടെന്നു തിരിച്ചറിയാൻ തുടങ്ങി ഞാൻ. ഇപ്പോൾ എനിക്ക് തോന്നുന്നു ആ ശൂന്യത മുഴുവനും കൃതജ്ഞത കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന്. not specifically towards anybody, not specifically for anything. just gratitude. that's all.'
ഞാൻ പരിചയപ്പെടുമ്പോൾ ദേവ ഹംസ ജീവിച്ചിരുന്നത് മൊറോക്കോ മരുഭൂമിയുടെ ഒരറ്റത്താണ്. അറ്റ്ലാന്റിക് സമുദ്രത്തോട്‌ ചേർന്നുള്ള ഭാഗത്ത്. അവിടെ കടലിൽ സർഫിങ്(കൂറ്റൻ തിരമാലക്കൾക്കടിയിലെ സ്നാനം) ആസ്വദിച്ചുകൊണ്ട് കഴിയുന്നു. സർഫിങിൽ താല്പര്യമുള്ള ആരെങ്കിലും വന്നാൽ ചിലപ്പോൾ സഹായിക്കാറുണ്ട്‌.
"മൊറോക്കോ തെരഞ്ഞെടുക്കാൻ?" ഞാൻ ചോദിച്ചു.
"ഉം", ഹംസ പറഞ്ഞു," ഇന്ത്യയിൽത്തന്നെ കഴിയാമായിരുന്നു. എന്നാൽ അത്രക്കും അപകടകാരികളായ തിരമാലകളുള്ള സമുദ്രം ഇന്ത്യയിലില്ല. അറ്റ്ലാന്റിക്കിലെ തിരമാലകൾ ഭീമാകാരങ്ങളാണ്. പോരാത്തതിന് ഒരു മാസത്തിൽ ഇരുപത്താറു ദിവസമെങ്കിലും കൊടുങ്കാറ്റുണ്ടാകും അവിടെ. അവിടത്തെ ഭൂമിശാസ്ത്രം അങ്ങനെയാണ്. A dangerous living hub. അതുകൊണ്ടു തന്നെ ആൾത്താമസവും കുറവാണ്."
ദേവ ഹംസ എന്റെ രണ്ടു ചുമലിലും
കൈവെച്ചുകൊണ്ടു പറഞ്ഞു ,"നാം അറിയുന്ന നിശബ്ദതയൊന്നും നിശബ്ദതയല്ല. ഭീമാകാരനായഒരു തിരമാല നമ്മെ വന്നു മൂടുമ്പോൾ, അതിനടിയിൽ ഒരു നിമിഷനേരത്തെ നിശബ്ദതയുണ്ട്. ആ നിശബ്ദത ഈ പ്രപഞ്ചത്തോളം പ്രാചീനമാണ്, വിശുദ്ധവും-ancient silence under a giant wave. ആ തിരമാലകൾക്കടിയിൽ ഇടയ്ക്കിടെ ദേവഹംസ ഇല്ലാതെയാവും. തള്ളപ്പക്ഷിയുടെ ചിറകിനടിയിൽ ഒളിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ….ഞാനപ്പോൾ എന്താണ് ചെയ്യുക? BREATH IN ... BREATH OUT,  BREATH IN ... BREATH OUT..."
ഒരു നിമിഷം എന്നെ ഉറ്റുനോക്കിയതിനു ശേഷം ദേവ ഹംസ ചോദിച്ചു," do you think anything else is there to do?"
പിറ്റേന്ന് രാവിലെ തിരിച്ചുപോകാൻ നേരം ദേവഹംസയെ തെരഞ്ഞപ്പോൾ   അയാൾ ആ പഴയ ചുമരരികിൽ അയാളുടെ വ്യായാമങ്ങളിലായിരുന്നു. ഞാൻ കാണുമ്പോൾ അയാൾ കൈകൾ കൂപ്പി നിശ്ചലനായി നിൽപ്പുണ്ട്. അയാൾക്കഭിമുഖമായി നിന്നിരുന്ന ആമ്പൽമൊട്ടുകൾ മൂന്നും പൂർണ്ണമായും വിടർന്നുകഴിഞ്ഞിരുന്നു.
'വെളിയിലിരുന്നു വിവർത്തമിങ്ങു കാണും .......തരംഗാവലിയതുപോലെ അഭേദമായ് വരേണം'. ഓ, ഹാർഡ് ഡിസ്ക് സെർച്ചിങ്ങിലായിരുന്നു!  തെളിഞ്ഞു വരാൻ ഒരാഴ്ചയെടുത്തെന്നു മാത്രം. ജലനിധിയേയും അലകളേയും അഭേദമായി അറിഞ്ഞാലും തിരമാലകൾ ഉണ്ടാകാതിരിക്കുന്നില്ല. നാം പക്ഷേ  അവക്കുമുകളിലൂടെ തെന്നിനീങ്ങാൻ പഠിച്ചിരിക്കും, അവയോടൊപ്പം നീന്തിത്തുടിക്കാനും. yes, the surfing.
just breath out ...breath in.
Namaste deva hamsa!
Namaste!
---------------------------------------------------------------------------------


“Waves are there: you simply allow. You simply allow yourself to move with them, not against them. You become part of them. Then tremendous happiness happens. That is the whole art of surfing: moving with the waves- not against, with them - so much so that you are not different from them. Surfing can become a great meditation. It can give you glimpses of the inner because it is not a fight, it is a let-go. Once you know that even waves can be enjoyed - and that can be known when you look the whole phenomenon from the centre.”

                                     OSHO





 



10 comments:

  1. So well written Dhyan, fascinating read, takes reader to a beautiful imagery of character and content. Keep writing!

    ReplyDelete
  2. Excellent writing! keep it on....

    ReplyDelete
  3. Fantastic writing Sir.... waiting for more articles.. ❤❤

    ReplyDelete
  4. BRO You should try writing script for movies . you've got the talent and great memories to share . The way you wrote it is really wonderful . when i finished reading it i felt the satisfaction of watching a good movie ...love

    ReplyDelete