Featured Post

Tuesday, June 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 28





ഒഴിഞ്ഞ തോണി


എത്ര തവണ കേട്ടാലും മതിവരാത്ത ഒന്നാണ് സെൻ മാസ്റ്ററായിരുന്ന Lin Chi യുടെ ജീവിതത്തിലെ ഒഴിഞ്ഞ തോണിയുടെ കഥ:

സമയം കിട്ടുമ്പോഴെല്ലാം, രാത്രിനേരങ്ങളിൽ വിശേഷിച്ചും, അടുത്തുപ്രദേശത്തുണ്ടായിരുന്ന വിശാലമായ ഒരു തടാകത്തിൽ, തോണിയിൽ കയറിയിരുന്ന് വെറുതേ ഇങ്ങനെ വിശ്രമിക്കുക ലിൻ-ചി യുടെ പതിവായിരുന്നു. തടാകത്തിൽ വേറെയും തോണികൾ കിടപ്പുണ്ട്. ഒരു രാത്രി അദ്ദേഹം കണ്ണുകളടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ തോണിയിന്മേൽ മറ്റൊരു തോണി വന്ന് ഇടിക്കുകയുണ്ടായി. ലിൻ ചി യുടെ തോണി ഇളകിയാടി. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തിൽ ലിൻ  ചി തോണിയിൽ നിന്നും തെറിച്ചു വീഴേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം അങ്ങനെ സംഭവിച്ചില്ലന്നേയുള്ളൂ.

ലിൻ ചി കണ്ണ് തുറന്നത് ആളിക്കത്തുന്ന കോപത്തോടെയായിരുന്നു. ഏതവനാണ് തന്റെ തോണിയിന്മേൽ മറ്റൊരു തോണി കൊണ്ട് വന്ന് ഇടിച്ചത്? ഇവനൊന്നും കണ്ണ് കണ്ടു കൂടെ? തന്റെ ഈ തോണി മറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു? തോണിക്ക് കേടുപാടുകൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. വേണ്ടിവന്നാൽ തോണി കൊണ്ടുവന്ന് ഇടിച്ചയാളുടെ മൂക്കിനിട്ട് ഒന്ന് കൊടുക്കാൻ തയ്യാറായിക്കൊണ്ടുതന്നെയാണ് ലിൻ ചി കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ പക്ഷേ മുന്നിലുണ്ടായിരുന്നത് ഒരു ഒഴിഞ്ഞ തോണിയായിരുന്നു. കാറ്റിൽ ആടിയുലഞ്ഞു വന്ന ഒരു തോണി, തന്റെ തോണിയിൽ വന്ന് വെറുതെ മുട്ടിയതാണ്. ലിൻ ചി യുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചത് ആ തോണിയായിരുന്നു. ഒരു ഒഴിഞ്ഞ തോണി ലിൻ ചി യുടെ ഗുരുവായിത്തീർന്നു.


ഒഴിഞ്ഞ തോണി, ജീവിതയാഥാർഥ്യത്തെ പ്രതി ഒരു പ്രതീകമാണ്. ഏതു നിമിഷവും ഏതു സന്ദർഭത്തിലും ഓർമ്മിക്കാവുന്ന ഒരു പ്രതീകം. ജീവിതത്തിലെ ഏതു മുഹൂർത്തമാണ് വെറും ഒഴിഞ്ഞ തോണിയല്ലാതുള്ളത്? ലിൻ ചി യുടെ കഥയിലേതുപോലെ ദേഷ്യം  ഇരച്ചു കയറി വരുന്ന സാഹചര്യങ്ങളിൽ അതിനെ തിരിച്ചറിയാൻ വളരെ എളുപ്പമായേക്കാം. നാം കോപം കൊണ്ട് നിറയുന്നത് മിക്കവാറും കണ്ണുകളടച്ചു - അബോധത്തിലോ മുൻവിധികളിലോ അന്ധനായി - കഴിയുന്നതുകൊണ്ടാണ്. പലപ്പോഴും നാം വിചാരിക്കുന്നത് നാം ധ്യാനിക്കുകയാണ് എന്നാണ്; നമ്മുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണത്രേ !

