സന്തോഷമെന്ന വഴി
സന്തോഷം തേടി നടന്ന ഒരു ചെറുപ്പക്കാരൻ, ഒരു രാത്രി വൃദ്ധനായ ഒരു ഫകീറിന്റെ വാതിലിൽ മുട്ടിയത്രേ. അദ്ദേഹം വാതിൽ തുറന്നുകൊണ്ടു ചോദിച്ചു," എന്ത് വേണം?"
ആ ചെറുപ്പക്കാരൻ ഫകീറിന്റെ കാൽക്കൽ വീണു പ്രണാമമർപ്പിച്ചുകൊണ്ടു പറഞ്ഞു,
"എന്താണ് സന്തോഷം? എന്താണ് സന്തോഷം?"
ആ വൃദ്ധൻ അകത്തു നിന്നും ഏതോ ഒരു പഴത്തിന്റെ രണ്ടു കഷ്ണങ്ങൾ എടുത്തുകൊണ്ടുവന്നു. എന്നിട്ടു പറഞ്ഞു," നോക്കൂ, ഇവ മാന്ത്രികമായ രണ്ടു പഴക്കഷ്ണങ്ങളാണ്. ഇതിൽ ആദ്യത്തെ കഷ്ണം കഴിച്ചാൽ നിങ്ങൾക്ക് സന്തോഷമെന്തെന്നു മനസ്സിലാവും. രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ നിങ്ങൾ സന്തോഷവാനാകും. വേഗം പറയൂ, നിങ്ങൾക്കിതിൽ ഏതു വേണം? ഒന്നോർക്കുക, ഏതെങ്കിലും ഒന്ന് മാത്രമേ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയൂ. മാത്രവുമല്ല ഒരെണ്ണം കഴിച്ചുകഴിയുമ്പോഴേക്കും അടുത്തത് അപ്രത്യക്ഷമായിരിക്കും."
ആ ചെറുപ്പക്കാരൻ ഒരു നിമിഷം ശങ്കിച്ചു.
ഫകീർ പറഞ്ഞു," ഓർക്കുക, രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ, സന്തോഷമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല. നിങ്ങളുടെ ഇഷ്ടം."
കുറച്ചു നേരം ആലോചിച്ചതിനു ശേഷം ചെറുപ്പക്കാരൻ പറഞ്ഞു," ആദ്യം ഞാൻ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു, എന്താണ് സന്തോഷമെന്ന്. എന്തെന്നാൽ, അതിനെപ്പറ്റി അറിയാതെ എങ്ങനെയാണ് സന്തോഷം കണ്ടെത്താനാവുക?"
വൃദ്ധനായ ആ ഫകീർ ഉറക്കെ ചിരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു," എനിക്ക് കാണാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് നിന്റെ അന്വേഷണം ഇത്രക്കും നീണ്ടുപോകുന്നതെന്ന്. നീ ഈ വഴിക്കു പോവുകയാണെങ്കിൽ, ഒരിക്കലും സന്തോഷം കണ്ടെത്താൻ പോകുന്നില്ല. വർഷങ്ങളോളമല്ല, അനേകം ജന്മങ്ങൾ തെരഞ്ഞാലും നീ സന്തോഷം കണ്ടെത്താൻ പോകുന്നില്ല. എന്തുകൊണ്ടെന്നാൽ, സന്തോഷത്തെപ്പറ്റി അറിവുനേടലും സന്തോഷവാനാവലും ഒന്നല്ല. രണ്ടും പരസ്പരവിരുദ്ധമായ സംഗതികളാണ്. എന്നു മാത്രമല്ല, അത് കഷ്ടപ്പാടും കൂടിയാണ്. സന്തോഷത്തെപ്പറ്റി അറിയുകയും സന്തോഷവാനാവാതിരിക്കുകയുമെന്നത് കഷ്ടപ്പാടാണ്. ഈ കാരണം കൊണ്ടു തന്നെ മനുഷ്യൻ മരങ്ങളെക്കാളും ചെടികളെക്കാളും പക്ഷിമൃഗാദികളേക്കാളുമെല്ലാം കൂടുതൽ കഷ്ടപ്പാടനുഭവിക്കുന്നവനാണ്. എന്നാൽ അറിയാതിരിക്കലുമല്ല സന്തോഷം. അത് കഷ്ടപ്പാടിനെ അറിയാതിരിക്കൽ മാത്രമാണ്. സന്തോഷം കണ്ടെത്തുന്നത് നിങ്ങൾ അറിവിനേയും അജ്ഞതയേയും മറികടക്കുമ്പോഴാണ്. അജ്ഞതയെന്നത് കഷ്ടപ്പാടിനെ അറിയാതിരിക്കലാണ്. അറിവെന്നത് അതേപ്പറ്റി ബോധവാനാവലും. സന്തോഷമെന്നത് അറിവിൽ നിന്നും അജ്ഞതയിൽ നിന്നും സ്വതന്ത്രമായിരിക്കലാണ്."
"അറിവിനേയും അജ്ഞതയേയും മറികടക്കുകയെന്നാൽ മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാണർത്ഥം. മനസ്സിൽ നിന്നും സ്വതന്ത്രമാവുമ്പോൾ നാം നമ്മുടെ ആത്മസത്തയിലേക്കു തിരികെ വരുന്നു. അതു തന്നെയാണ് ആനന്ദം. അതു തന്നെയാണ് സ്വാതന്ത്ര്യം. അതു തന്നെയാണ് ദൈവികത."
'ചുറ്റിപ്പറ്റിയുള്ള' കാര്യങ്ങൾ അറിയാൻ വേണ്ടിയുള്ള ഒരു ഉപകരണമാണ് മനസ്സ്. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം നമ്മുടെ അപേക്ഷകൾ വാങ്ങി വെക്കുകയും അകത്തേക്ക് കടത്തിവിടാതെ, സമാധാനിപ്പിച്ചുകൊണ്ടു നമ്മെ തിരികെ അയക്കുകയും ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനെക്കാരനെപ്പോലെയാണ് അത് പ്രവർത്തിക്കുന്നത്. നമ്മുടെ അപേക്ഷകൾ അതിനപ്പുറം എത്താൻ പോകുന്നില്ല. പക്ഷേ അറിവുകൾ നമ്മിൽ വ്യാജമായ ഒരു സമാധാനം സൃഷ്ടിക്കുന്നു. അത് സന്തോഷത്തെപ്പറ്റിയാണെങ്കിൽ സന്തോഷമായെന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു. യഥാർത്ഥത്തിൽ ദുഃഖമില്ലെങ്കിലും ദുഃഖിതനാണെന്ന പ്രതീതി ജനിപ്പിക്കുന്നു.
മനസ്സിൽ (mind) നിന്നും സ്വതന്ത്രമാവുക എന്നാൽ ഏറെ കഷ്ടപ്പെട്ട് ഏതെങ്കിലും കഠിന സാധനകളോ കർക്കശമായ വ്യായാമ മുറകളോ തപശ്ചര്യകളോ അഭ്യസിച്ച് അതിനെ കീഴടക്കുക എന്നല്ല. മനസ്സിന്റെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് അതിനോടുള്ള ഏറ്റുമുട്ടലുകളാണ്. മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാൽ മനസ്സിനെ തീരെ 'മൈൻഡ്' ചെയ്യാതിരിക്കുക എന്ന് മാത്രമാണ്. മനസ്സിനെ 'മൈൻഡ്' ചെയ്യാതിരിക്കുമ്പോൾ മാത്രമേ മനസ്സെന്ന മെക്കാനിസത്തിന് (MIND), നേരെ ചൊവ്വേ പ്രവർത്തിക്കാനാവുകയുള്ളൂ. അത് വേണ്ടവിധം പ്രവർത്തിക്കുന്നതിനെയാണ് MINDFULLNESS എന്ന് പറഞ്ഞു പോരുന്നത്.
