Featured Post

Monday, August 5, 2019

ഇറങ്ങിപ്പോക്കുകൾ - 3 - walkouts to oneself ...

കോഴ്സ് കഴിഞ്ഞു കിട്ടിയ ഒഴിവുദിനങ്ങളിലായിരുന്നു പോക്കറ്റ് മണിയുണ്ടാക്കാം എന്നു പറഞ്ഞ്, അടുത്ത സുഹൃത്തുക്കളിലൊരാൾ- ജിജോയ് വാസുദേവൻ- ഒരു പ്രലോഭനവുമായ് വന്നത്.(അലഞ്ഞു തിരിഞ്ഞു നടക്കാൻ പറ്റിയ കൂട്ടുകളിലൊരാളായിരുന്നു ജിജോയ്. അവയേക്കാളെല്ലാമുപരി അവനു വേണ്ടി സൂക്ഷിച്ചിട്ടുള്ള ഫോൾഡർ മറ്റു രണ്ടു കാര്യങ്ങളാലാണ്. 1992-ൽ ഗുരു നിത്യയെ കാണാൻ വേണ്ടി പോകുമ്പോൾ, അതിരാവിലെ തൃശൂർ ബസ് സ്റ്റാൻഡ് വരേയ്ക്കും എന്നെ അനുഗമിച്ചതിന്. പിന്നെ ഹെർബേറിയം എന്ന പുസ്തകത്തിലൂടെ ആഷാമേനോനെ പരിചയപ്പെടുന്നതിൽ ഒരു നിമിത്തമായതിന്. നന്ദി ജിജോയ്.) പോക്കറ്റ് മണി എന്തിനാണ്? ഏതെങ്കിലും പുസ്തകം വാങ്ങാമല്ലോ. എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അവനു നല്ല നിശ്ചയമായിരുന്നു.
jijoy

അവൻ ആദ്യമേ സംഘടിപ്പിച്ചിട്ടുണ്ട്, അലങ്കാരച്ചെടികളുടേയും ഫലവൃക്ഷത്തൈകളുടേയും വിശദ വിവരങ്ങളടങ്ങിയ 'പ്രൈസ് ലിസ്റ്റ്'. ഈ ലിസ്റ്റ് കാണിച്ച്‌ ഓരോ വീടുകളിൽനിന്നും ഓർഡറെടുക്കുന്നു. ഒരു മാസത്തിനുശേഷം മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽനിന്നും (!!!) നേരിട്ട് വിതരണം ചെയ്യുന്നു. ലിസ്റ്റിൽ കാണിച്ചിരിക്കുന്നത് വലിയ വിലയാണെങ്കിലും, ഇപ്പോൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ചില്ലറ ഡിസ്‌കൗണ്ടുകൾ ഉണ്ട്. മണ്ണുത്തിയെന്നുകേട്ടാൽ ആളുകളുടെ കൃഷിഞെരമ്പിൽ ചോര തിളക്കണമത്രേ! ഉം ...തിളച്ചതുതന്നെ. തിളച്ചാലും തിളച്ചില്ലേലും ഈ പാവം സഹയാത്രികനെന്ത്? രണ്ടു പുസ്തകം വാങ്ങാൻ കാശൊത്താലായി. അത്ര തന്നെ .
അങ്ങനെ ഒരു ദിവസം ഞങ്ങൾ തൃശൂർക്കുള്ള ബസിൽ കയറി പുതിയ സംരംഭത്തിന് നാന്ദി കുറിച്ചു. കണിമംഗലത്തിനു തൊട്ടു മുൻപുള്ള ഒരു സ്ഥലമെത്തിയപ്പോൾ ഇറങ്ങാൻ ആജ്ഞ കിട്ടി. അവിടെയിറങ്ങി കിഴക്കോട്ടു കയറിപ്പോയ ഒരു റോഡിലൂടെ നടത്തം. കുറേ ദൂരം ചെന്നപ്പോൾ എന്റെ തൊഴിൽ ദാതാവിനു ഒരുൾവിളിയുണ്ടായി - ദാ, ആ കാണുന്ന വീട്ടിൽ നിന്നു തുടങ്ങാം. ഓ, ഉത്തരവ്! അങ്ങനെയായിക്കൊള്ളട്ടെ.

വളരെ പഴയ ഒരു നമ്പൂതിരി ഗൃഹം. ചെറിയതാണെങ്കിലും പഴമ കൊണ്ടും വെട്ടിയൊതുക്കാതെ നിർത്തിയ പച്ചപ്പടർപ്പുകളെകൊണ്ടും സമൃദ്ധമായ ഒരു ഭവനം. വെയിൽ  മൂക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒൻപതു മണിക്ക് മുൻപുള്ള വെയിൽ, ഭംഗിയൊരുക്കാത്ത ഏതെങ്കിലും ഗൃഹാന്തരീക്ഷങ്ങളുണ്ടോ? ആ വീടിന്റെ പടിപ്പുരയിലെ സ്വച്ഛമായ നിഴലിൽ വെറുതെയങ്ങനെ ഇരുന്ന് ...ജീവിതം മുഴുവനുമങ്ങു ഇരുന്നു കഴിച്ചുകൂട്ടിയാലോ എന്നു തോന്നിപ്പോകും. തഴച്ചു വളർന്നു നിൽക്കുന്ന ഈ പച്ചപ്പുകൾക്കിടയിലേക്കാണ് ഇവന്റെയൊരു ശാസ്ത്രനാമച്ചെടികൾ. ഏതായാലും അവിടെ നിന്നും ഓർഡറൊന്നും കിട്ടിയില്ല. ഭാഗ്യം.

പിന്നെയും കുറേ മുന്നോട്ടു നടന്നപ്പോഴാണ് ശ്രദ്ധിച്ചത് ഈ പരിസരം ഏറെ ശാന്തസുന്ദരമാണല്ലോ എന്ന്. വെറും അര മണിക്കൂർ ദൂരത്തു ഇത്രയും മനോഹരമായ
ഇടവഴികളോ! എന്നെ പറ്റിക്കാൻ എന്റെ ആശാൻ ഒന്നു രണ്ടു വീടുകളിൽ കൂടി കയറിനോക്കിയെങ്കിലും ആരുടേയും കൃഷി ഞെരമ്പ്‌ തുടിച്ചില്ല . അപ്പോഴേക്കും പക്ഷേ ഞങ്ങൾ രണ്ടുപേരും അപരിചിതമായ ആ വഴിനടത്തയിൽ വിശ്രാന്തരാവാൻ തുടങ്ങിയിരുന്നു. എന്തോന്ന് ഓർഡറും പ്രൈസ് ലിസ്റ്റും? നടക്കുക തന്നെ.
'when you walk, arrive with each step.' എന്ന്‌ ഓർമ്മിപ്പിക്കുന്നത് thich nhat hanh ആണ്. അന്നു പക്ഷേ ഈ പേരുകളൊന്നും കേട്ടിട്ടില്ലായിരുന്നുവെങ്കിലും, വിശേഷിച്ച്‌ ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത ഓരോ പദം വെപ്പിലും ഒരെത്തിച്ചേരലിന്റെ വിശ്രാന്തിയിറ്റുന്നത് അറിയാതിരുന്നിട്ടില്ല. അപരിചിതമായ വഴികൾ എപ്പോഴും ഒരു 'enchanting invitation' ആണ്.
നടന്നു പോകുന്നതിന്റെ സൗന്ദര്യം ആദ്യം ശ്രദ്ധയിൽ കയറിക്കൂടിയത് എപ്പോഴാണെന്ന് കൃത്യമായോർമ്മയുണ്ടെനിക്ക് - 1986 ൽ . കൃഷ്ണമൂർത്തി (ജെ .കെ ) ദേഹമുപേക്ഷിച്ചതിന്റെ തൊട്ടു പിന്നത്തെ കലാകൗമുദി വാരികയിൽ
അദ്ദേഹത്തിന്റെ സായാഹ്‌ന നടത്തത്തിന്റെ ഒരു ബ്ലാക്ക് & വൈറ്റ്ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തിന് എത്രയോ മാനങ്ങൾ (dimensions) ഉണ്ടായിരുന്നുവെന്നോ!
ഒരു സായാഹ്നത്തിന്റെ സർവ്വ വിശ്രാന്തികളും സൗമ്യതകളും എത്തിച്ചേരലുകളുമെല്ലാം എഴുന്നു നിന്നിരുന്നുവെന്നു തോന്നി കൃഷ്ണമൂർത്തിയുടെ ആ ഒഴുകി നീങ്ങലിൽ.
ഓഷോ, ഗാർഡനിൽ നടക്കുന്നതിന്റെ തീരെ ഹ്രസ്വമായ വീഡിയോ കണ്ടിട്ടുണ്ട്; വീണുകിടക്കുന്ന ഇലകൾ പോലും അറിഞ്ഞെന്നു വരില്ല. അതീവ ലോലമായ പദചലനങ്ങൾ. ഒരു 'beauty pageant'ലെ പൂച്ചനടകൾക്ക് (cat walk) പോലും എന്തെങ്കിലും സൗന്ദര്യം തോന്നുന്നത് ആ ചുവടുകളെ ചൂഴ്ന്നു നില്ക്കുന്ന awareness ഒന്നുകൊണ്ടു മാത്രമാണ്. ആത്യന്തികമായി, എല്ലാവരും നടക്കുന്നത് അവരവരിലേക്കു തന്നെയാണ്; നാം അറിയുന്നുണ്ടത്, ഓർക്കാറില്ലെങ്കിലും.
വെയിലിനു ചൂട് കൂടി വന്നു. ദേഹത്ത് വിയർപ്പു പൊടിയാൻ തുടങ്ങി. ഞങ്ങളുടേത്, ഏറെ ശ്രദ്ധ കൊടുത്തുകൊണ്ടുള്ള ഒരു തരം 'സാധനാ പദ'ങ്ങളൊന്നും ആയിരുന്നില്ല. തമാശകൾ പറഞ്ഞ് ഉറക്കെ ചിരിച്ച്‌ ....പക്ഷേ  ഞങ്ങളുടെ ചിരികളത്രയും സ്വാഭാവിക നിശബ്ദതയെ കനപ്പിച്ചതേയുള്ളൂവെന്നു തോന്നി; ഇടക്കെപ്പോഴോ മുഴങ്ങിക്കേട്ട 'കൊക്കരക്കോ'യടക്കം. ലേറ്റായാലെന്ത്, ലേറ്റസ്റ്റായൊന്നു കൂവിക്കളയാം എന്നു വിചാരിച്ചതായിരിക്കണം ആ പൂവൻ. a 'belated cock a doodle doo'. മറന്നുപോയ ഒരാശംസ പോലെ.
രണ്ടു മണിക്കൂറിലധികമായി നടക്കാൻ തുടങ്ങിയിട്ട്. കുടിക്കാൻ അല്പം വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു. എല്ലാ ഗൃഹാമുഖങ്ങളും മിക്കവാറും അടഞ്ഞു  കിടന്നു. അപ്പോഴാണ് കുറച്ചു ദൂരെ തുറന്നു കിടക്കുന്ന ഒരു പടിപ്പുര കണ്ണിൽപെട്ടത്. പടിപ്പുരമുന്നിലെത്തിയപ്പോൾ, അങ്ങ് ദൂരെ വീടിന്റെ അകത്തളത്തിൽ ചാരുകസാലയിൽ കാലു നീട്ടിവെച്ചു വിശ്രമിക്കുന്ന ഗൃഹനാഥൻ. വീട്ടകത്തിന്റെ ഇരുട്ടിലും അദ്ദേഹം ധരിച്ചിരുന്ന മുണ്ടിന്റെ കസവിനു വല്ലാത്ത സ്വർണ്ണത്തിളക്കമുണ്ടായിരുന്നപോലെ! ദാഹക്കൂടുതൽക്കൊണ്ടു തോന്നിയതാവാം. ഞങ്ങളല്പം ശങ്ക അഭിനയിച്ചപ്പോൾ, അദ്ദേഹം ആംഗ്യം കാട്ടി, അകത്തേക്ക് വരാനായി.
ഒരു ക്രിസ്ത്യൻ ഭവനമായിരുന്നു അത്. ഏതോ 'തെക്കൻ അച്ചായനായിരുന്നുവോ'...ഓർക്കുന്നില്ല. ഏതായാലും പഴമയും പ്രൗഢിയും ഇണങ്ങിനിന്ന ആ വലിയ നാലുകെട്ടിന് ചേർന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്; അല്പം കനത്ത ശബ്ദവും. സ്നേഹമുണ്ടായിരുന്നു വാക്കുകളിൽ. ആദ്യം വെള്ളം ചോദിച്ചു വാങ്ങി. സ്റ്റീൽ മൊന്തകളിൽ നല്ല തണുത്ത വെള്ളം അകത്തു ചെന്നപ്പോൾ ഞങ്ങളിൽ ഉറങ്ങിക്കിടന്ന 'നിക്ഷിപ്ത കച്ചവട താല്പര്യങ്ങൾ' ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. നമ്മുടെ സഖാവ് പ്രൈസ് ലിസ്റ്റെടുത്തു. വീണ്ടും ശാസ്ത്ര നാമങ്ങൾ. മണ്ണുത്തി. കാർഷിക സർവ്വകലാശാല. ഡിസ്‌കൗണ്ട്. ഓർഡർ .