കണ്ണുകൾ തുറന്നു നോക്കുമ്പോഴേ കാണാനാവൂ, മുന്നിൽ വന്നു നില്ക്കുന്ന ഏതു സന്ദർഭവും കേവലം ഒരു യാദൃശ്ചിക സംഭവമാണെന്ന്; പൊള്ളയായത്; a mere happening. ആ തോണിയിൽ ആരും തന്നെ ഉണ്ടായിരിക്കുന്നില്ല. ആരും തന്നെ അതിനെ തുഴഞ്ഞുകൊണ്ടുവന്ന് നമുക്ക് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയല്ല. ഒരല്പം കൂടി വ്യക്തമായി നോക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരാൾ കോപത്താൽ ജ്വലിച്ചുകൊണ്ട് മുന്നിൽ വന്നു നിന്നാൽ പോലും, അയാളേയും കാറ്റിൽ ഉലഞ്ഞാടി വന്ന വെറുമൊരു തോണിയാണെന്നു കാണാൻ സാധിക്കും. Again, a mere happening. അങ്ങനെ വരുമ്പോൾ ആരോടാണ് നാം അതേ നാണയത്തിൽ തിരിച്ചടിക്കുക? നമുക്കകത്ത് നുരഞ്ഞുവന്ന കോപത്തെ നാം എവിടെയാണ് കാലിയാക്കുക? മുന്നിലുള്ളത് വെറും ഒഴിഞ്ഞ ഒരു തോണിയാണെന്നുള്ള തിരിച്ചറിവ്, നിർജ്ജീവമായ ഒരു വസ്തുവാണെന്നുള്ള തിരിച്ചറിവ്, പ്രതികരിക്കാനുള്ള തന്റെ ത്വര വെറും മുൻവിധി കൊണ്ട് ഉണ്ടായതാണെന്ന തിരിച്ചറിവ്, നമ്മിലുയർന്നുവന്ന ഊർജ്ജപ്രവാഹത്തിന്റെ ഗതിയെ അകത്തേക്ക് തന്നെ തിരിച്ചുവിടുന്നു. ട്രാൻസ്ഫോർമേഷന്റെ നിമിഷങ്ങളാണവ. ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്തവ.


ഇവിടെ, വെറും ഉപരിപ്ലവ തലത്തിൽ നിന്നുകൊണ്ടുതന്നെ, തികച്ചും പ്രായോഗികമായി മറ്റൊരു ചോദ്യം ചോദിക്കാവുന്നതാണ്. ഒഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും തന്റെ തോണിയിൽ മറ്റൊരു തോണി വന്ന് ഇടിച്ചാലുള്ള പ്രത്യാഘാതത്തെ എങ്ങനെ നേരിടണം? 

വെറും ഒഴിഞ്ഞ തോണിയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. ആ തിരിച്ചറിവ് സമ്മാനിക്കുന്ന തെളിമ ചെറുതല്ല. ആ തെളിമയിൽ നിന്ന് കൊണ്ട് അയാൾക്ക് മുന്നോട്ട് പോകാം. വഴിതെറ്റി വന്നിടിച്ച തോണിയെ തള്ളിമാറ്റാം. തന്റെ തോണിക്കു വല്ല കേടുപാടുകളും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് പരിഹാരങ്ങൾ നിശ്ചയിക്കാം. മാത്രവുമല്ല ഒരുപക്ഷേ, കാറ്റിൽ ഒരു തോണി ആടിയുലഞ്ഞുവന്ന് ഇടിക്കാനുള്ള സാധ്യത മുന്നിൽ കാണാമായിരുന്നുവോ എന്ന് ഓർത്തുനോക്കാം. അത്രതന്നെ.

തോണിയിൽ ആളുണ്ടായിരുന്നുവെങ്കിലോ? അയാൾ മനഃപൂർവ്വം ഇടിച്ചതാണെങ്കിലോ? അപ്പോഴും അയാൾക്ക് തിരിച്ചറിയാം: ഒരൊഴിഞ്ഞ തോണിയെ തുഴഞ്ഞുകൊണ്ട് മറ്റൊരു ഒഴിഞ്ഞ തോണി! അയാളിൽ ബോധമോ സമചിത്തതയോ ഒഴിഞ്ഞിരിക്കുന്നു! അയാളിൽ കോപമോ വെറുപ്പോ മറ്റു വികാരങ്ങളോ ആണ് നിറഞ്ഞിരിക്കുന്നത്. ഏതൊക്കെയോ യാദൃശ്ചികതകളാണ് അയാളെക്കൊണ്ട് അങ്ങനെയൊക്കെ പ്രവർത്തിപ്പിക്കുന്നത്. ഈ തിരിച്ചറിവ് നമ്മിലുണ്ടാക്കുന്ന സുതാര്യത, ആ സന്ദർഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വെളിപ്പെടുത്തും.


ഇനി വേറെ ചില ആളുകളുണ്ട്: കണ്ണ് തുറന്നിരിക്കുമ്പോൾത്തന്നെ ഒരു ഒഴിഞ്ഞ തോണി വന്ന് അബദ്ധത്തിൽ മുട്ടിയാൽ, അതിനോടും തട്ടിക്കയറുന്നവർ. വാതിലിലോ മേശയുടെ മൂലയിലോ കാലൊന്നു തട്ടിയാൽ, ദേഷ്യത്താൽ മേശയെ മറിച്ചിടാൻ ശ്രമിക്കുന്നവരോ, വാതിലിനിട്ട് ഒരു ചവിട്ടു കൊടുക്കുന്നവരോ ഉണ്ട്. ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, സ്ക്രൂ ശരിയാം വണ്ണം തിരിയുന്നില്ലെങ്കിൽ, സ്ക്രൂ ഡ്രൈവറിനെ വലിച്ചെറിയുന്നവരുണ്ട്. പച്ചക്കറി നുറുക്കുമ്പോൾ കത്തിക്ക് മൂർച്ച പോരെന്നും പറഞ്ഞ് കത്തിയെ വലിച്ചെറിയുന്നവരുണ്ട്. അതുവരേക്കും നമ്മുടെ പാദങ്ങളെ സംരക്ഷിച്ചുപോന്ന പാദരക്ഷകളെ നിർദാക്ഷിണ്യം അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്നവരുണ്ട്. എന്തിലും ഏതിലും തങ്ങൾക്കെതിരായ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട് എന്ന മട്ടിലാണ് അവർ പെരുമാറിപ്പോരുന്നത്. തൂണിലും തുരുമ്പിലും ദൈവമിരിപ്പുണ്ടോ എന്ന കാര്യത്തിൽ അവർ സംശയിച്ചെന്നു വരാം. എന്നാൽ, ജീവനില്ലാത്ത ഒരു സ്ക്രൂ ഡ്രൈവർ പോലും തനിക്കെതിരാണെന്ന കാര്യത്തിൽ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഏതു ജീവിത സന്ദർഭത്തിലും സ്വയം പ്രകടിപ്പിച്ചുകൊണ്ട് അവർ മുന്തി നിൽപ്പുണ്ടാവും. ഒന്നുകിൽ അഹങ്കാരിയെന്നോണം. അതുമല്ലെങ്കിൽ വിനയത്തെ പ്രദർശിപ്പിച്ചുകൊണ്ട്. അവർ ഒരിക്കലും സാധാരണപോലെ (normal) പെരുമാറുന്നില്ല. താവോയിസത്തിൽ ഇത്തരക്കാർക്ക് വേണ്ടിയും 'ഒഴിഞ്ഞ തോണി' എന്ന പ്രതീകത്തെ ഉപയോഗിക്കാറുണ്ട്. അല്പം അർത്ഥഭേദമുണ്ടെന്നു മാത്രം. ഇത്തരം സന്ദർഭത്തിൽ അവർ പറയാറുള്ളത്, ‘ഒരു ഒഴിഞ്ഞ തോണിയായിരിക്കുന്നതിനു പകരം തോണിയിൽ നിങ്ങൾ (you) കയറിക്കൂടിയിരിക്കുന്നു’ എന്നാണ്. 'ഞാൻ' എന്ന് നാം കൊട്ടിഘോഷിച്ചുകൊണ്ടു നടക്കുന്നത് ഒരു അനധികൃത കൈയേറ്റക്കാരനെയാണെന്നു ചുരുക്കം. സ്വാഭാവികമായ അസ്തിത്വത്തിൽ 'ഞാനും നീയു'മെവിടെ? സംഭാഷണ വിനിമയോപാധിയായിട്ടുള്ള രണ്ടു പദങ്ങൾ എന്നതിനപ്പുറം അവക്ക് എന്ത് സ്ഥാനമുണ്ട്?



ഈ മനനത്തെ ഇങ്ങനെ ഉപസംഹരിക്കാവുന്നതാണ്: ബാഹ്യമായിട്ടുള്ളതെന്തും ഒഴിഞ്ഞ തോണികളാണ്. അവയിൽ ഒരു കർത്താവിനെ (doer) നാം സങ്കല്പിച്ചെടുക്കുന്നതാണ്. അല്ലാത്തപക്ഷം സകലതും, ഒരു വ്യക്തിയടക്കം, മറ്റൊരു happening മാത്രം. ആന്തരികമായിട്ടുള്ളതാകട്ടെ, അതായത് 'ഞാൻ' എന്ന് നാം അറിയുന്നത്, എല്ലായ്‌പ്പോഴും ഒരു ഒഴിഞ്ഞ തോണിയായിരിക്കട്ടെ. 'ഞാൻ' നിറഞ്ഞു നില്ക്കുമ്പോഴെല്ലാം നാം ഒഴിഞ്ഞ തോണികളല്ലാതായിത്തീരുന്നു. ശ്രമകരമായ ഒരു അഭ്യാസമായല്ല ഈ പ്രതീകത്തെ / ഈ ഉപമയെ സമീപിക്കേണ്ടത്; മറിച്ച്, സൗമ്യമായ, സാർത്ഥകമായ ഒരു ഓർത്തെടുക്കലായിരിക്കട്ടെ 'ഒഴിഞ്ഞ തോണി'; a cheerful remembering.






                                              


15 comments: