സത്യമായിട്ടും ഒത്തുപോവുകയില്ലതന്നെ.
എന്നാൽ രണ്ടും ഒത്തുപോവുകയില്ലെന്ന സത്യത്തെ സൗകര്യപൂർവ്വം മറച്ചുവെച്ചുകൊണ്ട് രണ്ടു വശങ്ങളേയും മാറി മാറി സ്വീകരിച്ചിട്ടുള്ളതാണ് നമ്മുടെ ഇതുവരേക്കുമുള്ള ചരിത്രം. താദാത്മ്യം എന്ന് പേരിട്ടുകൊണ്ട്, സഹാനുഭൂതി,സർഗാത്മകത എന്നീ വാക്കുകളെ മറയാക്കി പിടിച്ചുകൊണ്ട്, ഒരു വശത്ത് ഇന്ദ്രിയ വിഷയങ്ങളിൽ അല്ലെങ്കിൽ സഹതാപമടക്കമുള്ള വൈകാരിക തിര തള്ളലിൽ നാം മുഖമടിച്ചു വീഴുന്നു. ഇന്ദ്രിയങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് ജീവിത ലക്‌ഷ്യം എന്ന് തോന്നും വിധം പരിത്യാഗത്തിന്റെ കൃത്രിമ ചര്യകളെ ആശ്ലേഷിച്ച്, സ്നേഹം, ദയ, കാരുണ്യം എന്നീ വാക്കുകളുടെ മറവിൽ, മറുവശത്ത് നാം സഹന ജീവിതം നയിക്കുന്നു. രണ്ടിടത്തും സംഭവിക്കുന്നത് ഒന്നു തന്നെ: ബോധത്തിന്റെ സൂക്ഷ്മമായ ആ അകലം- the open corridor of pure knowing- പാലിക്കപ്പെടാതെ പോവുന്നു. ഈ രണ്ടു സമീപനങ്ങളും ആത്യന്തികമായി ജീവിതത്തെ ദുരിതമയമാക്കുക തന്നെയാണ് ചെയ്യുന്നത്.
അവബോധമെന്നത് നാം എന്ന ഉണ്മയെ (beingness) നമ്മുടേതെന്ന് കരുതിപ്പോരുന്ന ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും അവയുടെ ചെയ്തികളിൽ നിന്നും വ്യതിരിക്തമായി നില നിർത്തുന്ന സുതാര്യമായ ഒരു ഇടനാഴിയാണ്; ജൈവ സമ്പുഷ്ടമായത്, നിശബ്ദമായത്. അതിസൂക്ഷ്മമായ ഈ അകലത്തെ ഉണ്ടാക്കിയെടുക്കേണ്ടതല്ല; വീണ്ടെടുക്കേണ്ടതാണ്. അതൊരിക്കലും നഷ്ടമായിട്ടില്ല, അതിനെ അറിയാതെപ്പോകുന്നു എന്ന് മാത്രമേയുള്ളൂ. അതിന്റെ അഭാവത്തിൽ, ഒന്നുകിൽ നാം മറവിയിലെന്നോണം മുഴുകിപ്പോവുന്നു. അല്ലെങ്കിൽ നാം സർവ്വതിൽ നിന്നും പ്രതിഷേധമെന്നോണം മാറി നില്ക്കുന്നു.
റഷ്യൻ മിസ്റ്റിക് ആയിരുന്ന ജോർജ് ഗുർജിയെഫിനെ പറ്റി(George Ivanovich Gurdjieff) ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്: ഗുർജിയെഫിന് ഒൻപതുവയസ്സുള്ളപ്പോഴായിരുന്നുവത്രേ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. മരിക്കുന്നതിന് തൊട്ടു മുൻപ് അയാൾ ഗുർജിയെഫിനെ അടുത്ത് വിളിച്ച് ഒരുപദേശം കൊടുത്തുവത്രേ -' എന്നോട് ക്ഷമിക്കുക, നിനക്ക് നല്കാനായി ഈ വാക്കുകളല്ലാതെ യാതൊന്നുമില്ല. ഒരുപക്ഷേ ഇപ്പോൾ ഇത് നിനക്ക് മനസ്സിലായെന്നു വരില്ല. എന്നാലും ഈ വാക്കുകൾ ഓർത്തുവെക്കുക. ജീവിതത്തിൽ നിനക്കവ വല്ലാതെ ഉപകാരപ്പെടും.' ആ വാക്കുകൾ ഇങ്ങനെയായിരുന്നു, “ആരെങ്കിലും നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ അധിക്ഷേപിക്കുകയോ ചെയ്‌താൽ, അയാളോട് പറയുക ഇരുപത്തിനാലു മണിക്കൂറിനു ശേഷം ഇതിനു ഞാൻ മറുപടി തരാം. ഇരുപത്തിനാലു മണിക്കൂറിനു ശേഷം നിനക്കെങ്ങനെയാണോ തോന്നുന്നത് അതുപോലെ പ്രവർത്തിക്കുക." വൈകാതെത്തന്നെ ഗുർജിയെഫ് ആ വാക്കുകളെ സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാൻ തുടങ്ങിയത്രേ. കോപത്തിന്റെയോ അധിക്ഷേപത്തിന്റേയോ സന്ദർഭത്തിൽ മാത്രമല്ല, സന്തോഷം, അത്ഭുതാദരങ്ങൾ തുടങ്ങി വൈകാരികതയുടെ എല്ലാ മുഹൂർത്തങ്ങളിലും അദ്ദേഹമത് പ്രയോഗിച്ചുനോക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം വികസിപ്പിച്ചെടുത്ത അവബോധ സങ്കേതങ്ങളിൽ പിതാവ് സമ്മാനിച്ചിട്ടുപോയ ആ വാക്കുകൾ വലിയ പങ്കു വഹിക്കുകയുണ്ടായി.
നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്, ഈ പ്രപഞ്ചത്തിന്റെ സങ്കീർണ്ണമായ പാരിസ്ഥിതിക പ്രശ്നങ്ങളോ, ലോകം മുഴുവനുമുള്ള രാഷ്ട്രീയ കുതന്ത്രങ്ങളോ, ഇനി വരുന്ന തലമുറക്ക് ഇവിടം വാസയോഗ്യമാണോ എന്ന ആശങ്കയോ ഒന്നുമല്ല. ജീവിതം ചാരം മൂടിയത് പോലെ മങ്ങിവരണ്ടിരിക്കുന്നത് പ്രധാനമായും നമ്മുടെ ഇന്ദ്രിയസംവേദനങ്ങളിൽ സംഭവിക്കുന്ന മേല്പറഞ്ഞ അവബോധമില്ലായ്ക കൊണ്ടാണ്. ആ അവബോധമില്ലായ്ക കൊണ്ടാണ് സകലതും നമ്മെ സംബന്ധിച്ച് അതിശയോക്തി (exaggeration) പുരണ്ടിരിക്കുന്നത് - സന്തോഷവും ദുഃഖവും മടുപ്പും സ്നേഹവും ദേഷ്യവുമെല്ലാം. അതുകൊണ്ടാണ് ചില ശബ്ദങ്ങളോടും നിറങ്ങളോടും ചേഷ്ടകളോടുമെല്ലാം മുൻവിധികളോടെ നാം പ്രതികരിച്ചുപോകുന്നത്. അതുകൊണ്ടാണ് ക്രിസ്തുമത വിശ്വാസിയായ ഒരാൾ മാർപാപ്പയേയോ മദർ തെരേസയേയോ വിമർശിക്കുന്നത് കേൾക്കുമ്പോൾ വല്ലാതെയാകുന്നത്. അതുകൊണ്ടാണ് ഗീതയും ഖുറാനുമെല്ലാം വിമർശിക്കപ്പെടുമ്പോൾ അതാതു ഗ്രന്ഥ വിശ്വാസികൾ മുറിപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നത്. അതുകൊണ്ടാണ് സ്വന്തം പാർട്ടിയേയോ നേതാവിനേയോ പറ്റിയുള്ള പുകഴ്ത്തലുകളിൽ പുളകം കൊള്ളുകയും കളിയാക്കലുകളിൽ മുഷ്ടി ചുരുട്ടുകയും ചെയ്യുന്നത്.
ഗുർജിയെഫിന്റെ പിതാവ് ഇരുപത്തിനാല് മണിക്കൂർ എന്നുദ്ദേശിച്ചത്, നമ്മുടെ കാതുകളിൽ വന്നുവീഴുന്ന ശബ്ദങ്ങളോടും (വാക്കുകളോടും) കണ്ണുകളിൽ പതിക്കുന്ന നിറവൈജാത്യങ്ങളോടുമെല്ലാം വന്നപാടെ ഒട്ടിപ്പിടിക്കുന്നതിനു പകരം ബോധപൂർവ്വമായ പ്രതികരണത്തിന് ആവശ്യമായ സാവകാശം നല്കുക എന്നാണ്. 'എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ'- ഇന്ദ്രിയങ്ങൾ വാരിവലിച്ചുകൊണ്ടിവരുന്ന ഈ സ്പന്ദങ്ങളുടെയൊന്നും ഉത്തരവാദി ഞാനല്ല- എന്ന് തിരിഞ്ഞുകിട്ടാൻ പലപ്പോഴും സമയമെടുക്കുന്നു. അതുകൊണ്ടാണ് പിന്നേക്കുവെക്കുന്ന പ്രതികാരങ്ങൾ പലതും കുറച്ചുസമയത്തിനുശേഷം മയപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നത്. ഇനിയും ഒരല്പം കൂടി സാവകാശമുണ്ടായാൽ ഈ ഇന്ദ്രിയസംവേദനങ്ങളൊന്നും എന്റെയല്ലെന്നല്ല, ഈ ഇന്ദ്രിയങ്ങളൊന്നും തന്നെ 'ഞാൻ' അല്ല എന്ന ബോധ്യം വരും. ഞാൻ എന്ന ഉണ്മയും, ശരീരം മനസ്സ് എന്നീ ഉപകരണങ്ങളും തമ്മിൽ ആദ്യമേ ഉണ്ടായിരിക്കുന്ന വ്യതിരിക്തത (distinction) കൂടുതൽ തെളിഞ്ഞു വരും.
വാസ്തവത്തിൽ, ഇപ്പോഴാണ് നമ്മുടെ ഇന്ദ്രിയങ്ങളെ അവയുടെ കഴിവുകളുടെ പരമാവധിയിൽ ഉപയോഗിക്കാൻ നാം പ്രാപ്തരാവുന്നത്. ഇതുവരേക്കും നാം അവയുടെ താന്തോന്നിത്തങ്ങളിൽ അകപ്പെടുകയായിരുന്നു; കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ തനിയെ ഡയൽ ചെയ്കയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് പോലെ. (സ്നേഹം, അനുകമ്പ എന്നീ വികാരങ്ങളാവുമ്പോൾ, ഈ താന്തോന്നിത്തങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുകയും നാം കൂടുതൽ കബ്ബളിപ്പിക്കപ്പെടുകയും ചെയ്യുന്നെന്ന് മാത്രം).