അദ്ദേഹം ഞങ്ങളുടെ പ്രൈസ് ലിസ്റ്റ് വാങ്ങി സ്നേഹപൂർവ്വം പരിശോധിച്ചു. പല ചെടികളുടേയും പ്രഖ്യാപിത വിലകൾ മനസ്സിരുത്തി വായിച്ചു. പ്രൈസ് ലിസ്റ്റിൽ നിന്നും മുഖമുയർത്തുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് ഒരു മന്ദസ്മിതം പ്രത്യക്ഷപ്പെട്ടിരുന്നു. ഓർഡറെടുത്തോളൂ എന്നെങ്ങാനുമാണോ ? 'സെയിൽസ് ഒരു കലയാണ്. an intuitive art. എവിടെ കയറണം, ആരോട് ചോദിക്കണം ചോദിക്കരുത് എന്നൊക്കെ അറിയാൻ ഏതോ ഒരിന്ദ്രിയം വേണമത്രേ!'. "ഈ ഒരൊറ്റ ഓർഡർ തന്നെ നമ്മുടെ പോക്കറ്റ് മണിക്ക് ധാരാളമായി" എന്ന മട്ടിൽ സഖാവ് സജ്ജമായെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു,"കുട്ടികളേ, നിങ്ങളുടെ ശ്രമം കൊളളാം. നിങ്ങളിതിൽ കൊടുത്തിരിക്കുന്ന വില കുറച്ചു  കൂടുതൽ അല്ലെന്നുണ്ടോ? മണ്ണുത്തിക്കപ്പുറം എനിക്ക് വലിയൊരു നഴ്‌സറിയുണ്ട്. ദിവസവും മൂന്നോ നാലോ ട്രക്ക് നിറയെ ചെടികൾ മറ്റു സ്റ്റേറ്റുകളിലേക്കു കയറ്റിപ്പോകുന്നുമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എത്രയാണ് വിലയിട്ടിരിക്കുന്നതെന്ന് അറിയണമെന്ന് തോന്നിയത്."

