Featured Post

Thursday, February 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 14




ആത്മാവലോകനം


ജീവിതം എന്ന ഈ കടന്നുപോക്കിനെ (സ്വയം) പരാമർശിക്കുന്നേടത്തൊക്കെ ഏറ്റവും ആദ്യം കടന്നുവരുന്ന ഒരു ചോദ്യമാണ് 'ഞാൻ ആരാണ്?' എന്നത്. 'നാൻ യാർ?' എന്ന് രമണമഹർഷിയിലൂടെ പ്രസിദ്ധമാകപ്പെട്ട അതേ ചോദ്യം. സെൻ ഗുരുക്കന്മാർ ഒരുപക്ഷേ തുടക്കം മുതൽക്കേ ഈ ചോദ്യത്തെ ധ്യാനത്തിലേക്കുള്ള കവാടമായി സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനായിട്ടുള്ള ആരിലും ഈ ചോദ്യം ഇതേ വാക്യഘടനയോടെ ഉയർന്നുവരുന്നുണ്ട് എന്ന് തോന്നുന്നില്ല. എന്ന് മാത്രമല്ല,

അക്ഷരാർത്ഥത്തിലെടുക്കുകയാണെങ്കിൽ, അത് അത്ര സഹജവും പ്രസക്തവുമായ ഒരു ചോദ്യമാണെന്നും തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ, 'ഞാൻ' എന്ന ഒരു സ്വരുക്കൂട്ടൽ, 'ഞാൻ' എന്ന ഉപസംഹാരം ...ഒന്നാമത്തെ ആ പദം തന്നെ തെറ്റായ ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെത്തുടർന്നുവരുന്ന എല്ലാ പടവുകളും ആദ്യമേ തെറ്റിപ്പോയിരിക്കുന്നു. 'ഞാൻ ആരാണ്?' എന്ന് തെറ്റായ ഒരു ചോദ്യത്തിന് എത്ര കൃത്യമായ ഉത്തരം കിട്ടിയാലും അത് തെറ്റാവാതെ വയ്യല്ലോ?


അതേസമയം, ഒരുപക്ഷേ കൃത്യമായും 'ഞാൻ ആരാണ്?' എന്നല്ലെങ്കിൽ കൂടി, 'അകത്താരാണ്?- who is in?' എന്ന് സെന്നിൽ (zen) ചോദിക്കുന്ന പോലെയല്ലെങ്കിലും, ഏകദേശം ഇതുപോലെയൊക്കെത്തന്നെയുള്ള എന്തോ ഒരു ചോദ്യം, ചുരുങ്ങിയത് ഒരു ചോദ്യചിഹ്‌നത്താൽ പ്രതിനിധാനം ചെയ്യാവുന്ന പോലുള്ള എന്തോ ഒരു ആശ്ചര്യം, മനുഷ്യനിൽ അവന്റെ വളർച്ചക്കൊപ്പം രൂപമെടുക്കുന്നുണ്ട്.

നാം മിക്കപേരും ജീവിതത്തിൽ ഒരിക്കലും ഈ ആശ്ചര്യത്തെ നേരെ ചൊവ്വേ അഭിമുഖീകരിക്കാൻ തയ്യാറായില്ലെങ്കിൽ പോലും, ജീവിതത്തിലുടനീളം നമ്മുടെ ചേതനയിൽ, നമ്മുടെ ഉണർവിന്റെ പിന്നാമ്പുറങ്ങളിൽ ഈ ചോദ്യചിഹ്നത്തിന്റെ സാന്നിധ്യം നാം അറിയാതിരിക്കുന്നില്ല. 'ഒരു പിടിയും കിട്ടുന്നില്ല', 'എന്തെങ്കിലുമൊക്കെയാവട്ടെ', 'നാളത്തെ കാര്യം ആര് കണ്ടു?' എന്നിങ്ങനെയുള്ള സാധാരണ പ്രയോഗങ്ങളിൽ പോലും നിഗൂഡാത്മകമായ ആ ചിഹ്നത്തിന്റെ നിഴലുണ്ട്. ഒരുപക്ഷേ ആത്മീയമെന്ന പേരിൽ അറിയപ്പെടുന്ന സകല ഭൗതിക സാഹചര്യങ്ങളും ഈ ചോദ്യചിഹ്നത്തെപ്രതി വളർന്നുവന്നതാണ്, അവ എത്ര തന്നെ അസ്ഥാനത്താണെങ്കിൽ കൂടി.


അകത്തു മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ ചോദ്യം തീർത്തും അമൂർത്തമായിരിക്കുന്നതുകൊണ്ടുതന്നെ അതിനെ അഭിമുഖീകരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളുണ്ട്. ഏതുരീതിയിലാണ് അതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് നമുക്ക് വ്യക്തമായ ധാരണകളില്ല. മാത്രവുമല്ല, വ്യക്തമായ ഏതു ധാരണയും അതിന്റെ സമഗ്രതയെ ബാധിക്കുന്നതാണ്. അത് അമൂർത്തമായ (abstract) എന്തോ ആണ് എന്ന് സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. 




എന്നാൽ നമ്മുടെ മനസിന്റെ പ്രബലമായ പ്രവണത അമൂർത്തമായ ഏതിനേയും സമൂർത്തമാക്കി, അതിർത്തികൾ നിശ്ചയിച്ച് കൃത്യമായ ഊരും പേരും നല്കി മൃതമാക്കി സൂക്ഷിക്കുക എന്നതാണ്, ഒരു മ്യൂസിയം പരിപാലകനെപ്പോലെ. എത്ര പരിരക്ഷിക്കപ്പെട്ടാലും അമൂർത്തത എന്ന അതിന്റെ അടിസ്ഥാനസ്വഭാവത്തെയല്ല നാം അറിയുന്നത്. ഈ മേഖലയിൽ ശ്രദ്ധയൂന്നി മുന്നോട്ടുപോയ ചിലർ (അവരെ നമുക്ക് ഗുരുക്കന്മാരെന്നും ശാസ്ത്രജ്ഞരെന്നുമൊക്കെ വിളിക്കാവുന്നതാണ്) ആ ചോദ്യചിഹ്നത്തിന്റെ അമൂർത്തതയെ, അതിന്റെ നിഗൂഢാത്മകതയെ അതേപടി അനുഭവിപ്പിക്കാൻ ചില സങ്കേതങ്ങൾക്കായി ശ്രമിച്ചുനോക്കിയിട്ടുണ്ട്. രമണമഹർഷിയുടെ 'നാൻ യാർ?' അത്തരത്തിലുള്ള ഒരു സങ്കേതമാണ്, a technique. ഒരു സങ്കേതം എന്നതുകൊണ്ടുതന്നെ അതിന്റെ പ്രവർത്തനരീതിയെപ്പറ്റി ഒരു ഏകദേശ ധാരണയുണ്ടാവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഉദ്ധിഷ്ഠ ഫലം ലഭിക്കാത്ത ഒരു യന്ത്രത്തെപ്പോലെ അത് വെറുതെ പ്രവർത്തിച്ചുകൊണ്ടിരിക്കും.


