'വർത്തമാന'ത്തിലെ വെല്ലുവിളികൾ
ഗണിത ശാസ്ത്രത്തിലെ ബിന്ദുവിന് നാം ആരോപിക്കുന്ന ഒരു സ്ഥാനം മാത്രമേയുള്ളൂ; അതിന് വലിപ്പമോ അളന്നെടുക്കാൻ കഴിയുന്ന മറ്റു ഗുണങ്ങളോ ഉണ്ടായിരിക്കുന്നില്ല. അതുകൊണ്ടാണ് ഒരു സെന്റീമീറ്റർ മാത്രം നീളമുള്ള രേഖയിലും പത്തു സെന്റീമീറ്റർ നീളമുള്ള രേഖയിലും അടങ്ങിയിരിക്കുന്ന ബിന്ദുക്കളുടെ എണ്ണം സമമായിരിക്കുന്നത്! അതുപോലെത്തന്നെ ഒരു രേഖയിലും ഒരു പ്രതലത്തിലുമുള്ള ബിന്ദുക്കളുടെ എണ്ണവും സമമായിരിക്കുന്നത്. (ജോർജ്ജ് ഗാമോവിന്റെ ‘ONE, TWO, THREE...INFINITY’ എന്ന കൃതിയിൽ ഇതേപ്പറ്റി കൂടുതൽ വായിക്കാവുന്നതാണ്). ബിന്ദുവിന് വലിപ്പം കല്പിച്ചുനല്കാനുള്ള ത്വര നമ്മുടെ മനസ്സിന്റേതു മാത്രമത്രേ!
ഇതുപോലുള്ള മറ്റൊരു പ്രവണത ഇന്നത്തെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു വലിയ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നുണ്ട് - ഈ നിമിഷത്തിന്റെ വലിപ്പം; കുറച്ചുകൂടി കൃത്യത വേണമെന്നുള്ളവർക്കായി ഈ നിമിഷത്തിന്റെ വ്യാപ്തമെന്ന് പറയാവുന്നതാണ്. ഈ നിമിഷമെന്നത് എത്ര ദൈർഘ്യമുള്ളതാണ്? ഒരണുവിടയോ? ഒരു നൊടിയിടയോ? (മനുഷ്യന് കൈകാര്യം ചെയ്യാവുന്ന ഏറ്റവും ചെറിയ സമയഖണ്ഡത്തെ (approximately 10−43 s) ശാസ്ത്രജ്ഞമാർ കണക്കാക്കിയിട്ടുണ്ട് - മാക്സ്പ്ലാങ്കിന്റെ സമയം. നമ്മുടെ അളവുപാത്രത്തിന്റെ പരിമിതി എന്നേ പറയാനാവൂ. അതവിടെ ഇരിക്കട്ടെ). ബാക്കിയെല്ലാം ഭൂതവും ഭാവിയും? ATM കൗണ്ടറിനു മുന്നിൽ കാത്തുനില്ക്കുന്ന ആളുടേയും അതിനകത്തു കയറി പണമെടുക്കാൻ ശ്രമിക്കുന്ന ആളുടേയും നിമിഷ ദൈർഘ്യങ്ങൾ ഒന്നു തന്നെയോ? കല്പിച്ചു നല്കപ്പെടുന്ന ദൈർഘ്യം മാത്രമേ ഏതു നിമിഷത്തിനുമുള്ളൂ- relative.
'ഈ നിമിഷം' ഇക്കാലത്തെ ഏറ്റവും വലിയ ഫാഷനാണ്. സിനിമാക്കാരും മോട്ടിവേഷണൽ പണിക്കാരും 'ന്യൂ ജി' എന്ന് വിളിക്കപ്പെടുന്ന യുവജനങ്ങളും പിന്നെ ധ്യാനം, ആത്മീയത എന്നിവയിൽ 'അഭിരമി'ക്കുന്നവരുമെല്ലാം സങ്കോചമൊട്ടുമില്ലാതെ പ്രയോഗിച്ചുപോരുന്ന ഒന്നാണ് 'ഈ നിമിഷം'. ‘ഈ നിമിഷം മാത്രമേയുള്ളൂ; past is past, വർത്തമാനത്തിൽ ജീവിക്കുക, ഈ നിമിഷം ആഘോഷിക്കുക, വരാനിരിക്കുന്നതിനെപ്പറ്റി എന്തിനാലോചിക്കണം?’ തുടങ്ങി ഈ നിമിഷത്തെ വെച്ചുകൊണ്ടുള്ള പ്രയോഗ(കു)തന്ത്രങ്ങൾ ഒരുപാടുണ്ട്.