ഭാഗ്യം കൊണ്ട്, അദ്ദേഹത്തിന്റെ മുൻപിൽ ഉരുണ്ടുകളിക്കാൻ അവസരം തരാതെ, അദ്ദേഹം തന്നെ സഹായിച്ചു; ഇടതടവില്ലാതെ സംസാരിച്ചുകൊണ്ട്. " ഇവിടെത്തന്നെ എനിക്ക് നാലര ഏക്കറോളം പൈനാപ്പിൾ കൃഷിയുണ്ട്. വരൂ,നമുക്കു കാണാം ". അദ്ദേഹം പുറത്തേക്കിറങ്ങി. പിന്നാലെ ജാള്യതയിൽ കുതിർന്ന് രണ്ട് തൊഴിലന്വേഷകരും. പൈനാപ്പിൾ കൃഷിയെപ്പറ്റിയും, അതിന്റെ വെള്ളം നന, വളം, വിളവെടുപ്പ് എന്നിവയെപ്പറ്റിയും വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു. ആ കൃഷിയിടം ഞങ്ങൾ ചുറ്റിനടന്നു കണ്ടു. തിരിച്ച്‌ അകത്തേക്ക് കയറിവന്നപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചു പറഞ്ഞു,"എടീ, ഈ കുട്ടികൾക്ക് ഒരു പൈനാപ്പിൾ എടുത്തുകൊടുക്ക്."
അപ്പോഴാണ് കണ്ണിൽ പെട്ടത്, തൊട്ട മുറിയിൽ കുന്നുകൂടികിടക്കുന്ന പൈനാപ്പിൾ ശേഖരം. ഇവയൊക്കെ രണ്ടാം തരമത്രേ. വലിപ്പക്കുറവും മറ്റും. ഒന്നാം തരം പൈനാപ്പിളുകൾ കയറ്റിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു പൈനാപ്പിൾ എടുത്തുതന്നു. ഇറങ്ങിപ്പോരും മുൻപ് അദ്ദേഹത്തെ നോക്കി ചിരിച്ചപ്പോൾ, ആ ചിരിയിൽ നന്ദിയല്ലാതെ, ചമ്മലിന്റെ അംശമേതുമില്ലെന്നു ഞങ്ങൾ ഉറപ്പു വരുത്തിയിരുന്നു.
തിരിച്ചിറങ്ങി നടന്നപ്പോൾ അല്പം വേഗം കൂട്ടി. അദ്ദേഹത്തിന്റെ കൺവെട്ടത്തുനിന്നു കഴിവതും വേഗം ദൂരേക്കു...കയ്യിലിരുന്ന പൈനാപ്പിളിന്റെ ഗന്ധം വിശപ്പിന്റെ ആക്കം കൂട്ടിയെന്നു തോന്നുന്നു. ഉച്ചയായി. വിയർക്കുന്നുണ്ട്. ചൂട് കൂടുതലാണ്. ഇവിടെ എവിടെയെങ്കിലും ഒരു ചായക്കടയെങ്കിലും കാണാതിരിക്കില്ല. വഴിയിലൊരാളോട് തിരക്കിയപ്പോൾ റെയിൽക്രോസിനടുത്തു ഒരു ചെറിയ കടയുള്ള കാര്യം പറഞ്ഞു. അടുത്തെത്തിയപ്പോഴാണ് ഓർത്തത് അന്ന് ഞായറാഴചയാണെന്ന്. ചായക്കട അടഞ്ഞുകിടക്കുകയായിരുന്നു. ഏതെങ്കിലും കടയിൽ കയറുമ്പോൾ ഒരു കത്തി സംഘടിപ്പിച്ചു പൈനാപ്പിൾ ചെത്തിക്കഴിക്കാം എന്നായിരുന്നു പ്ലാൻ.
കുറച്ചു നേരത്തേക്ക് വിശപ്പ് വലിയ ജ്വാലകളുയർത്തി ആളിക്കത്തി. പിന്നെപ്പിന്നെ സാവധാനം അത് ചെറിയ കനലുകളിലേക്ക് ശമിച്ചു. ആ കനലുകൾ വീണ്ടും വീണ്ടും മിന്നിത്തെളിയുന്നതിനെ ഞങ്ങൾ മറികടന്നത് വിടുവായത്തങ്ങൾ പറഞ്ഞു ചിരിച്ചുകൊണ്ടായിരുന്നു. ചിരി വിശപ്പിനെ കൂട്ടുമോ കുറയ്ക്കുമോ? രണ്ടും ചെയ്യില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ വിശപ്പിനെ കുറേക്കൂടി സ്നേഹപൂർവ്വം സമീപിക്കാൻ ചിരി സഹായിച്ചേക്കാം .
ചിരിയോളം വലിയ സാധനയില്ല. 'be a lamp unto yourself' എന്ന ബുദ്ധസൂക്തത്തെ, 2500 വർഷങ്ങൾക്കു ശേഷം,'be a joke unto yourself ' എന്ന് ഓഷോ upgrade ചെയ്യുമ്പോൾ, ചിരിയുടെ ധ്യാനതലങ്ങളാണ് വീണ്ടെടുക്കപ്പെടുന്നത്. ഈ അസ്തിത്വത്തെ ആകെപ്പാടെ ഒരു cosmic joke എന്ന് തിരിച്ചറിയുമ്പോൾ ചിരി എന്നത് പരമമായ ധർമ്മമെന്ന തലത്തിലേക്ക് ഉയർത്തപ്പെടുന്നുണ്ട്; പുഷ്പസൗരഭ്യമെന്നപോലെ .
  