ആത്യന്തികമായ അർത്ഥത്തിൽ സംഗതമല്ലെങ്കിലും, പരിചിതമായ ഒന്നിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പരമമായതിനെ അറിയാനുള്ള ശ്രമം. 'ഞാൻ ആരാണ്?' എന്ന് ചികഞ്ഞുകൊണ്ടേ പോവുക. ആദ്യം നമുക്ക് അറിയാവുന്ന ഉത്തരങ്ങൾ നല്കിക്കൊണ്ട്. താഴേക്ക് ഇറങ്ങിയിറങ്ങിചെല്ലുന്തോറും കൃത്യമായ ഉത്തരങ്ങൾ നല്കാനാവില്ലെന്നു വരും. പതിയെപ്പതിയെ ഉത്തരങ്ങളില്ലാതാവും. അതിനെത്തുടർന്ന് ചോദ്യവും. സമൂർത്തമായ ഒരു അകക്കാമ്പിനു വേണ്ടിയുള്ള മനസ്സിന്റെ ശാഠ്യം ശമിക്കുന്നതോടെ, അമൂർത്തതയെ, നിഗൂഢാത്മകമായ ആ മൗനത്തെ, അതേപടി സ്വീകരിക്കുകയായി നാം. 


ഇത്തരം പ്രയോഗങ്ങൾ വഴിതെറ്റിപ്പോകുന്നതിനുള്ള പ്രധാന കാരണം ഇവയെ 'ആത്മീയം' എന്ന വിശേഷ നാമം നല്കിക്കൊണ്ട് സമീപിക്കുന്നതാണ്. അതോടെ അതിലെ 'playfulness' അപ്പാടെ നഷ്ടമാകുന്നു. പിന്നെ നമുക്കത് ഗൗരവമേറിയ 'മനന'മായി, ഗംഭീരമായ സാധനയായി. 'ഞാൻ ആരാണ്?' എന്ന ചോദ്യത്തിന് കാവ്യാത്മകവും തത്വചിന്താപരവുമൊക്കെയായ  മറുപടി നല്കാനാവും നമ്മുടെ താല്പര്യം. 'ഞാൻ ആരാണ്? 'ഞാൻ ആരാണ്?' ചോദിച്ചുകൊണ്ടിരുന്നാൽ എവിടെനിന്നോ ഉത്തരം വീണുകിട്ടുമെന്ന് വിചാരിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട്.


തന്റെ എട്ടാം വയസ്സിൽ ഗുരുവിനെ തേടിയിറങ്ങിയ ആദിശങ്കരൻ മധ്യപ്രദേശിലെ ഓംകാരേശ്വർ എന്ന സ്ഥലത്ത് നർമ്മദാ നദീതീരത്തു വെച്ച് സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഗോവിന്ദപാദരെ കണ്ടുമുട്ടിയതത്രേ. അദ്ദേഹം ചോദിച്ചു, 'നീ ആരാണ്?' അതിന് മറുപടിയായി ആദിശങ്കരൻ പറഞ്ഞ മറുപടിയത്രേ 'നിർവ്വാണാഷ്ടകം'. "ഞാൻ മനസ്സല്ല, ബുദ്ധിയല്ല, അഹങ്കാരമല്ല, ഓർമ്മകളല്ല. ഞാൻ എന്റെ പഞ്ചേന്ദ്രിയങ്ങളല്ല. ഞാൻ പഞ്ചഭൂതങ്ങളുമല്ല. ഞാൻ അവബോധമാണ്; പൂർണ്ണമായ ആനന്ദാവബോധം." എന്നിങ്ങനെ തുടങ്ങുന്നതാണ് ദീർഘമായ ആ മറുപടി. 


ശങ്കരന്റേത് ഒരുപക്ഷേ ഉത്തരത്തിലെത്തിച്ചേർന്നവന്റെ മറുപടിയാണ്. നമുക്ക് പക്ഷേ വേണ്ടത് ഉത്തരത്തിൽ എത്തിച്ചേരാനുള്ള മറുപടികളാണ്. തികച്ചും സ്വാഭാവികമായ മറുപടികൾ. യാതൊരു വിധ വ്യംഗ്യാർത്ഥങ്ങളുമില്ലാത്തവ. യാതൊരു വ്യാഖ്യാനങ്ങളും ആവശ്യമില്ലാത്തവ. ഒരു സ്ഥിതിവിവരക്കണക്കുപോലെ തികച്ചും നിശബ്ദം. 

റിച്ചാർഡ് ബാക് തന്റെ 'മിശിഹായുടെ കൈപ്പുസ്തക'ത്തിൽ - Messiah's Handbook - ഇങ്ങനെയൊരു  സമീപനം മുന്നോട്ടുവെക്കുന്നുണ്ട്:


                          ‘ഏറ്റവും ലളിതമായ ചോദ്യങ്ങളാണ് 

                          ഏറ്റവും ആധികാരികമായവ.


                          നിങ്ങൾ എവിടെയാണ് ജനിച്ചത്?

                          നിങ്ങളുടെ വീട് എവിടെയാണ്?

                          നിങ്ങൾ എവിടേക്കാണ് പോകുന്നത്?

                          നിങ്ങൾ എന്താണ് ചെയ്യുന്നത്?

ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ 

                          ഇവയെപ്പറ്റി ചിന്തിച്ചു നോക്കുക,

                     നിങ്ങളുടെ ഉത്തരങ്ങൾ മാറിവരുന്നത് ശ്രദ്ധിക്കുക.’


നമ്മിൽ ആരാണ് എപ്പോഴെങ്കിലുമൊക്കെ തന്റെ സ്വകാര്യതയിൽ തനിച്ചാവാത്തത്? നമ്മിൽ ആരാണ് സ്വന്തം ജീവിതത്തിന്റെ ഗതിവിഗതികളെപ്പറ്റി എപ്പോഴെങ്കിലുമൊക്കെ സംശയിക്കാതിരുന്നിട്ടുള്ളത്? അത്തരം നിമിഷങ്ങളിൽ മിശിഹായുടെ മേൽപ്പറഞ്ഞ വരികളിലൂടെ സ്നേഹപൂർവ്വം കടന്നുപോവുക. ഓരോ തവണയും നാം നൽകുന്ന ഉത്തരങ്ങൾക്ക് ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ സംഭവിക്കുക തന്നെ ചെയ്യും. മുൻപ് സംശയലേശമെന്യേ പറയാൻ സാധിച്ചിരുന്നവ, ഇപ്പോൾ ഒരല്പം ശങ്കയോടെ പറയേണ്ടി വരുന്നു. മുൻപ് അഭിമാന പൂർവ്വം പറഞ്ഞിരുന്നതിനെ ഇപ്പോൾ നിരർത്ഥകമായി തോന്നുന്നു. മുൻപ് കൃത്യമായി പറയാൻ പറ്റിയിരുന്നതിനെ ഇപ്പോൾ 'അറിഞ്ഞുകൂടാ' എന്ന് പറയേണ്ടിവരുന്നു. 

ഈ മാറ്റങ്ങളെ വെറുതെ ശ്രദ്ധിക്കുക മാത്രം ചെയ്യുക. 

വെറുതെയാവില്ല അത്.






                                                  


                                               





















11 comments:

  1. 🙏..🍂..🍃..🍂..🙏✨️✨️👍👍

    ReplyDelete
  2. Superb ..... well written and also the pictures of the purple thing with water droplets and the destroyed Buddha statue clearly represents the content of the words just before that... Thank you so much 🙏🙏🙏

    ReplyDelete
    Replies
    1. Thank you dheeraj. Glad that you have touched by the pics.💖💖💖

      Delete
  3. ഇത് മുത്താണ്.നാൻ യാർ? ഉത്തരങ്ങൾ തീർന്നവൻ നിസഹായനായി പൊട്ടിച്ചിരിക്കുന്നു.

    ReplyDelete
  4. ഇത് മുത്താണ്.നാൻ യാർ? ഉത്തരങ്ങൾ തീർന്നവൻ നിസഹായനായി പൊട്ടിച്ചിരിക്കുന്നു.

    ReplyDelete
  5. Well written! Deep! :) loved it and perfect pictures ❤

    ReplyDelete