റിലാക്സ്, നതിങ് ഈസ് അണ്ടർ കൺട്രോൾ!
എല്ലാ ആശ്വാസവചനങ്ങൾക്കു ചുറ്റിലും അവിശ്വാസ്യതയുടെ ഒരു കൃത്രിമ ഗന്ധം കെട്ടിനിൽക്കുന്നുണ്ട്. 'നല്ലത് വരട്ടെ', 'എല്ലാം ശരിയാവും', 'ഒന്നും പേടിക്കാനില്ല, ദൈവം കൂടെയുണ്ട്', 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', 'ആയുരാരോഗ്യ സൗഖ്യം' എന്നിങ്ങനെ ആശ്വാസവാക്യങ്ങളുടെ നിര വളരെ നീണ്ടതാണ്. സാമൂഹിക ജീവിതത്തിൽ ഇത്തരം ഭാഷാപ്രയോഗങ്ങൾക്ക് നിസ്സാരമല്ലാത്ത പ്രസക്തികളുമുണ്ടാകാം. പരസ്പരമുള്ള പെരുമാറ്റങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ, എല്ലാ ഭാഷകളിലും, എല്ലാ സംസ്കാരങ്ങളിലും ഒട്ടുമിക്കവാറും സമാനമാണ്. സാംസ്കാരികസംബന്ധിയായ സകലതിനെയും നിഷേധിക്കുമെന്ന് വാശിപിടിച്ചു നടക്കുന്നവര്‍ പോലും 'all the best, goodluck, bye (be with yee), ciao', എന്നിങ്ങനെ സർവ്വ സാധാരണമായി പ്രയോഗിച്ചുപോരുന്നു. ഈ പ്രയോഗങ്ങളൊക്കെയും നമ്മെ എത്രതന്നെ ഊഷ്മളമാക്കുകയോ, വെറുതെയൊന്ന് സമാധാനിപ്പിക്കുകയോ ചെയ്യുമെങ്കിലും ഉള്ളിനുള്ളിൽ നമുക്കറിയാം യാഥാർഥ്യവുമായി ഈ വാക്കുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന്. എത്ര കടുത്ത അന്ധവിശ്വാസി പോലും സംഭവ്യതയുടെ (probability of happenings) അതിവിദൂര നിഴലിനെയെങ്കിലും ഹൃദയത്തിൽ പേറുന്നുണ്ട്.
എത്ര ശക്തമായി 'നല്ലതു വരട്ടെ' എന്ന് ആശംസിച്ചാലും നമുക്കറിയാം, ആ വാക്യത്തിന്റെ പിൻബലത്തിൽ, ഇതുവരേക്കും വന്നതൊന്നും മുഴുവനായും നല്ലതായിരുന്നില്ലെന്ന്. വന്നു ചേർന്നതിനെ നല്ലതാക്കി കല്പിച്ചുകൊണ്ടാണ് നാം മുന്നോട്ടു പോയതെന്ന് മാത്രം. പലതും അന്നേരം നല്ലതെന്നു തോന്നിയിരുന്നെങ്കിലും പിന്നീട് മനസ്സിലായി, അവയൊന്നും വിചാരിച്ചതുപോലെ നല്ലതായില്ലെന്ന്. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് കേൾക്കുമ്പോൾ, ഒട്ടു മിക്കവാറും സന്ദർഭങ്ങളിലും 'ആഗ്രഹം സഫലമാകട്ടെ' എന്ന് പറഞ്ഞതായാണ് നാം മനസിലാക്കുക. സഫലമാക്കപ്പെടാൻ പോകുന്ന ആഗ്രഹം എന്തുമാകട്ടെ, മോഷ്ടിക്കാൻ പോവുകയാണെങ്കിലും, മറ്റൊരാളെ കൊലപ്പെടുത്താൻ പോവുകയാണെങ്കിലും, ആഗ്രഹപൂർത്തിക്ക് തടസ്സം സംഭവിക്കാതിരിക്കട്ടെ എന്നാണ്.
മിക്കപ്പോഴും, സൂക്ഷിച്ചു നോക്കിയാലറിയാം, കേവലം ഔപചാരികതക്കുവേണ്ടി പറയുന്ന ആശംസകളോ ആശ്വാസവാക്കുകളോ അല്ലാതെ (etiquette), പ്രയോഗിക്കപ്പെടുന്ന നല്ല വാക്കുകൾ, യാഥാർഥ്യത്തിൽ നിന്നും മുഖം തിരിക്കാനുള്ള താൽക്കാലിക ഉപായങ്ങൾ മാത്രമാണെന്ന്. 'സംഗതിയാകെ കുഴപ്പത്തിലാണ്', അല്ലെങ്കിൽ, 'എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടാത്ത അവസ്ഥ' എന്ന് തോന്നുന്ന സന്ദർഭത്തെ ഒഴിവാക്കാനോ, കുറച്ചു കൂടി നീട്ടിവെക്കാനോ-postponement- ആണ് പൊതുവെ നാം താല്പര്യപ്പെടാറുള്ളത്. അത്തരം സന്ദർഭത്തിൽ മറ്റൊരാളിൽ നിന്നും 'ഭയപ്പെടേണ്ട, എല്ലാം നന്നായിവരും, ദൈവം ഒപ്പമുണ്ട്' എന്നൊക്കെ കേൾക്കുമ്പോൾ... നിസ്സാരമായ ഒരു വേദനാസംഹാരിയാണത്. വേദനയുടെ കാരണമെന്തെന്നറിയില്ല, വേദനയൊട്ടു മാറാനും പോകുന്നില്ല. എന്നാലും കുറച്ചു നേരത്തേക്ക് വേദനയുടെ കാഠിന്യം അറിയാതിരിക്കാം. ഭാഷാപരമായ ഇത്തരം 'വേദനാസംഹാരികൾ' ഉപയോഗിക്കരുതെന്നോ നല്കരുതെന്നോ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ, അതിനു പിന്നിൽ നാം ഒളിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണതകളേയോ ദൗർബല്യങ്ങളെയോ നിരീക്ഷിക്കാൻ ശ്രമിക്കാവുന്നതാണ്. ആ നിരീക്ഷണം രസാവഹമാണ്, ധ്യാനത്തിന്റെ പാതയിൽ നീങ്ങുന്നവരെ സംബന്ധിച്ച് പ്രയോജനകരവുമാണ്.
നേരിട്ടുള്ള സംഭാഷണങ്ങളാവട്ടെ, എഴുത്തിന്റെ ലോകമാവട്ടെ, ഇന്റർനെറ്റ് ആകട്ടെ, ഇത്തരം ആശ്വാസവാക്യങ്ങൾ (INSPIRATIONAL QUOTES) കയ്യടക്കിയിരിക്കുന്ന സ്ഥാനം അവിശ്വസനീയമാണ്. അതിൽ ബഹുഭൂരിഭാഗവും പുറം പൂച്ചുകൾ മാത്രമാണ്; യാതൊരു കാമ്പുമില്ലാത്തവ. മറ്റൊരു വിഭാഗമുണ്ട്, സ്റ്റാറ്റസ് (status quo) പ്രദർശനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ പറ്റുന്നവ. ലക്കും ലഗാനുമില്ലാതെ ഉപയോഗിക്കപ്പെടുന്ന 'റൂമി വചനങ്ങൾ' ഉദാഹരണം. സരളവും ചാരുതയുമാർന്ന ഭാഷയാണ് എന്നതുകൊണ്ട് മാത്രം ആർക്കും അതിനോട് ആകർഷണം തോന്നുകയും വേണ്ടാത്തിടത്തുപോലും നിർബാധം ഉപയോഗിച്ചുപോരികയും ചെയ്യുന്നു. അങ്ങനെയാണ് റൂമിയുടെ അഗാധമായ ആത്മീയ ഉൾക്കാഴ്ചകൾ 'ചുറ്റിക്കളിക്കാർ' പോലും പ്രേമവചസ്സുകളായി ഉദ്ധരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ, മറ്റൊരു വിഭാഗം വാക്യങ്ങളുണ്ട്- insights quotes. അത്തരം വാക്യങ്ങൾ നമ്മുടെ മനസ്സിനെ, നമ്മുടെ മാനസികാവസ്ഥയെ ഒരു തരത്തിലും സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉതകിയേക്കില്ല. അവ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് നമ്മെ ഉണർത്തുക എന്നത് മാത്രമാണ്, മനസ്സിനെ ആശ്വസിപ്പിക്കുക എന്നതല്ല. അത്തരം വാക്യങ്ങൾ ഉയർന്നുവന്നിട്ടുള്ളത് മനസ്സിനെയോ സമൂഹത്തേയോ നിർദാക്ഷിണ്യം നിരാകരിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അത്തരം വാക്യങ്ങൾക്ക് ജനസമ്മിതി കിട്ടാതെ പോകുന്നത്. അതുകൊണ്ടാണ് ബുദ്ധന്റേയും യേശുവിന്റെയുമെല്ലാം ചില വാക്യങ്ങൾ മാത്രം എല്ലായിടത്തും ഉദ്ധരിക്കപ്പെടുന്നത്. മറ്റു മിക്ക വാക്യങ്ങളും മയക്കത്തിലാണ്ടു കിടക്കുന്ന ഈ ജനസമൂഹത്തിന് സ്വൈരക്കേടുണ്ടാക്കുന്നവയത്രേ!
ഈയടുത്ത കാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രസ്താവമാണ്, 'Relax, nothing is under control' എന്നത്. വിയറ്റ് നാമിലെ സെൻ ഗുരുവായിട്ടുള്ള Thich Nhat Hanh (OLD PATH WHITE CLOUDS എന്ന ലോകപ്രശസ്തമായ കൃതി ഇദ്ദേഹത്തിന്റെ രചനയാണ്) ഏതോ ഒരു സംഭാഷണത്തിൽ പറഞ്ഞുവെച്ചിട്ടുള്ളതാണ്. അത്തരമൊരു പ്രസ്താവം മനുഷ്യ ജീവിതത്തിൽ, എക്കാലത്തും ഒരേപോലെ പ്രസക്തമാണെന്നിരുന്നാലും, തികച്ചും സാധാരണക്കാരനായ ഒരാൾക്ക് പോലും ആ വാക്യത്തിന്റെ പൊരുൾ എളുപ്പം മനസ്സിലാക്കാൻ സാധ്യമായിട്ടുള്ള ഒരു സന്ദർഭത്തിലാണ് ലോകമിന്ന്. മനുഷ്യരാശി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സാങ്കേതിക മികവും ജീവിത നിലവാരവും കൈവരിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്ന ഒരു ലോകത്തെ, നാമമാത്രമായ ഒരു വൈറസ് ധൂളി നൊടിയിടയിൽ തകിടം മറിച്ചിരിക്കുന്നു, ഉത്കണ്ഠാകുലമാം വിധം നിശ്ചലമാക്കിയിരിക്കുന്നു!
'ശാന്തമായിരിക്കൂ, എല്ലാം ശരിയാവും' എന്നതിന് പകരം Thich Nhat Hanh നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നത്, എക്കാലത്തും നാം മൂടിവെച്ചുകൊണ്ട് നടന്നിരുന്ന ഒരു സത്യത്തെയാണ്. യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. നമ്മുടെ ശ്വാസവും ഉഛ്വാസവും മുതൽ, നമ്മുടെ ശരീരത്തിലെ രക്തചംക്രമണം മുതൽ, നമ്മുടെയുള്ളിൽ തേനീച്ചമുഴക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പരശ്ശതം വിചാരങ്ങൾ മുതൽ, നിനച്ചിരിക്കാതെ നമ്മെ വന്നു പൊതിയുന്ന വികാരമേഘങ്ങൾ മുതൽ, ജനനം മുതൽ മരണം വരെ നമ്മുടെ അകത്തെന്നോ പുറത്തെന്നോ നാം അറിയുന്ന യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. രാത്രിയും പകലും വെയിലും നിലാവും മഴയും മഞ്ഞും പ്രളയവും വരൾച്ചയും യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല.
നാം പക്ഷേ ശീലിച്ചുവന്ന ഒരു ധാരണയുണ്ട്, സകലതും നമ്മുടെ നിയന്ത്രണത്തിലാകുമ്പോഴാണ് നമുക്ക് ശാന്തി കൈവരുന്നതെന്ന്. Thich Nhat Hanh പക്ഷേ ഓർമ്മപ്പെടുത്തുന്നു, ശാന്തരാകാൻ നമുക്ക് ഒരേയൊരു കാരണമേയുള്ളൂ; യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല! എന്തൊക്കെ തെറ്റിദ്ധാരണകൾ നാം വെച്ചുപുലർത്തിയാലും, വാസ്തവമിതാണ്- യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരല്പം കൂടി ആഴത്തിൽ നോക്കിയാൽ മനസ്സിലാവും, നാം ശാന്തരാകാതെയിരിക്കുന്നത് ചില തെറ്റിധാരണകൾ മൂലമാണെന്ന്- നമ്മുടെ ജീവിതത്തെ അപ്പാടെ നിയന്ത്രിക്കാനാവുമെന്ന തെറ്റിധാരണ. അതിൽ നിന്നുടലെടുക്കുന്ന പ്രതീക്ഷകൾ. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ. വിചാരിച്ചതുപോലെ നടക്കാതെവരുമ്പോഴുള്ള നിരാശകൾ, പിന്നെയും ശ്രമങ്ങൾ…
യാതൊന്നും നിയന്ത്രിക്കാനാവുന്നതല്ല എന്നറിയുമ്പോൾ, ശരീരം മുതൽ അകക്കാമ്പ് വരെ നിറഞ്ഞുവരുന്ന ഒരയവുണ്ട്, അപാരമായ ഒരു വിശ്രാന്തി. യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് ബോധ്യപ്പെടുമ്പോൾ, മനസ്സ് അതിന്റെ മാളത്തിലേക്ക് പതിയെ പിൻവാങ്ങുന്നു.
ഒരുപക്ഷേ, ഈ പ്രസ്താവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചിലർക്കെങ്കിലും ഒരു സംശയം തോന്നാവുന്നതാണ്, തീർത്തും സ്വാഭാവികമായ ഒരു സംശയം- 'എങ്കിൽ ഈ റിലാക്‌സേഷൻ നമ്മുടെ നിയന്ത്രണത്തിലാണോ?'
അതിനുള്ള ഉത്തരം ഇതാണ്- വിശ്രാന്തി, റിലാക്‌സേഷൻ നമ്മുടെ നിയന്ത്രണത്തിലല്ല തന്നെ; എന്തെന്നാൽ ആ വിശ്രാന്തിയാണ് നാം- the very relaxation. നിശബ്ദമായി ഉണർന്നുകിടക്കുന്ന ഒരു അവബോധ തടാകം.
വിശ്രാന്തിയെ എത്തിപ്പിടിക്കുകയല്ല; വിശ്രാന്തിയിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടത്.
Thankyou💐✨️✨️✨️💐
ReplyDeleteNice blog
ReplyDelete💐💐💐💐💐🌹
ReplyDeletelv
DeleteLet go and Relax ...🙏🙏Thank you 🙏🙏
ReplyDelete💕💕
Deletelv lv lv
ReplyDelete🙏🏽🙏🏽🙏🏽🙏🏽🥰
ReplyDelete💕💕
Delete