റെയിൽപ്പാളവും കടന്ന് (ഒല്ലൂർ - തൃശൂർ) മെയിൻ റോഡിലൂടെ. ഞായറാഴ്ചയായതിനാലാവാം വാഹനങ്ങൾ തീരെ കുറവായിരുന്നു. കയ്യിലൊരു പൈനാപ്പിൾ ഉണ്ടായിരുന്നിട്ടും കഴിക്കാൻ പറ്റാതെ, വിശന്നു തളർന്ന് ...പൈനാപ്പിളിന്റെ കൂമ്പിൽ പിടിച്ചു പൊക്കിയെടുത്തപ്പോൾ അതിന് ഒരു പൂച്ചക്കുഞ്ഞിന്റെ നിസ്സംഗഭാവം. പൈനാപ്പിൾ തന്നനുഗ്രഹിച്ചവന് ഒരു കത്തി കൂടി  തരാമായിരുന്നില്ലേ ? ഇത് ഒരു മാതിരി ...

വഴിയരികിൽ ഒരു ക്ഷേത്രവും ചെറിയ ഒരു ക്ഷേത്രക്കുളവും. അടുത്ത് കണ്ട ഒരു ബോർഡിൽനിന്നും സ്ഥലം തൃക്കൂർ ആണെന്നറിഞ്ഞു. തൃക്കൂർ. ഒല്ലൂരിനടുത്ത് തൃക്കൂർ. ഉള്ളിലെവിടെയോ എന്തോ തെളിഞ്ഞുവരാൻ മെനക്കെടുന്നുണ്ട്.
ക്ഷേത്രക്കുളത്തിനടുത്ത് മരത്തണലിൽ വിശ്രമിക്കാനിരുന്നു. വിശ്രമമൊന്നുമല്ല. ഈ പൈനാപ്പിൾ എങ്ങനെ അകത്താക്കാം എന്ന 'ചിന്തൻ ബൈഠക്ക്'. പൈനാപ്പിളിനെ ഒരിടത്തേക്ക് നീക്കി വെച്ചു. 'ഈ പൈനാപ്പിൾ ഇല്ലായിരുന്നുവെങ്കിൽ നമുക്ക് ഇത്രക്കും വിശപ്പ് തോന്നില്ലായിരുന്നു'. സമയം മൂന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ  എട്ടരയ്ക്ക് നടന്നു തുടങ്ങിയതാണ്. കുറച്ചു പച്ചവെള്ളം മാത്രമേ ഇതുവരേക്കും അകത്തു ചെന്നിട്ടുള്ളൂ. tom hanks ന്റെ ( cast away,the movie ) ഫുട്ബോൾ സുഹൃത്തിന്റെ സ്ഥാനമാണ് ഈ പൈനാപ്പിളിനിപ്പോൾ. ഞങ്ങളുടെ പശി- പരിദേവനങ്ങളൊന്നും അത് കേട്ടില്ലെന്നു നടിച്ചു.

ക്ഷേത്രക്കുളത്തിനടുത്ത് ഉയരത്തിൽ പണിതുയർത്തിയിരുന്ന ഒരു മുറിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ (ഞങ്ങളേക്കാൾ പ്രായവും പക്വതയും തോന്നിച്ചിരുന്ന ഒരാൾ) ഇറങ്ങി വന്നു. അയാൾ അടുത്തേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി- ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. സാധാരണ ശാന്തിമാരിൽ കണ്ടുപോരാത്ത ചില വിശേഷങ്ങളുണ്ടായിരുന്നു അയാളുടെ പെരുമാറ്റത്തിൽ. ഉയർന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ഒരാളെപ്പോലെ തോന്നിച്ചു. കഴിക്കാനും കളയാനും വയ്യാത്ത ഞങ്ങളുടെ കഷ്ടസ്ഥിതി അയാൾ മനസ്സിലാക്കിയിരുന്നുവെന്നു തോന്നുന്നു. അദ്ദേഹം ഞങ്ങൾക്കൊരു കത്തി കൊണ്ടുത്തന്നു. "ആവശ്യം കഴിഞ്ഞു തിരിച്ചേല്പിച്ചാൽ മതി ", അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം വീണുകിട്ടിയ ദിവ്യായുധം! അരികുകളുടേയും മൂർച്ചകളുടേയുമെല്ലാം ലോഹപ്രസക്തികൾ! നിസ്സഹായതയുടെ ഏതെല്ലാം കടുത്ത നിമിഷങ്ങളിലൂടെയാകണം ലോഹങ്ങളും ആയുധങ്ങളും ഉപകരണങ്ങളുമൊക്കെ സംസ്കരിക്കപ്പെട്ടു വന്നിട്ടുള്ളത്! ഈയൊരു കഷ്ണം പൈനാപ്പിളിൽ, നാം ഇതുവരേക്കും നടന്നു കൂട്ടിയ വഴികളെല്ലാം അദൃശ്യമായ ഏതോ ലിപികളിൽ സംക്ഷേപിതമായിക്കിടക്കുന്നുവോ!
അതിഗഹനമായ ഏതോ രസമുകുളങ്ങളെക്കൊണ്ടായിരുന്നു ആ പൈനാപ്പിൾ രുചിക്കപ്പെട്ടത്. ചില അനുഭവങ്ങൾ അങ്ങനെയാണ്. സോഫ്ട്‍വെയറായി ഇൻസ്റ്റാൾ ചെയ്യപ്പെട്ട് ഹാർഡ്‌വെയറിന്റെ ഭാഗമായിത്തീരുന്നവ. the factual memory.

