Featured Post

Sunday, March 15, 2020

ഉണർവിലേക്കുള്ള പടവുകൾ - 4

.                             



  വിഷമവൃത്തങ്ങളിൽ ഒരു വിള്ളൽ

പൊതുവെ നമ്മുടെ ദിവസം തുടങ്ങാറുള്ളത് രാവിലെ ഉണർന്നെണീക്കുന്നതു മുതലാണ്. നാം അത് അങ്ങനെ കണക്കാക്കുന്നുവെന്നേയുള്ളൂ. ഉച്ചതിരിഞ്ഞോ വൈകീട്ടോ ദിവസത്തിന്റെ ആരംഭമായെണ്ണുന്നതുകൊണ്ട് വിശേഷിച്ച് വലിയ കുഴപ്പമൊന്നുമില്ല. എങ്ങനെയെണ്ണിയാലും നാം കണക്കാക്കുന്ന ദിവസം അതിനുമുൻപേ തുടങ്ങിയിട്ടുള്ളതാണ്. ആ തുടക്കമാകട്ടെ അതിനും മുൻപേ തുടങ്ങിയതിന്റെ ഒരു തുടർച്ചമാത്രമാണ്. രാത്രിയും പകലും ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്നു.
മറ്റൊരു രീതിയിൽ എണ്ണമെടുക്കുകയാണെങ്കിൽ, നാം പറയും 'വീണ്ടുമൊരു ശനിയാഴ്ച. അല്ലെങ്കിൽ വീണ്ടും ഒരു വീക്കെൻഡ്'. അതുപോലെത്തന്നെ ‘ഇതാ വീണ്ടുമൊരു ഫെബ്രുവരി. അല്ലെങ്കിൽ വീണ്ടുമൊരു 'വാലൻന്റൈൻ ഡേ.'  വർഷങ്ങളും ദശകങ്ങളും ജൂബിലികളും സെഞ്ച്വറികളും മില്ലെനീയങ്ങളുമൊക്കെ ഇങ്ങനെ ചാക്രികമായി വന്നുകൊണ്ടിരിക്കുന്നു.
ചാക്രികത, cyclic effect, നമ്മുടെ ജീവിതത്തിലെ ഏറ്റവും സ്ഥായിയായ ഒരു സ്വഭാവമായി നാം ഓർമ്മവെച്ചനാൾ മുതൽ അനുഭവിച്ചുപോരുന്നുണ്ട്. ഒരു പക്ഷേ, ഓർമ്മ വെക്കുന്നതിനും മുൻപേ, അമ്നിയോട്ടിക് ദ്രവത്തിൽ കുറേക്കാലം സുഖകരമായി മുങ്ങിക്കിടന്നപ്പോൾ, അമ്മയുടെ ഹൃദയമിടിപ്പിന്റെ തനിയാവർത്തനം, നമ്മുടെ ബോധത്തിൽ ഏറെ ആഴത്തിലേക്ക് കടന്നുകയറി. (ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ബേസിക് ഡ്രം ബീറ്റ് ഒരുപോലിരിക്കുന്നത് ഈ താളബോധം കൊണ്ടത്രേ!). പിന്നീട്, ഓർമ്മ തുടങ്ങുന്നതിനും മുൻപേ തന്റെ തന്നെയോ അമ്മയുടേയോ ശ്വാസ ഗതികൾ, ചാക്രികമായ ആ വരവുപോക്കുകൾ നാം അറിയാതിരുന്നിട്ടില്ല. പിന്നെപ്പിന്നെ, താരാട്ടിന്റെ ഈണങ്ങളിലെ ആന്ദോളനങ്ങൾ, ശരീരത്തിലെ ഊഷ്മളതകളുടെ വ്യതിയാനങ്ങൾ, മാറി വരുന്ന ഗന്ധങ്ങളുടെ ഇടവേളകൾ, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഏറ്റക്കുറച്ചിലുകൾ തുടങ്ങി എല്ലാ ഇന്ദ്രിയങ്ങളും ചുറ്റുപാടുകളുടെ ഈ ചാക്രിക സ്വാഭാവത്തെപ്പറ്റി നമ്മെ എല്ലായ്പ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. നമ്മുടെ ശരീരവും ആ ചാക്രികതക്ക് അനുസാരിയായാണ് പ്രവർത്തിച്ചുപോരുന്നത്. രക്ത ചംക്രമണം മുതൽ അപ്പിയിടൽ വരെ. ഇഷ്ടാനിഷ്ടങ്ങൾ മുതൽ വികാര വിക്ഷോഭങ്ങൾ വരെ എല്ലാം ചാക്രികമാണ്. ചാക്രികമായി വരുന്ന ഋതുസംക്രമണങ്ങൾ പോലെത്തന്നെ നമ്മുടെ മൊത്തം ശരീരവും ബാല്യം കൗമാരം യവ്വനം വാർദ്ധക്യം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി മരണത്തിലെത്തി വീണ്ടും ജനിക്കുന്നതായി നാം അനുമാനിക്കുന്നു. (പുനർജ്ജന്മം സത്യമോ മിഥ്യയോ എന്നതൊക്കെ സമയംകൊല്ലി വിഷയങ്ങളാണ്. ഇവിടെ അത് ഒട്ടും സംഗതമല്ല.) ഈ കലാപരിപാടികളെയെല്ലാം മൊത്തമായി 'സംസാരചക്രം' എന്നാണ് നാം അറിയുന്നത്.


നാം കാലൂന്നി നില്ക്കുന്ന ഈ ഭൂമിയാകട്ടെ, ഒരു മണിക്കൂറിൽ ഏകദേശം 1600 കിലോമീറ്റർ വേഗതയിൽ വെറുതേ കറങ്ങിക്കൊണ്ടിരിക്കുകയാണത്രേ! മാത്രവുമല്ല, നമ്മളേയും നമ്മുടെ ഓഫീസിനേയും വീടുകളേയും നാം സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളേയും തുടങ്ങി നാം ചെയ്തുകൂട്ടിയിട്ടുള്ള സകല സാമഗ്രികളേയും വഹിച്ചുകൊണ്ട് (പുരോഹിതന്മാരും രാഷ്ട്രീയക്കാരുമടക്കം), ഈ ഭൂമി സൂര്യന് ചുറ്റും ഓടിക്കൊണ്ടിരിക്കുന്നു. അതാകട്ടെ ഒരു സെക്കൻഡിൽ ഏകദേശം 30 കിലോമീറ്റർ (മണിക്കൂറിൽ 107826 കിലോമീറ്റർ) വേഗതയിൽ! അവിടെയും തീർന്നില്ല, ഈ ഭൂമിയും അയൽപക്കത്തുള്ള മറ്റു ഗ്രഹങ്ങളും ഉപഗ്രഹശിങ്കിടികളുമെല്ലാം ചേർന്ന് നമ്മുടെ സൗരയൂഥം ഒരു സെക്കൻഡിൽ 220 കിലോമീറ്റർ വേഗത്തിൽ നമ്മുടെ ഗാലക്സിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി, നമ്മുടെ ഗാലക്സിയുടെ വകയിലുള്ള ചില ബന്ധുക്കളും പരിചയത്തിലുള്ള മറ്റു ഗാലക്സികളും ചേർന്ന്, 150 പ്രകാശവർഷം അകലെയുള്ള ഒരു കാന്തിക
മൈതാനത്തെ -the Great Attractor- സെക്കൻഡിൽ 1000 കിലോമീറ്റർ വേഗതയിൽ ചുറ്റിക്കൊണ്ടിരിക്കുന്നു.
ഇതെന്തൊരു സ്പീഡ്! ഇതുപോലെ ഇനിയെത്ര great attractor ചേർന്ന് എത്ര great great attractor-കളെ ചുറ്റുന്നുണ്ടെന്ന് ദൈവം തമ്പുരാന് പോലും അറിയാൻ സാധ്യതയില്ല!
മറ്റൊരു രസമെന്തെന്നാൽ, ഈ ഗാലക്സികളിലെ ഓരോ കണവും, നമ്മുടെ ശരീരത്തിലെ ഒരു മുടിനാരടക്കം, നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏകദേശം ഗാലക്സിപോലുള്ള സമാനഘടനയോടെയാണ്. ആറ്റം, ന്യൂക്ലിയസ്, പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്‌ട്രോൺ എന്നിങ്ങനെ. അതിനേയും അടർത്തിയടർത്തി കാണാക്കണങ്ങളേയും തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. 18 സെക്കന്റുകൾ കൊണ്ട് ഭൂമിയെ ചുറ്റാൻ പറ്റുന്നത്ര വേഗത്തിലാണ് ഒരു ഹൈഡ്രജൻ ആറ്റത്തിലെ ഇലക്‌ട്രോൺ കറങ്ങിക്കൊണ്ടിരിക്കുന്നതത്രേ. അങ്ങനെനോക്കിയാൽ ഒരു തലചുറ്റൽ എത്രയോ പ്രപഞ്ചാനുസാരിയാണ്! രണ്ട് ലാർജ് അകത്താക്കിയതിനു ശേഷം 'ജീവിതം മൊത്തം ഒരു ചുറ്റിക്കളിയാണ്' എന്ന് പറഞ്ഞ വഴിപോക്കൻ ഇത്രക്കെങ്കിലും മനനസാധ്യതകൾ ഒരുക്കിത്തരുന്നുണ്ട്. 
പശ്ചാത്തലം ഇതായിരിക്കേ നമ്മുടെ ചിന്തകളും ചെയ്തികളും ചാക്രികമായിരിക്കുന്നു എന്നതിൽ അതിശയിക്കാൻ മാത്രം എന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ വികാരാന്തരീക്ഷങ്ങൾ മിക്കപ്പോഴും ആവർത്തനമാണ്; ആർത്തവചക്രങ്ങൾ പോലെത്തന്നെ. നമ്മുടെ കാലയളവിലെ ദശകങ്ങളെ നിരീക്ഷിക്കുകയാണെങ്കിൽ, ഓരോ ദശകത്തിലും നാം പിന്തുടരുന്ന പെരുമാറ്റ ക്രമങ്ങൾ -behavioural pattern- കണ്ടെത്താൻ സാധിക്കും. വർഷത്തിലെ ഓരോ മാസങ്ങളും അതുപോലെയാണ്. ദിനചര്യകളിലും ഇതേ ആവർത്തനക്രമങ്ങളുണ്ട്. സാമൂഹ്യമായിപോലും, അതങ്ങനെയാണ്. ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നത് ഛോട്ടാ നേതാക്കൾ പോലും വാകീറി പറയുന്ന കാര്യമാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മുരണ്ടുവരുന്ന തെരഞ്ഞെടുപ്പുകൾ, മാറി മാറി വരുന്ന മുന്നണികൾ...എന്തിനധികം, കേരളത്തെ സംബന്ധിച്ച് ഹർത്താലുകളും രാഷ്ട്രീയക്കൊലപാതകങ്ങളും വരെ ചാക്രികമായിട്ടുള്ളതാണ്.
ഇത്രയും ബൃഹത്തും സൂക്ഷ്മവുമായ അനന്തചക്രങ്ങൾക്കിടയിൽ നട്ടം തിരിയുകയല്ലാതെ ഈ പാവം മനുഷ്യന് എന്തെങ്കിലും സാധ്യമാണോ (അവന്റെ ആനന്ദത്തെ പ്രതി) എന്നതാണ് ചോദ്യം. ജീവിതത്തിന്റെ ചാക്രിക സ്വഭാവത്തെ, മനസ്സിലാക്കാൻ ശ്രമിച്ചവർ നടത്തിയ ഒരു പ്രയോഗമാണ് 'cause and effect'. കാര്യകാരണസിദ്ധാന്തം. സൈദ്ധാന്തികമായി, കാരണമില്ലാതെ യാതൊരു കാര്യവും സംഭവിക്കുന്നില്ലെന്നു സാരം. ഏതൊരു കാര്യവും ഏതോ ഒരു കാരണത്തിന്റെ ഫലമാണ്; ആ കാര്യമാകട്ടെ സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തിന്റെ കാരണമായി വർത്തിക്കും. എന്നുവെച്ചാൽ, നമ്മുടെ സന്തോഷം ഏതോ ഒരു കാരണംകൊണ്ട് ഉണ്ടായിവന്നതാണ്. ഇത് മറ്റൊരു കാര്യത്തിന്, അത് സന്തോഷമാകട്ടെ ദുഖമാകട്ടെ, കാരണമാവുകയും ചെയ്യും. എന്നുവച്ചാൽ, നമ്മുടെ ആന്തരിക ജീവിതവും, ബാഹ്യലോകത്തെപ്പോലെത്തന്നെ ചാക്രികതയിൽ പെട്ടുകിടക്കുകയാണ്. ഇതാണ് യഥാർത്ഥ വിഷമവൃത്തങ്ങൾ, vicious circles. ഗണിതശാസ്ത്രജ്ഞനായ പെൻറോസ് സങ്കല്പിച്ചെടുത്ത
ചവിട്ടുപടികളിലൂടെയെന്നപോലെ (penrose staircase) നാം കയറിക്കൊണ്ടേയിരിക്കും, എവിടേക്കുമെത്താതെ, വിരാമമില്ലാതെ.
സന്തോഷത്തിൽ നിന്നും മടുപ്പിലേക്ക്, സന്തോഷത്തിൽ നിന്നും ദുഖത്തിലേക്ക്, ദുഃഖത്തിൽ നിന്നും മടുപ്പിലേക്ക്, മടുപ്പിൽ നിന്നും ദുഃഖത്തിലേക്ക്, അങ്ങനെയങ്ങനെ. പക്ഷേ നാം തീരെ സംതൃപ്തരാവുന്നില്ല, contented. ഗോവണികൾ കയറിയിറങ്ങി നാം വശം കെടുക മാത്രമാണ്.
ഇനിയിപ്പോൾ എന്താണ് ചെയ്യാനാവുക? ഒരു സാധ്യതയുണ്ട്. ഒരുപക്ഷേ മനുഷ്യന് മാത്രം സാധ്യമായത് ( അവനു മാത്രമേ അതിന്റെ ആവശ്യവുമുള്ളൂ) - make the effect first; the cause will follow. കാര്യമാദ്യം, കാരണം പിന്തുടർന്നുകൊള്ളും. ഇംഗ്ലീഷിൽ cause and effect ആണെങ്കിലും മലയാളത്തിൽ കാര്യമാണ് ആദ്യം. ഈ 'കാര്യത്തെ' സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്‌തമാണ്. നാം പിന്തുടർന്നുവരുന്ന ചാക്രികതയിൽ ഒരു വിള്ളൽ വീഴ്ത്തലാണത്. ബോധപൂർവ്വം. അതിനെത്തുടർന്ന് മറ്റൊരു cycle രൂപപ്പെട്ടെന്നു വരാം. അതറിയാൻ മാത്രമുള്ള അവബോധം എല്ലാവരിലുമുണ്ട്. അപ്പോൾ നമുക്കതിൽ വീണ്ടും വിള്ളൽ വീഴ്ത്താം. 
കുറച്ചുകൂടെ പ്രായോഗികമായി പറയാം. നമ്മുടെ ദൈനം ദിന ചര്യകളിൽ എല്ലാവർക്കും ഓരോ തരം പതിവുകൾ ഉണ്ടാകും. ഒന്നുകിൽ വളരെ കണിശമായിട്ടുള്ളത്, punctual. അതല്ലെങ്കിൽ തീരെ അലസമായിട്ടുള്ളത്, ലക്കും ലഗാനുമില്ലാതെയുള്ള ഒരു പോക്ക്. നാം എത്രയോ തവണ ആഗ്രഹിച്ചിരിക്കുന്നു, നടപ്പും എടുപ്പും കിടപ്പുമൊക്കെ ഒന്ന് നേരെ ചൊവ്വേയാക്കണമെന്ന്. രണ്ടു ദിവസത്തിന് ശേഷം വീണ്ടും സകലതും പഴയപടി. അല്ലെങ്കിൽ സകലതും പഴയതുപോലെത്തന്നെ മടുപ്പുളവാക്കാൻ തുടങ്ങി. യോഗ, ധ്യാനം, ജിംനേഷ്യം തുടങ്ങി എന്തെല്ലാം തുടങ്ങി വെച്ചതാണ്. കുറച്ചു നാളുകൾക്കു ശേഷം ഒക്കെ താറുമാറായി. ഇനി ഏതെങ്കിലും വാശിയുടെ പുറത്ത് കടിച്ചുപിടിച്ച് തുടർന്നുകൊണ്ടുപോകുന്നെങ്കിൽ കൂടി, പഴയ രസമൊന്നുമില്ല.


ഈ 'സംസാരചക്ര'ത്തിൽ നിന്നും പുറത്തുകടക്കണമെന്നുള്ളവർക്ക് (കണിശക്കാരും അസംതൃപ്തരാണ് !), ബോധപൂർവ്വം വ്യത്യസ്തമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടാവുന്നതാണ്. അതിന് യുക്തിസഹമായ ഒരു കാരണത്തേയോ, അനുയോജ്യമായ ഒരു സാഹചര്യത്തെയോ കാത്തിരിക്കേണ്ടതില്ല. തന്റെ പതിവുപരിപാടികളിൽ ഒരു മാറ്റം വരുത്തുക. ആ മാറ്റം തന്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന അലകൾ, അവ കൊണ്ടുവരുന്ന പുതുമകൾ, അവ പ്രദാനം ചെയ്യുന്ന ഊർജ്ജ തരംഗങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുക. നമ്മൾ ദുഖത്തിന്റെ സൈക്കിളിൽ കറങ്ങുകയാണെങ്കിൽ, സന്തോഷിക്കാനായി ഒരു കാരണത്തിന് കാത്തിരിക്കേണ്ടതില്ല. ഒരു ദിവസം വെറുതെയങ്‌ സന്തോഷിക്കുക. നമ്മൾ മുഷിഞ്ഞു ചാവാറായി എന്ന് തോന്നുകയാണെങ്കിൽ, വെറുതേ പുതുമയുള്ള എന്തെങ്കിലും ചെയ്തികളിൽ ഏർപ്പെടുക. ഇവയെല്ലാം തീർത്തും സ്വകാര്യമായിട്ടുള്ള സംഗതികളാണെന്നോർക്കുക. തന്റെ സ്വന്തം മുറിയിൽ അടച്ചിട്ടിരുന്ന് ഒരാൾക്ക് കരഞ്ഞു കലങ്ങാം, ചിരിച്ചു മതി മറക്കാം, മടുപ്പിന്റെ പാരമ്യതയിലേക്കു പോകാം, നൃത്തമോ മറ്റോ ചെയ്ത് ശാരീരികമായി വിശ്രാന്തിയിലേക്കു വീഴാം, തിക്കും തിരക്കും നിറഞ്ഞ പ്രവൃത്തികളെക്കൊണ്ട് മടുത്തവർക്ക് തന്റെ മുറിയിൽ കുറച്ചു നേരം കണ്ണുകളടച്ച് നിശ്ചലമായിരിക്കാം, ഒരിടത്തുമാത്രമിരുന്ന് മുഷിഞ്ഞവർക്ക് എവിടേക്കെങ്കിലും അലഞ്ഞുതിരിയാൻ പോകാം, ഏകാന്തത മടുത്തവർക്ക് സൗഹൃദങ്ങളിൽ മുഴുകി കുറച്ചു നേരം സൊറ പറയാം, ബ്ലാ ബ്ലാ കൊണ്ട് മടുത്തവർക്ക് കുറച്ചു നേരത്തെ മൗനമാകാം. ഇവയെല്ലാം ചെയ്യുമ്പോഴും നാം ബോധപൂർവ്വം നമ്മുടെ 'ദിനചക്രത്തിൽ' ഒരു വിള്ളൽ വീഴ്ത്തുകയാണെന്ന് ഓർക്കണമെന്നേയുള്ളൂ-making the effect first. കാര്യകാരണ സിദ്ധാന്തമനുസരിച്ച് കാരണം ഉണ്ടായിവന്നുകൊള്ളും. ഇനി, ഒരു കാരണവും ഉണ്ടായിവന്നില്ലെങ്കിൽ, ആർക്കു ചേതം? സൈദ്ധാന്തികർ എവിടെയെങ്കിലുമിരുന്ന് തല പുകയ്ക്കട്ടെ.
സത്യത്തിൽ, യുക്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു സൈദ്ധാന്തികനെ വഹിക്കുന്നുണ്ട് നാമെല്ലാവരും. അതുകൊണ്ടാണ് യുക്തിക്കു നിരക്കാത്തതായ എന്തെങ്കിലും ചെയ്യാൻ നമുക്കിത്ര വൈക്ലബ്യം. സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ യുക്തി എന്നത് ബുദ്ധിപരമായ യുക്തിയല്ല; വെറും നാലാൾ പറയുന്ന യുക്തിയാണ്. അതുകൊണ്ടാണ് വിഷമിക്കാനും ദുഖിക്കാനുമൊന്നും നമുക്ക് യാതൊരു ശങ്കയുമില്ലാത്തത്; അതിനു യുക്തി എന്ന ജനസമ്മതി വേണ്ടുവോളമുണ്ട്. സന്തോഷവും ആനന്ദവുമൊന്നും അങ്ങനെയല്ല.


കാര്യകാരണങ്ങളിൽ നിന്നും പുറത്തുകടക്കുകയെന്നാൽ കറങ്ങുന്ന ഭൂമിയുടെ ഭൗതിക നിയമങ്ങൾ നിഷേധിക്കുകയെന്ന വിഡ്ഢിത്തമല്ല. അതിന്റെ ആവശ്യവുമില്ല. അസ്തിത്വപരമായി സ്വാതന്ത്ര്യത്തെ അനുഭവിക്കാനുള്ള കഴിവാണത്. കാരണത്തിന് കാത്തു നില്ക്കാതെ കാര്യത്തെ സൃഷ്ടിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അങ്ങനെയൊരു അവബോധം? why be aware?











4 comments:

  1. ഈ കാര്യവും കാരണവും ഇഷ്ടമായി മനു ഏട്ടാ...നമുക്ക് ഇങ്ങനെയൊക്കെ കറങ്ങുന്നതിനിടയിൽ ബോധപൂർവ്വം ചില വിള്ളൽ വീഴ്ത്താൻ കഴിഞ്ഞാൽ അവിടം മുതൽ എന്തെങ്കിലും പുതുമ ജീവിതത്തിൽ ആവിർഭവിക്കും...രസമുള്ള കാര്യം...
    സന്തോഷം...സ്നേഹം...
    ഹരീഷ്...

    ReplyDelete