Featured Post

Friday, April 29, 2022

ഉണർവിലേക്കുള്ള പടവുകൾ - 26

                                                 click for english google translation


ആർഭാട വിചാരങ്ങൾ


ശ്രീ കൺ േഠശ്വരം പത്മനാഭപ്പിള്ള ശബ്ദതാരാവലി തയ്യാറാക്കിയതിനു ശേഷംചട്ടമ്പിസ്വാമികളെ കാണിച്ചപ്പോൾ, ചട്ടമ്പി സ്വാമികൾ അതൊന്നു മറിച്ചുനോക്കിയതിനു ശേഷം 'ആർഭാടമില്ലെങ്കിലും കൊള്ളാം' എന്ന് പറഞ്ഞു തിരിച്ചുകൊടുത്തുവത്രേ!- കേട്ടുകേഴ്വിയാണ്. പത്മനാഭപ്പിള്ള പിന്നീടാണ് മനസ്സിലാക്കിയത് 'ആർഭാടം' എന്ന വാക്ക് വിട്ടുപോയിരിക്കുന്നെന്ന്. ആകസ്മികമെങ്കിലും 'ആർഭാടം' എന്ന വാക്കു തന്നെ സ്വാമിയുടെ കണ്ണിൽ പെട്ടല്ലോ. 'ആർഭാട'ത്തിന് നാം പൊതുവെ വിചാരിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നിത്യജീവിതത്തിൽ ഉണ്ടെന്നതാണ് സത്യം.

ശബ്ദതാരാവലിയിൽ ആർഭാടം എന്ന വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥം, 'ആഡംബരം' എന്നതിന് പുറമേ, 'ഒച്ചപ്പാട്' 'ബഹളം' എന്നൊക്കെയാണ്. മലയാളത്തിൽ ആ വാക്കിന്റെ അർത്ഥച്ചുവകൾ പൊങ്ങച്ചം, അനാവശ്യം, സ്വീകാര്യമല്ലാത്തത്, ഹുങ്ക് എന്നിങ്ങനെയാണ്. LUXURY എന്ന ഇംഗ്ളീഷ് പദത്തിന്റെ കാര്യത്തിലും കാര്യമായ അർത്ഥവ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്; 'സമൃദ്ധി' എന്നതിൽ നിന്നും ആസക്തി, കാമം തുടങ്ങി വ്യഭിചാരം എന്ന നിലയിലേക്ക് വരെ ലോകമെമ്പാടും ആർഭാടം വലിച്ചിഴക്കപ്പെടുന്നു. 'ഒച്ചപ്പാട്', 'ബഹളം' എന്നീ  അർത്ഥങ്ങളിൽ വിദൂരമായേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും, ആർഭാടം എന്ന വാക്ക് നാം മനുഷ്യരുടെയുള്ളിൽ മിക്കപ്പോഴും ഒച്ചപ്പാടും ബഹളവുമൊക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുതരം തീരാകലഹം. ഇവിടെ ഈ വിഷയം തെരഞ്ഞെടുക്കുന്നതും അതുകൊണ്ടുതന്നെ.

രാഷ്ട്രീയക്കാരെപ്പോലെത്തന്നെ, അവസരവാദപരമായി പ്രയോഗിക്കുന്നതുകൊണ്ടാണ് 'ആർഭാടം' എന്ന വാക്ക് ഒരു ചർച്ചാവിഷയമായി മാറുന്നത്. സ്വന്തം കാര്യം വരുമ്പോൾ ആ വാക്കിനെ 'സമൃദ്ധി' എന്ന അർത്ഥത്തിൽ - അതിൽ എന്തിത്ര തെറ്റിരിക്കുന്നു? എന്ന് മറുചോദ്യം - പ്രയോഗിക്കുകയും അതേ സമയം മറ്റുള്ളവരുടെ കാര്യത്തെപ്രതി 'അനാവശ്യം, ഹുങ്ക്' എന്ന അർത്ഥത്തിൽ പ്രയോഗിക്കാൻ തിടുക്കം കാണിക്കുകയുമാണ് സാധാരണയായി സംഭവിക്കുന്നത്. 


