കല കലക്ക് വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ബാലിശമായ സന്ദേഹങ്ങൾ ശക്തമായി ഉയർന്നുവന്നത് ഏതായാലും സർഗാത്മകമായി സമൃദ്ധമായ ഒരു ഹൃദയത്തിൽ നിന്നായിരിക്കില്ല. വ്യക്തിപരമായി എനിക്കേറ്റവും പ്രിയമുള്ളതായ ഒരു സെൻ (zen) സന്ദർഭമാണ് മുന്നിലുള്ളത്- ബുദ്ധനോട് ആരോ ചോദിച്ചു, എന്താണ് ബോധോദയം? ബുദ്ധൻ പറഞ്ഞു, 'അത് ബോധോദയത്തിലെത്തിയിട്ടില്ലാത്തവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്'.
ബോധോദയം എന്ന ആശയം തന്നെ ബോധമണ്ഡലത്തിലെ ഒരു അസ്വാരസ്യമാണ്, അത് എത്ര തന്നെ സംഗതമാണെങ്കിലും. ബോധോദയത്തിലെത്തുക എന്നാൽ എല്ലാത്തരം അസ്വാരസ്യങ്ങൾക്കും അതീതമായി, സർവ്വസ്വതന്ത്രമായി നിലകൊള്ളുകയെന്നാണ്. അത്തരത്തിലുള്ളവരെ സംബന്ധിച്ച് ബോധോദയം എവിടെയാണ് ഒരു വിഷയമായിത്തീരുന്നത്? സർഗ്ഗാത്മകതയുടെ കാര്യത്തിലും, -അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും മറ്റും- ഇതുതന്നെയാണ് അവസ്ഥ; 'സർഗ്ഗാത്മകമല്ലാത്തവരെ സംബന്ധിച്ച് മാത്രമാണ് സർഗാത്മകതയുടെ / കലയുടെ ലക്ഷ്യങ്ങൾ അതിനു പുറത്ത് അന്വേഷിക്കപ്പെടുന്നത്.
ഓഷോ സർഗാത്മകതയെ കുറിച്ച് സംസാരിച്ചിട്ടുള്ളപ്പോഴൊക്കെ പ്രധാനമായും ഊന്നൽ കൊടുത്തിട്ടുള്ളത് അതിന്റെ സഹജ - spontaneous - സ്വഭാവത്തെയാണ്. എത്രതന്നെ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു കലാപ്രകടനത്തിൽ പോലും, അതിനെ ആന്തരികമായി നയിക്കുന്നത് സഹജ സ്വാഭാവികതയല്ലെങ്കിൽ, അത് കേവലം കൗശലം നിറഞ്ഞ ഒരു ഉപായമായിത്തീരുന്നു. ഒരു പ്രവൃത്തിയുടെ കേന്ദ്രമായി വർത്തിക്കുന്നത് അതിൽത്തന്നെ നിഹിതമായിരിക്കുന്ന സംതൃപ്തിയും ആനന്ദവുമല്ലെങ്കിൽ അതിനെ നമുക്ക് 'പൊളിറ്റിക്കൽ' എന്ന് വിളിക്കേണ്ടിവരും. നമുക്ക് ഏറെ പരിചിതമായിട്ടുള്ള 'അപരോന്മുഖത്വം'- other orientation - പോലെത്തന്നെയാണിതും. ആനന്ദത്തിനു പുറത്തേക്കുള്ള കൗശലങ്ങൾ.
ഈ രണ്ടവസ്ഥകളേയും വേർ തിരിച്ചു പരാമർശിക്കുന്നേടത്ത് ഓഷോ പ്രയോഗിച്ച രണ്ടു പദങ്ങൾ action, activity എന്നിവയാണ്. പ്രതികരണവും ഉപജീവനവും. അല്ലെങ്കിൽ പ്രവർത്തിയും പ്രതിപ്രവർത്തനവും. (ആ പ്രയോഗത്തിലെ അർത്ഥതലങ്ങൾ കൃത്യമായ ഒരു പരിഭാഷക്കു വഴങ്ങുന്നുണ്ടെന്ന് തോന്നുന്നില്ല).