ക്ഷേത്രക്കുളത്തിനിപ്പോൾ കൂടുതൽ തെളിമയുണ്ട്. വെയിൽ ചാഞ്ഞു വരാൻ തുടങ്ങുന്നു. മരങ്ങളുടെ നിഴലും. അപാരമായ ഒരു നിറവിൽ കത്തി തിരിച്ചേല്പിക്കപ്പെടുന്നു. കയ്യും മുഖവും കഴുകി വീണ്ടും നടക്കാൻ തുടങ്ങുന്നു. ദാ, എനിക്കോർമ്മ വന്നു, ഇത് തൃക്കൂർ ആണ്. സ്വാമി രംഗനാഥാനന്ദ ജനിച്ച സ്ഥലം .

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു പ്രൊഫെസ്സർ അയ്യപ്പൻ സാറിൽ നിന്നും രംഗനാഥാനന്ദയെപ്പറ്റി ആദ്യമായി കേട്ടത്. രംഗനാഥാനന്ദ റഷ്യ സന്ദർശിച്ചു തിരിച്ചുപോരുമ്പോൾ ക്രൂഷ്ചേവ്, ഓർത്തുവെക്കാൻ ഒരു സമ്മാനം ആവശ്യപ്പെട്ടുവത്രേ. അദ്ദേഹം അപ്പോൾ തന്നെ തന്റെ കാവി വസ്ത്രത്തിന്റെ കോന്തലയിൽ നിന്നും ഒരു നാര്പൊട്ടിച്ചെടുത്തു ക്രൂഷ്‌ചേവിനു നല്കി -ആ അപൂർവ്വനിമിഷത്തിന്റെ ഓർമ്മക്കായി ! (ഈ സംഭവത്തെപ്പറ്റി ആധികാരികമായ റിപ്പോർട്ടുകളൊന്നും എനിക്കിതുവരെ കിട്ടിയിട്ടില്ല.)

ക്രൂഷ്ചേവ് അതെങ്ങനെയായിരിക്കും സൂക്ഷിച്ചു വെച്ചിട്ടുണ്ടാവുക? ആ നിമിഷത്തേയും, പാവനമായ ആ പാരിതോഷികത്തേയും ( എനിക്കേറ്റവും ഇഷ്ടമുള്ള ആ ഹൈക്കു ഞാനിവിടെ ഓർമ്മിക്കട്ടെ : mind is the buddha, no-mind is the way.) അതേപടി പരിപാലിക്കുന്നതിൽ ക്രൂഷ്ചേവ് വിജയിച്ചിട്ടുണ്ടെങ്കിൽ (ഒരു പക്ഷേ, തങ്ങളുടെ ആയുധപ്പുരകളോ ഇരുമ്പുമറകളോ ഇത്രയും വെല്ലുവിളി ഉയർത്തിക്കാണില്ല,അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ) അദ്ദേഹം ഈ ഭൂമിയിൽ നിന്നും തിരോഭവിച്ചിട്ടുണ്ടാവുക, വീണ്ടുമൊരു ക്രൂഷ്‌ചേവിയൻ ബോധ-ശരീര ചേരുവകളിലേക്കായിരിക്കില്ല. 

സ്വാമിജിയുടെ ETERNAL VALUES FOR A CHANGING SOCIETY ഞാൻ മറിച്ചുനോക്കുക മാത്രം ചെയ്തിട്ടുണ്ട്. വെറുമൊരു അനങ്ങാസ്വാമിയല്ല ഇദ്ദേഹമെന്നും അവിശ്വസനീയമാം വിധം ഊർജ്ജസ്വലനും നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ളവനും മറ്റുമാണെന്നൊക്കെ കേട്ടിട്ടുണ്ട്. ബർമ്മയിൽ നിന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലെ ദാരുണ സംഭവങ്ങളെപ്പറ്റിയും അവിടെയുമിവിടെയും വായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തെപ്പറ്റി കാര്യമായി ഒന്നുമറിയില്ലെന്നു സാരം. എന്നിട്ടും പക്ഷേ അദ്ദേഹം ഈ ഗ്രാമത്തിലായിരുന്നു ജനിച്ചുവളർന്നതെന്ന് ഓർക്കാൻ ഒരു സുഖം .
സ്വാമി രംഗനാഥാനന്ദയെപ്പറ്റി വിശദമായറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സമാധിക്കു ശേഷം 2005 ൽ ഡി. വിജയമോഹൻ എഴുതിയ ജീവചരിത്രത്തിൽ നിന്നാണ്. വെറും ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ രംഗനാഥാനന്ദ പിന്നീട് ലോകം മുഴുവൻ ശാഖകളുള്ള ശ്രീ രാമകൃഷ്ണ മിഷൻന്റെ തലപ്പത്തെത്തിയെന്ന് കേട്ടപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. സംന്യാസമെന്നത് ഒരുദ്യോഗമല്ലല്ലോ, പ്രമോഷലബ്ധിയിൽ ഉയർച്ചയുടെ പടവുകൾ താണ്ടിയെന്നു ഊറ്റം കൊള്ളാൻ. ഇദ്ദേഹത്തിന്റെ ഭാഷണങ്ങളേവയും ‘വേദാന്ത സാരത്തെ ശാസ്ത്രസമ്മതിക്കൊപ്പം അവതരിപ്പിക്കുക’ എന്നുള്ളതായിരുന്നു. so-called ആത്‌മീയ പരിസരത്തിലെ പഴയ ന്യൂ ജി തരംഗം. ലോകമെമ്പാടും ധാരാളം ശ്രോതാക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. നോബൽ സമ്മാനിതനായിട്ടുള്ള ഡോ.എസ്.ചന്ദ്രശേഖർ അടക്കമുള്ളവരോട്, ഒരേ വേദിയിൽ, ശാസ്ത്ര സമ്മതികളും വേദാന്ത വിയോജിപ്പുകളും ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചയാൾ. അന്നന്നത്തെ ഏറ്റവും പുതിയ ശാസ്ത്ര തത്വ പുസ്തകങ്ങൾ എല്ലായ്‌പോഴും അദ്ദേഹത്തിന്റെ വായനയിൽ ഇടം പിടിച്ചിരുന്നുവത്രേ .

ഇതൊക്കെയാണെങ്കിലും മറ്റു മിക്ക ആത്‌മീയ ആചാര്യന്മാരെപോലെത്തന്നെ സ്വാമി രംഗനാഥാനന്ദയുടെ പ്രഭാഷണ സാരങ്ങളും സമത്വ- സ്വച്ഛ- സുന്ദരമായ ഒരു സമൂഹ നിർമ്മിതിയിൽ ഊന്നിക്കൊണ്ടായിരുന്നുവെന്നു തോന്നുന്നു, വെറും കമ്മ്യൂണിസ്റ്റു ഗുരുക്കന്മാരെപ്പോലെ. വ്യക്ത്യധിഷ്ഠിതം എന്ന് തോന്നിക്കാവുന്ന (individual) വാക് -പ്രയോഗങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും മനസ്സിലാവും അവരുടെ ആശയായുധങ്ങൾ ഏവയും ദിശയൂന്നിയിരിക്കുന്നത് വ്യക്ത്യധിഷ്ഠിതമായ വർത്തമാന യാഥാർഥ്യത്തിലേക്കല്ല, സമൂഹത്തിന്റെ ശോഭന ഭാവിയിലേക്കാണെന്ന്.
ഇവിടെയാണ് ആത്‌മീയത എന്നു പോലും വിളിക്കേണ്ടതില്ലാത്ത യഥാർത്ഥ ആത്‌മീയ അന്വേഷണങ്ങളുടെ ലോകത്ത്‌ ഇത്തരം സ്വാമിമാർ പിൻബെഞ്ചിലേക്ക് തള്ളപ്പെടുന്നത്. ഓഷോ, കൃഷ്ണമൂർത്തി, രമണ മഹർഷി തുടങ്ങിയവർ (ഈ നിരയിൽ വളരെയധികം പേരുകളില്ലെന്നോർക്കുക), അവരിൽത്തന്നെ വിശേഷിച്ചും ഓഷോ--കൃഷ്ണമൂർത്തിയും രമണ മഹർഷിയുമൊന്നും ഓഷോയോളം പ്രകോപിപ്പിച്ചിട്ടില്ല സുപ്ത സമൂഹത്തെ--സാമൂഹികം മാത്രമെന്ന് തോന്നിക്കാവുന്ന ഭാഷണങ്ങൾ നടത്തുമ്പോഴും ഉൾകാഴ്‌ചാ മുനകളൊക്കെയും തിരിച്ചുവെച്ചിരിക്കുന്നത് വ്യക്തിയിലേക്കാണെന്നു കാണാൻ കഴിയും. transformation, that alchemical change, വ്യക്തിയിൽ മാത്രമല്ലേ സാധ്യമാവുക? സമൂഹത്തിൽ വെറും മെച്ചപ്പെടുത്തലുകളേ നടക്കൂ. just improvements.
ഏതായാലും ഇഹലോകപരതയിൽ രംഗനാഥാനന്ദ കാണിച്ചിട്ടുള്ള ചുറുചുറുക്ക് നമ്മെ ആഹ്ലാദം കൊള്ളിക്കുക തന്നെ ചെയ്യും. ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് തികച്ചും spontaneous എന്ന് തോന്നിക്കും വിധമാണ്. അത് ബർമ്മയിൽ നിന്നുള്ള പലായനമാകട്ടെ, ( ആ പലായനത്തെപ്പറ്റി, 1942 ഏപ്രിൽ 10 ന്, ദി ബോംബെ ക്രോണിക്കിളിൽ രംഗനാഥാനന്ദ എഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വിജയമോഹൻ തന്റെ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുണ്ട്. പട്ടിണിയും കോളറയും മൃതദേഹങ്ങളും വിലാപങ്ങളും മാത്രം നിറഞ്ഞ ആ പലായനകുറിപ്പുകൾ ഇന്നും സമകാലികമാണ്, റോഹിൻഗ്യൻ അഭയാർത്ഥി പ്രവാഹങ്ങളുടെ സങ്കീർണ രാഷ്ട്രീയ തീവ്രവാദ പശ്ചാത്തലത്തിൽ. ഇനിയും അവസാനിക്കാത്ത, അവസാനിക്കാനിടയില്ലാത്ത അഭയാർത്ഥിപ്പലായനങ്ങൾ, ലോകമെങ്ങും ?