'വെറുതെയൊന്ന് യാത്ര ചെയ്യാൻ കോടികൾ വിലപിടിപ്പുള്ള ഇത്രയും വലിയ കാറിന്റെ ആവശ്യമെന്താണ്' എന്ന് ഒരു സൈക്കിൾ യാത്രക്കാരന് തോന്നുന്നുണ്ടെങ്കിൽ, കാൽനടയായി പോകുന്നയാൾ (നിവൃത്തിയില്ലായ്മ കൊണ്ട്) സൈക്കിൾ യാത്രക്കാരനെപ്പറ്റി വിചാരിക്കുന്നത് സൈക്കിൾ ഒരു ആർഭാടമാണെന്നാണ്. സൈക്കിൾ യാത്രക്കാരൻ ചോദിക്കുന്നു, 'തന്റെ ഈ പാവം സൈക്കിൾ ഒരു ആവശ്യം മാത്രമല്ലേ?'. എന്നാൽ അയാളുടെ വശത്തുകൂടെ ചീറിപ്പാഞ്ഞുപോയ 'ആഡംബര' കാറിന്റെ ഉടമ 'തന്റെ ഈ പാവം കാർ ഒരു ആവശ്യം മാത്രമല്ലേ?' എന്ന് ചോദിച്ചാൽ, സൈക്കിൾ യാത്രക്കാരൻ പക്ഷേ സമ്മതിച്ചു തരില്ല.


ജീവിക്കാൻ അത്യാവശ്യം ഇത്ര സൗകര്യങ്ങളൊക്കെ മതി എന്ന് കൊട്ടാരവാസിയായ ഒരാൾ വിചാരിക്കുമ്പോൾ (അതിനേക്കാൾ വലിയ മാളികകൾ വെറും ആർഭാടമത്രേ!) ഒരു സാധാരണക്കാരൻ വിചാരിക്കുന്നത് 'ഒട്ടനവധി ആളുകൾ കിടപ്പാടമില്ലാതെ കഷ്ടപ്പെടുമ്പോൾ, ഒരു കൊട്ടാരസദൃശമായ ഈ വീട് വെറും ആർഭാടമാണ്‌' എന്നാണ്. അതേസമയം കൂരയിൽ വസിക്കുന്ന ഒരാൾ ഇതേ ചോദ്യം സാധാരണക്കാരനോട് ചോദിക്കുകയാണെങ്കിൽ, അയാളത് സമ്മതിച്ചുതരില്ല. അയാൾ വിചാരിക്കുന്നത് വെറും രണ്ടു മുറികളും ഒരു അടുക്കളയുമുള്ള ഈ വീട് അത്യാവശ്യത്തിനുള്ളത് മാത്രമാണെന്നാണ്. ഇതിലെവിടെയാണ് ആർഭാടം? അതേസമയം തെരുവിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് ഒരു കൂര പോലും ആർഭാടമാണ്. എന്തിനധികം, ഒരാൾ കുറച്ചധികം സ്ഥലം കൈവശമാക്കി (ആർഭാടം) എന്ന് പറഞ്ഞുകൊണ്ട് ഫുട്പാത്തുകളിൽ കിടന്നുറങ്ങുന്നവർ തമ്മിൽ അടിപിടി കൂടുന്നത് കണ്ടിട്ടുണ്ട്.


തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള അർത്ഥങ്ങളിൽ മുൻപന്തിയിലുള്ള രണ്ടു പദങ്ങളാണ് ആർഭാടവും ലാളിത്യവും. ഒരു സൂഫി കഥയുണ്ട്:





ഒരിടത്ത് പ്രസിദ്ധനായ ഒരു സൂഫി ഗുരു കുടിൽകെട്ടി താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യം ഗ്രാമങ്ങളിലെമ്പാടും ചർച്ചാവിഷയമായിരുന്നു, വിനയവും. അങ്ങനെയിരിക്കേ ഒരു ദിവസം ഒരു യാചകൻ ഭിക്ഷക്കായി ഈ ഗുരുവിന്റെ കുടിലിനു മുന്നിലെത്തി. ഗുരു യാചകനെ അകത്തേക്കു ക്ഷണിച്ചു. അകത്തു കടന്ന യാചകൻ പക്ഷേ അമ്പരന്നുപോയി. സൂഫിഗുരുവിന്റെ കുടിൽ പുറമെ നിന്ന് കാണുന്നതുപോലെയൊന്നുമല്ല അകത്ത്. വർണ്ണശബളമായ വെൽവെറ്റ് പരവതാനികളെക്കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് നിലം മുഴുവനും. കുടിലിന്റെ പായകൾ വലിച്ചുകെട്ടിയിരിക്കുന്നത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ കുറ്റികളിൽ. വെള്ളിപ്പാത്രങ്ങളും ചഷകങ്ങളും. മുത്തുകൾ കൊണ്ടലങ്കരിച്ച മച്ച്. കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങൾ. മാത്രവുമല്ല, ഈ ഗുരുവാകട്ടെ ധരിച്ചിരിക്കുന്നത് വിലകൂടിയ പട്ടുവസ്ത്രങ്ങൾ. പാദുകങ്ങൾ സ്വർണ്ണം പൂശിയിട്ടുള്ളത്.