പ്രതികരണമെന്നത് - action - ഒരുനിമിഷത്തോട് അതാവശ്യപ്പെടുന്ന മാത്രയിൽ, പൂർണ്ണതയോടെ പ്രതികരിക്കുക എന്നാണ്. അതുണ്ടായിവരുന്നത് തീർത്തും നിശ്ശബ്ദമായ ഒരു മനസ്സിൽ നിന്നത്രേ; വിടർന്നു വരുന്ന ഒരു പുഷ്പത്തിന്റെ നവ്യതയോടെ. ഓഷോ ഇതിനെ മാത്രമേ കലയെന്നോ സർഗാത്മകതയെന്നോ എണ്ണുന്നുള്ളൂ.
അതേ സമയം ഉപജീവനമെന്നത്- activity- കോലാഹലം നിറഞ്ഞ ഒരു മനസ്സിൽ നിന്നും പുറന്തള്ളപ്പെടുന്നതാണ്. അതിനുള്ളത് ഒരു തരം വിരേചനത്തിന്റെ- catharsis- ജീർണ്ണഗന്ധമാണ്. തൊണ്ണൂറ്റിയൊൻപതു ശതമാനം കലയും വെറും 'ഉപജീവനത്തിന്റെ' - activity - തലത്തിലുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ഇവയൊക്കെയും നീക്കം ചെയ്യപ്പെടുകയാണെങ്കിൽ, ലോകം കൂടുതൽ വിമലീകരിക്കപ്പെടുകയേയുള്ളൂ എന്ന്; ലോകം കൂടുതൽ ആരോഗ്യകരമാവുകയേയുള്ളൂവെന്ന്.
ലോകത്തെ ഒട്ടുമിക്ക കലാകാരന്മാരേയും, അവർ എഴുത്തുകാരാവട്ടെ, സംഗീതജ്ഞരാകട്ടെ, അഭിനേതാക്കാളാകട്ടെ, നർത്തകരാവട്ടെ മറ്റേതു മേഖലയിലെ സർഗാത്മക പ്രവർത്തകരുമാവട്ടെ, അതാത് മേഖലയിലെ വിദഗ്ദരായേ കാണാൻ കഴിയൂ. ഒരാൾ ഡീസൽ എൻജിൻ റിപ്പയറിങ്ങിൽ എങ്ങനെ വിദഗ്ദനായിരിക്കുന്നുവോ, അതുപോലെയാകാം വേറൊരാൾ തന്റെ സ്വനതന്തുക്കൾ (vocal chords) ചലിപ്പിച്ച് സവിശേഷ ശബ്ദം പുറപ്പെടുവിക്കുന്നതിൽ വിദഗ്ദനായിരിക്കുന്നത്. അയാളെ വലിയ ഗായകനെന്ന് നാം എണ്ണുകയും ചെയ്യും. എന്നാൽ അയാളുടെ ജീവിതം അത്രത്തോളം സംഗീതാത്മകമാകണമെന്ന് നിർബന്ധമില്ല. അതുകൊണ്ടാണ് ധാരാളം ഗായകരുണ്ടായിരിക്കുമ്പോഴും സംഗീതജ്ഞർ വിരളമായിരിക്കുന്നത്. കുറച്ചു കൂടെ ആഴത്തിലേക്ക് പരിശോദിച്ചാൽ ഒരു പക്ഷേ സംഗീതശാസ്ത്രാദികളിൽ അജ്ഞനായിരിക്കുന്ന ഒരാളിലും അയാളുടെ ജീവിതം ഒരു രാഗ
വിസ്താരം പോലെ സംഗീതമയമായിരിക്കുന്നെങ്കിൽ, അയാളെ നാം സംഗീതജ്ഞനെന്ന് അറിയേണ്ടിയിരിക്കുന്നു; അങ്ങനെ നാം അയാളെ സംബോധന ചെയ്തില്ലെങ്കിലും.
ഒരാൾ നിറക്കൂട്ടുകളുടെ ഇന്ദ്രജാലം അറിയാത്തവനെങ്കിലും, വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു മനോഹര ചിത്രം പോലെ ഒരാൾക്കു ജീവിച്ചു പോകാൻ കഴിയുന്നെങ്കിൽ, ആരെയാണ് നാം ചിത്രകാരനെന്ന് അറിയേണ്ടത്?
വൈദഗ്ദ്യത്തിനും കലക്കുമിടയിൽ സൂക്ഷ്മമായ ചില ഭേദങ്ങളുണ്ട്. ആ ഭേദങ്ങളെ മനസ്സിലാക്കുകയും കാത്തുപോരികയും ചെയ്യുന്നേടത്താണ് കലയും ധ്യാനവും പരസ്പരം വിലയിക്കുന്നത്. 'സത്യം ശിവം സുന്ദരം' എന്ന മനനവാക്യത്തിൽ സൗന്ദര്യം - creativity- ധ്യാനത്തിന്റെ ശൃംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നത് അത്തരം വിലയന മുഹൂർത്തങ്ങളിലാണ്.
സൗന്ദര്യമെന്നത് സർഗാത്മകതയുടെ ബാഹ്യമായ പ്രതിഫലനമായിരിക്കുമ്പോൾ, സർഗാത്മകതയുടെ ആന്തരികതയിൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഒന്നാമതായി, ഊർജ്ജസംബന്ധമായി അതൊരു നിറഞ്ഞു കവിയലാണ്, overflowing. നമ്മുടെ എല്ലാത്തരം അബോധപരമായ നിയന്ത്രണങ്ങളേയും അതിജീവിച്ചുകൊണ്ടുള്ള ഒരു പ്രവാഹം. മനസ്സെന്ന പ്രതിഭാസം എത്രയോ ഉപരിപ്ലവമായിട്ടുള്ള ഒരു കമ്പനമാണെന്ന് അപ്പോൾ നമുക്ക് മനസ്സിലാകും. എന്തുകൊണ്ടെന്നാൽ സർഗോർജ്ജം എത്ര അനായാസമായാണ് അതിനെ മറികടന്നുപോകുന്നത്! യാതൊരു പരിശ്രമവും കൂടാതെത്തന്നെ മനസ്സും അതിന്റെ സ്വതേയുള്ള വിചാര കോലാഹലങ്ങളും സൗമ്യതയിലേക്ക് ഒതുങ്ങിപ്പോകുന്നു. സർഗാത്മകമായിട്ടുള്ള കുറച്ചു നിമിഷങ്ങളിലൂടെയെങ്കിലും കടന്നുപോയിട്ടുള്ളവർക്കറിയാം ആ നിമിഷങ്ങളിൽ അവർ മറ്റേതോ ഊർജ്ജമണ്ഡലത്തിലായിരുന്നുവെന്ന്. അതുകൊണ്ടാണ് ശാരീരികമായും, വിശേഷിച്ചും മസ്തിഷ്കസംബന്ധിയായും ഏറെ ശ്രമകരമായിരുന്ന ഒരു പ്രവർത്തിയിൽ മണിക്കൂറുകളോളം, അല്ലെങ്കിൽ ദിവസങ്ങളോളം തുടർച്ചയായി മുഴുകുകയായിരുന്നിട്ടും, അയാൾക്ക് ക്ഷീണിച്ചവശനായെന്ന് തോന്നാത്തത്. അനന്തമായി കിടക്കുന്ന ഏതോ ശക്തിസ്രോതസ്സിലേക്ക് ഉൾച്ചേർന്നതുപോലെയുള്ള ഒരനുഭവമാണത്.
മനസ്സിനെ മറികടന്നുകൊണ്ടുള്ള ഈ സർഗ്ഗപ്രവാഹത്തെ സൂചിപ്പിച്ചുകൊണ്ടാണ്, ഒരു ചോദ്യത്തിനുത്തരമായി ഓഷോ പറഞ്ഞത്, "യുദ്ധവും സമാധാനവും, അന്നാകരെനീന എന്നീ നോവലുകളും മനോഹരങ്ങളായ മറ്റു പലതും ടോൾസ്റ്റോയിക്ക് എഴുതാൻ സാധിച്ചത് അദ്ദേഹം ടോൾസ്റ്റോയ് ആയതുകൊണ്ടല്ല, അദ്ദേഹം ടോൾസ്റ്റോയ് ആയിരുന്നിട്ടും കൂടിയാണ്."
ആ പ്രവാഹത്തിൽ ടോൾസ്റ്റോയ് ശിഥിലമാക്കപ്പെടുകയായിരുന്നു. സർഗ്ഗാത്മകതയിൽ സംഭവിക്കുന്ന മറ്റൊരു പ്രധാന സംഗതി, സ്വാത്മബോധത്തിന്റെ (self conscious) ശിഥിലീകരണമാണ്. സ്വാത്മബോധമെന്നത് അവബോധത്തിന്-consciousness- വിപരീതമായി വർത്തിക്കുന്ന ഒന്നാണ്. self conscious ആയിരിക്കുമ്പോൾ ഒരിക്കലും നമുക്ക് conscious ആയിരിക്കാൻ സാധിക്കില്ല. നിർഭാഗ്യവശാൽ ഒട്ടുമിക്കപ്പോഴും നാം self conscious ആണുതാനും. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നത്-tensed. എല്ലാ പ്രതിരോധ സന്നാഹങ്ങളുമായി ഏതു നിമിഷവും ശത്രുപക്ഷത്തുനിന്നുള്ള ആക്രമണത്തെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു പടയാളിയെപ്പോലെയാണ് നാം; 'നാം' എന്ന് നാം വിചാരിക്കുന്ന personality ബിംബത്തെ ഏതുവിധേനയും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് നാം. ഈ സന്നാഹങ്ങളൊഴിയുമ്പോഴേ നാം ശരിക്കും ബോധവാനാകുന്നുള്ളൂ, conscious. അതുകൊണ്ടാണ് ബോധവാനായിരിക്കുക എന്നാൽ ശാന്തനായിരിക്കുക, സ്വച്ഛതയിലായിരിക്കുക, വിശ്രാന്തിയിലായിരിക്കുക എന്നെല്ലാമാണ് എന്ന്
മനസ്സിലാക്കിപ്പോരുന്നത്. ശുദ്ധമായി നിലകൊള്ളുന്ന ഒരു കണ്ണാടി, മുൻപിൽ വരുന്ന സകലതിനെയും അതേപടി പ്രതിബിംബിപ്പിക്കുന്നതുപോലെയാണത്രേ ബോധവാനായി നിലകൊള്ളുന്ന ഒരാൾ, so silent, so transparent. സ്വച്ഛസുതാര്യം.
എല്ലാ അതിർവരമ്പുകളേയും ഉല്ലംഖിച്ചുകൊണ്ടുള്ള ഈ പ്രവാഹത്തിൽ, സ്വാഭാവികമായി സംഭവിക്കുന്ന മറ്റൊരു പ്രതിഭാസമാണ്, സാക്ഷിത്വമെന്നതിന്റെ - witnessing - സുവ്യക്തത. totality-യിൽ മുങ്ങിനിൽക്കുന്ന ഏതൊരു നിമിഷവും, സർഗാത്മകതയിലാണ് അത് ഏറ്റവും സരളമായി സംഭവിക്കുന്നത്, വ്യക്തത പ്രാപിക്കുന്നത് നമ്മിലെ സാക്ഷീഭാവമാണ്. ഇതൊരു വിചാരമോ ആശയമോ ചിന്താപരമായ ഏതെങ്കിലും ഉപസംഹാരമോ അല്ല. വെറുമൊരു തിരിച്ചറിവാണത്. നിശബ്ദമായ ഒരു ശുദ്ധ ഗ്രാഹ്യം.പ്രദർശന കലകളിലാണ് ഒരുപക്ഷേ നമുക്കിത് ഏറ്റവും എളുപ്പം, പ്രത്യക്ഷത്തിൽ അനുഭവിക്കാനാവുക; നൃത്തം, അഭിനയം, ആയോധനാഭ്യാസങ്ങൾ തുടങ്ങിയവയിൽ, എന്തിനധികം കായിക വ്യായാമങ്ങളിൽ പോലും. ലോകത്തെ ഏറ്റവും ആത്മീയമായിട്ടുള്ള ജീവിതോപാധി അഭിനയമാണ് ( acting is the most spiritual profession in the world ) എന്ന് ഓഷോ പരാമർശിച്ചത് witnessing-ന്റെ ഈ സാധ്യതയെ ഉദ്ദേശിച്ചുകൊണ്ടാണ്. അഭിനയിക്കുന്ന ഒരാൾക്ക് ഒരേ സമയം സ്വയം വിട്ടുകൊടുക്കുകയും തന്റെ വൈയക്തികതയെ- indivudality- ഓർക്കുകയും ചെയ്യേണ്ടി വരുന്നു. ആ സമഗ്രതയിൽ അയാൾ തെളിമയോടെ കാണുന്നുണ്ട് താൻ മറ്റൊരു കഥാപാത്രമായി ജീവിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുത. തന്നിലെ സാക്ഷി എത്രത്തോളം കൂർമ്മമാവുന്നുവോ -sharp- അത്രത്തോളം സൂക്ഷ്മമായി അയാൾക്ക് തന്റെ കഥാപാത്രത്തിലേക്ക് അലിഞ്ഞു ചേരാൻ സാധിക്കും. എത്രത്തോളം അയാൾ അലിഞ്ഞു ചേരുന്നുവോ അത്രത്തോളം തീക്ഷ്‌ണമായിരിക്കും അയാളിലെ സാക്ഷിയും. എത്രത്തോളം താദാത്മ്യപ്പെടുന്നുവോ അത്രത്തോളം അതിനെ മറികടന്നു നിലകൊള്ളുന്നു. ഒരു അഭിനേതാവിന് ഓഷോ എഴുതിക്കൊടുത്ത ഓട്ടോഗ്രാഫ് കൗതുകകരമാണ്," act as if it is real life and live as if it is acting".
ഗുരു നിത്യ പങ്കുവെച്ചിട്ടുള്ള ഒരു സന്ദർഭം ഏറെ ആഹ്ലാദം പകർന്നിട്ടുണ്ട്: ഗുരുകുല പരിസരങ്ങളിൽ എവിടെയോ ഒരിക്കൽ ഒരാഘോഷത്തിന്റെ ഭാഗമായി നാരായണ ഗുരുവിന്റെ കാളീനാടകത്തിന്റെ നാടകാവിഷ്‌ക്കാരം നടക്കുകയായിരുന്നുവത്രേ. കാളീനാടകത്തിന്റെ അവസാനഭാഗത്ത് ചടുലമായ വാക്പ്രയോഗങ്ങളോടൊപ്പം ചുവടുവെച്ചു മുന്നേറുന്ന അഭിനേത്രി, ആ സമയമെത്തുമ്പോൾ മോഹാലസ്യപ്പെടുമായിരുന്നു. അവരുടെ പേര് പ്രസന്ന എന്നായിരുന്നു. പരിശീലനസമയത്തൊക്കെ ഈ അപകടം തിരിച്ചറിഞ്ഞ നിത്യ അതിനെ മറികടന്ന രീതി രസാവഹമാണ്. കതിനാവെടികളും മേളങ്ങളും വേഷവിധാനങ്ങളുമൊക്കെയായി നാടകം മുറുകിയിരിക്കുന്ന ആ വേദിയിൽ, ഈ അഭിനേത്രി മോഹാലസ്യത്തിലേക്ക് വഴുതിവീഴും മുൻപ് ഗുരു അവരുടെ കാതിൽ 'പ്രസന്നേ, പ്രസന്നേ' എന്ന് മന്ത്രിച്ചുവത്രേ. അവർ മോഹാലസ്യപ്പെട്ടില്ല !
ഇത്തരം സർഗാത്മക തലങ്ങളെ നിസ്സാരമെന്നു കരുതിപ്പോരുന്ന ദൈനംദിന ചെയ്തികളിലേക്കു പോലും - തൂത്തുവാരുക, മുറ്റമടിക്കുക, കിണറ്റിൽ നിന്നും വെള്ളം കോരുക, വിറകു വെട്ടുക, ഇരിക്കുക, നടക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ഏതു പ്രവർത്തിയിലേക്കും - വ്യാപിപ്പിക്കുകയാണ് zen ചെയ്തത്. അതുകൊണ്ടുതന്നെയാണ് സെന്നിൽ പ്രവർത്തികളെല്ലാം, അവ സാധാരണ രീതിയിലുള്ള കലകളായിരുന്നാൽ പോലും, ധ്യാനം എന്ന് വിളിക്കപ്പെട്ടത്. അടുപ്പത്തിടാൻ പോകുന്ന അരിയിലെ കല്ല് പെറുക്കിക്കളയുന്നതു പോലും ധ്യാനമാണവർക്ക്. അമ്പെയ്ത്തും ജൂഡോയും ധ്യാനമാണവർക്ക്. കലിഗ്രഫിയും ഹൈക്കു രചനയും ധ്യാനമാണവർക്ക്.
സാധാരണയായി ഒരുപാടു നാളത്തെ പരിശീലനത്തിന് ശേഷം പ്രദർശിപ്പിക്കപ്പെടുന്ന ഒരു കലാപ്രകടനത്തെപ്പോലെയല്ല അവർ സർഗാത്മകതയെ സമീപിക്കുന്നത്. അവരെ സംബന്ധിച്ച് ഓരോ നിമിഷവും ഹൃദയത്തിൽ നിറയുന്ന സൗന്ദര്യത്തിന്റെ തിരിച്ചറിവാണത്. ആ സൗന്ദര്യത്തെ തൊട്ടടുത്ത നിമിഷം ഏർപ്പെടുന്ന പ്രവർത്തിയിൽ സാക്ഷാത്ക്കരിക്കുന്നു അവർ. ആ പ്രവൃത്തിയിലൂടെ സൗന്ദര്യത്തിന്റെ - ധ്യാനത്തിന്റെ എന്നറിയുക - ഇനിയും ഉയർന്ന ഒരു ശൃംഗത്തെ അവർ ഹൃദയത്തിലേക്കാവാഹിക്കുകയും ചെയ്യുന്നു.
'ആദ്യം നിങ്ങൾ സൗന്ദര്യത്തിന്റെ പാരമ്യതയെ സ്വന്തം ഹൃദയത്തിൽ കണ്ടെത്താതെ, കലയിൽ നിങ്ങൾക്ക് ഉത്തുംഗതയെ പ്രാപിക്കാനാവില്ല'- സർഗാത്മകതയെ പറ്റിയുള്ള ബുദ്ധന്റെ വാക്കുകളാണിത്. ബുദ്ധന്റെ ഉൾക്കാഴ്ചകൾ സെന്നിനോളം മറ്റെവിടെയും ആഗിരണം ചെയ്യപ്പെട്ടിട്ടില്ല.
ഏതു കലയും ഒരു സാക്ഷാത്കാരമാണ്. സാക്ഷാത്കാരമെന്നത് ഒരു കലയുമാണ്. ഏതു കലയും പിറവിയെടുക്കുന്നത്, അവബോധം, സമർപ്പണം, സമഗ്രത എന്ന ത്രിമുഖ വേദിയിലാണ്- awareness, let go, totality. ഈ മൂന്നു മുഖങ്ങളും ഒരേപോലെ മേളിക്കുന്ന നിമിഷം അതിന്റെ കേന്ദ്രഭാഗത്ത് സാക്ഷിയെന്ന പത്മം വിടർന്നുവരുന്നു. ആനന്ദമെന്നതിൽക്കവിഞ്ഞ യാതൊന്നും ആ സൗന്ദര്യത്തിനു പിന്നിലില്ല.