'ഈ നിമിഷ'ത്തെപ്പറ്റിയുള്ള നമ്മുടെ ജാഗ്രതയത്രയും മിക്കപ്പോഴും കളവാണെന്നതാണ് സത്യം. നാം ഈ പറയുന്ന നമ്മുടെ നിമിഷങ്ങളൊക്കെയും വികലമായിട്ടുള്ളവയാണ്; എന്തെന്നാൽ നമ്മെ സംബന്ധിച്ച് അവ 'exclusive' ആണ്; ഭൂതത്തേയും ഭാവിയേയും നിഷേധിച്ചുകൊണ്ടുള്ളത്. പരസ്യങ്ങളിലെ 'EXCLUSIVE' ഷോറൂം എന്ന വീമ്പ് പറച്ചിൽ പോലെ കഥയില്ലാത്തതാണ് ഭൂത-ഭാവികളെ ഒഴിവാക്കിക്കൊണ്ട് പൊക്കിപ്പിടിക്കുന്ന 'ഈ നിമിഷങ്ങൾ’ ഏവയും .
അതറിയണമെങ്കിൽ 'ഈ നിമിഷം' എന്ന് ഉച്ചരിക്കുമ്പോഴൊക്കെയും അതിന്റെ അതിർവരമ്പുകൾ എവിടം വരെയാണെന്ന് സ്വയം ഒന്ന് തീർപ്പാക്കാൻ ശ്രമിച്ചാൽ മതി. നാം ബോധവാന്മാരാകുന്ന നിമിഷം, ഒരൊറ്റ നിമിഷത്തിനും നിശ്ചിതമായ അതിർത്തികൾ കണ്ടെത്താനാവില്ല. മനഃപൂർവ്വം ഭൂതത്തിലും ഭാവിയിലും 'ഇവിടം വരെ മതി' എന്ന് താല്ക്കാലികമായി വിചാരിക്കാമെന്നു മാത്രം. എന്നാൽ ഇരു വശത്തേക്കും അവബോധത്തിന്റെ ചക്രവാളങ്ങൾ വളർന്നു വളർന്നു പോകുന്നത് കാണാറാകും.
അപ്പോൾ പിന്നെ 'ഈ നിമിഷം' എന്ന സമീപനം തീരെ പ്രസക്തമല്ലെന്നാണോ? 'ഈ നിമിഷം' എന്ന് കണക്കിലെടുക്കാതെ, കഴിഞ്ഞുപോയതിനെയൊക്കെയും കർക്കശമായി പിടിച്ചുവെക്കുകയും, ഇനി സംഭവിക്കാൻ സാധ്യതയുള്ളതിനെപ്പറ്റി കാടുകയറി വിചാരം കൊള്ളുകയും ചെയ്ത് വർത്തമാന നിമിഷങ്ങളെ കലുഷിതമാക്കണമെന്നാണോ?
അല്ല, ഒരിക്കലുമല്ല.
'ഈ നിമിഷം' എന്ന പ്രയോഗത്തെപ്പറ്റിയുള്ള ധാരണകളെ ആത്മാർത്ഥമായൊന്നു മനനം ചെയ്‌താൽ മതി; യാതൊരു ധാരണയുമില്ലാതെ അനുകരിക്കുന്നതിനു പകരം.
യഥാർത്ഥത്തിൽ ഈ നിമിഷം മാത്രമേയുള്ളൂ. പീറ്റർ ഓസ്‌പെൻസ്‌കിയുടെ ഭാഷയിൽ പറഞ്ഞാൽ, Big bang മുതൽ ഇപ്പോൾ വരേയ്ക്കും ഒരൊറ്റ നിമിഷം മാത്രം. നാം നമ്മുടെ സൗകര്യാർത്ഥം അതിനെ ഭൂതമെന്നും ഭാവിയെന്നും വെട്ടിമുറിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം. സമയത്തെ മിനിറ്റുകളായാണ് എടുക്കുന്നതെങ്കിൽ തൊട്ടു മുൻപത്തെ മിനിറ്റ് ഭൂതവും അടുത്ത മിനിറ്റ് ഭാവിയുമാണ്. എന്നാൽ സമയത്തെ നാം ദിവസങ്ങളായാണ് എണ്ണുന്നതെങ്കിൽ ഒരുപാട് ഭൂത-ഭാവി നിമിഷങ്ങൾ ചേർന്ന ഈ ദിവസം വർത്തമാനവും ഇന്നലത്തെ ദിവസം ഭൂതവും വരാൻ പോകുന്ന ദിവസം ഭാവിയുമാണ്.
സമയമെന്ന ഒരു പ്രതിഭാസം നാം അനുഭവിക്കുന്നുണ്ടെങ്കിൽ, അതൊരു സംഘർഷമാണെപ്പോഴും. ഒന്നുകിൽ കേവല സമയ (absolute time) ത്തിനു മുൻപ് നടന്നു കയറുകയും ധൃതി പിടിച്ച് സംഘർഷഭരിതമാവുകയും ചെയ്യുക -leading; അല്ലെങ്കിൽ കേവലസമയത്തിനോട് എത്തിപ്പിടിക്കാൻ ധൃതിപ്പെടുക-lagging. കേവല സമയമെന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ശാസ്ത്രകാരന്മാർ സമ്മതി നല്കിയിട്ടുള്ള ഏതെങ്കിലും ഏകകമല്ല; നമ്മുടെ മനസ്സും ശരീരവും ഭിന്നിച്ചുനില്ക്കാത്തപ്പോൾ നാം കടന്നുപോകുന്ന സമയത്തെയാണ്. കൗതുകകരമായ വസ്തുത അപ്പോഴത്തെ അനുഭൂതിയെ നമുക്ക് സമയത്തിന്റെ വരുതിയിൽ കൊണ്ടുവരാനാവില്ലയെന്നതാണ്. അപ്പോൾ നാം അനുഭവിക്കുന്ന സമയമത്രയും വർത്തമാന (the present ) മാണ്. അതുകൊണ്ടാണ് ഈ സമയാനുഭൂതിയെ സമായാതീതം, കാലാതീതം എന്നൊക്കെ പരാമർശിച്ചുപോരുന്നത്. അതായത് ആ അനുഭൂതിയിൽ കാലഗണനകൾ പ്രസക്തമാവുന്നില്ല; സമയം എന്നൊന്ന് ഇല്ലാത്തതിന് തുല്യം. വർത്തമാനമെന്നത് സമയത്തിൽ ഉൾപ്പെടുന്നില്ലത്രേ!
ഗണിച്ചുനോക്കാൻ കഴിയുന്ന സമയമത്രയും ഭൂതമാണ്, ഓർമ്മകളുടെ ലോകവുമായി ബന്ധപ്പെട്ടതാണ്; അത് മനോലോക വ്യാപാരമാണ്. അതായത്, ഇനിയും ചുരുക്കി പറഞ്ഞാൽ, ഒന്നുകിൽ ഒരാൾക്ക് വർത്തമാനത്തിലായിരിക്കാം; അല്ലെങ്കിൽ താൻ വർത്തമാനത്തിലാണെന്ന് ഓർത്തുകൊണ്ടിരിക്കാം, അയാൾ പക്ഷേ എപ്പോഴത്തെയും പോലെ ഭൂതകാലത്തിലാണ് വർത്തിക്കുന്നത്. ഈ നിമിഷത്തെപ്പറ്റി വാചാലമാവുന്നവർ ഓർക്കേണ്ടത് നമുക്ക് മുന്നിൽ ഒരൊറ്റ സാധ്യതയേയുള്ളൂ എന്നാണ് - ഒന്നുകിൽ ഈ നിമിഷത്തെപ്പറ്റി വാചാലമാവാം. അല്ലെങ്കിൽ ഈ നിമിഷത്തിലായിരിക്കാം. 'other orientation' ഇത്രക്കും പ്രബലമായിട്ടുള്ള ഇക്കാലത്ത് ഈ വാചാലത ഒട്ടും അതിശയിപ്പിക്കുന്നതല്ലെങ്കിലും ദൗർഭാഗ്യകരം എന്ന് പറയാതെ വയ്യ.
'ന്യൂ ജി' നിമിഷത്തിൽ സഹതാപാർഹമായ മറ്റൊന്നുകൂടിയുണ്ട്. വേദനയോ ആകുലതയോ നമ്മുടെ വർത്തമാനമാണെങ്കിൽ, അവ നാം നേരിടുന്ന വസ്തുതകളാണെങ്കിൽ, അവയെ മറന്നുകൊണ്ട് വ്യാജമായ ഈ നിമിഷത്തെ ആഘോഷിക്കൂ എന്നാണ് അറിയാതെയെങ്കിലും അവർ ഉദ്ബോധിപ്പിക്കുന്നത്. താല്ക്കാലികമായ ഒരു വേദനാസംഹാരിയുടെ ഫലം പോലും ഈ സമീപനത്തിനുണ്ടോ എന്ന് സംശയമാണ്. ധ്യാനം, ആത്മീയത എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇത്തരം സമീപനം കൈക്കൊള്ളുന്നതുകൊണ്ടാണ് ധ്യാനം എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ചിലരെങ്കിലും വിമർശിക്കാൻ തുടങ്ങിയത്. എന്നാൽ, വേദനയും ആകുലതയും ഭയവും നിരാശയും തങ്ങിനില്ക്കുന്ന വർത്തമാനത്തിൽ നിന്നുകൊണ്ടുതന്നെ ഈ നിമിഷത്തെ അനുഭവിക്കാൻ ധൈര്യപ്പെടുകയാണെങ്കിൽ, അതാണ് 'ഈ നിമിഷ'ത്തിന്റെ ആഘോഷം, അതാണ് ധ്യാനം. അപ്പോഴാണ് ഓഷോ ഓർമ്മപ്പെടുത്തുന്നതുപോലെ 'ജീവിതത്തിലേക്ക് രക്ഷപ്പെടുന്നത്'; ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നതിനു പകരം.
പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് അയാൾ വേദനയിലും ആധിയിലുമൊക്കെ നഷ്ടപ്പെട്ടു കഴിയുകയാണെന്ന് തോന്നാം, എന്നാൽ അയാൾ ഒരല്പമെങ്കിലും ഉണർന്നിരിക്കുന്നുണ്ടെങ്കിൽ (മനസ്സെന്ന മയക്കത്തിൽ നിന്നും), അയാളെ സംബന്ധിച്ച് അയാൾ വർത്തമാനത്തിലാണ്. അതേസമയം ഈ നിമിഷത്തെ പ്രതി വാചാലനായിരിക്കുന്ന ഒരാൾ പുറമെ ഉല്ലാസവാനായി അഭിനയിക്കുന്നുണ്ടാവാം. അയാളുടെ അഭിനയങ്ങൾ പക്ഷേ തന്റെ ദുരിതങ്ങളെ അഭിമുഖീകരിക്കാനുള്ള ത്രാണിയില്ലായ്മയെ മറയ്ക്കാനുള്ള പാഴ് ശ്രമങ്ങൾ മാത്രമാണ്. തന്റെ ദുരിതങ്ങളിൽ ഹതാശനായി ഭൂത-ഭാവിയായ തന്റെ വിധിയെ പഴിച്ചുകൊണ്ടു അബോധത്തിൽ സ്വയം നഷ്ടപ്പെടുന്ന ഒരാളെപ്പോലെത്തന്നെയാണ് ഈ വ്യക്തിയും.
വ്യത്യസ്ത സന്ദർഭങ്ങളിൽ നമ്മുടെ മനസ്സ് കടന്നുപോകുന്ന സമയവേഗങ്ങളെ - relative time - വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക; ഒരു സമയം കൊല്ലി ഏർപ്പാടെന്നോണം. സമയാതീതത്തിന്റെ, ശുദ്ധ വർത്തമാനത്തിന്റെ അനർഘ നിമിഷങ്ങൾ, ദാ തൊട്ടടുത്താണ്.
ക്ലോക്കിലെ നിമിഷങ്ങളും നമ്മുടെ ആനുഭൂതിക നിമിഷങ്ങളും എത്രയോ വ്യത്യസ്തമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞ ഒരു കഥ പങ്കുവെക്കട്ടെ:
"ധ്യാന പരിശീലനങ്ങളുമായി ഹിമാലയ സാനുക്കളിൽ കഴിഞ്ഞുപോന്നിരുന്ന മൂന്നു പേർ. നമുക്കവരെ സന്ന്യാസിമാരെന്നു വിളിക്കാം. ഒരു ദിവസം അവരിലൊരാൾ പറഞ്ഞു, 'ആകാശം മേഘം മൂടിയിരിക്കുന്നു.'
പത്തു വർഷത്തിന് ശേഷം രണ്ടാമത്തെയാൾ പറഞ്ഞു, 'മഴ പെയ്യുമെന്നാണ് തോന്നുന്നത്.' പിന്നേയും പത്തു വർഷത്തിന് ശേഷം മൂന്നാമത്തെ സന്ന്യാസി പറഞ്ഞു, 'നിങ്ങൾ രണ്ടു പേരും ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?’ “