നമ്മുടെ ജീവിതത്തിലെ എത്ര നിസ്സാരമെന്നു തോന്നുന്ന ഒരു പ്രവർത്തിപോലും സന്തോഷത്തെ കൊണ്ടുവരാൻ പ്രാപ്തമാണ്. ഉദാഹരണത്തിന് രാവിലെ എണീറ്റ് ബ്രഷ് ചെയ്യുന്ന ഒരു പ്രവർത്തി തന്നെയെടുക്കുക. മനസ്സിന്റെ ധാരാളം നൂലാമാലകളിൽ നിന്നുകൊണ്ട് നമുക്ക് ബ്രഷ് ചെയ്യാം. വർഷങ്ങളായി ചെയ്തുപോരുന്ന ഒരു ശീലത്തിന്റെ ഭാഗമായി മാത്രം. ആ ശീലത്തെ ഖണ്ഡിക്കാനുള്ള ശക്തിയില്ലാത്തതിന്റെ പേരിൽ ഒരാൾ ബ്രഷ് ചെയ്യുന്നു. ഇനി അതുമല്ലെങ്കിൽ വായ്‌നാറ്റത്തെ പ്രതി മറ്റുള്ളവർ എന്ത് വിചാരിച്ചേക്കാം എന്നാലോചിച്ചുകൊണ്ട് ഒരാൾക്ക് ബ്രഷ് ചെയ്യാൻ തീരുമാനമെടുക്കാം. ഇതെല്ലാം മനസ്സിന്റെ സ്വാധീനത്തിൽ പെട്ടുകൊണ്ടുള്ള തീരുമാനങ്ങളാണ്. ഇനി മനസ്സിന് അധീനപ്പെട്ടുകൊണ്ട് മറ്റൊരു തീരുമാനവും എടുക്കാവുന്നതാണ്. ബ്രഷ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാം. പൊതുവെ നാം ഇതിനെ മടി എന്ന് അറിഞ്ഞു പോരുന്നു. കൊച്ചു കുട്ടികളിലും മറ്റും മനസ്സിന്റെ ഈ പ്രവണതയാണ് കൂടുതൽ കണ്ടുപോരുന്നത്. എന്നാൽ ഇതൊന്നുമല്ലാതെ, ആ പ്രവർത്തിയുടെ ആവശ്യകതയും പ്രാധാന്യവും അറിയുന്നതിന്റെ ഭാഗമായി തന്റെ പല്ലുകളും വായും വൃത്തിയായി സൂക്ഷിക്കുന്നതിനായി ആ പ്രവർത്തിയിൽ ഒരാൾക്ക് സ്നേഹപൂർവ്വം പങ്കെടുക്കാം. യാതൊരു ധൃതിയും കൂടാതെ. യാതൊരു അലസതയും കൂടാതെ. മറ്റു യാതൊരു വിചാരവും കൂടാതെ. അപ്പോഴാണ് സന്തോഷമെന്ന അനുഭവം നിശബ്ദമായി, യാതൊരു കോലാഹങ്ങളുമില്ലാതെ നമ്മെ പൊതിയാൻ തുടങ്ങുന്നത്. ഇത് ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ ഏതൊരു പ്രവർത്തിയിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഒരൊറ്റ കാര്യമേ ഉറപ്പിക്കേണ്ടതുള്ളൂ: ആ പ്രവർത്തി ചെയ്യേണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് മനസ്സായിരിക്കരുത്. മുഴുവൻ ഉത്തരവാദിത്തവും നമ്മിലായിരിക്കണം. അങ്ങനെയുള്ള ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും മനസ്സിൽ നിന്നും ഒരകലം വ്യക്തമായി അറിയാൻ തുടങ്ങും. പിന്നീട് മനസ്സിന്റെ സ്വരത്തേയും തന്റെ തീരുമാനത്തേയും തിരിച്ചറിയാൻ വിഷമമുണ്ടാവില്ല.
മനസ്സിനെ മറികടന്നുകൊണ്ട് സന്തോഷത്തെ അനുഭവിക്കുന്ന ഒരാളിൽ 'എങ്ങനെ?' എന്ന ചോദ്യം ഉദിക്കുന്നില്ല. അതിനർത്ഥം മുൻപ് എപ്പോഴെങ്കിലും അയാളിൽ അത്തരമൊരു ചോദ്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഇപ്പോൾ അതിനുത്തരം ലഭിച്ചിരിക്കുന്നു എന്നല്ല. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. കുറേകൂടി കൃത്യമായി പറഞ്ഞാൽ, സന്തോഷമായിരിക്കുന്നവൻ ഓർക്കുന്നുപോലുമില്ല താൻ സന്തോഷമായിരിക്കുന്നുവെന്ന്. സന്തോഷത്തെപ്പറ്റി ചികഞ്ഞുകൊണ്ടിരിക്കുന്നവൻ എല്ലായ്പ്പോഴും 'എങ്ങനെ?' എന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്നു.
ഏതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഓഷോ പറഞ്ഞ ഉത്തരം ഒരു വല്ലാത്ത ഉൾക്കാഴ്ച സമ്മാനിക്കുന്നുണ്ട്. ഓഷോ പറഞ്ഞത് ഇങ്ങനെയായിരുന്നു," സന്തോഷത്തിലേക്ക് ഒരു വഴിയുമില്ല. സന്തോഷമാണ് വഴി."
( There is no way to happiness. Happiness is the way ) .
x
No comments:
Post a Comment