യാചകൻ പൊടുന്നനെ അസ്വസ്ഥനായി. അയാളുടെ മുഖം കറുത്തു. അയാൾ എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി. ഗുരു ചോദിച്ചു, 'എന്ത് പറ്റി? നിങ്ങളുടെ മുഖം വല്ലാതായല്ലോ!' യാചകൻ പൊട്ടിത്തെറിച്ചു,'നിങ്ങൾ ഇത്രക്കും ചതിയനും കപടതയുള്ളവനുമാണെന്ന് വിചാരിച്ചില്ല. ഇത്രക്കും ആർഭാടത്തിൽ കഴിയുന്ന നിങ്ങളാണോ ഒരു സൂഫി?' ഗുരു ചോദിച്ചു,'ഒരു സൂഫിയാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? പറഞ്ഞാലും.' യാചകൻ പറഞ്ഞു,'നിങ്ങൾ ഇങ്ങനെ സ്വർണ്ണ പാദുകവുമണിഞ്ഞു സിംഹാസനത്തിൽ ഇരിക്കുകയല്ല വേണ്ടത്. ഈ ഞാനൊക്കെ ജീവിക്കുന്നത് പോലെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഭിക്ഷയെടുത്ത് കിട്ടുന്നതുകൊണ്ടു എവിടെയെങ്കിലും കിടന്നുറങ്ങി ലളിതമായി ജീവിക്കേണ്ടവനാണ്. ആർഭാടങ്ങൾ നിങ്ങളെ ആസക്തനാക്കുകയാണ്.' 

'അങ്ങനെയാണോ വേണ്ടത്? എങ്കിൽ ഞാനിതാ നിങ്ങളോടൊപ്പം വരുന്നു' എന്ന് പറഞ്ഞു കൊണ്ട് ഗുരു യാചകനൊപ്പം കുടിലിൽ നിന്നും ഇറങ്ങി നടന്നു; സ്വർണക്കുറ്റികൾ നാട്ടിയ, പരവതാനികൾ വിരിച്ച ആ കുടിലിന്റെ കതക് അടയ്ക്കാൻ പോലും മെനക്കെടാതെ, തന്റെ സ്വർണ്ണ പാദുകങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചുകൊണ്ട്, നഗ്നപാദനായി. കുറച്ചു ദൂരം നടന്നപ്പോൾ യാചകൻ വീണ്ടും അസ്വസ്ഥനായി. ഗുരു ചോദിച്ചു,' എന്ത് പറ്റി?'

യാചകൻ പതിയെ പറഞ്ഞു,' ഞാൻ എന്റെ ഭിക്ഷാപാത്രം നിങ്ങളുടെ കുടിലിൽ മറന്നുവെച്ചു. അതെടുത്തിട്ടു വരാം.'




ആർഭാടമെന്ന പദത്തിന്റെ അർത്ഥത്തെ വക തിരിക്കുന്നത് ആസക്തിയും ആർത്തിയുമൊക്കെയാണ്; ആർഭാടത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുവകകളല്ല. അടിയിൽ ഊറിക്കിടക്കുന്ന ആസക്തി ഒരു ഭിക്ഷാപത്രത്തെപ്പോലും ആർഭാടമാക്കി മാറ്റിക്കളയുന്നു. അത് ഒരു കുടിലിന്റെ ലാളിത്യത്തെ മലിനമാക്കിക്കളയുന്നു. അത് ഒരു രമ്യഹർമ്യത്തിന്റെ സൗന്ദര്യത്തെ മലീമസമാക്കുന്നു. പരിപാലിക്കപ്പെടുന്ന ലാളിത്യവും ദാരിദ്ര്യവും അവജ്ഞയുളവാക്കുന്നതാണ്, കൊട്ടിഘോഷിക്കപ്പെടുന്ന ആഡംബരവും സമ്പത്തും പോലെത്തന്നെ.

നമ്മുടെ ആർഭാടത്തെ ആവശ്യമെന്നു വാദിച്ചുറപ്പിച്ചു, മറ്റുള്ളവരുടെ ആവശ്യത്തെ ആർഭാടമാക്കി വ്യാഖ്യാനിക്കാനുള്ള പ്രവണത കേവലം ആർത്തിയാണ്, അജ്ഞതയാണ്; അതിന്റെ കാരണങ്ങൾ എന്തൊക്കെയാണേലും. അത്തരം അജ്ഞരാണ് റോൾസ് റോയ്‌സ് കാറുകളുടെ കണക്കെടുത്ത് നിർവൃതിയടയുന്നത്.

ആർഭാടത്തെപറ്റിയുള്ള ആ സ്തുതിപ്രഖ്യാപനത്തെ ഓർക്കാതെ വയ്യ -'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്.' ആർഭാടമെന്നതിനുള്ള പര്യായങ്ങളാണ് തിരുവചനങ്ങളും മറ്റും. ആഘോഷിക്കാനുള്ള ത്രാണിയെന്ന് സാരം. അത് ക്വാളിറ്റിയുടെ തലമാണ്, കണക്കുകളുടെ നിർജ്ജീവ താരതമ്യങ്ങളുടേതല്ല- quantity.

ആർഭാടമെന്ന പദത്തിന്റെ (ലാളിത്യത്തിന്റെയും) ഉടമസ്ഥാവകാശം സമൂഹാഭിപ്രായത്തിൽ നിന്നും തികച്ചും വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ ആ പദത്തിന് പ്രകൃത്യാനുസാരിയായ ഒരു അർത്ഥം കൈവരികയുള്ളൂ. ആ അർത്ഥം സമൃദ്ധിയുടെയും ആഘോഷത്തിന്റെയും പങ്കുവെക്കലിന്റെയുമൊക്കെയാണ്. അസ്തിത്വമെന്നത് ആർഭാടം നിറഞ്ഞ, വൈവിധ്യമാർന്ന, സമൃദ്ധമായ ഒരു ജൈവ പ്രതിഭാസമാണെന്ന തിരിച്ചറിവാണത്. നാം ആ ആഘോഷത്തിലേക്ക് പങ്കുചേരാൻ തുനിയുകയേ വേണ്ടൂ. അല്ലാത്തപ്പോൾ, നാം അകത്തേക്കിറക്കുന്ന ഒരു കഴിഞ്ചു ശ്വാസം പോലും വെറും ആർഭാടമെന്ന് (നിഷേധാർത്ഥത്തിൽ) അറിയേണ്ടി വരും. അതായത് നാം അതിന് യോഗ്യമല്ലെന്നു സാരം. ആഘോഷത്തിന് യോഗ്യത നേടുമ്പോഴോ, അതിസങ്കീർണ്ണവും ബൃഹത്തുമെന്നു തോന്നിക്കുന്ന ഈ മഹാപ്രപഞ്ചവും ജീവിതവുമെല്ലാം ലളിതങ്ങളായ ഊർജ്ജപ്രഹർഷങ്ങൾ മാത്രം.

 

                                                      




 




















10 comments:

  1. ഒരു പദം .... ഇത്രയും ഉൾക്കാഴ്ചയോടെ വിശദീകരിക്കാൻ കഴിയുന്നു എന്നതിൽ എനിക്ക് വിസ്മയം തോന്നുന്നു

    ReplyDelete
  2. ഓരോ പദത്തിന് പിന്നിലും ഇത്രയും ഉൾക്കാഴ്ചകൾ ഉണ്ടെന്നറിയുമ്പോൾ എനിക്കും വിസ്മയം തോന്നുന്നു. അത് പങ്കുവെച്ചെന്നേയുള്ളൂ. ഒരുപോലുള്ള വിസ്മയങ്ങളാണത്രേ വിനിമയങ്ങൾ സാധ്യമാക്കുന്നത്. സന്തോഷം. lv

    ReplyDelete
  3. ഓരോ പദത്തിൻ്റെയും ആത്മാവ് എത്ര വിശാലമാണെന്ന് മനോഹരമായി കാണിച്ചതിന് ഉഗ്രമായ പേരുന്നാൾ ആശംസകൾ

    ReplyDelete