ഗുർജിയെഫിനോട് ഉപദേശിക്കപ്പെട്ട ഉപായങ്ങളേക്കാൾ ലളിതവും അടിസ്ഥാനപരവുമായ പ്രയോഗങ്ങളിലൂടെ മേല്പ്പറഞ്ഞ വേർതിരിവ് കൂടുതൽ സുതാര്യമാക്കാനാവും: നമ്മുടെ നിത്യ സംഭാഷണങ്ങളിൽ, നമ്മുടെ വിചാര ധാരാളിത്തങ്ങളിൽ 'ശരീരവും മനസ്സും ഞാനാണ്' എന്ന് യാതൊരു ശങ്കയുമില്ലാത്തവിധം പ്രയോഗിച്ചുപോരുന്നുണ്ട്. ബാലമാസികയിലെ കുസൃതിച്ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന കൗതുകത്തോടെ അത്തരം സന്ദർഭങ്ങളെ കണ്ടെത്തുകയും അവയെ തിരുത്തിപ്പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, വിശക്കുമ്പോൾ 'എനിക്ക് വിശക്കുന്നു' എന്ന് പറയുന്നതിന് പകരം ‘വയറിന് വിശക്കുന്നു’ എന്ന് പറഞ്ഞു നോക്കുക. 'ഞാൻ കോപം കൊണ്ട് വിറക്കുകയാണ്' എന്ന് അറിയുമ്പോൾ 'എന്റെ ശരീരം കോപം കൊണ്ട് വിറക്കുകയാണ്' എന്ന് ഉള്ളിൽ തിരുത്തുക, നിശബ്ദമായി. 'എനിക്ക് ഉറക്കം വരുന്നു' എന്ന് പറയുന്നതിന് പകരം 'ശരീരം ഉറങ്ങാൻ ആഗ്രഹിക്കുന്നു' എന്ന് അറിയുക. 'എനിക്ക് തീരെ സന്തോഷമില്ല' എന്ന് പറയുന്നതിന് പകരം 'മനസ്സിന് തീരെ സന്തോഷമില്ല' എന്ന് പറയുക. 'ഞാൻ മനസ്സല്ല ശരീരമല്ല' എന്ന് വാക്കാൽ ഓതിക്കൊണ്ടിരുന്നതുകൊണ്ടായില്ല. സത്യത്തിൽ അതങ്ങനെയാണ് എന്ന് ഓരോ നിമിഷവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക.
മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും മാറി നിലകൊള്ളുക എന്നത് ഒരു knack ആണ്. കർക്കശമായി പരിശീലിച്ചെടുക്കേണ്ട ഒരു മല്പിടുത്തമല്ല. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും മാറിനില്ക്കുമ്പോൾ പിന്നെ എവിടെയാണ് സ്നേഹവും അനുകമ്പയുമെല്ലാം? മാറി നില്ക്കാൻ സാധിക്കുമ്പോൾ മാത്രം സാധ്യമാവുന്നവയത്രേ സ്നേഹവും അനുകമ്പയുമൊക്കെ. അത് സാധ്യമാവും വരേക്കും കോമാളികളിച്ചുനടക്കാൻ നമുക്കേവർക്കും വേണ്ടത്ര സ്വാതന്ത്ര്യമുണ്ടെന്നു മാത്രം.
💐💐🙏🏻🙏🏻💐💐👍🏻👍🏻
ReplyDelete❤️
ReplyDelete💕💕💕
Delete👌👌👌
ReplyDelete💕💕💕
Delete💖
ReplyDelete💕💕
Delete🙂
ReplyDeleteyes I will try this. Thank you
ReplyDeleteGOOD WISHES. lv
Delete🙏🏻🙏🏻
ReplyDeletelv
Delete🥀🥀🌷🌷🌺🌺🌺🌺🌹🙏🙏🙏🙏🌻🌻🌻🌻🌻🌻
ReplyDelete💕💕💕💕💕💕
Delete💗💗💗💗💗💗💗💗💯
ReplyDeletethank you.lv
Delete
ReplyDeleteWell, the article is well worth to read.
meditation class in india
thank you.lv
Delete🙏💚❤️
ReplyDelete💖💖💖
Delete