സ്‌കൂൾ ദിനങ്ങളിൽ കേട്ടിട്ടുള്ള ഒരു സാരോപദേശ കഥയുണ്ട്:
ഒരിടത്ത് നല്ലവനായ ഒരു മൗലവിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഉടലോടെ പരലോകം സന്ദർശിക്കാൻ ഒരവസരമൊത്തു. പരലോകത്തെത്തിയതും അദ്ദേഹം നരകത്തിലേക്കാനയിക്കപ്പെട്ടു. ഇതുവരേക്കും കേട്ടതുപോലെയൊന്നുമായിരുന്നില്ല നരകം. ആളിക്കത്തുന്ന തീയും ഇളകിയാടുന്ന നൂൽപ്പാലവും കുത്തിമറിയുന്ന ഇഴജന്തുക്കളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. എല്ലാം ഒരു ന്യൂ ജി സെറ്റപ്പ്. വളരെ വലിയ പൂമുഖം. സ്വർഗ്ഗത്തിനും നരകത്തിനും ഒരേ റിസപ്ഷൻ. രണ്ടിനും ഒരേ പൂന്തോട്ടം. അല്പം ആശ്ചര്യത്തോടെ അകത്തേക്ക് ചെന്ന മൗലവി കണ്ടത് വീതി കുറഞ്ഞ ഒരു നീണ്ട തീൻമേശക്കിരുവശവും ആളുകൾ ഇരുന്ന് പ്രാകുന്നതാണ്. അവരുടെ മുഖം പട്ടിണികൊണ്ടും കോപം കൊണ്ടും വികൃതമായിരിക്കുന്നു. തീൻമേശയിലാകട്ടെ നിറയെ കൊതിയൂറും വിഭവങ്ങൾ. സ്വാദിഷ്ടങ്ങളായ വിവിധ തരം പഴങ്ങൾ. മനോഹരങ്ങളായ ചഷകങ്ങളിൽ മോഹിപ്പിക്കുന്ന പാനീയങ്ങൾ. ആരും പക്ഷേ അതെടുത്തു കഴിക്കുന്നില്ല. അപ്പോഴാണ് മൗലവി ശ്രദ്ധിച്ചത് അവർക്ക് മേശമേൽ നിന്നും ഭക്ഷണമെടുത്ത് കഴിക്കാൻ സാധിക്കുന്നില്ല. അവരുടെ കൈകളിൽ ഓരോ നീണ്ട വടി വെച്ച് കെട്ടിയിരിക്കുകയാണ്. വിരലുകൾ കൊണ്ട് ഭക്ഷണം എടുക്കാമെന്നല്ലാതെ വായിലേക്ക് കൊണ്ടുപോകാൻ കഴിയില്ല! ഈ പട്ടിണിക്കോലങ്ങൾ സ്വാദേറിയ വിഭവങ്ങൾക്ക് മുന്നിലിരുന്ന് ആർത്തിപൂണ്ട് നരകിക്കുകയാണ്. നരകവാസികൾക്കുള്ള ശിക്ഷയാണത്രേ ഇത്!
എന്തൊക്കെയാണെങ്കിലും ഇതു കുറേ കടുത്തതായിപ്പോയി എന്ന് ഉള്ളിൽ പിറുപിറുത്തുകൊണ്ട് മൗലവി സ്വർഗ്ഗം കാണാൻ ചെന്നു. തൊട്ടപ്പുറത്തെ വാതിലാണ്. കയറിച്ചെന്നപ്പോൾ നരകത്തിൽ കണ്ട അതേ കാഴ്ച. നീണ്ടുകിടക്കുന്ന തീൻമേശ. നരകത്തിൽ കണ്ട അതേ വിഭവങ്ങൾ. അൽപ നിമിഷത്തിനു ശേഷം ആളുകൾ വന്നിരിക്കാൻ തുടങ്ങി. മൗലവിക്ക് ആശ്ചര്യമായി- അവരുടെ കൈകളിലും വടികൾ വെച്ച് കെട്ടിയിരിക്കുന്നു. 'പടച്ചോനെ, ഇവർക്കും അതേ ശിക്ഷയോ!', മൗലവി അറിയാതെ ചോദിച്ചുപോയി. പക്ഷേ ഇവരുടെ മുഖം വളരെ പ്രസന്നമാണ്. എല്ലാവരും സന്തോഷത്തിലാണ്. എല്ലാവരും ഇരുന്നുകഴിഞ്ഞപ്പോഴാണ് മൗലവിക്ക് കാര്യം പിടി കിട്ടിയത്. അവർക്ക് അവരുടെ കൈകൾ മടക്കാൻ പറ്റുന്നില്ലെങ്കിലും അവർ തൊട്ടെതിർവശത്തിരിക്കുന്നയാളുടെ വായിലേക്ക് ഭക്ഷണം വെച്ചുകൊടുക്കുന്നു. അവർ പരസ്പരം ഊട്ടുകയാണ്. അവർ നന്മ നിറഞ്ഞവരത്രേ! അതാണത്രേ അവരുടെ സന്തോഷത്തിനു കാരണം.
കഥ പറഞ്ഞ മാഷിനോട് അന്ന് ചോദിക്കാതെ പോയ ഒരു ചോദ്യം ഇന്ന് ഇവിടെ ചോദിക്കട്ടെ: ഇതിലെവിടെയാണ് കൊട്ടിഘോഷിക്കാൻ മാത്രമുള്ള നന്മ? നരകവാസികൾക്ക് കണ്ടെത്താനാവാതെ പോയ ഒരു ഉപായം സ്വർഗ്ഗത്തിലുള്ളവർക്ക് സാധിച്ചിരിക്കുന്നു. അവരെ അതിലേക്ക് നയിച്ചത് അവരുടെ നിസ്സഹായതയാണ്. അതിനെ മറികടക്കാനുള്ള അവരുടെ കഴിവിനെ വിവേകമെന്നോ കൗശലമെന്നോ മറ്റോ വിളിക്കാം. അതാണ് വേണ്ടതും. എന്നാൽ, നിസ്സഹായതയുടെ പേരിൽ- ആ നിസ്സഹായത അവരിലെ ശീലമാകട്ടെ, അവരിലെ ന്യൂറോളജിയാകട്ടെ, അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാകട്ടെ - തിന്മ ചെയ്തുപോരുന്നവരും നിസ്സഹായതയുടെ പേരിൽ നന്മ ചെയ്യുന്നവരും തമ്മിൽ ഗുണപരമായി -qualitatively- എന്ത് വ്യത്യാസമാണുള്ളത്? പരസ്പരമുള്ള ഒരു നീക്കുപോക്കിനെ നന്മ, സഹാനുഭൂതി എന്നിവയുടെ ഉദാഹരണമായി എടുത്തുകാണിക്കുന്നേടത്ത് കാര്യമായ പിഴവുണ്ട്.
ഉദാഹരണവും പ്രതിരൂപവും - example & sample - നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയിട്ട് നാളേറെയായി. ഒരുപക്ഷേ ഭാഷയുടെ ഉത്ഭവം മുതല്ക്കേ. ഒരു വ്യക്തിയുടെ മാത്രം ജീവിതമെടുത്താൽ, ഓർമ്മ വെക്കുന്ന നാൾ മുതൽ അവന്റെ വളർച്ച നിശ്ചയിക്കുന്നതിൽ ഉദാഹരണവും പ്രതിരൂപവും മാതൃകയുമെല്ലാം വഹിച്ചുപോരുന്ന പങ്കിനെപ്പറ്റി അയാൾ വേണ്ടത്ര ബോധവാനാണെന്നു തോന്നുന്നില്ല. ഇവയിലെല്ലാം പൊതുവായിക്കിടക്കുന്ന അടിസ്ഥാന സ്വഭാവം അനുകരണത്തിന്റേതാണ്. മനുഷ്യന്റെ ബോധപരിണാമങ്ങളെല്ലാം അനുകരണത്തിന്റെ ചുമലിലേറിയാണ് നടന്നുവന്നിട്ടുള്ളത്. ഏതൊരു ഉദാഹരണവും കേവലം ഒരു ഉദാഹരണമല്ലത്രേ, നമുക്കകത്ത് അത് അനുകൂലമായോ പ്രതികൂലമായോ അതിസൗമ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് സാരം.
SUN by VANGOGUE |
ഇത്തരം നിരുപദ്രവകാരികളായ ഉദാഹരണങ്ങൾ അവയുടെ ചാരപ്രവർത്തനം നടത്തുന്നത് യുക്തിയുടെ തലത്തിലല്ല. ആ തലത്തിൽ അത് അത്ര അപകടകാരിയുമല്ല, മഴയ്ക്ക് തനതായ വ്യക്തിത്വമില്ലെന്നും അത്തരമൊരു ഉപമയുടെ സാംഗത്യം അതല്ലെന്നും വ്യക്തമാണ്. എന്നിട്ടും പക്ഷേ, ഈ ഉദാഹരണങ്ങൾ നിസ്സാരമായ കുറ്റബോധത്തിന്റെ നരച്ച ധൂളികൾ വിതറിപ്പോകുന്നു- സമഭാവനയോടെ പ്രവർത്തിക്കാനായില്ലെങ്കിൽ തന്നിൽ എന്തോ കുഴപ്പമുള്ളതുപോലെയുള്ള ഒരു തോന്നൽ. സമഭാവനയെന്നത് കേവലം ഒരു ഭാവന മാത്രമാണെന്നും പ്രായോഗികജീവിതത്തിൽ ഒരിക്കലും സാധ്യമല്ലാത്തതും ആവശ്യമില്ലാത്തതുമാണെന്നറിയുന്നതാണ് വിവേകം. ഇനി ആവശ്യമായ ഒന്നാണെന്ന് തന്നെ വെക്കുക. മനസ്സ് എന്ന ഒരു പ്രതിഭാസമുള്ളേടത്തോളം സാധ്യമേയല്ലാത്ത ഒരു സംഗതിയാണത്. മഴയ്ക്കും സൂര്യനുമൊക്കെ മനസ്സുണ്ടായിരുന്നെങ്കിൽ എവിടെയാകുമായിരുന്നു അവരുടെ സമഭാവന? കാറ്റിന് ഒരു മനസ്സുണ്ടായിരുന്നെങ്കിൽ, അത് ഏതെല്ലാം രീതിയിലായിരുന്നു വീശിയടിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. ഏതായാലും ഒന്നു വ്യക്തമാണ്. സ്വന്തമായി മനസ്സും വികാരങ്ങളും വിവേകവും ഇല്ലാത്തവക്കു മാത്രമേ ഉപദേശകർ പറയുന്ന 'സമഭാവന' പറഞ്ഞു ഫലിപ്പിച്ചെടുക്കാനാവൂ. സമഭാവനയുടെ കാര്യത്തിൽ, ചോരയും നീരുമുള്ള ഒരൊറ്റ വ്യക്തിയേയും മാതൃകയായി മുന്നോട്ടു വെക്കാനാവില്ല. അതുകൊണ്ടാണ് ഉദാഹരണങ്ങൾക്കായി ജീവനില്ലാത്തവയെ കൂട്ടുപിടിക്കുന്നത്. അഥവാ വ്യക്തികളിൽ എവിടെയെങ്കിലും 'സമഭാവന' കണ്ടെത്തുന്നുവെങ്കിൽ അത് വെറും ഭാഗികമായിരിക്കും. അതിന്റെ ഉദ്ദേശ്യശുദ്ധി ഗൂഢമായിരിക്കും. മാത്രവുമല്ല, ആ ചെയ്തിയുടെ സമഗ്രമായ അവലോകനത്തിൽ ഈ 'സമഭാവന' ഇടം തിരിഞ്ഞു നില്പ്പുണ്ടാകും.
ജീവിതത്തിൽ 'സമമായി' എന്തെങ്കിലും സാധ്യമാണെങ്കിൽ അത് 'ഉണർവ്' മാത്രമാണ്- being aware. അതിന്റെ പ്രതിഫലനമായിട്ടുള്ള പ്രവർത്തികളിൽ ഒരിക്കലും അത് അങ്ങനെയല്ല കാണപ്പെടുക. അങ്ങനെയാവുകയുമരുത്.
മനുഷ്യൻ കടന്നുപോകുന്ന സങ്കീർണ്ണമായ ജീവിതാവസ്ഥകളെ പരാമർശിക്കുമ്പോൾ പലയിടത്തും നാം അവനെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നു. മൃഗങ്ങൾ പെരുമാറിപ്പോരുന്നതിനെ ഉദാഹരണമാക്കി, നാം അവയെ മാതൃകയാക്കണമെന്ന് ഉപദേശിക്കുന്നു. മൃഗങ്ങളെ നോക്കൂ, പക്ഷികളെ നോക്കൂ, അവ എത്ര സമാധാനത്തോടെയാണിരിക്കുന്നത്, അവ എത്ര ലാളിത്യത്തോടെയാണ് ജീവിക്കുന്നത്, അവർക്ക് ജാതി മത ഭേദങ്ങളില്ല, അവർ കൂട്ടിവെക്കുന്നില്ല, അവർ ആനന്ദതുന്ദിലർ എന്നിങ്ങനെയാണ് സമാധാന ഉപദേശികൾ ഹരം കൊള്ളുന്നത്. 'ഒരു നായക്കു പോലും ഇതൊക്കെ സാധ്യമാണ്, എന്നിട്ടാണോ ഒരു മനുഷ്യനായ നിങ്ങൾക്ക് ഇത് കഴിയാതെ പോകുന്നത്?' എന്നിങ്ങനെയാണ് ഉപദേശികൾ നമ്മെ കുറ്റപ്പെടുത്താറുള്ളത്. അസ്വസ്ഥത പേറുന്ന ഒരു സാധാരണ മനുഷ്യൻ ഇത്തരം ഉദാഹരണങ്ങളിൽ ആശ്വാസം കണ്ടെത്തുമ്പോൾ, ഓർക്കാതെ പോകുന്ന ഒരു സത്യമുണ്ട് - പക്ഷിമൃഗാദികളെല്ലാം തന്നെ ആനന്ദതുന്ദിലരായിരിക്കുന്നത് വൈയക്തികത (individuality) യെന്ന സ്വാതന്ത്ര്യത്തിന്റെ അഭാവത്തിലാണെന്ന്.
അവയുടെ സമാധാനമെന്നത് അവയുടെ പരിമിതിയാണ്. അങ്ങനെയെല്ലാതാവാനുള്ള അവബോധമോ സ്വാതന്ത്ര്യമോ അവയ്ക്കില്ല. അവയിൽ നാം കാണുന്ന (നന്മയെന്നു നാം വാഴ്ത്തിപ്പാടുന്ന) ഗുണങ്ങളെല്ലാം നിശ്ചിതമായിട്ടുള്ള ന്യൂറോളജിക്കൽ വ്യവസ്ഥയുടെ പരിമിതിയാണ്. ലോഹം, പ്ലാസ്റ്റിക്കുകൾ എന്നിവക്ക് പകരം മജ്ജയും മാംസവും കൊണ്ട് നിർമിക്കപ്പെട്ട ജൈവ യന്ത്രങ്ങൾ. (പക്ഷിമൃഗാദികളെ സ്നേഹിക്കരുതെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. 'പഞ്ചതന്ത്രം' കഥകൾക്കപ്പുറത്ത് അവയെ ഉദാഹരിക്കുമ്പോൾ സൂക്ഷിച്ചുവേണം എന്നേയുള്ളൂ.)ഇത്തരം ഉദാഹരണങ്ങളിൽ വീണു പോകുമ്പോൾ, ഏറ്റവും അടിത്തട്ടിൽ, നമ്മുടെ മനോ-ശരീര വ്യവസ്ഥയിൽ അനുഗൃഹീതമായിട്ടുള്ള സ്വാതന്ത്ര്യം എന്ന മൂല്യത്തെ നാം അവഗണിക്കുകയാണ്; അതാവശ്യപ്പെടുന്ന ഉത്തരവാദിത്തത്തിൽ നിന്നും നാം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
ഉദാഹരണങ്ങളെ കരുതിയിരിക്കുക.
അവ നമ്മുടെ സ്വാതന്ത്ര്യാവബോധത്തെ
കാർന്നു തിന്നാൻ ഇടയുണ്ട്!
For example😭
ReplyDeletejust for an example.not more than that. sh....
DeleteNice
ReplyDeletethank you
DeleteSo beautiful 🥰
ReplyDeletethank you
Delete💐💐🖲🖲🌼🌼🌸🌹🌷🌷🌺🌸🌈🌈
ReplyDeletelv dear
DeleteWhat a beautiful and elaborating analysis of things hanging around us, marvelous... Congratulations
ReplyDeletethank you joseph. lv
Delete👍🏻✨️✨️✨️👍🏻
ReplyDeleteThanks.... ഉണരുവാൻ .. ഈ ലേഖനം സഹായകരമാണ്
ReplyDeletemy joy... lv
Deleteഊഷ്മളമായ ഒരു വായനാനുഭവം....❤️
ReplyDeletethank you.lv
Delete✨🙏🏽✨🙏🏽✨🙏🏽
ReplyDelete💗💗💗
Delete