ഈ സ്വാമിജി കടന്നുപോന്നിട്ടുള്ള ഏറ്റവും കാഠിന്യമേറിയ ആത്‌മീയ സാധനകൾ ഒരു പക്ഷേ, ഈ  അയനങ്ങളാവാം.) 
ഇന്ത്യാ - പാക് വിഭജനകാലത്തെ കറാച്ചി ദിനങ്ങളാകട്ടെ, അമ്പത്തിയൊന്നു രാഷ്ട്രങ്ങളിൽ (ഇന്ത്യയടക്കം) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളാവട്ടെ ലോകമെമ്പാടും അദ്ദേഹം നടത്തിയ സംരംഭ സംഘാടനങ്ങളാവട്ടെ, വോളിബോൾ, ഗുസ്തി, നീന്തൽ തുടങ്ങിയ കായിക പ്രണയങ്ങളാവട്ടെ, വൈമാനിക സാഹസങ്ങളാവട്ടെ (അലഹബാദിൽ ഒരിക്കൽ ഒരു ആർമി ചടങ്ങിൽ രണ്ടായിരം അടി ഉയരത്തിൽ ഇദ്ദേഹം ഗ്ലൈഡർ പറത്തി, സമ്മർ സോൾട്ടെടുത്തു ആർമി ഉദ്യോഗസ്ഥരെ മുഴുവൻ അമ്പരപ്പിച്ചുവത്രേ), അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസരിച്ചു നില്പുള്ള ഒരു ലീലാപരതയുണ്ട്, the very playfulness. ഏതു വേദാന്ത പാണ്ഡിത്യത്തേക്കാളും സ്വാമി രംഗനാഥാനന്ദയുടെ ആത്‌മീയ ഔന്നിത്യം (അല്ലെങ്കിൽ ആഴം) സംവേദനം ചെയ്യപ്പെടുന്നത് ഈ playfulness-ലൂടെയാണ്.
സംന്യാസിയായിരുന്നില്ലെങ്കിൽ താങ്കൾ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് ഇദ്ദേഹം ഉത്തരം പറഞ്ഞത് 'ഒരു പക്ഷേ, രാഷ്ട്രീയത്തിൽ എന്തെങ്കിലും പ്രധാന പദവിയിൽ എത്തുമായിരുന്നിരിക്കും' എന്നാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ സാമൂഹ്യപ്രസക്തികൾ അത് ശരി വക്കുകയും ചെയ്തേക്കാം. അദ്ദേഹത്തിന്റെ കൃതികളിലൂടെ കാര്യമായി കടന്നുപോയിട്ടില്ലെങ്കിലും, തോന്നിയിട്ടുള്ളത്, സംന്യാസികളേക്കാളുപരി സാമൂഹ്യ പ്രവർത്തകർക്കു ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുറേ പഠിക്കാൻ ഉണ്ടാകും എന്നാണ്.

നടന്നു നടന്ന് ഞങ്ങൾ പെരുവനം ഗ്രാമത്തിലെത്തി. സന്ധ്യ. സമയം ആറു കഴിഞ്ഞിരിക്കുന്നു. ഏറെ പുരാതനമായ പെരുവനം ക്ഷേത്രം അതിന്റെ മൗന ഗരിമയിലൂടെ പ്രാചീനതയെ ഈ നിമിഷത്തിലേക്കാനയിക്കുന്നുണ്ട്. പുകൾപെറ്റ മേളപ്പെരുക്കങ്ങളുടെ ഈ ഗ്രാമം ശാന്തമാണ്. ഇവിടെ എവിടെയോ ആണ് കുട്ടൻമാരാരുടെ വസതി. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ അവസാന ദിവസം എല്ലാവർഷവും അദ്ദേഹത്തിലെ മേളപ്രമാണിത്തം ആസ്വദിച്ചിട്ടുണ്ട്. അതുപോലുള്ള എത്രയോ കലാപ്രമാണികൾക്ക് പെരുവനം ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം.


തായംകുളങ്ങര ജംഗ്ഷനെത്തി. ഹാവൂ, ഒരു ചായക്കട തുറന്നിരുപ്പുണ്ട്. ചായയും സുഖിയനും മുന്നിൽ. മധുരസ്നേഹാമൃത ഗോളങ്ങൾ. അല്ലേലും എന്റെ സുഖിയൻ പ്രണയം സുഹൃത്തുക്കൾക്കിടയിൽ ഒരു വർത്തമാനമായിരുന്നു. പോളിടെക്‌നിക് കാന്റീനിലെ ബാലേട്ടനും അതേറ്റു പിടിച്ചിരുന്നു.

ഇന്ന് പക്ഷേ ആ വിഭവത്തോട് അളവിൽ കവിഞ്ഞ പ്രിയമൊന്നുമില്ല .
ആഹാ, രസനയിൽ എന്തെല്ലാം പരിണാമങ്ങളാണ്!


14 comments: